നിറഞ്ഞ ചിരിയും സൗമ്യമായ പെരുമാറ്റവും വൃത്തിയായ വസ്ത്രധാരണവും ആരെയും സ്‌നേഹിക്കുന്ന മനസ്സും അമ്പലപ്പുഴ ഗോപകുമാര്‍ സാറിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നു. ഏതു വിഷയത്തെക്കുറിച്ചുള്ള അവഗാഹവും, അറിയാത്ത വിഷയത്തെക്കുറിച്ച് പഠിക്കുവാനുള്ള ത്വരയും സമകാലീനര്‍ക്കും വരുംതലമുറയ്ക്കും ഒരുപോലെ അനുകരണീയമായ മാതൃകയാണ്. മലയാളഭാഷയെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചും ഇത്രയേറെ പഠിച്ചിട്ടുള്ളവര്‍ തുലോം വിരളമാണ്. എഴുത്തച്ഛനെക്കുറിച്ചും ചെറുശ്ശേരിയെക്കുറിച്ചും കുഞ്ചന്‍നമ്പ്യാരെക്കുറിച്ചും ഉണ്ണായിവാര്യരെക്കുറിച്ചും അദ്ദേഹത്തിന്റെ നാവിന്‍ തുമ്പില്‍നിന്ന് വരുന്നത് കേള്‍ക്കാന്‍ എന്തു രസമാണ്.
തകഴിയുടെ വീട്ടില്‍നിന്ന് (അന്നതിനെ സ്മാരകം എന്ന് വിളിക്കാന്‍ സാധ്യമല്ല) അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തില്‍ വെണ്ണല മോഹനന്‍ നയിക്കുന്ന ഗുരുവന്ദനയാത്ര നല്ലൊരു അനുഭവമായിരുന്നു. ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചത് സാംസ്‌കാരികവകുപ്പ് മന്ത്രി കെ.സി. ജോസഫ് ആയിരുന്നു. ഉദ്ഘാടനത്തിന് മുമ്പ് എത്തിയ മന്ത്രി തകഴിയുടെ മുറിയില്‍ കടന്നു. തകഴി കിടക്കാന്‍ ഉപയോഗിച്ചിരിക്കുന്ന കട്ടിലിനോട് ചേര്‍ന്ന് അദ്ദേഹം എഴുതാന്‍ ഉപയോഗിച്ച പേനയും കുറച്ചു പുസ്തകങ്ങളും അടുക്കിവെച്ചിട്ടുണ്ടായിരുന്നു. പൊടുന്നനെ കോരിച്ചൊരിയുന്ന മഴയെത്തി. മഴത്തുള്ളികള്‍ ശക്തമായി. നിമിഷനേരംകൊണ്ട് മുറി ജലസംഭരണിയായി.
മഴയൊന്ന് ശമിച്ചപ്പോഴാണ് ഉദ്ഘാടന സഭ ആരംഭിച്ചത്. അധ്യക്ഷഭാഷണത്തില്‍ തകഴി ജന്മശതാബ്ദിയെക്കുറിച്ചും, അദ്ദേഹത്തിന്റെ വീട് ഏറ്റെടുത്ത സാംസ്‌കാരിക വകുപ്പിന്റെ അലംഭാവത്തെക്കുറിച്ചും വിനയത്തോടെ, ആധികാരികതയോടെ ഗോപകുമാര്‍ സംസാരിച്ചു. തുടര്‍ന്ന് സംസാരിച്ച മന്ത്രിയുടെ വാക്കുകള്‍ അതിന്റെ ഗൗരവം കണക്കിലെടുത്തായിരുന്നു. ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിനുമുമ്പ് തകഴി സ്മാരകത്തിന്റെ പണിയും പൂര്‍ത്തിയായി.
ഒരിക്കല്‍ അദ്ദേഹമൊന്നിച്ച് പല്ലനയാറ്റിന്റെ തീരത്തെത്തി. റെഡീമര്‍ ബോട്ടപകടത്തില്‍ മഹാകവി കുമാരനാശാന്റെ ജീവന്‍ പൊലിഞ്ഞ ഇടം. കടുത്ത വേദനയോടെ, എന്നാല്‍ ഇളംപുഞ്ചിരി വിടാതെ അദ്ദേഹം പറഞ്ഞു: ‘ഇവിടെ വച്ചായിരുന്നു കുമാരനാശാന്റെ ദേഹവിയോഗം.’ നന്നായി നീന്താന്‍ അറിയാവുന്ന ആശാന്‍ ബോട്ട് മുങ്ങി മരിച്ചത് ഈ കൈത്തോട്ടിലാണെന്ന് കേട്ടാല്‍ വിശ്വസിക്കാന്‍ അപാരപാണ്ഡിത്യം വേണം. നമ്മളൊക്കെ അത് വിശ്വസിച്ചു. പാഠപുസ്തകങ്ങളിലൂടെ പഠിക്കുകയും ചെയ്തു. ദുരവസ്ഥ എഴുതിയ ആശാനെ കൊണ്ട് അതു പിന്‍വലിപ്പിക്കാന്‍ ചില തല്‍പരകക്ഷികള്‍ നടത്തിയ ശ്രമവും, പരാജയവും ചേര്‍ത്തു വായിക്കാന്‍ സാഹചര്യം നമ്മെ പ്രേരിപ്പിക്കുന്നു.
