ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്നുനീങ്ങുകയും ആക്രമിക്കാന്‍ വന്നവരുടെ മുന്നില്‍നിന്ന് ‘പ്രത്യേക ഏക്ഷനില്‍’ രക്ഷപ്പെടുകയും ചെയ്തു എന്നൊക്കെ വീരവാദം പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ വിവാദങ്ങളില്‍ നിന്നെല്ലാം ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് കാണുന്നത്. മാത്രമല്ല, പറഞ്ഞ കാര്യങ്ങള്‍ മാറ്റിപ്പറയുകയും നിഷേധിക്കുകയും ചെയ്യുന്ന അവസരവാദ രാഷ്ട്രീയത്തിന്റെ അപ്പോസ്തലനായി പിണറായി മാറിയിരിക്കുന്നു. പറഞ്ഞ വാക്കില്‍ ഉറച്ചുനില്‍ക്കാന്‍ നട്ടെല്ലിന് ഉറപ്പില്ലാത്ത ഒരു നാലാംകിട രാഷ്ട്രീയക്കാരന്‍ മാത്രമായി കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ:പതിച്ചിരിക്കുന്നു.
എല്‍.ഡി.എഫ് വരും എല്ലാം ശരിയാകും എന്ന 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ മുദ്രാവാക്യം മുതല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ഉറപ്പാണ് എല്‍ഡിഎഫ് എന്ന മുദ്രാവാക്യം വരെ രൂപപ്പെടുത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ പി.ആര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്ന ഏജന്‍സികള്‍ തന്നെയായിരുന്നു. ഇപ്പോള്‍ മലക്കം മറിയുന്ന മുഖ്യമന്ത്രി പറയുന്നത് സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഒരു പി.ആര്‍ ഏജന്‍സിയുടെ സേവനവും ഇല്ലെന്നാണ്. ഒരു പി.ആര്‍ ഏജന്‍സിയെയും തന്റെ വാര്‍ത്താസമ്മേളനങ്ങള്‍ക്കായി ഏര്‍പ്പെടുത്തുകയോ ഉപയോഗപ്പെടുത്തുകയോ ചെയ്തിട്ടില്ല എന്നാണ് പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി ഘോരഘോരം വാദിച്ചത്. പക്ഷേ, ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിനുശേഷം സപ്തംബര്‍ 21 ലെ വാര്‍ത്താസമ്മേളനത്തിലെ ഒരു ഭാഗം കൂടി ഉള്‍പ്പെടുത്താന്‍ പി.ആര്‍ ഏജന്‍സിയാണ് ആവശ്യപ്പെട്ടതെന്ന് ഇംഗ്ലീഷ് ദിനപത്രം വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും മുഖ്യമന്ത്രിയുടെയും അനുവാദമോ സമ്മതമോ ഇല്ലാതെ മുഖ്യമന്ത്രിയുടെ പേരില്‍ അഭിമുഖത്തില്‍ ഒരു ഭാഗം കൂട്ടിച്ചേര്‍ക്കാന്‍ സ്വകാര്യ പി ആര്‍ ഏജന്‍സിക്ക് അനുവാദം നല്‍കിയത് ആരാണ്? കേരളത്തില്‍ എന്നല്ല ഭാരതത്തില്‍ ഒരു സംസ്ഥാനത്തിലും ഒരു മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലോ അഭിമുഖത്തിലോ ഒരു ഭാഗം കൂട്ടിച്ചേര്‍ക്കാന്‍ അധികാരം ഒരു സ്വകാര്യ ഏജന്‍സിക്ക് എങ്ങനെയാണ് നല്‍കിയത്. അഭിമുഖം നല്‍കിയ ഇംഗ്ലീഷ് ദിനപത്രവും മറ്റു മാധ്യമപ്രവര്‍ത്തകരും ഏജന്‍സി നല്‍കിയ വാര്‍ത്താക്കുറിപ്പിന്റെ കാര്യവും അവരുടെ സാന്നിധ്യവും അഭിമുഖങ്ങള്‍ക്ക് വേണ്ടി വിവിധ പത്രമാധ്യമങ്ങളെ അവര്‍ കണ്ട കാര്യം വ്യക്തമായി ചൂണ്ടിക്കാട്ടുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്‍ പി.ആര്‍ ഏജന്‍സികളുടെ സാന്നിധ്യം നിഷേധിക്കുന്നത് പ്രതിച്ഛായ സംരക്ഷിക്കാന്‍ വേണ്ടിയാണ് എന്നതില്‍ സംശയമില്ല.
