”ഒരു കൊച്ചു കൈത്തിരി കത്തിച്ചു വെക്കുവിന്‍ പെരുകുമിരുട്ടിന്‍ ഗുഹാന്തരത്തില്‍, അതില്‍ നിന്നൊരായിരം പൊന്‍ദീപനാളങ്ങള്‍ ഉയരട്ടെ പുലരട്ടെ പുണ്യ പൂരം.” ഇതാണ് ഓരോ സംഘ സ്വയംസേവകനും കിട്ടുന്ന സംഘടനാ തന്ത്രം. പ്രശ്‌നങ്ങളെ കുറിച്ച് വേവലാതിപ്പെട്ടിരിക്കാതെ, തന്നാലാവുന്ന ഒരു പരിഹാരം ചെയ്ത് തുടങ്ങുക. ഈ തത്വം അക്ഷരംപ്രതി അനുഷ്ഠിച്ചയാളായിരുന്നു ദീനാനാഥ് ബത്രാജി. സംഘത്തിന്റെ ബൈഠക്കുകളില്‍ ബത്രാജി പറയും, സമസ്യകളെക്കുറിച്ച് അല്ല, സമാധാനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാം. എന്തെങ്കിലും പ്രശ്‌നവുമായി ആരെങ്കിലും സമീപിച്ചാല്‍ ബത്രാജി അവര്‍ക്ക് ‘ചെയ്യേണ്ട പരിഹാരം’ നിര്‍ദ്ദേശിക്കാറില്ല. ചെയ്യാവുന്ന പരിഹാരം എന്താണെന്ന് അന്വേഷിക്കും. അത് ചെയ്യാന്‍ നിര്‍ദ്ദേശിക്കും. നിര്‍ദ്ദേശം കൊണ്ടും ഉപദേശം കൊണ്ടും ആരിലും മാറ്റം വരുത്താന്‍ സാധ്യമല്ലെന്നും നമ്മുടെ ജീവിത സന്ദേശമാണ് മറ്റുള്ളവരില്‍ മാറ്റം വരുത്തുക എന്നും ബത്രാജി പറയാറുണ്ടായിരുന്നു. ബത്രാജിയുടെ ജീവിത സന്ദേശത്തില്‍ നിന്നും മാറ്റം ഉള്‍ക്കൊണ്ട ആയിരങ്ങള്‍ ആണ് ഇന്ന് അദ്ദേഹത്തില്‍ നിന്നും ദീപശിഖ ഏറ്റുവാങ്ങി വിദ്യാഭ്യാസരംഗത്തെ ഭാരതീയതയുടെ പ്രകാശം കൊണ്ട് ശോഭിതമാക്കിക്കൊണ്ടിരിക്കുന്നത്.
ആയിരങ്ങളില്‍ അക്ഷര വെളിച്ചം പകരുക മാത്രമല്ല, ഭാരതത്തിന്റെ അടിവേരറുക്കാന്‍ അകലെ നിന്ന് വന്നവര്‍ മെനഞ്ഞ വിദ്യാഭ്യാസ സമ്പ്രദായത്തിന് സ്വാതന്ത്ര്യാനന്തര ഭരണകൂടം വിടുപണി ആരംഭിച്ചപ്പോള്‍, ആധുനിക ഭാരതീയ വിദ്യാഭ്യാസ ബദല്‍ ഒരുക്കാന്‍ ജീവിതം സമര്‍പ്പിച്ച കുശല സംഘാടകനും ചിന്തകനും വിദ്യാഭ്യാസ പ്രവര്‍ത്തകനും ആയിരുന്നു ദീ നാനാഥ് ബത്ര. സരള സഹജ അനുശാസനബദ്ധ സ്വയംസേവകന്‍ എന്നാണ് അദ്ദേഹത്തെ സഹപ്രവര്‍ത്തകര്‍ അനുസ്മരിക്കുന്നത്.
