കേരളത്തിന്റെ പുരോഗതിയില്ലായ്മക്കും സാമൂഹിക കാര്‍ഷിക വ്യാവസായിക മേഖലകളിലെ തിരിച്ചടിക്കും ഉത്തരവാദി ആരെന്ന ചോദ്യത്തിന് ഒറ്റ മറുപടിയേ ഉള്ളൂ. അത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. കേരളത്തിന്റെ സമഗ്രമായ പുരോഗതിയെയും പ്രയാണത്തെയും ജനങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനെയുമൊക്കെ പിന്നോട്ടടിച്ചത് കാലാകാലങ്ങളില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ സ്വീകരിച്ച നിലപാടാണ്, കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ അനുവര്‍ത്തിച്ച തീരുമാനങ്ങളാണ്. പക്ഷേ, അവര്‍ പറഞ്ഞതൊക്കെ ഏതാനും ദശാബ്ദങ്ങള്‍ക്കുള്ളില്‍ തിരുത്തിപ്പറഞ്ഞ് അപഹാസ്യരാകുന്നതും പതിവാണ്.
ഈ രംഗത്തെ ഏറ്റവും പുതിയ സംഭാവന സ്വകാര്യ സര്‍വ്വകലാശാല ബില്ലാണ്. മുന്‍ എസ്എഫ്‌ഐ നേതാവും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റുമായിരുന്ന കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റ് പ്രസംഗത്തില്‍ ഉടനീളം സ്വകാര്യമേഖലയ്ക്ക് വേണ്ടി കമ്മ്യൂണിസ്റ്റ് ഭരണകൂടം ചുവന്ന പരവതാനി വിരിക്കുന്നതിന്റെ സൂചനകളായിരുന്നു. ഇതില്‍ ഏറ്റവും പുതിയ ഉദാത്ത സംഭാവനയായിരുന്നു സ്വകാര്യ സര്‍വകലാശാല ആരംഭിക്കുന്നു എന്ന തീരുമാനം. ധനമന്ത്രി ബജറ്റില്‍ അവതരിപ്പിച്ച കാര്യം താന്‍ അറിഞ്ഞിട്ടില്ല എന്ന മട്ടിലാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചത്. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തമില്ലായ്മ പ്രകടമാക്കിയ ആ പ്രതികരണത്തെക്കുറിച്ച് മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണം തേടട്ടെ. ഇവിടുത്തെ മൗലികമായ പ്രശ്‌നം വിദ്യാഭ്യാസ രംഗത്തെ സ്വകാര്യവല്‍ക്കരണമാണ്. സ്വകാര്യവല്‍ക്കരണം തെറ്റാണെന്ന അഭിപ്രായം ഒരിക്കലുമില്ല. പക്ഷേ, അത് എത്രത്തോളം, എങ്ങനെ, എവിടെ വരെ എന്ന ഒരു ചോദ്യം മാത്രമാണ് ബാക്കി നില്‍ക്കുന്നത്.
