സോക്രട്ടീസിനെ പാശ്ചാത്യ തത്വചിന്തയുടെ പിതാവായി കണക്കാക്കുന്നു. അദ്ദേഹത്തിന്റേതായി ഒരു കൃതിയും കണ്ടുകിട്ടിയിട്ടില്ലെങ്കിലും ആ സ്ഥാനം അദ്ദേഹത്തിനു തന്നെ എല്ലാ ചിന്തകരും നല്‍കുന്നു. സോക്രട്ടീസും 40 സ്വേച്ഛാചാരികളും (tyrants) ചേര്‍ന്നാണ് ബിസി 404-403 കാലഘട്ടത്തില്‍ ഏഥന്‍സ് ഭരിച്ചതെന്നു പറയപ്പെടുന്നു. പ്രഭു വര്‍ഗ്ഗത്തിന്റെ ക്രൂരതകളെ സോക്രട്ടീസ് അംഗീകരിച്ചിരുന്നില്ല, എങ്കിലും ആലിഗാര്‍ക്കിയെ (oligarchy- പ്രഭു വര്‍ഗ്ഗ ജനാധിപത്യം) അനുകൂലിച്ചിരുന്ന വ്യക്തിയായിരുന്നു സോക്രട്ടീസ്. ജനാധിപത്യം വിദ്യാഭ്യാസമില്ലാത്ത സാധാരണക്കാരെക്കൂടി പങ്കെടുപ്പിച്ചാല്‍ മലിനമാകുമെന്ന് ആ ഗ്രീക്കു ചിന്തകന്‍ ശരിക്കും വിശ്വസിച്ചിരുന്നു. എങ്കിലും അതിന്റെ പേരില്‍ സോക്രട്ടീസിനെ ആരും അവമതിക്കുന്നില്ല. അതിനുകാരണം സ്വന്തം നിലപാടുകള്‍ക്കുവേണ്ടി അദ്ദേഹം നടത്തിയ സമരവും ത്യാഗവുമാണ്. മാപ്പു പറഞ്ഞിരുന്നുവെങ്കില്‍ മരണശിക്ഷയില്‍ നിന്നും രക്ഷപ്പെടാനാകുമായിരുന്നെങ്കിലും സധൈര്യം മരണം വരിക്കാന്‍ അദ്ദേഹം കാണിച്ച തന്റേടമാണ് ചരിത്രത്തില്‍ ഈ ഗ്രീക്കു ചിന്തകന് ഇടം നേടിക്കൊടുത്തത്.
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നിലപാടുകള്‍ എല്ലാം പുരോഗമനപരമൊന്നും ആയിരുന്നില്ല. സദാനന്ദസ്വാമികള്‍ കേരളത്തില്‍ പലയിടത്തും ഹരിജനങ്ങള്‍ക്കായി സ്‌കൂളുകള്‍ സ്ഥാപിച്ചതിനോട് സ്വദേശാഭിമാനിക്ക് വലിയ താല്പര്യം ഉണ്ടായിരുന്നില്ല. രാജാവ് സദാനന്ദസ്വാമികളെ പിന്താങ്ങുന്നതും സ്വാമികളുടെ അഭിപ്രായം മാനിച്ച് അയ്യങ്കാളിയെ പ്രജാസഭാ അംഗമാക്കിയതുമൊന്നും സ്വദേശാഭിമാനിക്ക് ഇഷ്ടപ്പെട്ടില്ല എന്നു ചിലര്‍ പറയുന്നുണ്ട്. എന്നിരിക്കിലും രാജാവിന്റെയും ദിവാന്റെയും പല നടപടികളിലും ധാര്‍മ്മികതയില്ല എന്നു തോന്നിയ സന്ദര്‍ഭങ്ങളില്‍ രാജസ്ഥാനത്തിനെതിരെ നിര്‍ഭയം എഴുതാന്‍ സ്വദേശാഭിമാനി തയ്യാറായി. അക്കാലത്ത് രാജസ്ഥാനത്തെ ചോദ്യം ചെയ്യാന്‍ ആരും തയ്യാറാകുമായിരുന്നില്ല. നാടുകടത്തപ്പെടും എന്നറിഞ്ഞിട്ടും മാപ്പു ചോദിക്കാനോ നിലപാടുകളില്‍ നിന്നും പിന്നാക്കം പോകാനോ അദ്ദേഹം തയ്യാറായില്ല. ആ മനോഭാവത്തോടുള്ള ബഹുമാനം കൊണ്ടാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ ഇന്നും വാഴ്ത്താന്‍ നമ്മള്‍ തയ്യാറാകുന്നത്.
