Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home യാത്രാവിവരണം

രാമേശ്വരം മുതൽ ധനുഷ്‌കോടി വരെ

ഡോ. ഷീജാകുമാരി കൊടുവഴന്നൂര്‍

Print Edition: 24 May 2019

കുട്ടിക്കാലം മുതല്‍ കേട്ടു വളര്‍ന്ന പുണ്യത്തിന്റെ കഥകള്‍ മാത്രമായിരുന്നില്ല, രാമേശ്വരം. വെറുമൊരു പത്രവില്പനക്കാരന്‍ പയ്യനില്‍ നിന്ന് ഭാരതത്തിന്റെ ഭാഗധേയം നിയന്ത്രിക്കാന്‍ കഴിഞ്ഞ ശാസ്ത്രജ്ഞനും രാഷ്ട്രപതിയുമായി ഉയര്‍ന്ന വിശിഷ്ട വ്യക്തിത്വത്തെ- ഡോ എ.പി.ജെ അബ്ദുല്‍കലാമിനെ -വാര്‍ത്തെടുത്ത രാമേശ്വരത്തെ ഒന്ന് അടുത്തറിയാനുള്ള ആഗ്രഹം കൂടിയായിരുന്നു യാത്ര. കരയെ രാമേശ്വരം ഉള്‍പ്പെടുന്ന പാമ്പന്‍ ദ്വീപുമായി ബന്ധിപ്പിക്കുന്ന പാമ്പന്‍ പാലം എല്ലാവര്‍ക്കും വിസ്മയമാണ്. ഏക്കറുകള്‍ നീണ്ട തെങ്ങിന്‍ തോപ്പുകള്‍ കടന്ന് അധികം ജൈവവൈവിധ്യമൊന്നും അവകാശപ്പെടാനില്ലാത്ത ഭാഗത്തേക്കു കടക്കുമ്പോള്‍ ശ്രദ്ധിച്ചു. കേരളത്തിന്റെ വശ്യമായ ഹരിതഭംഗിയില്‍ നിന്നും എത്ര വ്യത്യാസം! സസ്യങ്ങളില്‍ ഏറെയും കരിമ്പനയും എരിക്കും പിത്തക്കലോബിയവും മാത്രം.

രാമേശ്വരത്തിന്റെ മുഖമുദ്രയാണ് പാമ്പന്‍ പാലം. ഏറെ നീളത്തില്‍ അനന്തമെന്നു തോന്നിക്കുന്ന രീതിയില്‍ പാമ്പന്‍ പാലം. ഇരുപുറവും കടലലകളുടെ തിരക്കു കൂട്ടല്‍. തിരകള്‍ വന്നു മുട്ടുന്ന കല്ലടുക്കുകളില്‍ പുലരിത്തിളക്കം പകര്‍ന്നു വെയില്‍ കാഞ്ഞുകിടക്കുന്ന റെയില്‍വേ പാളങ്ങള്‍. തുഴവീശലിന്റെ ആഴം കാത്തു കിടക്കുന്ന കുറെ വഞ്ചികള്‍! നിരയായി പൂത്ത അരളികള്‍ ചിരിച്ചു നില്‍ക്കുന്ന പാര്‍ക്ക്. അതിജീവനത്തിന്റെ ബാലപാഠങ്ങള്‍ അനുഭവപാഠമാക്കി എരിക്കിന്‍കൂട്ടങ്ങളില്‍ വയലറ്റു പൂക്കള്‍ ഒരുക്കിയ പൂപ്പാലികകള്‍.

