”കേസരിയ്ക്കുവേണ്ടി ഉണ്ണ്യേട്ടന്‍ എഴുതിവെച്ച ഒരു ലേഖനമുണ്ട്. ദേവിയെക്കുറിച്ചാണ്.” – ഇയ്യിടെ അന്തരിച്ച മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ വി.ആര്‍. ഗോവിന്ദനുണ്ണിയുടെ ഭാര്യ വത്സല ഉണ്ണി വിളിച്ചു പറഞ്ഞു. മരണത്തിനു ഏതാനും നാള്‍മുമ്പ് എഴുതിയതാണ് ആ ലേഖനം. വിജയദശമിയ്ക്ക് പ്രസിദ്ധീകരിക്കാന്‍ പറ്റും എന്നു പറഞ്ഞാണ് അതു എഴുതിവെച്ചത്. പതിറ്റാണ്ടുകള്‍ പഴക്കമുണ്ട് ഗോവിന്ദനുണ്ണിയ്ക്ക് കേസരിയുമായുള്ള ബന്ധം. കേസരിയില്‍ വിദേശരംഗം സ്ഥിരമായി കൈകാര്യം ചെയ്തിരുന്ന അദ്ദേഹം കായികം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിലും ലേഖനങ്ങള്‍ എഴുതിയിരുന്നു. നിരവധി ലേഖനങ്ങള്‍ വിവര്‍ത്തനം ചെയ്തിട്ടുമുണ്ട്.
പരന്നവായനയും അഗാധമായ അറിവും ഓര്‍മ്മശക്തിയും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. ആരോഗ്യകാരണങ്ങളാല്‍ വീട്ടിലെ മുറിയില്‍ നിന്നു പുറത്തിറങ്ങാന്‍ സാധിക്കാത്തപ്പോഴും വാര്‍ത്തകള്‍ അദ്ദേഹത്തെ തേടിവരുമായിരുന്നു എന്നു പറയുന്നതാണ് ശരി. വായനയിലൂടെ നേടിയ അറിവ് സമകാലികസംഭവങ്ങളുമായി ചേര്‍ത്തുവെച്ച് വായനക്കാരിലേക്ക് പകരാനുള്ള കഴിവ് അപാരമായിരുന്നു. ഏറ്റവും ഒടുവില്‍ ദാരാഷിക്കോവിനെക്കുറിച്ചുള്ള ഒരു ലേഖനം കേസരി പ്രസിദ്ധീകരിച്ചിരുന്നു.
മാതൃഭൂമിയില്‍ നിന്നും രാജിവെച്ച അദ്ദേഹം എഴുത്തിലൂടെയുള്ള വരുമാനം കൊണ്ടാണ് ജീവിച്ചത്. മലയാളത്തിലുള്ള ഒട്ടുമിക്ക പത്രങ്ങളിലും വാരികകളിലും ലേഖനങ്ങളും കുറിപ്പുകളും എഴുതിക്കൊണ്ടിരുന്നു. മലയാള സാഹിത്യകാരന്മാരെയും രാഷ്ട്രീയക്കാരെയുമെല്ലാം ഇത്ര കൃത്യമായി നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്ത വ്യക്തികള്‍ കുറവാണ്. ഒരു വ്യക്തിയേയോ സംഭവത്തെയോ പുസ്തകത്തെയോ കുറിച്ചു പറയുമ്പോള്‍ അതുമായി ബന്ധപ്പെട്ട സകലകാര്യങ്ങളും എണ്ണിപ്പെറുക്കി പറയാന്‍ അദ്ദേഹത്തിനു സാധിക്കുമായിരുന്നു. ഓരോ വിഷയത്തിലും തനിക്കുള്ള അഭിപ്രായം തുറന്നുപറയാനും സ്വന്തം നിലപാട് സ്വീകരിക്കാനുള്ള ആര്‍ജ്ജവം അദ്ദേഹത്തിന്റെ തൊഴിലിനെത്തന്നെ ബാധിച്ചു എന്നു പറയാം.
നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള ഗോവിന്ദനുണ്ണിയ്ക്ക് പത്രപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍ എന്ന നിലയ്‌ക്കൊന്നും അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചില്ല. അത് അദ്ദേഹത്തെ ഒട്ടും അലട്ടിയിരുന്നുമില്ല. അവസാനകാലത്ത് ആരോഗ്യപ്രശ്‌നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടിയപ്പോള്‍ 2018ലെ യെസനിന്‍ റഷ്യന്‍ പുരസ്‌കാരം ലഭിച്ചപ്പോള്‍ അദ്ദേഹം പ്രതീക്ഷവെച്ചിരുന്നു. എന്നാല്‍ ഒരു ഫലകത്തിനപ്പുറം ഒന്നും കിട്ടിയില്ല. ഭാരതീയ മൂല്യങ്ങളോട് എന്നും കൂറുപുലര്‍ത്തിയിരുന്ന അദ്ദേഹം സ്വന്തം വസതി ബി.ജെ.പി. ഓഫീസ് പ്രവര്‍ത്തനത്തിന് വിട്ടു നല്‍കുകയായിരുന്നു.