1930 ല്‍ വിഭജനപൂര്‍വ്വ പഞ്ചാബ് പ്രവിശ്യയിലെ രാജന്‍പൂര്‍ ജില്ലയില്‍ ദേരാ ഘാസിഖാന്‍ എന്ന സ്ഥലത്താണ് ദീനാനാഥ് ബത്രാജിയുടെ ജനനം. സ്‌കൂള്‍ വിദ്യാഭ്യാസം അവിടെ തന്നെ പൂര്‍ത്തിയാക്കി. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ സംഘ സ്വയംസേവകനായി മാറിയിരുന്നു. വിഭജനം സൃഷ്ടിച്ച മഹാവിപത്തില്‍ കുടുംബസമേതം അമൃത്‌സറിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ എത്തിയ ദീനാനാഥ്, തന്റെ ജീവനേക്കാള്‍ മറ്റുള്ളവരുടെ ജീവനും സ്വത്തിനും വിലകല്‍പ്പിച്ച്, മറ്റ് സംഘ സ്വയംസേവകര്‍ക്കൊപ്പം, ആര്യസമാജത്തിന്റെ പ്രവര്‍ത്തകരോടൊപ്പം അശരണരായ ഹിന്ദു സമാജത്തെ സംരക്ഷിക്കാനും അതിര്‍ത്തി കടത്തി ഭാരതത്തില്‍ സുരക്ഷിതമായി എത്തിക്കാനുമുള്ള ദൗത്യം ഏറ്റെടുത്തു വീണ്ടും പശ്ചിമ പാകിസ്ഥാനില്‍ പോയി.
വിഭജനാനന്തരം പഞ്ചാബിലെ (ഇന്ന് ഹരിയാന) അംബാലക്ക് സമീപം താമസമാക്കി. മുതിര്‍ന്ന സംഘകാര്യകര്‍ത്താക്കളായ മാധവറാവു മൂളേ, നാരായണ്‍ദാസ്, പ്രേംജി ഗോയല്‍ തുടങ്ങിയവരുടെ നിര്‍ദ്ദേശപ്രകാരം അവിടെ തന്നെ വിദ്യാഭ്യാസം തുടര്‍ന്നു. എംഎ, ബിഎഡ് വരെയുള്ള പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം സംഘത്തിന്റെ പ്രചാരകനാകാന്‍ നിശ്ചയിച്ചു. പഞ്ചാബില്‍ നാബിപൂര്‍ എന്ന പ്രദേശത്ത് പ്രചാരകനായി പ്രവര്‍ത്തിച്ചു വരവെ, ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പ്രചാരക ജീവിതത്തില്‍ തന്നെ മറ്റൊരു രീതിയിലുള്ള പ്രവര്‍ത്തനമാണ് അദ്ദേഹത്തിന് സംഘ അധികാരികള്‍ നല്‍കിയത്.
ഉന്നത വിദ്യാഭ്യാസവും അധ്യാപക പരിശീലനവും പൂര്‍ത്തിയാക്കി വന്ന ദീനാനാഥ ബത്രാജിയില്‍ ഭാരതീയതയില്‍ ഊന്നിയ വിദ്യാഭ്യാസ പ്രസ്ഥാനത്തെ വളര്‍ത്തിയെടുക്കാനുള്ള സൈദ്ധാന്തികനും സംഘാടകനുമായ കാര്യകര്‍ത്താവിനെയാണ് സംഘ അധികാരികള്‍ കണ്ടത്. അതിനുവേണ്ട തയ്യാറെടുപ്പ് എന്ന രീതിയില്‍ അദ്ദേഹത്തെ ആര്യസമാജത്തിന്റെ കീഴിലുള്ള വിദ്യാലയങ്ങളില്‍ അധ്യാപക ജോലിക്കായി പറഞ്ഞുവിട്ടു. 1955 മുതല്‍ പത്തുവര്‍ഷം അദ്ദേഹം പഞ്ചാബിലെ ദയാനന്ദ ആംഗ്ലോവേദിക് (ഡിഎവി) സ്‌കൂളുകളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചു. 