2022 നവംബര്‍ 19
കൊഹീമയിലെ തണുത്ത വെളുപ്പാന്‍ കാലത്ത് ‘വെക്രോ’ എന്നുപേരുള്ള പയ്യന്‍ മുറിയില്‍ കൊണ്ടുവന്നു തന്ന ചൂടുചായയും മൊത്തി ഈഡന്‍ ഹോട്ടലിലെ ബാല്‍ക്കണിയില്‍ നിന്നും കാഴ്ചകള്‍ കാണുകയാണ് ഞാന്‍.
കണ്ണെത്താ ദൂരത്തോളം മലമടക്കുകളും താഴ്‌വാരങ്ങളും. രാവിലെ ആറരയ്ക്കുതന്നെ നല്ലവെളിച്ചം. ഊഷ്മാവ് വെറും പത്തുഡിഗ്രി. നീലാകാശത്തിന്റെ പശ്ചാത്തലത്തില്‍ അടിമൂടി പൂത്തുനില്‍ക്കുന്ന ചെറിമരങ്ങള്‍ കാണാനെന്തൊരു ഭംഗി! ജപ്പാനിലും യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയുടേയും കാനഡയുടേയും ചില ഭാഗങ്ങളിലും ധാരാളമായി കണ്ടുവരുന്ന, നനുനനുത്ത ദളങ്ങളുള്ള പൂക്കളാണ് ചെറി ബ്ലോസ്സംസ്. ”ഒരു കൊച്ചുകാറ്റെങ്ങാന്‍ വന്നുപോയാല്‍, തെരുതെരെ പൂമഴ” പൊഴിക്കുന്ന മരങ്ങള്‍. അവയിതാ, നാഗാലാന്റിലും!
ഏഴുമണിക്കുതന്നെ മിക്കവരും പോര്‍ട്ടിക്കോയിലെത്തി. റോഡിലൂടെ കുട്ടികള്‍ ചുറുചുറുക്കോടെ സ്‌കൂളുകളിലേക്കു പോകുന്നു. ചിലരുടെ സമ്മതം വാങ്ങി ഞാന്‍ ഫോട്ടോയെടുത്തു. മിക്ക കുട്ടികളും നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നുണ്ട്.
സ്വാമി ഉറക്കെ ഉറക്കെ എല്ലാവരോടും തമിഴ് ചുവയുള്ള മലയാളത്തില്‍ സംസാരിക്കുന്നുണ്ട്. അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്. സ്വാമിയുടെ പോക്കറ്റില്‍ ഒരു ‘ശ്രവണ സഹായി’ സ്വാമിയോട് അത് ചെവിയില്‍ തിരുകാന്‍ ഞാന്‍ ആംഗ്യം കാണിച്ചു. അത് ചെവിയില്‍ തിരുകിയതോടെ അദ്ദേഹത്തിന്റെ സംസാരം നോര്‍മലായി. കേള്‍വിക്കുറവുള്ള സ്വാമിക്ക്, അദ്ദേഹം അത്യുച്ചത്തില്‍ സംസാരിച്ചാല്‍ മാത്രമേ സ്വയം കേള്‍ക്കാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ടാണ് ഇത്രയും ഉറക്കെ സംസാരിക്കുന്നത്. ആരും സ്വാമിയെ കളിയാക്കരുത്, ഇടയ്ക്ക് ‘ശ്രവണസഹായി’ ചെവിയില്‍ തിരുകാന്‍ ഓര്‍മ്മിപ്പിക്കണം എന്ന് എല്ലാവരേയും പറഞ്ഞു മനസ്സിലാക്കി. പാലക്കാടന്‍ ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന ശങ്കര്‍ അയ്യര്‍ എന്ന സ്വാമി, തമിഴ്‌നാട്ടുകാരിയായ സരസ്വതിയെ വിവാഹം കഴിച്ച് കഴിഞ്ഞ 50 വര്‍ഷങ്ങളായി ഹൈദരാബാദില്‍ താമസിക്കുകയാണ്. എഴുപതു പിന്നിട്ട ഈ ദമ്പതികള്‍ യാത്ര ജീവിതത്തിന്റെ ഭാഗമാക്കിയിരിക്കുകയാണ്. മക്കള്‍ കുടുംബസമേതം അമേരിക്കയില്‍. ഉറക്കെ സംസാരിക്കുന്ന സ്വാമിയുടെ നിഴലുപോലെ, ഇളംകാറ്റുപോലെ അദ്ദേഹത്തിന്റെ സഹധര്‍മ്മിണി സരസ്വതി. ”സറസ്വതീ, നീ വായെ മൂട്” എന്ന് ദേഷ്യപ്പെടുന്ന സ്വാമി കൊഞ്ചനേരം കഴിഞ്ഞ് ”കണ്ണമ്മാ, നീ ശാപ്പിട്ടാച്ചാ” എന്ന് സ്‌നേഹത്തോടെ, വാത്സല്യത്തോടെ ചോദിക്കുന്നതും ഞങ്ങള്‍ പലവട്ടം കേട്ടു. സ്വാമിയുടെ ”വായെ മൂട്” എന്ന വാക്കുകള്‍ ജയകുമാറും പഠിച്ചു. ടിവിയില്‍ ന്യൂസ് കാണുമ്പോഴും, സുമോ, ഫുട്‌ബോള്‍ എന്നിവ ആസ്വദിക്കുമ്പോഴും പേപ്പര്‍ വായിക്കുമ്പോഴും എന്തെങ്കിലും ആവശ്യപ്പെട്ട് ഞാന്‍ അടുത്തുപോയാല്‍ ഉടനെ വരും താക്കീത്, ”ആശാ, നീ വായെ മൂട്”!
