ആഗസ്റ്റ് 31ന് കേസരി വാരികയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് നടന്ന ബ്രിഡ്ജിങ് ദി സൗത്ത് കോണ്‍ക്ലേവിലെ ഒരു ചര്‍ച്ചാവിഷയം ചില മാധ്യമങ്ങളുടെ ദേശവിരുദ്ധതയായിരുന്നു. ഓര്‍ഗനൈസര്‍ വാരികയുടെ പത്രാധിപര്‍ പ്രഫുല്ല കേത്ക്കറും സംവാദകന്‍ ശ്രീജിത്ത് പണിക്കരും ഒക്കെ പങ്കെടുത്ത ചര്‍ച്ചയില്‍ പൊതുവേ ഉയര്‍ന്നുവന്ന അഭിപ്രായം ചില മാധ്യമങ്ങളെങ്കിലും ദേശവിരുദ്ധ താല്പര്യം പ്രകടിപ്പിക്കുന്നു എന്നു തന്നെയാണ്.
മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയം ഉണ്ടാകും. പക്ഷേ രാഷ്ട്രീയ നിലപാടും രാഷ്ട്രീയ താല്‍പര്യങ്ങളും ദേശവിരുദ്ധതയിലേക്ക് നയിക്കാന്‍ പാടില്ല. എന്നാല്‍ കേരളത്തില്‍ മാധ്യമപ്രവര്‍ത്തകരും പത്രപ്രവര്‍ത്തക യൂണിയനും ഒക്കെ അറിഞ്ഞോ അറിയാതെയോ ഈ നിലപാടിലേക്ക് വഴുതിവീഴുന്നില്ലേ എന്ന സംശയം നിലനില്‍ക്കുന്നു. ‘തുക്കടെ തുക്കടെ ഇന്ത്യ’ എന്ന മുദ്രാവാക്യം ഉയര്‍ത്തി ജെ.എന്‍.യു.വിലും ജാമിയ മിലിയ സര്‍വ്വകലാശാലയിലും നടന്ന സിഎഎ വിരുദ്ധ സമരത്തെ അനുകൂലിച്ച് കേരളത്തിലെ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാനത്തുടനീളം പ്രകടനങ്ങള്‍ സംഘടിപ്പിച്ചത് മറക്കരുത്. ചില പത്രമാധ്യമങ്ങള്‍ എങ്കിലും കടുത്ത ബിജെപി വിരുദ്ധത പ്രകടിപ്പിക്കുന്നുമുണ്ട്. രാഷ്ട്രീയപരമായ കാരണങ്ങളാല്‍ അത്തരം നിലപാട് സ്വീകരിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ കേരളത്തിലെ മിക്ക മാധ്യമങ്ങളും പ്രകടിപ്പിക്കുന്ന ഈ ബിജെപി വിരുദ്ധത പരിധികടക്കുന്നുണ്ടോ എന്ന സംശയമാണ് അടുത്തിടെ തൃശ്ശൂരില്‍ നടന്ന മന്ത്രി സുരേഷ് ഗോപിയുമായുള്ള അഭിപ്രായവ്യത്യാസവും സംഘര്‍ഷവും കാണുമ്പോള്‍ തോന്നുന്നത്. സുരേഷ് ഗോപിക്കെതിരെ ചില മാധ്യമങ്ങള്‍ ചേര്‍ന്നു നടത്തുന്ന നിരന്തര വേട്ടയ്ക്കു പിന്നില്‍ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയമുണ്ട്. പലതവണ മാധ്യമപ്രവര്‍ത്തകരെ ഉപയോഗിച്ച് അദ്ദേഹത്തിന് എതിരെ പരാതിയും കേസും ഒക്കെ സൃഷ്ടിക്കാന്‍ നടത്തിയ ശ്രമങ്ങളും നമ്മുടെ മുന്നിലുണ്ട്. വനിതാ പത്രപ്രവര്‍ത്തകരുടെ തോളില്‍ കൈവെച്ചു തുടങ്ങിയ ആരോപണങ്ങള്‍ ഇത്തരത്തിലൊന്നായിരുന്നു. ആരുടെയും തോളില്‍ തട്ടി സംസാരിക്കേണ്ട കാര്യമില്ല എന്ന ന്യായം തള്ളിക്കളയുന്നില്ല. ചലച്ചിത്രരംഗത്തെ പുതിയ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തില്‍ മന്ത്രിയുടെ പ്രതികരണം എടുക്കാന്‍ ചെന്ന മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വഴി തടഞ്ഞു എന്ന പരാതിയില്‍ മൂന്നുമാധ്യമങ്ങള്‍ക്കെതിരെ തൃശ്ശൂര്‍ പോലീസ് കേസെടുത്തിരിക്കുന്നു. റിപ്പോര്‍ട്ടര്‍മാരും ക്യാമറാമാന്മാരും അടങ്ങുന്ന ഒരു കൂട്ടം പ്രതികള്‍ രാമനിലയം ഗസ്റ്റ് ഹൗസില്‍ അനുവാദമില്ലാതെ കയറുകയും വിശ്രമം കഴിഞ്ഞ് കാറില്‍ കയറാന്‍ തുട ങ്ങിയ സുരേഷ് ഗോപിയെ തടയുകയും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനായ വിഷ്ണുരാമിനെ തള്ളിമാറ്റി ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് കേസ്. സുരേഷ് ഗോപി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് അയച്ച പരാതിയിലാണ് തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇതിനിടെ പ്രതികരണം തേടിയെത്തിയ മാധ്യമപ്രവര്‍ത്തകരെ സുരേഷ് ഗോപി കയ്യേറ്റം ചെയ്തുവെന്ന പരാതിയിലും തൃശൂര്‍ ഈസ്റ്റ് പോലീസ് കേസെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവായ അനില്‍ അക്കരെയാണ് ഈ പരാതി നല്‍കിയത്. മാധ്യമപ്രവര്‍ത്തകരും സുരേഷ് ഗോപിയും തമ്മിലുള്ള പ്രശ്‌നത്തില്‍ അനില്‍ അക്കരക്ക് എന്താണ് കാര്യം. അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ അഭിഭാഷകനോ ഏതെങ്കിലും മാധ്യമ സംഘടനകളുടെ ഭാരവാഹിയോ രക്ഷാധികാരിയോ ഒന്നുമല്ല.
ഈ പ്രശ്‌നത്തില്‍ മാധ്യമപ്രവര്‍ത്തകരും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും മിതത്വം പാലിക്കേണ്ടതായിരുന്നു. ഏതു വിഷയത്തിലും മന്ത്രി പ്രതികരിക്കണം എന്ന് ശഠിക്കാനുള്ള അവകാശമോ അധികാരമോ മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടോ? മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കേരളത്തിലെ ആദ്യത്തെ ലീഗല്‍ കറസ്‌പോണ്ടന്റുമായ പി.രാജന്‍ ഇക്കാര്യത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ എഴുതിയ അഭിപ്രായം ശ്രദ്ധേയമാണ്. മന്ത്രിയുടെ വഴിതടയാനും അദ്ദേഹത്തെ നിര്‍ബന്ധിച്ചു പ്രതികരിപ്പിക്കാനും ശ്രമിക്കുന്നത് ശരിയല്ല. സ്ഥലം എം.പി. കൂടിയായ കേന്ദ്രമന്ത്രിയുമായുള്ള തൃശ്ശൂരിലെ മാധ്യമപ്രവര്‍ത്തകരുടെ ബന്ധം ആശാസ്യമല്ലാത്ത രീതിയിലേക്ക് മാറുന്നു എന്നത് പത്രപ്രവര്‍ത്തന മേഖലയ്ക്ക് നല്ലതാണെന്ന് തോന്നുന്നില്ല. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ കടക്ക് പുറത്ത് എന്ന് ആക്രോശിച്ചപ്പോള്‍ ഒരക്ഷരം മിണ്ടാതെ ഇറങ്ങിപ്പോയ മാധ്യമപ്രവര്‍ത്തകര്‍ നമുക്കുണ്ട്. അതിനെതിരെ പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതികരിച്ചില്ല. യോഗം തുടങ്ങുന്നതിനു മുമ്പ് ഫോട്ടോയെടുക്കാം എന്ന ധാരണയുടെ പുറത്താണ് അന്ന് മാധ്യമപ്രവര്‍ത്തകര്‍ വന്നത്. ഇക്കാര്യങ്ങളില്‍ ഒക്കെ പത്രപ്രവര്‍ത്തകരുടെയും യൂണിയന്റെയും നിലപാട് ഒന്നുതന്നെയാകണം.
