അച്ചടി മാധ്യമം ഒരിക്കലും മരിക്കുകയില്ല. കാരണം അച്ചടിച്ച ഒരു പുസ്തകം മനുഷ്യന്റെ എക്കാലത്തെയും പ്രലോഭനമാകും. ഒരു വലിയ കഥ കടലാസിലാണ് നമ്മള്‍ കണ്ടു ശീലിച്ചത്. എണ്ണൂറോ തൊള്ളായിരമോ പേജില്‍ ദീര്‍ഘിക്കുന്ന ഒരു നോവല്‍ മനുഷ്യജീവിതത്തെ കടലാസിലാണ് പകര്‍ത്തിയിരുന്നത്. ഒരു കഥയ്ക്ക് ഒരു കടലാസ് അസ്തിത്വമുണ്ട്.
കടലാസ് മാത്രമല്ല, ലേ ഔട്ട് ഒരു വലിയ മാനസിക പ്രശ്‌നമായി എഴുത്തുകാരെയും വായനക്കാരെയും കുഴയ്ക്കുകയുണ്ടായി. ഫ്രാന്‍സ് കാഫ്കയുടെ സൂത്രവാക്യങ്ങള്‍ (Aphorism) പുസ്തകമായി അച്ചടിച്ചത് കാണുന്നത് ഒരു കൗതുകം കൂടിയാണ്. ഒരു പേജില്‍ രണ്ടോ മൂന്നോ വാചകങ്ങളേ ഉണ്ടാകൂ. പുസ്തകത്തിലെ പേജ് ഒരു പവിത്രീകരിക്കപ്പെട്ട ഇടമാണ്. അത് സാമൂഹ്യജീവിതത്തിന്റെ മൂല്യങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു ഉയര്‍ന്ന ഇടമാണ്. അവിടെ വാക്കുകള്‍ എങ്ങനെ വിന്യസിച്ചിരിക്കുന്നു എന്നുള്ളത് മൂല്യത്തിന്റെ പ്രശ്‌നം കൂടിയാണ്.
ദസ്തയെവ്‌സ്‌കിയുടെയോ ടോള്‍സ്റ്റോയിയുടെയോ ദീര്‍ഘിച്ച നോവലുകള്‍ ഒരു വലിയ കഥയാണ് പറയുന്നതെങ്കിലും, അത് കുറെ കടലാസുകളുമാണ്; പുസ്തകമാണ്. ആ പുസ്തകങ്ങള്‍ രൂപമായി വായനക്കാരന്റെ മനസ്സില്‍ നില്ക്കുകയാണ്. നോവലുകള്‍ വായിച്ചു കഴിഞ്ഞാലും അതിന്റെ പുസ്തകജീവിതം അവസാനിക്കുന്നില്ല. വായനക്കാരന്‍ ആ കൃതികളെ പുസ്തകമായി അനുഭവിക്കുന്നു. ചില വാചകങ്ങള്‍ പേജിന്റെ ഏത് ഭാഗത്തു വന്നു എന്നത് വായനക്കാരന്റെ പുസ്തക ജീവിതത്തിന്റെ പ്രശ്‌നമാണ്.
ഒരു പുസ്തകം കൗതുകത്തോടെ മറിച്ചു നോക്കുന്നത് മറ്റൊരു ജീവിതമാണ്. അത് വേറെ എവിടെ കിട്ടും?പുസ്തകത്തിന്റെ രൂപം ഒരു മാനസിക വിചാരമാണ്. എഴുത്തുകാരില്‍ പലരും ചിന്തിക്കുന്നതും എഴുതുന്നതും ആ രൂപം മോഹിച്ചുകൊണ്ടാണ്. ദസ്തയെവ്‌സ്‌കി ‘കരമസോവ് സഹോദരന്മാര്‍’ (The Brothers Karamazov) എന്ന ബൃഹത് നോവലെഴുതാന്‍ തുടങ്ങിയപ്പോള്‍ തന്നെ അത് പ്രസിദ്ധീകരിച്ചു കഴിയുമ്പോഴുള്ള രൂപം മനസ്സില്‍ സങ്കല്പിച്ചിട്ടുണ്ടാവും. ആ രൂപമാണ്, അദ്ദേഹത്തെ പ്രചോദിപ്പിച്ചിട്ടുണ്ടാവുക. ആ രൂപത്തിനു വേണ്ടിയാണ് എഴുതുന്നതെന്ന് പറഞ്ഞാലും തെറ്റില്ല. ഇത് വേറെ എവിടെയും കിട്ടില്ല.
