ആ തീരുമാനം, വിഷമത്തോടെയെങ്കിലും രാജ്യം പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. ഉരുളുന്ന കാല്‍പ്പന്തില്‍ കരുത്തും സഹനവും തന്ത്രങ്ങളും സമ്മേളിപ്പിച്ച്, ഇതിഹാസ സമാനമായ ആ കേളീജീവിതത്തിന് ഒരു നാള്‍ അറുതിയുണ്ടാകുമെന്ന് കരുതാത്തവരാരുമുണ്ടായിരുന്നില്ല. എങ്കിലും രണ്ട് പതിറ്റാണ്ട് ദീര്‍ഘിച്ച്, ദേശം കടന്നുള്ള പന്ത് തട്ടലിന് അന്ത്യമുണ്ടാകുമ്പോള്‍, ഒരു ശൂന്യതാബോധം, ഫുട്‌ബോളിനെ ഇഷ്ടപ്പെടുന്നവരുടെ മനസ്സിലുണ്ടാകുന്നു; അതെ ശുദ്ധശൂന്യതതന്നെ-അസാദ്ധ്യ ദിശകളില്‍ നിന്നും കാല്‍പ്പന്തിന്റെ സംത്രാസത്തെ അടക്കി, കാല്‍ മടമ്പില്‍ കുരുക്കി, ചിലപ്പോഴൊക്കെ തലോടലോടെ, ചിലപ്പോള്‍ മായികമായൊരു സ്‌നേഹസ്പര്‍ശത്തോടെ ഗോള്‍ ചതുരത്തിന്റെ വിലോഭനീയതയിലേക്ക് വിശ്രമിക്കാന്‍ വിടുന്ന ഛേത്രി സ്‌പെഷ്യല്‍ ഇനി കളത്തില്‍ കാണാനാകില്ല.
അധികം ഉയരമില്ലാത്തോരാകാരത്തില്‍ നിന്നും കാലും തലയും നെഞ്ചും കളത്തിനുള്ളില്‍ മെനഞ്ഞെടുക്കുന്ന അസുലഭ സുഭഗതയുള്ള തന്ത്രങ്ങളും ചേര്‍ത്ത് എത്ര അനായാസമായാണ് ഛേത്രി പുല്‍ത്തകിടിയിലെ കളി കവിതയാക്കിയത്. അപ്രതീക്ഷിത നിമിഷത്തില്‍ എതിര്‍ ഗോള്‍മുഖത്ത് അപകടമായി അവതരിക്കുകയും പന്തിനെ ഗോള്‍വലയുടെ ഭദ്രതയില്‍ നിക്ഷേപിക്കുകയും ചെയ്തശേഷം ആവേശാഹ്ലാദങ്ങള്‍ പുറത്തുകാട്ടാതെ നിസ്സംഗനായി മൈതാന മദ്ധ്യത്തേക്ക് തിരിച്ചു നടക്കുന്ന ഛേത്രിയെ, ഈ കളിയെ നെഞ്ചേറ്റുന്നവര്‍ക്ക് മറക്കാനാകില്ല. കളത്തില്‍ അത്രമേല്‍ കര്‍മ്മനിരതനും സമര്‍പ്പിതനുമായിരുന്നു ഈ കളിക്കാരന്‍. ഗോളായി സാഫല്യം കണ്ട പന്തുകള്‍ക്കോരോന്നിനും ഛേത്രിയോടുള്ള കടപ്പാടുകളുടെ കഥകള്‍ പറയാനുണ്ടാകും.