പി.വി.അന്‍വര്‍ എംഎല്‍എ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ആരോപണമുന്നയിച്ച് പരസ്യമായി രംഗത്തുവരികയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും പൊളിറ്റിക്കല്‍ സെക്രട്ടറിയേയും അഡീഷണല്‍ ഡിജിപി എം. ആര്‍. അജിത് കുമാറിനെയും പ്രതിക്കൂട്ടില്‍ ആക്കിയപ്പോള്‍ ആദ്യം മുഴുവന്‍ നിസ്സഹായതയും നിസ്സംഗതയും മൗനവും മുഖമുദ്രയാക്കിയ പിണറായി അവസാനം അന്‍വറിന്റെ ഇടപാടുകളെ കുറിച്ച് തുറന്നുപറഞ്ഞു. സ്വര്‍ണ്ണക്കടത്തും സ്വര്‍ണ്ണക്കടത്ത് പൊട്ടിക്കലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും അടക്കം യുഡിഎഫ് സംസ്‌കാരത്തിലൂടെ രാ ഷ്ട്രീയ രംഗത്ത് വന്നയാളാണ് അന്‍വര്‍ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രധാന വാദമുഖം. അതിനോടൊപ്പം വര്‍ഷങ്ങളായി മാധ്യമങ്ങളും ദേശീയപ്രസ്ഥാനങ്ങളും തുറന്നുകാണിച്ചിരുന്ന ഒരു കണക്കും മുഖ്യമന്ത്രി ഉദ്ധരിച്ചിരുന്നു. ‘മൂന്നുവര്‍ഷത്തിനിടെ കേരളത്തില്‍ ആകെ 147.79 കിലോ സ്വര്‍ണം പിടിച്ചതില്‍ മലപ്പുറത്ത് മാത്രം പിടിച്ചത് 124.47 കിലോയാണ്. 2020 മുതല്‍ സംസ്ഥാനത്താകെ 122.5 കോടിയുടെ പണം പിടിച്ചതില്‍ 87.22 കോടി മലപ്പുറത്തുനിന്നാണ്. കരിപ്പൂര്‍ വിമാനത്താവളം വഴി വലിയതോതില്‍ ഇവ വരുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്വര്‍ണ്ണം, മയക്കുമരുന്ന്, കള്ളപ്പണം എന്നിവ കടത്തുന്നത് നാടിനെതിരായ കുറ്റകൃത്യമാണ്’ഇതായിരുന്നു മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ഈ ഭാഗം കൂടി അഭിമുഖത്തില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടി ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്ത് അയച്ചത് പി.ആര്‍ ഏജന്‍സി ആയിരുന്നു. അവര്‍ പരിഭാഷപ്പെടുത്തിയപ്പോള്‍ വിമാനത്താവളം എന്ന വാക്ക് വിട്ടു പോവുകയും മലപ്പുറം എന്ന വാക്ക് മാത്രം വരികയും ചെയ്തു. ആശയപരമായി തെറ്റില്ലെങ്കിലും മലപ്പുറം എന്ന നാടിനെ അപമാനിക്കുന്ന രീതിയിലുള്ള പരാമര്‍ശം ആണ് ഉണ്ടായതെന്ന് പ്രതിപക്ഷവും അന്‍വറും അടക്കം നിലപാടെടുത്ത് രംഗത്ത് വന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കളം മാറ്റി ചവിട്ടുകയായിരുന്നു.