അങ്ങനെ സ്വാമീടെ കാര്യം ‘സബൂറാക്കി’ ഞങ്ങളെല്ലാവരും ഭക്ഷണശാലയില്‍ ഒത്തുചേര്‍ന്നു. ബംഗളുരു ടീം ഒരു മേശയ്ക്കു ചുറ്റും കൂടിയിരുന്ന് ഉറക്കെ കന്നഡഭാഷയില്‍ സംസാരിക്കുന്നു. അവര്‍ ഞങ്ങളെ കാണുമ്പോള്‍ പുഞ്ചിരിക്കുകയും, ‘ഹൗ ആര്‍ യൂ’ എന്നു ചോദിക്കുകയും ചെയ്യും. ഉഷ എന്ന വനിത കുറച്ചുകൂടി സൗഹൃദം കാണിച്ചു. അവര്‍ ”തയക്കവും പയക്കവും” ഉള്ള പര്‍വ്വതാരോഹകയാണത്രെ! കൈലാസയാത്രയ്ക്ക് പോകുന്നതിനു മുമ്പ് ചെറിയകുന്നുകളും മറ്റും നടന്നു കയറിക്കയറി, അതൊരു ശീലമായി, ഹരമായി, ഹരം മൂത്തു പ്രാന്തായി. എവറസ്റ്റിന്റെ ബേസ് ക്യാമ്പ് വരെ എത്തിനില്‍ക്കുന്നു ഉഷയുടെ പര്‍വ്വതാരോഹണം! തൂവെള്ളമുടിയുള്ള, ഇടയ്ക്കിടെ കണ്ണുചിമ്മുന്ന സുന്ദരിയായ, ഉഷ! ഉഷയുടെ അടുത്ത സുഹൃത്തുക്കളാണ് സന്ധ്യയും, ഡോക്ടര്‍ കുസുമയും. സന്ധ്യ ബാങ്ക് ഓഫീസറായിരുന്നു. ജോലിയില്‍ നിന്നും വിരമിച്ചശേഷം യോഗ പഠിച്ചുതുടങ്ങി. പഠിച്ച് പഠിച്ച് ടീച്ചറായി. ഇപ്പോള്‍ യോഗ പഠിപ്പിക്കുന്ന പ്രശസ്തയായ അദ്ധ്യാപിക. ബിസിനസ്സുകാരായ ഭര്‍ത്താക്കന്മാര്‍ക്ക് യാത്ര ചെയ്യാന്‍ ഒട്ടും താല്‍പര്യമില്ല. അതുകൊണ്ടാണ് ഉഷയും കൂട്ടുകാരികളും ഈ ഗ്രൂപ്പിന്റെ കൂടെ വന്നത്. (ഡോ. കുസുമ റിട്ടയേര്‍ഡ് പാതോളജി പ്രൊഫസറാണ്).
വേണുജി ഈ അഞ്ചംഗ സംഘത്തെ ലണ്ടനില്‍ വച്ചാണത്രെ പരിചയപ്പെട്ടത്. വിദേശത്തെത്തുമ്പോള്‍ നമ്മളെല്ലാവരും ഇന്ത്യക്കാരായി മാറും. കന്നഡയിലും ഇംഗ്ലീഷിലും മാറിമാറി സംസാരിച്ച്, പാര്‍ക്കിലിരുന്ന് ഇന്ത്യന്‍ ഭക്ഷണം കഴിക്കുന്ന ഈ ടീമിനെ വേണുജി അങ്ങോട്ടുചെന്ന് പരിചയപ്പെടുകയായിരുന്നു. താന്‍ ഒരു ടൂര്‍ ഓപ്പറേറ്ററാണെന്ന് സ്വയം പരിചയപ്പെടുത്തിയപ്പോള്‍, നിങ്ങളോടൊപ്പം ഏതെങ്കിലുമൊരു ടൂറിന് ഞങ്ങള്‍ക്കും വന്നാല്‍ കൊള്ളാം എന്ന് അവര്‍ ആഗ്രഹം പ്രകടിപ്പിച്ചു.
ബസവണ്ണയ്ക്ക് ഏക്കറുകണക്കിന് തെങ്ങിന്‍ തോപ്പുണ്ട് കര്‍ണ്ണാടകയില്‍. മഹാദേവ പേരെടുത്ത എഴുത്തുകാരനും സഞ്ചാരിയുമാണ് – പ്രധാനമായും തീര്‍ത്ഥയാത്രകള്‍.
സഹയാത്രികരെപ്പറ്റി പറയുമ്പോള്‍, അടിയോടി മാഷെപ്പറ്റിയും ലീലാമ്മ ടീച്ചറെപ്പറ്റിയും പറഞ്ഞേ മതിയാകൂ. പയ്യന്നൂരിനടുത്ത് വെള്ളോറ എന്ന ഗ്രാമത്തിലെ അദ്ധ്യാപക ദമ്പതികള്‍. കണക്കാണ് മാഷ്‌ടെ വിഷയം. ടീച്ചര്‍ മലയാളം അദ്ധ്യപികയും. മാഷ് ഒരു ‘സൂപ്പര്‍മാന്‍’ ആണെന്നാണ് എന്റെ അഭിപ്രായം. ഈ 84-ാം വയസ്സിലും രാവിലെ 4.30ന് ഉണര്‍ന്ന് തെങ്ങിന്‍ തോപ്പിലേക്ക് പോവുകയും, തൂമ്പയെടുത്തു കിളയ്ക്കുകയും, പച്ചക്കറി കൃഷി നടത്തുകയും, വേണ്ടിവന്നാല്‍ തെങ്ങില്‍ കയറി കരിക്ക് പറിക്കുകയും കിണറ്റിലിറങ്ങി നാട്ടുകാര്‍ക്ക് ബക്കറ്റ് തപ്പിയെടുത്തു കൊടുക്കുകയും, നിര്‍ദ്ധനരായ കുട്ടികള്‍ക്ക് സൗജന്യമായി ട്യൂഷനെടുക്കുകയും, പ്രിയതമയ്ക്ക് പച്ചക്കറി അരിഞ്ഞുകൊടുക്കുകയും ചെയ്യുന്ന അടിയോടി മാഷെ പിന്നെന്താണ് വിളിക്കേണ്ടത്? മാഷിന്റെ ‘നേരെ വാ, നേരെ പോ’ പ്രകൃതവും നീണ്ടു നിവര്‍ന്നുള്ള നടത്തവും കണ്ടപ്പോഴെല്ലാം, അദ്ധ്യാപകനായിരുന്ന എന്റെ പ്രിയപ്പെട്ട അച്ഛനെ ഓര്‍ത്തുപോയി.
അടിയോടി മാഷിന്റെ ഭാര്യ ലീലാമ്മടീച്ചര്‍ എണ്‍പതിനോടടുത്ത് എത്തിനില്‍ക്കുന്നുവെങ്കിലും നല്ല സുന്ദരിയാണ്. പതിഞ്ഞ പ്രകൃതം. നിഷ്‌ക്കളങ്കമായ ചിരി. ബസ്സില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും മാഷ് സ്‌നേഹപൂര്‍വ്വം ശാസിച്ചുകൊണ്ട് കൈത്താങ്ങ് നല്‍കും. ടീച്ചര്‍ സ്വയം രചിച്ച ഈശ്വരസ്തുതികള്‍ ഞങ്ങളെ പാടികേള്‍പ്പിക്കും. ടീച്ചര്‍ ദമ്പതികളുടെ മക്കളും മരുമക്കളും അദ്ധ്യാപനരംഗത്തുതന്നെ.
കര്‍ഷകനായ, സ്‌കൂളിന്റ പടി കാണാത്ത, ‘വയോജന’ത്തിന് സോദാഹരണം കണക്കു പഠിപ്പിക്കുകയായിരുന്നു അടിയോടി മാഷ്. മനക്കണക്കുചെയ്യാന്‍ മാഷ് പറഞ്ഞു ”ഒരു കിലോ അടക്കയ്ക്ക് 2 രൂപ വിലയാണെങ്കില്‍, ഒരു ക്വിന്റല്‍ അടയ്ക്കയുടെ വിലയെത്ര?” ഉടനെ വന്നു ഉത്തരം ”മാഷെ, അടയ്ക്കയ്ക്ക് രണ്ടുരൂപയല്ല വില. മാര്‍ക്കറ്റില് അതിനേക്കാളും കൂടുതല്‍ വിലകിട്ടും.” ഇങ്ങനത്തെ രസകരമായ അനുഭവങ്ങള്‍ മാഷ് യാത്രയ്ക്കിടയില്‍ പങ്കുവെച്ചു.