കേന്ദ്രമന്ത്രി സുരേഷ് ഗോപിഇക്കാര്യത്തില്‍ അനുവര്‍ത്തിച്ച നിലപാടും ശരിയാണെന്ന് തോന്നുന്നില്ല. പിണറായി വിജയന്റെ പ്രതികരണമല്ല ബിജെപിയുടെ എം.പിയും മന്ത്രിയുമായ സുരേഷ് ഗോപിയില്‍ നിന്ന് പൊതുജനങ്ങളും മാധ്യമപ്രവര്‍ത്തകരും പ്രതീക്ഷിക്കുന്നത്. പ്രതികരിക്കാന്‍ താല്പര്യം ഇല്ലെങ്കില്‍ സൗമ്യമായി മാന്യതയോടെ പറഞ്ഞാല്‍ തീരുന്നതേയുള്ളൂ ആ പ്രശ്‌നം. അതിനുപകരം മന്ത്രി പൊട്ടിത്തെറിക്കാനും നിലവിട്ട് പെരുമാറാനും തുടങ്ങിയാല്‍ അത് അദ്ദേഹത്തെ മാത്രമല്ല അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സംഘടനയെയും മോശമായി ബാധിക്കും. ബിജെപിയുടെ കേരളത്തില്‍ നിന്നുള്ള ആദ്യത്തെ കേന്ദ്രമന്ത്രി അല്ല സുരേഷ് ഗോപി. നേരത്തെ ഓ.രാജഗോപാലും പിന്നെ വി.മുരളീധരനും കേന്ദ്രമന്ത്രിമാര്‍ ആയിട്ടുണ്ട്. ഇതിനേക്കാള്‍ മോശമായ രീതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ ഇവരെ നേരിട്ടിട്ടുമുണ്ട്. പക്ഷേ അവരാരും ഈ തരത്തില്‍ പ്രതികരിക്കാറില്ല. എത്ര മോശമായ രീതിയില്‍ ചോദിച്ചാലും ഒരു പുഞ്ചിരിയോടെ മറുപടി പറയുകയോ തനിക്ക് പ്രതികരിക്കാന്‍ താല്പര്യമില്ലെന്ന് പറഞ്ഞ് ഒഴിവാക്കുകയോ ചെയ്യുന്ന വി.മുരളീധരന്റെ രീതി ശ്രദ്ധേയമാണ്. സുരേഷ് ഗോപി പറഞ്ഞത് താന്‍ എവിടുന്ന് വരുന്നു എന്ന് നോക്കി അവിടുത്തെ കാര്യങ്ങള്‍ മാത്രം ചോദിക്കണം എന്നാണ്. ഈ നിലപാട് മാധ്യമപ്രവര്‍ത്തനത്തില്‍ നടക്കുന്ന കാര്യമല്ല. ഒരു കേന്ദ്രമന്ത്രി എന്ന നിലയില്‍ സര്‍ക്കാരിന്റെയും ബിജെപിയുടെയും നിലപാട് സംബന്ധിച്ച് ജനങ്ങള്‍ക്ക് അറിയാനുള്ള ഏത് കാര്യവും ചോദിക്കാനുള്ള അവകാശം മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ട്. മറുപടി പറയുകയോ പറയാതിരിക്കുകയോ ചെയ്യാനുള്ള അധികാരം മന്ത്രിക്കുമുണ്ട്. ചോദ്യം എങ്ങനെ ആവണമെന്നോ ചോദ്യം എന്താവണമെന്നോ പറയാനുള്ള അധികാരം ഒരു മന്ത്രിക്കുമില്ല. പക്ഷേ മന്ത്രിയുടെ വഴിതടയാനും അദ്ദേഹത്തിനുനേരെ തട്ടിക്കയറാനും തടഞ്ഞു നിര്‍ത്താനും ചോദ്യത്തിനുത്തരം പറഞ്ഞ് പോയാല്‍ മതിയെന്ന് ശഠിക്കാനും ഉള്ള അധികാരം മാധ്യമപ്രവര്‍ത്തകര്‍ക്കും ഇല്ല. ഇവിടെയൊക്കെ മിതത്വത്തിന്റെയും മാന്യതയുടെയും സന്തുലിതമായ നിലപാടാണ് ഉണ്ടാവേണ്ടത്. ബിജെപി സംഘടനാ സംവിധാനത്തിലേക്ക് സുരേഷ് ഗോപി വന്നിട്ട് കുറച്ചു കാലമായി. ഒരുതവണ രാജ്യസഭാ എംപിയായി പ്രവര്‍ത്തിച്ചതുമാണ്. ആര്‍എസ്എസിന്റെയും പരിവാര്‍ പ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തനരീതിയും പെരുമാറ്റരീതിയും അദ്ദേഹം കാണുന്നതാണ്. ഇക്കാര്യത്തില്‍ ഒരു സ്വയംവിലയിരുത്തല്‍ മന്ത്രിയുടെ ഭാഗത്തു നിന്നും മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതാണ്.