മുഖ്യമന്ത്രിയുടെ അഭിമുഖത്തില്‍ പി.ആര്‍ ഏജന്‍സിയുടെ ഇടപെടല്‍ ഉണ്ടായെന്ന അനൗദ്യോഗിക വിശദീകരണത്തിലൂടെ സംഭവത്തില്‍നിന്ന് തലയൂരാന്‍ ആയിരുന്നു സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും ആദ്യശ്രമം. അതുകൊണ്ടുതന്നെ പി.ആര്‍ ഏജന്‍സിയുടെ സാന്നിധ്യം ഔദ്യോഗികമായി മുഖ്യമന്ത്രി നിഷേധിച്ചില്ല. സിപിഎം പി.ബി അംഗം എ.വിജയരാഘവനും മരുമകന്‍ മന്ത്രി റിയാസും ഇക്കാര്യത്തില്‍ ഉറച്ച നിലപാട് സ്വീകരിച്ചില്ല. പി.ആര്‍ ഏജന്‍സിയുടെ സേവനം തേടിയെങ്കില്‍ അതില്‍ എന്താണ് തെറ്റ് എന്ന് ചോദ്യമാണ് വിജയരാഘവന്‍ മാധ്യമങ്ങളോട് ഉയര്‍ത്തിയത്. പി.ആര്‍ ഏജന്‍സി എന്നാല്‍ രാജ്യദ്രോഹം നടത്തുന്നവരല്ലെന്നും സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് അവരെ ഉപയോഗപ്പെടുത്താം എന്നുമുള്ള നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. അതേസമയം മുഖ്യമന്ത്രിക്ക് അഭിമുഖം നല്‍കാന്‍ പി.ആര്‍ ഏജന്‍സിയുടെ ആവശ്യമുണ്ടോ എന്നതായിരുന്നു മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം.
ഇംഗ്ലീഷ് ദിനപത്രത്തിന് അഭിമുഖം നല്‍കുമ്പോള്‍ റിലയന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള പി.ആര്‍ ഏജന്‍സിയായ കെയ്‌സന്‍ എന്ന കമ്പനിയുടെ ഉദ്യോഗസ്ഥനും മലയാളിയുമായ ടി. ഡി. സുബ്രഹ്മണ്യന്‍ ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ അഭിമുഖം സംബന്ധിച്ച് ദില്ലിയിലെ ദേശീയ ദിനപത്രങ്ങളെ ബന്ധപ്പെട്ടത് കെയ്‌സന്റെ ഉദ്യോഗസ്ഥനായ ടി.ഡി.സുബ്രഹ്മണ്യന്‍ തന്നെയായിരുന്നു എന്നാണ് മാധ്യമപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. ഹരിപ്പാട്ടെ മുന്‍ എംഎല്‍എയും കയര്‍ഫെഡ് ചെയര്‍മാനുമായ ടി.കെ.ദേവകുമാറിന്റെ മകനാണ് സുബ്രഹ്മണ്യന്‍. രാഷ്ട്രീയ നിരീക്ഷകനും തിരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിനോടൊപ്പം നേരത്തെ പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് ഈ മുന്‍ എസ്എഫ്‌ഐ നേതാവ്. അന്‍വറിന്റെ ആരോപണങ്ങളെ തുടര്‍ന്ന് നഷ്ടമായ പ്രതിച്ഛായ വീണ്ടെടുക്കാനും അന്‍വറിന് മറുപടി പറയാനും ദേശീയതലത്തില്‍ മാധ്യമങ്ങളില്‍ പുതിയ പ്രതിച്ഛായ സൃഷ്ടിക്കാനുമാണ് മാധ്യമങ്ങളുമായുള്ള അഭിമുഖവും പത്രസമ്മേളനങ്ങളും ഒക്കെ ഏര്‍പ്പെടുത്തിയത്. ചക്കിന് വച്ചത് കൊക്കിന് കൊണ്ടു എന്ന് പറയുന്നതുപോലെ ഇപ്പോള്‍ തള്ളിക്കളയാന്‍ പറ്റാത്ത ഊരാക്കുടുക്കായി അഭിമുഖവും പത്രസമ്മേളനവും മാറി എന്നതാണ് പുതിയ പ്രതിസന്ധി. മുഖ്യമന്ത്രിയുടെ അഭിമുഖം ഇംഗ്ലീഷ് ദിനപത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ നിന്ന് പിന്‍വലിപ്പിക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടപ്പോഴാണ് അഭിമുഖം തെറ്റാണെന്നും അത് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് പ്രസ് സെക്രട്ടറി ഇംഗ്ലീഷ് പത്രത്തിന്റെ പത്രാധിപര്‍ക്ക് കത്ത് നല്‍കിയത്. തങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് തുറന്നു സമ്മതിച്ച ഇംഗ്ലീഷ് ദിനപത്രം പി.