കേന്ദ്രത്തില്‍ നരേന്ദ്രമോദി അധികാരത്തില്‍ വരും മുമ്പുതന്നെ മിക്ക കാര്യങ്ങളിലും പരിഷ്‌കരണത്തിനും മുന്നേറ്റത്തിനുമുള്ള എല്ലാ അവസരങ്ങളും കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ചേര്‍ന്ന് തകര്‍ത്തു എന്നതാണ് സത്യം. ഡോ. എം.എസ്.സ്വാമിനാഥന്‍ കേരളത്തിന്റെ കാര്‍ഷികരംഗത്ത് കൊണ്ടുവരേണ്ട സമഗ്രമായ മാറ്റങ്ങളെ കുറിച്ച് നേരത്തെ തന്നെ പറഞ്ഞിരുന്നു. മണ്ണ് പരിശോധനയെക്കുറിച്ചും മണ്ണ് പരിശോധനാ ലബോറട്ടറികളെക്കുറിച്ചും മണ്ണിനനുസൃതമായ വിളകളെ ക്കുറിച്ചും ഉത്പാദനക്ഷമത കൂടിയ വിത്തിനങ്ങളെക്കുറിച്ചും ഒക്കെ സ്വാമിനാഥന്‍ പലതവണ കേരളത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചതാണ്. ഫലം ഉണ്ടായില്ല എന്ന് മാത്രമല്ല, മലയാളികള്‍ വിവരമില്ലെന്ന് ആക്ഷേപിച്ച ഇതര സംസ്ഥാനക്കാര്‍ ആ മേഖലകളില്‍ മുഴുവന്‍ നേട്ടം കൊയ്യുകയും ചെയ്തു. നാളികേര കൃഷിയുടെ കാര്യത്തില്‍ കേരളം ഇന്ന് നാലാം സ്ഥാനത്താണ്. ‘കേരം തിങ്ങും കേരളനാട് കെ.ആര്‍.ഗൗരി ഭരിച്ചീടും’ എന്ന് മുദ്രാവാക്യം വിളിച്ചവര്‍ക്ക് ഗൗരിയമ്മയെയും കേരവൃക്ഷത്തെയും നഷ്ടമായി എന്നതാണ് സത്യം. കാര്‍ഷികമേഖലയില്‍ കണികാജലസേചനവും ട്രാക്ടറും ടില്ലറും കൊയ്ത്ത് യന്ത്രവും മെതിയന്ത്രവും ഞാറുനടീല്‍ യന്ത്രവും ഒക്കെയായി അയല്‍ സംസ്ഥാനങ്ങള്‍ മുന്നേറിയപ്പോള്‍ കേരളത്തിന്റെ കാര്‍ഷികമേഖല പൂര്‍ണമായും മുരടിച്ചു. ഒരുകാലത്ത് കേരളത്തിന്റെ ആവശ്യത്തിനുള്ള അരിയുടെ പകുതിയോളം ഉത്പാദിപ്പിച്ചിരുന്ന സ്ഥലത്ത് ഇന്ന് നാലിലൊന്ന് അരി പോലും ഉല്പാദിപ്പിക്കപ്പെടുന്നില്ല. കെ-കോഴിയെ കുറിച്ചൊക്കെ പറഞ്ഞ തോമസ് ഐസക്ക് ആലപ്പുഴ കടപ്പുറത്ത് എവിടെയോ മറഞ്ഞു കഴിഞ്ഞു. കേരളത്തിലേക്ക് കോഴി ഇപ്പോഴും വരുന്നത് നാമക്കല്ലില്‍ നിന്നാണ്, മുട്ടയും അവിടെനിന്നു തന്നെ. അരിയും പച്ചക്കറിയും മാത്രമല്ല, ക്ഷേത്രങ്ങളിലേക്കുള്ള പൂക്കള്‍ പോലും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് വരുന്നത്. ട്രാക്ടറിനെയും ടില്ലറിനെയും മാത്രമല്ല കാര്‍ഷികമേഖലയിലെ യന്ത്രവല്‍ക്കരണത്തെ പോലും സമരം ചെയ്തു തോല്‍പ്പിച്ചത് സിപിഎം നേതൃത്വത്തിലുള്ള കേരള കര്‍ഷകത്തൊഴിലാളി യൂണിയന്‍ ആയിരുന്നു. സ്വന്തം പാടത്ത് വിളമാറ്റി ചെയ്യാനുള്ള അധികാരം പോലും കര്‍ഷകന് നല്‍കിയില്ല. ഞാറ്റുപാട്ടു പാടിയാല്‍ കൂടുതല്‍ ജോലിചെയ്ത് തൊഴില്‍ നഷ്ടമാകുമെന്ന് പറഞ്ഞു പഠിപ്പിച്ചതും കര്‍ഷക തൊഴിലാളി യൂണിയന്‍ തന്നെയായിരുന്നു. അവിടെയാണ് കേരളത്തിന്റെ കാര്‍ഷികമേഖലയുടെ മുരടിപ്പ് ആരംഭിച്ചത്.