എന്നാല്‍ വൈറസ് വ്യാപനവും സ്ഥിരമായ അകലം പാലിക്കലും ഡിജിറ്റല്‍ അനിവാര്യതകളിലേക്ക് നമ്മെ തള്ളിവിട്ടിരിക്കുകയാണ്. മനുഷ്യന്‍ അവന്റെ തന്നെ ഒരു കൂടാണ് എന്ന ആധുനികകാല ബോധ്യം ഡിജിറ്റല്‍ ലോകത്തിന്റെ സാക്ഷ്യപത്രമാകുകയാണ്.ഒന്നാം ക്ലാസിലെ കുട്ടികള്‍പോലും ഇപ്പോള്‍ ഫേസ്ബുക്കിലും ടെലിവിഷനിലുമാണ് പാഠങ്ങള്‍ പഠിക്കുന്നത്. കടലാസിനു ബദലായി ഒരു പുതിയ സങ്കേതം നമ്മുടെ അരികില്‍ത്തന്നെ ഉണ്ടായിരിക്കുന്നു. കൊറോണക്കാലത്ത് അച്ചടിമാധ്യങ്ങള്‍ക്കും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഉപകരിച്ചു.
സമീപ ആഴ്ചകളില്‍ ഡിജിറ്റല്‍ ഉല്പന്നങ്ങളുടെ ഒരു വന്‍ പ്രവാഹമാണ് ഓണ്‍ലൈന്‍ പഌറ്റ്‌ഫോമുകളില്‍ സംഭവിച്ചത്.
ഇ-ബുക്കുകള്‍ എവിടെ?
വാട്‌സ്ആപ്പില്‍ എത്രയോ ഗാനങ്ങളും കവിതകളും സന്ദേശങ്ങളും ഇ ബുക്കുകളും ലേഖനങ്ങളും ഫോട്ടോകളും വീഡിയോകളും മാഗസിനുകളും ഓഡിയോകളും പിഡിഎഫും പോസ്റ്ററുകളും വന്നു! ആയിരക്കണക്കിനു എന്നു തന്നെ പറയാം.എന്നാല്‍ അതെല്ലാം എവിടെപ്പോയി? അത് ശേഖരിച്ചു വയ്ക്കാനും തരംതിരിക്കാനും ആരുമില്ല. അതുകൊണ്ട് അടിയന്തരമായി ഒരു ഡിജിറ്റല്‍ പബ്ലിക്ക് ലൈബ്രറി ആവശ്യമായി വന്നിരിക്കുന്നു. നമ്മുടെ ഭാഷയിലുള്ള എല്ലാ ഡിജിറ്റല്‍ ഉല്പന്നങ്ങളും ഇവിടെ സൂക്ഷിക്കാനാവും. എത്ര കാലം കഴിഞ്ഞാലും അത് ഒരാള്‍ക്ക് പരിശോധിക്കാനും കോപ്പി എടുക്കാനും കഴിയണം.
ഒരാള്‍ തന്റെ കവിതകളുടെ പി.ഡി.എഫ് രൂപം തയ്യാറാക്കി വാട്‌സാപ്പിലോ ഫെയ്‌സ്ബുക്കിലോ ഇട്ടുവെന്ന് കരുതുക. അത് ഡിജിറ്റല്‍ ലൈബ്രറിയിലേക്ക് അയച്ചാല്‍ അവിടെ സൂക്ഷിക്കപ്പെടണം. ലൈബ്രറിയില്‍ സൂക്ഷിക്കുന്നതിനു പണം ഈടാക്കാന്‍ പാടില്ല. അത് ലോകത്ത് എവിടെയുള്ളവര്‍ക്കും പുനരുപയോഗത്തിനു സാധ്യമാകണം. ഒരു ഡിജിറ്റല്‍ ഉല്പന്നവും പാഴായിപ്പോകരുത്.