വാര്‍ത്തയ്ക്ക് വേണ്ടിയുള്ള നെട്ടോട്ടവും മത്സരവും മനസ്സിലാക്കാം. പക്ഷേ അതിനപ്പുറം ബിജെപിക്കാരന്‍ ആണ് എന്നതുകൊണ്ട് മാത്രം സുരേഷ് ഗോപിയെ വേട്ടയാടാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചാല്‍ ആ രീതിയില്‍ അതിനെ നേരിടാന്‍ ബിജെപിയും പരിവാര്‍ പ്രസ്ഥാനങ്ങളും തയ്യാറാകും എന്ന കാര്യം മനസ്സിലാക്കണം. മാധ്യമങ്ങളുടെ ഏകപക്ഷീയമായ ആക്രമണവും രാഷ്ട്രീയവിരോധവും ഒരുപക്ഷേ ഏറ്റവും കൂടുതല്‍ അനുഭവിച്ച പ്രസ്ഥാനം ബിജെപിയും സംഘപരിവാര്‍ പ്രസ്ഥാനങ്ങളും തന്നെയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ചില സാമൂഹിക പ്രവര്‍ത്തകരെ ഉപയോഗിച്ച് ഭീകരവാദ പ്രസ്ഥാനങ്ങളും ചില മാധ്യമങ്ങളും നടത്തിയ വേട്ട മറക്കാന്‍ കഴിയുന്നതല്ല. സബര്‍മതി എക്‌സ്പ്രസ്സില്‍ തീര്‍ത്ഥാടകരെ പൂട്ടിയിട്ട് തീ കൊളുത്തി കുഞ്ഞുങ്ങള്‍ അടക്കം 59 പേര്‍ കൊല്ലപ്പെട്ട സംഭവത്തെ നിസ്സാരവല്‍ക്കരിക്കുകയും അതിന്റെ പ്രതികരണമായി ഉണ്ടായ കലാപത്തെ മുഖ്യമന്ത്രി ഉണ്ടാക്കിയതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ നടത്തിയ ശ്രമങ്ങളും മറക്കരുത്. സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം, ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന സത്യസന്ധനായ ഐപിഎസ് ഉദ്യോഗസ്ഥന്‍ രാഘവന്റെ നേതൃത്വത്തിലുള്ള സംഘം കലാപം അവസാനിപ്പിക്കാന്‍ നരേന്ദ്രമോദി ചെയ്ത പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ഏതെങ്കിലും മതവിഭാഗത്തിനെതിരെ അദ്ദേഹം ഒന്നും ചെയ്തിട്ടില്ലെന്ന് കണ്ടെത്തുകയും ചെയ്തപ്പോള്‍ പോലും മാധ്യമങ്ങള്‍ അത് അംഗീകരിക്കാന്‍ തയ്യാറായോ എന്ന കാര്യം ഇനിയെങ്കിലും പരിശോധിക്കപ്പെടേണ്ടതാണ്. അവിടെ മതം നോക്കാതെ കലാപകാരികള്‍ക്ക് എതിരെ വെടിവെച്ചപ്പോള്‍ ഹിന്ദുക്കളും കൊല്ലപ്പെട്ടിട്ടുണ്ട് എന്ന കാര്യം ഇപ്പോഴും പരസ്യമായി പറയാന്‍ തയ്യാറാകുന്നില്ല. അതിനുപകരം ആരോ വിലയ്ക്ക് എടുത്ത ചില ഉന്നതോദ്യോഗസ്ഥരെയും ഭീകരസംഘടനകളുമായി ബന്ധമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെയും മുന്നില്‍നിര്‍ത്തി നരേന്ദ്രമോദിയെ അപമാനിക്കാനും ഇകഴ്ത്താനും അദ്ദേഹത്തിനെതിരെ വിദ്വേഷം ചുരത്താനുമാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്. അതിനെ ജനങ്ങള്‍ എങ്ങനെ കണ്ടു എന്നതിന്റെ പ്രതികരണം ആയിരുന്നു പിന്നീട് നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ഗുജറാത്തില്‍ മോദിയും ബിജെപിയും അധികാരത്തില്‍ എത്തിയത്. തുടര്‍ന്ന് അദ്ദേഹം പ്രധാനമന്ത്രി ആയതും.
