ജീവിതകാലം മുഴുവന്‍ സംഘകാര്യത്തിനു വേണ്ടി ഉഴിഞ്ഞു വെച്ചു കൊണ്ട് കേരളത്തിലെ സംഘപ്രവര്‍ത്തകര്‍ക്കിടയില്‍ സവിശേഷ സ്ഥാനം നേടിയ സ്വയംസേവകനായിരുന്നു ഇക്കഴിഞ്ഞ മെയ് 21 ന് വിഷ്ണുപദം പ്രാപിച്ച കാരന്തൂര്‍ വിജയന്‍. കുട്ടിക്കാലത്തുതന്നെ സംഘവുമായി ബന്ധത്തില്‍ വന്ന വിജയേട്ടന്റെ ജീവിതം പൂര്‍ണ്ണമായും സംഘമയമായിരുന്നു. ആരോഗ്യ രംഗവുമായി ബന്ധപ്പെട്ട സേവന പ്രവര്‍ത്തനങ്ങള്‍ക്കാണ് അദ്ദേഹം അധിക സമയവും ചെലവഴിച്ചിരുന്നത്. സ്വന്തം സുഖസൗകര്യങ്ങളും കുടുംബകാര്യങ്ങള്‍ പോലും മാറ്റിവെച്ച് അദ്ദേഹം സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങി. സമാജമാകട്ടെ വിജയേട്ടനില്‍ പൂര്‍ണ്ണമായ വിശ്വാസം പ്രകടിപ്പിക്കുകയും അദ്ദേഹം നേതൃത്വം നല്‍കിയ സേവന പ്രവര്‍ത്തനങ്ങളില്‍ സര്‍വ്വാത്മനാ സഹകരിക്കുകയും ചെയ്തു.
1952 ഏപ്രില്‍ 15 ന്, മേടമാസത്തിലെ തൃക്കേട്ട നക്ഷത്രത്തില്‍ കോഴിക്കോട് ജില്ലയിലെ കാരന്തൂരില്‍, ഇടിയേല്‍ രാമന്‍ മൂസ്സതിന്റെയും പാര്‍വ്വതി മനയമ്മയുടെയും മകനായാണ് വിജയേട്ടന്‍ ജനിച്ചത്. കേരളത്തിലെ ആദ്യകാല പ്രചാരകന്മാരിലൊരാളായിരുന്ന സ്വര്‍ഗ്ഗീയ പി.കെ. ചന്ദ്രശേഖര്‍ജിയുടെ ശാഖയാണ് കാരന്തൂര്‍. വിജയേട്ടന്‍ ജനിക്കുമ്പോഴേക്കും ചന്ദ്രശേഖര്‍ജി കാരന്തൂരില്‍ ശാഖ തുടങ്ങിയിരുന്നതിനാല്‍ കുട്ടിക്കാലത്തു തന്നെ സ്വയംസേവകാനാകാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. സഹോദരന്മാരും സംഘ-വിവിധ ക്ഷേത്ര പ്രവര്‍ത്തകരായിരുന്നു.
കൊളായി എല്‍.പി. സ്‌കൂളിലെയും കുന്ദമംഗലം ഹൈസ്‌കൂളിലെയും പഠനത്തിനു ശേഷം ടൈപ്പ്‌റൈറ്റിംഗിലും ഷോര്‍ട്ട് ഹാന്‍ഡിലും പരിശീലനം നേടിയ വിജയേട്ടന് ബാംഗ്ലൂരിലെ ടെക്‌നോ ലാപ് ഇന്‍ഡസ്ട്രീസില്‍ ജോലി ലഭിച്ചു. അവിടെയും ശാഖയില്‍ പോകാന്‍ തുടങ്ങിയതോടെ സ്ഥാപനത്തിന്റെ അധികൃതര്‍ വിലക്കേര്‍പ്പെടുത്തി. ശാഖയില്‍ പോകാന്‍ കഴിയാത്ത ജോലി തനിക്കു വേണ്ടെന്നു പറഞ്ഞ് രാജിവെച്ചു നാട്ടിലേക്കു മടങ്ങി. 1970 കളില്‍ 1300 രൂപ ശമ്പളമുള്ള ജോലിയാണ് വിജയേട്ടന്‍ നിഷ്പ്രയാസം സംഘകാര്യത്തിനുവേണ്ടി ത്യജിച്ചത്. അക്കാലത്ത് കേരളത്തില്‍ ഒരു ക്ലര്‍ക്കിന്റെ ശമ്പളം മുന്നൂറോ നാനൂറോ രൂപ മാത്രമായിരുന്നു.
നാട്ടില്‍ തിരിച്ചെത്തിയ വിജയേട്ടന്‍ ഒഴയാടി ശാഖയുടെ മുഖ്യശിക്ഷകനായി പ്രവര്‍ത്തിച്ചു. ആ ശാഖയില്‍ അന്നു വന്ന സ്വയംസേവകരുമായുള്ള ആത്മബന്ധം അവസാന കാലത്തും തുടര്‍ന്നു വന്നിരുന്നു. ചില സുഹൃത്തുക്കളോടൊപ്പം കുന്ദമംഗലത്ത് ഫ്രണ്ട്‌സ് മെഡിക്കല്‍ ഷോപ്പ് നടത്തിയിരുന്ന വിജയേട്ടന് സമാജത്തിലെ എല്ലാ വിഭാഗം ജനങ്ങളുമായും അടുത്തു ബന്ധപ്പെടാന്‍ അവസരം ലഭിച്ചു. കുന്ദമംഗലത്ത് കാര്യാലയമില്ലാതിരുന്ന അക്കാലത്ത് വിജയേട്ടന്റെ കടയായിരുന്നു സ്വയംസേവകരുടെ അഭയകേന്ദ്രം. ആ ജോലിയിലും അധികകാലം തുടര്‍ന്നില്ല. മെഡിക്കല്‍ ഷോപ്പിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ച ശേഷം അദ്ദേഹം പൂര്‍ണ്ണ സമയവും സേവന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ചെലവഴിക്കുകയാണ് ചെയ്തത്.
സംഘത്തിന്റെ ദ്വിതീയ വര്‍ഷ സംഘ ശിക്ഷാ വര്‍ഗ്ഗ് കഴിഞ്ഞ വിജയേട്ടന്‍ പിന്നീട് എല്ലാ വര്‍ഷവും മുടങ്ങാതെ സംഘ ശിക്ഷാ വര്‍ഗ്ഗുകളില്‍ പ്രബന്ധകനായി, വൈദ്യവിഭാഗിന്റെ ചുമതലയേറ്റെടുത്തു പ്രവര്‍ത്തിച്ചു. ആദ്യമായി വീടു വിട്ട് ശിബിരത്തിലെത്തുന്ന ശിക്ഷാര്‍ത്ഥികളെ ഒരമ്മയെ പോലെ സ്‌നേഹിച്ച് അദ്ദേഹം സംഘത്തോടു ചേര്‍ത്തു നിര്‍ത്തി. വൈദ്യ വിഭാഗില്‍ എത്തുന്ന എല്ലാവര്‍ക്കും ആവശ്യമായ പരിചരണവും മാനസിക പിന്തുണയും നല്‍കി അവരെ സംഘപരിശീലനത്തില്‍ മുഴുകാന്‍ പ്രാപ്തരാക്കി. മുതിര്‍ന്ന സംഘപ്രചാരകരായിരുന്ന പി. രാമചന്ദ്രജിയുടേയും പി.കെ. ചന്ദ്രശേഖര്‍ജിയുടേയും അവസാനകാലത്ത് ആശുപത്രിയില്‍ കൂടെ നിന്ന് പരിചരിച്ചതും വിജയേട്ടനായിരുന്നു.
കോഴിക്കോട്ട് സേവാഭാരതിയുടെ പ്രവര്‍ത്തനം ആരംഭിച്ച കാലം മുതല്‍ വിജയേട്ടന്‍ അതിന്റെ ഒരു പ്രധാന പ്രവര്‍ത്തകനായിരുന്നു. ചാത്തമംഗലം ചൂലൂരിലെ ശ്രീ സദാശിവ ബാലസദനത്തിന്റെയും ചെറുവറ്റയിലെ സേവാഭാരതി ബാലികാസദനത്തിന്റെയും പ്രവര്‍ത്തനങ്ങളില്‍ അവസാന നാളുകളിലും അദ്ദേഹം സക്രിയനായിരുന്നു. ശബരിമല തീര്‍ത്ഥാടന കാലത്ത് റാന്നിക്കടുത്തുള്ള കുനങ്കരയിലെ അയ്യപ്പ സേവാ കേന്ദ്രത്തില്‍ പതിവായി സേവനത്തിന് എത്തുമായിരുന്നു. അതിന് നേതൃത്വം കൊടുത്ത കുമ്മനം രാജേട്ടന്‍, വിശ്വന്‍പാപ്പ തുടങ്ങിയവരുമായെല്ലാം അടുത്ത ബന്ധമാണ് വിജയേട്ടന് ഉണ്ടായിരുന്നത്. പി.കെ.ചന്ദ്രശേഖര്‍ജി രൂപം നല്‍കിയ രാഷ്ട്ര സേവാ സമിതി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അംഗമായിരുന്ന വിജയേട്ടന്റെ നേതൃത്വത്തിലാണ് കോട്ടാം പറമ്പിലെ ചന്ദ്രശേഖര്‍ജി സേവാകേന്ദ്രത്തിന്റെ പ്രവര്‍ത്തനവും നടന്നിരുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സക്കെത്തുന്ന നിര്‍ദ്ധനരായ രോഗികള്‍ക്കും ബന്ധുക്കള്‍ക്കും താല്‍ക്കാലികമായി താമസിക്കാനുള്ള സൗകര്യമാണ് ഇവിടെ ഉള്ളത്. കൂടാതെ വയനാട്ടിലെയും മറ്റും പാവപ്പെട്ട നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതപഠനത്തിന് ആവശ്യമായ സഹായവും വിജയേട്ടന്‍ പലരെയും സ്ഥിരമായി സമ്പര്‍ക്കം ചെയ്ത് എത്തിച്ചുകൊടുത്തിരുന്നു. പ്രളയസമയത്തും കോവിഡ് സമയത്തും അദ്ദേഹം വയനാട് കേന്ദ്രമാക്കിയാണ് കൂടുതല്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. കുന്ദമംഗലത്ത് സേവാഭാരതി ഘടകം ആരംഭിച്ചപ്പോള്‍ അതിന്റെ രക്ഷാധികാരിയായും വിജയേട്ടന്‍ മുന്‍നിരയിലുണ്ടായിരുന്നു.
കുന്ദമംഗലം കേന്ദ്രമാക്കി നടന്നിരുന്ന എല്ലാ സംഘ-വിവിധ ക്ഷേത്ര പരിപാടികളും വിജയിപ്പിക്കുന്നതിനു പിന്നിലും വിജയേട്ടന്റെ അക്ഷീണമായ പ്രവര്‍ത്തനം ഉണ്ടാകാറുണ്ടായിരുന്നു.
അടിയന്തരാവസ്ഥയ്‌ക്കെതിരെ സത്യഗ്രഹ സമരം ആരംഭിച്ചപ്പോള്‍ കുന്ദമംഗലത്ത് സത്യഗ്രഹം നടത്തിയ ബാച്ചില്‍ വിജയേട്ടനും ഉണ്ടായിരുന്നു. അവരെ പോലീസ് കഠിനമായി മര്‍ദ്ദിക്കുകയും ദിവസങ്ങളോളം ലോക്കപ്പിലിട്ട ശേഷം വയനാട് ചുരത്തില്‍ കൊണ്ടുപോയി പല സ്ഥലങ്ങളിലായി ഇറക്കിവിടുകയുമാണ് ചെയ്തത്. അതുപോലെ അയോദ്ധ്യയില്‍ നടന്ന കര്‍സേവയില്‍ പങ്കെടുത്ത ശേഷം ലഖ്‌നൗവില്‍ വെച്ചും അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്ത് തടവിലാക്കി. അതേ വിജയേട്ടന് ജനുവരിയില്‍ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ നടന്ന ശേഷം അവിടെ പോയി രാം ലല്ലയുടെ ദര്‍ശനം നടത്താനുള്ള ഭാഗ്യവും ലഭിച്ചു.
ആശയ പ്രചരണ രംഗത്തും അദ്ദേഹം നിസ്തുലമായ സംഭാവനകള്‍ നല്‍കി. ‘കേസരി’ പ്രചാരമാസത്തില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വരിക്കാരെ ചേര്‍ത്തിരുന്ന അദ്ദേഹം ‘ജന്മഭൂമി’യുടെ ഏജന്റെന്ന നിലയില്‍ പത്രത്തിന്റെ പ്രചാരം വര്‍ദ്ധിപ്പിക്കുന്നതിനും അഹോരാത്രം പ്രവര്‍ത്തിച്ചു. ‘ജനം ടിവി’ ആരംഭിക്കപ്പെട്ടപ്പോള്‍ അതിന് അനേകം ഷെയര്‍ഹോള്‍ഡര്‍മാരെ കണ്ടെത്തുന്നതിലും അദ്ദേഹം തികച്ചും വിജയിച്ചു.
നിത്യേനയെന്നോണം സേവന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആശുപത്രികള്‍ സന്ദര്‍ശിച്ചിരുന്ന വിജയേട്ടന് ഒരിക്കലും തനിക്കു വേണ്ടി ആശുപത്രിയില്‍ കഴിയേണ്ടി വന്നിരുന്നില്ല. എന്നാല്‍ മെയ് 6 ന് മൂത്രാശയ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയായിരുന്നു. മെയ് 21-ന് അന്ത്യം സംഭവിക്കുകയും ചെയ്തു.
മെയ് 28 ന് കുന്ദമംഗലം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ചു നടന്ന അനുസ്മരണ സമ്മേളനത്തില്‍ നിരവധി സ്വയംസേവകരും സംഘബന്ധുക്കളുമാണ് ശ്രദ്ധാഞ്ജലി അര്‍പ്പിക്കാനെത്തിയത്. മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജേട്ടനാണ് അനുസ്മരണ പ്രഭാഷണം നടത്തിയത്. സംഘത്തിന്റെ കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലകും ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റിയുമായ അഡ്വ. പി.കെ. ശ്രീകുമാര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. മുതിര്‍ന്ന സംഘ പ്രചാരകനായ എ.എം കൃഷ്ണന്‍, പ്രാന്ത പ്രചാര്‍ പ്രമുഖായ എം.ബാലകൃഷ്ണന്‍, ഖണ്ഡ് സംഘചാലക് കെ.രാമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കാരന്തൂര്‍ വിജയേട്ടന്റെ അനശ്വരമായ സ്മരണകള്‍ക്കു മുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നു.