ഡിജിറ്റല്‍ പബഌക് ലൈബ്രറി ഓഫ് അമേരിക്ക (DPLA) 2003ലാണ് ആരംഭിച്ചത്. ഇപ്പോള്‍ അവിടെ ലക്ഷക്കണക്കിനു ഡിജിറ്റല്‍ ഫയലുകളുണ്ട്. സ്വന്തം ഫോണ്‍ ഉപയോഗിച്ച് ആര്‍ക്കും ലൈബ്രറി സന്ദര്‍ശിക്കാം. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ബെര്‍ക്ക്മാന്‍ സെന്റാണ് ഇത് ആരംഭിച്ചത്. എല്ലാ അറിവുകളും എല്ലാവര്‍ക്കും (Universal access to all knowledge) എന്ന തത്ത്വമാണ് ഇന്റര്‍നെറ്റ് ആര്‍ക്കീവി (Internet Archive) ലൂടെ അവിടെ നടപ്പാക്കിയത്.
ലോകത്ത് എവിടെയുള്ളവര്‍ക്കും, മലയാളത്തിലിറങ്ങുന്ന ഇ-വീക്ക്‌ലികളും ഇ-ബുക്കുകളും സൗജന്യമായി കിട്ടുന്ന കാലം വന്നാല്‍, പ്രസാധകരുടെ വിവേചനവും കുത്തകയും അവസാനിക്കും.
ഈ ലൈബ്രറി നടത്തേണ്ടത് വളരെ നിഷ്പക്ഷമായിട്ടായിരിക്കണം. ഗൂഗിളിന്റെ പ്രവര്‍ത്തനരീതി അവലംബിക്കാവുന്നതാണ്. ഇപ്പോള്‍ നമുക്ക് ഡിജിറ്റല്‍ ഉല്പന്നങ്ങള്‍ സൂക്ഷിക്കാന്‍ യുട്യൂബ്, വെബ് സൈറ്റ്, ബ്ലോഗ് തുടങ്ങിയവയാണുള്ളത്. ഇത് എല്ലാം ചേര്‍ന്നാലും ഒരു ഡിജിറ്റല്‍ ലൈബ്രറിയുടെ ഫലം ചെയ്യില്ല.
ഒന്നിലധികം ഡിജിറ്റല്‍ ലൈബ്രറികള്‍ ആകാവുന്നതാണ്. എന്നാല്‍ എല്ലാ ഡിജിറ്റല്‍ ഉല്പന്നങ്ങളും ഉണ്ടായ പാടെ നശിക്കാന്‍ വിട്ടുകൊടുക്കുകയാണ് നാം ചെയ്യുന്നത്. പത്രങ്ങളുടെ സണ്‍ഡേ എഡിഷനുകള്‍ ഏതാനും ആഴ്ചകള്‍ കഴിയുമ്പോള്‍ അവര്‍ തന്നെ നശിപ്പിച്ചുകളയുന്ന ഗുരുതരമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇതിനു മാറ്റം വരണം. ചില പത്രങ്ങളുടെ ഡിജിറ്റല്‍ എഡിഷനു ഇപ്പോള്‍ പണം വാങ്ങുന്നുണ്ട്. എന്നാല്‍ രണ്ടോ, മൂന്നോ മാസം കഴിയുമ്പോള്‍ അത് സൗജന്യമാക്കാന്‍ തയ്യാറാവണം. 2018ലെ യോ, 2019ലെയോ പ്രളയത്തിന്റെ ഒരു ഡിജിറ്റല്‍ ആര്‍ക്കീവ് നമുക്കില്ലല്ലോ. സംസ്ഥാനത്ത് വര്‍ഷങ്ങളായി എത്രയോ കോളജുമാഗസിനുകള്‍ പ്രസിദ്ധീകരിക്കുന്നു. നാട്ടുകാര്‍ക്ക് ഒന്ന് മറിച്ചു നോക്കുവാന്‍ പോലും കിട്ടുന്നില്ല. അതൊക്കെ പൂവിടുമ്പോള്‍ തന്നെ അപ്രത്യക്ഷമാകുകയാണ്. സ്വകാര്യ ശേഖരത്തിലുണ്ടായിട്ടു കാര്യമില്ല.
എഴുത്തുകാര്‍ക്ക് പ്രസാധകന്റെ പിന്തുണയില്ലാതെ നിലനില്ക്കണമെങ്കില്‍ ഡിജിറ്റല്‍ ലൈബ്രറി വേണം. അത് ഏതൊരാള്‍ക്കും ഉപയോഗപ്പെടുത്താവുന്ന വിധം സ്വതന്ത്രമായിരിക്കണം. ഇത് സര്‍ക്കാര്‍ ആരംഭിക്കരുത്.അങ്ങനെ വന്നാല്‍ സാഹിത്യ അക്കാദമി പോലെ സ്വജനപക്ഷപാതം എന്ന രോഗത്തിനു കീഴടങ്ങി നശിക്കും.
