ബ്രിട്ടീഷ് ആസ്ഥാന കവി സൈമണ്‍ ആര്‍മിറ്റേജ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു കവിതയെഴുതി. ലോക്ക്ഡൗണ്‍ എന്നാണ് പേര്. കൊറോണയുടെ ദുരവസ്ഥയില്‍ മനുഷ്യന്‍ ഏകാന്തനാവാന്‍ വിധിക്കപ്പെട്ടിരിക്കയാണ്. എന്നാല്‍ മനുഷ്യര്‍ പരസ്പരം സ്‌നേഹിക്കുകയും ക്ഷമിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യേണ്ട കാലമാണിതെന്ന് കവി ഓര്‍മ്മിപ്പിക്കുന്നു.
ഓരോരുത്തരും മറ്റുള്ളവരുടെ മനസ്സിനു ഇടം കൊടുക്കണം. അത് ഈ കലുഷിത കാലത്ത് പാപമുക്തി നേടാന്‍ നല്ലതാണ്. ഈ കവിതയില്‍ ആര്‍മിറ്റേജ് പതിനേഴാം നൂറ്റാണ്ടില്‍ ഇയാം എന്ന ഇംഗഌഷ് ഗ്രാമത്തിലുണ്ടായ പ്ലേഗിനെ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ കവിയെ ഉത്തേജിപ്പിക്കുന്നത് കാളിദാസന്റെ മേഘസന്ദേശമാണ്. നാടുകടത്തപ്പെട്ട യക്ഷന്‍ തന്റെ പ്രിയതമയ്ക്ക് സന്ദേശം അയയ്ക്കുകയാണ്. മേഘമാണ് ആ സന്ദേശം കൊണ്ടുപോകുന്നത്. മേഘം കടന്നുപോകുന്ന വഴികള്‍ യക്ഷന്‍ വിവരിക്കുകയാണ്. ഭാരത ഭൂമിയിലെ പര്‍വ്വതങ്ങളും കാടുകളും ഉള്‍പ്പെടുന്ന മനോഹരമായ കാഴ്ചകളുടെ വിവരം തന്റെ ഭാര്യയെ സന്തോഷിപ്പിക്കുമെന്ന് യക്ഷന്‍ ചിന്തിക്കുന്നു. ലോകസാഹിത്യത്തിലെ തന്നെ മനോഹരമായ ഈ കാവ്യം ഒരു ബ്രിട്ടീഷ് കവിയെ ഉദ്ദീപിപ്പിക്കുകയാണ്. പ്രണയിക്കാന്‍ പ്രത്യേക അധികാരമല്ല വേണ്ടത്; സിദ്ധിയാണ്. അത് കവി മാനവരാശിക്ക് പകര്‍ന്നു നല്‍കുന്നു.
‘ലോക്ക്ഡൗണ്‍’ എഴുതിയതിനെക്കുറിച്ച് ആര്‍മിറ്റേജ് ഇങ്ങനെ പറഞ്ഞു: ‘ഈ കവിത എഴുതേണ്ടത് എന്റെ കടമയായിരുന്നു. പ്രതീക്ഷയും വെളിപാടും ഇപ്പോഴാണ് ആവശ്യമായിട്ടുള്ളത്. ഞാന്‍ ചുറ്റും നോക്കിയപ്പോള്‍ പൂക്കള്‍ വിടര്‍ത്തി മരങ്ങള്‍ നില്ക്കുന്നത് കണ്ടു. അത് പ്രതീക്ഷ നല്‍കി.’
ഇംഗ്ലീഷ് കവി മാത്യൂ ആര്‍നോള്‍ഡിന്റെ ‘ഡോവര്‍ ബീച്ച്’ കൊറോണക്കാലത്ത് വായിക്കുകയാണെങ്കില്‍ പ്രകൃതിയെ സ്‌നേഹിക്കാന്‍ മറന്നതില്‍ പരിതപിക്കും. മാനവ – പ്രകൃതി മൈത്രിയുടെ ആത്മമന്ത്രം ഉയരുകയാണ്. ബ്രിട്ടീഷ് അതിര്‍ത്തിയിലുള്ള ഇംഗ്ലീഷ് ചാനലിന്റെ ഒരു ഭാഗമാണ് ഡോവര്‍. ഈ കവിതയിലെ ചില വരികള്‍ ചുവടെ. (പരിഭാഷ: രൂപശ്രീ എം.പി, മൈ ഇംപ്രസിയോ ഡോട്ട് കോം).
‘ഒരു നിമിഷം! ആത്മാവിനെ ഞെരുക്കുന്ന
ആ കടലിരമ്പങ്ങള്‍ നീ കേള്‍ക്കുന്നുവോ?
വെമ്പുന്ന വെള്ളാരങ്കല്ലുകള്‍
ഓളങ്ങളിലൂടെ ആഴിയിലേക്കും തീരത്തിലേക്കുമിന്നവ.
തുടര്‍ന്നും, നിലച്ചും, വീണ്ടും തുടര്‍ന്നും
മെല്ലെ ഒഴുകുന്ന, പതറുന്ന താളം
മനസ്സില്‍, അനന്തതയുടെ വിഷാദനാദം.’
പ്രകൃതിയിലേക്ക് നിരുപാധികമായി മടങ്ങാമെന്നാണ് ഈ കവിത പറയുന്നത്. പുറത്തല്ല, മനുഷ്യമനസ്സിലാണ് പ്രകൃതി മരിക്കുന്നത്. സംഘര്‍ഷങ്ങളില്‍ നിന്ന് പ്രകൃതിയുടെ രമ്യതയുടെ ഭാഷ മനസ്സിലാക്കിയാല്‍ ഒറ്റപ്പെടല്‍ അനുഭവപ്പെടുകയില്ല.
മനസ്സ് എന്ന ശുഭ്രവസ്ത്രം
പകര്‍ച്ചവ്യാധിയുടെ കാലം നമ്മെ ജീവിതത്തോടാണ് പോരാടാന്‍ പ്രേരിപ്പിക്കുന്നത്. ഒരു പുതിയ യുക്തി ഉദയം ചെയ്തിരിക്കുന്നു. കൂട്ടം പിന്‍വലിയുകയും ഒറ്റ തെളിയുകയും ചെയ്തിരിക്കുന്നു. ഈ സന്ദര്‍ഭം തത്ത്വചിന്തയുടെയും ഭാവനയുടെയും ഒരു ജാലകം തുറക്കുകയാണ്.
മസാച്ചുസറ്റ്‌സ് (അമേരിക്ക) യുണിവേഴ്‌സിറ്റിയിലെ ഫിലോസഫി പ്രൊഫസറായ ജോണ്‍ കാഗ് എഴുതിയ Sick Souls , Healthy minds എന്ന പുസ്തകത്തിന്റെ ഉപശീര്‍ഷകം വില്യം ജയിംസ് എങ്ങനെ നമ്മെ രക്ഷിക്കുന്നു എന്നാണ്. അമേരിക്കന്‍ മനശ്ശാസ്ത്രത്തിന്റെയും തത്ത്വചിന്തയുടെയും പ്രമുഖ വ്യക്തിത്വമായ വില്യം ജയിംസിന്റെ ചിന്തകള്‍ ഈ മാസ്‌കുകളുടെയും അകല്‍ച്ചയുടെയും കാലത്ത് അതിജീവിക്കാനുള്ള ചില വിദ്യകള്‍ പറഞ്ഞു തരുന്നുണ്ടത്രേ.
വില്യം ജയിംസ് വ്യക്തി ജീവിതത്തില്‍ വലിയ തകര്‍ച്ചകളെ നേരിടുകയുണ്ടായി. അദ്ദേഹം അതിനെ അതിജീവിച്ചത് എങ്ങനെയെന്ന് മനസ്സിലാക്കാന്‍ കാഗ് നമ്മെ ക്ഷണിക്കുന്നു.
മനുഷ്യബോധത്തെ പിടിച്ചെടുക്കാന്‍ തത്ത്വചിന്തയ്‌ക്കോ, മന:ശാസ്ത്രത്തിനോ കഴിയുകയില്ലെന്നാണ് വില്യം വാദിച്ചത്. ചതുരവടിവുള്ള ജീവിതങ്ങള്‍ റെഡിമെയ്ഡാണെന്ന് പറയാം. ജീവിതം അതിന്റെ സാഹസികതകളിലും അപ്രതീക്ഷിതമായ ചലനങ്ങളിലുമാണ് സ്വയം ദര്‍ശിക്കുന്നത്. ജീവിച്ചുകൊണ്ട്, അപാരമായ അനുഭവങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടാണ് മനുഷ്യന്‍ പുതിയ അറിവ് നേടുന്നത്. അനുഭവങ്ങളെ ബാഹ്യമായി കാണുകയാണല്ലോ നാം ചെയ്യുക. എന്നാല്‍ അതിനപ്പുറം ഓരോ അനുഭവത്തിനും മൂല്യമുണ്ട്. അത് ഒരു ഉള്ളടക്കമെന്നപോലെ മറ്റെന്തോ അര്‍ത്ഥമാക്കുകയും ചെയ്യുന്നു.
നമ്മള്‍ സ്വതന്ത്രരാണെന്ന് പറയുന്നത് ഒരു തത്ത്വചിന്തയാണ്; കേവലം തത്ത്വചിന്ത. എന്നാല്‍ കൊറോണയുടെ കാലത്ത് നാം സ്വതന്ത്രരാണെങ്കിലും അതനുഭവിക്കാന്‍ യോഗമില്ല. എന്ത് തിരഞ്ഞെടുക്കണമെന്ന് നിശ്ചയിക്കേണ്ടത് നാം തന്നെയാണ്. അതിന്റെ ഫലങ്ങള്‍ വ്യക്തിപരമാണെങ്കിലും കുറേക്കൂടി അതീതമായ അനുഭവങ്ങള്‍ക്ക് വേണ്ടി ശ്രമിക്കുന്നത് ജീവിതത്തിന്റെ അര്‍ത്ഥം തേടലിന്റെ ഭാഗമാണ്. സാധാരണ മനുഷ്യരില്‍, ചിലപ്പോള്‍ വലിയ തത്ത്വചിന്തകള്‍ ജീവിക്കുന്നു. ചിലര്‍ വയസ്സാവുമ്പോള്‍ താടിയും മുടിയും നീട്ടി ഏറെക്കുറെ അനാസക്തരായി സമൂഹത്തില്‍ ഏകാകികളെപ്പോലെ ജീവിക്കുന്നു. ഒരു താടി ഒരു പ്രതിച്ഛായയല്ല, മറിച്ച് അതില്‍ ജീവിതഭയത്തെ, മരണഭയത്തെ, മറികടക്കാനുള്ള ത്വരയുണ്ട്. ചില പ്രത്യേക സംരക്ഷിത മേഖലകളാണത്. ഇത് മൂല്യാന്വേഷണമായി കാണണം. ഇത് ജീവിതത്തിന്റെ അര്‍ത്ഥം തേടലാണ്. ജീവിതത്തിന്റെ ആവര്‍ത്തനവിരസവും അര്‍ത്ഥം നഷടപ്പെട്ടതുമായ പൊതുവീഥിയില്‍ നിന്ന് മാറി സഞ്ചരിക്കുകയാണ്. ചില സംഗീതകാരന്മാരുടെ, കച്ചവടക്കാരുടെ നെറ്റിയിലെ വീതിയേറിയ ചന്ദനവരകള്‍ അതിജീവനത്തിന്റെയും സ്വാസ്ഥ്യത്തിന്റെയും അടയാളങ്ങളാണ്.
വില്യം ജയിംസിന്റെ പുസ്തകങ്ങള്‍ നാല്പതു വര്‍ഷമായി പഠിപ്പിക്കുന്ന പ്രൊഫ. ജയിംസ് ടി. കോപ്പന്‍ബെര്‍ഗ് എഴുതുന്നു, On some of life’s ideals എന്ന ലേഖനം ഓരോ വ്യക്തിയുടെയും ആന്തരികമായ വേറിടലിനെ ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. ഈ ആന്തരജീവിതം മറ്റൊരാള്‍ക്ക് അളക്കാനാവില്ല.
മറ്റൊരാളുടെ തീവ്രമായ ചില പ്രണയങ്ങളെ നമുക്ക് മനസ്സിലാകാത്തത് നമ്മുടെ സ്വന്തം വികാരങ്ങളോടുള്ള അന്ധമായ പ്രേമം കൊണ്ടാണ്. അതുകൊണ്ട് ഏകാന്തതയെ നമ്മള്‍ എങ്ങനെ നേരിടണമെന്ന പ്രശ്‌നം കാഗ് ഉന്നയിക്കുന്നു.
വില്യം ജയിംസ് പറഞ്ഞു, മനുഷ്യന് അവന്റെ മനോഭാവം മാറ്റാനുള്ള കഴിവുണ്ട്; അത് ഉപയോഗിക്കുകയാണ് വേണ്ടത്. എന്നാല്‍, മാനസിക സംഘര്‍ഷവും സമ്മര്‍ദവും ഒഴിവാക്കാനാവും.
അത് ഇങ്ങനെ വ്യാഖ്യാനിക്കാം. മനസ്സ് ഒരു വിശുദ്ധവും വെളുത്തതുമായ വസ്ത്രം പോലെയാണ്. അവിടെ ഒരു പാട് വീഴാന്‍ പാടില്ല. ഏത് ബാഹ്യ കെടുതിയെയും മനസ്സിനെ തൊടാത്ത വിധം കൈകാര്യം ചെയ്യുന്നിടത്താണ് വില്യം ജയിംസിന്റെ കണ്ടെത്തല്‍ ആഴമുള്ളതാവുന്നത്.
വായന
ഇപ്പോള്‍ ചില സാഹിത്യ മാസികകളുടെ എഡിറ്റര്‍മാരായി കഥാകൃത്തുക്കള്‍ രംഗപ്രവേശം ചെയ്യുകയാണ്. വളരെ അപകടകരമായ ഒരവസ്ഥയാണിത്. ജേര്‍ണലിസം ഒരു പ്രൊഫഷനാണ്. അത് കഥാകൃത്തുക്കളുടെ കൈയില്‍ ഭദ്രമായിരിക്കില്ല. എം.ടിയെ പോലൊരു കഥാകൃത്ത് ചെയ്തതുപോലെ പുതിയ തലമുറയിലെ കഥാകൃത്തുക്കളില്‍ നിന്ന് പ്രതീക്ഷിച്ചിട്ട് കാര്യമില്ലല്ലോ. ഇപ്പോള്‍ കഥാകൃത്തുക്കള്‍ എഡിറ്റര്‍മാരും ഫെസ്റ്റിവല്‍ ഡയറക്ടര്‍മാരുമാവുമ്പോള്‍ സംഭവിക്കുന്നത് സ്വജനപക്ഷപാതവും ഇടുങ്ങിയ കഌക്കുകളുടെ വാഴ്ചയുമാണ്.ഇവര്‍ക്ക് വിശാലവീക്ഷണം ഉണ്ടാകുന്നില്ല.
രഘുനാഥ് പലേരി, സി.വി.ബാലകൃഷ്ണന്‍
രഘുനാഥ് പലേരി എഴുതിയ ‘അത്തിമരച്ചെടി നടാന്‍ മറക്കരുത്’ (മാത്യഭൂമി ആഴ്ചപ്പതിപ്പ്, മെയ് 10) ഒരാള്‍ സ്വന്തം മരണത്തിലേക്ക് സമാധാനത്തോടെ നടന്നു പോകുന്നതിന്റെ ശ്രദ്ധേയമായ ആവിഷ്‌കാരമായി. അത്തിമരച്ചെടി നട്ടശേഷമാണ് ഈ മടക്കയാത്ര. ഇനി എല്ലാം അത്തിച്ചെടി നോക്കിക്കൊള്ളും എന്ന പ്രസ്താവം ഹൃദ്യമായി.
ഷാബു പ്രസാദിന്റെ ‘കൊച്ചങ്കി’ (കേസരി, മെയ് 15) സമകാലിക യാന്ത്രിക യുഗത്തിന്റെ അനാവശ്യ തിരക്കും ധാര്‍മ്മികമായ വീഴ്ചയും എടുത്തു കാണിക്കുന്ന കഥയാണ് .’ഒരു താലിയും ഇത്തിരി ജോലിത്തിരക്കും എത്ര പെട്ടെന്നാണ് മനുഷ്യനെ വല്ലാതങ്ങ് മാറ്റിമറിക്കുന്നത് ‘ എന്ന വാക്യം ഈ കോവിഡ് കാലത്ത് വലിയ മുഴക്കത്തോടെ അശരണരായ മനുഷ്യരുടെ കാതുകളില്‍ പതിക്കാതിരിക്കില്ല. തിരക്കിട്ട് ഓടിനടന്ന് പ്രകൃതിയെ ചീത്തയാക്കിയതൊഴിച്ചാല്‍ മനുഷ്യന്‍ എന്ത് നേടി എന്ന പ്രശ്‌നം ബാക്കി നില്‍ക്കുകയാണല്ലോ.
കഴിഞ്ഞ ദിവസം റോബിന്‍ ഡിക്രൂസിന്റെ വക ഒരു വാട്‌സ്ആപ്പ് സന്ദേശം കണ്ടു. കേരളീയ നവോത്ഥാനത്തെ നിരാകരിച്ചുകൊണ്ട് പ്രാകൃതമായ ചില വാദങ്ങള്‍ നിരത്തുകയാണ് അദ്ദേഹം. ഇത്തരം വിഷയങ്ങളിലെങ്കിലും വര്‍ഗീയ പക്ഷപാതം ഒഴിവാക്കുകയാണ് നല്ലത്.
സി.വി.ബാലകൃഷ്ണന്റെ ‘എനിക്ക് സ്‌ട്രോബറി ഇഷ്ടമാണ്’ എന്ന കഥ (മലയാളം വാരിക, ഏപ്രില്‍ 2) ഒരു ലൈറ്റ് വെയിറ്റ് ഐറ്റമാണ്. വലിയ ആഘോഷത്തോടെ റിലീസ് ചെയ്യുന്ന സിനിമ രണ്ടു ദിവസം ഓടിയ ശേഷം കാണാനാളില്ലാതെ തീയേറ്റര്‍ വിടേണ്ടി വരുന്നപോലെ പരാജയമായി ഇത്. തന്റെ സ്‌ട്രോബറി തോട്ടത്തിലേക്ക് റോബിന്‍ എന്നൊരാള്‍ വന്നിരിക്കുന്നു. റോബിന്‍ എന്ന വാക്കിന്റെ അര്‍ത്ഥമെന്താണാവോ? എന്തായാലും അത് കേട്ടയുടനെ കഥാനായകന്‍, തനിക്ക് ഒരു പരിചയവുമില്ലാതിരുന്ന അവനെ ചുംബിക്കുകയും കൂടെ നിര്‍ത്തണമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. സ്വവര്‍ഗാനുരാഗത്തിന്റെ കഥകള്‍ ഇപ്പോള്‍ മലയാളത്തിലും തലനീട്ടുകയാണ്.
കരുണാകരന്‍ എഴുതിയ മണം എന്ന കവിത ( മലയാളം വാരിക, മെയ് 14) അപ്രസക്തവും അസുന്ദരവുമാണ്. ഈ കവിയുടെ മനസ്സില്‍ സൗന്ദര്യാനുഭവമില്ല. ഒരു കുട്ടി വയസ്സറിയിച്ച കാര്യമാണ് പറയുന്നത്. അവളുടെ മൂത്രപ്പുരവൃത്താന്തത്തിലാണ് കവിക്ക് താത്പര്യം. ഈ കവി ഓസ്ടിയന്‍ കവി റെയ്‌നര്‍ മരിയാ റില്‍ക്കേയുടെയോ, റഷ്യന്‍ കവി മയക്കോവ്‌സ്‌കിയുടെയോ കവിതകള്‍ പല തവണ വായിക്കണം. എന്തിനാണ് കരുണാകരന്‍ ഇതുപോലെ എഴുതുന്നത്? പ്രതിഭയില്ലാത്തതിന്റെ ദുരന്തമാണിത്. ലോകത്തെ അനുഭവിക്കാന്‍ തയ്യാറെടുക്കുക. ചെറിയ വൃത്തങ്ങളില്‍ ഒതുങ്ങുന്നത് എന്തിനാണ് ?
നുറുങ്ങുകള്‍
-
ഒരിക്കല്‍, പത്തനംതിട്ടയില്‍ ഒരു കല്യാണത്തില്‍ പങ്കെടുത്ത് ഭക്ഷണത്തിനായി ഹാളിനു പുറത്ത് നില്‍ക്കുമ്പോള്‍ കടമ്മനിട്ടയോട് പുതിയ കവിതയെക്കുറിച്ച് ചോദിച്ചു. കടമ്മനിട്ട പറഞ്ഞു: ഇന്നത്തെ കവിത വാക്കുകളുടെ വെറും കളി മാത്രമാണ്.
-
ഒരു കവിതയ്ക്ക് ഒരിക്കലും അവസാനമില്ല; കവി കവിതയെ ഒരിടത്ത് ഉപേക്ഷിക്കുകയാണ് ചെയ്യുന്നതെന്ന് ഫ്രഞ്ച് കവി പോള്‍ വലേറി പറഞ്ഞു.
-
അയര്‍ലണ്ടുകാരനായ, ഓട്ടിസത്തിന്റെ പരാധീനതയുള്ള പതിനാറുകാരന്‍ ഡാരാ മക് അനള്‍ട്ടി (Dara McAnulty)യുടെ ഡയറി ഓഫ് എ യംഗ് നാച്വറലിസ്റ്റ് Diary of a young Naturalist) കൊറോണക്കാലത്ത് എഴുതി പ്രസിദ്ധീകരിച്ച പുസ്തകമാണ്. പ്രകൃതിയും ഓര്‍മ്മകളും രോഗവും കൂടിക്കുഴയുന്ന ഈ കൃതി ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നു.
-
നമ്മുടെ സിനിമയില്‍ ഇനിയും ഹിമാലയത്തിന്റെയും കൈലാസത്തിന്റെയും മനോഹരമായ ദൃശ്യങ്ങള്‍ വന്നിട്ടില്ല.
-
ഇന്ത്യയിലെ പ്രമുഖ നടന്മാരില്‍ ഒരാളായ പി.ജെ.ആന്റണി (1925-1979) മുപ്പത് ചെറുകഥകളും നാല്പത്തിയൊന്നു നാടകങ്ങളും രണ്ടു നോവലുകളും കുറെ കവിതകളും എഴുതി. പക്ഷേ, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ആന്റണിയെയും ഉപേക്ഷിച്ചുകളഞ്ഞു.
-
ഒരെഴുത്തുകാരന്റെ മരണാന്തര ജീവിതമാണ് വളരെ പ്രധാനം. അവിടെ അവാര്‍ഡുകളൊന്നുമില്ല, എക്‌സിക്യുട്ടിവ് കമ്മറ്റികളുമില്ല. എന്നാല്‍ അവഗണനയും നിന്ദയും ധാരാളമുണ്ടാവും. കാലമാണ് എഴുത്തുകാരെ തിരയേണ്ടത്. പാറപ്പുറത്തിനു (1924-1981 ) താന്‍ ജീവിച്ച കാലത്തെ പ്രധാന അവാര്‍ഡുകളെല്ലാം കിട്ടി. ഇരുപതു നോവലുകളെഴുതിയ പാറപ്പുറത്തിനു വേണ്ടി ഒരു വാട്‌സ്ആപ്പ്ഗ്രൂപ്പുപോലുമില്ല.
-
ഓഷോ ഞെട്ടിക്കുന്ന ഒരു കാര്യം പറഞ്ഞു: ഒരു പെണ്ണിനെ പെണ്ണായിട്ടോ, ആണിനെ ആണായിട്ടോ പ്രേമിക്കരുത്; പ്രേമിക്കുമ്പോള്‍ ആ വ്യക്തിയെ ദൈവമായി കാണുക.