(2022 നവംബര്‍ 24)
”അറിഞ്ഞുവോ? ലീലാമ്മട്ടീച്ചര്‍ക്കും ഒഴിയ്ക്കല് കലശലാത്രേ!”
”ഉവ്വോ, ഞാന്‍ ഇന്നലെ രാത്രി ഉറങ്ങീട്ടന്നില്യ.”
”വേണൂനും വയറുവേദനയാത്രെ. ഡോക്ടറ് മരുന്നു കൊടുത്തു.”
”ഇന്നലെ കഴിച്ച സാലഡാവും പ്രശ്‌നണ്ടാക്കീദ്. ബാംഗ്ലൂരില്‍ നിന്നും വന്ന ഉഷേം, സന്ധ്യേം ക്കെ കെടപ്പായി”.
പാലക്കാടു നിന്നു വന്ന കൃഷ്ണന്‍ നമ്പൂതിരി, ഭാര്യ മോദിനി ടീച്ചര്‍, ബന്ധുവായ അനിയന്‍ നമ്പൂതിരി, ചാറ്റുകുളം തിരുമേനി എന്നിവര്‍ ഗീതാഞ്ജലിയുടെ റിസപ്ഷനില്‍ ഇരുന്ന് സംസാരിക്കുകയാണ്. എന്താണീ ‘ഒഴിയ്ക്കല്‍’ എന്ന് ആദ്യം പിടി കിട്ടീല്യ. പിന്നെ മനസ്സിലായി – ”ലൂസ് മോഷനെ”പ്പറ്റിയാണ് ചര്‍ച്ച! ശരിയാണ്, ഞങ്ങളുടെ സഹയാത്രികരില്‍ മിക്കവര്‍ക്കും ഭക്ഷ്യവിഷബാധ ഏറ്റിരിക്കുന്നു. എനിക്കും ചെറിയ ”ഉരുണ്ടുകയറ്റം” തുടങ്ങീരിക്കുന്നു. പക്ഷെ ഒഴിയ്ക്കല്‍ ഇല്ല. ഭാഗ്യം!
രാവിലെ ഡൈനിംഗ് റൂമില്‍ വളരെ കുറച്ചു പേരേ എത്തിയിരുന്നുള്ളൂ. ഉഷയും സന്ധ്യയും ഉപ്പുചേര്‍ത്ത നാരങ്ങാവെള്ളം ഉണ്ടാക്കി കുടിക്കുകയും, യാത്രയ്ക്കിടയില്‍ കുടിയ്ക്കാനായി കുപ്പികളില്‍ നാരങ്ങാവെള്ളം നിറയ്ക്കുകയും ചെയ്തു. മിനി, ലീലാമ്മട്ടീച്ചര്‍ എന്നിവര്‍ വളരെ ക്ഷീണിതരായി കാണപ്പെട്ടു.
ഞങ്ങളുടെ മഴവില്‍ ബസ്സ് അല്പസമയത്തിനകം എത്തി. ”ജയ് റാം” എന്ന് ഉച്ചരിക്കുന്നതിനുപകരം ബംഗാളിയില്‍ ”ജൊയ് റാം” എന്നാണ് പറയുക. അത് ഇംഗ്ലീഷിലാക്കിയപ്പോള്‍ ”JOY RAM” എന്നായി. ബസ്സിന്റെ മുന്‍വശത്ത് അങ്ങനെയാണ് എഴുതിയിരിക്കുന്നത്.
ത്രിപുരയിലെ തിരക്കേറിയ, വീതിയേറിയ റോഡുകളിലൂടെ ഞങ്ങളുടെ ബസ്സ് യാത്ര തുടങ്ങി. കേരളവുമായി ഭൂപ്രകൃതിയിലും, മരങ്ങളിലും, കെട്ടിടങ്ങളിലുമൊക്കെ നല്ല സാമ്യം. തെങ്ങുകളെ മാറ്റിനിര്‍ത്തിയാല്‍, മറ്റെല്ലാ ഫലവൃക്ഷങ്ങളെയും നമുക്കവിടെ കാണാം. ചെമ്പരത്തിയും, വാഴയും, മാവും, പ്ലാവും, കവുങ്ങും, മുരിങ്ങയും സുലഭം.