1965ല്‍ അദ്ദേഹത്തെ സംഘം പുതിയ ദൗത്യം നിര്‍വഹിക്കാന്‍ ചുമതലപ്പെടുത്തി. ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജുനനെ നിമിത്തമാക്കിക്കൊണ്ട് മാനവരാശിക്ക് ഗീത ഉപദേശിച്ച മണ്ണില്‍ ആധുനിക ഭാരതത്തിന്റെ സമ്പൂര്‍ണ്ണ വൈഭവം പ്രാപ്യമാക്കാന്‍ ആവശ്യമായ ഔപചാരിക വിദ്യാഭ്യാസ പദ്ധതിയുടെ മാതൃകാ വിദ്യാലയം – ഗീതാ നികേതന്‍ ആരംഭിക്കാന്‍ ബത്രാജിയെ ചുമതലപ്പെടുത്തി. ഗീതാ വിദ്യാലയം ഇന്ന് ഭാരതത്തിലെ സര്‍വ്വശ്രേഷ്ഠമായ വിദ്യാലയങ്ങളില്‍ ഒന്നാണ്. 1965 മുതല്‍ 90 വരെ അദ്ദേഹം ആ വിദ്യാലയത്തിന്റെ പ്രധാന അധ്യാപകനായും വിദ്യാഭാരതിയുടെ സാരഥിയായും പ്രവര്‍ത്തിച്ചു. 65-84 കാലഘട്ടം അദ്ദേഹത്തിന്റെ ഗാര്‍ഹസ്ഥ്യത്തിന്റെ കൂടി കാലമായിരുന്നു. മുള്‍ത്താനില്‍ നിന്നും അഭയാര്‍ത്ഥിയായി വന്ന കൃഷ്ണബത്രയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. അദ്ദേഹത്തിന്റെ മൂന്ന് പുത്രന്മാരും ഒരു പുത്രിയും അതേ വിദ്യാലയത്തില്‍ മറ്റുള്ള വിദ്യാര്‍ത്ഥികളെ പോലെ പഠിച്ചു വളര്‍ന്നു. വിദ്യാര്‍ത്ഥികളുടെ ഉള്ളില്‍ അന്തര്‍ലീനമായ പ്രതിഭയെ പുറത്തെടുക്കുന്ന അധ്യാപകന്‍, രാഷ്ട്രഹിതത്തെ ഏറ്റവും ശ്രേഷ്ഠമായി കാണുന്ന സമാജ സേവകന്‍, അധ്യാപക പരിശീലകന്‍, രാഷ്ട്രപതിയുടെ വിശിഷ്ട സേവന മെഡലിന് അര്‍ഹനായ അധ്യാപകന്‍ (1978)- ബത്രാജിയുടെ ഔദ്യോഗിക ജീവിതകാലം അത്ഭുതങ്ങള്‍ നിറഞ്ഞതായിരുന്നു.
തന്റെ സഹപ്രവര്‍ത്തകരിലും വിദ്യാര്‍ത്ഥികളിലും ഉള്ള പരിപൂര്‍ണ്ണ വിശ്വാസത്തോടെ, അവരുടെ ഉത്തരവാദിത്ത ബോധത്തെ ഉണര്‍ത്തി, തന്റെ അസാന്നിധ്യത്തിലും വിദ്യാലയത്തിന്റെ അക്കാദമികവും ഭരണപരവുമായ എല്ലാ കാര്യങ്ങളും കൃത്യമായും കാര്യക്ഷമമായും നിര്‍വഹിച്ചുകൊണ്ട് അദ്ദേഹം ഭാരതം മുഴുവന്‍ വിദ്യാഭാരതിയെന്ന ദേശീയ വിദ്യാഭ്യാസ പ്രസ്ഥാനത്തെ വളര്‍ത്തിയെടുക്കുന്നതിന് വേണ്ടി നിരന്തരം യാത്ര ചെയ്തു. പുരസ്‌ക്കാരങ്ങളുടെ നിറവിലും പ്രതിഷേധങ്ങളുടെ നടുവിലും പുഞ്ചിരിച്ചു. 