നന്മണ്ട: ടി.കെ.ശ്രീധരേട്ടനെന്ന മുന്‍ സംഘപ്രചാരകനെ- മാതൃകാ സ്വയംസേവകനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ പ്രേരണാദായകവും പ്രചോദിതവുമായ അനുഭവങ്ങളുടെ വേലിയേറ്റമാണ് മനസ്സിലൂടെ കടന്നുപോകുന്നത്. അക്ഷരാര്‍ത്ഥത്തില്‍ ആദര്‍ശത്തിന്റെ ആള്‍രൂപമായിരുന്ന അദ്ദേഹം സംഘടനയുടെ സക്രിയ പ്രവര്‍ത്തനകനായിരുന്നപ്പോഴും വ്യക്തിപരവും ആരോഗ്യപരവുമായ കാരണങ്ങളേല്‍പിച്ച പരിമിതികളില്‍ പെട്ട് സക്രിയപ്രവര്‍ത്തനത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടിവന്നപ്പോഴും സംഘടനയോടൊപ്പം നടക്കുകയും സംഘടനയെ ഉള്ളിലുറപ്പിച്ചു നിര്‍ത്തുകയും ചെയ്ത അനന്യവ്യക്തിത്വത്തിന്റെ മാതൃകയായിരുന്നു. സംഘപ്രവര്‍ത്തനത്തിലേക്ക് ബാല്യത്തില്‍ കടന്നുവന്ന അദ്ദേഹത്തില്‍ ശരിക്കും സംഘഭൂതം ആവേശിച്ചിരുന്നു. എട്ടാം ക്ലാസ്സില്‍ വിദ്യാഭ്യാസം അവസാനിപ്പിച്ച് തന്റെ അദമ്യമായ സംഘപ്രവര്‍ത്തന ത്വരയാല്‍ സംഘപ്രചാരകനാകാന്‍ മനസ്സുകൊണ്ട് തയ്യാറെടുത്ത അദ്ദേഹം പൂജനീയ ഗുരുജിയുടെ ബൈഠക്കില്‍ പങ്കെടുക്കവേ, പത്താം തരം വിദ്യഭ്യാസം പൂര്‍ത്തീകരിച്ചശേഷം പ്രചാരകനായി വരാന്‍ ശ്രീ. ഗുരുജി ഉപദേശിക്കുകയായിരുന്നു. ഒട്ടും നിരാശനാകാതെ സംഘവ്രതത്തില്‍ സ്വയംതപിച്ച് വീണ്ടും വിദ്യാഭ്യാസം തുടര്‍ന്ന്, ഗുരുജിയുടെ ഉപദേശത്തെ സാക്ഷാത്ക്കരിച്ച് പത്താം ക്ലാസ് പഠനം നല്ല രീതിയില്‍ അദ്ദേഹം പൂര്‍ത്തീകരിച്ചു.
സംഘപ്രചാരകനാവുകയെന്ന കേവലം വികാരപരമായ ഒരിച്ഛയായിരുന്നില്ല ശ്രീധരേട്ടനെ നയിച്ചിരുന്നത്. വൈകാരികതയേക്കാള്‍ വൈചാരികമായിരുന്നു ആ തീരുമാനമെന്ന് തെളിയിച്ചുറപ്പിക്കത്തക്ക രീതിയില്‍ പത്താംക്ലാസ്സ് വിദ്യാഭ്യാസത്തിനുശേഷം ഉടനെതന്നെ അദ്ദേഹം സംഘപ്രചാരകനായി, സംഘദൗത്യത്തിന്റെ വ്യാപനത്തിനായി തെക്കന്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുകയുണ്ടായി.
സംഘപ്രചാരകനെന്ന ചുമതലയില്‍ ശാഖകളുടെ വളര്‍ച്ചക്കും, സ്വയംസേവകനിര്‍മ്മാണത്തിലും അദ്ദേഹം കാര്യമായ പങ്കുവഹിച്ചു. ആയിരത്തിതൊള്ളായിരത്തി അറുപതുകളുടെ അന്ത്യത്തിലാണ് അദ്ദേഹം ഈ ദൗത്യവുമായി വീടുവിട്ടിറിങ്ങിയത്. തുടര്‍ന്ന് സംഘ തീരുമാനപ്രകാരം വിശ്വഹിന്ദു പരിഷത്തിന്റെ പ്രവര്‍ത്തനവും, തുടര്‍ന്ന് വനവാസി കല്യാണശ്രമ പ്രവര്‍ത്തനമെന്ന നിലയില്‍ വയനാട് മുട്ടില്‍ വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ മരുന്നുശേഖരണ പ്രവര്‍ത്തനത്തിലും വ്യാപൃതമായിരുന്നു ആ ധന്യജീവിതം.
