ഭാരതത്തിന്റെ വിദേശനയം
മോദിയുടെ ഒരു ദശാബ്ദം
വിഷ്ണു അരവിന്ദ്
കുരുക്ഷേത്ര പ്രകാശന്‍
പേജ്: 176 വില: 240 രൂപ
ഫോണ്‍: 0484-2338324
ഗാന്ധിജി വിമര്‍ശിക്കപ്പെടുന്നത് ചില നയനിലപാടുകളുടെ പേരിലാണ്. ജവഹര്‍ലാല്‍ നെഹ്രു വിമര്‍ശനം കേള്‍ക്കുന്നത് നടപടികളുടെ പേരിലും. കാരണം ഗാന്ധിജി രാജ്യം ഭരിച്ചില്ല, നെഹ്രുവാകട്ടെ 17 വര്‍ഷം പ്രധാനമന്ത്രിയായി ഭരണനിര്‍വഹണം നടത്തി. നെഹ്രു വിമര്‍ശിക്കപ്പെടുമ്പോള്‍ ഒട്ടേറെ പരിഗണനകളുടെ ആനുകൂല്യവും പറ്റുന്നുണ്ട്. ഒരു പുതിയ ഭരണസംവിധാനത്തിലെ തുടക്കക്കാരന്‍ എന്ന പരിഗണനയാണതില്‍ മുഖ്യം. പക്ഷേ, ഭാരതത്തിന്റെ വിദേശകാര്യനയത്തില്‍ നെഹ്രു തുടങ്ങിയതും തുടര്‍ന്നതും നടപ്പാക്കിയതുമായ നയ നിലപാടുകളുടെ പേരില്‍ നെഹ്രുവിനെ ഒരു ആനുകൂല്യവും നല്‍കാത്ത വിമര്‍ശനത്തിന് വിധേയനാക്കേണ്ടതുണ്ട്. കാരണം, അച്ഛനും മകള്‍ ഇന്ദിരാഗാന്ധിയും ചേര്‍ന്ന് നഷ്ടപ്പെടുത്തിയത് 30 വര്‍ഷമാണ്. അതും അടിത്തറ കെട്ടിയ കാലത്ത്! താരതമ്യം ചെയ്യേണ്ടത് 1947 മുതല്‍ 1977 വരെയള്ള കാലത്തെ ഭാരത വിദേശനയവും തുടര്‍കാലവും 2014 മുതല്‍ 24 വരെയുള്ള കാലവും തമ്മിലാണ്. മൂന്ന് തട്ടുകളുണ്ട് അതിന്, മൂന്ന് ഘട്ടങ്ങളും. ‘ഭാരതത്തിന്റെ വിദേശനയം – മോദിയുടെ ഒരു ദശാബ്ദം’ എന്ന പുസ്തകത്തിലൂടെ വിഷ്ണു അരവിന്ദ് നടത്തുന്ന ഗവേഷണ നിരീക്ഷണം അതാണ് ചെയ്യുന്നത്. വിമര്‍ശനത്തിനോ വിശേഷപൂജനത്തിനോ മുതിരാതെ വിശ്ലേഷണത്തിലൂടെയാണ് വിഷ്ണു അരവിന്ദ് അത് സാധിക്കുന്നത്. ആധികാരികമായ ചരിത്രരേഖകളുടെ അകമ്പടിയോടെ ആവിഷ്‌ക്കരിക്കുമ്പോള്‍ പുസ്തകം ഗൗരവമുള്ളതാകുന്നു.
ആഗോളരാജ്യങ്ങള്‍ക്കൊപ്പം നിന്നുകൊണ്ട് സ്വന്തം രാജ്യത്തിന്റെ ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയും പോഷിപ്പിക്കുകയും ചെയ്യുകയാണ് വിദേശനയത്തിന്റെ കാതല്‍. അതിന് അതത് കാലത്ത് കൃത്യമായ വേദികളില്‍ യുക്തമായ നയനിലപാടുകള്‍ നടപ്പാക്കുകയാണ് വിദേശകാര്യമന്ത്രാലയത്തിന്റെ കര്‍ത്തവ്യം. അത് ഒരു ഭരണാധികാരിയുടേയോ, വകുപ്പുമന്ത്രിയുടേയോ നയമല്ല മറിച്ച് രാഷ്ട്രത്തിന്റെ നയമാകുമ്പോഴാണ് ശക്തമാകുന്നതും സ്വീകാര്യമാകുന്നതും. അതിന് സമഗ്രമായ ആദര്‍ശ-ആശയ-ലക്ഷ്യബോധം അനിവാര്യമാണ്. വിഷ്ണു അരവിന്ദ് വിശകലനം ചെയ്യുന്നതും വിശ്ലേഷണം നടത്തുന്നതും ഭാരതത്തിന്റെ വിദേശ നയത്തില്‍ സ്വാതന്ത്ര്യാനന്തരം സംഭവിച്ച ഗതിയെയാണ്. പുസ്തകത്തിലൂടെ കണ്ടെത്തുന്നത് ഗതിമാറ്റമുണ്ടായെന്നും ഇപ്പോള്‍ ശരിയായ ദിശയിലാണെന്നും ഇനി എത്തിച്ചേരേണ്ടത് എവിടെയാണെന്നുമാണ്.
നെഹ്രുവിന്റെ നയം സോഷ്യലിസ്റ്റ് – കമ്മ്യൂണിസ്റ്റ് ആദര്‍ശത്തിലധിഷ്ഠിതവും റഷ്യന്‍പക്ഷത്ത് ചേര്‍ന്നുള്ളതുമായിരുന്നുവെന്ന് കണ്ടെത്തി, അത് പരാജയമായെന്ന് പുസ്തകം വിശകലനം ചെയ്യുന്നു. നെഹ്രുവും മകള്‍ ഇന്ദിരാഗാന്ധിയും കൈകാര്യം ചെ യ്യവേ ഭാരതവിദേശനയം ഒറ്റവ്യക്തിയുടെ തീരുമാനങ്ങളായിരുന്നു. റഷ്യന്‍ ചേരിയില്‍ നിന്ന് ചേരിചേരാ നയം പ്രാവര്‍ത്തികമാക്കിയത് പുസ്തകത്തില്‍ വിമര്‍ശനവിധേയമാക്കുന്നു. റഷ്യ കണ്ട നെഹ്രു പുറംകാഴ്ചകളില്‍ അമ്പരക്കുകയും റഷ്യയുടെ അകം കാണാതെ പോവുകയും ചെയ്തു. 1973ല്‍ കടുത്ത ഭക്ഷണക്ഷാമത്തെത്തുടര്‍ന്ന് 10 മില്യണ്‍ ടണ്‍ ഗോതമ്പ് അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്ത റഷ്യയെ മോഡലാക്കിയ നെഹ്രു നയത്തിനെക്കുറിച്ച് അഗാധമായ നിരീക്ഷണമുണ്ട് പുസ്തകത്തില്‍. അരവിന്ദിന്റെ നിരീക്ഷണത്തില്‍ ഡോ. അംബേദ്കര്‍, സര്‍ദാര്‍ പട്ടേല്‍ തുടങ്ങിയവര്‍ നെഹ്രു നയത്തെ വിമര്‍ശിച്ച വിവരണങ്ങള്‍ വരുന്നുണ്ട്. 1940കളിലും 50 കളിലും അവര്‍ അവതരിപ്പിച്ച അഭിപ്രായങ്ങള്‍ സ്വീകരിച്ചിരുന്നെങ്കില്‍ ഭാരതം ഇന്ന് എവിടെ എത്തിയേനെ എന്ന ചോദ്യം ഏറെ പ്രസക്തമാണ്. അവസരം കിട്ടിയപ്പോള്‍ മൊറാര്‍ജി ദേശായിക്കും നയത്തില്‍ മാറ്റമുണ്ടാക്കാനായില്ല എന്നും പി.വി.നരസിംഹറാവുവിന്റെ കാലത്താണ് കാതലായ മാറ്റം വന്നതെന്നുമുള്ള നിരീക്ഷണം കൃത്യമാണ്. അടല്‍ബിഹാരി വാജ്‌പേയി 2000ല്‍ വിദേശനയക്കാര്യത്തില്‍ സ്വീകരിച്ച വിപ്ലവകരമായ നിലപാടിന്റെ അടിത്തറയിലാണ് ഇന്നത്തെ വിദേശനയത്തിന്റെ വിശ്വവിജയമെന്ന് വിഷ്ണു അരവിന്ദ് നിരീക്ഷിക്കുന്നു. വാജ്‌പേയ് നയത്തെ 2004ല്‍ അധികാരത്തിലെത്തിയ മന്‍മോഹന്‍ സിങ്ങിന്റെ സര്‍ക്കാരും പിന്തുടര്‍ന്നത് നിര്‍ണായകമായി എന്നാണ് കണ്ടെത്തല്‍. അത് നരേന്ദ്രമോദി സര്‍ക്കാരിലെത്തി 2014ല്‍ ദൃഢനയമായി ഭാരതത്തെ ‘വിശ്വഗുരുവാക്കാന്‍’ പര്യാപ്തമാക്കിയെന്നാണ് വിലയിരുത്തല്‍.
‘പഞ്ചശീലതത്ത്വ’ത്തില്‍ നിന്ന് ‘പഞ്ചാമൃത’ത്തിലേക്ക്, യുദ്ധമൊഴിവാക്കല്‍ നയത്തില്‍ നിന്ന് സമഗ്ര നയ നിലപാടുകളുടെ രൂപ-ഭാവാന്തരത്തിലേക്ക് ഉണ്ടാക്കിയ മാറ്റം സൂക്ഷ്മമായി വിശകലനം ചെയ്ത്, സുദീര്‍ഘമായി വിവരിക്കുന്നു. നരേന്ദ്രമോദി സര്‍ക്കാരിന്റെ ‘ക്ഷേത്ര നയതന്ത്രം’, യോഗ, രാമായണ നയതന്ത്രം, സാംസ്‌കാരിക നയതന്ത്രം എന്നിങ്ങനെ ഗാഢമായ പഠനം നടത്തി അവതരിപ്പിക്കുന്ന നിരീക്ഷണങ്ങള്‍ പുസ്തകത്തെ അസാധാരണമാക്കുന്നു. ഇസ്ലാമിക ലോകരാജ്യങ്ങള്‍ക്കു കൂടി സ്വീകാര്യമായി ഭാരതനയത്തെ നിലപാടുകളെ വ്യാപകമായി സ്വീകാര്യമാക്കിയതെങ്ങനെയെന്ന ക്രമപ്രകാരമുള്ള വിവരണം പുസ്തകത്തെ രാഷ്ട്രീയപക്ഷം പിടിക്കലോ മുഖസ്തുതി പറയലോ അല്ലാതെ ചേര്‍ത്തു നിര്‍ത്തുന്നു.
2023ല്‍ ഭാരതത്തില്‍ നടന്ന ജി20 ഉച്ചകോടി ഭാരതവിദേശനയത്തിന്റെ ഒരു പ്രധാന ശൃംഗമായി പുസ്തകം അവതരിപ്പിക്കുന്നു. ഭാരതനയം ഭാരതീയതയായി, ഹിന്ദുത്വമായി, അത് വിശ്വമാനവികതയായി വിശദീകരിച്ച് ‘വസുധൈവകുടുംബകം’, ‘വിശ്വം ഭവത്യേകനീഡം’, സര്‍വേപി സുഖിനഃസന്തു, സര്‍വേ സന്തുനിരാമയ എന്ന ആശയത്തിലെത്തിച്ചതിന്റെ രീതി ശാസ്ത്രമാണ് ഈ പുസ്തകം.