സര്‍ സി.പി.സത്യവും മിഥ്യയും
കെ.രാമന്‍പിള്ള
കുരുക്ഷേത്ര പ്രകാശന്‍, കൊച്ചി
പേജ്: 72 വില: 120 രൂപ.
സര്‍ സി.പി.യെന്ന് പൊതുവെ അറിയപ്പെടുന്ന തിരുവിതാംകൂര്‍ ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യര്‍ തന്റെ ഔദ്യോഗിക ജീവിതത്തിലും തുടര്‍ന്നും ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയനായ ഒരു ഭരണകര്‍ത്താവായിരുന്നു. എന്നാല്‍ ദിവാനെക്കുറിച്ച് പൊതുവെ പ്രചരിക്കുന്ന ചില വിവരങ്ങള്‍ തലമുറകള്‍ക്കുപോലും പൊറുക്കാനാവാത്ത ദ്രോഹമാണെന്ന യാഥാര്‍ത്ഥ്യം ബോദ്ധ്യപ്പെടുത്തുകയാണ് ‘സര്‍ സി.പി. സത്യവും മിഥ്യയും’ എന്ന പുസ്തക രചനയിലൂടെ കെ.രാമന്‍ പിള്ള ചെയ്തിരിക്കുന്നത്. പൊതുഭരണമേഖലയിലാണെങ്കിലും സാമ്പത്തിക രംഗത്താണെങ്കിലും അവിസ്മരണീയമായ ഭരണകാലമായിരുന്നു സര്‍ സി.പിയുടേത്. ഒപ്പം ഏതാനും രാഷ്ട്രീയ പ്രസ്ഥാനങ്ങളും പ്രക്ഷോഭങ്ങളും വഹിച്ച നിര്‍ണ്ണായകമായ പങ്കുകളെപ്പറ്റി വിശദമായ വിവരണങ്ങളും ഈ പുസ്തകത്തെ ഏറെ ആധികാരികമാക്കുന്നുണ്ട്.
ദീര്‍ഘവീക്ഷണമുള്ള, സമര്‍ത്ഥനും നീതിമാനുമായ ദിവാനായിരുന്നു സര്‍ സി.പിയെന്ന് നിഷ്പക്ഷമായി അദ്ദേഹത്തെ വിലയിരുത്തുന്നവര്‍ക്ക് ബോദ്ധ്യമാവും. കേരളത്തിലെ ഹൈന്ദവ സമുദായത്തെ വിഘടിപ്പിച്ചിരുന്ന ചില അനാചാരങ്ങള്‍ക്കെതിരെയുണ്ടായ തിരുവിതാംകൂറിലെ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പിന്നിലെ ബുദ്ധി സര്‍ സി.പിയുടേതായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. പ്രലോഭനത്തിനു വിധേയമായി മതം മാറുന്ന ഹിന്ദുക്കള്‍ക്ക് മടങ്ങിവരാന്‍ ഉള്ള സൗകര്യമൊരുക്കുന്നതിനു വേണ്ടികൂടിയുള്ള കേരള ഹിന്ദുമിഷന്‍ എന്ന സംഘടനയുടെ രൂപീകരണത്തിനു പിന്നിലും സര്‍ സിപിയുടെ ക്രാന്തദര്‍ശിത്വമായിരുന്നുവെന്നു കാണാം. സര്‍ സി.പി. ആരംഭിച്ച വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണപദ്ധതി, ശൈശവവിവാഹ നിയന്ത്രണ നിയമം, ആരോഗ്യരംഗം, സര്‍വ്വകലാശാല എന്നിവയൊക്കെ പുതു തലമുറയ്ക്ക് വര്‍ത്തമാനകാലത്തും ഏറെ ആശ്വാസമരുളുന്നു. ജാതി-മതഭേദം നോക്കാതെ കഴിവുമാത്രം പരിഗണിച്ച് ഭരണകര്‍ത്താക്കളെ തിരഞ്ഞെടുക്കുന്നതിന് അഖിലേന്ത്യാ സര്‍വ്വീസിനു സമാന്തരമായി തിരുവിതാംകൂര്‍ സിവില്‍ സര്‍വ്വീസ് എന്ന സംവിധാനം നടപ്പാക്കുകയുണ്ടായി. ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ഒരു തീരുമാനമായിരുന്നു അഴിമതി വിമുക്ത ഭരണം പ്രവാര്‍ത്തികമാക്കുകയെന്നത്. കാര്‍ഷിക രാജ്യമായ തിരുവിതാംകൂറിനെ വ്യവസായവല്‍കൃത രാജ്യമാക്കാനുള്ള നടപടികളുടെ ഭാഗമായി നിരവധി വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുകയുണ്ടായി. ഇതുവഴി തൊഴിലും സാമ്പത്തിക വളര്‍ച്ചയും നേടാനായി. റോഡ്-ജല-വ്യോമ ഗതാഗത രംഗത്തെ പുരോഗതി ഏറെ ശ്രദ്ധപിടിച്ചുപറ്റിയ ഒന്നായിരുന്നു. ക്രമസമാധാനപാലനം, രാജ്യരക്ഷ, നിയമനീതി നിര്‍വ്വഹണം, വിദ്യാഭ്യാസം തുടങ്ങിയ പ്രധാനകാര്യങ്ങളില്‍ സ്തുത്യര്‍ഹമായ പദ്ധതികളാണ് സര്‍ സിപി നടപ്പാക്കിയത്.