പ്രകൃതിയിലേക്ക്
മനുഷ്യനു അവന്റെ ശുദ്ധവും നിഷ്‌കളങ്കവുമായ ആദിമ ഭാവങ്ങളിലേക്ക് തിരികെപ്പോകാനുള്ള അവസരമാണ് മരങ്ങളുമൊത്തുള്ള സഹവാസം. നമ്മുടെ തന്നെ വിവിധ ഭാവങ്ങളാണ് ഓരോ മരത്തിനുമുള്ളത്. ഏകാന്തവും വിലോലവുമായ ഒരവസ്ഥയില്‍, ഒരു കുന്നിന്റെ നെറുകയില്‍ ആകാശത്തിന്റെ അവ്യക്തതകളുമായി സംവദിക്കുന്ന ഒരു വൃക്ഷത്തെ കാണുകയാണെങ്കില്‍ ആ സമയം നാം ഒരു മിസ്റ്റിക്കായിത്തീരും. എന്തുകൊണ്ടെന്നാല്‍ ആ വൃക്ഷം നമ്മുടെ ആത്മസത്തയുടെ ഒരു ഘടകമായി രൂപാന്തരപ്പെടുന്നു.
മരങ്ങള്‍ ഇല്ലാതെ മനുഷ്യനു ഒന്നുമില്ല. പരിസ്ഥിതി എന്ന് നാം വിവക്ഷിക്കുന്നതില്‍ മനുഷ്യനും ചുറ്റുപാടുകളുമായുള്ള അര്‍ത്ഥവത്തായ, ഭാവിയെ കരുതുന്ന ഒരു രമ്യതയാണ് പ്രധാനമാകേണ്ടത്. മനഷ്യനുമാത്രമല്ല ഈ ലോകംകൊണ്ട് പ്രയോജനമുണ്ടാകേണ്ടത്; അത് സസ്യജാലങ്ങളുടെയും മൃഗജാലങ്ങളുടെയും കൂടി അതിജീവനത്തിനുതകണം. മനുഷ്യരില്‍ മാത്രമല്ല, തത്തകളിലും കുരങ്ങന്മാരിലും ആനകളിലും നായ്ക്കളിലും വൃക്ഷങ്ങളിലും ഉറുമ്പുകളിലും ജ്ഞാനവൃദ്ധന്മാരുണ്ട്.
ലോകം അതിന്റെ നഷ്ടപ്പെട്ട സ്വപ്‌നങ്ങളിലേക്ക് മടങ്ങേണ്ടത് പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടാകണം. അങ്ങനെയേ ആകാവൂ. നാം പരിപാലിക്കുന്ന പ്രകൃതിയിലാണ് അടുത്ത തലമുറയുടെ സര്‍ഗാത്മകമായ വ്യക്തിത്വത്തിനാവശ്യമായ ഭാവനകളുള്ളത്. സ്‌കോട്ടിഷ്, അമേരിക്കന്‍ പരിസ്ഥിതിവാദിയും ഗ്രന്ഥകാരനുമായ ജോണ്‍ മ്യൂര്‍ (John Muir ) പ്രപഞ്ചത്തിലേക്ക് പ്രവേശിക്കാനുള്ള ഏക മാര്‍ഗം ഒരു വനത്തിനുള്ളിലേക്ക് സഞ്ചരിക്കുകയാണെന്ന് പറഞ്ഞത് ഇവിടെ ഓര്‍ക്കാവുന്നതാണ്.
വായന
ഭര്‍ത്താവ് ഭാര്യയെ കൂട്ടുകാരുമൊത്ത് പീഡിപ്പിക്കുന്നു. ഭര്‍ത്താവ് ഭാര്യയെ പാമ്പിനെക്കൊണ്ട് കൊത്തിക്കുന്നു. ഭര്‍ത്താവ് ഭാര്യയുടെ കഴുത്തറക്കുന്നു. വാസ്തവത്തില്‍ നമ്മുടെ മനസ്സുകള്‍ക്ക് എന്തോ സംഭവിച്ചിരിക്കുകയാണ്. പ്രണയവും ബന്ധവുമൊന്നുമല്ല ഇപ്പോഴുള്ളത്; ഈഗോയും അത് സ്ഥാപിക്കാനുള്ള വ്യഗ്രതയുമാണ്. സാമ്പത്തികവും പദവിപരവുമായ മേധാവിത്വത്തിനായി സൗന്ദര്യബോധമെല്ലാം നശിപ്പിച്ച ഒരു ജനതയായി നാം മാറുമോ?