ത്രിപുരസുന്ദരിയുടെ അനുഗ്രഹം കൊണ്ടാണോ എന്നറിയില്ല, സമ്പല്‍സമൃദ്ധമായ സംസ്ഥാനമാണ് ത്രിപുര. കൃഷി, പെട്രോള്‍-ഡീസല്‍ ഖനികള്‍ എന്നിവയാണ് മുഖ്യസാമ്പത്തിക സ്രോതസ്സുകള്‍. ജനങ്ങള്‍ നല്ല ജീവിത നിലവാരം പുലര്‍ത്തുന്നുവെന്ന് വീടുകളും, റോഡുകളും, സ്‌കൂള്‍-കോളേജൂകളും, വസ്ത്രധാരണ രീതിയും കണ്ടപ്പോള്‍ മനസ്സിലായി.
അഗര്‍ത്തലയില്‍ നിന്നും 55 കി. മീറ്റര്‍ ദൂരമുണ്ട് ത്രിപുര സുന്ദരീ ക്ഷേത്രത്തിലേക്ക്. യാത്രക്കാരുടെ അഭ്യര്‍ത്ഥന മാനിച്ച് ബസ്സ് പല പ്രാവശ്യം റോഡുവക്കില്‍ നിര്‍ത്തി (പലര്‍ക്കും ഛര്‍ദ്ദി) ജയകുമാറിന്റെ നിര്‍ദ്ദേശപ്രകാരം മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് ഒആര്‍എസ് സാഷെയും, പഴക്കടയില്‍ നിന്ന് ഓറഞ്ചും വാങ്ങി രോഗബാധിതര്‍ സേവിച്ചു തുടങ്ങി. നിര്‍ജ്ജലീകരണം തടയുക എന്നതാണ് മുഖ്യലക്ഷ്യം.
ഇനി ഞാനൊരു കഥ പറയട്ടെ!
ദക്ഷയാഗവും ശക്തിസ്ഥലങ്ങളും
ദക്ഷയാഗം നടക്കുകയാണ് – ഇന്നേവരെ ആരും കാണാത്ത, കേള്‍ക്കാത്ത, സ്വപ്‌നം കാണാത്ത തരം ഒരുക്കങ്ങള്‍! സകലദേവന്മാരെയും ചക്രവര്‍ത്തിമാരേയും രാജാക്കന്മാരേയും ദക്ഷന്‍ ക്ഷണിച്ചുവരുത്തി. മകള്‍ ദാക്ഷായണി യുടെ (സതി)ഭര്‍ത്താവായ ശിവനെ മാത്രം മനഃപൂര്‍വ്വം ക്ഷണിച്ചില്ല. ഇതില്‍ മനംനൊന്ത സതി ആത്മഹത്യ ചെയ്തു. ഇതറിഞ്ഞ ശിവന്‍ അവിടെയെത്തി; സങ്കടവും ദേഷ്യവും സഹിക്കാനാകാതെ പ്രിയതമയുടെ ശരീരം രണ്ടു കൈകളില്‍ കോരിയെടുത്ത് താണ്ഡവം തുടങ്ങി. ഈരേഴുലകവും കിടുങ്ങി. ഏവരും ഭയചകിതരായി. വിഷ്ണു സുദര്‍ശനചക്രം തൊടുത്തുവിട്ട് സതിയുടെ ശരീരം കഷ്ണങ്ങളാക്കി. അതോടെ ഭൈരവന്റെ താണ്ഡവവും അവസാനിച്ചു.
സതിയുടെ 51 ശരീരഭാഗങ്ങള്‍ പതിച്ച സ്ഥലങ്ങള്‍ ശക്തിപീഠങ്ങള്‍ എന്നറിയപ്പെടുന്ന പുണ്യക്ഷേത്രങ്ങളായി. ഇവയില്‍ ചിലത് പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക, ടിബറ്റ് എന്നീ രാജ്യങ്ങളില്‍ സ്ഥിതിചെയ്യുന്നു.
വടക്കു കിഴക്കേ ഇന്ത്യയിലെ രണ്ടു ശക്തിസ്ഥലങ്ങളാണ് അസമിലെ കാമാഖ്യക്ഷേത്രവും ത്രിപുരസുന്ദരിക്ഷേത്രവും. ദേവിയുടെ യോനി പതിച്ച സ്ഥലമാണ് കാമാഖ്യ. ഇടതു കാല്പാദത്തിന്റെ ചെറുവിരല്‍ പതിച്ച പുണ്യസ്ഥലമാണ് ത്രിപുര സുന്ദരി ക്ഷേത്രം നിലകൊള്ളുന്ന സ്ഥലം.
