2024 സപ്തംബര്‍ 23 ന് അന്തരിച്ച പയ്യന്നൂര്‍ താലൂക്ക് മുന്‍ സംഘചാലക് എ.വി.കുഞ്ഞപ്പന്‍ മാസ്റ്റര്‍ സംഘാദര്‍ശം നെഞ്ചേറ്റിയ സ്വയംസേവകനും സംഘത്തിന്റെ പയ്യന്നൂരിന്റെ മുഖവുമായിരുന്നു. ബോധം നഷ്ടപ്പെടുന്ന അവസാന നിമിഷം വരെ സംഘത്തേയും രാഷ്ട്രത്തേയും കുറിച്ചുള്ള ചിന്തയായിരുന്നു അദ്ദേഹത്തിന്റെ ഉള്ളില്‍. കഠിനമായ വിപരീത പരിതഃസ്ഥിതിയില്‍ പോലും സംഘത്തെ മുന്നില്‍ നിന്ന് നയിക്കാന്‍ അദ്ദേഹത്തിന് യാതൊരു വൈമുഖ്യവുമുണ്ടായിരുന്നില്ല. കുടുംബ സാഹചര്യവും സാമൂഹിക ചുറ്റുപാടും അനുകൂലമായിരുന്നില്ല എന്ന് മാത്രമല്ല കടുത്ത വെല്ലുവിളി നിറഞ്ഞതുമായിരുന്നു. കണ്ണൂര്‍ജില്ലയിലെ കമ്മ്യൂണിസ്റ്റ് ഗ്രാമമായ ഏച്ചിലാം വയലില്‍ കമ്മ്യൂണിസ്റ്റുകാരുടെ അതിക്രൂരമായ അക്രമങ്ങള്‍ക്ക് അദ്ദേഹം വിധേയമായിട്ടുണ്ട്. പ്രായാധിക്യത്തില്‍ പോലും തന്റെതല്ലാത്ത കാരണത്താല്‍ ജയിലില്‍ കിടക്കേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊക്കെയും സംഘവുമായി കൂടുതല്‍ ചേര്‍ന്ന് നില്‍ക്കാനാണ് അദ്ദേഹം തയ്യാറായത്.
കാസര്‍കോട് ജില്ലയിലെ പൊയ്‌നാച്ചിയില്‍ അധ്യാപകനായിരിക്കെയാണ് കുഞ്ഞപ്പന്‍ മാസ്റ്റര്‍ സംഘവുമായി ബന്ധപ്പെടുന്നത്. സംഘ പ്രചാരകനായിരുന്ന പി.മാധവ് ജി പൊയ്‌നാച്ചിയിലെ തെക്കില്‍ പറമ്പ് സ്‌കൂളിന് പുറത്തുള്ള ആലിന്‍ കീഴില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയും ആഴ്ചയില്‍ ഒരിക്കല്‍ ഒത്തുകൂടുകയും ചെയ്യുമായിരുന്നു. ഇതു കണ്ട് മാസ്റ്റര്‍ മാധവ്ജിയെ പരിചയപ്പെടുകയും സംഘത്തെക്കുറിച്ച് ചോദിച്ച് മനസ്സിലാക്കുകയും ചെയ്തതായി പഴയകാല സ്വയംസേവകനും ക്ഷേത്ര തന്ത്രിയുമായിരുന്ന വേദമൂര്‍ത്തി രാമചന്ദ്ര ഭട്ട് പറഞ്ഞത് ഓര്‍ക്കുന്നു. പിന്നീട് മാസ്റ്റര്‍ സ്വന്തം നാട്ടില്‍ സംഘ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും മാര്‍ക്‌സിസ്റ്റുകാരുടെ കണ്ണിലെ കരടാകുകയും ചെയ്തു.
ഒരിക്കല്‍ ഒരു രാത്രിയില്‍ മാര്‍ക്‌സിസ്റ്റുകാര്‍ മാസ്റ്ററെ ക്രൂരമായി അക്രമിക്കുകയും മരിച്ചു എന്ന് കരുതി ചാക്കില്‍ കെട്ടി റോഡിന് വശത്ത് ആളില്ലാത്ത സ്ഥലത്ത് ഉപേക്ഷിക്കുകയും ചെയ്തു. പിന്നീട് അതുവഴി സാധനങ്ങളുമായി വന്ന ഒരു വാഹനത്തിലെ ഡ്രൈവര്‍ അനങ്ങിക്കൊണ്ടിരിക്കുന്ന ചാക്കുകെട്ട് കണ്ട് വണ്ടി നിര്‍ത്തി പരിശോധിക്കുകയും ജീവനുണ്ടെന്ന് അറിഞ്ഞ് ഉടനെ ആശുപത്രിയില്‍ എത്തിച്ച് ജീവന്‍ രക്ഷിക്കുകയും ചെയ്തു. ഗവണ്‍മെന്റ് ആശുപത്രിയിലെ ഡോ. വേണുഗോപാലിന്റെ പ്രത്യേക താല്പര്യത്തില്‍ ദീര്‍ഘകാലത്തെ ചികിത്സയ്ക്കു ശേഷമാണ് അദ്ദേഹത്തിന്റെ ആരോഗ്യം പൂര്‍വ്വസ്ഥിതിയിലായത്.