പാമ്പന്‍ പാലം
രാമേശ്വരം ഉള്‍പ്പെടുന്ന പാമ്പന്‍ ദ്വീപിനെ ഇന്‍ഡ്യന്‍ ഉപഭൂഖണ്ഡവുമായി ബന്ധിപ്പിക്കുന്നത് പാമ്പന്‍ പാലമാണ്. 53 ചതുരശ്ര കി.മീ മാത്രം വിസ്തൃതിയുള്ള രാമേശ്വരം ഒരു മുനിസിപ്പാലിറ്റി ഭരണത്തിന്‍ കീഴിലായത് 1994ല്‍ ആണ്. ശംഖിന്റെ ആകൃതിയുള്ള ഈ ദ്വീപ് രാമനാഥസ്വാമി ക്ഷേത്രത്തിന്റെ സാന്നിധ്യത്താലും, വിശ്വാസങ്ങളിലെ രാമസേതുവിന്റെ നിര്‍മ്മാണസ്ഥലമെന്ന നിലയിലും ഹൈന്ദവരുടെ പുണ്യസങ്കേതമായി. ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്ക് ഏറ്റവും അകലം കുറഞ്ഞ സ്ഥലവും ഇതു തന്നെ

രാമേശ്വരം ദ്വീപിന്റെ കേന്ദ്രഭാഗത്ത് സ്ഥിതിചെയ്യുന്ന രാമനാഥസ്വാമി ക്ഷേത്രം ജ്യോതിര്‍ലിംഗരൂപത്തില്‍ ശിവനെ പ്രതിഷ്ഠിച്ചിട്ടുള്ള 12 ക്ഷേത്രങ്ങളിലൊന്നാണ്. ഏറ്റവും നീളത്തിലുള്ള ഇടനാഴി ഈ ക്ഷേത്രത്തിലാണ് ഉള്ളത്. ക്ഷേത്രത്തിലെ വിശേഷദിനമായ പൈങ്കുനി ഉത്രത്തിന് തലേ ദിവസമായതിനാല്‍ ഞങ്ങള്‍ ക്ഷേത്രത്തിലെത്തിയപ്പോള്‍ ഭക്തജനങ്ങളുടെ വല്ലാത്ത തിരക്ക് അനുഭവപ്പെട്ടിരുന്നു. തണുപ്പുറഞ്ഞ ഈറന്‍ ഇടനാഴികളില്‍ പതിയുന്ന ഭക്തപാദങ്ങള്‍, ക്ഷേത്രത്തിലെ 24 പുണ്യതീര്‍ത്ഥങ്ങളില്‍ കുളിച്ച് ഈറനണിയുന്ന ഭക്തരുടെ ദേഹങ്ങള്‍, രാമേശ്വരത്തെ കാഴ്ച്ചകളില്‍ ഇവ സാധാരണമാണ്. ഹൈന്ദവവിശ്വാസപ്രകാരം കാശിതീര്‍ത്ഥാടനം പൂര്‍ത്തിയാകണമെങ്കില്‍ രാമേശ്വരം ക്ഷേത്രദര്‍ശനവും സേതുസ്‌നാനവും പൂര്‍ത്തിയാകണമത്രെ.

ഇന്നു കാണുന്ന നിലയില്‍ ഈ ക്ഷേത്രം പണി കഴിപ്പിച്ചത് പാണ്ഡ്യരാജവംശമാണ്. ഇടനാഴികളിലൂടെ നടക്കുമ്പോള്‍ ഇരുവശത്തും കാണുന്ന തൂണുകള്‍ കൊത്തുപണികള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. സ്‌കന്ദപുരാണം അനുസരിച്ച് ഈ ക്ഷേത്രത്തിലും അതിനു ചുറ്റുപാടുമായി കാണുന്ന 64 തീര്‍ത്ഥങ്ങളില്‍ 24 എണ്ണമാണ് പുണ്യതീര്‍ത്ഥങ്ങള്‍. അവയിലെല്ലാം കുളിക്കുന്നത് പുണ്യമേകുമെന്ന് ഭക്തജനങ്ങള്‍ വിശ്വസിക്കുന്നു. പൂജാദ്രവ്യങ്ങളുടെ സുഗന്ധത്തോടൊപ്പം ഭക്തരുടെ മന്ത്രജപത്തിന്റെ ധ്വനികളും ഒരുമിച്ചു ചേര്‍ന്ന അന്തരീക്ഷത്തിന്റെ ഭക്തിനിര്‍ഭരത തിരക്കു നിമിത്തം ഏറെ നേരം ആസ്വദിക്കാനായില്ല.

ഉച്ചയൂണിന് ശേഷം ഞങ്ങള്‍ ധനുഷ്‌ക്കോടിയിലേക്ക് പുറപ്പെട്ടു. മണല്‍ കലര്‍ന്ന മണ്ണുള്ള പ്രദേശത്തിലൂടെ ഞങ്ങളുടെ വാഹനം സഞ്ചരിച്ചു. ഭൂപ്രകൃതിയുടെ പ്രത്യേകത കൊണ്ടാവാം, നമ്മുടെ നാട്ടില്‍ കാണാറുളള സസ്യവിഭാഗങ്ങളിലേറെയും ഇവിടെ കാണാനില്ലായിരുന്നു. ഏറെയും കരിമ്പനകള്‍, അവ കൂട്ടമായും ഒറ്റപ്പെട്ടും പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നു. കൂടാതെ അങ്ങിങ്ങു ക്രമം തെറ്റി വളര്‍ന്നു നില്‍ക്കുന്ന എരിക്കുകള്‍, ചില കുറ്റിച്ചെടികള്‍…. പൊതുവെ ജനവാസം കുറവായ ഈ പ്രദേശത്തെ വീടുകളുടെ വേലികള്‍ നിര്‍മ്മിച്ചിരിക്കുന്നത് നിരയായി കുത്തി നിര്‍ത്തിയ പനമടലുകള്‍ കൊണ്ടായിരുന്നുവെന്നത് ശ്രദ്ധിക്കപ്പെട്ടു. ഇരു വശവും കരിമ്പനകള്‍ കൂട്ടമായി നിരതീര്‍ത്തു കാവല്‍ നില്‍ക്കുന്ന വളവില്ലാത്ത റോഡിലൂടെ ഞങ്ങളുടെ വാഹനം മുന്നേറി.

റോഡിനിരുപുറവുമുള്ള കടലുകള്‍ തമ്മില്‍ എന്തൊരന്തരം!ഒരു വശത്ത് തിരകള്‍ തെല്ലുമില്ലാതെ അതി വിശാലമായ ഒരു തടാകത്തെ അനുസ്മരിപ്പിക്കുന്നബംഗാള്‍ ഉള്‍ക്കടല്‍.മറുവശത്ത് ദാഹാര്‍ത്തനായ കാമുകന്‍ കാമുകിയെ എന്ന പോലെ കരയെ പരിരംഭണത്തിലമര്‍ത്താന്‍ ശ്രമിക്കുന്ന ഇന്ത്യന്‍മഹാസമുദ്രം. ഇവയ്ക്കിടയിലൂടെ മുന്നേറുന്ന ഞങ്ങളെ മത്സരിച്ചു തഴുകുന്ന എരിവെയിലും കടല്‍ക്കാറ്റും. കടല്‍ അല്പം ഉള്ളിലേക്ക് വലിഞ്ഞതിനാല്‍ അനാവൃതമായ മണല്‍പ്പരപ്പില്‍ ഇര തേടുന്ന ധാരാളം കടല്‍ പക്ഷികള്‍. അകലേയ്ക്ക് നീളുന്ന സാഗരത്തിന്റെ മനോഹാരിതയ്ക്ക് അളവില്ലെന്നു തോന്നി.
നേരത്തേ ലഭിച്ച വിവരമനുസരിച്ച്, യാത്രയുടെ ഒരു ഘട്ടത്തില്‍ സ്വന്തം വാഹനമൊഴിവാക്കി പ്രത്യേക വാഹനത്തില്‍ കടലിലൂടെ നീങ്ങേണ്ടി വരുമെന്ന അറിവില്‍ ഒരു സാഹസികയാനം പ്രതീക്ഷിച്ചിരുന്ന ഞങ്ങള്‍ എങ്ങും നില്‍ക്കാതെ, നേരേ ധനുഷ്‌ക്കോടി കടല്‍ക്കരയില്‍ തന്നെ ചെന്ന് എത്തി നിന്നപ്പോള്‍ വല്ലാതെ അമ്പരന്നു. ഞങ്ങള്‍ക്കു സഞ്ചരിക്കാന്‍ മുന്നില്‍ കര അവശേഷിച്ചിരുന്നില്ല. ഞങ്ങള്‍ നില്‍ക്കുന്ന ഭാഗത്തിനു മൂന്നു വശവും കടല്‍മാത്രം. ഒരു സാഹസികാനുഭവം നിഷേധിക്കപ്പെട്ടതില്‍ തെല്ല് നിരാശ തോന്നാതിരുന്നില്ല. രാമേശ്വരത്തു നിന്നുള്ള റോഡ് ധനുഷ്‌ക്കോടി വരെ നീട്ടിയിട്ട് ഏറെ നാളായി.

