“”The Person who deserves most pity is a lonesome one on a rainy day who doesn’t know how to read” അമേരിക്കയിലെ ആദ്യകാല എഴുത്തുകാരനും യു.എസ്. സ്റ്റേറ്റിന്റെ സ്ഥാപനത്തിലെ ആദ്യപഥികന്മാരില്‍ ഒരാളുമായ ബെഞ്ചമിന്‍ ഫ്രാങ്ക്‌ളിനാണ് വായനയുടെ സൗന്ദര്യത്തെക്കുറിച്ച് ഇപ്രകാരം പറഞ്ഞത്. മഴയത്ത് സാധാരണ മൂടിപ്പുതച്ച് ഉറങ്ങാനാണ് പലരും ശ്രമിക്കുക. ചിലര്‍ ഉറങ്ങാതെ മഴയുടെ മര്‍മര ശബ്ദം ശ്രദ്ധിച്ച് തണുപ്പാസ്വദിച്ച് വെറുതെ കിടക്കും. എന്നാല്‍ മഴ സൃഷ്ടിക്കുന്ന സുഖകരമായ ഏകാന്തതയില്‍ വായനയില്‍ ലയിക്കുന്നവര്‍ അപൂര്‍വ്വമാണ്. ആ അപൂര്‍വതയാണ് ഫ്രാങ്ക്‌ളിന്‍ ആസ്വദിക്കുന്നത്. അങ്ങനെ വായനയെ ഉപാസിച്ചതുകൊണ്ടാണ് ഫ്രാങ്ക്‌ളിന്റെ നാമം ഇന്ന് കേരളം എന്ന ചെറിയ പ്രദേശത്തെ നിസ്സാരനായ ഞാന്‍ പോലും ഓര്‍ത്തു വയ്ക്കുന്നത്. മൂന്നു നൂറ്റാണ്ടു മുന്‍പ് ജീവിച്ച ആ പ്രതിഭാശാലി ഇപ്പോഴും ഓര്‍മ്മിക്കപ്പെടാന്‍ കാരണം അദ്ദേഹത്തിന്റെ എഴുത്താണെങ്കിലും ആ എഴുത്തിനെ രൂപപ്പെടുത്തിയത് തീര്‍ച്ചയായും വായനയാണ്.
ലോകത്തെ രൂപപ്പെടുത്തിയ എല്ലാ മഹാത്മാക്കളും വലിയ വായനക്കാര്‍ ആയിരുന്നു. എന്നാല്‍ വായന കൊണ്ടുമാത്രം ആരും മഹത്വം ആര്‍ജ്ജിക്കണമെന്നില്ല. വായനയില്‍ നിന്നും തന്റെ പ്രവര്‍ത്തനത്തിന് ഊര്‍ജ്ജം വലിച്ചെടുക്കാന്‍ കഴിയാത്ത വായനക്കാരന്‍ സമൂഹത്തിന് ഒരു പ്രയോജനവും ചെയ്യാത്ത ആത്മരതിക്കാരനാണ്. പ്രമുഖ ഇസ്ലാമിക സൂഫിയും ജ്യോതിശാസ്ത്രജ്ഞനുമായിരുന്ന പേര്‍ഷ്യന്‍ പണ്ഡിതന്‍ അല്‍ഗസാലിയുടെ വാക്കുകളുടെ ഇംഗ്ലീഷ് തര്‍ജ്ജമ ഇങ്ങനെയാണ്: Knowledge without action is wastefulness. Action without knowledge is foolishness. അറിവ് സമൂഹനന്മയ്ക്ക് ഉതകുന്ന പ്രവര്‍ത്തനത്തിനുവേണ്ടി പ്രയോജനപ്പെടുത്തിയാലേ വായന സാര്‍ത്ഥകമാകുന്നുള്ളൂ. മുറിയടച്ചിരുന്ന് കഥയും നോവലുകളും മാത്രം വായിച്ച് അവയിലെ കഥാപാത്രങ്ങളായി സങ്കല്പിച്ച് സ്വപ്‌നലോകങ്ങളില്‍ സഞ്ചരിക്കുന്നവര്‍ എത്രയധികം കൃതികള്‍ വായിച്ചാലും അവരെ വലിയ വായനക്കാരനായി ആരും കണക്കാക്കില്ല.