പത്രപ്രവര്‍ത്തകര്‍ക്കും പ്രസിദ്ധീകരണശാല ഉടമകള്‍ക്കും അവശ്യം വേണ്ട ധാര്‍മ്മിക ഗുണങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് രാജ്യസ്‌നേഹം. സ്വദേശാഭിമാനിയെ സംബന്ധിച്ചിടത്തോളം രാജ്യം തിരുവിതാംകൂറായിരുന്നു. ഐക്യകേരളമോ വിശാല ഭാരതമോ അന്നുണ്ടായിരുന്നില്ല. ഇന്ന് കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്ന് പത്രപ്രവര്‍ത്തകരുടേയും പ്രസിദ്ധീകരണക്കാരുടേയും രാജ്യവിരുദ്ധതയും സത്യസന്ധതയില്ലായ്മയും ആണ്. നമ്മുടെ രാഷ്ട്രത്തോടോ സംസ്‌കാരത്തോടോ ഒരു പ്രതിബദ്ധതയും മലയാളികള്‍ക്കില്ല. സോക്രട്ടീസിന്റെ ആശയങ്ങള്‍ക്ക് ഇന്നു പ്രസക്തിയൊന്നുമില്ല. സ്വദേശാഭിമാനി പറഞ്ഞ നിലപാടുകളും പഴയതായിക്കഴിഞ്ഞു. എന്നാല്‍ രണ്ടുപേരും സ്വന്തം ആശയങ്ങള്‍ക്കുവേണ്ടി നടത്തിയ നിര്‍ഭയമായ പോരാട്ടം എന്നും ഓര്‍മ്മിക്കപ്പെടും. കേരളത്തിലും നിലപാടും രാജ്യസ്‌നേഹവും സംസ്‌കാര ബോധ്യവും ഉള്ള പ്രസിദ്ധീകരണങ്ങളും പത്രപ്രവര്‍ത്തകരും അത്യാവശ്യമാണ്. അത്തരം ശ്രമങ്ങള്‍ കേരളത്തിലിന്നു തീരെയില്ല. ഹിരണ്യ എന്ന പേരില്‍ കോഴിക്കോട് നിന്നിറങ്ങുന്ന മാസിക ആത്മീയവിഷയങ്ങള്‍ക്കു മുന്‍തൂക്കം കൊടുക്കുന്നതാണ്. എന്നിരിക്കിലും മേല്‍സൂചിപ്പിച്ച ധാര്‍മികതയെ ഉയര്‍ത്തിപ്പിടിക്കാന്‍ അവര്‍ നടത്തുന്ന ശ്രമത്തെ പ്രശംസിക്കാവുന്നതാണ്. ‘കല സംസാരിക്കേണ്ടത് മനുഷ്യത്വത്തിന്റെ ഭാഷ’ എന്ന പേരില്‍ ഹിരണ്യയുടെ മെയ് ലക്കത്തില്‍ അനാമിക എഴുതിയിരിക്കുന്ന ലേഖനം സമീപകാലത്തുണ്ടായ എമ്പുരാന്‍ വിവാദത്തോട് സത്യസന്ധമായി നടത്തുന്ന പ്രതികരണമാണ്. ഇത്തരം ലേഖനങ്ങള്‍ക്ക് ഇന്ന് കേരളത്തിലെ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളില്‍ ഇടം കിട്ടാന്‍ സാധ്യതയില്ല എന്ന ദുഃഖസത്യം നമ്മെയെല്ലാം അലട്ടുന്നു. സത്യത്തെ സമ്പൂര്‍ണമായി കുഴിച്ചുമൂടി അസത്യത്തിനു മുകളില്‍ അടയിരിക്കുന്ന കേരള സമൂഹത്തിന് ഒരുനാള്‍ തീര്‍ച്ചയായും പൊട്ടിത്തെറിക്കേണ്ടിവരും. കാരണം സത്യം വളരെ ശക്തിയുള്ളതാണ്.