അനാവശ്യമായ ബിജെപി വിരോധം അല്ലെങ്കില്‍ സംഘപരിവാര്‍ വിരോധം എന്തിന് വെച്ചുപുലര്‍ത്തണമെന്ന് മാധ്യമങ്ങള്‍ ചിന്തിക്കണം. എന്ത് സംഭവവും റിപ്പോര്‍ട്ട് ചെയ്യാം. ബിജെപി അല്ലെങ്കില്‍ ഏതെങ്കിലും മന്ത്രി അഴിമതിയോ നീതിനിഷേധമോ കാട്ടിയാല്‍ തെളിവ് ഉണ്ടെങ്കില്‍ അത് റിപ്പോര്‍ട്ട് ചെയ്യാനുള്ള അധികാരവും അവകാശവും മാധ്യമങ്ങള്‍ക്കുണ്ട്. പക്ഷേ സുരേഷ് ഗോപി ബിജെപി മന്ത്രിയാണ് എന്നതുകൊണ്ട് മാത്രം അദ്ദേഹത്തെ വേട്ടയാടാന്‍ ശ്രമിക്കുന്നത് ശരിയാണോ? പിണറായി വിജയനോട് കാട്ടുന്ന സൗമ്യതയും അനുസരണയും ഒന്നും സുരേഷ് ഗോപിയോട് കാട്ടണമെന്നില്ല. പക്ഷേ അദ്ദേഹത്തിന്റെ സ്വകാര്യതയും സുരക്ഷയും മാനിക്കാനുള്ള ബാധ്യത മാധ്യമങ്ങള്‍ക്ക് ഉണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ് കൊടുക്കുന്നത് ശരിയായ രീതിയല്ല. അതേസമയം തന്നെ കേരളത്തിലെ മാധ്യമപ്രവര്‍ത്തകരുടെ രക്ഷകനായി അനില്‍ അക്കരയോ ഏതെങ്കിലും രാഷ്ട്രീയക്കാരോ വരേണ്ട കാര്യവുമില്ല. മാധ്യമപ്രവര്‍ത്തകനെ കൈയേറ്റം ചെയ്തിട്ടുണ്ടെങ്കില്‍ മാധ്യമപ്രവര്‍ത്തകനോ അല്ലെങ്കില്‍ പത്രപ്രവര്‍ത്തക യൂണിയനോ വേണം കേസ് കൊടുക്കാന്‍. മാധ്യമപ്രവര്‍ത്തകരെയും മന്ത്രിയെയും തമ്മില്‍ തല്ലിച്ച് ഇതിനിടയില്‍ ആളാകാന്‍ മറ്റു രാഷ്ട്രീയക്കാര്‍ നുഴഞ്ഞുകയറുന്നത് ശരിയല്ല. പത്രപ്രവര്‍ത്തകരുടെ കാര്യം നോക്കാന്‍ അതത് മാധ്യമ സ്ഥാപനങ്ങള്‍ക്കും പത്രപ്രവര്‍ത്തക യൂണിയനും കഴിയണം. പത്രപ്രവര്‍ത്തകര്‍ ഇതിനു വേണ്ടി ഏതെങ്കിലും രാഷ്ട്രീയപ്രവര്‍ത്തകരുടെ പിന്നാലെ പോകുന്നത് ശരിയല്ല.
മന്ത്രിയും മാധ്യമപ്രവര്‍ത്തകരും ഒരു ജനാധിപത്യ സംവിധാനത്തിലെ പരസ്പരപൂരകങ്ങളായ ഘടകങ്ങള്‍ തന്നെയാണ്. അതുകൊണ്ടുതന്നെ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇനി ഇങ്ങനെയൊന്ന് ഉണ്ടാകാതിരിക്കാനുമാണ് ശ്രമിക്കേണ്ടത്. ബിജെപി ആയതുകൊണ്ട് മാത്രം സുരേഷ് ഗോപിയെ ശത്രുവായി കാണുന്ന നിലപാട് ചില മാധ്യമങ്ങളെങ്കിലും അവസാനിപ്പിക്കണം. അതുപോലെതന്നെ ചോദ്യം ചോദിക്കുമ്പോള്‍ പൊട്ടിത്തെറിക്കുന്നതിന് പകരം ഇഷ്ടമുണ്ടെങ്കില്‍ മാത്രം പ്രതികരിക്കാനും സൗമ്യതയോടെ പെരുമാറാനും മന്ത്രിക്കും കഴിയണം. മാധ്യമങ്ങളും മന്ത്രിയുമായുള്ള ഒരു പോരാട്ടത്തിലേക്കും കേസിലേക്കും ഒക്കെ ഈ സംഭവം വഴിമാറുന്നത് ജനാധിപത്യ സംവിധാനത്തിന് ഗുണം ചെയ്യുന്നതല്ല.