നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പോടെ സാക്ഷര കേരളം ഇപ്പോള്‍ പുത്തന്‍ ഇസങ്ങളുടെ നാടായി മാറിയിരിക്കുന്നു. കാപ്പിറ്റലിസവും സോഷ്യലിസവും കമ്മ്യൂണിസവും മാര്‍ക്സിസവുമൊക്കെ പഴഞ്ചനായ സ്ഥിതിക്ക് നവകേരള സൃഷ്ടിക്ക് പുതിയ ഇസം വേണമല്ലോ. അതിനായി മുഖ്യന്റെ സ്തുതിപാഠക സംഘം കാരണഭൂതവിശേഷണമായി ഏറ്റെടുത്ത പേരാണ് പിണറായിസം. നിലമ്പൂരിലെ മാര്‍ക്സിസ്റ്റ് സ്ഥാനാര്‍ത്ഥി സ്വരാജ് തന്നെ ഇക്കാര്യം സിദ്ധാന്തിച്ച സ്ഥിതിക്ക് പത്താം വര്‍ഷത്തെ ഡോക്യുമെന്ററിയുടെ തീം അതാകാം. എന്നാല്‍ പിണറായിസത്തിന്റെ പിതൃത്വം തന്റേതാണെന്ന് തെളിയിക്കാന്‍ ഏതു ഡി.എന്‍.എ ടെസ്റ്റിനും തയ്യാറായി നില്‍ക്കുകയാണ് പി.വി.അന്‍വര്‍. അഴിമതി, സ്വര്‍ണ്ണക്കടത്ത്, ധൂര്‍ത്ത്, മരുമകന് ഭരണം തുടങ്ങി പിണറായിസത്തിന്റെ സവിശേഷതകള്‍ എണ്ണിയെണ്ണി പറയുമ്പോള്‍ ഏഴുവര്‍ഷം കൂടെ നിന്ന അന്‍വറിന് ആയിരം നാവാണ്. ചാനല്‍ അവതാരകന് ഷാജന് സ്കറിയ അവകാശപ്പെടുന്നത് പിണറായിസം തന്റെ സംഭാവനയാണെന്നാണ്. എന്തായാലും മാര്‍ക്സിസത്തിനും കമ്മ്യൂണിസത്തിനും ഉയരത്തില്‍ കിടക്കുന്ന പിണറായിസത്തിനു മീതെ ഒരു പരുന്തും പറക്കില്ല.
ഇതിന് നേരെ മറിച്ചാണ് സതീശനിസത്തിന്റെ കഥ. വാതില്‍ കൊട്ടിയടച്ച് മുഷ്ക് കാണിക്കുന്ന പ്രതിപക്ഷനേതാവിന്റെ സ്വഭാവത്തിനാണ് അന്‍വര്‍ സതീശനിസമെന്നു പേരിട്ടത്. അതിന്റെ പിതൃത്വം ഏല്ക്കാന് കോണ്‍ഗ്രസ്സുകാരും സതീശന്റെ അണികളും ജാള്യത കാട്ടുമ്പോള്‍ വിജയന് സഖാവിനെപ്പോലും കടത്തിവെട്ടി സതീശന് തന്നെ അതിന്റെ പിതൃത്വം ഏറ്റെടുത്തിരിക്കയാണ്. ഈ പ്രയോഗം കൊണ്ട് തനിക്ക് പ്രശസ്തി കിട്ടി എന്നും നല്ല എയര്‍ സ്പെയ്സ് കിട്ടിയെന്നും അവകാശപ്പെടുന്ന അദ്ദേഹം സ്വന്തം മുഷ്കിനെയാണ് കിരീടമാക്കിയത്. പി.വി. അന്‍വര്‍ എന്ന ഭരണമുന്നണിക്കും പ്രതിപക്ഷ മുന്നണിക്കും മെരുങ്ങാത്ത ഭസ്മാസുരനെ സൃഷ്ടിച്ചെടുത്തത് വിജയന് സഖാവും സതീശനും കൂടിയല്ലേ? പിണറായിസവും സതീശനിസവും ചേര്‍ന്ന് കേരളത്തിലെ മുസ്ലിം പ്രീണന രാഷ്ട്രീയത്തില്‍ ഉല്പാദിപ്പിച്ചതാണ് അന്‍വറിസം.