1955 മുതല്‍ 2000 വരെ വിദ്യാഭ്യാസരംഗത്ത് താന്‍ നടത്തിയ പ്രവര്‍ത്തനത്തിന്റെ അനുഭവത്തില്‍ നിന്നാണ് 2000-ല്‍ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് ദേശീയ വിദ്യാഭ്യാസ പാഠ്യപദ്ധതി ചട്ടക്കൂട് നിര്‍മ്മിക്കാന്‍ അദ്ദേഹം നേതൃത്വം നല്‍കിയത്. സര്‍ക്കാരിന് അത് പൂര്‍ണമായി നടപ്പാക്കാന്‍ സാധിച്ചില്ല. കാവിവല്‍ക്കരണം എന്ന രാഷ്ട്രീയ മുദ്രാവാക്യത്തില്‍ സര്‍ക്കാര്‍ തന്നെ താഴെ വീണു. സര്‍ക്കാര്‍ സംവിധാനങ്ങളോട് കേസുകൂടിയും കലഹിച്ചും ലൈംഗിക വിദ്യാഭ്യാസം പോലുള്ള മഹാവിപത്തില്‍ നിന്നും ഭാരതത്തെ രക്ഷിച്ചപ്പോള്‍, സമാജസജ്ജന ശക്തിയെ സമാഹരിച്ച് ഭാരതീയ വിദ്യാഭ്യാസ നവീകരണത്തിനുള്ള അന്തരീക്ഷം സൃഷ്ടിച്ചെടുക്കാന്‍ അഹോരാത്രം പണിപ്പെട്ടു. ഇന്ന് ദേശീയ വിദ്യാഭ്യാസ നയത്തിന് സാര്‍വ്വത്രികമായി കിട്ടുന്ന പിന്തുണയുടെ കാരണം മറ്റൊന്നല്ല.
പുതിയ പ്രവര്‍ത്തകരുടെ കാര്യത്തില്‍ വലിയ ശ്രദ്ധയാണ് അദ്ദേഹം പുലര്‍ത്തിയത്. അവരെ വളര്‍ത്തി എടുക്കുന്ന അത്ഭുതശക്തി. ആര്‍ക്കും ആദരവ് നല്‍കി ആദരവ് നേടുന്ന പ്രകൃതം. ആവേശമെല്ലാം അവിടെ അടിയറവ് പറയും, പിന്നെ ആശ്രയം. ആശ്രയിച്ചവന് അഭയമല്ല, അടരാടാനുള്ള ആത്മവിശ്വാസമാണ് നല്‍കിയത്. മുതിര്‍ന്ന പ്രവര്‍ത്തകരെ മുഖ്യസ്ഥാനത്തേക്ക് വളര്‍ത്തുന്നതിലും ബത്രാജി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി ആരോഗ്യകാരണങ്ങളാല്‍ വിശ്രമിക്കുമ്പോഴും അദ്ദേഹം ആരംഭിച്ച ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ പ്രവര്‍ത്തനം കേമമായി നടക്കുന്നതിന്റെ പ്രധാന കാരണം അദ്ദേഹം പുതിയ പ്രവര്‍ത്തകരെ വളര്‍ത്തിയെടുക്കുന്നതില്‍ കാണിച്ചിരുന്ന ശ്രദ്ധയാണ്.
ഗൃഹസ്ഥനായിരുന്നെങ്കിലും അദ്ദേഹത്തിന്റെ വീട് എന്നും കാര്യാലയമായിരുന്നു. കഴിഞ്ഞ 2023 ഡിസംബര്‍ മാസം 10 മുതല്‍ 2024 നവംബര്‍ 7 വരെയുള്ള 11 മാസം മാത്രമാണ് അദ്ദേഹം മക്കളുടെ കൂടെ ചിലവഴിച്ചത്. 1990-ല്‍ കുരുക്ഷേത്ര വിദ്യാലയത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ നേരെ ദില്ലി വിദ്യാനികേതന്‍ കാര്യാലയം. 2010 മുതല്‍ നാരായണ വിഹാറിലെ സരസ്വതി ബാലമന്ദിരത്തിന് മുകളില്‍ ഒരുക്കിയ ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ പരിമിതമായ സൗകര്യമുള്ള കാര്യാലയത്തില്‍. അതും ഒറ്റമുറിയല്ല. മറ്റൊരാളുമായി പങ്കുവച്ചുകൊണ്ട്. ബത്രാജിയുടെ സ്വകാര്യ പുസ്തകശേഖരമാണ് ഇന്ന് നാരായണ കാര്യാലയത്തിലെ വിശാല ലൈബ്രറി!
ശിക്ഷ-പരീക്ഷ-മൂല്യാങ്കന്‍ എന്നി വ ബത്രാജിയുടെ ഇഷ്ടവിഷയമായിരുന്നു. അതില്‍ മൂല്യാങ്കനത്തില്‍ ആത്മനിരീക്ഷണം – സ്വയം മൂല്യാങ്കനം അതിലാണ് ഊന്നല്‍ നല്‍കിയിരുന്നത്. ചെയ്യുന്ന കാര്യങ്ങള്‍ മാത്രമേ പറയാവൂ എന്നതില്‍ വലിയ കാര്‍ക്കശ്യമായിരുന്നു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പട്ട ചില ശീലങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തി എടുക്കാന്‍ ഒരു പദ്ധതി (വിദ്യാലയ ഗതിവിധികള്‍) ന്യാസ് ആസൂത്രണം ചെയ്തു. പക്ഷേ രൂപരേഖ പ്രസിദ്ധീകരിക്കാനും, പ്രചരിപ്പിക്കാനും ബത്രാജി ആദ്യം അനുമതി തന്നില്ല. സ്വയം ശീലമാക്കിയതിന് ശേഷം മാത്രം അച്ചടിച്ചാല്‍ മതി എന്ന് ശഠിച്ചു. ആദ്യം കാര്യാലയത്തില്‍, കാര്യകര്‍ത്താക്കളുടെ ജീവിതത്തില്‍, വീട്ടില്‍ തുടര്‍ന്ന് മൂന്ന് മാസത്തിന് ശേഷമാണ് അത് അച്ചടിച്ച് വിതരണം തുടങ്ങിയത്.
വിദ്യാഭ്യാസത്തില്‍ ഭാരതീയത ഉണ്ടാകണമെന്നതിന്റെ അടിസ്ഥാനം ഭാരതീയ ഭാഷകളില്‍ പ്രവര്‍ത്തനം ആരംഭിക്കണം എന്നതാണ്. ”മാതൃഭാഷ വിദ്യാലയത്തിനായി പ്രവര്‍ത്തിക്കണം എന്ന്” ബത്രാജി പറഞ്ഞു. ”എന്നാല്‍ ഇത് പറയാന്‍ എളുപ്പമാണ്. സ്വന്തം മക്കളെ മാതൃഭാഷ വിദ്യാലയത്തില്‍ പഠിപ്പിക്കാനുള്ള ചങ്കൂറ്റം വേണം.” മറ്റുള്ളവരോട് സാരള്യവും, സ്വയം കഠിന വ്രതവും അതാണ് ബത്രാജി പകര്‍ന്നു തന്ന സംഘടനാ പാഠം.
പ്രായം ബത്രാജിയെ തളര്‍ത്തിയില്ല. വിധേയത്വം ബന്ധനസ്ഥനുമാക്കിയില്ല. പേരും പെരുമയും അദ്ദേഹം കാംക്ഷിച്ചില്ല, മരണഭയം അദ്ദേഹത്തെ അലട്ടിയില്ല, സുഖസൗകര്യങ്ങള്‍ അദ്ദേഹത്തിന് ഒരു പ്രശ്‌നമായിരുന്നില്ല, സംഘകാര്യം ജീവിത സാഫല്യമായി അദ്ദേഹം കൊണ്ടുനടന്നു. തൊണ്ണൂറ് വയസ്സിലും ബത്രാജി തെരുവിലിറങ്ങി പ്രതിഷേധിച്ചു. ജില്ലാ കോടതികളുടേയും ഹൈക്കോടതികളുടേയും സുപ്രീം കോടതിയുടേയും വരാന്തകളില്‍ പൊതുതാല്‍പര്യ ഹര്‍ജിയിലെ തന്റെ ഊഴവും കാത്തുനിന്നു. മാര്‍ക്‌സ് – മെക്കാളെ മാനസപുത്രന്മാരുടെ സംയുക്ത കൗരവപ്പടക്കെതിരെ മഹര്‍ഷിപുത്രരുടെ പട നയിക്കാന്‍ വന്ന ഭീഷ്മപിതാമഹന്റെ പുന:രവതാരമായിരുന്നു മഹാനായ ദീനാനാഥ് ബത്രാജി.