അയോദ്ധ്യ മുതല്‍ പാരീസ് വരെ
ടി.പി. സുകുമാരന്‍ നായര്‍
സ്‌പെല്‍ ബുക്‌സ്
പേജ്: 98 വില: 160 രൂപ
9388004100
ടി.പി.സുകുമാരന്‍ നായര്‍ രചിച്ച യാത്രാവിവരണമാണ് ‘അയോദ്ധ്യ മുതല്‍ പാരീസ് വരെ’ എന്ന കൃതി. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശരാജ്യങ്ങളിലും താന്‍ നടത്തിയ യാത്രകളുടെ ലഘുവിവരണങ്ങളാണ് ഈ കൃതിയിലുള്ളത്.
ഹിമാലയ യാത്രാവിവരണവുമായിട്ടാണ് ഈ പുസ്തകത്തിന്റെ തുടക്കം. കൈലാസ മാനസ സരോവര യാത്രയെക്കുറിച്ച് സാമാന്യം നല്ലൊരു ചിത്രം അനുവാചകനിവിടെ കിട്ടും. മാനസ സരോവരത്തിലെ സ്‌നാനവും കൈലാസ ദര്‍ശനവും മഹാഭാഗ്യമായി തന്നെ ഗ്രന്ഥകാരന്‍ കാണുന്നു. എവറസ്റ്റിനടുത്തുകൂടി ‘ബുദ്ധാ എയര്‍വേയ്‌സ്’ വിമാനത്തില്‍ പറന്നതും, ആ ഉത്തുംഗ ശൃംഗം അടുത്തു ദര്‍ശിക്കാനായതും അനിര്‍വ്വചനീയമായ അനുഭവമായി ഗ്രന്ഥകാരന്‍ വിവരിച്ചിട്ടുണ്ട്.
ഭാരതത്തിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍പ്രദേശില്‍ ഔദ്യോഗിക ജീവിതം നയിച്ച ഗ്രന്ഥകാരന്‍ രണ്ട് ലേഖനങ്ങള്‍ അരുണാചല്‍ പ്രദേശിനെ കുറിച്ച് എഴുതിയത് ഈ കൃതിയിലുണ്ട്. ആ നാടിന്റെ സംസ്‌കാരം വ്യക്തമാക്കാന്‍ പോന്ന രചനകള്‍ തന്നെയാണവ. ശ്രീരാമക്ഷേത്രം പൂര്‍ത്തിയാകുന്നതിനു മുമ്പാണ് സുകുമാരന്‍നായര്‍ അയോദ്ധ്യ സന്ദര്‍ശിച്ചത്. അതിനാല്‍ത്തന്നെ അവിടെ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സരയൂ നദീഘട്ടില്‍ നടക്കുന്ന ആരതിയെക്കുറിച്ചുമുള്ള വിവരണങ്ങളാണ് ‘പഴയ അയോദ്ധ്യ’ എന്ന ലേഖനത്തില്‍ വായിക്കാനാകുക. ‘അമൃത്‌സറിലൂടെ ഇന്ത്യന്‍ അതിര്‍ത്തിയില്‍’ എന്ന ലേഖനത്തില്‍ സുവര്‍ണ്ണക്ഷേത്രം, ജാലിയന്‍ വാലാബാഗ്, വാഗബോര്‍ഡര്‍ സെറിമണി എന്നിവ വിവരിച്ചിരിക്കുന്നു.
രാഷ്ട്രപതി ഭവന്റെ വിസ്മയിപ്പിക്കുന്ന കാഴ്ചകള്‍, ഭാരതത്തിന്റെ പൂന്തോട്ടമായ കാശ്മീരില്‍ വര്‍ത്തമാനകാലത്തുണ്ടായ ശുഭകരമായ മാറ്റങ്ങള്‍, ആറന്മുള വള്ളസദ്യ, ഓച്ചിറ പരബ്രഹ്മം, കൊടുങ്ങല്ലൂരമ്മ, ലക്ഷദ്വീപ് എല്ലാം ഈ കൃതിയിലെ പ്രതിപാദ്യ വിഷയങ്ങളാണ്.
നിരവധി വിദേശരാജ്യങ്ങളില്‍ സഞ്ചരിച്ചിട്ടുള്ള ഗ്രന്ഥകാരന്‍ ഈ കൃതിയില്‍ ഏതാനും വിദേശ യാത്രകള്‍ മാത്രമേ പരാമര്‍ശിക്കുന്നുള്ളൂ. താന്‍ സന്ദര്‍ശിച്ച തായ്‌ലണ്ട്, ബാലിദ്വീപ്, ലണ്ടന്‍, പാരീസ് തുടങ്ങിയ സ്ഥലങ്ങളെക്കുറിച്ച് രസകരമായ വിവരങ്ങള്‍ ഇതില്‍ കാണാം. ‘ബാലിദ്വീപിലെ ആമ’ എന്ന അദ്ധ്യായത്തില്‍ ബാലിദ്വീപിലുള്ളവര്‍ കടലാമയെ ധാരാളമായി കൊന്നു ഭക്ഷിച്ചതിന്റെ ഫലമായി പ്രകൃതിക്ഷോഭവും മറ്റു ദുരനുഭവങ്ങളും ഉണ്ടായി എന്ന് കരുതുന്ന ജനതയെ പരിചയപ്പെടുത്തുന്നു. കടലാമകളെ സംരക്ഷിക്കാന്‍ തുടങ്ങിയതോടെ പ്രകൃതി കനിഞ്ഞനുഗ്രഹിക്കാന്‍ തുടങ്ങി എന്നും ബാലിക്കാര്‍ വിശ്വസിക്കുന്നുവത്രേ!
