വയനാട് സന്ദര്‍ശനത്തിനിടെ, ദുരന്തത്തില്‍ പരിക്കേറ്റവരെ കാണാന്‍ ആശുപത്രിയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, ഉമ്മ ഒഴികെയുള്ള എല്ലാ കുടുംബാംഗങ്ങളെയും നഷ്ടപ്പെട്ട നൈസമോളെ ഓമനിക്കുന്ന ചിത്രത്തെ കേരളത്തെപോലെ സാക്ഷരതയിലും വിദ്യാഭ്യാസത്തിലും വിവേകത്തിലുമൊക്കെ ഒന്നാമത് എന്ന് ഊറ്റം കൊള്ളുന്ന സമൂഹം എങ്ങനെയാണ് വിലയിരുത്തിയത് എന്നത് ചിന്തോദ്ദീപകമാണ്. എസ്പിജി സുരക്ഷയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നുവയസ്സുള്ള ആ പിഞ്ചുകുഞ്ഞിനെ കൈപിടിച്ചാണ് തന്റെ അടുത്തേക്ക് കൊണ്ടുവന്നത്. കിടപ്പാടവും ഉമ്മയൊഴികെയുള്ള വീട്ടുകാരെയും നഷ്ടപ്പെട്ട ആ പിഞ്ചുകുഞ്ഞിനെ പ്രധാനമന്ത്രി നെഞ്ചോട് ചേര്‍ക്കുകയായിരുന്നു. പ്രധാനമന്ത്രി ആണെന്നോ രാഷ്ട്രപതി ആണെന്നോ ഒന്നും തിരിച്ചറിയാത്ത ആ കുഞ്ഞ് കൗതുകംപൂണ്ട് പ്രധാനമന്ത്രിയുടെ കണ്ണട എടുക്കുകയും താടിയില്‍ തടവുകയും താടി വലിച്ചുനോക്കുകയും ഒക്കെചെയ്തു. ഒരു മുത്തശ്ശനെപോലെ അതെല്ലാം ആസ്വദിച്ച പ്രധാനമന്ത്രി ആ കുഞ്ഞിനെ തഴുകി തലോടിയത് ഒട്ടുമിക്ക ചാനലുകളിലും പത്രങ്ങളിലും ഒക്കെ വാര്‍ത്തയായി. ആ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഏറ്റവും ശ്രദ്ധേയമായ വാര്‍ത്താചിത്രം മാത്രമല്ല, വീഡിയോദൃശ്യവും ഇതുതന്നെയായിരുന്നു. മലയാളത്തിലെ ഒരു പത്രത്തില്‍ മാത്രമാണ് ഈ ചിത്രം അച്ചടിച്ചു വരാതിരുന്നത്. അതേകുറിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ദേശാഭിമാനി മുന്‍ ചീഫ് റിപ്പോര്‍ട്ടുറുമായ ജി.ശക്തിധരന്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.
കൃത്യമായ രാഷ്ട്രീയ അജണ്ടയോടെ നികൃഷ്ടമായ മനഃസ്ഥിതിയോടെ പത്രപ്രവര്‍ത്തനത്തിന്റെയും മാധ്യമധര്‍മ്മത്തിന്റെയും ഉജ്ജ്വലമായ ലക്ഷ്യങ്ങള്‍പോലും സങ്കുചിതരാഷ്ട്രീയത്തിന്റെ പേരില്‍ മറന്ന പത്രത്തിന്റെ പേര് മുന്‍ ചീഫ് റിപ്പോര്‍ട്ടര്‍ തന്നെ തുറന്നുകാട്ടി. നരേന്ദ്രമോദിയോട് രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങള്‍ പുലര്‍ത്തുന്ന സംസ്ഥാനത്തെ ഭരണമുന്നണിക്കും അവരെ അന്ധമായി പിന്തുണയ്ക്കുന്ന ചില മാധ്യമങ്ങള്‍ക്കും പ്രധാനമന്ത്രിയുടെ സന്ദര്‍ശനവും ആ സന്ദര്‍ശനവേളയില്‍ അദ്ദേഹം പ്രകടിപ്പിച്ച കാരുണ്യത്തിന്റെയും അനുതാപത്തിന്റെയും അനുരണനങ്ങളും ഒരുപക്ഷേ രസിച്ചിട്ടുണ്ടാവില്ല. അത്താണി ഇല്ലാതായ നൂറുകണക്കിന് കുടുംബങ്ങളെയും ഉറ്റവരെ നഷ്ടപ്പെട്ട പാവപ്പെട്ട ജീവിതങ്ങളെയും കാരുണ്യസ്പര്‍ശത്തിലൂടെ മടക്കിക്കൊണ്ടുവരാന്‍ അദ്ദേഹം കാട്ടിയ സന്മനസ്സ് എന്തേ മലയാളികള്‍ക്ക് മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നത്.