അധ്യാപകനായിരിക്കുമ്പോള്‍ സംഘപ്രവര്‍ത്തനത്തില്‍ മുഴുകി പ്രചാരകനായി ഇറങ്ങിയ അനുഭവം വിസ്മരിക്കാന്‍ സാധിക്കില്ല. അവധി അപേക്ഷ പോലും കൊടുക്കാതെയാണ് അദ്ദേഹം പ്രചാരകനായി പോയത്. കുറേ നാളുകള്‍ക്കു ശേഷം ജോലി നഷ്ടപ്പെടും എന്ന സാഹചര്യത്തില്‍ അന്നത്തെ പയ്യന്നൂരിലെ എ.ഇ.ഒ മുന്‍കയ്യെടുത്താണ് മാസ്റ്ററുടെ അവധി അപേക്ഷ തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പിന് സമര്‍പ്പിച്ച് ജോലി നിലനിര്‍ത്തിയത്.
സംഘം കുഞ്ഞപ്പന്‍ മാസ്റ്റര്‍ക്ക് ജീവവായുവായിരുന്നു. സംഘാദര്‍ശത്തേയും സംഘ നേതൃത്വത്തേയും അദ്ദേഹം കണ്ണടച്ച് വിശ്വസിച്ചു. അയോധ്യ പ്രക്ഷോഭ സമയത്ത് തര്‍ക്കമന്ദിരത്തിന്റെ കാര്യത്തില്‍ സംഘനേതൃത്വം എന്തെങ്കിലും കണ്ടുവെച്ചിട്ടുണ്ടാകും എന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുകയും പല സ്വയംസേവകരോടും പറയുകയും ചെയ്തിട്ടുണ്ട്. ഡിസംബര്‍ 6 ന് തര്‍ക്കമന്ദിരം തകര്‍ന്നപ്പോള്‍ പലരും ഓര്‍ത്തത് അദ്ദേഹത്തിന്റെ ആ വാക്കുകളായിരുന്നു. നിഷ്‌കളങ്കമായ സംഘ ഭക്തിയാണ് കുഞ്ഞപ്പന്‍ മാസ്റ്ററുടെ സവിശേഷത.
കുടുംബ പ്രാരാബ്ധവും നാട്ടിലെ പ്രശ്‌നങ്ങളുമൊക്കെയായി ആകെ ബുദ്ധിമുട്ടിയ സമയത്ത് ഒരിക്കല്‍ സംഘപ്രചാരകനായ മാധവ് ജിയെ കണ്ട് കാര്യങ്ങള്‍ പറഞ്ഞു. മാധവ് ജിയാകട്ടെ ചെറിയ ചില പൂജകളും ധ്യാനവുമൊക്കെ ചെയ്യാന്‍ മാഷിനോട് നിര്‍ദ്ദേശിച്ചു. അപ്പോള്‍ കുഞ്ഞപ്പന്‍ മാസ്റ്ററുടെ മറുപടി ഇതായിരുന്നു, മാധവ് ജി, പൂജയും ധ്യാനവും ചെയ്യുന്നതിനേക്കാള്‍ എനിക്ക് സന്തോഷവും സമാധാനവും കിട്ടുന്നത് സംഘപ്രവര്‍ത്തനം ചെയ്യുമ്പോഴാണ്. ഉടന്‍ മാധവ് ജി മറുപടി പറഞ്ഞു, താന്‍ ഒരു പൂജയും ധ്യാനവും ചെയ്യേണ്ട, സംഘ പ്രവര്‍ത്തനം മാത്രം ചെയ്താല്‍ മതി എന്ന്. സംഘപ്രവര്‍ത്തനത്തെ ഈശ്വരീയ കാര്യമായി കണ്ട വ്യക്തിയാണ് കുഞ്ഞപ്പന്‍ മാസ്റ്റര്‍. ഏതുപ്രായക്കാരനായ സംഘകാര്യകര്‍ത്താവിനോടും അദ്ദേഹം സ്‌നേഹത്തോടും ആദരവോടും കൂടി മാത്രമേ പെരുമാറുമായിരുന്നുള്ളൂ.
