സാംസ്‌കാരിക കേരളത്തിന്റെ നഭോമണ്ഡലത്തിലെ നെടുംതൂണുകളിലൊന്നായി കഴിഞ്ഞ അര നൂറ്റാണ്ടിലേറെ വിളങ്ങിനിന്ന ഡോക്ടര്‍ അമ്പലപ്പുഴ ഗോപകുമാര്‍ ജൂലായ് 21ന് ഗുരുപൂര്‍ണ്ണിമ ദിനത്തില്‍ രാവിലെ 9.30 ന് വിഷ്ണുപാദം പുല്‍കി. ഏര്‍പ്പെട്ട മേഖലകളിലെല്ലാം തന്റെ കയ്യൊപ്പ് ചാര്‍ത്തിയ ഡോ.ഗോപകുമാര്‍ പല തലമുറയില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ മാത്രമല്ല ഒരു നാടിന്റെ മുഴുവന്‍ ഗുരുനാഥനായി മാറിയ വ്യക്തിയാണ്. അക്ഷരങ്ങളുടെയും അറിവിന്റെയും വായനയുടെയും ലോകത്തേക്ക് അനേകരെ കൈ പിടിച്ചുനടത്തിയ അദ്ധ്യാപകന്‍, സദസ്സിലിരിക്കുന്ന ആബാലവൃദ്ധം ജനങ്ങളില്‍ ആദ്ധ്യാത്മികവും ചിന്തോദ്ദീപകങ്ങളുമായ അനുഭൂതിയുടെ ചക്രവാളങ്ങള്‍ തീര്‍ത്ത് അറിവിന്റെ ലോകത്തിലേക്ക് ആനയിക്കുന്ന അതുല്യപ്രഭാഷകന്‍, വായനക്കാരന്റെ ഹൃദയത്തെ തൊട്ടറിഞ്ഞ കവി, ഗ്രന്ഥശാലാ പ്രവര്‍ത്തകന്‍, സാഹിത്യകാരന്‍, ആര്‍.എസ്.എസ്. ശബരിഗിരി വിഭാഗ് സഹ സംഘചാലക്, സനാതന സംസ്‌കാരത്തിന്റെ പ്രചാരകന്‍, അമ്പലപ്പുഴയില്‍ നടന്നുവരുന്ന സുദാമാശ്രീകൃഷ്ണ സംഗമസമ്മേളനങ്ങളുടെ രക്ഷാധികാരി എന്നിങ്ങനെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിക്കുവാന്‍ കഴിഞ്ഞ അപൂര്‍വ്വ വ്യക്തിത്വം. ഇതൊക്കെയാണെങ്കിലും ഒരു ഉത്തമ കൃഷ്ണ ഭക്തനായിത്തീരുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതലക്ഷ്യം. അതിനുവേണ്ടിയാണ് ഇക്കാലമത്രയും അദ്ദേഹം നിഷ്ഠയോടെ ശ്രമിച്ചിട്ടുള്ളത്. അമ്പലപ്പുഴ ഉണ്ണിക്കണ്ണന്റെ ഈ ഉത്തമഭക്തന്‍ ആ ലക്ഷ്യം സാക്ഷാത്കരിച്ച് ജന്മസാഫല്യം നേടിയെന്ന് നിസ്സംശയം പറയാം. കൃഷ്ണാരാധനയുടെ പന്ഥാവിലൂടെയുള്ള യാത്രയില്‍ അദ്ദേഹത്തെ തേടിയെത്തിയ ഭഗവദനുഗ്രഹങ്ങള്‍ മാത്രമാണ് സംഘടനാ ചുമതലകളും ബഹുമതികളും അവാര്‍ഡുകളും സര്‍വ്വാദരണീയതയും സുഹൃത്ത് സമ്പത്തും കീര്‍ത്തിയുമെല്ലാം.