ധനുഷ്‌ക്കോടിയില്‍ പുരാണവും ചരിത്രവും അതിശയങ്ങളില്‍ ചാലിയ്ക്കപ്പെട്ട് നിലനില്‍ക്കുന്നു.രാമായണത്തിലെ സൂചനപ്രകാരം രാവണസഹോദരനായ വിഭീഷണന്‍ ശ്രീരാമദേവന്റെ ആശ്രിതനായതിവിടെ വെച്ച്. ലങ്കയിലേക്ക് സേതു ബന്ധനം തുടങ്ങുവാനുള്ള സ്ഥലമായി തന്റെ ധനുസ്സിന്റെ ചുവടൂന്നി രാമദേവന്‍ ഇടം കാട്ടിക്കൊടുത്തത് ഇവിടെയാണ്. സീതയെ വീണ്ടെടുത്തു മടങ്ങുന്നേരം ലങ്കയിലേക്കുള്ള സേതു അങ്ങനെ തന്നെ അവശേഷിപ്പിച്ചാല്‍ രാക്ഷസര്‍ ലങ്കയില്‍ നിന്ന് ഇക്കരയ്ക്കു കടക്കാനിടയുണ്ടെന്ന വിഭീഷണന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് തന്റെ അമ്പു കൊണ്ട് ഒരു വര വരച്ച് രാമന്‍ തകര്‍ത്തു കളഞ്ഞ സേതുവിന്റെ അംശങ്ങളിപ്പോഴും ഉണ്ടെന്നു കരുതപ്പെടുന്നതിവിടെ. ധനുഷ്‌ക്കോടിയില്‍ നിന്ന് 31 കി മീ ദൂരമേയുള്ളു അയല്‍ രാജ്യമായ ശ്രീലങ്കയിലേക്ക്. രാമകഥയിലെ രാവണന്റെ ലങ്കയിലേക്ക്. ഐതിഹ്യത്തിന്റെ യാഥാര്‍ത്ഥ്യത്തെ ചോദ്യം ചെയ്യുന്നവര്‍ക്ക് മറുപടി ഏകിക്കൊണ്ട് കടലിനുള്ളില്‍ ഈ ഭാഗത്ത് രാമസേതുവിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും കാണാനാവുമത്രെ. ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള കടലിനു മീതെയുള്ള പാത അഞ്ചു വര്‍ഷത്തിനകം യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നതും ഇവിടെയാണ് എന്നറിഞ്ഞപ്പോള്‍ ത്രേതായുഗത്തിന്റെ വരേണ്യതയെ കലിയുഗത്തിന്റെ ടെക്‌നോളജി മറികടക്കുന്നുവല്ലോ എന്ന് ഓര്‍ത്തു.