ഒരിക്കല്‍ സംഘത്തിന്റെ ഒരു ബൗദ്ധിക്ക് വര്‍ഗ്ഗില്‍ രണ്ട് മുതിര്‍ന്ന കാര്യകര്‍ത്താക്കള്‍ തമ്മില്‍ ഒരു വിഷയത്തില്‍ സംവാദം ഉണ്ടായി. വാദം മുറുകിയപ്പോള്‍ മാഷ് ഇടപെട്ടു. നിങ്ങള്‍ എന്ത് വാദിച്ചാലും അവസാനം ഡോക്ടര്‍ജിയിലും ഗുരുജിയിലും സംഘത്തിലും തന്നെ എത്തണേ എന്ന് അഭ്യര്‍ത്ഥിച്ചത് ഓര്‍ക്കുന്നു.
സംഘമാണ് ശരി എന്നും സംഘം മാത്രമാണ് ശരി എന്നുമുള്ള തലത്തിലേക്ക് പോലും പലപ്പോഴും കുഞ്ഞപ്പന്‍ മാസ്റ്റര്‍ എത്താറുണ്ട്. സംഘത്തിന്റെ വിഭാഗ് പ്രചാരക് ആയിരുന്ന മാധവ്ജി പിന്നീട് ക്ഷേത്ര സംരക്ഷണ സമിതിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോള്‍ കുഞ്ഞപ്പന്‍ മാഷ് ഒരു പരിപാടിയില്‍ അദ്ദേഹത്തെ പരിചയപ്പെടുത്തിയത് മാധവ് ജി ഇപ്പോള്‍ സംഘത്തില്‍ ഇല്ല വിവിധക്ഷേത്ര പ്രസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്നായിരുന്നു. സംഘപ്രവര്‍ത്തനത്തെ ശാഖ പ്രവര്‍ത്തനമായി കാണുന്നതിലായിരുന്നു മാഷ് താല്പര്യം കാണിച്ചത്.
അധ്യാപകനായിരുന്ന അദ്ദേഹം കുട്ടികള്‍ക്ക് ക്ലാസ് എടുക്കുമ്പോള്‍ പാഠപുസ്തകത്തില്‍ ഉള്ളതുകൊണ്ട് അക്ബറിനേയും ഔറംഗസേബിനേയുമൊക്കെ മഹാന്മാരെന്ന് പഠിപ്പിക്കേണ്ടിവരുമായിരുന്നല്ലോ. അങ്ങനെ പഠിപ്പിച്ചതിനുശേഷം അദ്ദേഹം കുട്ടികളോട് ഇവരൊന്നും യഥാര്‍ത്ഥത്തില്‍ മഹാന്മാരായിരുന്നില്ലെന്നും റാണാപ്രതാപനും ശിവാജിയുമൊക്കെയാണ് യഥാര്‍ത്ഥ മഹാന്മാരെന്നും പറയുമായിരുന്നു. തുടര്‍ന്ന് കുട്ടികള്‍ക്ക് അവരുടെ വീര കഥകളും പറഞ്ഞുകൊടുക്കുക യും ചെയ്തു.
കുഞ്ഞപ്പന്‍ മാസ്റ്ററുടെ ഏറ്റവും മഹനീയ കാര്യങ്ങളില്‍ ഒന്ന് ഗുരുദക്ഷിണ സമര്‍പ്പണം ആയിരുന്നു. ഒരു വര്‍ഷത്തിലുള്ള തന്റെ ആകെ വരുമാനത്തിന്റെ പന്ത്രണ്ടില്‍ ഒരു ഭാഗം അദ്ദേഹം ഗുരുദക്ഷിണ സമര്‍പ്പിക്കുമായിരുന്നു. ഒരു മാസത്തെ ശമ്പളം കൂടാതെ ഭൂമിയില്‍ നിന്നുള്ള വരുമാനമായ തേങ്ങ, അടയ്ക്ക, കശുവണ്ടി, കുരുമുളക് എന്നിവയില്‍ നിന്നും കിട്ടുന്ന തുക കൂടി കൂട്ടിയാണ് ഈ പന്ത്രണ്ടില്‍ ഒരു ഭാഗം അദ്ദേഹം കണക്കാക്കിയിരുന്നത്. പെന്‍ഷന്‍ ആയപ്പോഴും ഇതുതന്നെ ആവര്‍ത്തിച്ചു. ഭാസ്‌കര്‍ റാവു ജി ജീവിച്ചിരുന്ന കാലം എല്ലാവര്‍ഷവും അദ്ദേഹത്തിന് അണ്ടിപ്പരിപ്പ് എത്തിച്ചു കൊടുക്കുന്ന ശീലം മാസ്റ്റര്‍ക്ക് ഉണ്ടായിരുന്നു.