ഓരാ കുടുംബജീവിതത്തിലും കവിത പോലെ സുന്ദരമായ ചിലതുണ്ട്. ഒരു കുടുബം നയിക്കുന്നത് ലോകത്തിലെ ഏറ്റവും മഹത്തരമായ ഒരവസ്ഥയാണ്. കാരണം, ഒരേ സമയം അധ്വാനിക്കുകയും സംരക്ഷിക്കുകയും സ്‌നേഹിക്കുകയും ത്യജിക്കുകയും വേണം. കൊടുക്കുന്നതിലാണ് സൗന്ദര്യമെന്ന് ഓരോ രക്ഷിതാവും കരുതുന്നുണ്ടാവും.
പെണ്ണിന്റെ സൗന്ദര്യം കാണാന്‍ കഴിവില്ലാത്ത ബോറന്മാരായി മാറിയിട്ടു കാര്യമില്ല. എന്‍.പ്രദീപ് കുമാര്‍ എഴുതിയ ‘ഹരണകിയ’ (മലയാളം, മെയ് 21) എന്ന കഥയിലെ ഈ വരികള്‍ പെണ്ണില്‍ വിശ്വസിക്കുന്നതിനു തെളിവായി: ‘പാതികൂമ്പിയ കണ്‍പോളകളുടെ നിറഞ്ഞ പീലികള്‍ക്കു മധ്യേ എള്ളിന്‍ പൂ നാസിക! കോമള കവിള്‍ത്തടങ്ങളെ അരുണിമമാക്കുന്ന തുടുത്ത ചൊടിയിണകള്‍. വെണ്‍ശംഖു കടഞ്ഞ കഴുത്ത്’
ഒരു പെണ്‍കുട്ടിയെ ആളുമാറി തട്ടിക്കൊണ്ടു പോകലും കഥാന്ത്യത്തിലെ പ്രണയവും കഥയ്ക്ക് സാന്ധ്യ ശോഭ നല്കുന്നു.
ഡി. യേശുദാസിന്റെ ‘നെല്ലിയാമ്പതിയിലൂടെ’ എന്ന കവിത (മലയാളം, മെയ് 21) യില്‍ പ്രകൃതിയുടെ ഭാഷ വായിക്കുന്ന ഒരു ഭാഗം ഇങ്ങനെയാണ്:
‘അക്കരെ മഴയുടെ
കണ്മഷി ഷെയ്ഡുകള്‍
ആഴത്തില്‍ തൂക്കിയിട്ട
മേഘങ്ങള്‍ അറ്റം കാണാതുള്ള
വെയില്‍ വേദന’.
കൊറോണ മലയാളിയെ വായനയിലേക്ക് തിരിച്ചുകൊണ്ടുവന്നതായി ഡോ.അബേഷ് രഘുവരന്‍ (എഴുത്ത്, ജൂണ്‍) എഴുതുന്നത് സത്യമാണ്. പലരും അക്ഷരങ്ങളിലേക്ക് മടങ്ങി വന്നു.
ജ്ഞാനപ്പാന
കൊറോണക്കാലത്ത് വായിക്കേണ്ട പുസ്തകമാണ് ‘ജ്ഞാനപ്പാന’. പതിനാറാം നൂറ്റാണ്ടിലുണ്ടായ കാവ്യമാണ്. ജീവിതത്തെക്കുറിച്ചുള്ള മിഥ്യകള്‍ മാറിക്കിട്ടും. ഒരു ഭാഗം ഉദ്ധരിക്കാം:
‘സത്തുക്കള്‍ ചെന്നിരന്നാലാ
യര്‍ത്ഥത്തില്‍
സ്വല്പമാത്രം കൊടാ
ചില ദുഷ്ടന്മാര്‍
ചത്തുപോം നേരം
വസ്ത്രമത്രപോലും
മൊത്തിടാ കൊണ്ടുപോവാ-
നൊരുത്തര്‍ക്കും.’