ബാലചന്ദ്രന്‍ ചുള്ളിക്കാടിനുശേഷം കവികളില്ല എന്ന് ആവര്‍ത്തിച്ചെഴുതുന്നതിനെ ചിലര്‍ ചോദ്യംചെയ്യുന്നുണ്ട്. എങ്കിലും ഞാനത് ആവര്‍ത്തിക്കുന്നു. കാരണം തുടര്‍ച്ചയായി നല്ല കവിത എഴുതുന്നവരോ കൃത്യമായി ഒരു ശൈലി വികസിപ്പിച്ചെടുത്തവരോ ആയി ആരേയും ഇന്നത്തെ കവികളില്‍ കാണുന്നില്ല. ഒറ്റപ്പെട്ട ചില നല്ല കവിതകള്‍ കാണുന്നുണ്ട്. പക്ഷേ അവരാരും പിന്നെ നല്ല കവിതകളുമായി രംഗത്തു വരുന്നില്ല. എങ്കിലും പുതിയ കാലത്ത് ചില പൊടിപ്പുകള്‍ ശ്രദ്ധയില്‍ പെടുന്നുണ്ട്. ഷീജ വക്കം, കെ. രാജഗോപാല്‍ തുടങ്ങിയ ചിലര്‍ ചിലപ്പോഴെങ്കിലും നല്ല കവിതകളുമായി വന്ന് നമ്മെ കുറച്ചൊക്കെ ആനന്ദിപ്പിച്ചു കടന്നു പോകുന്നുണ്ട്. ഈ ലക്കം മാതൃഭൂമിയില്‍ കെ.രാജഗോപാലിന്റെ ‘വീട്ടിലൂണ്’ എന്നൊരു കവിതയുണ്ട്.
”ഓര്‍മ കുന്തളിക്കുന്ന നീര്‍നായ ഊളിയിട്ടകലേയ്ക്ക് പായുന്നോ? പണ്ടു മാണ്ടുറങ്ങുമ്പോള്‍ ചെവിയില്‍ വണ്ടുപെട്ടതുപോലെ മൂളുന്നോ.” തികച്ചും വൈയക്തികമായ ഒരനുഭവത്തെ കുറച്ചൊക്കെ തന്റേതുമാത്രമായ ചില ബിംബ കല്പനകളിലൂടെ കവി അവതരിപ്പിക്കുമ്പോള്‍ സവിശേഷമായ ഒരു കാവ്യ വഴി നമ്മുടെ മുന്‍പില്‍ തുറക്കുന്നു.
ശ്രീലങ്കയിലെ തമിഴ് പ്രശ്‌നം ഏതാണ്ടവസാനിച്ചിട്ടും ഇന്ത്യയില്‍ കഴിയുന്ന തമിഴ് അഭയാര്‍ത്ഥികളെ തിരിച്ചയക്കാനും അവര്‍ക്ക് മാന്യമായ പുനരധിവാസം നേടിക്കൊടുക്കാനും നമുക്ക് കഴിഞ്ഞിട്ടില്ല എന്നും ദക്ഷിണായനം എന്ന കുറിപ്പില്‍ അബുല്‍കലാം ആസാദ് മാതൃഭൂമിയില്‍ എഴുതുന്നു. അതില്‍ എത്രത്തോളം സത്യമുണ്ടെന്ന് അറിയില്ല. കേരളത്തിലും പലയിടത്തും തമിഴ് അഭയാര്‍ത്ഥികള്‍ ഇപ്പോഴുമുള്ളതായി ചിലര്‍ പറഞ്ഞറിയാം. കുളത്തൂര്‍പ്പുഴയ്ക്കടുത്ത് ഇത്തരം കുറെപ്പേര്‍ ഉള്ളതായി ഒരിക്കല്‍ പറഞ്ഞു കേട്ടു. ശ്രീലങ്കന്‍ തമിഴരുടെ ജന്മനാട് തമിഴകമല്ല ശ്രീലങ്കതന്നെയാണ്. സിംഹളരോ തമിഴരോ ആരാണ് അവിടുത്തെ ആദ്യ നിവാസികള്‍ എന്നതില്‍ ചില തര്‍ക്കങ്ങളൊക്കെയുണ്ട്. രാമരാവണ കഥയില്‍ പറയുന്ന ലങ്ക ഇന്നത്തെ ശ്രീലങ്ക തന്നെയാണെങ്കില്‍ തീര്‍ച്ചയായും ലങ്കയിലെ ആദ്യനിവാസികള്‍ തമിഴരായിരുന്നു. അശോകചക്രവര്‍ത്തിയുടെ കാലത്താണല്ലോ സിംഹളര്‍ ഒഡീഷയില്‍ നിന്നും മറ്റും അവിടെയെത്തുന്നതും ബുദ്ധമതം പ്രചരിപ്പിക്കുന്നതും. ഭാരതവുമായി ബന്ധമുള്ള ഹൈന്ദവ സംസ്‌കൃതിയുമായി ബന്ധമുള്ള ഒരു ജനത അവിടെ നേരത്തേയുണ്ടായിരുന്നു എന്നാണല്ലോ ശിവഭക്തനായിരുന്ന രാവണന്റെ ചരിത്രത്തില്‍ പറയുന്നത്. ഖരദൂഷണന്മാരുമായി രാമന്‍ ഏറ്റുമുട്ടുന്നതും അതിനുമുന്‍പ് ശൂര്‍പ്പണഖയുടെ ദര്‍പ്പം ശമിപ്പിക്കുന്നതുമെല്ലാം നടക്കുന്നത് ലങ്കയില്‍ വച്ചല്ല; ഭാരതത്തിനുള്ളില്‍ വച്ചാണ്. അപ്പോള്‍ ഭാരതത്തിന്റെ ഭാഗം തന്നെയായിരുന്നു അന്നത്തെ ലങ്കയും അവര്‍ സ്വാഭാവികമായും ഈ നാടുമായി ബന്ധപ്പെട്ടിരിക്കാനിടയുള്ളത് ഇന്നത്തെ തമിഴ്‌നാട് വഴിയല്ലാതെ വേറെ ഒരു മാര്‍ഗ്ഗവും ഇല്ലല്ലോ. അങ്ങനെയാണെങ്കില്‍ ശ്രീലങ്കയിലെ ആദിമവാസികള്‍ തമിഴര്‍ ആയിരിക്കാനേ സാധ്യതയുള്ളൂ. അങ്ങനെയുള്ള തമിഴര്‍ ലങ്കയില്‍ വിവേചനം നേരിട്ടതും പുറത്താക്കപ്പെട്ടതുമൊന്നും ക്ഷന്തവ്യമല്ല. ഭാരതത്തില്‍ ശേഷിക്കുന്ന തമിഴരെക്കൂടി ശ്രീലങ്കയെക്കൊണ്ട് തിരിച്ച് ഏറ്റെടുപ്പിക്കേണ്ടതുതന്നെ. പൊതുവെ ജനസംഖ്യകൊണ്ടു പൊറുതിമുട്ടുന്ന ഭാരതം എല്ലായിടത്തുനിന്നുമുള്ള അഭയാര്‍ത്ഥികളെ ചുമക്കേണ്ട കാര്യമില്ല.