ആശുപത്രി രൂപത്തിലെത്താത്ത മെഡിക്കല്‍ മിഷനിലേക്ക് കേരളത്തിലെ പല പ്രമുഖ ഡോക്ടര്‍മാരില്‍ നിന്നും സാമ്പിള്‍ മരുന്നുകള്‍ സംഘടിപ്പിച്ച് മെഡിക്കല്‍ മിഷന്‍ പ്രവര്‍ത്തനത്തിന് ശക്തിപകര്‍ന്നതില്‍ ശ്രീധരേട്ടന്റെ പങ്കാളിത്തം വളരെ വലുതായിരുന്നു. ഒരുപാട് ഡോക്ടര്‍മാരെ സംഘബന്ധത്തില്‍ കൊണ്ടുവരാനും അവരില്‍ സേവനമനോഭാവം വളര്‍ത്തുന്നതിനും അത് ഏറെ പ്രേരകമായിരുന്നു.
ഇരുപതുവര്‍ഷക്കാലത്തെ പ്രചാരക ജീവിതത്തില്‍ നിന്ന് തിരിച്ചുവന്ന് കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചപ്പോഴും സംഘത്തെ പ്രാണനുതുല്യം സ്‌നേഹിച്ച ശ്രീധരേട്ടന് നിരവധി പ്രവര്‍ത്തകരെ സക്രിയമാക്കാന്‍ സാധിച്ചു. കുടുംബ ജീവിതത്തിലും സംഘജീവിതത്തിന്റെ മുഖമുദ്രകള്‍ വളര്‍ത്തിയെടുക്കുന്നതിലും അദ്ദേഹം ഏറെ ശ്രദ്ധിക്കുകയുണ്ടായി.
നാനാവിഷയങ്ങളില്‍ അദ്ദേഹത്തിനുള്ള അറിവിന്റെ അനുഭവങ്ങള്‍ വളരെയേറെയായിരുന്നു. അതെല്ലാം മറ്റുള്ളവരിലേക്ക് തന്മയത്വത്തോടെ ആവേശിപ്പിക്കുവാനും അദ്ദേഹത്തിനുകഴിഞ്ഞു.
ഏതൊരു പ്രവര്‍ത്തകനോടും എളിമയോടെ ആദരവോടെ ഇടപെടുന്നതിലും, പ്രസന്നവദനത്തോടെ അവരെ അഭിമുഖീകരിക്കുന്നതിലും അദ്ദേഹം ഉദാത്തമാതൃകയായിരുന്നു. ”സംഘം എപ്പോഴും ശരിയാണ്” എന്ന തന്റെ ഉറച്ച വിശ്വാസവും ആ വിശ്വാസത്തെ സഹപ്രവര്‍ത്തകരില്‍ നിലനിര്‍ത്താനുള്ള പരിശ്രമവും സദാസര്‍വ്വദാ അദ്ദേഹം തുടര്‍ന്നുപോന്നു. സംഘത്തെക്കുറിച്ച് ഭാവനാത്മകമല്ലാത്ത ഒരു വാക്കുപോലും അദ്ദേഹത്തില്‍ നിന്ന് സംഘപ്രവര്‍ത്തകര്‍ക്ക് അനുഭവപ്പെട്ടിരുന്നില്ല. നിഷേധാത്മകതയുടെ ഒരു സൂചന പോലും അദ്ദേഹത്തിന്റെ സംഘസംഭാഷണത്തിലോ പെരുമാറ്റത്തിലോ പ്രവര്‍ത്തനത്തിലോ ആര്‍ക്കും അനുഭവപ്പെട്ടിരുന്നില്ല. അതായിരുന്നു ശ്രീധരേട്ടനില്‍ കണ്ട ഏറ്റവും വലിയ ഉദാത്തമാതൃക! ഒരിക്കലും പരാതിയുടെ, പരിഭവത്തിന്റെ ഒരെളിയ ശബ്ദം പോലും പുറത്തു പറയാതെ, ആദര്‍ശനിഷ്ഠനായി സംഘടനയോടൊപ്പം നടന്നു നീങ്ങിയ ആ ജീവിതം എല്ലാവര്‍ക്കും ഉല്‍കൃഷ്ട മാതൃകയായിരുന്നു. ആദര്‍ശത്തിന്റെ തപോബലത്തില്‍ ആയുസ്സിനെപ്പോലും അതിലംഘിച്ച ആ ജ്യേഷ്ഠ സഹോദരന്റെ ദീപ്തമായ ഓര്‍മ്മകള്‍ക്കു മുമ്പില്‍ ഒരായിരം പ്രണാമങ്ങള്‍!