കടുങ്ങല്ലൂര്‍ ചാറ്റുകുളം മഹാദേവക്ഷേത്രത്തിലെ മുഖ്യ പൂജാരി നാരായണന്‍ നമ്പൂതിരി, അദ്ദേഹത്തിന്റെ ഭാര്യയുടെ സഹോദരി മേദിനി ടീച്ചര്‍, ഭര്‍ത്താവ് കൃഷ്ണന്‍ നമ്പൂതിരി മാഷ്, ഇവരുടെ ബന്ധു മഞ്ചേരിക്കാരന്‍ ശങ്കരനാരായണന്‍ (അനിയന്‍) എന്നിവര്‍ യാത്രയിലുടനീളം ഞങ്ങളോടൊപ്പം ഒരേ വാനിലാണ് യാത്ര ചെയ്തത്. അത് നല്ല സൗഹൃദത്തിലേക്ക് നയിക്കുകയും ചെയ്തു.
തിരുവനന്തപുരം സ്വദേശികള്‍ ഗോപകുമാറും ഭാര്യ മിനിയും, ശിവരാജന്‍ പിള്ളയും രണ്ടാമത്തെ വാനിലെ യാത്രികരായിരുന്നു. അവരെ പരിചയപ്പെടാന്‍ അധികം അവസരങ്ങള്‍ ലഭിച്ചില്ല. പറമ്പില്‍ ബസാറിലെ കുമാരന്‍, ഭാര്യ വത്സല കുമാരി, മൂവാറ്റുപുഴയ്ക്കടുത്ത കോലഞ്ചേരിയിലെ ഒരു കോളേജില്‍ ഇംഗ്ലീഷ് പ്രൊഫസറായ ഷിബു, പാലക്കാടുകാരന്‍ മധു എന്നിവരും ഞങ്ങളുടെ സഹയാത്രികരായിരുന്നു.
ഞങ്ങളുടെ ടീമിനും ടൂര്‍ ഓപ്പറേറ്റര്‍ക്കും വലിയൊരു ബാധ്യതയായി മാറിയ ഒരു സഹയാത്രികനെപ്പറ്റിയാണ് ഇനി പറയാന്‍ പോകുന്നത്. എക്‌സൈസ് വകുപ്പില്‍ നിന്നും റിട്ടയര്‍ ചെയ്ത അദ്ദേഹം ഒറ്റയ്ക്കാണ് വന്നിരിക്കുന്നത്. യാത്രയുടെ രണ്ടാംദിവസം തന്നെ അദ്ദേഹത്തെ കാണാതായി. എല്ലാവരും വിഷമിച്ചിരിക്കെ, ഫോണിന്റെ ചാര്‍ജര്‍ വാങ്ങാന്‍ പോയതാണ് എന്നു പറഞ്ഞ്, ഒരു ക്ഷമാപണം പോലും നടത്താതെ മുറിയിലേക്കുപോയി. രാത്രി മുഴുവന്‍ മുറിയില്‍ ലൈറ്റുകള്‍ ഓണ്‍ ചെയ്തു വയ്ക്കുക, ആ മുറിയിലെ അന്തേവാസി ബാത്ത്‌റൂമില്‍ പോകാന്‍ പുറപ്പെടുമ്പോള്‍ ഓടിപ്പോയി ബാത്ത്‌റൂമില്‍ കയറി വാതിലടയ്ക്കുക എന്നിവ അദ്ദേഹത്തിന്റെ ‘വിനോദങ്ങളില്‍’ ചിലതുമാത്രം. ബാക്കി വാര്‍ത്തകള്‍ വഴിയേ പറയാം. എക്‌സൈസ് വകുപ്പില്‍ ജോലി ചെയ്തിരുന്ന കാലത്ത് കേരളത്തിലെ എല്ലാ ജില്ലകളിലും ജോലി ചെയ്തിട്ടുണ്ടെന്നും, ഒരിടത്തുപോലും ഒരു വര്‍ഷത്തില്‍ കൂടുതല്‍ ‘ഇരുന്നിട്ടില്ലെ’ന്നും അദ്ദേഹം വീമ്പു പറഞ്ഞു. അതിന്റെ ‘ഗുട്ടന്‍സ്’ ഞങ്ങള്‍ക്ക് വൈകാതെ പിടികിട്ടി.
അങ്ങനെ, പലസ്ഥലത്തുനിന്നും വന്ന ഞങ്ങള്‍ ഒറ്റ ടീമായി മാറി – വേണുജി ഞങ്ങളുടെ ലീഡറുമായി.
(തുടരും)