കണ്ണൂരിലെ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം കേരളത്തിലെ പൊതുസമൂഹത്തിന് ഒരു പുതിയ തിരിച്ചറിവിന്റെ പാഠമാണ് നല്‍കുന്നത്. സിപിഎമ്മിന്റെ സ്ഥാപിത താല്പര്യങ്ങള്‍ക്കും ദുശ്ശാഠ്യങ്ങള്‍ക്കും അഴിമതികള്‍ക്കും വഴങ്ങാത്ത ഏതൊരു ഉദ്യോഗസ്ഥനും അഭിമുഖീകരിക്കേണ്ടിവരുന്ന അപമാനത്തിന്റെയും മാനനഷ്ടത്തിന്റെയും കൃത്യമായ സൂചന. ഇതുവരെ നടന്ന എല്ലാ അന്വേഷണങ്ങളിലും നൂറു ശതമാനം സത്യസന്ധനാണെന്ന് ബോധ്യപ്പെട്ട നവീന്‍ ബാബുവിനെ പെട്രോള്‍ പമ്പിന്റെ നിരാക്ഷേപ പത്രം നല്‍കാന്‍ നിര്‍ബന്ധിച്ചത് ആരാണ്? ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നടത്തിയ ശുപാര്‍ശയോട് അനുകൂലമായി പ്രതികരിക്കാത്തതാണല്ലോ ദിവ്യയെ പ്രകോപിപ്പിക്കാനും നവീന്‍ ബാബുവിനെ അധിക്ഷേപിക്കാനും വഴിയൊരുക്കിയത്. ആത്മഹത്യയാണെങ്കിലും കൊലപാതകമാണെങ്കിലും നവീന്‍ ബാബുവിന്റെ വേര്‍പാട് തകര്‍ത്തെറിഞ്ഞത് രണ്ടു പെണ്‍കുട്ടികളും അമ്മയും അടങ്ങിയ കുടുംബത്തിന്റെ നെടുംതൂണാണ്. അവരുടെ ജീവിതത്തിലുണ്ടായ കൊടിയ നഷ്ടം, ഇല്ലാതായ ആശ്രയത്തിന്റെ അത്താണി ഇവ തിരിച്ചുകൊടുക്കാന്‍ പി.പി. ദിവ്യക്കോ സിപിഎമ്മിനോ കഴിയുമോ? സിപിഎമ്മും പാര്‍ട്ടി സംസ്ഥാനനേതൃത്വവും ഈ സംഭവത്തില്‍ സ്വീകരിച്ചിട്ടുള്ള നിലപാടും പ്രസ്താവനകളും സമീപനവും പൊതുസമൂഹം ശക്തമായിത്തന്നെ വിലയിരുത്തേണ്ടതുണ്ട്.
ജില്ലാ കളക്ടര്‍ അധ്യക്ഷനായ ഒരു യോഗത്തിലേക്ക് ക്ഷണിക്കപ്പെടാതെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കയറിവരികയും യാത്രയയപ്പ് നല്‍കിക്കൊണ്ടിരുന്ന ഒരു ഉന്നത ഉദ്യോഗസ്ഥനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും അവര്‍ തന്നെ കൂട്ടിക്കൊണ്ടുവന്ന പ്രാദേശിക ചാനല്‍ വഴി ദൃശ്യങ്ങള്‍ ആ ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ നാട്ടില്‍വരെ പ്രചരിപ്പിക്കുകയും ഒക്കെ ചെയ്ത ദിവ്യയോട് പാര്‍ട്ടി അനുവര്‍ത്തിച്ച നയം എന്താണ്? ജനാധിപത്യത്തിനും രാഷ്ട്രീയമൂല്യങ്ങള്‍ക്കും ഉത്തരവാദിത്ത രാഷ്ട്രീയത്തിനും ഒക്കെ അനുസൃതമാണോ സിപിഎം ഇക്കാര്യത്തില്‍ അനുവര്‍ത്തിച്ചിട്ടുള്ള നിലപാട്? സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി ഉദയഭാനുവും ജില്ലാ നേതാക്കളും നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണ് എന്ന നിലപാടെടുത്തു എങ്കിലും കണ്ണൂര്‍ ജില്ലയിലെ സിപിഎം നേതൃത്വം പി.പി ദിവ്യക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഇത് സംബന്ധിച്ച് ചോദ്യം ഉയര്‍ന്നപ്പോള്‍ പാര്‍ട്ടിയുടെ അന്തിമനിലപാട് താന്‍ പറയുന്നതാണ് എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ അഭിപ്രായം. ഒരു പാവപ്പെട്ട മനുഷ്യനെ, ഉന്നത ഉദ്യോഗസ്ഥനെ വേട്ടപ്പട്ടിയെപ്പോലെ വേട്ടയാടി മാനസികമായി തകര്‍ത്തു പീഡിപ്പിച്ച് മരണത്തിന്റെ വഴിയിലേക്ക് തള്ളിവിട്ട പി.പി.ദിവ്യയെ സിപിഎം ഇപ്പോഴും സംരക്ഷിച്ചു നിര്‍ത്തുക യാണ്.