എത്രയുണ്ടെങ്കിലും ആവശ്യക്കാരനു ചില്ലിക്കാശ് കൊടുക്കാത്ത ദുര്‍ജന്മങ്ങളെക്കുറിച്ച് പൂന്താനം അന്നേ മനസ്സിലാക്കിയിരുന്നു.
‘ജൈവ അദ്വൈതബോധമാണ് ആത്മീയത’ എന്ന പേരില്‍ ഗീവര്‍ഗീസ് കൂറിലോസ് (എഴുത്ത്, ജൂണ്‍) എഴുതിയ ലേഖനം ശ്രദ്ധേയവും ധീരവുമാണ്. ക്രിസ്തുവിന്റെ പേരില്‍ ക്രിസ്തുവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുന്നതിനെ കൂറിലോസ് എതിര്‍ക്കുന്നു. അദ്ദേഹം എഴുതുന്നു: ‘ക്രിസ്തു ശിഷ്യരുടെ ആത്മാവു നഷ്ടപ്പെടുത്തി സഭാനേതാക്കളും പള്ളികളും വിശ്വാസികളെ ഒക്കെ പൊന്നിന്റെയും വെള്ളിയുടെയും ഉപാസകരായി മാറ്റിയിരിക്കുന്നു.’
അദ്ദേഹം ഒരു കാര്യം കൂടി പറയുന്നു: ‘ഹെമിംഗ്‌വേയുടെ കിഴവനും കടലും’ എന്ന കൃതിയിലെ കിഴവന്റെയും ബാലന്റെയും അവസ്ഥയാണ് ഇന്ന് സ്ഥാപിത സഭകളുടേത്; അത്യധ്വാനം ചെയ്ത് വലയിലാക്കിയ കൂറ്റന്‍ മത്സ്യം പക്ഷേ, കരയ്ക്കടുപ്പിച്ചപ്പോള്‍ എല്ലും കൂടും മാത്രം. ആത്മാവ് നഷ്ടപ്പെടുത്തിയ സഭകളുടെ ദുരവസ്ഥയാണിത.്’
ഡോ. മധു മീനച്ചില്‍ എഴുതിയ’കാലഭൈരവന്റെ കടവ്’ (കേസരി, ജൂണ്‍ 5 ) എന്ന കവിതയിലെ ഈ വരികള്‍ ആത്മലോകത്തെ പരിഭാഷപ്പെടുത്തിയപോലെ സുന്ദരമായി:
‘ചുടലഭസ്മം പൂശിയെത്തുന്നു സൂര്യനും
ഗഗനമൊരു ചിതയായ് ജ്വലിപ്പൂ…
വിണ്ണില്‍ ഒരാരതി തട്ടുപോല്‍ ചന്ദ്രനോ.’
ഒടുവില്‍ ഇങ്ങനെയും:
”ഏതോ ചിതാഗ്‌നിയില്‍ ഞാനെന്ന തോന്നലും
നീറിയൊടുങ്ങുന്നുവെന്നോ.”
സാഹിത്യകൃതികളിലെ വസ്തുക്കളുടെ ദര്‍ശനത്തിലൂടെ പ്രത്യഭിജ്ഞാബോധത്തിലേക്ക് നയിക്കുമെന്ന അഭിനവഗുപ്തന്റെ അഭിപ്രായത്തെ സാധൂകരിക്കുന്ന ഡോ.വി.സുജാതയുടെ ലേഖനം (കേസരി, ജൂണ്‍ 5) വളരെ പ്രസക്തമാണ്. ഇതുപോലുള്ള സാകല്യദര്‍ശനത്തെയാണ് നാം പരിപോഷിപ്പിക്കേണ്ടത്. സ്ഥൂല പ്രകൃതിയില്‍ നിന്ന് ആത്യന്തിക സൂക്ഷ്മ ബോധത്തിലേക്ക് പോകുന്ന സാഹിത്യദര്‍ശനം വ്യക്തികളില്‍ വ്യത്യസ്തമായി അനുഭവപ്പെടുന്നു.