സംഘത്തിന് നഷ്ടം വരുത്തുന്ന ഒരു കാര്യവും ചെയ്യാന്‍ പാടില്ല എന്ന നയമായിരുന്നു അദ്ദേഹത്തിന്റേത്. ഒരു ബൈഠക്കില്‍ കാര്യകര്‍ത്താക്കള്‍ക്ക് നല്‍കാനുള്ള ബൗദ്ധിക് പത്രിക വേണ്ടവിധത്തില്‍ ഉപയോഗിച്ചില്ലെങ്കില്‍ സംഘത്തിന് നഷ്ടം വരുമെന്ന് ബൗദ്ധിക് പ്രമുഖ് പറഞ്ഞു. അത് കേട്ട ഉടനെ സംഘത്തിന് നഷ്ടം വരുത്തുന്ന കാര്യമാണെങ്കില്‍ അത് (ബൗദ്ധിക് പത്രിക പ്രിന്റ് ചെയ്യുന്നത്) ഉടനെ നിര്‍ത്തണം എന്ന് കുഞ്ഞപ്പന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു.
ദീര്‍ഘകാലം സംഘചാലക് ആയിരുന്ന മാഷ് പ്രായാധിക്യം കാരണം ചുമതല മാറിയപ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ പോലും ഏറെ ബുദ്ധിമുട്ടി. കൃത്യമായി ബൈഠക്കുകളില്‍ പങ്കെടുക്കുമായിരുന്ന അദ്ദേഹം താന്‍ പങ്കെടുക്കേണ്ടതല്ലാതിരുന്നിട്ടുകൂടി ഓര്‍ക്കാതെ ബൈഠക്കുകളില്‍ എത്തിച്ചേരുമായിരുന്നു.
കേസരിയും ജന്മഭൂമിയും അടക്കമുള്ള സംഘ പ്രസിദ്ധീകരണങ്ങളുടെ പ്രചാരണത്തിനുവേണ്ടി കുഞ്ഞപ്പന്‍ മാഷ് ഏറെ പ്രവര്‍ത്തിക്കുമായിരുന്നു. നൂറ് കേസരി ചേര്‍ക്കുക എന്നത് കുറേ കാലത്തെ അദ്ദേഹത്തിന്റെ നിഷ്ഠയായിരുന്നു. അതിനായി തന്റെ ബന്ധങ്ങള്‍ മുഴുവന്‍ അദ്ദേഹം ഉപയോഗപ്പെടുത്തും. പയ്യന്നൂര്‍ നഗരത്തിലെ സംഘത്തിന്റെ മുഖമായിരുന്നു കുഞ്ഞപ്പന്‍ മാഷ്. സംഘടനയുടെ ആവശ്യത്തിനു വേണ്ടി ആരുടെ മുന്നിലും കൈനീട്ടുന്നതിന് അദ്ദേഹത്തിന് ഒരുമടിയുമുണ്ടായിരുന്നില്ല. മാത്രമല്ല മാസ്റ്റര്‍ വായ്പയായി എത്ര വലിയ തുക ചോദിച്ചാലും ഒരു വിശ്വാസക്കുറവും ഇല്ലാതെ നഗരത്തിലെ വലിയ കച്ചവടക്കാര്‍ അദ്ദേഹത്തിന് നല്‍കുമായിരുന്നു. അത്രമാത്രം വിശ്വാസമായിരുന്നു അവര്‍ക്ക് അദ്ദേഹത്തെ.