കേരളത്തിലെ കയര്‍ വ്യവസായം പുനരുദ്ധരിക്കാനുള്ള ഒരു നിര്‍ദ്ദേശം അന്ന് ആസൂത്രണ ബോര്‍ഡ് വെച്ചതാണ്. തൊണ്ട് തല്ലാന്‍ യന്ത്രം കൊണ്ടുവരാനായിരുന്നു നിര്‍ദ്ദേശം. ഒരുമിനിറ്റ് കൊണ്ട് 10 തൊണ്ടു തല്ലുന്ന യന്ത്രമാണ് കേന്ദ്ര ആസൂത്രണ ബോര്‍ഡ് നിര്‍ദ്ദേശിച്ചത്. അന്ന് അതിന് അനുവാദം കൊടുക്കാതിരുന്നത് സിപിഎം സര്‍ക്കാരാണ്. കയര്‍ തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടും എന്നായിരുന്നു വാദം. ഇന്ന് അന്താരാഷ്ട്ര രംഗത്ത് കയറിന്റെ വിപണി നഷ്ടമായിരിക്കുന്നു. കയറും കയറുല്‍പ്പന്നങ്ങളും പൂര്‍ണ്ണമായും ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് ചേക്കേറിയിരിക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും മറ്റും ഉണ്ടായിരുന്ന കേരളത്തിന്റെ വിപണി നഷ്ടമായിരിക്കുന്നു. ഉല്‍പ്പന്നങ്ങളുടെ വൈവിധ്യവല്‍ക്കരണവും വിലക്കുറവുമാണ് അവര്‍ വിപണി പിടിക്കാന്‍ കാരണം. ഈ നഷ്ടത്തിന് ആര് സമാധാനം പറയും? 10 ലക്ഷം കുടുംബങ്ങള്‍ക്ക് അന്നമൂട്ടിയിരുന്ന കയര്‍, കൈത്തറി, കശുവണ്ടി വ്യവസായങ്ങള്‍ തകര്‍ന്നത് സിപിഎം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മുട്ടാപ്പോക്ക് നയങ്ങളും പിടിവാശികളും കൊണ്ടാണ്. കൈത്തറിയുടെ വൈവിധ്യവല്‍ക്കരണത്തിലും ഇതുതന്നെയാണ് ഉണ്ടായത്. കാസര്‍കോടും കണ്ണൂരും കുത്താമ്പുള്ളിയിലും ചേന്നമംഗലത്തും ബാലരാമപുരത്തും ഒക്കെയായി വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെ കേരളത്തിന് കൈത്തറിയുടെ ഉജ്ജ്വലമായ ഒരു പാരമ്പര്യം ഉണ്ടായിരുന്നു. വൈവിധ്യവല്‍ക്കരണത്തിനോ യന്ത്രത്തറികള്‍ക്കോ സമ്മതിക്കാതെ ഇതിനെ പിന്നോട്ടടിപ്പിച്ചതും സിപിഎമ്മായിരുന്നു. ഇന്ന് കൈത്തറി മേഖല തമിഴ്‌നാട്ടില്‍ നിന്ന് വരുന്ന യന്ത്രവല്‍കൃത ഉല്‍പ്പന്നങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. മാത്രമല്ല, കൈത്തറി സംഘങ്ങളില്‍ പലതിലും ഇത്തരം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവെച്ച് റിബേറ്റും സബ്‌സിഡിയും വാങ്ങുന്നതും ചരിത്രം.
വിദ്യാഭ്യാസരംഗത്തെ പരിഷ്‌കാരങ്ങളിലാണ് സിപിഎമ്മും അവരുടെ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐയും ഏറ്റവും കൂടുതല്‍ നട്ടെല്ലില്ലാത്ത അഴകൊഴമ്പന്‍ നിലപാട് സ്വീകരിച്ചിട്ടുള്ളത്. 1957 ലെ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നിലംപൊത്താന്‍ കാരണം വിമോചന സമരമായിരുന്നു. അധ്യാപകര്‍ക്ക് ശമ്പളം കൊടുക്കാനും നിയമനം സര്‍ക്കാര്‍ നേരിട്ടു നടത്താനുമുള്ള വിദ്യാഭ്യാസമന്ത്രി പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ പരിഷ്‌കരണം കേരളം കണ്ടതില്‍ വെച്ച് ഏറ്റവും നല്ല നടപടികള്‍ ആയിരുന്നു. പക്ഷേ, വിമോചനസമരം വന്ന് സര്‍ക്കാര്‍ വീണതിനുശേഷം എത്ര തവണ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. സംസ്ഥാന സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നേരിട്ട് ശമ്പളം നല്‍കിയിട്ടും ഇന്നുവരെ സ്വകാര്യ മാനേജ്‌മെന്റുകള്‍ക്ക് മൂക്കുകയര്‍ ഇടാനോ സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ കോഴക്ക് വിരാമം ഇടാനോ കഴിഞ്ഞില്ല. ഉന്നത വിദ്യാഭ്യാസരംഗത്ത് മാത്രമല്ല, സ്വകാര്യ വിദ്യാഭ്യാസമേഖലയില്‍ മുഴുവന്‍ സര്‍ക്കാര്‍ ശമ്പളം കൊടുക്കുമ്പോള്‍ മാനേജര്‍മാര്‍ കൈപ്പറ്റുന്നത് ലക്ഷങ്ങളുടെ കോഴയാണ്. ആഘോഷപൂര്‍വ്വം കൊണ്ടുവന്ന വിദ്യാഭ്യാസ പരിഷ്‌കരണ ബില്‍ പിന്നീട് വെളിച്ചം കണ്ടിട്ടില്ല. സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ നിയമനം പിഎസ്‌സിക്ക് വിടണം എന്ന് ഘോരഘോരം പ്രസംഗിക്കാനും പ്രമേയം പാസാക്കാനും മാത്രമേ എസ്എഫ്‌ഐക്കും ഡിവൈഎഫ്‌ഐക്കും കഴിയുന്നുള്ളൂ. അവിടെ തുടങ്ങുന്നു സിപിഎം യുവജന സംഘടനകളുടെ പതനം. പറഞ്ഞത് ചെയ്യാനും ചെയ്യുന്നത് പറയാനും കഴിവില്ലാത്ത വെറും പതിരുകള്‍ മാത്രമായി കമ്മ്യൂണിസ്റ്റ് യുവജന പ്രസ്ഥാനങ്ങള്‍ മാറുന്നതിന്റെ കാരണവും ഇതുതന്നെയാണ്.
