വെയില്‍ ചാഞ്ഞു തുടങ്ങിയ സമയത്താണ് ഞങ്ങള്‍ രമണ്‍ രേതിയിലെത്തുന്നത്. ഗോകുലത്തില്‍ ഭഗവാന്‍ മണ്ണ് വാരിക്കളിച്ചു എന്ന് ഭക്തര്‍ വിശ്വസിക്കുന്ന പവിത്രഭൂമിയാണ് രമണ്‍ രേതി. രമണ്‍ എന്നാല്‍ ദിവ്യ ലീല, കളി എന്നൊക്കെ അര്‍ത്ഥമുണ്ട്. രേതി എന്നാല്‍ മണ്ണ്. ശ്രീകൃഷ്ണനും ബലരാമനും സഹചാരികളായ ഗോപബാലന്മാരും മണ്ണ് വാരിക്കളിച്ചതിന്റെ പവിത്ര സ്മരണകളുണര്‍ത്തി ഇവിടെ എത്തുന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ മണ്ണ് വാരിക്കളിക്കുന്ന കാഴ്ച കൗതുകമുണര്‍ത്തുന്ന ഒന്നാണ്. കൃഷ്ണന്‍ ബാല്യത്തിലാണ് മണ്ണുവാരിക്കളിച്ചതെങ്കിലും ഇവിടെ എത്തുന്ന ഭക്തര്‍ ആബാലവൃദ്ധം ആ കര്‍മ്മം ഒരു അനുഷ്ഠാനം പോലെ നടത്തുന്നത് ആരിലും കൗതുകമുണര്‍ത്തും. മഥുരയിലേക്ക് കൃഷ്ണനെ കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയ കൃഷ്ണഭക്തനായ അക്രൂരന്‍ കൃഷ്ണന്‍ ലീലയാടിയ രമണ്‍ രേതിയിലെത്തിയപ്പോള്‍ മണ്ണില്‍ക്കിടന്നുരുണ്ടു പോലും. ഈ കഥകളൊക്കെ മനസ്സിലാക്കിയിട്ടാവാം ഇന്നും ആയിരകണക്കിന് ഭക്തര്‍ ഈ മണ്ണില്‍ക്കിടന്ന് ഉരുളുന്നത്. രാജ്യത്തിന്റെ ഏതോ പ്രദേശത്തുനിന്നും എത്തിയ വലിയൊരു ഭക്തസംഘം രമണ്‍ രേതിയില്‍ പൂഴിമണ്ണില്‍ ചമ്രം പടിഞ്ഞിരുന്ന് ഭജന പാടുന്നുണ്ട്. സ്ത്രീകളും കുട്ടികളുമടക്കം എല്ലാവരും നിറഞ്ഞ ഭക്തിരസത്തിലാണ്. ആചാര്യന്‍ എന്നുതോന്നുന്ന ഒരാള്‍ ഭക്തി കഥാകഥനങ്ങള്‍ നടത്തുന്നുണ്ട്. ചിലര്‍ ഉന്മത്ത ഭക്തരായി മണ്ണില്‍ക്കിടന്നുരുളുന്നു. ചിലര്‍ പൊട്ടിച്ചിരിച്ചുകൊണ്ട് ദേഹം മുഴുവന്‍ മണല്‍ വാരി അഭിഷേകം ചെയ്യുന്നു. അപ്പോള്‍ അവരുടെ കൂടെ കളിത്തോഴനായി കൃഷ്ണന്‍ ഉണ്ടെന്ന് എനിക്കും തോന്നി. എന്തായാലും ഒരു പിടി മണ്ണ് രമണ്‍ രേതിയില്‍ നിന്നും ഞാനും വാരി. കേസരി ഭവന്റെ പൂമുഖത്തെ അക്ഷര പത്മത്തില്‍ നിക്ഷേപിക്കാന്‍.
ഗുരു ശരണാനന്ദ മഹരാജിന്റെ പേരിലുള്ള കര്‍ഷ്ണി ആശ്രമം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. നിരവധി പുല്‍ക്കുടിലുകള്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. തീര്‍ത്ഥാടകരായി എത്തുന്ന സന്ന്യാസിമാര്‍ക്ക് താമസിക്കാന്‍ ഈ കുടിലുകള്‍ നല്‍കാറുണ്ടെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഗുരു ശരണാനന്ദ് മഹരാജ് ജ്ഞാന ഭക്തി യോഗങ്ങളുടെ സാകാര രൂപമായിരുന്നു. സാമാന്യം വലിപ്പമുള്ളതും ശില്‍പ്പ ചാതുരി നിറഞ്ഞതുമായ ആശ്രമത്തില്‍ അഖണ്ഡ ഭക്തിഗാനാലാപനം നടന്നുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. കലിയുഗത്തില്‍ നാമസങ്കീര്‍ത്തനമാണല്ലോ ആചാര്യന്മാര്‍ വിധിച്ചിട്ടുള്ളത്. ആശ്രമത്തിന്റെ വിശാലമായ പിന്‍മുറ്റം നിറയെ ഭക്തജനങ്ങളെക്കൊണ്ട് സദാനിറഞ്ഞിരിക്കുന്നു. ആഡംബര വസ്ത്രങ്ങള്‍ ധരിച്ചവര്‍വരെ പൂഴിയില്‍ കിടന്നുരുണ്ടു മറിയുന്ന കാഴ്ച ആരിലും അത്ഭുതമുണര്‍ത്തും. രമണ്‍ വനം എന്നും ഈ പ്രദേശം അറിയപ്പെട്ടിരുന്നു. വൃന്ദാവനലീലകള്‍ക്കായി കണ്ണന്‍ പുറപ്പെടും മുമ്പ് നിത്യം രാധയുമായി സന്ധിച്ചിരുന്നത് ഇവിടെ വച്ചായിരുന്നു എന്നും വിശ്വസിക്കപ്പെടുന്നു. അതിമനോഹരമായ രമണ്‍ ബിഹാരിജി കൃഷ്ണ ക്ഷേത്രവും ഇവിടുത്തെ മറ്റൊരാകര്‍ഷണ കേന്ദ്രമാണ്. കൃഷ്ണഭക്തിയാല്‍ വിദൂരസ്ഥലങ്ങളില്‍ നിന്ന് തീര്‍ത്ഥാടകരായി എത്തി ഇവിടെത്തന്നെ സാധന ചെയ്ത് ഈ മണ്ണില്‍ ലയിച്ചു ചേര്‍ന്ന ആയിരക്കണക്കിന് സാധകരുടെ ആത്മ സാന്നിദ്ധ്യം സ്പന്ദിക്കുന്ന സ്ഥലം കൂടിയാണ് ഈ വ്രജ ഭൂമി.
ഇരുനൂറ് വര്‍ഷങ്ങള്‍ക്കു മുന്നെ ഇവിടെ എത്തിച്ചേര്‍ന്ന ജ്ഞാന്‍ ദാസ സ്വാമികള്‍ ദീര്‍ഘകാലം ഈ പവിത്രഭൂമിയില്‍ സാധകനായി ജീവിച്ചു. ദിവസം ഒരു പിടി കടല മാത്രം ഭക്ഷിച്ച് പന്ത്രണ്ട് വര്‍ഷം സാധന ചെയ്ത ആ പുണ്യാത്മാവിന് ശ്രീകൃഷ്ണ ദര്‍ശനം ലഭിച്ച സ്ഥലത്താണ് രമണ്‍ ബിഹാരി മന്ദിരം നിലനില്‍ക്കുന്നത്. ഇവിടെയെല്ലാം ധാരാളം കദംബ വൃക്ഷങ്ങള്‍ ധ്യാനനിരതരായി നില്‍ക്കുന്നുണ്ട്. കൃഷ്ണ സായൂജ്യം കാംക്ഷിച്ചു സാധന ചെയ്യുന്ന ആത്മാവുകളാവാം അവയെല്ലാം. മുസ്ലീമായിരുന്നെങ്കിലും കടുത്ത കൃഷ്ണ ഭക്തനായിരുന്ന രസഖാന്റെ സമാധി രമണ്‍ രേതിക്കടുത്തുള്ള മഹാവനത്തിലാണ്. ഇദ്ദേഹമെഴുതിയ കൃഷ്ണ കീര്‍ത്തനങ്ങള്‍ ഇന്നും ഭക്തജനങ്ങളുടെ ചുണ്ടുകളില്‍ ഭക്തിയുടെ നറുതേന്‍ പുരട്ടുന്നു. കൃഷ്ണന്റെ ബാല്യകാലം ബാലലീലകള്‍ കൊണ്ടു മാത്രം അടയാളപ്പെടുത്തേണ്ട ഒന്നല്ല. രമണ്‍ രേതിയില്‍ വച്ചാണ് നിരവധി അസുരന്മാരെ ഭഗവാന്‍ പരലോകത്തേക്കയച്ചത്. താന്‍ ഭാവിയില്‍ നിര്‍വ്വഹിക്കാന്‍ പോകുന്ന ധര്‍മ്മയുദ്ധങ്ങളുടെ പരിശീലനകളരിയായിട്ടാവും ഭഗവാന്‍ വ്രജ ഭൂമിയെ കണ്ടിരുന്നത്. രമണ്‍ രേതിയിലേക്കെത്തുന്ന വഴിയുടെ മറുഭാഗത്ത് വിശാലമായ മണല്‍പരപ്പില്‍ ധാരാളം മാനുകള്‍ കളിച്ചു നടക്കുന്നുണ്ട്. ഭക്തജനങ്ങള്‍ തീറ്റ നല്‍കുന്നതു കൊണ്ടാവാം അവ ഭയമില്ലാതെ കമ്പിവേലിക്കരികില്‍ വന്ന് ജനങ്ങളോട് സല്ലാപത്തിലേര്‍പ്പെടുന്നത്. ഇവിടെ ധാരാളം മയിലുകളും സൈ്വര്യ വിഹാരം നടത്തുന്നുണ്ടായിരുന്നു. മൃഗങ്ങള്‍ക്ക് സൈ്വര്യ വിഹാരം നടത്താന്‍ കഴിയുംവിധം വിശാലമായ ഒരു മൃഗശാല തന്നെയായിരുന്നു ഇത്.
(തുടരും)