സ്വപ്നവും ചരിത്രവും
ത്രിപുരരാജ്യം ഭരിച്ചിരുന്ന ധന്യമാണിക്യ മഹാരാജാവ് (15-ാം നൂറ്റാണ്ട്) ഒരു സ്വപ്‌നം കണ്ടു. ഉദയ്പൂര്‍ എന്ന നഗരത്തിലെ മലമുകളില്‍ ദേവീക്ഷേത്രം പണിയണമെന്ന് സ്വപ്‌നത്തില്‍ നിര്‍ദ്ദേശവും കിട്ടി. പണ്ഡിതന്മാരേയും പൂജാരിമാരേയും കൂട്ടി ഈ സ്ഥലം സന്ദര്‍ശിച്ചപ്പോള്‍, അവിടെ ഒരു വിഷ്ണുക്ഷേത്രം നിലനില്‍ക്കുന്നതായി കണ്ടെത്തി. എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ച രാജാവിന് വീണ്ടും ഒരു സ്വപ്‌നം! വിഷ്ണുവും ദേവിയും ”പരമോന്നത ശക്തി” യുടെ രണ്ടു ഭാവങ്ങളാണെന്നും, അവിടെ ദേവിയെ പ്രതിഷ്ഠിക്കുക തന്നെ വേണം എന്നും.
പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ഉദയ്പ്പൂരിലെ ആമത്തോടിന്റെ (കൂര്‍മ്മപൃഷ്ഠ) ആകൃതിയുള്ള കുന്നിന്‍ മുകളില്‍ ക്ഷേത്രം നിര്‍മ്മിച്ചു. 2000 എ.ഡിയില്‍ അതിന്റെ 500-ാം വാര്‍ഷികം ആഘോഷിക്കുകയുണ്ടായി.
സങ്കല്പവും യാഥാര്‍ത്ഥ്യവും
പത്മനാഭസ്വാമിക്ഷേത്രത്തിലേക്കു കയറിപ്പോകുന്നതുപോലെ ചെത്തിമിനുക്കിയ കരിങ്കല്‍ പടവുകള്‍! ഗുരുവായൂരിലുള്ളതുപോലെ ചുറ്റമ്പലം! മൂകാംബിക ക്ഷേത്രത്തിലേതുപോലെ കൊടിമരം! അമൃത്‌സറിലുള്ളതു പോലൊരു തടാകം! അതിനു നടുവില്‍ സ്വര്‍ണ്ണവും വെള്ളിയും കൊണ്ടു നിര്‍മ്മിച്ച ഗര്‍ഭഗൃഹം! പുഞ്ചിരിപൊഴിച്ച്, അനുഗ്രഹം ചൊരിഞ്ഞ് സര്‍വ്വാഭരണ വിഭൂഷിതയായ ത്രിപുരസുന്ദരി! ശംഖ്, മദ്ദളം, ഭേരി, മണിനാദങ്ങളാല്‍ മുഖരിതമായ അന്തരീക്ഷം! ഭജനയും സ്‌തോത്രവും ചൊല്ലുന്ന ഭക്തര്‍. വിശാലമായ ഹാളുകളില്‍ അന്നദാനം!
”JOY RAM” ബസ്സിലെ സീറ്റിലിരുന്ന് യാത്ര ചെയ്യുമ്പോള്‍ ഇതൊക്കെയായിരുന്നു എന്റെ സങ്കല്പത്തിലുളള ത്രിപുരസുന്ദരിക്ഷേത്രം. അവിടെ എത്തിയപ്പോഴോ? സങ്കല്പവും യാഥാര്‍ത്ഥ്യവും തമ്മില്‍ എന്തൊരന്തരം!