മൂന്നുവയസ്സുള്ള നൈസമോളോട് പ്രധാനമന്ത്രി നരേന്ദ്രമോദി സംവദിച്ചത് ഹൃദയത്തിന്റെ ഭാഷയിലാണ്. സ്വന്തം വീടും ഉറ്റവരും ഒക്കെ നഷ്ടമായ ആ കുഞ്ഞിന്റെ ദൈന്യതയും ജീവിതം വഴിമുട്ടിയ അവസ്ഥയും അവള്‍ക്കുവേണ്ട കാരുണ്യത്തിന്റെ കരുതലും ഒക്കെ ആരുടെയും ആമുഖമോ പരിഭാഷയോ ഇല്ലാതെ തന്നെ പ്രധാനമന്ത്രിക്ക് മനസ്സിലായി. സ്വന്തം മുത്തശ്ശനോടോ അടുത്തുപരിചയമുള്ള ഒരാളോടോ പെരുമാറുന്ന രീതിയില്‍ ആ നിഷ്‌കളങ്കബാല്യം നരേന്ദ്രമോദിയോട് ഒട്ടിനിന്നെങ്കില്‍ അത് അദ്ദേഹം സൃഷ്ടിച്ച സ്‌നേഹത്തിന്റെയും അനുകമ്പയുടെയും ഉദാത്തമായ മാതൃക തന്നെയാണ്. തീര്‍ച്ചയായും ആ സ്വാതന്ത്ര്യം ദുരന്തമുഖങ്ങളില്‍ ഭാരതത്തിലെ ഓരോ പിഞ്ചുകുഞ്ഞും മാത്രമല്ല, എല്ലാ പൗരന്മാരും അര്‍ഹിക്കുന്നത് തന്നെയാണ്. പക്ഷേ, സാമൂഹ്യമാധ്യമങ്ങളില്‍ ഈ ചിത്രത്തിനെതിരെ ചിലര്‍ രംഗത്തുവന്നതും കാണേണ്ടതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി എന്തുചെയ്താലും എതിര്‍ക്കുന്ന തീവ്രവാദ സംഘടനകളില്‍പ്പെട്ടവരാണ് ഈ ചിത്രത്തിനെതിരെയും രംഗത്ത് വന്നിട്ടുള്ളത്.
ഈ ചിത്രം എന്തെങ്കിലും ആസൂത്രണത്തിന്റെയോ മുന്‍കൂട്ടി നിശ്ചയിച്ചതിന്റെയോ ഭാഗമായി ചിത്രീകരിച്ചതല്ല. നേരത്തെ തീരുമാനിച്ച സമയക്രമത്തിനപ്പുറത്തേക്ക് സമയം ചെലവഴിച്ച് ദുരന്തബാധിതരായ ഓരോരുത്തരെയും പ്രധാനമന്ത്രി കാണുകയായിരുന്നു. ഭാരതത്തിന്റെ പ്രധാനമന്ത്രി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സന്ദര്‍ശനത്തെ രാഷ്ട്രീയത്തിനതീതമായാണ് കാണേണ്ടത്. നൈസ മോളുടെ ജാതിയോ മതമോ ഒന്നുംതന്നെ ഇവിടെ പരിഗണനാവിഷയവുമല്ല. എന്നിട്ടും ഈ ദൃശ്യത്തില്‍ മതം കാണാനും പ്രധാനമന്ത്രിക്കെതിരെ ആസൂത്രിതമായ പ്രചാരണം നടത്താനും ചിലരെങ്കിലും ശ്രമിക്കുന്നതിന്റെ കാരണം തീവ്രവാദ സ്വാധീനമാണ് എന്ന കാര്യത്തില്‍ സംശയമില്ല. മിക്ക ദൃശ്യമാധ്യമങ്ങളും വര്‍ത്തമാനപത്രങ്ങളും പ്രധാനമന്ത്രിയും നൈസ മോളും തമ്മിലുള്ള ഹൃദയാവര്‍ജ്ജകമായ ദൃശ്യത്തിന്റെ ഉള്‍ക്കാമ്പ് വേണ്ടവിധം മനസ്സിലാക്കിയിരുന്നു. ഇത് മനസ്സിലാകാത്ത, രാഷ്ട്രീയത്തിന്റെ കണ്ണട ധരിച്ച മാധ്യമത്തിന് ജനങ്ങളില്‍ നിന്നുതന്നെ തിരിച്ചടി കിട്ടി.