ഇന്നും ഏറെ വിവാദമായ മുല്ലപ്പെരിയാര്‍, വിഴിഞ്ഞം തുറമുഖം തുടങ്ങിയ കാര്യങ്ങളില്‍ സര്‍ സി.പി കൈക്കൊണ്ട നിഷ്പക്ഷവും പൊതുതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതുമായ തീരുമാനങ്ങള്‍ അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തിന്റെയും ഉദ്ദേശ്യശുദ്ധിയുടെയും ഏറ്റവും വലിയ തെളിവാണ്. എന്നിട്ടും പരദേശിയായ കിരാതനെന്ന ദുഷ്‌പ്പേര് അദ്ദേഹത്തിന് ചില കുത്സിത ബുദ്ധികള്‍ ചാര്‍ത്തിക്കൊടുക്കുകയാണുണ്ടായത്. അതിനു പിന്നില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അധികാരമോഹവും മറ്റു രാഷ്ട്രീയ കക്ഷികളുടെ സ്വര്‍ത്ഥ താല്‍പ്പര്യങ്ങളും ചില സംഘടിത മത സംഘടനകളുമൊക്കെയായിരുന്നുവെന്ന് ചരിത്രരേഖകളുടെ സാക്ഷ്യപ്പെടുത്തലുകള്‍ അക്കമിട്ട് നിരത്തുന്നുണ്ട് ഗ്രന്ഥകര്‍ത്താവ് ഈ പുസ്തകത്തില്‍. ഇതിന്റെ അവതാരികയില്‍ പ്രൊഫ.ടി.പി. ശങ്കരന്‍കുട്ടിനായര്‍ അഭിപ്രായപ്പെട്ടതുപോലെ ഈ പുസ്തകം സര്‍ സി.പി.യെക്കുറിച്ചുള്ള പുനരാലോചനകള്‍ക്ക് വഴിതെളിക്കും എന്ന കാര്യത്തില്‍ സംശയമില്ല.
കഴുകന്‍ (നോവല്‍)
പ്രകാശന്‍ ചുനങ്ങാട്
ഗ്രീന്‍ ബുക്‌സ്
പേജ്:120 വില: 180
നാട്ടിന്‍പുറത്തെ ഒറ്റപ്പെട്ട പറമ്പുകളിലെ കൊക്കരണികള്‍ക്ക് പല ജീവിതങ്ങളുടെയും കഥ പറയാറുണ്ടാവും. അതില്‍ വീണ് സ്വന്തം ജീവിതം അവസാനിച്ചു പോയവരുടെ തേങ്ങലിന്റെ കഥ, വിശ്വസിപ്പിച്ച് ചേര്‍ന്നു നിന്നവര്‍ വിശ്വാസവഞ്ചന കാട്ടി കൊക്കരണിയിലേക്ക് തള്ളിയിട്ടതിന്റെ കഥ. ഇത്തരമൊരു കഥ ഹൃദയസ്പൃക്കായി അവതരിപ്പിച്ചിരിക്കുകയാണ് പ്രകാശന്‍ ചുനങ്ങാട് കഴുകന്‍ എന്ന നോവലിലൂടെ. മുത്തശ്ശി പറഞ്ഞു കൊടുത്ത, കൊക്കരണിയില്‍ ശവം പൊന്തിയ ഇട്ടിച്ചിരി എന്ന പാവം പെണ്‍കുട്ടിയുടെ ഗതികിട്ടാത്ത ആത്മാവിനെ നോവലിസ്റ്റ് കടലാസിലേക്ക് ആവാഹിച്ചിരുത്തിയപ്പോള്‍ ഈ നോവല്‍ ജന്മമെടുത്തു. പിതൃലോകത്തേക്ക് കടക്കാന്‍ പ്രവേശനം നിഷേധിക്കപ്പെട്ട ഇട്ടിച്ചിരിയുടെ ആത്മാവ് ഭൂമിയിലേക്ക് തിരിച്ചുവന്ന് തന്നെ ചതിച്ച് കൊക്കരണിയിലേക്ക് തള്ളിയവനോട് പ്രതികാരം ചെയ്യുന്നു. തന്റെ ധര്‍മ്മം നിര്‍വ്വഹിച്ച ശേഷം അമ്മയുടെ അരികില്‍ കാക്കയായി ചെന്ന് നാക്കിലയില്‍ വെച്ചു തന്ന ചോറ് തിന്ന് തെക്കോട്ട് പറന്നു പോകുന്നു ആ ആത്മാവ്. വളരെ സരസമായി വിവരിച്ചുപോകുന്നതാണ് പ്രകാശന്‍ ചുനങ്ങാടിന്റെ രീതി. അതുകൊണ്ടു തന്നെ ഒറ്റയിരിപ്പില്‍ വായിച്ചു തീര്‍ക്കാന്‍ തോന്നിക്കുന്നതാണ് അദ്ദേഹത്തിന്റെ നോവലുകളും കഥകളും. ആ ആഖ്യാനരീതിയ്ക്ക് ഒട്ടും കോട്ടം സംഭവിച്ചിട്ടില്ല ഈ നോവലിലും.