ബസ്സില്‍ നിന്നിറങ്ങി അല്പദൂരം നടന്നപ്പോള്‍ ആദ്യം കണ്ട കാഴ്ച വലിയൊരു തടാകത്തിന്റേതാണ്. കല്യാണ്‍ സാഗര്‍ എന്നറിയപ്പെടുന്ന തടാകത്തിന് 224 ഃ 160 വാര (6.4 ഏക്കര്‍) വിസ്തീര്‍ണ്ണമുണ്ട്. തടാകത്തിലെ ഇളം പച്ചവെള്ളത്തില്‍ വിരിഞ്ഞു നില്‍ക്കുന്ന വലിയ കൃത്രിമത്താമരപ്പൂക്കള്‍. താടകത്തിലെ ആമകളേയും മത്സ്യങ്ങളേയും ഊട്ടുന്ന തിരക്കിലാണ് ഭക്തന്മാര്‍ അടുത്തുള്ള കടകളില്‍ ബിസ്‌ക്കറ്റ് ചെറുപാക്കറ്റുകളില്‍ വില്‍പ്പനയ്ക്കു വച്ചിട്ടുണ്ട്. (Bostamiഎന്നയിനം ആമകള്‍).
8-10 അടി നീളമുള്ള ചെമ്പരത്തിപ്പൂമാല വില്‍ക്കുന്ന ആളുകള്‍ ഞങ്ങളെ പൊതിഞ്ഞു. ചില മാലകളില്‍ കൂവളത്തിലയും ചെമ്പരത്തിയും ഇടകലര്‍ത്തിയാണ് കെട്ടിയിരിക്കുന്നത്.
കല്യാണ്‍സാഗറും ക്ഷേത്രവും റോഡിന്റെ ഇരുവശങ്ങളിലുമായിട്ടാണ് സ്ഥിതിചെയ്യുന്നത്. ചെറിയൊരു കുന്നിന്‍ മുകളില്‍ ചെറിയൊരു ചുവന്ന ക്ഷേത്രം. പടിക്കെട്ടുണ്ട്, ചുറ്റുമതിലില്ല. ചുറ്റമ്പലവും കൊടിമരവുമില്ല. അതങ്ങനെ കാറ്റും മഴയും വെയിലും മഞ്ഞുമേറ്റ് നില്‍ക്കുകയാണ്.
മക്കയിലെ കഅ്ബയുടെ ചിത്രം കണ്ടുകാണുമല്ലോ- കറുത്ത സില്‍ക്കുകൊണ്ടു പൊതിഞ്ഞ വലിയൊരു ചതുരപ്പെട്ടി (cube)? അതേ രൂപമാണ് ഈ ക്ഷേത്രത്തിനും. 24ഃ24 അടിയാണ് നീളവും വീതിയും ഉയരം 75 അടി. കുങ്കുമച്ചാന്ത് അണിഞ്ഞു നില്‍ക്കുന്ന ഹനുമാനെ കണ്ടിട്ടില്ലേ? അതിനെക്കാള്‍ അല്പംകൂടി കടുത്ത വര്‍ണ്ണമാണ് പുറം ചുവരുകള്‍ക്ക്. ക്ഷേത്രത്തിനു മുകളില്‍ ചിരട്ട കമഴ്ത്തി വച്ചതുപോലെ രണ്ടു താഴികക്കുടങ്ങള്‍. മുകളിലത്തേത് താഴത്തേതിനേക്കാള്‍ ചെറുതാണ്. ക്ഷേത്രത്തിന്റെ മുകള്‍ഭാഗത്തിനും ആമത്തോടിന്റെ ആകൃതിയാണ്. താഴികക്കുടത്തിന്റെ അറ്റത്ത് ചെറിയൊരു കൊടിമരവും കാണാം.
ഈ കെട്ടിടത്തിനു മുന്‍വശത്ത് റ ആകൃതിയില്‍ ഒരു കമാനം. ചുറ്റും കൊത്തുപണി ചെയ്ത വെള്ളിത്തകിടുകള്‍ പതിച്ചിട്ടുണ്ട്. ഇവിടെ നിന്നും 15 അടിയോളം ദൂരെയായി ഒരാള്‍ പൊക്കത്തിലുള്ള ദേവീ വിഗ്രഹം പീഠത്തില്‍ സ്ഥാപിച്ചിരിക്കുന്നു. മുഖം മാത്രമേ കാണുന്നുള്ളൂ. ചെമ്പട്ടും, ചെമ്പരത്തി മാലകളും, സ്വര്‍ണ്ണക്കിരീടവും ധാരാളം മാലകളും കാണാം. പൂക്കളും, ഫലങ്ങളും നിറച്ച സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള തട്ടങ്ങള്‍ പീഠത്തിനടുത്ത് വച്ചിട്ടുണ്ട്.