1980 കളില്‍ പ്രീഡിഗ്രി ബോര്‍ഡ് നടപ്പാക്കാനുള്ള തീരുമാനം കെ.കരുണാകരന്‍ മന്ത്രിസഭയിലെ മന്ത്രിയായിരുന്ന ടി.എം. ജേക്കബിന്റേതായിരുന്നു. അതിനെതിരെ സംസ്ഥാനത്തുടനീളം സമരം നടന്നു. അക്രമാസക്തമായ സമരത്തില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. അവസാനം ഗത്യന്തരമില്ലാതെ പ്രീഡിഗ്രി ബോര്‍ഡ് നിര്‍ത്തലാക്കി. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അധികാരത്തില്‍ വന്ന ഇ.കെ. നായനാര്‍ മന്ത്രിസഭയിലെ പി.ജെ.ജോസഫ് അതേ പ്രീഡിഗ്രി ബോര്‍ഡ് ഹയര്‍സെക്കന്ററി എന്ന പേരില്‍ ഒരു വ്യത്യാസവും ഇല്ലാതെ നടപ്പിലാക്കി, വിദ്യാഭ്യാസരംഗത്ത് ഒരു പ്രക്ഷോഭവും ഉണ്ടായില്ല. എസ്എഫ്‌ഐയുടെ ഇരട്ടത്താപ്പ് തുറന്നുകാണിക്കാനും ആളുണ്ടായില്ല. ശാസ്ത്രീയ സ്വകാര്യ മാനേജ്‌മെന്റിന് വിദ്യാഭ്യാസരംഗത്ത് ഇടപെടാനുള്ള അവസരം കൊടുത്തത് ഏ.കെ.ആന്റണി ആയിരുന്നു. സ്വാശ്രയ സ്ഥാപനങ്ങള്‍ തുടങ്ങിയ കരുണാകരന്‍ ചരട് വലിച്ച് സിപിഎമ്മില്‍ നിന്ന് പുറത്തുകൊണ്ടുവന്ന എം.വി.രാഘവനെതിരെ പാര്‍ട്ടിയിലെ പഴയ ശിഷ്യന്മാര്‍ ഉയര്‍ത്തിയ പ്രതിരോധത്തില്‍ നിന്നാണ് കൂത്തുപറമ്പ് വെടിവെപ്പ് ഉണ്ടായത്. അഞ്ചുപേര്‍ മരണമടഞ്ഞു. പുഷ്പന്‍ എന്ന മനുഷ്യന്‍ ജീവിക്കുന്ന രക്തസാക്ഷിയായി. സ്വകാര്യ വിദ്യാഭ്യാസത്തിനെതിരായ എസ്എഫ്‌ഐ നടത്തിയ സമരത്തിന്റെ സാക്ഷ്യമാണ് പുഷ്പന്‍.