സുഖ്‌വിന്ദര്‍സിങ് ഭാരതത്തിന്റെ ഫുട്‌ബോള്‍ പരിശീലകനായിരുന്ന കാലയളവിലാണ് സുനില്‍ ഛേത്രി ദേശീയ ടീമിലേക്ക് കടന്നുവരുന്നത്. 2005ല്‍ പാകിസ്ഥാനെതിരെ, ക്വറ്റയില്‍ നടന്ന മത്സരത്തില്‍ പകരക്കാരനായിറങ്ങിയായിരുന്നു അന്താരാഷ്ട്ര ഫുട്‌ബോളിലെ അരങ്ങേറ്റം. ആദ്യ ഊഴത്തില്‍ തന്നെ ഗോള്‍ നേടി കന്നിമത്സരം അവിസ്മരണീയമാക്കി. ക്വറ്റയില്‍ തുടങ്ങിയ ഗോളടി മികവ് മുപ്പത്തിയൊമ്പതാം വയസ്സിലും നിലനിര്‍ത്താനായി എന്നത് അന്താരാഷ്ട്ര ഫുട്‌ബോളിലെ ഒരപൂര്‍വ്വതതന്നെയാണ്. എന്നാല്‍ ഗോളടി ഭാരം തന്റെ മാത്രം ബാദ്ധ്യതയായി ഛേത്രിക്കനുഭവപ്പെടുന്നത് ബൂട്ടിയയുടെ വിരമിക്കലിന് ശേഷമാണ്. ബൂട്ടിയയുടെ പ്രഭാവകാലത്തുതന്നെ സ്‌കോറിങ്ങ് സാമര്‍ത്ഥ്യം ഛേത്രി പുറത്തെടുത്തിരുന്നു. 2007, 2009, 2012 വര്‍ഷങ്ങളിലെ നെഹ്‌റു കപ്പ് മത്സരങ്ങളില്‍ ഭാരതം കിരീടം നേടിയപ്പോള്‍ ഗോളടിയില്‍ മുമ്പന്‍ ഛേത്രി തന്നെയായിരുന്നു; ദീര്‍ഘമായൊരു ഇടവേളയ്ക്ക് ശേഷം 2011ലെ ഏഷ്യാ കപ്പ് യോഗ്യത ഭാരതത്തിന് നേടിക്കൊടുത്ത, 2008ലെ എ.എഫ്.സി ചലഞ്ച് കപ്പ് വിജയത്തില്‍ അദ്ദേഹത്തിന്റെ സ്‌കോറിങ്ങ് പാടവം തെളിഞ്ഞു കണ്ടു.
150 അന്താരാഷ്ട്ര മത്സരങ്ങളിലായി രാജ്യത്തിന് വേണ്ടി 94 ഗോളുകള്‍ നേടാനായത് ചില്ലറക്കാര്യമല്ല. സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും (128) ലയണല്‍ മെസ്സിക്കും പിന്നിലാണ് ഇക്കാര്യത്തില്‍ ഛേത്രിയുടെ സ്ഥാനം. ഈ ഗോള്‍ക്കൂട്ടത്തില്‍ നാല് ഹാട്രിക്കുകളുമുണ്ട്. താജകിസ്ഥാന്‍ (2008) വിയറ്റ്‌നാം (2010) ചൈനീസ് തായ്‌പെ (2018) പാകിസ്ഥാന്‍ (2023) എന്നിവര്‍ക്കെതിരായാണ് മൂന്നു ഗോള്‍ വീതമടിച്ചത്.
ബൈചൂങ്ങ് ബൂട്ടിയ വിരമിക്കുമ്പോള്‍ ഇനിയാര് ഭാരതത്തിനായി ഗോളടിക്കും എന്ന സന്ദേഹത്തിലായിരുന്നു ടീം അധികൃതര്‍. എന്നാല്‍ ആശങ്കകള്‍ക്കൊന്നും ഇട നല്‍കാതെ, അക്കൊല്ലം തന്നെ പങ്കെടുത്ത വിവിധ അന്താരാഷ്ട്ര മത്സരങ്ങളിലായി പതിമൂന്ന് ഗോളുകളാണ് സുനില്‍ ഛേത്രി അടിച്ചുകൂട്ടിയത്. അന്ന് തുടങ്ങിയത് ഇടതടവില്ലാതെ അദ്ദേഹം തുടര്‍ന്നു. ഇക്കാലത്തിനിടയില്‍ അദ്ദേഹത്തിന് തുണയായി സ്ഥിരതയുള്ള മറ്റൊരു സ്‌ട്രൈക്കര്‍ ടീമിലുയര്‍ന്നു വന്നില്ല. റോബിന്‍ സിങ്ങും മന്‍വീര്‍സിങ്ങുമൊന്നും പ്രതീക്ഷക്കനുസരിച്ച് ഉയര്‍ന്നില്ല. ജെജെ ലാല്‍പെക്കുലയായിരുന്നു തമ്മില്‍ ഭേദം. ഈ കാലയളവില്‍ 24 ഗോളുകളടിച്ച് ജെജെ ഒരു പരിധിവരെ ഛേത്രിക്ക് തുണയായി; ഭാരതത്തിനും.