ആര്‍ ഏജന്‍സിയുടെ സാന്നിധ്യവും ഇടപെടലും തുറന്നു സമ്മതിച്ചു. എന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ ഏജന്‍സിയുമായി യാതൊരു ബന്ധവുമില്ല എന്നാണ് അവകാശപ്പെടുന്നത്. കെയ്‌സണ്‍ എന്ന സ്ഥാപനത്തില്‍ മാവെന്‍ എന്ന കമ്പനി വഴി 76 ശതമാനം ഓഹരി പങ്കാളിത്തം റിലയന്‍സിന് ഉണ്ടെന്നാണ് വാര്‍ത്താമാധ്യമങ്ങള്‍ തന്നെ പറയുന്നത്. റിലയന്‍സിന്റെ സീനിയര്‍ മാനേജര്‍ പദവിയിലാണ് ടി.ഡി.സുബ്രഹ്മണ്യന്‍ പ്രവര്‍ത്തിക്കുന്നത്. സിപിഎമ്മിന്റെ സംസ്ഥാന-ദേശീയ നേതൃത്വവുമായി അടുത്തബന്ധമുള്ള സുബ്രഹ്മണ്യന്‍ ആണ് പി.ആര്‍ ഏജന്‍സിയെ ബന്ധപ്പെടുത്തിയതെന്നാണ് സൂചന. മുഖ്യമന്ത്രിയുമായുള്ള ഇംഗ്ലീഷ് പത്രത്തിന്റെ അഭിമുഖം നടത്തുമ്പോള്‍ കെയ്‌സന്‍ കമ്പനിയുടെ സി.ഇ.ഒ വിനീത് ഹണ്ടയും സുബ്രഹ്മണ്യനൊപ്പം അഭിമുഖം നടത്തിയ മുറിയില്‍ ഉണ്ടായിരുന്നു.
പത്രസമ്മേളനത്തിന് തയ്യാറാക്കിയ കുറിപ്പ് മുഖ്യമന്ത്രിയുടെ ഓഫീസ് പി.ആര്‍ ഏജന്‍സിക്ക് കൈമാറിയിരുന്നു. പത്രസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ കൂടി അഭിമുഖത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഇംഗ്ലീഷ് ദിനപത്രത്തിന്റെ ലേഖികയോട് ആവശ്യപ്പെട്ടതും അയച്ചുകൊടുത്തതും സുബ്രഹ്മണ്യന്‍ ആയിരുന്നത്രെ. ഇത് വിവാദമായപ്പോഴാണ് പി.ആര്‍ ഏജന്‍സിയെ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന വിശദീകരണവുമായി മുഖ്യമന്ത്രിയും ഓഫീസും മലക്കം മറിഞ്ഞത്. ഇതിനിടെ സ്വര്‍ണ്ണക്കടത്തിനെതിരെ ശക്തമായ നടപടിയെടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ വിദേശത്ത് ശൃംഖലകള്‍ ഉള്ള മാഫിയകള്‍ ഫണ്ട് ഇറക്കുകയാണെന്ന് ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരു ഏജന്‍സി വഴി തന്നെ വാര്‍ത്ത കുറിപ്പ് ലഭിച്ചിരുന്നു. ചില മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കുകയും ചെയ്തു. കേരള മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ക്ക് കാരണം സ്വര്‍ണ്ണ മാഫിയയ്‌ക്കെതിരായ നടപടികള്‍ എന്ന തലക്കെട്ടില്‍ ആയിരുന്നു വാര്‍ത്താക്കുറിപ്പ്. ഹവാല പണത്തിന്റെ വലിയൊരു പങ്ക് നിരോധിത സംഘടനകളില്‍ എത്തിയെന്നും കൂടുതലും മലപ്പുറത്താണെന്നും ഈ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയെയും കുടുംബത്തെയും സ്വര്‍ണ്ണക്കടത്തുമായി നേരിട്ട് ബന്ധപ്പെടുത്താന്‍ ശ്രമം നടക്കുന്നു എന്ന് പറഞ്ഞാണ് വാര്‍ത്താക്കുറിപ്പ് ആരംഭിക്കുന്നത് തന്നെ. കേരളത്തിലും വിദേശത്തും പ്രത്യേകിച്ച് യുഎഇയിലും ശൃംഖലകള്‍ ഉള്ള മാഫിയകള്‍ സര്‍ക്കാര്‍ വിരുദ്ധ ശക്തികള്‍ക്ക് വേണ്ടി പണം ഇറക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ടെന്ന് ഈ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രതിച്ഛായയും വിശ്വാസ്യതയും കളങ്കപ്പെടുത്തുകയും അതുവഴി നേതൃത്വത്തെ ആണ് ലക്ഷ്യമിടുന്നതെന്നും കഴിഞ്ഞ രണ്ടുവര്‍ഷമായി ഈ മാഫിയകള്‍ നല്‍കുന്ന സാമൂഹ്യ മാധ്യമപ്രചാരണങ്ങള്‍ മുഖ്യമന്ത്രിക്കെതിരെ നടക്കുന്നുണ്ട് എന്നും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു.