ശ്രീലങ്കയില്‍ നിന്നു വന്ന ഒരു അഭയാര്‍ത്ഥിയുടെ മകനാണല്ലോ ഇപ്പോള്‍ കേരളത്തില്‍ കറുത്തവരും വെളുത്തവരും തമ്മില്‍ തല്ലണമെന്ന് പാട്ടും പാടി നടക്കുന്നത്. ഒരുകൂട്ടം രാജ്യവിരുദ്ധര്‍ ആഗ്രഹിക്കുന്നതുപോലെ കറുത്തവരും വെളുത്തവരും എന്ന രീതിയിലുള്ള ഒരു വിടവ് ഭാരതത്തില്‍ സൃഷ്ടിച്ചെടുക്കാന്‍ കഴിയുമോ? അതുവെറും ദിവാസ്വപ്‌നമാണ്. കാരണം അമേരിക്കയിലുള്ളതുപോലെ പ്രകടമായ കറുപ്പും വെളുപ്പും ഇന്ത്യയിലില്ല. വെള്ളക്കാരനെപ്പോലെ വെളുത്ത ഒരു ഭൂരിപക്ഷ ജനത ഇവിടെയില്ല. നീഗ്രോകളെപ്പോലെ കറുത്ത ഒരു ന്യൂനപക്ഷവുമില്ല. നമ്മള്‍ ഭാരതീയര്‍ പൊതുവെ ഇരുനിറക്കാരാണ്. അതില്‍ ചിലര്‍ക്ക് അല്പം വെളുപ്പ് കൂടുതലോ ചിലര്‍ക്ക് അല്പം കറുപ്പു കൂടുതലോ ഉണ്ടാകാം. അതില്‍ ജാതിവ്യത്യാസമൊന്നുമില്ല. ബ്രാഹ്മണരുടെയിടയില്‍ പോലും കറുത്തവരുണ്ട്. മറ്റെല്ലാ ജാതിക്കാരും താരതമ്യേന കറുത്തവരാണുതാനും. ഇവിടെ കറുപ്പിനെ ആരും താഴ്ത്തി കാണുന്നില്ല. വെളുപ്പിനെ ആരും മഹത്വവല്‍ക്കരിക്കുന്നുമില്ല. എന്നിട്ടും കറുപ്പും വെളുപ്പും പറഞ്ഞ് ഹിന്ദുക്കളെ തമ്മിലടിപ്പിക്കാന്‍ ബോധപൂര്‍വ്വമുള്ള ശ്രമം നടക്കുന്നു. അതു യാദൃച്ഛികമല്ലെന്നും വളരെ ആസൂത്രണം ചെയ്തു നടപ്പാക്കുന്ന ഒരു പദ്ധതിയാണെന്നും മനസ്സിലാക്കാന്‍ ഇത്തവണത്തെ സാഹിത്യ അക്കാദമി പ്രസിദ്ധീകരണമായ സാഹിത്യചക്രവാളം വായിച്ചാല്‍ മനസ്സിലാകും.
ഒരു നല്ല കവിയാണെങ്കിലും രാജ്യവിരുദ്ധമായ എല്ലാത്തിനും ഒത്താശ പാടുന്ന സച്ചിദാനന്ദന്‍ ആ പതിപ്പില്‍ ഒരു കവിത തര്‍ജ്ജമ ചെയ്തു ചേര്‍ത്തിട്ടുണ്ട്. ‘ഞാന്‍ കറുത്തവള്‍’ എന്ന കാമില്‍ എലിസബത്തിന്റെ കവിത. പണ്ടുകാലത്ത് നിറത്തിന്റെ പേരില്‍ വെള്ളക്കാര്‍ ഇന്ത്യക്കാര്‍ക്കും ആഫ്രിക്കക്കാര്‍ക്കും വിവേചനം ഏര്‍പ്പെടുത്തിയിരുന്നു. അക്കാലം പോയി മറഞ്ഞെങ്കിലും ചില വെള്ളക്കാര്‍ അതൊക്കെ തിരിച്ചുവരണം എന്നാഗ്രഹിക്കുന്നുണ്ടാവാം. എന്നാലാരും അതിന്റെ പേരിലിപ്പോള്‍ കവിതയുമെഴുതി നടക്കുന്നില്ല. വെളുപ്പിന്റെ മാഹാത്മ്യത്തെക്കുറിച്ച് ആരും കവിതയെഴുതിയതായി എവിടേയും കണ്ടിട്ടില്ല. അതുപോലെ നിന്ദ്യമാണ് കറുപ്പിന്റെ മാഹാത്മ്യത്തെക്കുറിച്ച് എഴുതുന്നതും. കറുത്ത ആഫ്രിക്കക്കാരെക്കാളും കഷ്ടമാണല്ലോ ഉയരം കുറഞ്ഞ ചൈനക്കാരന്റെയും ജപ്പാന്‍കാരന്റെയുമൊക്കെ സ്ഥിതി. ഉയരക്കുറവിന്റെ പേരില്‍ ‘ആളു ജപ്പാനാണെന്ന്’ ഒരു പ്രവാദം തന്നെ ഒരു കാലത്തുണ്ടായിരുന്നു. എന്നാല്‍ ഏതെങ്കിലും ജപ്പാന്‍കാരന്‍ തന്റെ ഉയരക്കുറവിനെക്കുറിച്ച് കവിതയെഴുതി നടക്കുന്നില്ല. അവര്‍ പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത് ലോകത്ത് ഒന്നാം സ്ഥാനം പിടിക്കാനാണ് ശ്രമിക്കുന്നത്. ഇന്ത്യക്കാരുടെ നിറത്തെ മൊത്തത്തില്‍ ‘കളേഡ്‌സ്’ (coloureds) എന്നു വിളിച്ച് ആക്ഷേപിക്കാനാണ് പണ്ട് സായിപ്പു ശ്രമിച്ചിട്ടുള്ളത്. മൊത്തത്തില്‍ ‘കളേഡ്‌സ്’ ആയ നമ്മളുടെയിടയില്‍ വീണ്ടും വെളുപ്പും കറുപ്പും ചികഞ്ഞെടുക്കുന്ന സാമൂഹ്യദ്രോഹികളെ ഒറ്റപ്പെടുത്തണം. വെളുപ്പിന്റെ പേരിലുള്ള വീമ്പു പറച്ചില്‍ പോലെ തന്നെയാണ് കറുപ്പിന്റെ പേരിലുള്ള പരിദേവനങ്ങളും. രണ്ടിനേയും സമ്പൂര്‍ണ്ണമായി ഒറ്റപ്പെടുത്തേണ്ടതുതന്നെ. ഇത്തരക്കാരെ സമൂഹദ്രോഹികളായി കാണണം. കറുപ്പിനുവേണ്ടി ഒരു പതിപ്പിറക്കിയ സാഹിത്യ അക്കാദമിയുടെ ഭാരവാഹികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് ശിക്ഷിക്കേണ്ടിയിരിക്കുന്നു. ബോധപൂര്‍വ്വം സമൂഹത്തില്‍ കലാപം സൃഷ്ടിക്കാനുള്ള അവരുടെ ശ്രമങ്ങളെ കണ്ടില്ലെന്ന് നടിക്കാന്‍ പാടില്ല. പച്ചക്കുതിര തുടങ്ങിയ പ്രസിദ്ധീകരണക്കാര്‍ കുറെക്കാലമായി തുടര്‍ന്നു വരുന്നതാണ് ഈ സമീപനം. ആ വഴിയിലാണ് സാഹിത്യചക്രവാളത്തിന്റെ ഈ ലക്കവും സഞ്ചരിക്കുന്നത്. മുന്‍ ചീഫ് സെക്രട്ടറിയായിരുന്ന ശാരദ മുരളീധരന്റ ഒരു അഭിമുഖവും ഇതിലേയ്ക്കായി കൊടുത്തിട്ടുണ്ട്. ഏതാണ്ടസ്തമിച്ചു കഴിഞ്ഞിരിക്കുന്ന ജാതിയെ കൂടുതല്‍ രൂക്ഷമാക്കി തിരിച്ചു കൊണ്ടുവരാന്‍ നടത്തുന്ന ശ്രമങ്ങളെ മുളയിലേ നുള്ളേണ്ടിയിരിക്കുന്നു. മേല്‍ജാതിക്കാര്‍ എന്നു പറയപ്പെടുന്നവരുടെ ജാതി വെറി മാത്രമല്ല കുറ്റകരം കീഴ്ജാതിക്കാര്‍ എന്നു പറഞ്ഞു നടക്കുന്നവരുടെ ജാതി വെറിയും കുറ്റകരം തന്നെയാണ്. ജാതിസ്പര്‍ദ്ധ വളര്‍ത്താന്‍ ആരു ശ്രമിച്ചാലും അവര്‍ ഒറ്റപ്പെടുത്തപ്പെടേണ്ടതു തന്നെയാണ്.