2015 മുതല്‍ സുനില്‍ ഛേത്രി ഭാരതത്തിന്റെ നായകസ്ഥാനത്തുണ്ട്. ടീമിന്റെ പരിശീലകനായി രണ്ടാമൂഴത്തിനെത്തിയ ഇംഗ്ലീഷുകാരന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റയിനും നിലവിലെ പരിശീലകന്‍ ക്രോയേഷ്യയിലെ ഇഗോര്‍സ്റ്റിമാച്ചിനും കീഴില്‍ നായകന്‍ നിറഞ്ഞു കളിക്കുകയും ടീമിനെ നയിക്കുകയും ചെയ്തു. 2015, 2021, 2023 വര്‍ഷങ്ങളില്‍ സാഫ് ചാമ്പ്യന്‍ഷിപ്പും 2018ലെ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പും രാജ്യത്തിനായി നേടി. മൂന്ന് ഏഷ്യാ കപ്പ് ചാമ്പ്യന്‍ഷിപ്പുകളില്‍ (2011, 2019, 2023) കളിച്ചു. 2019ലും 2023ലും നായകനുമായി. 2010ല്‍ അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗില്‍ കന്‍സാസ് സിറ്റി വിസാര്‍ഡിന് വേണ്ടി അന്താരാഷ്ട്ര ക്ലബ്ബ് ഫുട്‌ബോളില്‍ അരങ്ങേറി. തുടര്‍ന്ന് പോര്‍ട്ടുഗീസ് ലീഗില്‍ സ്‌പോര്‍ട്ടിങ്ങ് സി.പിക്കായി 2012ല്‍ ബൂട്ടണിഞ്ഞു. ഇതിനുശേഷം വിദേശത്തെ കളിയില്‍ നിന്നും പിന്‍വാങ്ങിയ ഛേത്രി ദേശീയ ലീഗില്‍ നിലയുറപ്പിക്കുകയായിരുന്നു.
മോഹന്‍ ബഗാന്‍, ജെ.സി.ടി അടക്കമുള്ള ദേശീയ ക്ലബ്ബ് ടീമുകളില്‍ പല കാലത്തായി കളിക്കാനിറങ്ങി. ഇന്ത്യന്‍ സൂപ്പര്‍ലീഗിന്റെ തുടക്കം മുതല്‍ (2014) ഛേത്രി പങ്കെടുക്കുന്നുണ്ട്. ബാംഗ്‌ളൂര്‍ എഫ്‌സിക്കായി കളി തുടരുന്നതിനിടയിലാണ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കാനുള്ള തീരുമാനമുണ്ടാകുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള മികച്ച മുന്നേറ്റക്കാര്‍ അണിനിരക്കുന്ന സൂപ്പര്‍ലീഗില്‍ ഏറ്റവുമധികം ഗോളടിച്ച ഭാരതീയനുമാണ് ഛേത്രി. കളിക്കാരനെന്നും നായകനെന്നുമുള്ള ഈ ഇതിഹാസതാരത്തിന്റെ സവിശേഷതകള്‍ ഈ കുറുപ്പിലൊതുങ്ങുകയില്ല. കളിയോടുള്ള സമര്‍പ്പണത്തിലും സഹകളിക്കാരോടുള്ള സ്‌നേഹസൗഹൃദങ്ങളുടെ വിനിമയത്തിലും പെരുമാറ്റത്തിലെ സൗമ്യതയിലും ഇത്രമേല്‍ മാതൃക കാട്ടുന്ന മറ്റൊരു കായികതാരം, നായകന്‍ ദേശത്തിന്റെ കായികഭൂമികയിലില്ല തന്നെ.