മുഖ്യമന്ത്രി പി.ആര്‍ ഏജന്‍സികളെ ഏര്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ പിന്നെ ആരാണ് മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാരിനും വേണ്ടി ഈ വാര്‍ത്താക്കുറിപ്പുകള്‍ തയ്യാറാക്കിയതും മാധ്യമങ്ങള്‍ക്ക് നല്‍കിയതെന്നും അന്വേഷിക്കേണ്ടതല്ലേ? സ്വന്തം കാലിനടിയിലെ മണ്ണ് ചോരുമ്പോഴും സത്യം പറയനോ വര്‍ഗീയ ദേശവിരുദ്ധ ജിഹാദി ശക്തികള്‍ക്കെതിരെ പ്രതികരിക്കാനോ ഉള്ള തന്റേടം മുഖ്യമന്ത്രി പിണറായി വിജയന് ഇല്ല എന്നതാണ് ആദ്യം പ്രസ്താവന ഇറക്കിയതിനു ശേഷം പിന്നീട് നിഷേധക്കുറിപ്പ് ഇറക്കുന്നതില്‍നിന്ന് വ്യക്തമാകുന്നത്. തൊണ്ണൂറുകളില്‍ കരിപ്പൂര്‍ വിമാനത്താവളം ആരംഭിച്ചതിനുശേഷം ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ സ്വര്‍ണം കൊണ്ടുവന്ന വിമാനത്താവളം കരിപ്പൂരാണ്. സ്വര്‍ണ്ണത്തൊഴിലാളികളെ വ്യാപകമായി മതപരിവര്‍ത്തനം ചെയ്തു മാഫിയ പ്രവര്‍ത്തനത്തിന് ഉപയോഗപ്പെടുത്തുന്നതും നേരത്തെ തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളതാണ്. ഇതിനെ മുഴുവന്‍ നിരാകരിച്ചുകൊണ്ട് ഇറക്കിയ പ്രസ്താവന പിന്‍വലിക്കാനുള്ള ചേതോവികാരം മുഖ്യമന്ത്രിക്ക് ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ഭീതിയില്‍ നിന്നുള്ളതാണ്. മുഖ്യമന്ത്രിക്ക് നഷ്ടപ്പെടാന്‍ എന്തൊക്കെയോ ഉണ്ട് എന്നതാണ് പ്രധാന പ്രശ്‌നം. ഇവിടെയാണ് സിപിഎമ്മിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും അടിമ മനോഭാവം കൂടുതല്‍ വ്യക്തമാകുന്നത്. മുന്‍പ് കേരളത്തിലെ ഏറ്റവും പ്രമുഖരായ ചില രാഷ്ട്രീയ നേതാക്കളെ വധിക്കാന്‍ ചില ഭീകരസംഘടനകള്‍ ആസൂത്രണം നടത്തിയിരുന്നു. ആര്‍എസ്എസ് നേതാക്കന്മാരായ പി. പരമേശ്വര്‍ജി, ടി.വി അനന്തന്‍ ബിജെപി നേതാവ് ഒ.രാജഗോപാല്‍ എന്നിവര്‍ മാത്രമായിരുന്നില്ല മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ഇ. കെ നായനാര്‍ക്കെതിരെയും അന്ന് വധഗൂഡാലോചന നടന്നിരുന്നു.