ദൂരെ സാഗരനീലിമയും ഗഗനനീലിമയും കൈകോര്‍ക്കുന്ന ചക്രവാളസീമയിലേക്ക് പ്രയാണം തുടരുന്ന സൂര്യന്‍ ഉല്ലാസയാത്രികരുടെ മേല്‍ അപ്പോഴും വെയില്‍ വര്‍ഷിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ആ കൊടും വെയിലിനെ വകവയ്ക്കാതെ കടലിലിറങ്ങി തിരകളോടു സൗഹൃദം തേടുന്ന അനേകം മനുഷ്യരിലാരും തന്നെ തിരകളില്ലാത്ത സമുദ്രഭാഗത്ത് കളിച്ചു രസിക്കാനിറങ്ങിയില്ല എന്നത് സാഹസികതയോടുള്ള മനുഷ്യരുടെ സ്വതസ്സിദ്ധമായ ത്രില്ലിനെ സൂചിപ്പിച്ചു.

മടക്ക യാത്രയില്‍ പ്രകൃതി ശക്തികളാല്‍ നശിപ്പിക്കപ്പെട്ട ധനുഷ്‌ക്കോടിയില്‍ നഗരാവശിഷ്ടങ്ങള്‍ കാണാന്‍ കഴിഞ്ഞു. പനയോല കൊണ്ട് മേഞ്ഞ ചെറു കൂരയ്ക്കു കീഴെ ശംഖുമാലകളും ചിപ്പി വളകളും വില്‍ക്കാന്‍ നിന്ന രാമേശ്വരം നിവാസി കൗതുകപൂര്‍വ്വം ഞങ്ങളെ നോക്കി. പ്രകൃതി താണ്ഡവം കൊണ്ട് തകര്‍ന്നു കിടക്കുന്ന പട്ടണാവശിഷ്ടങ്ങളെ ഞങ്ങള്‍ ശ്രദ്ധയോടെ നോക്കുന്നതു കണ്ടപ്പോള്‍ പ്രത്യേകിച്ച് അങ്ങോട്ട് ഒന്നു ചോദിക്കാതെ തന്നെ അയാള്‍ അവയെക്കുറിച്ച് ഞങ്ങളോടു പറയാനാരംഭിച്ചു. മലയാളം അത്രയ്ക്ക് വശമില്ലാതിരുന്ന അയാള്‍ തമിഴിലും ഹിന്ദിയിലുമായി പറഞ്ഞു കേള്‍പ്പിച്ച വിവരങ്ങളില്‍ ദുരന്തഭീകരതയുടെ തുടിപ്പുകള്‍ ഞങ്ങള്‍ കണ്ടു.