ദേവിക്ക് ശിവനുള്ളതുപോലെ മൂന്നാമതൊരു കണ്ണുകൂടിയുണ്ടോ എന്നെനിക്ക് സംശയം. ചുവന്നുതുടുത്ത നാക്കും, വളയം പോലത്തെ മൂക്കുത്തിയും വ്യക്തമായിക്കാണാം. ക്ഷേത്ര പരിസരത്ത് ചെറിയൊരു ഭൈരവനുമുണ്ടായിരുന്നു.
ഈ ക്ഷേത്രത്തില്‍ 2 അടി ഉയരമുള്ള ”ഛോട്ടാ മാ” എന്ന വിഗ്രഹവുമുണ്ടത്രെ. യുദ്ധത്തിനു പോകുമ്പോള്‍ രാജാക്കന്മാര്‍ ‘ഛോട്ടാ മാ’ യെക്കൂടെ കൊണ്ടുപോകാറുണ്ടായിരുന്നുവെന്ന് ലഘുലേഖയില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. പൂക്കളും പാല്‍പേഡയുമാണ് ഇവിടെ ഭക്തന്മാര്‍ വഴിപാടായി സമര്‍പ്പിക്കുന്നത്. ചെറിയ മൃഗങ്ങളെ ബലികഴിക്കാറുണ്ടായിരുന്നുവെങ്കിലും, 2019 ഒക്ടോബര്‍ മുതല്‍ അത് നിയമംമൂലം നിരോധിച്ചു.
ഭക്തിക്കു പകരം കൗതുകമുണര്‍ത്തിയ ത്രിപുരസുന്ദരി ക്ഷേത്രദര്‍ശനം അങ്ങനെ കഴിഞ്ഞു. ക്ഷേത്രപരിസരത്ത് വില്‍ക്കാന്‍ വച്ചിരിക്കുന്ന ചില വസ്തുക്കള്‍ ഞങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി. മധുരമുള്ള അമ്പഴങ്ങ (ബിലാത്തി അമ്പഴങ്ങ എന്ന് എന്റെ ജന്മനാടായ പള്ളുരുത്തിക്കാര്‍ (കൊച്ചി) പറയും) തൊലി കളഞ്ഞ് ട്യൂലിപ്പ് പൂക്കളുടെ ഇതളുകള്‍ പോലെ ചെത്തിയെടുത്ത്, ഈര്‍ക്കിലിന്റെ വണ്ണമുള്ള കോലില്‍ കുത്തി നിരനിരയായി വച്ചിരിക്കുന്നു. ആവശ്യക്കാര്‍ വരുമ്പോള്‍ മുളകുപൊടിയും ഉപ്പുപൊടിയും അമ്പഴങ്ങ ”ലോലിപ്പോപ്പി”ല്‍ വിതറും.
മറ്റൊരു വസ്തു ചതുരപ്പുളി (star fruit) ആയിരുന്നു. അതിന്റെ Transverse sections (TS) എടുത്ത് പ്ലാസ്റ്റിക് കവറില്‍ ഇട്ടുവച്ചിരിക്കുന്നു. മുളയില്‍ നിര്‍മ്മിച്ച ഫ്രെയ്മില്‍ ത്രിപുരസുന്ദരി ക്ഷേത്രത്തിന്റേയും ചിത്രം പതിച്ചിരിക്കുന്നതു കണ്ടു.
ഞങ്ങള്‍ക്ക് ”നീര്‍ മഹള്‍” കാണാന്‍ ബസ്സില്‍ കയറാനുള്ള സമയമായെന്ന് പ്രാചു അറിയിച്ചു.
(ഈ സമയം പലരും ”ഒഴിയ്ക്കലിനുള്ള” സ്ഥലം അന്വേഷിച്ചു നടക്കുന്നുണ്ടായിരുന്നു.)
വരൂ, നമുക്ക് നീര്‍ മഹളിലേക്ക് പോകാം. മഴവില്‍ ബസ്സ് റെഡി! Joy Ram!
(തുടരും)