ആര്‍എസ്എസ് നേതാക്കളുടെ കാര്യം വിടാം. മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ഇ.കെ നായനാരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ അന്വേഷണം എവിടെവരെയായി. 1998 ലാണ് ഇസ്ലാമിക ഭീകര സംഘടനകള്‍ ഗൂഢാലോചന ഈ നടത്തിയത്. വര്‍ഷം 26 പിന്നിട്ടു. നായനാര്‍ അന്തരിച്ചിട്ടു തന്നെ വര്‍ഷങ്ങളായി. ഈ കേസില്‍ എന്തുകൊണ്ട് അന്വേഷണം വഴിമുട്ടി എന്നും ഒഴിവായെന്നും കേരളത്തിലെ പൊതുസമൂഹത്തോട് വിശദീകരിക്കാനുള്ള ബാധ്യത കൂടി രണ്ട് തവണ തുടര്‍ച്ചയായി മുഖ്യമന്ത്രിയായ പിണറായി വിജയനുണ്ട്. നായനാര്‍ വധശ്രമക്കേസിലെ അന്വേഷണം വഴിമുട്ടിയത് തന്നെയാണ് ഇസ്ലാമിക തീവ്രവാദത്തോടും ഭീകരതയോടും കേരളത്തിലെ സിപിഎമ്മും ഇടതുപക്ഷ ഭരണകൂടവും നടത്തുന്ന ഒത്തുതീര്‍പ്പിന്റെയും വിട്ടുവീഴ്ചയുടെയും വ്യക്തമായ സൂചന. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത് അന്‍വര്‍ സ്വര്‍ണ്ണക്കടത്തിന്റെയും ഹവാലയുടെയും മാഫിയയുടെയും ആളാണെന്നാണ്. അദ്ദേഹത്തിന്റെ സംസ്‌കാരം യുഡിഎഫിന്റേതാണെന്നും അദ്ദേഹം പിന്നിട്ട വഴികള്‍ യുഡിഎഫ് സംസ്‌കാരത്തിന്റേതാണെന്നും പിണറായി ആവര്‍ത്തിക്കുന്നു. രണ്ടുതവണ എംഎല്‍എയും ഒരുതവണ പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥിയും ആയപ്പോള്‍ അന്‍വര്‍ നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുഴുവന്‍ ഒത്താശ ചെയ്തത് ആരായിരുന്നു? സിപിഎമ്മിന് ഒപ്പം നില്‍ക്കുമ്പോള്‍ വിശുദ്ധനും അവരില്‍ നിന്ന് വേര്‍പെടുമ്പോള്‍ കള്ളനും എന്ന നിലപാട് രാഷ്ട്രീയപരമായി ശരിയാണെങ്കിലും ധാര്‍മികമായി ശരിയാണോ?
സിപിഎം അതിന്റെ ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ പ്രതിസന്ധിയെയാണ് ഇന്ന് അഭിമുഖീകരിക്കുന്നത്. ഇസ്ലാമിക തീവ്രവാദത്തെ താല്‍ക്കാലിക ലാഭത്തിനുവേണ്ടി പിന്തുണച്ച പാര്‍ട്ടിനേതൃത്വം ഇന്ന് ഭസ്മാസുരന് വരം കൊടുത്തതുപോലെ സ്വന്തം ജീവന്‍ രക്ഷിക്കാന്‍ പായുന്നത് കാണുമ്പോള്‍, പറഞ്ഞതെല്ലാം വിഴുങ്ങി ചെയ്തതെല്ലാം മറന്ന് നിലനില്‍പ്പിനായി പോരാടുമ്പോള്‍ കേരളത്തില്‍ ഒരു പുതിയ രാഷ്ട്രീയം ഉരുത്തിരിയുകയാണ്. തീര്‍ച്ചയായും അത് ജിഹാദി രാഷ്ട്രീയ സംവിധാനത്തിന് പ്രാമുഖ്യം ഉള്ളതാണ്. അതിനെ തള്ളാനും അതിജീവിക്കാനും സിപിഎമ്മിന് എത്രമാത്രം കഴിയുമെന്നത് കാത്തിരുന്ന് കാണേണ്ടിവരും.