യാത്രാ സംഘവുമൊത്തൊരിക്കല്‍ കുട്ടനാട്ടിലെ പണ്ഡിതനായ ഐ.സി. ചാക്കോയുടെ വീട്ടില്‍ പോയി. കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന് കാരണം തണ്ണീര്‍മുക്കം ബണ്ടിന്റെ അശാസ്ത്രീയതയാണെന്ന് കൃത്യമായി വിളിച്ചു പറഞ്ഞു ഐ.സി. ചാക്കോ. അദ്ദേഹത്തിന്റെ അപദാനങ്ങള്‍ ആരും വാഴ്ത്തി പാടാറില്ല. എന്നാല്‍ ഗോപകുമാര്‍ സാര്‍ അതൊക്കെ സവിസ്തരം പ്രതിപാദിച്ചു. ഇന്നു ചെറുമഴയത്ത് പോലും വെള്ളം കയറുന്ന സ്ഥലമാണ് സപ്തദ്വീപ സമൂഹങ്ങളടങ്ങുന്ന കുട്ടനാട്. കേരളത്തില്‍ ഇത്തരം നാല്‍പതിലധികം സപ്തദ്വീപുകള്‍ ഉണ്ടത്രേ. ഇതിനെയൊക്കെ വേണ്ടരീതിയില്‍ ഉപയോഗിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ കേരളം എന്നേ ഒരു മികച്ച വിനോദസഞ്ചാരകേന്ദ്രമാകുമായിരുന്നു. മലയെയും കടലിനെയും വേര്‍തിരിക്കുന്ന കായലുകള്‍ അടങ്ങിയ പ്രദേശം എന്നര്‍ത്ഥം വരുന്ന ആയപ്പുഴയാണത്രേ പില്‍ക്കാലത്ത് ആലപ്പുഴയായത്.
അമ്പലപ്പുഴ ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തെക്കുറിച്ചും സാര്‍ ഏറെ വാചാലനായി. സ്മാരകസമിതിയുടെ സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കുഞ്ചന്‍ നമ്പ്യാരെക്കുറിച്ചും ചെമ്പകശ്ശേരി രാജാവിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
ആലപ്പുഴയില്‍ ഒമ്പതു വര്‍ഷം പുസ്തകോത്സവം നടന്നു. ആലപ്പുഴ ജില്ലയിലെ പ്രമുഖരായ എല്ലാ സാഹിത്യസാംസ്‌കാരിക നായകന്മാരും പുസ്തകോത്സവത്തില്‍ പങ്കെടുത്തിട്ടുണ്ട്. മുന്‍ മന്ത്രി ജി.സുധാകരന്‍ പുസ്തകോത്സവത്തിലെ സ്ഥിരം സന്ദര്‍ശകനും മൂന്നു പ്രാവശ്യം ഉദ്ഘാടകനുമായിരുന്നു. അതില്‍ പങ്കെടുത്ത മിക്കവാറും എല്ലാവരും തന്നെ സാറുമായുള്ള വ്യക്തിബന്ധത്തിന്റെ അടിസ്ഥാനത്തില്‍ പങ്കെടുത്തവരാണ്.
അജാതശത്രു എന്ന വാക്ക് അക്ഷരാര്‍ത്ഥത്തില്‍ ചേരുന്നത് ഗോപകുമാര്‍ സാറിനാണ്. സംഘചാലകനായി പ്രവര്‍ത്തിക്കുമ്പോഴും വിവിധ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ പ്രവര്‍ത്തകരുമായുള്ള ബന്ധം അദ്ദേഹം തുടര്‍ന്നിരുന്നു. അതുകൊണ്ടുതന്നെയാകാം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷനായും അംഗമായുമൊക്കെ അദ്ദേഹത്തിന്റെ പേര് നിര്‍ദ്ദേശിക്കപ്പെട്ടത്. ബന്ധങ്ങള്‍ നിലനിര്‍ത്തുമ്പോഴും, ആദര്‍ശത്തെ മുറുകെപ്പിടിച്ചു കൊണ്ട് വാഗ്ദാനങ്ങള്‍ സ്‌നേഹപൂര്‍വ്വം നിരസിക്കുവാനും അദ്ദേഹത്തിനാകുമായിരുന്നു. ഇതിലൊക്കെ വലിയ പിന്തുണ നല്‍കിയ അദ്ദേഹത്തിന്റെ സഹധര്‍മ്മിണി പ്രൊഫ. ജി.വിജയലക്ഷ്മി ടീച്ചറിനും മക്കളായ ദേവനാരായണന്‍, കൃഷ്ണ ഗോപാലന്‍ എന്നിവര്‍ക്കുമുള്ള പങ്കും സ്മരണീയമാണ്.