ഇനിയെങ്കിലും മലയാളികളുടെയും കേരളീയ പൊതുസമൂഹത്തിന്റെയും പൊതു ചിന്തയിലും ധാരണയിലും മാറ്റം വരേണ്ടിയിരിക്കുന്നു എന്ന് തോന്നുന്നു. കാരണം അഞ്ഞൂറിലേറെ ആളുകള്‍ മരിച്ച, ഇത്രയും വ്യാപകമായ നാശനഷ്ടം ഉണ്ടായ ഒരു ദുരന്തം സമീപകാലത്ത് കേരളത്തില്‍ ഉണ്ടായിട്ടില്ല. നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രി ആ ദുരന്തമുഖത്തേക്ക് എത്തുമ്പോള്‍ അദ്ദേഹത്തിന്റെ സാന്നിധ്യം കൊണ്ടുണ്ടാകുന്ന പ്രയോജനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തി ദുരന്തബാധിതര്‍ക്ക് ആശ്വാസം നല്‍കുന്നതിനുപകരം പ്രധാനമന്ത്രിയെ അപഹസിക്കാനും ഇകഴ്ത്താനുമുള്ള ശ്രമം അനുചിതമാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് അധികാരത്തിലെത്തിക്കഴിഞ്ഞാല്‍ പ്രധാനമന്ത്രിയായാലും മുഖ്യമന്ത്രിയായാലും രാഷ്ട്രത്തിന്റെയും സംസ്ഥാനത്തിന്റെയും പൊതുസ്വത്താണ്. രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കാനുള്ള ബാധ്യത അവര്‍ക്കുണ്ട്. അതുപോലെതന്നെ രാഷ്ട്രീയത്തിനതീതമായി പ്രധാനമന്ത്രിപദവിയെയും മുഖ്യമന്ത്രി പദവിയെയും ഒക്കെ കാണാനുള്ള മനോവികാസം പൗരസമൂഹത്തിനും ഉണ്ടാകേണ്ടിയിരിക്കുന്നു.
വയനാട് ദുരന്തത്തോട് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ച സമീപനം വസ്തുനിഷ്ഠമായി വിലയിരുത്തുന്ന ആര്‍ക്കും അദ്ദേഹത്തോട് ആദരവ് തോന്നും. കാരണം ദുരന്ത രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നിരുന്ന ആദ്യദിവസങ്ങളിലാണ് അവിടേക്ക് പ്രധാനമന്ത്രി വന്നതെങ്കില്‍ അത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുമായിരുന്നു. ദുരന്തഭൂമിയില്‍ തിരച്ചില്‍ നിര്‍ത്തി സൈന്യം മടങ്ങിയതിനുശേഷമാണ്, രക്ഷാപ്രവര്‍ത്തനത്തെ ഒരുതരത്തിലും ബാധിക്കാതെ പ്രധാനമന്ത്രി അവിടേക്ക്‌വന്നുപോയത്. ഒരുദിവസം മുഴുവന്‍ വയനാട്ടില്‍ ചെലവിട്ടിട്ടും എവിടെയും അദ്ദേഹം രാഷ്ട്രീയം പറഞ്ഞില്ല. ദുരന്തബാധിതരുടെ രാഷ്ട്രീയം അന്വേഷിച്ചില്ല. അവരുടെ ദുഃഖം, നടന്ന സംഭവങ്ങള്‍ തുടങ്ങിയവ അന്വേഷിച്ചു. ഒരു ഭരണാധികാരി എന്ന നിലയില്‍ അവര്‍ക്ക് ജീവിതം പുനരാരംഭിക്കാനുള്ള സഹായം വാഗ്ദാനം ചെയ്തു. നിങ്ങള്‍ ഒറ്റയ്ക്കല്ല, മുഴുവന്‍ ഭാരതീയരും നിങ്ങളോടൊപ്പമുണ്ട് എന്ന വാക്ക് വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് നല്‍കി. ഈ സംഭവത്തില്‍ മതവും രാഷ്ട്രീയവും കാണുന്ന നാലാംകിട സമൂഹമായി മലയാളികള്‍ അധഃപ്പതിച്ചിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദി ആരെന്ന് നമ്മള്‍ ചിന്തിക്കണം.
