- ഇഷ്ടമില്ലാത്ത യാത്ര (ഹാറ്റാചുപ്പായുടെ മായാലോകം 1)
- ശരിക്കും കാട് (ഹാറ്റാചുപ്പായുടെ മായാലോകം 2)
- രുചിയുള്ള വീട് (ഹാറ്റാചുപ്പായുടെ മായാലോകം 3)
- പുതിയ പാഠങ്ങള്‍ (ഹാറ്റാചുപ്പായുടെ മായാലോകം 8)
- എല്ലാവര്‍ക്കുമുള്ളത് (ഹാറ്റാചുപ്പായുടെ മായാലോകം 4)
- മരക്കൊമ്പുകളും കൊമ്പനാനയും (ഹാറ്റാചുപ്പായുടെ മായാലോകം 5)
- പേടി മാറാനൊരുമ്മ (ഹാറ്റാചുപ്പായുടെ മായാലോകം 6)
ദേവു പേടിച്ചു മിണ്ടാനാവാതെ നിന്നുപോയി! സത്യത്തില്‍ ശ്വാസം വിടാന്‍ പോലുമാവാതെയാണവള്‍ നിന്നത്. പക്ഷേ മമ്മയുടെ ധൈര്യം കണ്ടപ്പോഴാണവള്‍ ശരിക്കും ഞെട്ടിപ്പോയത്. നിലത്തു കൂടി ഇഴഞ്ഞു നീങ്ങിച്ചെന്ന്, തൂണിനു മറഞ്ഞു നിന്നുകൊണ്ട് നീളന്‍ വടി വീശിയൊരടി കൊടുത്തു മുഖംമൂടിക്കാരന്! അടിയുടെ ശക്തിയില്‍ അയാളുടെ കയ്യിലിരുന്ന ആയുധം താഴെ വീണുപോയി. അയാളതു കുനിഞ്ഞെടുക്കാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും വീണ്ടും പൊതിരെ അടി വീണുകൊണ്ടിരുന്നു, അയാളുടെ മുഖത്തും പുറത്തും തലയിലും കാലിലുമെല്ലാം. അയാള്‍ മമ്മയുടെ കഴുത്തില്‍ പിടിക്കാനായി കൈ നീട്ടിയതും, മമ്മ ഒരൊറ്റച്ചാട്ടത്തിന് അയാളുടെ കൈകള്‍ പിടിച്ചു തിരിച്ച് പുറകിലേയ്ക്ക് പിണച്ചുവെച്ചതും ഒരേ സമയത്തായിരുന്നു! പോരെങ്കില്‍ തന്റെ വലതുകാല്‍ കൊണ്ട് അയാളുടെ കാലിലൊരു തൊഴികൊടുക്കുകയും ചെയ്തു മമ്മ. ആ തൊഴിയുടെ ബലത്തിലയാള്‍ നിലത്തു വീണു. ഉടന്‍ തന്നെ മമ്മ അയാളുടെ കാലുകളും തമ്മില്‍ പിണച്ച് അയാള്‍ക്ക് അനങ്ങാന്‍ വയ്യാത്ത നിലയിലാക്കി.
മമ്മ അയാളുടെയടുത്തു ചെന്നു കുനിഞ്ഞിരുന്നു. തന്റെ കൈകൊണ്ട് അയാളുടെ മുടിയില്‍ പിടിച്ച് മുഖമുയര്‍ത്തിയിട്ട് മമ്മ ചോദിച്ചു: ”ന്താടാ നിന്റെ പേര്?” അയാളൊന്നും മിണ്ടിയില്ല. ഇളം തിണ്ണയില്‍ മമ്മ ചുരുട്ടി വെച്ചിരുന്ന വലിയൊരു കയര്‍ച്ചുരുളെടുത്തു കൊണ്ടുവന്ന് അയാളെ കയ്യിലും കാലിലും കെട്ടി. മറ്റേയറ്റം വരാന്തയിലെ തൂണിന്റെ ചുവട്ടിലും കെട്ടുന്നതിനിടയില്‍ മമ്മ പറഞ്ഞു: ”അല്ല, നെനക്കിന്യെന്തിനാ വേറെ പേര്? ഇനി മൊതല് നെന്റെ പേര് കള്ളന്‍ ന്നാ”. അയാളുടെ മുഖം വടിയറ്റം കൊണ്ടുയര്‍ത്തിയിട്ട് മമ്മ പറഞ്ഞു: ”ടാ ഞാന്‍ നിന്നെ കള്ളാന്നു തന്നെ വിളിക്കാം. പിന്നെ പോലീസിലേല്പിക്കണോ, ഞാന്‍ തന്നെ നിന്നെ തല്ലിച്ചതയ്ക്കണോ? ഏതാ നിനക്കു വേണ്ടത്?”
കള്ളന്‍ കുനിഞ്ഞ മുഖത്തോടെ പറഞ്ഞു. ”രണ്ടും വേണ്ട. ന്നെ വെറുതെ വിടണം. ഞാനിനി ഇപ്പണി ചെയ്യൂല്ല.”
”ഓഹോ!” മമ്മ ചിരിച്ചു. ‘ടാ കള്ളാ, ന്റെ വീട്ടില് പൊന്നും പണ്ടോ പണോം ഒന്നൂല്ല, നെല്ലും അരീം തേങ്ങേമൊക്കെയേയൊള്ളു. അത് നീയെടുത്തോ വെശന്നിട്ടാണെങ്കില്. പക്ഷേ, ഇപ്പഴല്ല നാളെ പകല്. മനസ്സിലായോടാ?”
മമ്മ അയാളെ കെട്ടഴിച്ചുവിട്ടു. അയാള്‍ മമ്മയുടെ കാലില്‍ തൊട്ടു മാപ്പു പറഞ്ഞിട്ടാണ് പോയത്.
പിറ്റേന്നു മുതല്‍ മമ്മ അയാളെ പണിക്കാരനായി നിയമിച്ചു. അങ്ങനെയാണ്, കള്ളനെന്നല്ല, അയാള്‍ക്കൊരു പേരുണ്ടെന്ന് ദേവൂന് മനസ്സിലായത്. ബേബിയെന്നായിരുന്നു അയാളുടെ പേര്.
മമ്മയ്‌ക്കെന്താ പേടീല്ലാത്തെ?” പിറ്റേന്നു രാത്രി മമ്മയുടെ നെഞ്ചില്‍ ചേര്‍ന്നു കിടക്കുമ്പോഴാണ് ദേവു ചോദിച്ചത് ”കുട്ടാ, പേടിക്കാന്‍ തൊടങ്ങിയാല്, പിന്നെ നമ്മളെ ഒന്നിനും കൊള്ളൂല്ല. പേടിച്ചില്ലെങ്കിലോ? നമ്മക്കെന്തു വേണേലും ചെയ്യാമ്പറ്റും!” ആ ഉത്തരം മതിയായിരുന്നില്ല ദേവൂന്; അതുകൊണ്ടവള്‍ വീണ്ടും ചോദിച്ചു.
”എങ്ങന്യാ പേടി മാറ്റുന്നത്?”
മറുപടി പറയുന്നതിനു മുന്‍പേ മമ്മയവളെ മുറുകെയൊന്നു കെട്ടിപ്പിടിച്ചു. എന്നിട്ട് പറഞ്ഞു.
”ഇവിടുന്നു പോകുന്നതിനു മുന്‍പ് എന്റെ തങ്കത്തിന്റെ പേട്യൊക്കെ മാറും കേട്ടോ” മമ്മ മെല്ലെച്ചിരിച്ചു ”ഒരു പുതിയ കുട്ട്യായിരിക്കും ദേവേശി തിരിച്ചുപോകുമ്പഴേക്കും.”
(തുടരും)