സംഭവം നടന്ന അടുത്തദിവസം തന്നെ കേസെടുത്തെങ്കിലും ആദ്യദിവസങ്ങളില്‍ ഇരിണാവിലെ വീട്ടില്‍ തന്നെയാണ് ദിവ്യ ഉണ്ടായിരുന്നത്. ദിവ്യയുടെ അറസ്റ്റ് ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം പ്രതിഷേധം ഉയരുകയും സാമൂഹ്യമാധ്യമങ്ങളില്‍ കേരള പോലീസ് പരിഹാസ കഥാപാത്രമായി മാറുകയും ചെയ്തപ്പോഴാണ് ദിവ്യ പയ്യന്നൂരിനടുത്തുള്ള പാര്‍ട്ടിഗ്രാമത്തിലെ വീട്ടിലേക്ക് മാറിയത്. ഈ സുരക്ഷിത സംവിധാനം ഒരുക്കിയത് സിപിഎം നേതൃത്വമാണ്. ദിവ്യ സ്ഥിരമായി തങ്ങളുടെ നിരീക്ഷണത്തില്‍ തന്നെയായിരുന്നു എന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ തലവന്‍ കൂടിയായ കണ്ണൂര്‍ പോലീസ് കമ്മീഷണര്‍ ദിവ്യയുടെ കീഴടങ്ങലിനുശേഷം മാധ്യമങ്ങളോട് പറഞ്ഞത്. ദിവ്യ എവിടെയുണ്ടെന്ന് പോലീസിന് അറിയാമായിരുന്നുവെങ്കില്‍ അവരെ അറസ്റ്റ് ചെയ്യാന്‍ എന്തായിരുന്നു നിയമപരമായ തടസ്സം? മുന്‍കൂര്‍ ജാമ്യത്തിനുള്ള അപേക്ഷ പരിഗണിച്ച തലശ്ശേരി സെഷന്‍സ് കോടതി ദിവ്യയുടെ അറസ്റ്റ് തടഞ്ഞിരുന്നില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ എത്രയോ കേസുകളില്‍ പോലീസ് നേരത്തെ പ്രതികളെ അറസ്റ്റ് ചെയ്ത സംഭവം ഉണ്ടായിട്ടുണ്ട്. പ്രതി എവിടെയാണെന്ന് അറിവുണ്ടായിട്ടു അവര്‍ നിരീക്ഷണത്തിലായിരുന്നിട്ടും അറസ്റ്റ് ചെയ്യാതിരുന്നത് കേരള പോലീസിന്റെ ശുഷ്‌കാന്തിയും വീര്യവും എടുത്തു കാട്ടുന്നതാണ്. ഇത്രയും ഗുരുതരമായ ഒരു കേസില്‍പോലും പാര്‍ട്ടി നേതൃത്വത്തെ ഭയന്ന് പ്രതിയെ അറസ്റ്റ് ചെയ്യാതിരുന്ന കണ്ണൂര്‍ പോലീസിന് എന്തു പുരസ്‌കാരം നല്‍കി ആദരിക്കണം! ‘മൃദു ഭാവേ ദൃഢ കൃത്യേ’ എന്നതിനു പകരം ‘മൃത ചിത്തേ അടിമ ഭാവേ’ എന്നതാണ് കേരള പോലീസിന് ഉചിതമായ മുദ്രാവാക്യം. അത്രത്തോളം ദാര്‍ഢ്യമില്ലാത്ത, മൂല്യമില്ലാത്ത സംവിധാനമായി, ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ ചട്ടുകമായി കേരള പോലീസ് അധ:പതിച്ചിരിക്കുന്നു.