നിലപാടുകളില്‍ അല്‍പ്പം അയവ് വരുത്തിയാല്‍ സ്ഥാനമാനങ്ങളുടെയും സംസ്ഥാന അവാര്‍ഡുകളുടെയും ഒരു പരമ്പര തന്നെ നേടാമായിരുന്നുവെന്നറിഞ്ഞിട്ടും അതിനേക്കാള്‍ വിലമതിക്കുന്നതാണ് തനിക്ക് ലഭിച്ച ബാലഗോകുലം ജന്മാഷ്ടമി അവാര്‍ഡും അമൃതകീര്‍ത്തി പുരസ്‌കാരവും എന്ന് ആരാധകരെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞ ദേശീയതയുടെ വക്താവ് കൂടിയായിരുന്നു ഗോപകുമാര്‍. ഒരിക്കല്‍ പരിചയപ്പെടുന്നവരെ ചേര്‍ത്ത് പിടിച്ച് അവരുടെ സര്‍ഗ്ഗവാസനകളെ കണ്ടെത്തി പ്രോല്‍സാഹിപ്പിക്കാന്‍ സദാസന്നദ്ധനായ ഒരു പ്രേരകശക്തിയായിരുന്നു ഗോപകുമാര്‍. ഇതിന് ഉദാഹരണമായിട്ടുള്ളത് കേരളത്തിനകത്തും പുറത്തുമായി അദ്ദേഹത്തില്‍ നിന്നും പ്രചോദനം നേടിയിട്ടുള്ള പരശ്ശതം പേരാണ്. തന്റെ ശിഷ്യവൃന്ദത്തില്‍പ്പെടുന്നവരില്‍ ആരെങ്കിലും തെറ്റുകളിലേക്ക് വീഴുമെന്ന് തോന്നുമ്പോള്‍ അദ്ധ്യാപകന്റെ ശാസനാഭാവം പ്രകടിപ്പിക്കാതെ ഒരു ജ്യേഷ്ഠസഹോദരന്റെ സ്ഥാനം സ്വീകരിച്ച് നേര്‍വഴിക്ക് നടത്തുവാന്‍ ആര്‍ജ്ജവം കാട്ടിയിരുന്നതിനാല്‍ പലരുടേയും വഴികാട്ടിയും മാതൃകാ പുരുഷനുമായിരുന്നു ഡോ. അമ്പലപ്പുഴ ഗോപകുമാര്‍.
കേരളത്തിനകത്തും പുറത്തുമായുള്ള സാംസ്‌കാരികസമ്മേളന വേദികളിലും ആദ്ധ്യാത്മിക വേദികളിലും അദ്ദേഹം നടത്തിയ പ്രഭാഷണങ്ങള്‍ക്ക് കയ്യും കണക്കുമില്ല. ആ വാക്‌ധോരണി കേള്‍ക്കാന്‍ കാത്തിരുന്ന ചെറുപ്പക്കാരും വായനശാലാപ്രവര്‍ത്തകരും നാട്ടിലുടനീളമുണ്ടായിരുന്നു. സംഘാടകര്‍ സമൂഹമനസ്സുകളിലേക്ക് എത്തിക്കാന്‍ ശ്രമിച്ച ആശയങ്ങളും ചിന്താധാരകളും അനുവാചകര്‍ക്ക് ശ്രവണസുന്ദരമായി എന്നെന്നും ഓര്‍മ്മിക്കത്തക്ക നിലയില്‍ സംവേദനം ചെയ്യാന്‍ സാറിന് കഴിഞ്ഞു എന്നത് മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത ജീവിതനേട്ടമാണ്.
1944 ജൂണ്‍ 27 നു അമ്പലപ്പുഴ കരൂര്‍ തത്തമത്തു സി.കെ.നാണു പിള്ളയുടെയും കെ.എം. രാജമ്മയുടെയും മകനായി ജനിച്ച് എണ്‍പതാം പിറന്നാള്‍ ഈയടുത്ത ദിവസം ആഘോഷിച്ച അദ്ദേഹത്തിന് 1995 ല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ‘ചെമ്പകശ്ശേരിയുടെ സാഹിത്യ സംഭാവനകള്‍’ എന്ന ഗവേഷണ പ്രവര്‍ത്തനത്തിന് പി.എച്ച്.ഡി ലഭിച്ചിരുന്നു. ആലപ്പുഴ സനാതന ധര്‍മ്മ കോളേജിലെ പ്രൊഫസറായിരുന്ന ഗോപകുമാര്‍ 1999 ല്‍ മലയാളവകുപ്പ് മേധാവിയായിരിക്കെയാണ് വിരമിച്ചത്. അദ്ദേഹം രചിച്ച ‘അമ്പലപ്പുഴ ക്ഷേത്ര ചരിത്രം’ – ചെമ്പകശ്ശേരിയെയും അമ്പലപ്പുഴ ക്ഷേത്രത്തെയും കുറിച്ച് എഴുതപ്പെട്ട ഏറ്റവും ആധികാരിക ഗ്രന്ഥമാണ്. ശ്യാമകൃഷ്ണന്‍, ഇടയന്റെ പാട്ട്, മാന്യമഹാജനം, അമൃതപുരിയിലെ കാറ്റ്, അമൃത ദര്‍ശനം, ഹരിമാധവം, ഗംഗാമയ്യാ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ കവിതാസമാഹാരങ്ങള്‍. സുകൃതപൈതൃകം, തിരകള്‍ മായ്ക്കാത്ത പാദമുദ്രകള്‍, സത്യത്തിന്റെ നാനാര്‍ത്ഥങ്ങള്‍, കുഞ്ചന്‍നമ്പ്യാര്‍, വേലകളി, പള്ളിപ്പാന, അമ്പലപ്പുഴ സഹോദരന്മാര്‍, പതിനാലുവൃത്തം തുടങ്ങിയ പഠനങ്ങള്‍. നളചരിതം, സ്വപ്‌നവാസവദത്തം, കരുണ, ചണ്ഡാല ഭിക്ഷുകി, അദ്ധ്യാത്മ രാമായണത്തിലെയും മഹാഭാരതത്തിലെയും ചില ഭാഗങ്ങളെക്കുറിച്ചുള്ള വ്യാഖ്യാന-പഠനങ്ങള്‍, തകഴിയെക്കുറിച്ചുള്ള ‘എന്റെ ഉള്ളിലെ കടല്‍’, ചങ്ങമ്പുഴയുടെ ലീലാങ്കണം, കുഞ്ചന്റെ ചിലമ്പൊലി, ശാരികാസന്ദേശം, പച്ചിലത്തോണി, ശ്രീകൃഷ്ണലീല, നന്മയുടെ നറുമൊഴികള്‍, കൈരളിയുടെ വരദാനം, അക്കിത്തിക്കുത്തു എന്നിവയാണ് പ്രസിദ്ധീകരിച്ച മറ്റു കൃതികള്‍. രാപ്പാടി എന്ന അദ്ദേഹത്തിന്റെ കൃതി നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായിട്ടുണ്ട്.
2011-ല്‍ പ്രൊഫസര്‍ കോഴിശ്ശേരി ബാലരാമന്‍ അവാര്‍ഡ്, 2013-ല്‍ സംസ്ഥാന ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്, 2014-ല്‍ നാരായണീയം പുരസ്‌കാരം, ഷാര്‍ജ ഏകതാ സാഹിത്യപുരസ്‌കാരം, 2015-ല്‍ അമ്പലപ്പുഴ ക്ഷേത്രം ഏര്‍പ്പെടുത്തിയ വാസുദേവപുരസ്‌കാരം, 2015-ല്‍ സാഹിത്യത്തിനുള്ള വെണ്മണി അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങള്‍ക്ക് ഡോ.ഗോപകുമാര്‍ അര്‍ഹനായിട്ടുണ്ട്. വൈക്കം ക്ഷേത്രകലാ പീഠം ഡയറക്ടറായി ഏതാനും വര്‍ഷം പ്രവര്‍ത്തിച്ചിരുന്നു. തകഴി ശിവശങ്കര പിള്ള പ്രസിഡന്റായിരുന്നപ്പോള്‍ ഗോപകുമാര്‍ അമ്പലപ്പുഴ കുഞ്ചന്‍നമ്പ്യാര്‍ സ്മാരകസമിതിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു പഞ്ചവല്‍സരക്കാലം പുറക്കാട് പഞ്ചായത്ത് മെമ്പര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. അമ്പലപ്പുഴ ക്ഷേത്ര ഉപദേശക സമതിയുടെ പ്രസിഡന്റ്, അമ്പലപ്പുഴ പി.കെ. മെമ്മോറിയല്‍ ഗ്രന്ഥശാലയുടെ പ്രസിഡന്റ് എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളാ യൂണിവേഴ്‌സിറ്റിയുടെ ബോര്‍ഡ് ഓഫ് സ്റ്റഡീസിന്റെയും അക്കാദമിക് കൗണ്‍സിലിന്റെയും അംഗമായും കേരളാ-കാലിക്കറ്റ്-മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റികളുടെ പി.എച്ച്.ഡി ബോര്‍ഡ് അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ തിരക്കുകള്‍ക്കിടയിലും ആലപ്പുഴ ജവഹര്‍ ബാലഭവന്‍ അഡ്മിനിസ്‌ട്രേറ്ററായും ഒരു ടേം പ്രവര്‍ത്തിക്കാന്‍ ഗോപകുമാര്‍ സമയം കണ്ടെത്തിയിരുന്നു. അമ്പലപ്പുഴ ക്ഷേത്രവികസന ട്രസ്റ്റിന്റെ പ്രസിഡന്റായും ട്രസ്റ്റ് പ്രസിദ്ധീകരിക്കുന്ന ‘ശ്രീവല്‍സം’ അദ്ധ്യാത്മിക മാസികയുടെ ചീഫ് എഡിറ്ററായും സമസ്ത കേരളാ സാഹിത്യ പരിഷത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് മെമ്പറായും പ്രവര്‍ത്തിച്ചുവന്നിരുന്നു. അമ്പലപ്പുഴ പൗരാവലിയുടെയും ശിഷ്യഗണങ്ങളുടേയും സാമൂഹ്യരാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖരുടേയും സുഹൃത്തുക്കളുടേയും ആദരാഞ്ജലികള്‍ ഏറ്റുവാങ്ങി അമ്പലപ്പുഴയിലെ ‘ഗോവര്‍ദ്ധനം’ വസതിയില്‍ ഒരുക്കിയ ചിതയില്‍ ആ ഭൗതികശരീരം വിലയം പ്രാപിച്ചു.
എസ്.ഡി.കോളേജ് മലയാള വിഭാഗം റിട്ട.അദ്ധ്യാപിക പ്രൊഫ. ജി.വിജയലക്ഷ്മിയാണ് ഭാര്യ. മക്കള്‍: ജി.ദേവനാരായണന്‍, ജി.കൃഷ്ണഗോപാലന്‍. മരുമക്കള്‍: ഡോ.പ്രിയ, അഞ്ജു.