കേരളത്തില്‍ ജനിച്ച് കേരളത്തില്‍ ജീവിക്കുന്ന ഒരാള്‍ക്ക് ഒരു സന്ദേശം മലയാളത്തില്‍ അയച്ചപ്പോള്‍ തനിക്കു മലയാളം അറിയില്ലെന്നും ദയവായി ഇംഗ്ലീഷില്‍ അയയ്ക്കാമോ എന്നും ഈ ലേഖകനോടു ചോദിച്ചു. അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. വല്ല മറുനാടന്‍ മലയാളിയുമായിരിക്കും എന്നാണ് ആദ്യം കരുതിയത്. പക്ഷേ അല്ല. അവര്‍ തികച്ചും മലയാളി തന്നെ. തീരെ മലയാളം പഠിച്ചിട്ടില്ല. അതുകൊണ്ടുതന്നെ മലയാള സന്ദേശങ്ങള്‍ വായിക്കാന്‍ ബുദ്ധിമുട്ടാണത്രേ! ഇത്രയും കഷ്ടപ്പെട്ട് ഇംഗ്ലീഷ് പഠിച്ച ആ വ്യക്തി ചെയ്യുന്ന ജോലിയോ? ഒരു സ്വകാര്യ പണമിടപാടു സ്ഥാപനത്തില്‍ തുച്ഛമായ വേതനം പറ്റുന്ന പണി. സ്വന്തം മാതൃഭാഷയെ മറന്ന് കഷ്ടപ്പെട്ട് ഇംഗ്ലീഷ് പഠിച്ചു കൂട്ടിയിട്ട് എന്തുപ്രയോജനമുണ്ടായി? ഒരു ചെറു ന്യൂനപക്ഷത്തിന് കാനഡയിലും അമേരിക്കയിലും ഇംഗ്ലണ്ട്, ന്യൂസിലാന്റ്, ആസ്‌ട്രേലിയ എന്നിവിടങ്ങളിലും ജോലി തോടിപ്പോകാന്‍ വേണ്ടി എല്ലാ മലയാളികളും ഒന്നാം ക്ലാസു മുതല്‍ ഇംഗ്ലീഷ് പഠിക്കേണ്ടതുണ്ടോ? ജര്‍മ്മനിയിലേയ്ക്കും മറ്റും തൊഴില്‍ തേടിപ്പോകുന്നവര്‍ ചെയ്യുന്നതുപോലെ താല്‍ക്കാലിക സ്‌പോക്കണ്‍ ഇംഗ്ലീഷ് കോഴ്‌സ് മാത്രം പഠിച്ചാല്‍ പോരേ! അപമാനകരമായ ഈ ഇംഗ്ലീഷ് മീഡിയം പഠനം മലയാളി അവസാനിപ്പിക്കേണ്ട സമയമായിരിക്കുന്നു. വിദേശ രാജ്യങ്ങളെ ആശ്രയിച്ച് ജീവിക്കാമെന്ന വ്യാമോഹത്തിന് അധികകാലം ആയുസില്ലെന്നു നമ്മള്‍ തിരിച്ചറിയണം. മലയാളം വാരികയില്‍ ‘ഭാഷ നഷ്ടമാകുന്ന കേരളം’ (ജൂണ്‍ 9) എന്ന പേരില്‍ സെബാസ്റ്റ്യന്‍ പോള്‍ എഴുതിയിരിക്കുന്ന ലേഖനം ആരംഭിക്കുന്നത് ‘മലയാളമില്ലാത്ത മലയാളി വര്‍ത്തമാനവും ഭാവിയും ഇല്ലാത്ത വികൃത ജീവിയായിരിക്കും’ എന്ന വാക്യത്തോടെയാണ്. ഈ ഇംഗ്ലീഷ് മീഡിയങ്ങള്‍ അടച്ചു പൂട്ടേണ്ട സമയമായിരിക്കുന്നു.