വായന ചിലരെ ലൗകിക ജീവിതത്തില്‍ കര്‍മോന്മുഖരാക്കുമെങ്കില്‍ മറ്റു ചിലരെ നിഷ്‌ക്രിയരാക്കുകയും ചെയ്യും. ചെക്കോവിന്റെ ലോകപ്രശസ്ത കഥയായ ‘പന്തയത്തി’ല്‍(The Bet) നായകനായ വക്കീല്‍ നിരന്തര വായനയ്‌ക്കൊടുവില്‍ ഐഹികമായ ജീവിത മോഹങ്ങളില്‍ നിന്നും സമ്പൂര്‍ണ്ണമായും പിന്‍വാങ്ങുകയാണ് ചെയ്യുന്നത്. അത്തരക്കാരെ കുറ്റപ്പെടുത്താനാവില്ല. ഐഹിക ജീവിതതാല്പര്യങ്ങള്‍ ഉപേക്ഷിക്കാന്‍ ഒരാളെ വായന പ്രേരിപ്പിക്കുന്നുവെങ്കില്‍ അത് തെറ്റായ വായനയാണെന്നു പറയാനാവില്ല. ശ്രീനാരായണഗുരുദേവനും ചട്ടമ്പിസ്വാമികളും വലിയ വായനക്കാരായിരുന്നു. ഗുരുദേവന്‍ വായനകൊണ്ടും മനനം കൊണ്ടും ആര്‍ജ്ജിച്ച ജ്ഞാനം സമൂഹത്തിന് പകര്‍ന്നു കൊടുക്കാനായി സംഘടനയുണ്ടാക്കാന്‍ തുനിഞ്ഞു. എന്നാല്‍ ചട്ടമ്പിസ്വാമികള്‍ അത്തരത്തിലുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എതിരായിരുന്നു. ചില സംഘടനക്കാര്‍ നേതൃസ്ഥാനത്തേക്ക് സ്വാമികളെ ക്ഷണിച്ചെങ്കിലും അദ്ദേഹം പുറം തിരിഞ്ഞു നില്‍ക്കുകയാണുണ്ടായത്. തന്റെ രചനകളെ പ്രസിദ്ധം ചെയ്യാനോ സൂക്ഷിച്ചു വയ്ക്കാനോ പോലും ചട്ടമ്പിസ്വാമികള്‍ മുതിര്‍ന്നില്ല. എങ്കിലും അവയുടെ മൂല്യം തിരിച്ചറിഞ്ഞ ചിലര്‍ അവ സൂക്ഷിച്ചുവച്ച് പ്രസിദ്ധീകരിച്ചു. ഇന്നവയൊക്കെ വീണ്ടും ചര്‍ച്ച ചെയ്യപ്പെടുന്നു. ഇതില്‍ ആരുടെ വഴിയാണ് ശരിയെന്നു പറയാനാവില്ല. രണ്ടും സമൂഹത്തിനു വെളിച്ചം പകര്‍ന്നു.
ഹിറ്റ്‌ലറുടെ ആത്മകഥയായ ‘മീന്‍ കാഫിനെ’ക്കുറിച്ച് (Mein Kampf) എല്ലാവരും സാധാരണ വാചാലരാകാറുണ്ട്. എന്നാല്‍ ഹിറ്റ്‌ലറുടെ സുഹൃത്തും ഒരു പരിധിവരെ വഴികാട്ടിയുമായിരുന്ന മുസോളിനിയുടെ ആത്മകഥയായ (Mein Kampf) യെക്കുറിച്ച് ആരും എവിടെയും എഴുതിക്കാണാറില്ല. ബെനിറ്റോ മുസോളിനിയുടെ ആത്മകഥയുടെ മൂന്നാം അധ്യായത്തിന്റെ പേര് ‘My Autobiography’ എന്നാണ്. അതില്‍ അദ്ദേഹം പറയുന്നു.
“”I do not believe in the supposed influence of Books. I do not believe in the influence comes from perusing the books about the lives and Characters of them.
For myself I used only one big book for myself, I have had only one great teacher. The book is life – lived. The teacher is day – by – day experience. The reality of experience is far more eloquent than all the theories and philosophies on all the tongues and on all the shelves….”
ആത്മകഥ അദ്ദേഹം നേരിട്ടെഴുതിയതായിരുന്നില്ല. സഹോദരന് പറഞ്ഞുകൊടുത്ത് അയാളെക്കൊണ്ട് എഴുതിച്ചതാണ്. പുസ്തകങ്ങള്‍ മനുഷ്യരില്‍ ചെലുത്തുന്ന സ്വാധീനത്തില്‍ വിശ്വസിക്കുന്നില്ലെന്നു പറയുന്ന ആളായിരുന്നുവെങ്കിലും പത്രപ്രവര്‍ത്തകനായി ജീവിതം ആരംഭിച്ച ആ ക്രൂരനായ സ്വേച്ഛാധിപതി തീര്‍ച്ചയായും ധാരാളം വായിച്ചിട്ടുണ്ടാകണം. അതില്‍ ചിലതിന്റെ സ്വാധീനത്തില്‍ അദ്ദേഹം പെട്ടുപോയിട്ടുമുണ്ടാകണം. അല്ലെങ്കില്‍ സ്വയം സോഷ്യലിസ്റ്റെന്ന് പ്രഖ്യാപിച്ചു നടന്ന മുസോളിനിക്ക് ഒരു രാജ്യത്തെ മുഴുവന്‍ ഇത്തരത്തില്‍ സ്വാധീനിക്കാന്‍ കഴിയുമായിരുന്നില്ല. ജീവിതം മാത്രമാണ് തന്റെ പാഠപുസ്തകമെന്നു പ്രഖ്യാപിച്ച ആ സ്വേച്ഛാകാരിയും വായനക്കാരന്‍ തന്നെ ആയിരുന്നു.
മാതൃഭൂമി ജൂണ്‍ 23-29 ലക്കം വായനാ പതിപ്പില്‍ വലിയ വായനക്കാരെന്ന് അവര്‍ കരുതുന്ന ഏതാനും പേരെ പരിചയപ്പെടുത്തുന്നുണ്ട്. വായനക്കാരുടെ ലിസ്റ്റ് കണ്ടപ്പോള്‍ പണ്ട് രാജാവ് മടിയന്മാരുടെ മത്സരം നടത്തിയ കഥയാണ് ഓര്‍മ വരുന്നത്. ഏറ്റവും വലിയ മടിയനായി രാജാവ് ഏകദേശം പത്തുവര്‍ഷക്കാലം കുളിക്കുകയോ പല്ലുവൃത്തിയാക്കുകയോ ഒന്നും ചെയ്യാത്ത ഒരു മടിയനെ കണ്ടെത്തി സമ്മാനം കൊടുക്കാനൊരുങ്ങിയപ്പോഴാണ് ഒരാള്‍ ഓടി വരുന്നത്. ‘സമ്മാനം നല്‍കരുതേ!’ എന്നുച്ചത്തില്‍ വിളിച്ചു പറഞ്ഞുകൊണ്ടു വരുന്ന ആളോട് കാരണം തിരക്കിയപ്പോഴാണ് അയാള്‍ രാജാവിനോട് പറയുന്നത് ”ഇവരാരുമല്ല മഹാമടിയന്‍ എന്റെ അച്ഛനാണ്” എന്ന്. ”എന്നിട്ട് അച്ഛനെവിടെ?” എന്നു തിരക്കിയപ്പോഴാണ് മത്സരത്തിനു വരാനുളള മടികൊണ്ട് അച്ഛന്‍ വീട്ടില്‍ കിടക്കുകയാണെന്ന് അയാള്‍ മറുപടി പറഞ്ഞത്. അപ്പോള്‍ സമ്മാനവുമായി രാജാവ് മടിയന്റെ വീട്ടിലേക്ക് ചെന്നത്രേ! ആ വിവേകം മാതൃഭൂമിക്കാര്‍ക്കുണ്ടെന്നു തോന്നുന്നില്ല. വാരികക്കാര്‍ അവതരിപ്പിക്കുന്ന വായനക്കാരില്‍ ഒന്നു രണ്ടു പേരൊഴിച്ചാല്‍ ആരും അത്ര വലിയ വായനക്കാരാണെന്നു തോന്നുന്നില്ല. ഒരുപക്ഷേ ജീവിതത്തിന്റെ എല്ലാ മേഖലകളില്‍ നിന്നും വായനക്കാരെ തെരഞ്ഞെടുക്കാനുള്ള ശ്രമമാകാം അവര്‍ നടത്തുന്നത്.
കൂട്ടത്തില്‍ വിനയ് പ്രഭുവെന്ന വാനക്കാരന്‍ സധൈര്യം ഒരു കാര്യം പറയുന്നുണ്ട്. ”ഒരിക്കലും മറ്റുള്ളവര്‍ പറയുന്നതു കേട്ട് പുസ്തകം വാങ്ങാറില്ല. ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാം വഴി പ്രമോഷന്‍ കൊടുത്ത് കുറേ പുസ്തകങ്ങള്‍ ട്രന്റ് ആവുന്നില്ലോ…. ട്രെന്റിനു പിറകേ പോയാല്‍ പൈങ്കിളി വായിക്കേണ്ടിവരും” – വിനയ് യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നു. യുട്യൂബ് പ്രമോഷന്‍ നോക്കി സിനിമ കണ്ടവര്‍ക്കു പറ്റിയതും വിനയ് പ്രഭുവിനു സംഭവിച്ചതുതന്നെ.
പലസ്തീനില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്നുണ്ട്. വേദനിപ്പിക്കുന്ന കാര്യമാണത്. എന്നാല്‍ പലസ്തീനികള്‍ നിരപരാധികളെ കൊല്ലുന്നുമുണ്ട്. അതിലും വേദന ഉണ്ടാവേണ്ടതാണ്. ദുരന്തമുഖത്തു നില്‍ക്കുന്നവരുടെ ജീവിതം കൂടുതല്‍ വേദനിപ്പിക്കുന്ന കവിതകള്‍ക്കു വഴിതുറക്കും എന്നു കരുതി അത്തരക്കാര്‍ എഴുതുന്നതെല്ലാം മഹത്തായ കവിതയാകണമെന്നില്ല. കവിതയുടെ രീതിശാസ്ത്രം മറ്റൊന്നാണ്. വിശപ്പും വേദനയും നമ്മളില്‍ പ്രതിഷേധവും സഹതാപവുമുണ്ടാക്കുന്നു. എന്നാല്‍ അതൊക്കെ മഹത്തായ കവിതയായി ഉയര്‍ത്തിക്കാണിക്കുന്ന മലയാളികളുടെ രീതി, കവിതയോടുള്ളതിനേക്കാള്‍ രാഷ്ട്രീയത്തോടുള്ള താല്പര്യമാണ് കാണിക്കുന്നത്. പി.കെ.പാറക്കടവ് ‘ഹയ അബുനാസര്‍’ എന്ന പലസ്തീന്‍ പെണ്‍കവിയുടെ രചന മാതൃഭൂമിയില്‍ തര്‍ജ്ജമ ചെയ്തു ചേര്‍ത്തിരിക്കുന്നു. വലിയ പ്രത്യേകതയൊന്നും എടുത്തു പറയാനില്ലാത്ത ഒരു സാധാരണ കവിത. ഇനി പാറക്കടവിന്റെ തര്‍ജ്ജമയില്‍ കവിത ചോര്‍ന്നു പോയതാണോ?
നിലീന അത്തോളിയും ഹമീദ് ധബോല്‍ക്കറും മാതൃഭൂമിയുടെ താളുകളില്‍ വലിയ അഭിമുഖം നടത്തുകയാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊല്ലപ്പെട്ട നരേന്ദ്ര ധബോല്‍ക്കറുടെ മകനാണ് ഹമീദ് ധബോല്‍ക്കര്‍. അന്ധവിശ്വാസങ്ങള്‍ക്കെതിരെ പൊരുതിയതാണ് നരേന്ദ്ര ധബോല്‍ക്കര്‍ കൊല്ലപ്പെടാന്‍ കാരണമെന്ന് പറയപ്പെടുന്നു. അന്ധവിശ്വാസത്തിനെതിരെ നിലീനയും ഹമീദും ചര്‍ച്ചനടത്തി ഒരാഴ്ച കഴിഞ്ഞതേയുള്ളു കേരളത്തില്‍ കെപിസിസി നേതാക്കള്‍ പരസ്പരം കൂടോത്രം വയ്ക്കുന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നു. ‘ചക്കിനു വച്ചത് കൊക്കിനുകൊണ്ടു’ എന്ന് പഴയ ആളുകള്‍ പറയുന്നതുപോലെ. ഹമീദ് പറഞ്ഞത് കേരളത്തിന്റെ പുരോഗമനനാട്യം കള്ളമാണെന്നാണ്. നരേന്ദ്ര ധബോല്‍ക്കര്‍ കൊല്ലപ്പെട്ടപ്പോള്‍ മഹാരാഷ്ട്രയും കേന്ദ്രവും ഭരിച്ചിരുന്നത് കോണ്‍ഗ്രസാണെന്നും അദ്ദേഹം എടുത്തു പറഞ്ഞു. ദുര്‍മന്ത്രവാദത്തിനെതിരെ ബില്ല് അവതരിപ്പിക്കാന്‍ കൂട്ടാക്കാത്ത കേരള ഗവണ്‍മെന്റിനെ അയാള്‍ ശകാരിക്കുന്നു. ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്നവരെ ലക്ഷ്യമിട്ടായിരുന്നു അഭിമുഖമെങ്കിലും അതിലൂടെ പുറത്തുവന്നതൊക്കെ പഴയ ഭരണക്കാര്‍ക്കെതിരെയുള്ള കാര്യങ്ങളാണ്. ലേഖനത്തോടൊപ്പമുള്ള ചിത്രമോ രാഹുല്‍ ഗാന്ധിയും പ്രിയങ്കാഗാന്ധിയും ഖീര്‍ഭവാനി ക്ഷേത്രത്തിലിരിക്കുന്നതും. ആകെ കൂടി ഒരു കോണ്‍ഗ്രസ് വിരുദ്ധത.