കാര്യമാത്ര പ്രസക്തങ്ങളായ വിവരണങ്ങളിലൂടെ താന്‍ കണ്ട നാടുകള്‍ വായനക്കാരെ പരിചയപ്പെടുത്താനാണ് ഗ്രന്ഥകാരന്‍ ശ്രമിച്ചിട്ടുള്ളത്. ധാരാളം ചിത്രങ്ങളും ഈ ഗ്രന്ഥത്തിലുണ്ട്.
Children, Let us Study
THE GEETA…
പി.ഐ. ശങ്കരനാരായണന്‍
തര്‍ജ്ജമ: ഗീത ആര്‍.നായര്‍
നവമന ബാലവികാസകേന്ദ്രം
പേജ്: 134 വില: 250 രൂപ
9388414034
‘കുട്ടികളെ നമുക്ക് ഗീത പഠിക്കാം…’ എന്ന പേരില്‍ പി.ഐ.ശങ്കരനാരായണന്‍ എഴുതിയ മലയാള കൃതിയുടെ ഇംഗ്ലീഷ് തര്‍ജ്ജമയാണ് ‘Children, Let us Study THE GEETA…’ തര്‍ജ്ജമ നിര്‍വഹിച്ചിരിക്കുന്നത് ഗീത ആര്‍.നായരാണ്.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉള്‍ക്കൊള്ളാനാകും വിധം ഭഗവദ്ഗീതാസാരം വിവരിച്ചിരിക്കുന്നു എന്നതാണ് ഈ കൃതിയുടെ എടുത്തു പറയേണ്ട പ്രത്യേകത.
സ്വാമി വിവേകാനന്ദന്റെയും മഹാത്മാഗാന്ധിയുടെയും ജീവിതം ഗീതയില്‍ അധിഷ്ഠിതമായിരുന്നു എന്നു ഗ്രന്ഥകാരന്‍ ഓര്‍മ്മിപ്പിക്കുന്നു. ബ്രഹ്മവിദ്യയുടെ ഭാഗമായ യോഗശാസ്ത്രമാണ് ഭഗവദ്ഗീത. ഇത് വിവിധ ശാസ്ത്രങ്ങളുടെ സംയോജനമാണെന്നറിയണം.
ധൃതരാഷ്ട്രര്‍, സഞ്ജയന്‍, ശ്രീകൃഷ്ണന്‍, അര്‍ജുനന്‍ എന്നീ നാല് കഥാപാത്രങ്ങള്‍ മാത്രമാണ് ഭഗവദ്ഗീതയിലുള്ളത്. അവര്‍ രാജാവും മന്ത്രിയും ആചാര്യനും പൗരനുമാണ്. ആത്മീയമായോ, പ്രതീകാത്മകമായോ, രാഷ്ട്രീയമായോ നമുക്കവയെ വിശകലനം ചെയ്യാം.
ഗീത പ്രയാസം ഉള്ള സംസ്‌കൃതത്തിലായതിനാല്‍ സാധാരണക്കാര്‍ക്ക് ഉള്‍ക്കൊള്ളാനാകില്ലെന്ന ധാരണ തെറ്റാണെന്ന് ഈ കൃതി തെളിയിക്കുന്നു. ഗീതയുടെ സന്ദേശം ഉദാസീനതയുടേതല്ല; കര്‍മ്മോത്സുകതയുടേതാണ്. നിരാശയുടേതല്ല; ശുഭചിന്തയുടേതാണ്. സാര്‍വത്രികമാനവികതയുടെ പ്രകടനപത്രികയായി ഗീതയെ കാണാം. പഠിക്കാന്‍ തുടങ്ങുന്ന കുട്ടികള്‍ക്കും പഠിക്കാന്‍ പരാജയപ്പെട്ട മുതിര്‍ന്നവര്‍ക്കും ഒരു നിധിയാണ് ഭഗവദ്ഗീത എന്ന കാര്യത്തില്‍ ഗ്രന്ഥകാരന് സന്ദേഹമേതുമില്ല. മനോഹരമായ, ലളിതമായ ഇംഗ്ലീഷില്‍ ആണ് ഈ കൃതി രചിച്ചിട്ടുള്ളത്.