ഹിസ്റ്റോറിക്കല്‍ രാമായണ
ഡിസൈഫറിങ് വാല്‍മീകിസ് എപിക്
ഡോ.വരുണ്‍ തമ്പാന്‍
പോതി.കോം
പേജ്: 682 വില: 670 രൂപ
ഫോണ്‍: 9526197063
രാമായണം കഥയിലെ രാവണരാജ്യമായ ശ്രീലങ്ക സ്ഥിതി ചെയ്യുന്നത് ബലൂചിസ്ഥാന്റെ തീരദേശത്ത് ഇറാനോട് ചേര്‍ന്ന തുറമുഖ നഗരമായ ഗ്വാഡറിലാണെന്ന് വ്യക്തമാക്കുകയാണ് നരവംശ ശാസ്ത്രഗവേഷകന്‍ ഡോ.വരുണ്‍ തമ്പാന്‍ തന്റെ ഗവേഷണ ഗ്രന്ഥമായ ‘ഹിസ്റ്റോറിക്കല്‍ രാമായണ ഡിസൈഫറിങ്ങ് വാല്‍മീകിസ് എപിക്’ എന്ന തന്റെ ഗ്രന്ഥത്തിലൂടെ.
രാമായണം കഥയിലെ ശ്ലോകത്തെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം ഇക്കാര്യം ഗവേഷണം നടത്തി സ്ഥിരീകരിക്കുന്നത്. കൊങ്കണ്‍ തീരത്ത് നിന്ന് 1200 കിലോമീറ്റര്‍ അകലെയാണ് ഗാഡ്വര്‍സിറ്റി സ്ഥിതി ചെയ്യുന്നത്. രാമായണത്തിലെ 100 യോജനയെന്ന കണക്ക് സ്ഥിരീകരിക്കുന്നതാണ് ഇത്. പൊതുവെ ശ്രീലങ്കയാണ് ലങ്കയെന്ന പേരില്‍ ഗണിച്ചിരുന്നത്. ശ്രീലങ്കയ്ക്ക് ഇത്ര യോജന അവകാശപ്പെടാനില്ല. രാമായണവും അനുബന്ധപുരാണങ്ങളും വിശദമായ പഠനത്തിന് വിധേയമാക്കിയാണ് ഗ്രന്ഥകാരന്‍ ഈ നിഗമനത്തില്‍ എത്തിയത്. ഒമാന്റെ കൈവശമുണ്ടായിരുന്ന ഗാഡ്വര്‍ 1955ല്‍ പാകിസ്ഥാന്‍ വാങ്ങുകയും ഇതുവഴി തുറമുഖ ഗതാഗതം സാധ്യമാക്കുകയും ചെയ്തു.
രാമായണകാലമായ ബിസി 2200 മുതല്‍ മെസപ്പൊട്ടോമിയയിലേക്ക് ചരക്കുഗതാതഗത്തിന് ഈ തുറമുഖ നഗരം ഉപയോഗിച്ചതായി ചരിത്രം പറയുന്നു. രാവണന്റെ സാമ്പത്തിക സ്രോതസ്സ് ഇതാണെന്ന് ഗ്രന്ഥം പറയുന്നു. രാവണന്റെ ലങ്ക സുവര്‍ണലങ്കയെന്ന് അറിയപ്പെടാന്‍ കാരണം ഇതുവഴിയുള്ള സാമ്പത്തിക സ്രോതസ്സാണെന്ന് പുസ്തകം വ്യക്തമാക്കുന്നുണ്ട്.
രാമായണകാലത്തെ സംബന്ധിച്ച നിരവധി പുതിയ കണ്ടെത്തലുകള്‍ ഈ പുസ്തകത്തിലുണ്ട്. ലോകത്ത് ആദ്യമായി ഗറില്ലയുദ്ധം നടത്തിയത് ഹനുമാനാണെന്ന് പുസ്തകം ചൂണ്ടിക്കാട്ടുന്നു. ബോംബെ കടല്‍ത്തീരം വഴി ഒരു മാസത്തോളം നീണ്ടയാത്രയ്‌ക്കൊടുവില്‍ ഹനുമാന്‍ ലങ്കയില്‍ എത്തുകയും സീതാദേവിയെ കണ്ടെത്തുകയും ചെയ്യുന്നു. ലങ്കയില്‍ നടത്തിയ കലാപമാണ് ആദ്യത്തെ ഗറില്ലായുദ്ധം. പിന്നീട് തിരിച്ചെത്തിയ ഹനുമാന്‍ ശ്രീരാമനെ ഈ വിവരം ധരിപ്പിക്കുന്നു. അദ്ദേഹം സൈനികരുമായി തീരദേശം വഴി ഏകദേശം ആറുമാസം നീണ്ട യാത്രകഴിഞ്ഞാണ് ലങ്കയില്‍ എത്തുന്നത്. ഒരുവര്‍ഷം നീണ്ട യുദ്ധത്തിനുശേഷം സീതാസമേതനായി തിരിച്ചെത്തുന്നു. മടക്കം രാമേശ്വരം വഴിയാണെന്ന് ഗ്രന്ഥകാരന്‍ പറയുന്നുണ്ട്. ലോകത്തിലേക്കും വച്ച് മികച്ച സൈനികത്തലവനാണ് രാമനെന്നും 144 കിലോമീറ്റര്‍ നീളവും 36 കിലോമീറ്റര്‍ വീതിയുമുള്ള അഷ്ടകോണാകൃതിയുള്ള നഗരമാണ് അയോധ്യയെന്നും ലേഖകന്‍ പറയുന്നു.
രാമായണകാലത്ത് താണജാതിയില്‍ പെട്ടവര്‍ ഉയര്‍ന്ന ജോലി കൈകാര്യം ചെയ്തിരുന്നു. താണജാതിയില്‍ പെട്ടവരെ അടിച്ചമര്‍ത്തിയെന്ന ആരോപണം വ്യാജമാണെന്ന് തെളിവുകള്‍ സഹിതം പുസ്തകം സമര്‍ത്ഥിക്കുന്നു. സീതാ പരിത്യാഗം, ശംബൂകന്റെ കഥ എന്നിവയൊക്കെ വ്യാജമാണ്. രാജഭരണത്തിനു ശേഷം രാമനും സീതയും വനവാസം സ്വീകരിച്ചു. പിന്നീട് സ്വാഭാവിക മരണം വരിച്ചു എന്നാണ് ഗ്രന്ഥം പറയുന്നത്. രാമായണം ഉത്തരകാണ്ഡത്തില്‍ പക്ഷെ രാമന്‍ സരയൂനദി പൂകുന്നതായാണ് പറയുന്നത്. ഇത് പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ടതായാണ് പണ്ഡിതമതം. ഇക്കാര്യം തന്നെയാണ് വരുണ്‍ തമ്പാനും പറഞ്ഞുവയ്ക്കുന്നത്. രാമസേതു നിര്‍മിക്കപ്പെട്ടതാണ്. എന്നാല്‍ അത് വനവാസത്തിനുശേഷം പട്ടാഭിഷിക്തനായ രാമന്‍ പിന്നീട് പണിതതാകുമെന്ന് ഗ്രന്ഥകാരന്‍ പറയുന്നു. ലങ്കയില്‍ നിന്നു മടങ്ങുന്ന രാമന്‍ കിഷ്‌കിന്ധ വഴിയാണ് അയോധ്യയിലേക്ക് എത്തുന്നത്. എന്നാല്‍ ഏത് മാര്‍ഗത്തിലൂടെയാണ് മടക്കം എന്ന കാര്യം രാമായണത്തില്‍ വ്യക്തമല്ലെന്നും ഗ്രന്ഥം പറയുന്നു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി നരവംശശാസ്ത്രം അസിസ്റ്റന്റ് പ്രഫസറായിരുന്ന വരുണ്‍ പുരാണങ്ങളെ അടിസ്ഥാനമാക്കി ഗവേഷണം തുടരുകയാണ്.
പരിച
ദിനചന്ദ്രന്‍ വലക്കാവ്
ഫോണ്‍: 9847954670
പേജ്:172 വില:150
ദിനചന്ദ്രന്‍ വലക്കാവ് രചിച്ച ഏതാനും നാട്ടുകഥകള്‍ ആണ് ‘പരിച’ എന്ന കൃതിയിലുള്ളത്. വര്‍ത്തമാനകാല കേരളം നേരിടുന്ന പലപ്രശ്‌നങ്ങളും കഥാകാരന്‍ കൊച്ചുകഥകളിലൂടെ അവതരിപ്പിക്കുകയാണിവിടെ. ഒറ്റപ്പെടലിന്റെ വേദനകള്‍ അനുഭവിക്കുന്ന വാര്‍ദ്ധക്യം, കുടുംബത്തിനുവേണ്ടി ജീവിച്ചു സ്വയം ജീവിക്കാന്‍ മറന്നുപോയ മനുഷ്യര്‍, മയക്കുമരുന്നില്‍ ഒടുങ്ങുന്ന യുവത്വം, ഒക്കെ ഈ കഥകളില്‍ കടന്നുവരുന്നു. മലയാള സമൂഹം ഒന്നാകെ പയറ്റിനിടയില്‍ പരിച നഷ്ടപ്പെട്ട ചേകവനെ പോലെ പകച്ചു നില്‍ക്കുന്നു എന്നാണ് കഥാകാരന് പറയാനുള്ളത്.
ഈ കൃതിയുടെ തുടക്കം മുതല്‍ഒടുക്കംവരെ വലിയ അക്ഷരങ്ങളിലാണ് അടിച്ചിരിക്കുന്നത്. അക്ഷരങ്ങളുടെ വലിപ്പം കുറച്ചിരുന്നെങ്കില്‍ പേജുകളുടെ എണ്ണം കുറയ്ക്കാമായിരുന്നു. ലളിതമായ ആഖ്യാനമാണീ കഥകളില്‍ കാണുന്നത്.