ആശാസ്യമല്ലാത്ത രാഷ്ട്രീയ അതിപ്രസരം മലയാളികളുടെ ജീവിതത്തിന്റെ സമസ്തമേഖലകളിലും പിടിമുറുക്കിയിരിക്കുന്നു എന്നതാണ് ഇതിന്റെ അടിസ്ഥാനകാരണം. വേണ്ടിടത്തും വേണ്ടാത്തിടത്തും രാഷ്ട്രീയം മാനദണ്ഡമാവുകയും അതിക്രമങ്ങളും അന്യായങ്ങളും കാണിക്കുമ്പോള്‍ രാഷ്ട്രീയത്തിന്റെ പേരില്‍ രക്ഷപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ് ഇന്ന് കേരളത്തില്‍ നിലനില്‍ക്കുന്നത്. വടകരയിലും കണ്ണൂരിലും ഓട്ടോറിക്ഷ ഓടിച്ചിരുന്ന വനിതകള്‍ക്ക് രാഷ്ട്രീയാതിപ്രസരം മൂലം വണ്ടിയോടിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായ സംഭവങ്ങള്‍ ഓര്‍മിക്കുക. ഒരു പ്രത്യേക രാഷ്ട്രീയപ്പാര്‍ട്ടിയില്‍ അംഗമല്ലെങ്കില്‍ തൊഴിലെടുത്ത് ജീവിക്കാന്‍ കഴിയില്ല എന്ന സാഹചര്യം ഉണ്ടാവുന്നത് ഭാവാത്മകമായ ഒരു സമൂഹത്തിന് ഉചിതമാണോ എന്ന ചോദ്യം കേരളത്തിലെ പൊതുസമൂഹം നെഞ്ചില്‍ കൈവെച്ച് സ്വയം ചോദിക്കണം. രാഷ്ട്രീയ അഭിപ്രായങ്ങള്‍ മാറിമാറി വന്നേക്കാം. ഭരണത്തിലും രാഷ്ട്രീയം മാറി മാറി വരാം. പക്ഷേ, അടിസ്ഥാനപരമായി സമൂഹത്തെ നയിക്കേണ്ട പൊതുവായ മൂല്യങ്ങള്‍ രാഷ്ട്രീയത്തിന് അതീതമാവണ്ടേ. അത് ഭാരതത്തെപോലെ ഒരു ബഹുസ്വരസമൂഹത്തില്‍ മതനിരപേക്ഷവുമാകണ്ടേ?
അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലെത്തിയശേഷം പ്രധാനമന്ത്രി പാര്‍പ്പിടപദ്ധതിയില്‍ വിതരണം ചെയ്ത വീടുകളുടെ കണക്ക് പ്രസിദ്ധീകരിക്കുകയുണ്ടായി. മുസ്ലിം മതവിഭാഗത്തില്‍പ്പെട്ടവരാണ് ഏറ്റവും കൂടുതല്‍ ഈ പദ്ധതിയുടെ ഗുണഭോക്താക്കളായത്. പക്ഷേ, ഇതേക്കുറിച്ച് വിശദമായി സംസാരിക്കാനോ വിലയിരുത്താനോ എത്ര മാധ്യമങ്ങള്‍ തയ്യാറായി എന്ന കാര്യവും ആലോചിക്കണം. കേരളത്തിന്റെ വികസന കാര്യങ്ങള്‍, പൊതുവായ പ്രശ്‌നങ്ങള്‍, ദുരന്തങ്ങള്‍ എന്നിവയില്‍ എങ്കിലും രാഷ്ട്രീയത്തിനതീതമായ, മതനിരപേക്ഷമായ നിലപാട് സ്വീകരിക്കാന്‍ ഭരണകൂടത്തിനും പൊതുസമൂഹത്തിനും കഴിയണം. മറ്റു സംസ്ഥാനങ്ങളില്‍ രാഷ്ട്രീയത്തിനതീതമായ ഈ ഒരു ഐക്യബോധം നിലവിലുണ്ട്. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിലും കാവേരി ജലവിഷയത്തിലും തമിഴ്‌നാട്ടിലെ ജനങ്ങള്‍ എങ്ങനെയാണ് ഒന്നിച്ചുനില്‍ക്കുന്നത് എന്ന് കേരളസമൂഹം കാണണം, തിരിച്ചറിയണം. കാവേരി നദീജലവിഷയത്തില്‍ കര്‍ണാടകത്തിലെ രാഷ്ട്രീയ കക്ഷികള്‍ എങ്ങനെയാണ് ഒന്നിച്ചു നിന്നതെന്ന് നമ്മള്‍ കണ്ടു. നൈസമോള്‍ക്കൊപ്പം പ്രോട്ടോകോള്‍ ചട്ടക്കൂടുകള്‍ മുഴുവന്‍ ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു സാധാരണ മനുഷ്യനായി ഹൃദയത്തിന്റെ ഭാഷയില്‍ സംവദിച്ചപ്പോള്‍ അത് മനസ്സിലാക്കാനുള്ള ആര്‍ജ്ജവം മലയാളികള്‍ക്ക് ഉണ്ടാവേണ്ടിയിരുന്നു. പ്രധാനമന്ത്രിയെയും നൈസമോളുടെ മതത്തെയും ചൂണ്ടിക്കാട്ടി പ്രതികരിക്കാന്‍ ഒരുങ്ങിയ പ്രതിലോമശക്തികള്‍ക്കെതിരെ കേരളത്തിന്റെ പൊതുസമൂഹം പരസ്യമായി പ്രതികരിക്കുകയും അവരെ ഒറ്റപ്പെടുത്തുകയും ചെയ്യണം.