ആന്‍ഡമാന്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം മണിക്കൂറില്‍ 280 കി.മീ വേഗമുള്ള കൊടുങ്കാറ്റായിരൂപം പ്രാപിച്ച് ആഞ്ഞടിച്ചത് ശ്രീലങ്കയിലും, ധനുഷ്‌ക്കോടിയിലുമായി 1800 ജീവനുകള്‍ ഊതിക്കെടുത്തിക്കൊണ്ടും കനത്ത നാശനഷ്ടം വിതച്ചു കൊണ്ടുമായിരുന്നു. അതീവ ശക്തിയോടെ മുന്നേറിയ കൊടുങ്കാറ്റില്‍ ധനുഷ്‌ക്കോടിയിലെ ചെറു പട്ടണം വിറച്ചു വിറങ്ങലിച്ചു നിന്നു. റെയില്‍വേ സ്റ്റേഷന്‍, റെയില്‍വേ ആശുപത്രി, പഞ്ചായത്ത് ഡിസ്‌പെന്‍സറി, കസ്റ്റംസ് ഓഫീസ്, പോസ്റ്റ് ആന്റ് ടെലഗ്രാഫ് ഓഫീസ്, സെന്റ് ആന്റണീസ് പള്ളി തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങളുമായി നിലനിന്നിരുന്ന ഈ പട്ടണത്തെ ഭീതിദമായ അലര്‍ച്ചയുമായി പാഞ്ഞടുത്ത കൊടുങ്കാറ്റ് വാശിക്കാരനായ കുട്ടി തന്റെ കളിപ്പാട്ടത്തെയെന്ന പോലെ തകര്‍ത്തെറിഞ്ഞു. അവിടുത്തെ കെട്ടിടങ്ങള്‍ക്കുള്ളില്‍ ഭയവിഹ്വലരായി നിസ്സഹായതയോടെ വിറച്ചു നിന്ന മനുഷ്യരെ കാറ്റിനോടു കൂട്ടു ചേര്‍ന്നു 7 മീറ്റര്‍ വരെ ഉയരത്തില്‍ കുതിച്ചുയര്‍ന്ന വന്‍തിരമാലകള്‍ നക്കിയെടുത്തു കൊണ്ടു പോയി. 110 യാത്രക്കാരും 5 റെയില്‍വേ ജീവനക്കാരും ഉള്‍പ്പെടെ 115 മനുഷ്യരെയും വഹിച്ചു കൊണ്ട് ധനുഷ്‌ക്കോടിയിലേക്ക് വന്നു കൊണ്ടിരിക്കുകയായിരുന്നു പാമ്പന്‍-ധനുഷ്‌ക്കോടി പാസഞ്ചര്‍ ട്രെയിന്‍. ട്രെയിനിന്റെ ഇരമ്പലിനെ അതിജീവിച്ച് കൊടുങ്കാറ്റിന്റെ ഇരമ്പല്‍ കേട്ടു തുടങ്ങിയപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ പരിഭ്രാന്തി കൊണ്ട് താളം മുറുകിയ ഹൃദയവുമായി അതിനുള്ളിലിരുന്ന മനുഷ്യജീവിതങ്ങളെ ട്രെയിനോടു കൂടിത്തന്നെ വിഴുങ്ങിക്കളഞ്ഞു ഭ്രാന്തു പിടിച്ച കടല്‍. പാമ്പന്‍ പാലം കടല്‍ത്തിരകളുടെയും കൊടുങ്കാറ്റിന്റെയും ശക്തിയില്‍ തകര്‍ന്നു വീണു. ധനുഷ്‌ക്കോടിയെ നക്കിത്തുടച്ച് വെറും അവശിഷ്ടങ്ങളുടെ നാടാക്കി മാറ്റിയ ഭീഷണമായ ചുഴലിക്കാറ്റും കടല്‍ത്തിരകളും കോദണ്ഡരാമസ്വാമിക്ഷേത്രം തൊടാന്‍ മടിച്ചു. അതെ ധനുഷ്‌ക്കോടിയിലെ പ്രകൃതി ദുരന്തം അവശേഷിപ്പിച്ച ഒരേയൊരു കെട്ടിടം ഈ ക്ഷേത്രം മാത്രമായിരുന്നുവെന്നത് ധനുഷ്‌ക്കോടിയിലെ മറ്റൊരു അത്ഭുതം. 2014ല്‍ സുനാമി ഉണ്ടായ സമയത്ത് 500 മീറ്ററോളം കടല്‍ ഉള്‍വലിഞ്ഞപ്പോള്‍ നശിച്ചു പോയ ഈ പട്ടണത്തിന്റെ അവശിഷ്ടങ്ങള്‍ കടലില്‍ കണ്ടെത്തുകയുണ്ടായത്രെ.

