മനുഷ്യന്റെ ജീവിതചക്രത്തെ സൂ ക്ഷ്മനിരീക്ഷണം നടത്തുകയും അതിനെ സംസ്‌കരിച്ച് മനുഷ്യനെ ഈശ്വരത്ത്വത്തിലേയ്ക്ക് ഉയര്‍ത്തുകയും ചെയ്യുന്നതാണ് സനാതനധര്‍മ്മം. പൂര്‍വ്വികരായ ഋഷീശ്വരന്മാര്‍ രൂപകല്പന ചെയ്തതും തലമുറകളായി ആചരിച്ചുവരുന്നതുമായ ഷോ ഡശ സംസ്‌കാരക്രിയകള്‍ അതിന്റെ ഭാഗമാണ്. സാധാരണ ജനനം മുതല്‍ മരണം വരെ എന്ന രീതിയിലാണ് ജീവിതചക്രത്തെ കാണുന്നത്. എന്നാല്‍ നമ്മുടെ പൂര്‍വ്വികര്‍ ജനനത്തിനുമുമ്പും മരണാനന്തരവുമായുള്ള സംസ്‌കാരക്രിയകളെ ചേര്‍ത്തു ജീവിതചക്രത്തെ ശാസ്ത്രീയമായി സംസ്‌കരിച്ചെടുത്തിരുന്നു. ഇടക്കാലത്ത് ഇതില്‍ നിന്നു പൊതുസമൂഹം അകന്നുപോയത് ഇന്നത്തെ സാംസ്‌കാരിക മാലിന്യപൂര്‍ണ്ണമായ ജീവിതത്തിനു നിദാനമായിട്ടുണ്ട്.
ഒരു വ്യക്തിയുടെ വ്യക്തിത്വം രൂപംകൊള്ളുന്നത് മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ നിന്നു തന്നെയാണെന്നു ഭൗതികശാസ്ത്രം സമ്മതിച്ചിട്ടുണ്ട്. ഹൈന്ദവാചാരമനുസരിച്ച് ജനനത്തിനു മുമ്പുതന്നെ ഗര്‍ഭാധാനം, പുംസവനം, സീമന്തം എന്നീ മൂന്നു സംസ്‌കാരക്രിയകളുണ്ട്. ഈ സംസ്‌കാര ക്രിയകള്‍ ഗര്‍ഭസ്ഥശിശുവിന്റെ ബുദ്ധിപരവും മാനസികവും ആത്മീയവുമായ വളര്‍ച്ച ലക്ഷ്യം വെച്ചുള്ളതാണ്. മറ്റു സംസ്‌കാരങ്ങളില്‍ നാമകരണം, വിദ്യാരംഭം, വിവാഹം, ഗാര്‍ഹസ്ഥ്യം എന്നിവയില്‍ ഒതുങ്ങിയിരിക്കയാണ് സമൂഹം. അന്ത്യേഷ്ടി കര്‍മ്മങ്ങള്‍ തന്നെ ഇല്ലാതായി വരുന്നു. പ്രാപഞ്ചിക ശക്തിയുടെ ഭാഗമായ ജീവാത്മാവ് ശരീരത്തില്‍ പ്രവേശിച്ച് മനുഷ്യ ജീവനായി രൂപപ്പെടുന്നതുമുതല്‍ അതു തിരിച്ച് പ്രപഞ്ചശക്തിയില്‍ ലയിക്കുന്നതുവരെയുള്ള പ്രക്രിയയെ ശാസ്ത്രീയമായി ക്രമീകരിക്കുന്ന ഷോഡശ ക്രിയകളെ കാലത്തിനനുസരിച്ച് നവീകരിച്ച് സമൂഹത്തിനു പ്രദാനം ചെയ്യുന്ന പ്രവൃത്തിയാണ് ശ്രേഷ്ഠാചാര സഭാ ആചാര്യന്‍ എം.ടി. വിശ്വനാഥന്‍ ചെയ്യുന്നത്. അതിന്റെ ഭാഗമാണ് അദ്ദേഹം രചിച്ച സംസ്‌കാരക്രിയകള്‍ – ഒരു പരിചയം എന്ന ലഘുഗ്രന്ഥം.