പി.പി.ദിവ്യയെ അറസ്റ്റ് ചെയ്തതുപോലും ഒരു നാടകം മാത്രമായിരുന്നു. കണ്ണൂരിലെ കണ്ണപുരത്തുവെച്ച് താന്‍ വന്ന കാറില്‍നിന്ന് ഇറങ്ങി പോലീസ് ജീപ്പില്‍ കയറിയ ദിവ്യയെ എങ്ങനെയാണ് പോലീസ് അറസ്റ്റ് ചെയ്തു എന്ന് പറയുന്നത്? കീഴടങ്ങലിന്റെ ഭാഗമായി പാര്‍ട്ടി നിര്‍ദ്ദേശമനുസരിച്ച് ഒരുക്കിയ ഒരു നാടകത്തിലെ തങ്ങളുടെ ഭാഗം കേരള പോലീസ് ഭംഗിയായി അഭിനയിച്ചു. അറസ്റ്റിലായ ദിവ്യയെ ആശുപത്രിയില്‍ കൊണ്ടുവരുമ്പോഴും മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കുമ്പോഴും കണ്ണൂര്‍ വനിതാജയിലിലേക്ക് അയക്കുമ്പോഴും ഒക്കെ മാധ്യമങ്ങളുടെ ക്യാമറക്കണ്ണു വെട്ടിക്കാന്‍ കേരള പോലീസ് സ്വീകരിച്ച നടപടികള്‍ അന്തസ്സുള്ള, അഭിമാനമുള്ള ഒരു പോലീസ് സേനയ്ക്ക് ഭൂഷണമാണോ എന്ന് സിവില്‍ പോലീസ് ഓഫീസര്‍ മുതല്‍ പോലീസ് മേധാവി വരെയുള്ള മുഴുവന്‍ സേനാവിഭാഗവും ആലോചിക്കണം. 14 ദിവസത്തേക്കാണ് ദിവ്യയെ റിമാന്‍ഡ് ചെയ്തത്. ദിവ്യയ്ക്കുവേണ്ടി സുരക്ഷ ഒരുക്കാനും കവചം തീര്‍ക്കാനും മാധ്യമങ്ങളുടെ കണ്ണുവെട്ടിക്കാനും ഒക്കെ നടത്തിയ ശ്രമങ്ങള്‍ മാത്രം മതി ഈ കേസില്‍ പോലീസും ഭരണസംവിധാനവും എവിടെയാണെന്ന് ബോധ്യപ്പെടാന്‍. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ദിവ്യയെ മാറ്റിയെങ്കിലും പാര്‍ട്ടി നേതൃത്വത്തില്‍ നിന്നോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ അവര്‍ വഹിച്ചിരുന്ന മറ്റു പദവികളില്‍ നിന്നോ ഇതുവരെ അവരെ നീക്കിയിട്ടില്ല. പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പുകളില്‍ ജനവികാരം സര്‍ക്കാരിനെതിരാകാതിരിക്കാന്‍ വേണ്ടി നടത്തുന്ന ഒരു കളി മാത്രമാണ് ഇപ്പോഴത്തെ അറസ്റ്റ് നാടകവും ജയിലില്‍ അയക്കലും ഒക്കെ. അതിനപ്പുറത്തേക്കുള്ള ആത്മാര്‍ത്ഥതയൊന്നും പോലീസ് നടപടികളില്‍ ഇല്ല. സിപിഎമ്മുമായി ബന്ധമുള്ളവര്‍ ചെയ്യുന്ന എന്ത് തെറ്റും അംഗീകരിക്കപ്പെടുകയും പാര്‍ട്ടി അവര്‍ക്ക് കവചം ഒരുക്കുകയും സംരക്ഷണസംവിധാനം ഒരുക്കുകയും ചെയ്യുമ്പോള്‍ നഷ്ടമാകുന്നത് ഒരു ജനാധിപത്യരാഷ്ട്രത്തിലെ സ്വതന്ത്രവും നിഷ്പക്ഷവുമായ പോലീസ് സംവിധാനത്തിലുള്ള പ്രതീക്ഷയാണ്.
പിണറായി വിജയന്‍ അധികാരത്തില്‍ എത്തിയതിനുശേഷം ഇന്നുവരെ ഉണ്ടായ ഇത്തരം സംഭവങ്ങളിലെല്ലാം ഭരണകൂടവും പോലീസും എല്ലാംതന്നെ ഇരകള്‍ക്കൊപ്പമായിരുന്നില്ല, വേട്ടക്കാര്‍ക്കൊപ്പമായിരുന്നു. മാത്രമല്ല, വേട്ടക്കാരെ പരിരക്ഷിക്കുകയും കൂടെ നിര്‍ത്തുകയും ചെയ്ത സംഭവങ്ങള്‍ മാത്രമേ സിപിഎമ്മിനെ കുറിച്ച് പറയാന്‍ കഴിയൂ. ആന്തൂരിലെ വ്യവസായിയുടെ ആത്മഹത്യ ആയാലും പുനലൂരിലെ വര്‍ക്ക്‌ഷോപ്പില്‍ കൊടികുത്തിയ സംഭവമായാലും മിക്ക സംഭവങ്ങളിലും വേട്ടക്കാര്‍ക്കുവേണ്ടി ഭരണസംവിധാനവും ഉദ്യോഗസ്ഥവിന്യാസവും ഒക്കെത്തന്നെ മാറ്റിമറിച്ചിരുന്നത് ഇവര്‍ തന്നെയാണ്. സ്വതന്ത്രവും നിഷ്പക്ഷവുമായ ഭരണസംവിധാനമാണ് ഐഎഎസ് ഉദ്യോഗസ്ഥനായ കളക്ടറില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ആര്‍ക്കും വഴങ്ങാതെ സത്യത്തിനും നീതിക്കും മാത്രം വഴങ്ങിക്കൊണ്ട് പൊതുജനക്ഷേമത്തിനും താല്പര്യത്തിനും അനുസരിച്ച് ഭരണം നടത്താനുള്ള ബാധ്യതയാണ് കളക്ടര്‍ക്കുള്ളത്. എന്നാല്‍ കണ്ണൂര്‍ കളക്ടര്‍ അരുണ്‍ വിജയന്‍ ഇന്ന് സിപിഎമ്മിന്റെ ചരടുവലിക്കൊത്ത് പ്രവര്‍ത്തി ക്കുകയാണ്. ദിവ്യയുടെ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളുകയും അവര്‍ അപ്പീലിനായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്യുമ്പോള്‍ മേല്‍ക്കോടതിയില്‍ നിന്ന് ജാമ്യം കിട്ടാന്‍ കഴിയുംവിധം കളക്ടര്‍ നിലപാട് സ്വീകരിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്.
നവീന്‍ ബാബു മരിച്ച് രണ്ടാഴ്ച പിന്നിട്ടപ്പോഴാണ് തനിക്ക് തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞതായി കളക്ടര്‍ പറയുന്നത്. നവീന്‍ ബാബുവിന്റെ മരണം ഉണ്ടായി ഇത്രയും ദിവസവും ഒരു വേദിയിലും പറയാത്ത ഒരുകാര്യം കളക്ടര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് സിപിഎം നേതൃത്വത്തിന്റെയോ മുഖ്യമന്ത്രിയുടെ ഓഫീസിന്റെയോ അല്ലെങ്കില്‍ ഉപജാപകസംഘത്തിന്റെയോ നിര്‍ദ്ദേശം അനുസരിച്ചായിരിക്കും എന്ന് ഊഹിക്കാന്‍ ആര്‍ക്കും കഴിയും. കേരളത്തിലെ പോലീസ് സംവിധാനം മാത്രമല്ല, ഭരണസംവിധാനവും ഈ തരത്തില്‍ പാര്‍ട്ടിയുടെ ചരട് വലിക്കൊത്ത് ആടിക്കളിക്കുന്ന രീതിയിലേക്കു മാറിയിരിക്കുന്നു. നവീന്‍ ബാബു അഴിമതിക്കാരനാണെങ്കില്‍, അഴിമതി ചെയ്തിട്ടുണ്ടെങ്കില്‍ അത് തിരുത്താനും നടപടി സ്വീകരിക്കാനും അധികാരം ഉണ്ടായിരുന്ന അരുണ്‍ വിജയന്‍ അക്കാലത്തൊക്കെ അവിടെ എന്ത് ചെയ്യുകയായിരുന്നു? നവീന്‍ ബാബു മരിക്കുമെന്ന് കരുതിയില്ല എന്ന പ്രതിരോധമാണ് ഇപ്പോള്‍ ദിവ്യയും അവരെ പിന്തുണയ്ക്കുന്നവരും സ്വീകരിച്ചിട്ടുള്ളത്. ഒരുപക്ഷേ, അദ്ദേഹം മരിച്ചിട്ടില്ലായിരുന്നുവെങ്കില്‍ ദിവ്യ സ്വീകരിച്ച നടപടികള്‍ക്ക് ഫലം എന്താകുമായിരുന്നു. ഇതുവരെ കൈക്കൂലി വാങ്ങാത്ത, സത്യസന്ധനും കഠിനാധ്വാനിയുമായ ഉദ്യോഗസ്ഥന്‍, നിയമമനുസരിച്ച് ചട്ടപ്രകാരം മാത്രം കാര്യങ്ങള്‍ ചെയ്യണമെന്ന് ശഠിക്കുമ്പോള്‍ പാര്‍ട്ടി പറയുന്നത് ചെയ്താല്‍ മതിയെന്ന്, അതുമാത്രം അനുസരിച്ചാല്‍ മതിയെന്ന് ഒരു ഉന്നത രാഷ്ട്രീയനേതാവ് കല്‍പ്പിച്ചാല്‍ അത് കേള്‍ക്കാനുള്ള ബാധ്യത ഒരു ഉദ്യോഗസ്ഥന് ഉണ്ടോ? കേരളത്തിലും കേന്ദ്രത്തിലും നേരത്തെ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കല്‍ക്കരിക്കേസില്‍ മന്ത്രിയുടെ വാക്കാലുള്ള ഉത്തരവനുസരിച്ച് നടപടിയെടുത്ത സത്യസന്ധനായ ഉദ്യോഗസ്ഥന്‍ ജയിലില്‍ പോകേണ്ടിവന്നതും അതിനെ ചൊല്ലി ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഉണ്ടായ വലിയ ചര്‍ച്ചയും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്.
എസ്.എന്‍.സി ലാവലിന്‍ കേസില്‍ കേരള കേഡറിലെ ഏറ്റവും സത്യസന്ധനായ ഉദ്യോഗസ്ഥന്‍ വി.രാജഗോപാലും ബാംഗ്ലൂരിലെ ആക്‌സില്‍സ് ആന്റ് വീല്‍സിന് അന്നത്തെ വൈദ്യുതിമന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയുടെ നിര്‍ദ്ദേശമനുസരിച്ച് വൈദ്യുതി മറിച്ചുവിറ്റ സംഭവത്തില്‍ ചര്‍ച്ച നടത്താന്‍ പോയ ഊര്‍ജ്ജവകുപ്പ് സെക്രട്ടറിയും സത്യസന്ധനുമായ ജി.ഗോപാലകൃഷ്ണപിള്ളയും കുടുങ്ങിയത് ഓര്‍മ്മയുണ്ടാകണം. നരേന്ദ്രമോദി അധികാരത്തില്‍ വന്നശേഷം ആദ്യം കൊടുത്ത ഉത്തരവ് സിവില്‍സര്‍വീസ് ഉദ്യോഗസ്ഥരാരും തന്നെ വാക്കാലുള്ള ഉത്തരവ് അനുസരിക്കരുത് എന്നായിരുന്നു. മന്‍മോഹന്‍സിംഗിന്റെ കാലത്ത് യുപിഎ ചെയര്‍പേഴ്‌സന്റെ വീട്ടില്‍ നിന്ന് ടെലിഫോണില്‍ നല്‍കുന്ന നിര്‍ദ്ദേശം അനുസരിച്ചാണ് വന്‍കിട ക്രയവിക്രയങ്ങളും പ്രതിരോധ ഇടപാടുകള്‍ പോലും നടന്നിരുന്നത് എന്നത് പരസ്യമായ രഹസ്യമാണ്. ടുജി മുതല്‍ അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് വരെയുള്ള ഓരോ കേസുകളിലും വകുപ്പ് മന്ത്രിമാര്‍പോലും അറിയാതെയാണ് ഇത്തരം വന്‍ അഴിമതികളും കൊള്ളകളും നടന്നിരുന്നത്. ഏതാണ്ട് അതേ സംവിധാനമാണ് ഇന്ന് കേരളത്തില്‍ നടക്കുന്നത്. പാര്‍ട്ടിക്കുവേണ്ടിയും പാര്‍ട്ടിയിലെ ഉന്നതര്‍ക്ക് വേണ്ടിയും നടത്തുന്ന ഇടപാടുകളും അതിന് വെള്ളപൂശാനും അരങ്ങൊരുക്കാനും നടക്കുന്ന പോലീസും സിവില്‍ സര്‍വീസും എന്ന അനാശാസ്യ സംവിധാനത്തിലേക്ക് കേരളത്തിലെ ഭരണം കൂപ്പുകുത്തിയിരിക്കുന്നു. ജീവിതം മുഴുവന്‍ സിപിഎം സംവിധാനത്തോടൊപ്പം നില്‍ക്കുകയും പാര്‍ട്ടിക്ക് വേണ്ടി മാത്രം ജീവിതം ഉഴിഞ്ഞുവെക്കുകയും ചെയ്ത നവീന്‍ ബാബുവിന്റെ കുടുംബക്കാരും സുഹൃത്തുക്കളും അടങ്ങിയ പത്തനംതിട്ടയിലെ സിപിഎം പ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ ആര്‍ക്കൊപ്പമാണ്? ദിവ്യയെ സംരക്ഷിക്കുന്ന പാര്‍ട്ടി സംവിധാനത്തോട് മറുത്ത് എന്തെങ്കിലും പറയാനോ നിലപാട് എടുക്കാനോ കഴിയാത്ത ഈ ഗതികെട്ട രാഷ്ട്രീയത്തിനൊപ്പം എത്രകാലം തുടരാനാകും. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പുറത്താക്കി പിണറായി വിജയന് അധികാരത്തിലേറാന്‍ വേണ്ടി അന്ന് ഇടതുമുന്നണിയുടെ പി.ആര്‍.ഏജന്‍സികള്‍ രൂപപ്പെടുത്തിയ പഴയ മുദ്രാവാക്യം എല്‍ഡിഎഫ് വരും എല്ലാം ശരിയാകും എന്നതായിരുന്നു. കേരളത്തിലെ പൊതുസമൂഹം ഇന്ന് ആ മുദ്രാവാക്യത്തിന് ബദല്‍ മുദ്രാവാക്യം സൃഷ്ടിച്ചിരിക്കുന്നത്. എല്‍ഡിഎഫ് പോകും എല്ലാം ശരിയാകും എന്നതാണ് അത്.
കേരളത്തിലെ സാധാരണക്കാരില്‍ സാധാരണക്കാരായ പൊതുജനങ്ങള്‍ക്ക് ഈ ഭരണകൂടത്തിലുള്ള എല്ലാ പ്രതീക്ഷകളും നഷ്ടമായിരിക്കുന്നു. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും പിന്‍വാതില്‍ നിയമനത്തിന്റെയും കൈക്കൂലിയുടെയും കരിമണല്‍ മുതല്‍ ഡാറ്റ ചോര്‍ച്ച വരെയുള്ള കമ്മീഷന്‍ ഇടപാടുകളുടെയും ഒക്കെ താവളമായി, ജീര്‍ണ്ണതയുടെ മുഖമായി സംസ്ഥാന ഭരണകൂടവും സിപിഎമ്മും മാറിയിരിക്കുന്നു. ഇതൊക്കെ കണ്ടാലും കേട്ടാലും പാര്‍ട്ടിക്കുവേണ്ടി മാത്രം ജീവിക്കുന്ന കുറച്ച് അടിമകള്‍ മാത്രമാണ് ഇന്ന് സംസ്ഥാന സര്‍ക്കാരിന് ഒപ്പമുള്ളത്. നവീന്‍ ബാബുവിന്റെ കുടുംബമടക്കം മലയാലപ്പുഴയിലെ പാര്‍ട്ടിനിരയില്‍ ഉണ്ടായിട്ടുള്ള അഭിപ്രായവ്യത്യാസവും നയവ്യതിയാനവും കേരളത്തിലെ പൊതുസമൂഹം ഏതുവഴിക്ക് ചിന്തിക്കുന്നു എന്നതിന്റെ സൂചന കൂടിയാണ്. അല്പമെങ്കിലും അന്തസ്സ് ബാക്കിയുണ്ടെങ്കില്‍ രാജിവെച്ച് ജനഹിതം അറിയാന്‍ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള മാന്യതയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കാട്ടേണ്ടത്.