ഇന്നും പുനര്‍നിര്‍മ്മിച്ചിട്ടില്ലാത്ത ഈ പട്ടണത്തെ മദ്രാസ് ഗവണ്‍മെന്റ് പ്രേതനഗരം എന്നു വിശേഷിപ്പിച്ചത് അന്വര്‍ത്ഥമെന്നു തോന്നുന്ന തരത്തിലായിരുന്നു അവിടത്തെ ദൃശ്യങ്ങള്‍. മേല്‍ക്കൂര മുഴുവന്‍ തകര്‍ന്ന് പകുതിയിടിഞ്ഞ ചുവരുകളുമായി നില്‍ക്കുന്ന പള്ളിയും, ഇടിഞ്ഞു കിടക്കുന്ന മറ്റു കെട്ടിടങ്ങളും തകര്‍ന്ന ടോയ്‌ലറ്റുകളും ഒക്കെയായി അവ ഇപ്പോഴും ദുരന്തത്തിന്റെ കഥകള്‍ മൂകമായി വിളിച്ചു പറയുന്നു.

തകര്‍ന്ന സെന്റ് ആന്റണീസ് പള്ളി

സര്‍വ്വനാശകാരിയായ പ്രകൃതിശക്തികളുടെ ഈ സംഹാരതാണ്ഡവം റിപ്പോര്‍ട്ട് ചെയ്യാന്‍ ധനുഷ്‌ക്കോടിയില്‍ തങ്ങിയ റേഡിയോ റിപ്പോര്‍ട്ടര്‍മാര്‍ ഒടുവില്‍ പ്രകൃതിക്ഷോഭത്തിനിരകളായി. എങ്കിലും മരണത്തെ മുഖാമുഖം കണ്ട് പാമ്പന്‍ പാലത്തിന്റെ അവശിഷ്ടങ്ങളില്‍ 12 മണിക്കൂര്‍ തൂങ്ങിക്കിടന്ന് അവര്‍ രക്ഷപ്പെട്ടുവത്രെ.

പകല്‍ അലങ്കാര വസ്തുക്കള്‍ വില്‍ക്കുകയും രാത്രി മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന അഹമ്മദ് എന്ന മനുഷ്യന്‍ ഇപ്പോഴും അപകടസാധ്യതയുള്ള ധനുഷ്‌ക്കോടിയിലെ അപൂര്‍വ്വം ജീവിതങ്ങളില്‍ ഒന്നു മാത്രം. ഒരു വശത്ത് പ്രകൃതി ഭംഗിയുടെ അനന്യവശ്യതയും ഇതിഹാസത്തിന്റെ പുണ്യവും പകരുന്ന ധനുഷ്‌ക്കോടി; മറുവശത്ത് സര്‍വ്വനാശത്തിന്റെ ദുരന്തപ്രതീകമാണ്. ഇവിടെ ഇപ്പോഴും അലസമായി വീശുന്ന കാറ്റ് ദശകങ്ങള്‍ക്കു മുന്നിലെ ആ ദുരന്തദിനത്തിന്റെ ഓര്‍മ്മകള്‍ മൂളുന്നു. ഇനിയും മറക്കാനാവാതെ.

Tags: രാമേശ്വരംപാമ്പന്‍ പാലംധനുഷ്‌കോടി
Share44TweetSendShare

Related Posts

ഓര്‍മ്മകളുണര്‍ത്തുന്ന കാന്തല്ലൂര്‍

ആത്മസുരഭിലങ്ങളായ ശില്പചാരുതയിലേക്ക്‌

സ്വപ്നശലഭങ്ങളുടെ സ്വര്‍ഗ്ഗഭൂമി

ക്ഷേത്രഗോപുരം

മാതൃഭാഷയുടെ ഗുണം (പൂര്‍ബ്ബശ്രീകള്‍ 8)

നേതാജിയും ഐഎന്‍എയും (പൂര്‍ബ്ബശ്രീകള്‍ 7)

മണിപ്പൂര്‍ വിശേഷങ്ങള്‍ (പൂര്‍ബ്ബശ്രീകള്‍ 6)

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies