ദക്ഷിണേന്ത്യയിലെ
പരിഹാരക്ഷേത്രങ്ങള്‍
രവീന്ദ്രനാഥ് മേനോന്‍
നന്ദികേശ്വര പബ്ലിക്കേഷന്‍സ്
പേജ്: 389 വില: 1250 രൂപ
ഫോണ്‍: 9884643568
ക്ഷേത്രം ഒരു ആത്മീയകേന്ദ്രമാണ്. തലമുറകളായി അതിന് ചുറ്റുമുള്ള ജനങ്ങളുടെ ആസ്തികതയുടെയും, വിശ്വാസത്തിന്റെയും, ആശ്വാസത്തിന്റെയും അവലംബമാണത്. അവരുടെ സംസ്‌കാരം ആചാരങ്ങള്‍, വിചാരങ്ങള്‍ എന്നിവയുടെ പ്രഭവകേന്ദ്രവും അതുതന്നെ. അവര്‍ അവിടെ പോകുന്നത് സമാധാനത്തിനും, ശാന്തിക്കും ജീവിക്കാനുള്ള ഊര്‍ജ്ജത്തിനും വേണ്ടിയാണ്.
തങ്ങളുടെ ക്ഷേത്രത്തിന്റെ ചരിത്രം, കീര്‍ത്തി, വിശ്വാസികളായ പൂര്‍വികരുടെ അനുഭവങ്ങള്‍ എന്നിവയെപ്പറ്റി അറിയാന്‍ ഏവര്‍ക്കും താല്പര്യമുണ്ടാവാം. അതുപോലെ തങ്ങളുടെ കേട്ടുകേള്‍വിയില്‍പ്പെട്ട മറ്റു വിശിഷ്ടങ്ങളായ ക്ഷേത്രങ്ങളെപ്പറ്റിയും അറിയാന്‍ ആഗ്രഹം കാണും. ഓരോ ക്ഷേത്രത്തിനും അതിന്റേതായ വിശേഷതകളുണ്ട്. അതിന്റെ ചുറ്റുമുള്ളവരുടെ ജീവിതവുമായി അവ ഊടും പാവും പോലെ ബന്ധപ്പെട്ടിരിക്കുന്നു. ഇവയുമായൊക്കെ അടുക്കാന്‍ ചരിത്രത്തിലെ അറിവും ഇന്റര്‍നെറ്റിലെ അറിവും നമ്മളെ സഹായിക്കാം. പക്ഷെ എല്ലാത്തിലുമുപരിയായുള്ളത് നാട്ടറിവുകളും കേട്ടറിവുകളും ഐതിഹ്യങ്ങളുമാണ്. അവയോട് പരിഷ്‌ക്കാരികള്‍ക്ക് പുച്ഛമാണ്. എങ്കിലും അവയാണ് നാഡീമിടുപ്പുള്ള ജീവിക്കുന്ന സത്യങ്ങള്‍. അവയില്‍ പല ചരിത്രപുരുഷന്മാര്‍ക്കും രേഖകള്‍ക്കും ഇടമുണ്ടുതാനും.
തെക്കേഇന്ത്യയിലെ 64 ക്ഷേത്രങ്ങളുടെ ഐതിഹ്യങ്ങളും അവ ദര്‍ശിക്കുന്നതുകൊണ്ട് നമുക്കുണ്ടായേക്കാവുന്ന അനുഭവങ്ങളുടെയും ദോഷപരിഹാരങ്ങളുടെയും വിവരണങ്ങളും ഉള്ള സമഗ്രമായ ഒരു വിവരശേഖരണമാണ് രവീന്ദ്രനാഥ് മേനോന്റെ ‘ദക്ഷിണേന്ത്യയിലെ പരിഹാരക്ഷേത്രങ്ങള്‍’ എന്ന പുസ്തകം.
ഒരു ക്ഷേത്രത്തെപ്പറ്റി വിചാരിക്കുമ്പോള്‍ അതിന്റെ പേര് എങ്ങനെ ഉണ്ടായി? അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍, ദേവന്മാര്‍, ഋഷികള്‍, ചക്രവര്‍ത്തിമാര്‍, പ്രമുഖരായ ഭക്തര്‍ എന്നിങ്ങനെയുള്ള കാര്യവിവരങ്ങളും ഗ്രന്ഥകര്‍ത്താവ് നല്‍കുന്നുണ്ട്. കേരളം ഒഴികെയുള്ള ദക്ഷിണേന്ത്യന്‍ ക്ഷേത്രങ്ങള്‍ ചോള, വിജയനഗരസാമ്രാജ്യങ്ങളുമായി ബന്ധപ്പെട്ടുള്ളവയാണ്. കേരളത്തിലെ ക്ഷേത്രങ്ങള്‍ പരശുരാമന്‍, ശങ്കരാചാര്യര്‍ മുതലായവരുമായും ബന്ധപ്പെട്ടിരിക്കുന്നു. ആ ചിന്ത കളൊക്കെ നമ്മെ നമ്മുടെ മഹത്തായ പൂര്‍വ്വകാലങ്ങളിലേക്ക് കൊണ്ടുപോവുന്നു. ചോളവംശത്തിന്റെ അധികാരചിഹ്നമായ ചെങ്കോലാണ് അടുത്തകാലത്തായി പാര്‍ലമെന്റില്‍ സ്ഥാപിച്ചത്. ചെങ്കോലിനെ അനുഗ്രഹിച്ചത് പുരാതനമായ ഒരു ശൈവാധീനത്തിന്റെ അധിപനായിരുന്നു. അങ്ങിനെ നാം മഹത്തായ ഒരു പാരമ്പര്യത്തിന്റെ കീര്‍ത്തി വഹിക്കുന്നവരാണ്. ചുരുക്കത്തില്‍ ഒരു തീര്‍ത്ഥാടകന് അത്യാവശ്യമായ വിജ്ഞാനത്തിന്റെ ഒരു പൊതിച്ചോറാണ് ഈ പുസ്തകം.
ഊര്‍മ്മിളായനം
ദീപാറാണി പി.എസ്.
കൈപ്പട പബ്ലിഷിംഗ് ഗ്രൂപ്പ്
പേജ്: 116 വില: 150 രൂപ
ഫോണ്‍: 8606802486
പി.എസ് ദീപാറാണി രചിച്ച ചെറുകഥകളുടെ സമാഹാരമാണ ‘ഊര്‍മ്മിളായനം’. രാമായണത്തില്‍ വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോയ കഥാപാത്രമാണ് ലക്ഷ്മണപത്‌നിയായ ഊര്‍മ്മിള. സാഹിത്യകാരന്മാരെ ഏറെ സ്വാധീനിച്ചിട്ടുള്ള കഥാപാത്രവുമാണ് ഊര്‍മ്മിള. ഈ സമാഹാരത്തിലെ ആദ്യ കഥയായ ‘ഊര്‍മ്മിളായനം’, ലക്ഷ്മണ പത്‌നിയുടെ സഹനത്തിന്റെയും ത്യാഗത്തിന്റെയും പവിത്രമായ സ്‌നേഹത്തിന്റെയും ഉദാത്തമായ ആവിഷ്‌ക്കാരമാണ്. ഒരു ഗദ്യകവിതയുടെ ചാരുത അതിനുണ്ട്. തുടര്‍ന്നുള്ള കഥകളിലും, സമൂഹത്തില്‍ വേണ്ടവിധത്തില്‍ ശ്രദ്ധിക്കപ്പെടാതെ പോയവരുടെ കഥകളാണ് കഥാകാരി പറയുന്നത്.
വൈകി വിവാഹം കഴിച്ചെങ്കിലും എന്നും പുതുപ്പെണ്ണും പുതുച്ചെറുക്കനുമായി ജീവിച്ച പുരുഷുവും പങ്കിയും, ഉറ്റസഖിയ്ക്ക് കുഞ്ഞിനെ ലഭിക്കാനായി സ്വന്തം ഗര്‍ഭപാത്രം നല്‍കിയെങ്കിലും സമൂഹത്തില്‍ എന്നും മച്ചി എന്ന വിളിപ്പേരുമായി ജീവിക്കേണ്ടിവന്ന യമുന എന്നിങ്ങനെ നിരവധി കഥാപാത്രങ്ങളെ ഈ കഥകളില്‍ പരിചയപ്പെടുന്നു. അറബി നാട്ടില്‍ പണിതേടി എത്തിയ കൊച്ചുമോന്‍ ചെയ്യാത്ത കുറ്റത്തിന് അറസ്റ്റിലാകുന്ന കഥയാണ് ‘അറബിനാട്ടിലെപ്രേതം.’ പ്രതാപത്തോടെ കഴിഞ്ഞിരുന്ന തമ്പുരാനും കുടുംബവും വെള്ളപ്പൊക്കം വന്നതോടെ നിസ്വരായി മാറി. മാളിക വീട് തകര്‍ന്നു. ഒരിക്കല്‍ പരിഹാസത്തോടെ വീക്ഷിച്ചിരുന്ന കോരനും കുടുംബവും അവരുടെ രക്ഷയ്ക്കായെത്തിയത് ‘ശുദ്ധികലശം’ എന്ന കഥയിലവതരിപ്പിക്കുന്നു. ‘മുഖംമൂടികള്‍’, ‘പറയാന്‍ കൊതിച്ചത്’, ‘നെല്‍പ്പാടവും പുതുമഴയും’ തുടങ്ങിയ കഥകളും എടുത്തു പറയാം. ആകര്‍ഷകമായി കഥ പറയുന്ന എഴുത്തുകാരിയെ ഈ കഥകള്‍ കാട്ടിത്തരുന്നു.