ഭാരതത്തിലെ ഫുട്‌ബോള്‍ അന്താരാഷ്ട്ര ശ്രദ്ധയിലെത്തുന്നത് 1956 മെല്‍ബണ്‍ ഒളിമ്പിക്‌സില്‍ തരപ്പെട്ട നാലാം സ്ഥാനത്തിന്റെ പകിട്ടിലാണ്. അതിനുശേഷം 1962 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ നേടിയെടുത്ത സ്വര്‍ണം വന്‍കരയില്‍ ഭാരതത്തിന് മേല്‍വിലാസമുണ്ടാക്കി. അതായിരുന്നു വിജയങ്ങളുടെ അവസാനം. അതിനുശേഷം നാളിതുവരെ ഏഷ്യാകപ്പിലോ ഏഷ്യന്‍ ഗെയിംസിലോ കിരീടവിജയങ്ങളുണ്ടായിെല്ലന്ന് മാത്രമല്ല ഒരിക്കല്‍ പോലും അവസാന നാലിലെത്താന്‍ പോലുമായിട്ടില്ല. 1974ല്‍ നേടിയ ഏഷ്യന്‍ യൂത്ത് ഫുട്‌ബോള്‍ കിരീടത്തിന്റെ കാര്യം മറക്കുന്നില്ല. ഒളിമ്പിക്‌സിനോ, ലോകകപ്പിനോ യോഗ്യത നേടാനുള്ള യോഗമുണ്ടായില്ല.
എന്നിരുന്നാലും അന്താരാഷ്ട്ര നിലവാരമുള്ള ഏതാനും കളിക്കാരെ രൂപപ്പെടുത്താനും അവതരിപ്പിക്കാനും ഭാരതത്തിനായിരുന്നു. ആദ്യകാലങ്ങളില്‍ ശൈലന്‍മന്നയും മേവ്‌യാലും പി.കെ.ബാനര്‍ജിയും പിന്നീട് ഇന്ദര്‍സിങ്ങും, ശ്യാംതാപ്പയും, സുബ്രതോ ഭട്ടാചാര്‍ജിയും കിഷാനുഡേയും, ഐ.എം. വിജയനും ബൈചുങ്ങ് ബൂട്ടിയയും അന്താരാഷ്ട്ര നിലവാരം സൂക്ഷിച്ചവരായിരുന്നു. ആ പരമ്പരയുടെ തുടര്‍കണ്ണിയാണ് സുനില്‍ഛേത്രി.
ഇരുപത് വര്‍ഷക്കാലം ഛേത്രി രാജ്യത്തിനായി കളിച്ചു; പത്തുവര്‍ഷം നയിച്ചു. ടീമിനെ ഒത്തിണക്കാന്‍, പ്രചോദിപ്പിക്കാന്‍, ഒപ്പം നിര്‍ത്താന്‍ ഛേത്രിയെപ്പോലെ മറ്റാര്‍ക്കുമായില്ല. ഏഷ്യാതലത്തിലെങ്കിലും ഇത്രമേല്‍ വിജയങ്ങള്‍ നേടുവാന്‍ മുന്‍ഗാമികള്‍ക്കാര്‍ക്കുമായില്ല. മൈതാനമാകെ നിറഞ്ഞു കളിക്കാന്‍, ടോട്ടല്‍ ഫുട്‌ബോളിന്റെ പാറ്റേണുകള്‍ കളത്തിലാവിഷ്‌കരിക്കാന്‍, തന്ത്രങ്ങള്‍ രൂപപ്പെടുത്താന്‍, ഗോളടിച്ച് കൂട്ടാന്‍, സര്‍വ്വോപരി മുന്നില്‍ നിന്നും നയിക്കാന്‍ ഛേത്രിക്ക് മുന്‍പേ കളിച്ചവര്‍ക്കും നയിച്ചവര്‍ക്കുമായില്ലെന്ന് ഭാരതത്തിലെ കാല്‍പന്തിന്റെ ചരിത്രം പറയുന്നു: ആ ചരിത്രം സാക്ഷിയായി, ഛേത്രി കളിച്ച കാലം സാക്ഷിയായി. ഭാരതീയ ഫുട്‌ബോളിന്റെ ഭൂമികയില്‍ ഛേത്രിക്ക് തുല്യം സുനില്‍ ഛേത്രി മാത്രമെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയും.