ബുദ്ധന്‍ ചിരിക്കാത്ത കാലം
ഡോ.എന്‍.ആര്‍. മധു
വേദ ബുക്സ്
പേജ്: 109 വില: 150 രൂപ
ഫോണ്‍: 9539009979
കാലം മാറുന്നതും ചരിത്രം രചിക്കുന്നതും കഥയിലൂടെ പറയുന്നതിനൊരു കല വേണം. വായനക്കാരനു മുന്നില്‍ സര്‍വ്വേക്കല്ലുകളായി അവ മുഴച്ചു നില്‍ക്കരുത്. ഗഹനമായ വിഷയങ്ങള്‍ ലളിതമായി പറയുക- നല്ല കൈയടക്കമുള്ളവര്‍ക്കേ ആ കഥന കലയുണ്ടാകൂ, അതില്ലാത്തവരുടെ എഴുത്ത് കദന കഥയാകും.
ഒരു പതിപ്പും ഇറക്കാനാവാതെ, എഴുതിയത് അച്ചടിക്കപ്പെടാതെ വിയര്‍ക്കുന്ന എഴുത്തുകാര്‍ക്കിടയില്‍ രണ്ടാം പതിപ്പായി ‘ബുദ്ധന്‍ ചിരിക്കാത്ത കാലം’ എന്ന ചെറുകഥാ സമാഹാരം ഇറങ്ങുമ്പോള്‍ ഡോ.എന്‍.ആര്‍. മധുവിലെ കഥാകാരന്റെ കഥന പാടവവും കഥയിലെ ചുറ്റുപാടുകളുമാണതിന് കാരണം. അമ്മ, പ്രകൃതി, കാരുണ്യം, സാമൂഹ്യബോധം ഇവ നിറഞ്ഞുനില്‍ക്കുന്ന കഥകളെന്ന് ഇവയെ പൊതുസ്വഭാവം കൊണ്ട് വിളിക്കാം. വൈകാരികമായ പരിസരങ്ങള്‍ കൊണ്ട് ഈ കഥകള്‍ നമ്മെ ജീവിതത്തോട്, സമൂഹത്തോട് ചേര്‍ത്തു നിര്‍ത്തുന്നു. ‘ആന മറുത’ എന്ന കഥ ആനുകാലിക സംഭവങ്ങളുടെ സാര്‍വകാലികമായ സ്വഭാവം അവതരിപ്പിക്കുന്നു.
‘ബുദ്ധന്‍ ചിരിക്കാത്ത കാലം’- എന്തൊരു ഉജ്ജ്വലമായ ട്വിസ്റ്റാണ് ആ കഥയ്ക്ക്. സംസ്‌കാര ഭ്രംശത്തിന്റെ, അതില്‍ നിന്ന് തലമുറ മാറ്റത്തിലൂടെയുണ്ടാകുന്ന ഭേദത്തിന്റെ, കുബുദ്ധികളായ ചില തല്‍പ്പര കേന്ദ്രങ്ങളുടെ ഇടപെടലിലൂടെ ഉണ്ടാകുന്ന സാമൂഹ്യ വിപത്തിന്റെ രീതിശാസ്ത്രം ആ കഥയിലുണ്ട്. കഥാകാരന്‍ താന്‍ വിശ്വസിക്കുന്ന ആദര്‍ശത്തിന്റെയും ആശയത്തിന്റെയും പ്രചാരകനാണെങ്കിലും കഥയിലൂടെ അത് വായനക്കാരനില്‍ അടിച്ചേല്‍പ്പിക്കുന്നില്ല. പക്ഷേ, കഥാപാത്രങ്ങളുടെ കാഴ്ചകളില്‍, കേള്‍വികളില്‍ക്കൂടി, അന്യം നിന്നുപോകുന്നുവെന്ന് ആശങ്കപ്പെടുന്ന മൂല്യങ്ങളെ ആദര്‍ശവല്‍ക്കരിക്കുന്നു; അനുവാചകനെ അവയിലേക്ക് ആകര്‍ഷിക്കുന്നു. ഗര്‍ഭിണിയായ പിടിയാന തോട്ടത്തില്‍ വന്ന വിവരം മുതലാളിയെ അറിയിക്കാന്‍ തീരുമാനിക്കുന്ന ബൊമ്മന്‍ വേറിട്ടൊരു തൊഴില്‍ സംസ്‌കാരത്തിന്റെയും ആനയ്ക്ക് പടക്കം വെച്ച കൈതച്ചക്ക തിന്നാന്‍ കൊടുക്കാന്‍ മടിച്ച് വേദനിച്ചു നില്‍ക്കുന്ന ബൊമ്മന്‍ മാനുഷികതയുടേയും ക്രൂര മുതലാളിത്തത്തെ ഉന്മൂലനം ചെയ്യാനിറങ്ങുന്ന ബൊമ്മന്‍ സാമൂഹ്യ പ്രതിബദ്ധതയുടേയും പ്രതീകമായി മാറുന്നു.
‘ശോഭായാത്ര’യിലെ കഥാനായകന്‍ സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്നവരുടെ സമൂഹത്തിനും, സ്വാര്‍ത്ഥ മത്തില്‍ മുങ്ങിപ്പൊങ്ങുന്ന സാംസ്‌കാരിക ദുഷ്പ്രഭുത്വത്തിനുമെതിരായ വിമര്‍ശനം കൂടിയാണ്. കഥാനായകന്‍ പ്രസരിപ്പിക്കുന്ന സാമൂഹ്യസന്ദേശം കാലം അടയാളപ്പെടുത്തിക്കൊണ്ടിരിക്കുന്ന സംസ്‌കാരിക പുനരുജ്ജീവനത്തിന്റേതു കൂടിയാണ്.
‘മുലപ്പാല്‍ മണമുള്ള ചന്ദനത്തിരികളി’ലെ അമ്മയും മകനും മരുമകളും ഇക്കാലത്തെ പൊള്ളിക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ്. ‘അവസാനത്തെ ബസ്സി’ ലെ വിഭ്രാമകാന്തരീക്ഷത്തിന് പ്രകൃതിയും പരിസ്ഥിതിയുമെങ്ങനെ താളം പിടിക്കുന്നുവെന്ന് നോക്കുക! ‘നീലാംബരി’യുടെ വായന ആരിലാണ് തേങ്ങലുണ്ടാക്കാത്തത്? ‘ആരോ ഒരാള്‍’ എന്ന കഥയുള്‍പ്പെടെ ഏഴ് വലിയ ചെറുകഥ കളാണ് ‘ബുദ്ധന്‍ ചിരിക്കാത്ത കാലം.’
ഈ കഥകളില്‍ കാഴ്ചയുണ്ട്. ഓരോന്നും ചെറുകഥയ്‌ക്കൊപ്പം ഒരു കുറു സിനിമകൂടി കാണിക്കുന്നു. പുസ്തകത്തിന്റെ മാര്‍ജിനില്‍ ചില സാങ്കേതിക സൂചനകള്‍ കൂടിയുണ്ടായാല്‍ മതി, നല്ലൊരു ചലച്ചിത്രബോധമുള്ളവര്‍ക്ക് സിനിമയുണ്ടാക്കാം. കഥാകാരന്റെ കലയും അദ്ദേഹത്തിലെ ചലച്ചിത്രകാരന്റെ കഴിവും മിഴിച്ചുനില്‍ക്കുന്ന കഥകളാണിവ.
തലശ്ശേരി അവധൂത മാതാവ്
ബീന കണ്ടോത്ത്
ഡോ.പി. രാമന്‍ ഫൗണ്ടേഷന്‍
അഡ്വ. കെ.എം. സുരേഷ് ചന്ദ്രന്‍
പേജ്:120 വില:120 രൂപ
ഫോണ്‍: 9447170787
സാധാരണ മനുഷ്യരുടെ നിയമങ്ങളെയും ലോകമര്യാദകളെയും അംഗീകരിക്കാതെ ലോകബാഹ്യരായി ആത്മാനുഭൂതിസമ്പന്നതയോടെയും പൂര്‍ണ്ണവിരക്തിയോടെയും വിഹരിക്കുന്നവരാണ് അവധൂതമഹാത്മാക്കള്‍. എന്നാല്‍ സൂക്ഷ്മദൃഷ്ടികൊണ്ട് മാത്രമേ ഇവരെ തിരിച്ചറിയാനാകൂ. തിരുവങ്ങാട്ടമ്മയെന്നും മടപ്പള്ളിയമ്മയെന്നുമൊക്കെ വിളിക്കപ്പെടുന്ന തലശ്ശേരി അമ്മ എന്ന അവധൂതയെക്കുറിച്ച് ശ്രീമതി ബീന കണ്ടോത്ത് രചിച്ച ഗ്രന്ഥമാണ് ‘തലശ്ശേരി അവധൂത മാതാവ്’. അനേകം അവധൂതരുടെ സാന്നിധ്യത്താല്‍ അനുഗ്രഹിക്കപ്പെട്ട മടപ്പള്ളി, നാദാപുരം റോഡ്, തലശ്ശേരി എന്നിവിടങ്ങളില്‍ മൂന്നു ദശകങ്ങളില്‍ കൂടുതലായി വിഹരിച്ചിരുന്ന ഈ അമ്മ ജ്ഞാനവൈരാഗ്യങ്ങളുടെ പരമസീമയില്‍ അവധൂതവൃത്തിയെ സ്വീകരിച്ച് അത്യാശ്രമിയായി കഴിഞ്ഞുവന്ന മഹാത്മാവാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് അമ്മ സമാധിയായത്. അമ്മയെക്കുറിച്ചുള്ള ഈ ഗ്രന്ഥത്തില്‍ രണ്ടുഭാഗങ്ങളാണുള്ളത്. ആദ്യഭാഗത്തില്‍ തലശ്ശേരി അമ്മ താമസിച്ചിരുന്ന തറവാട്ടില്‍ മുന്‍പ് താമസിച്ചുവന്ന സൂര്യനാരായണസാമികള്‍ എന്ന യോഗിവര്യനെക്കുറിച്ചും രണ്ടാം ഭാഗത്തില്‍ തലശ്ശേരി അമ്മയെക്കുറിച്ചും വിശദീകരിച്ചിരിക്കുന്നു. അമ്മയെ വളരെനാള്‍ ശുശ്രൂഷിക്കാന്‍ ഭാഗ്യം ലഭിച്ച ഗ്രന്ഥകാരിയുടെ അനുഭവങ്ങളും അമ്മയുടെയും സൂര്യനാരായണസ്വാമിയുടെയും മഹത്വവും ഇതിലൂടെ മനസ്സിലാക്കാനാവും. സ്വാമി ചിദാനന്ദപുരിയുടെ ‘മുഖപ്രസാദം’ എന്ന ആമുഖവും ഡോ. പ്രിയദര്‍ശന്‍ലാലിന്റെ വിജ്ഞാനപ്രദമായ അവതാരികയും ഗ്രന്ഥത്തിന് വൈശിഷ്ട്യം കൂട്ടുന്നു.