സാഹിത്യം ഒരു പാഴ്‌വസ്തുവാണെന്നു വായനക്കാരനു തോന്നിപ്പിക്കുന്നവിധം ആന്തരികവൈരുദ്ധ്യങ്ങള്‍ അതില്‍ ചേര്‍ത്തു വയ്ക്കാന്‍ എഴുത്തുകാരനൊരുങ്ങുന്നത് ആത്മഹത്യാപരമാണ്. എല്ലാ എഴുത്തുകാരിലും അവരറിയാതെ ചില വൈരുദ്ധ്യങ്ങള്‍ കടന്നുകൂടാറുണ്ട്. മലയാളത്തില്‍ അത് ഏറ്റവും പ്രകടമായത് ചങ്ങമ്പുഴയിലാണ്.
”ഗീതലയിച്ചൊരീ മണ്ണില്‍ മുളയ്ക്കുന്ന-
തേതും പവിത്ര ഫലാഢ്യമാണെന്നുമേ
വൃന്ദാവനം വാച്ചൊരീ മഹിതന്‍ മന-
സ്പന്ദനം പോലും കലാപ്രചോദനപ്രദം”
(കാളിദാസന്‍)
എന്നെഴുതി നിമിഷങ്ങള്‍ കഴിയും മുന്‍പേ
”ജഡയുടെ സംസ്‌കാരപ്പനയോലക്കെട്ടൊക്കെ
പൊടികെട്ടിപ്പുഴുകുത്തിച്ചിതലുമുറ്റി….
ചിതല്‍ തിന്ന ജഡയുടെ പനയോലക്കെട്ടൊക്കെ
ചിതയിലേയ്‌ക്കെറിയുവിന്‍ ചുട്ടെരിക്കിന്‍”
(ചുട്ടെരിക്കിന്‍)
എന്നിങ്ങനെ നേര്‍വിപരീതമായി എഴുതിക്കളയും.
”മലയാള നാടേനിന്‍ മാറിലോരോ
മലര്‍ മാലചാര്‍ത്തുന്നു മഞ്ജിമകള്‍”
(മലയാളനാടേ ജയിച്ചാലും)
എന്നെഴുതിയ കവി തന്നെ
”പെരുമാക്കന്മാരുടെ കഴല്‍നക്കിച്ചുണകെട്ട
തിരുനാവായ്ക്കപ്പുറവുമുണ്ടു ലോകം
നിളയേക്കാള്‍ കഥപറയാന്‍ കഴിവുള്ള നദികളും
പുളിനങ്ങളുമിന്നുമുണ്ടി ജഗത്തില്‍.”
(ഗളഹസ്തം)
എന്നിങ്ങനെ പരമ പുച്ഛത്തോടെ കേരളത്തെക്കുറിച്ചെഴുതി.
”ഇനി നിങ്ങളുണ്ണാതെതളരേണ്ട – ചെങ്കൊടിതന്‍
ധ്വനിതന്നു ഞങ്ങള്‍ക്കു ശാപമോക്ഷം”
(ഗളഹസ്തം)
”ഉയിരേകിത്തൊഴിലുകളിലുണര്‍വരുളീ കാറല്‍ മാര്‍ക്‌സ്
മാര്‍ക്‌സിനെ നീ കവിമാതേ മാനിക്കാന്‍ തുയിലുണരൂ”
(രാക്കിളികള്‍)
എന്നിങ്ങനെ മാര്‍ക്‌സിനെയും കമ്യൂണിസത്തേയും പലപ്പോഴും പുകഴ്ത്തിയിട്ടുള്ള ചങ്ങമ്പുഴ അതിനിശിതമായിത്തന്നെ അവരെ പരിഹസിച്ചിട്ടുമുണ്ട്.
”നിങ്ങള്‍ തന്‍മൂക്കിന്റെ താഴത്തെ മീശയ്ക്കുഭംഗിയി-
ല്ലീമീശനല്ലതല്ല സ്റ്റാലിന്റെ മീശതാന്‍മീശ
ആ മീശപോലീലോകത്തു മറ്റൊരു മീശയുണ്ടോ.”
എന്നിങ്ങനെ സ്റ്റാലിനെ അനുകരിച്ചു മീശവച്ചുനടന്ന സഖാക്കളെ ശരിക്കും പരിഹസിച്ചു.
”കരള്‍ കക്കും നിന്‍കളിത്തോപ്പിലെത്ര
കവി കോകിലങ്ങള്‍ പറന്നുപാടി” എന്നു കവികളെ പുകഴ്ത്തിപ്പാടിയ, കുമാരനാശാനെക്കുറിച്ചും കാളിദാസനെ കുറിച്ചും മനോഹര കവനങ്ങളെഴുതിയ, മലയാളത്തിലെ എല്ലാ കവികളേയും പുകഴ്ത്തി ‘മലയാളനാടേ ജയിച്ചാലും’ എന്ന കവിത രചിച്ച ചങ്ങമ്പുഴ ‘സാഹിത്യകാരന്മാര്‍’ എന്ന കവിതയില്‍ കവികളെക്കുറിച്ചും സാഹിത്യകാരന്മാരെ കുറിച്ചു പൊതുവിലും പറയുന്നതുനോക്കൂ.
”സാഹിത്യകാരന്മാര്‍ സാഹിത്യകാരന്മാര്‍
സാഹസികന്മാര്‍ ഭയങ്കരന്മാര്‍
ഇല്ലവര്‍ക്കയ്യോ മനഃസാക്ഷിയെന്നൊന്നൊ-
രെള്ളോളമെങ്കിലുമെന്തു ചെയ്യും?
എന്നാലവരില്‍ വിശേഷിച്ചു കള്ളന്മാ-
രിന്നക്കവികളാണോര്‍ത്തുകൊള്ളൂ.”
താനുള്‍പ്പെടെയുള്ള കവികളെ മുഴുവന്‍ കള്ളന്മാരെന്നു വിശേഷിപ്പിക്കുന്നതും പിന്നെ പാടിപുകഴ്ത്തുന്നതും ചങ്ങമ്പുഴ തന്നെ.
ഇത്തരം വൈരുദ്ധ്യങ്ങള്‍ എല്ലാം കവികളിലും കാണാം. ‘സര്‍പ്പക്കാട്’ എന്ന കവിതയില്‍ കാവുവെട്ടി തീയിടുന്നതിനെ അനുമോദിക്കുന്ന വൈലോപ്പിള്ളി സഹ്യന്റെ മകനില്‍ കാടിന്റെയും അതിലെ ജീവിതങ്ങളുടെയും വക്താവായി പ്രത്യക്ഷപ്പെടുന്നു.
”അംബപേരാറേ നീ മാറിപ്പോമോ
ആകുലയാമൊരഴുക്കുചാലായ്”
(കുറ്റിപ്പുറംപാലം)
എന്നെഴുതിയ ഇടശ്ശേരി ‘പഴകിയചാലുകള്‍ മാറ്റുക’യിലെത്തുമ്പോള്‍ ആധുനികതയുടെ വക്താവായി മാറുന്നു. എന്നാല്‍ ഇടശ്ശേരിയിലും വൈലോപ്പിള്ളിയിലും ഈ വൈരുദ്ധ്യം പ്രകടമല്ല. അതതു കവിതകളുടെ ഉള്ളടക്കത്തോടു പുലര്‍ത്തുന്ന ഒരു നീതി മാത്രമാണ്. ചങ്ങമ്പുഴ അങ്ങനെയല്ല. എഴുതിവരുന്ന കവിതയുടെ ഉള്ളടക്കവുമായി പ്രത്യേകിച്ചു ബന്ധമൊന്നുമില്ലാത്ത പ്രഖ്യാപനമായി തന്റെ പുതിയ നിലപാട് അവതരിപ്പിക്കുകയാണു ചെയ്യുന്നത്. അതിനാല്‍ത്തന്നെ വൈരുദ്ധ്യങ്ങളുടെ കവിയായി അദ്ദേഹം വ്യാപകമായി വിലയിരുത്തപ്പെടുകയും ചെയ്യുന്നു.
ദേശാഭിമാനി ജൂലായ് 14 ലക്കത്തില്‍ സച്ചിദാനന്ദന്റെ കവിത ‘മന്ത്രം’ വായിക്കുമ്പോള്‍ ചങ്ങമ്പുഴക്കവിതയുടെ വൈരുദ്ധ്യങ്ങള്‍ ഓര്‍മ്മവരും. ഒരു കാലത്ത് ‘വിപ്ലവം തോക്കിന്‍ കുഴലിലൂടെ’ എന്ന് അട്ടഹസിച്ചു നടന്ന കവി ഇവിടെ ഒരു സന്ന്യാസിയെപ്പോലെ സമാധാനത്തിന്റെ വെള്ളരി പ്രാവായി പ്രത്യക്ഷപ്പെടുന്നു.
”പക്ഷേ എനിക്കറിയാം ഇന്നയ്യാളാവിഷ്‌ക്കരിക്കുന്നത് ചരിത്രമാണ് ചരിത്രത്തിന്റെ തീരാത്തപക. ഒടുങ്ങാത്ത പ്രതികാരം.” എന്നും.
”വാക്കിന്റെ പൊരുളറിഞ്ഞുകൂടാത്തവരെ ഞങ്ങള്‍ക്ക് തോക്കിന്റെ കുഴലിലൂടെ പഠിപ്പിക്കേണ്ടിവന്നു” എന്നും പറഞ്ഞു നടന്ന കവി ഇപ്പോള്‍ എസ്. എഫ്.ഐക്കാരോട് ”കത്തിയോങ്ങിക്കിതയ്ക്കും കിടാങ്ങളേ രക്തദാഹം തിളയ്ക്കും മനങ്ങളേ ബുദ്ധനുണ്ട് പിറകിലും മുന്‍പിലും നിര്‍ത്തുനിര്‍ത്തുകിച്ചോരതന്‍ സാഹസം” എന്നു പാടുന്നു. ഈ വരികള്‍ വായിക്കുമ്പോള്‍ ‘വൈകി വന്ന വിവേകം’ എന്നോ ‘വേശ്യയുടെ ചാരിത്ര്യപ്രസംഗം’ എന്നോ പറയാനാണു തോന്നുക. ഈ സമാധാന ചിന്ത ഒരന്‍പതു വര്‍ഷം മുന്‍പ് ഇദ്ദേഹത്തിനും കൂടെ നിന്നവര്‍ക്കും ഉണ്ടായിരുന്നുവെങ്കില്‍ എത്ര ജീവനുകള്‍ രക്ഷിക്കാമായിരുന്നു.
കവികള്‍ സാമൂഹ്യ പ്രശ്‌നങ്ങളില്‍ ഇടപെടണമെന്നില്ല. ഇടപെടുന്നതില്‍ തെറ്റുമില്ല. എന്നാല്‍ അങ്ങനെ ഇടപെടുമ്പോള്‍ ആഴത്തിലുള്ള വിചിന്തനത്തിനുശേഷം സുസ്ഥിരമായ നിലപാടുകള്‍ എടുക്കുന്നതാണ് സമൂഹത്തിന് നല്ലത്. ഒരു നിലപാട് സ്വീകരിച്ചുകഴിഞ്ഞാല്‍ പിന്നെ അതുതന്നെ കഴിവതും ജീവിതകാലം മുഴുവന്‍ പിന്‍പറ്റുന്നതാവും ഉചിതം. അല്ലെങ്കില്‍ വലിയ അറിവോ ചിന്താശേഷി യോ ഇല്ലാത്ത സാധാരണ വായനക്കാര്‍ ആകെ ചിന്താക്കുഴപ്പത്തിലാകും. അവര്‍ സാഹിത്യത്തെത്തന്നെ സംശയദൃഷ്ടിയോടെ നോക്കും.
ജന്മംകൊണ്ട് സച്ചിദാനന്ദ കവി ഹിന്ദുവായിരുന്നുവെന്നു തോന്നുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ രചനകളിലുടനീളം ആ മതത്തെ അപഹസിക്കുന്നതുകാണാം. എന്തിനാണ് അദ്ദേഹം ഇങ്ങനെ ചെയ്യുന്നതെന്നും അതുകൊണ്ട് എന്തുനേട്ടമാണുള്ളതെന്നും അറിയില്ല. മതങ്ങളെല്ലാം ഒരുപോലെയല്ലെന്നു പറയുന്നതാണോ അതോ ഒരുപോലെയാണെന്നു പറയുന്നതോ ഏതാണു മതേതര നിലപാട് എന്ന് വ്യക്തമല്ല. എല്ലാ മതങ്ങളും ഒരുപോലെയാണെങ്കില്‍ ഇന്നത്തെ ലോകമതങ്ങളില്‍ ഏറ്റവും ആദ്യത്തേതെന്ന ഒരു പരിഗണന ഹിന്ദു മതക്കാര്‍ക്ക് അനുവദിച്ചുകൊടുക്കേണ്ടതല്ലേ? എല്ലാ മതങ്ങളും ഈശ്വര സൃഷ്ടമാണെങ്കില്‍, ആദ്യത്തേതിനേക്കാള്‍ മറ്റു മതങ്ങള്‍ക്ക് വൈശിഷ്ട്യമുണ്ടെങ്കില്‍ ഈശ്വരനു പിന്നീട് കൂടുതല്‍ വിവേകമുണ്ടായി എന്നു കരുതേണ്ടി വരില്ലേ? എല്ലാക്കാലത്തും ബുദ്ധമതത്തിനെ ഉയര്‍ത്തിക്കാണിക്കാന്‍ കവി ശ്രമിച്ചുപോന്നിട്ടുണ്ട്. ഒരു നാസ്തിക മതമായതുകൊണ്ടാണോ അങ്ങനെ? ഹിന്ദുമതത്തിനുള്ളില്‍ത്തന്നെയുള്ള, ഷഡ്ദര്‍ശനങ്ങളുടെ ഭാഗമായുള്ള നാസ്തിക ചിന്തയുടെ ഒരു ചെറിയ അംശത്തെ ഉയര്‍ത്തിക്കാണിക്കുകയാണ് ബുദ്ധന്‍ ചെ യ്തത്. പുതുതായി അദ്ദേഹം ഒരു മതവും സൃഷ്ടിച്ചിട്ടില്ല. ഒരു ചിന്തയും അവതരിപ്പിച്ചിട്ടുമില്ല. ഹിന്ദുമതത്തെ നാസ്തികമായി പുനഃക്രമീകരിക്കാനാണ് ബുദ്ധന്‍ ശ്രമിച്ചത്. പക്ഷേ അനുയായികള്‍ അദ്ദേഹത്തെത്തന്നെ ഭഗവാനെന്നു വിളിക്കാന്‍ തുടങ്ങി. നാസ്തിക മതമായ ബുദ്ധ ചിന്ത സാധാരണക്കാര്‍ക്ക് ഒരിക്കലും സ്വീകരിക്കാന്‍ കഴിയില്ല എന്ന് കുമാരനാശാന്‍ ‘മതപരിവര്‍ത്തന രസവാദ’ ത്തില്‍ പറഞ്ഞത് കവി ശ്രദ്ധിക്കുന്നത് നന്നായിരിക്കും. മാതൃഭൂമി ജൂലായ്, 14-20 ലക്കത്തിലെ തന്റെ കവിത ‘ദൃശ്യങ്ങളിലും’ സച്ചിദാനന്ദന്‍ ഹിന്ദു മതത്തെ പരിഹസിക്കാന്‍ ശ്രമിക്കുന്നുണ്ട്. ദൃശ്യങ്ങള്‍ 5-10 ഭാഗത്ത് പറയുന്നതിപ്രകാരം. ”സംഹാരം എനിക്കു മടുത്തു. ചി തകളിലെ നൃത്തവും ജഡങ്ങള്‍ കരിയുന്ന മണവും പുകയും മടുത്തു. വകുപ്പ് ഒന്നു മാറണം എന്നു തോന്നി. സൃഷ്ടി വിട്ടു തരാന്‍ ബ്രഹ്മാവ് തയ്യാറായില്ല. പിന്നെയങ്ങോട്ട് മുഴുവന്‍ വിഷ്ണുവിനേയും ശിവനേയുമൊക്കെ തമാശരൂപേണ അവതരിപ്പിക്കുകയാണ്. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് കവിയെ ആരെങ്കിലും കടന്നാക്രമിക്കാനിടയില്ല. ഈയടുത്തകാലത്ത് ഒരു ഹോളിവുഡ് നടന്‍ പറഞ്ഞത് കവി കേട്ടിട്ടുണ്ടാവുമോ എന്തോ? ”ഞാന്‍ ഒരു മതവിശ്വാസിയല്ല എന്നാല്‍ ഒരു മതം തിരഞ്ഞെടുക്കേണ്ടി വന്നാല്‍ ഹിന്ദു മതമേ സ്വീകരിക്കൂ! കാരണം ആ മതം ഒന്നും നിര്‍ബ്ബന്ധിക്കുന്നില്ല. നിങ്ങള്‍ ഏതെങ്കി ലും ഒരു ദിവസം കൃത്യമായി ആരാധനാലയത്തില്‍ എത്തണമെന്നോ കൃത്യമായി ഒരു പ്രത്യേക രീതിയില്‍ ആരാധന നടത്തണമെന്നോ ഹിന്ദുമതം പറയുന്നില്ല. സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ആരും സ്വീകരിക്കാനിടയുള്ള മതം ഹിന്ദുമതമാണ്.” ഈ നടന്റെ അഭിപ്രായം കവി സ്വീകരിക്കുമോ ആവോ? സംഘടിതമതങ്ങള്‍ അപരിമേയമായ സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന പുതിയ തലമുറക്ക് സ്വീകാര്യമാകുന്നില്ല. അതുകൊണ്ടാവണം പാശ്ചാത്യ രാജ്യങ്ങളില്‍ ഹിന്ദുമതാഭിമുഖ്യം വളരുന്നത്.
മാതൃഭൂമിയില്‍ മറ്റു രണ്ടു കവിതകള്‍ കൂടിയുണ്ട്. പി.എ. നാസിമുദ്ദീന്റെ ‘മെറ്റില്‍ഡ’യും ദുര്‍ഗ്ഗാപ്രസാദിന്റെ ‘ആള്‍പ്പാര്‍പ്പില്ലാത്ത’യും. നാസിമുദ്ദീന്റെ കവിതയ്ക്ക് ‘ഡ്രാക്കുള’ എന്നോ പ്രേതാനുഭവം എന്നോ പേരിട്ടിരുന്നെങ്കിലും ആരും എതിര്‍ക്കുമായിരുന്നില്ലെന്നു തോന്നുന്നു. മെറ്റില്‍ഡ എന്ന പെണ്ണിന്റെ പ്രേതം കവിതയെ വന്നു പുണര്‍ന്നത്രേ! ഇപ്പോഴത്തെ പ്രേതം പണ്ടു കവിയുമൊത്ത് മദ്യപിച്ചിരുന്നു പോലും. സംഗതി ശരിയായിരിക്കാം. എന്നാല്‍ ആ വന്യാനുഭവത്തെ ഒരു കവിതയാക്കുന്നതില്‍ കവി വിജയിച്ചുവെന്നു തോന്നുന്നില്ല. കോട്ടയം പുഷ്പനാഥിന്റെ പ്രേത കഥകള്‍ വായിക്കുന്നതുപോലെ മാത്രമേ തോന്നിയുള്ളൂ. ദുര്‍ഗ്ഗാപ്രസാദിന്റെ കവിത ആള്‍താമസമില്ലാത്ത ഒരു വീടിനെക്കുറിച്ചു പറയുന്നു. നല്ല പ്രമേയം പക്ഷേ വായനയെ ഉത്തേജിപ്പിക്കുന്ന ഒന്നുമില്ല.
ഇന്ത്യയിലെ പത്രക്കാര്‍ക്കൊക്കെയൊരേ മുഖമാണ്. അവര്‍ പങ്കുവയ്ക്കുന്നത് ഒരേ ആശയങ്ങള്‍. അതിങ്ങനെ സംഗ്രഹിക്കാം. ഇന്ത്യ ലോകത്തിലേറ്റവും മോശമായ ഒരിടം, ഇന്ത്യയ്‌ക്കെതിരെ എഴുതുന്നവരും പ്രവര്‍ത്തിക്കുന്നവരും മഹാന്മാരും മഹതികളും, ഇന്ത്യയില്‍ മുസ്ലീങ്ങള്‍ എവിടെയൊക്കെയോ കൊല്ലപ്പെടുന്നു, ഹിന്ദുക്കളെല്ലാം വലിയ ക്രൂരന്മാരും ഗുണ്ടകളുമാണ്, ഇന്ത്യ ഒരിക്കലും വികസിക്കാതെ പരിസ്ഥിതിയെ പറ്റി പറഞ്ഞുകൊണ്ടിരിക്കണം, വിദേശത്തുനിന്നും ഫണ്ടുകള്‍ വാങ്ങി രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരെല്ലാം വലിയ മനുഷ്യസ്‌നേഹികളാണ്. മാതൃഭൂമിയില്‍ പഴയ ഔട്ട് ലുക്ക് വാരികയുടെ പത്രാധിപരായിരുന്ന റൂബന്‍ ബാനര്‍ജിയുടെ അഭിമുഖം വായിക്കാന്‍ തുടങ്ങുന്നതിനു മുന്‍പുതന്നെ അതിനുള്ളില്‍ ഇതൊക്കെയാവും ഉള്ളതെന്നു നേരത്തേ തോന്നിയിരുന്നു. അതൊക്കെത്തന്നെയാണുണ്ടായിരുന്നത്. എന്തുകൊണ്ടാണ് രാജ്യവിരുദ്ധ ശക്തികള്‍ക്ക് ഇന്ത്യയില്‍ മാത്രം ഇത്രമാത്രം പ്രാധാന്യം ലഭിക്കുന്നതെന്നു മനസ്സിലാക്കാന്‍ പ്രയാസമൊന്നുമില്ല. പക്ഷേ പറയാന്‍ പാടില്ല പ്രത്യേകിച്ചും കേരളത്തില്‍.