നുറുങ്ങുകള്‍
-
കഴിഞ്ഞ ദിവസം ഒരു പരസ്യം കണ്ടു. മലയാളത്തില്‍ നിന്ന് ഇരുനൂറ് നോവലുകള്‍ തിരഞ്ഞെടുത്ത് അതിന്റെ കഥയും മറ്റും ചുരുക്കി എഴുതി ഒരു ബൃഹത് പുസ്തകം ഇറക്കുന്നുവെന്ന്. ഇതില്‍ ജീവിച്ചിരിക്കുന്നവരെ ഉള്‍പ്പെടുത്തുന്നതിലാണ് കുറ്റകൃത്യമുള്ളത്. തീര്‍ത്തും മര്യാദകെട്ട തിരഞ്ഞെടുപ്പാണിത്. തകഴി, ബഷീര്‍, എസ്.കെ, ഉറൂബ്, വിജയന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ലിസ്റ്റില്‍ തങ്ങളുടെ കൃതികള്‍ കൂടി കയറ്റിവിടാനുള്ള ഗൂഢാലോചനയാണിതിലുള്ളത്. ചില അതിസാമര്‍ത്ഥ്യക്കാരുടെ തന്ത്രം.
-
കാള്‍ മാര്‍ക്‌സ് പ്രകൃതിയെ കീഴടക്കാന്‍ പറഞ്ഞത് ഒരു നൂറ്റാണ്ടിനെയാകെ വിഷമവൃത്തത്തിലാക്കി. പുരുഷന്‍ എതിരിടുകയും കീഴടക്കുകയും ചെയ്യുന്ന ബിംബമായത് മാര്‍ക്‌സിന്റെ തത്ത്വചിന്തയുടെ ഫലമായാണ്. മാര്‍ക്‌സില്‍ പ്രകൃതിക്ക് സ്ഥാനമുണ്ടായിരുന്നില്ലല്ലോ. അതിന്റെ ഫലമായാണ് ഏഷ്യന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രകൃതിയെ നിഷേധിച്ചു കൊണ്ടുള്ള രാഷ്ട്രീയ ചിന്തയിലേക്ക് തിരിഞ്ഞത്.
-
കേന്ദ്ര സാഹിത്യഅക്കാദമിയുടെ അവാര്‍ഡുകള്‍ക്ക് പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുന്ന രീതി അഴിമതി നിറഞ്ഞതാണ്. അര്‍ഹതപ്പെട്ടവര്‍ക്ക് അവാര്‍ഡ് കിട്ടില്ല. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം. ഉണ്ണികൃഷ്ണന്‍ തിരുവാഴിയോടിനു അവാര്‍ഡ് കിട്ടിയില്ല.
-
ചില ഉത്തരാധുനിക കലാശാലാ അദ്ധ്യാപകര്‍ ചരിത്രം, സംസ്‌കാരം എന്നൊക്കെ പറഞ്ഞ് ഭാരതീയ വേദങ്ങളെ ആക്ഷേപിക്കുകയാണ്. വൈസ് ചാന്‍സലര്‍ പോലുള്ള പദവികള്‍ ലഭിക്കുന്നതിനു കേരളത്തില്‍ ഹിന്ദു വിരുദ്ധത പ്രകടിപ്പിക്കേണ്ടത് അത്യാവശ്യമാണല്ലോ. ആശയദരിദ്രരും സൂത്രശാലികളുമായ ഈ ഇത്തിള്‍കണ്ണികളെ സര്‍ക്കാര്‍ മനസ്സിലാക്കണം.
-
ചില എഴുത്തുകാര്‍ സ്ഥാനമാനങ്ങള്‍ നിലനിര്‍ത്താനും സ്വന്തമാക്കാനും ഭരിക്കുന്ന പാര്‍ട്ടിയുടെ നിലപാടുകളെ ഫേസ്ബുക്കില്‍ പൊക്കുകയാണ്. വലിയ രാഷ്ട്രീയക്കാരനായിരുന്ന സി.വി.ശ്രീരാമന്‍പോലും ഇങ്ങനെ ചെയ്തിട്ടില്ല.
-
പ്രകൃതിയുമായുള്ള ഒരു പുരുഷന്റെ ബന്ധം രമ്യതയുടേതായിരിക്കണം. ദേവരാജന്‍ തന്റെ പാട്ട് ചിട്ടപ്പെടുത്തുമ്പോള്‍, സംഗീത ഉപകരണങ്ങളില്‍ നിന്നുള്ള ശബ്ദങ്ങളെ എങ്ങനെ പാട്ടിനു അനുകൂലമായി വിന്യസിക്കണമെന്ന് തീരുമാനിക്കുന്നതിലെ രമ്യതാബോധമാണത്. അവിടെ യുദ്ധമോ, ചോരയോ ഇല്ല.