കോഴഞ്ചേരി: അറിവിന്റെ ഭാരംപേറി നടക്കാതെ മനുഷ്യഹൃദയങ്ങളെ പുഞ്ചിരികൊണ്ട് സ്വീകരിച്ച് സ്‌നേഹംകൊണ്ട് തൊട്ട് വാത്സല്യം കൊണ്ട് ചേര്‍ത്ത് പിടിച്ച പുണ്യാത്മാവായിരുന്നു ഡോ.വി.പി.വിജയമോഹനന്‍. ഗഹനമായ പുസ്തകങ്ങള്‍ വായിക്കുമ്പോഴും പ്രഭാഷണം നടത്തുമ്പോഴും അറിവിന്റെ ആഴങ്ങളിലേക്ക് സഞ്ചരിക്കുമ്പോഴും ശിശുതുല്യമായ നിഷ്‌കളങ്കതയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. എല്ലാത്തിലും ഉപരി മികച്ച സംഘാടകനായിരുന്നു എന്നത് കുട്ടിക്കാലം മുതലേ അദ്ദേഹം തെളിയിച്ചിരുന്നു.
ചെറുപ്പം മുതല്‍ക്കേ ആധ്യാത്മിക കാര്യങ്ങളില്‍ അതീവ തല്‍പരനായിരുന്ന വിജയമോഹനന്‍ ആഹാരകാര്യങ്ങളുള്‍പ്പടെ ക്രമീകരിച്ച് മത്സ്യ മാംസാദികളുപേക്ഷിച്ച് ജപ, ധ്യാന സാധനകളാല്‍ സാത്വിക ജീവിതം നയിച്ചു. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ മുതല്‍ ദേശീയതയുടെ ശക്തനായ വക്താവായി ദേശീയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. തന്റെ നിര്‍മ്മലമായ സ്വഭാവം കൊണ്ട് എതിരാളികളുടെ പോലും സ്‌നേഹം പിടിച്ചുപറ്റാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നു എന്ന് സമകാലീനര്‍ സാക്ഷ്യപ്പെടുത്തുന്നു. അച്ഛന്റെ കൂടെ സ്റ്റുഡിയോയില്‍ സഹായത്തിന് നിന്ന് ഫോട്ടോഗ്രാഫി വശത്താക്കിയ അദ്ദേഹത്തിന് ആ മേഖലയിലും നല്ല പ്രാവീണ്യമായിരുന്നു.
മുത്തച്ഛന്റെ വഴിയേ ആധ്യാത്മിക പാതയില്‍
അച്ഛന്റെ അച്ഛന്‍ കീക്കൊഴൂര്‍ ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തിലെ മതപാഠശാലയിലെ അധ്യാപകനായിരുന്നു. ആധ്യാത്മിക മേഖലയില്‍ മുത്തച്ഛന്റെ പാരമ്പര്യം അദ്ദേഹം മുറുകെ പിടിച്ചു. ചെറുകോല്‍പ്പുഴ ഹിന്ദു സമ്മേളനവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്തിരുന്നു. ധാരാളം പുസ്തകങ്ങള്‍ വായിക്കുമ്പോഴും വിവേകാനന്ദ കൃതികളോട് പ്രത്യേക താത്പര്യമായിരുന്നു. ശ്രീരാമകൃഷ്ണ മിഷന്‍, മാതാ അമൃതാനന്ദമയീമഠം, വിജയാനന്ദാശ്രമം കിടങ്ങന്നൂര്‍ തുടങ്ങി വിവിധ ആധ്യാത്മിക സ്ഥാപനങ്ങളുമായി നല്ല അടുപ്പം അദ്ദേഹം കാത്തുസൂക്ഷിച്ചു.
മിടുക്കനായ വിദ്യാര്‍ത്ഥി
കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ചെറുപ്പത്തിലേ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ പ്രസംഗിക്കുമായിരുന്നു. അറിയപ്പെടുന്ന ആധ്യാത്മിക പ്രഭാഷകനായ വിജയമോഹന്‍ജി ഒട്ടുമിക്ക ആധ്യാത്മിക വേദികളിലെയും നിറസാന്നിധ്യമായിരുന്നു. പന്തളം എന്‍.എസ്.എസ്. കോളേജില്‍ നിന്നും സാമ്പത്തക ശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദം നേടി. മധുരൈ കാമരാജ് സര്‍വ്വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കിയ അദ്ദേഹത്തിന്റെ ഗവേഷണ വിഷയം ‘തമിഴ്‌നാട് തേനി ജില്ലയിലെ ബാങ്കിങ്ങ് സംവിധാനം’ എന്നതായിരുന്നു.
കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപകന്‍
കുട്ടികളുടെ ഇടയില്‍ നല്ല സ്വാധീനമുള്ള അധ്യാപകന്‍. കുട്ടികളോട് മധുരമായി പെരുമാറി അവരുടെ മനസ് കീഴടക്കുന്ന അധ്യാപകന്‍. രസകരമായി ക്ലാസുകള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകന്‍. ’96-ന് ശേഷം 2005 വരെ മാലിയില്‍ അധ്യാപകനായിരുന്നു. തിരിച്ചു വന്നശേഷം ലേബര്‍ ഇന്ത്യ സ്‌കൂള്‍ കോട്ടയം, ക്രൈസ്റ്റ് കോളേജ് ബാംഗ്ലൂര്‍, ഡി.സി. സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ടെക്‌നോളജി തിരുവനന്തപുരം എന്നിവിടങ്ങളില്‍ അധ്യാപകനായി ജോലി ചെയ്തു. ദീര്‍ഘകാലമായി തിരുവല്ല മാക്ഫാസ്റ്റ് കോളേജില്‍ അസോസിയേറ്റ് പ്രൊഫസറായി പ്രവര്‍ത്തിക്കുകയായിരുന്നു.
സംഘമാര്‍ഗത്തില്‍ ചുവടുറപ്പിച്ച്
ബാലസ്വയംസേവകനായി രാഷ്ട്രീയ സ്വയംസേവക സംഘത്തിലൂടെ പ്രവര്‍ത്തനം ആരംഭിച്ചു. സ്‌കൂള്‍ കോളേജ് കാലഘട്ടത്തില്‍അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. പഠനത്തൊടൊപ്പം സംഘടനാപ്രവര്‍ത്തനവും ഒരുപോലെ കൊണ്ടുപോകാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. 1985- 87 കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥി പരിഷത്തിന്റെ സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ പ്രവര്‍ത്തിച്ചു. പഠിക്കുമ്പോള്‍ തന്നെ അധ്യാപകവൃത്തിയിലും അദ്ദേഹം മികവ് തെളിയിച്ചു.
അതോടൊപ്പം രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ വിവിധ ചുമതലകള്‍ ഏറ്റെടുത്തു പ്രവര്‍ത്തിച്ചു. 1992ലെ സംഘ നിരോധന കാലത്ത് സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ ബൗദ്ധിക് കാര്യക്രമങ്ങളുടെ ചുമതല ഏറ്റെടുത്ത് താലൂക്ക് ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് എന്ന ചുമതലയില്‍ പ്രവര്‍ത്തിച്ച് സ്വയംസേവകര്‍ക്കു ദിശാബോധം നല്‍കി. സംഘ നിരോധനം നീങ്ങിയ ശേഷം നടന്ന പ്രഥമിക ശിക്ഷാ വര്‍ഗ്ഗിലേക്ക് പുതിയ സ്വയംസേവകരെ കണ്ടെത്തുന്നതിനായി വിജയമോഹന്‍ജിയെ സംഘം നിയോഗിച്ചത് സംഘപ്രവര്‍ത്തനം നന്നേ കുറവായ, ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്ന പെരുനാട് പ്രദേശത്തേക്കായിരുന്നു. ആ ശിബിരത്തില്‍ ഏറ്റവുമധികം സ്വയംസേവകര്‍ പങ്കെടുത്തത് പെരുനാട് പ്രദേശത്തു നിന്നായിരുന്നു എന്നത് അദ്ദേഹത്തിന്റെ സംഘടനാ പ്രവര്‍ത്തന വൈദഗ്ധ്യം വിളിച്ചോതുന്നതാണ്. സംഘത്തിന്റെ താലൂക്ക്, ജില്ല ചുമതലകള്‍ വഹിച്ച അദ്ദേഹം ശബരിഗിരി ജില്ലാ സംഘചാലക് എന്ന നിലയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഭഗവത്ഗീതയടക്കമുള്ള വിഷയങ്ങളില്‍ അദ്ദേഹം രചിച്ച പുസ്തകങ്ങള്‍ സംഘത്തിന്റെ പ്രചാരകന്മാര്‍ക്ക് പ്രശിക്ഷണ വിഷയവും നിര്‍ബന്ധ വായനയ്ക്കുള്ള സാമഗ്രിയുമായിരുന്നു. പരേതനായ പ്രഭാകരന്‍നായരുടേയും ആനന്ദവല്ലിയമ്മയുടേയും മകനാണ്. ഭാര്യ: രാജശ്രീ വിജയമോഹനന്‍. മക്കള്‍: ഗായത്രി, ശ്രീഹരി.