തന്റെ മക്കളില്‍ ആരെങ്കിലും പ്രചാരകന്‍ ആകണം എന്ന് അദ്ദേഹത്തിന് കടുത്ത ആഗ്രഹം ഉണ്ടായിരുന്നു. മക്കളെ സംഘമാര്‍ഗ്ഗത്തില്‍ സഞ്ചരിക്കാന്‍ അദ്ദേഹം പ്രേരിപ്പിച്ചു. അതുപ്രകാരം മൂത്ത മകന്‍ മുരളീകൃഷ്ണന്‍ ദീര്‍ഘകാലം വിശ്വസംസ്‌കൃത പ്രതിഷ്ഠാനത്തിന്റെ പ്രചാരകനായി സംസ്‌കൃത പ്രചാരണത്തിന് വേണ്ടി പ്രവര്‍ത്തിച്ചു. അഗസ്ത്യ ഗുരുകുലം എന്ന മഹാവിദ്യാലയത്തില്‍ അധ്യാപകനാണ്. അതോടൊപ്പം സംസ്‌കൃതത്തില്‍ ഗവേഷണവും ചെയ്യുന്നുണ്ട്. മറ്റൊരു മകന്‍ ലക്ഷ്മണന്‍ വേദാധ്യയനം കഴിഞ്ഞ് കര്‍ണ്ണാടകയിലെ ഒരു വിദ്യാലയത്തില്‍ സംസ്‌കൃത അധ്യാപകനായി പ്രവര്‍ത്തിക്കുന്നു. ഹിന്ദു ജനസംഖ്യ കുറയുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഈ സന്ദര്‍ഭത്തില്‍ അദ്ദേഹം രണ്ട് പെണ്‍കുട്ടികളടക്കം ഏഴ് കുട്ടികളുടെ പിതാവാണ് എന്നതും കൂടി നാം അറിഞ്ഞിരിക്കേണ്ടതുണ്ട്.
തൊണ്ണൂറ്റി ഒന്ന് വയസ്സുവരെ ജീവിച്ച അദ്ദേഹത്തിന് താന്‍ സ്വപ്‌നം കണ്ട പല കാര്യങ്ങളും യാഥാര്‍ത്ഥ്യമാകുന്നത് നേരില്‍ കാണാന്‍ ഭാഗ്യമുണ്ടായി എന്നത് സന്തോഷകരമാണ്. കേന്ദ്രത്തില്‍ സംഘ ആശയത്തിന് അനുഗുണമായ ഒരു ഭരണകൂടം ഉണ്ടായതും രാമക്ഷേത്രം ഉയര്‍ന്നതും 370-ാം വകുപ്പ് എടുത്തുകളഞ്ഞതും ഭാരതം ലോക നേതൃത്വത്തിലേക്ക് ഉയരുന്നതും ഒക്കെ കാണാന്‍ അദ്ദേഹത്തിന് സാധിച്ചു.
മരണ വിവരമറിഞ്ഞ് അദ്ദേഹത്തിന്റെ പഴയ കാലത്തെ സഹപ്രവര്‍ത്തകരും മുതിര്‍ന്ന കാര്യകര്‍ത്താക്കളുമായിരുന്ന പി.ആര്‍.ശശിധരന്‍, വി.വി.പ്രഭാകരന്‍ മാസ്റ്റര്‍, എം.പി.ബാലന്‍ മാസ്റ്റര്‍, കെ.എന്‍.നാരായണന്‍ മാസ്റ്റര്‍, അഡ്വ.സി.കെ.ശ്രീനിവാസന്‍, പ്രാന്ത സംഘചാലക് അഡ്വ. കെ.കെ.ബാലറാം, രണ്ട് പ്രാന്തത്തിന്റെയും പ്രാന്ത പ്രചാരകന്മാരായ എസ്.സുദര്‍ശന്‍, എ.വിനോദ്, മറ്റ് നിരവധി പ്രാന്തീയ കാര്യകര്‍ത്താക്കള്‍ സംസ്‌കാര സമയത്ത് വീട്ടില്‍ എത്തിച്ചേര്‍ന്നു. കമ്മ്യൂണിസ്റ്റുകാര്‍ക്ക് സ്വാധീനമുണ്ടായിരുന്ന നാട്ടില്‍ തലമുറ മാറിയപ്പോള്‍ ആദ്ധ്യാത്മിക രീതിയില്‍ നാമജപത്തോടെയാണ് മരണാനന്തരകര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചത് എന്നതും സവിശേഷതയാണ്. സംഘാദര്‍ശത്തെ ജീവിതത്തിലേക്ക് ആവാഹിച്ച ആ ധന്യാത്മാവിന് ശതകോടി പ്രണാമം.
(ക്ഷേത്രീയ കാര്യകാരി സദസ്യനും പയ്യന്നൂര്‍ജില്ലാ പ്രചാരകനുമായിരുന്ന പി.ആര്‍ ശശിയേട്ടനുമായി ചര്‍ച്ച ചെയ്ത് തയ്യാറാക്കിയത്).