തളര്‍ന്നു കിടക്കുന്ന പുഷ്പന്റെ ചുറ്റും ഇടയ്ക്കിടയ്ക്ക് പുഷ്പനെ അറിയാമോ എന്ന പാട്ടുപാടി അര്‍മാദിച്ച് സഖാക്കള്‍ മടങ്ങുമ്പോള്‍ സ്വന്തം ജീവന്‍ പ്രസ്ഥാനത്തിന് വേണ്ടി പണയപ്പെടുത്തിയ ആ മനുഷ്യന് ഒന്ന് കരയാന്‍ പോലും കഴിയാത്ത സാഹചര്യമാണുള്ളത്. സ്വന്തം ജീവിതം എന്തിനുവേണ്ടി ബലി നല്‍കിയോ, അന്നത്തെ എസ്എഫ്‌ഐ നേതാവ് ധനമന്ത്രിയായി എത്തുമ്പോള്‍ അന്ന് എതിര്‍ത്ത അതേകാര്യം ഒരു മാറ്റവും ഇല്ലാതെ നടപ്പിലാവുകയാണ്. സ്വാശ്രയ-സ്വകാര്യ സര്‍വ്വകലാശാലയെയും വിദേശ സര്‍വകലാശാലകളെയും സിപിഎം തന്നെകേരളത്തിലേക്ക് ചുവപ്പ് പരവതാനി വിരിച്ച് കൊണ്ടുവരുമ്പോള്‍ കൂത്തുപറമ്പിലെ രക്തസാക്ഷികളോടും പാവം പുഷ്പനോടും എന്തു പറയും? കേരളത്തിന്റെ യുവാക്കള്‍ പുറത്തുപോകുന്നത് തടയാനും മസ്തിഷ്‌ക ചോര്‍ച്ച അവസാനിപ്പിക്കാനും വിദേശ സര്‍വകലാശാലകള്‍ക്ക് അവസരം കൊടുക്കണമെന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ച സെമിനാറില്‍ പങ്കെടുക്കാന്‍ പോകുമ്പോഴാണ് പ്രഗല്‍ഭനായ വിദേശകാര്യ വിദഗ്ധനും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷനുമായ ടി.പി.ശ്രീനിവാസനെ ചെകിടത്തടിച്ച് നിലത്തിട്ടത്. അതും ചെയ്തത് എസ്എഫ്‌ഐ സഖാക്കള്‍ ആയിരുന്നു. ഇന്ന് പഴയ എസ്എഫ്‌ഐ നേതാവ് കെ.എന്‍.ബാലഗോപാല്‍ ഇതേകാര്യം നിയമസഭയില്‍ ബജറ്റ് പ്രസംഗത്തില്‍ അവതരിപ്പിക്കുമ്പോള്‍ അതിനോട് പ്രതികരിക്കാനോ, ഒരു പ്രസ്താവന ഇറക്കാനോ സിപിഎമ്മിന് കഴിയുന്നില്ല.
ഇക്കാര്യത്തില്‍ പൂര്‍ണ്ണമായ തീരുമാനമെടുത്തിട്ടില്ല എന്ന് മാധ്യമങ്ങളോട് വിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു പറയുമ്പോള്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും എം.എ.ബേബിയും അടക്കമുള്ളവര്‍ എതിര്‍ നിലപാടുമായി രംഗത്തെത്തിക്കഴിഞ്ഞു. വിദേശ സര്‍വകലാശാലകള്‍ക്ക് സംസ്ഥാനത്ത് അനുമതി നല്‍കുന്ന പ്രഖ്യാപനത്തില്‍ ന്യായീകരണവുമായി രംഗത്തുവന്നത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ആണ്. വിദ്യാര്‍ത്ഥികളുടെ വിദേശ പഠനയാത്ര കുറയ്ക്കുകയാണ് ലക്ഷ്യം എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഇതേകാര്യം തന്നെയല്ലേ ടി.പി.ശ്രീനിവാസന്‍ പറഞ്ഞത് എന്ന ചോദ്യത്തിന് സിപിഎം നേതൃത്വം ഇതുവരെ മറുപടി പറഞ്ഞിട്ടില്ല.
കമ്പ്യൂട്ടര്‍ വന്നാല്‍ തൊഴിലവസരം നഷ്ടപ്പെടും എന്നുപറഞ്ഞ് സമരം ചെയ്ത സിപിഎം യൂണിയന്‍കാര്‍ പിണറായി വിജയന്‍ ലാപ്‌ടോപ്പിന്റെ ബാഗില്‍ വെടിയുണ്ട കൊണ്ടുപോയപ്പോഴാണ്, സഖാക്കള്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ചു തുടങ്ങിയ കാര്യം അറിഞ്ഞത്. ഇന്ന് എകെജി സെന്ററിലും കമ്പ്യൂട്ടറുകളുണ്ട്. കേരളത്തിന്റെ പുരോഗതിക്ക് ആവശ്യമായ എന്തിനെയും എതിര്‍ത്ത പാരമ്പര്യം തന്നെയാണ് സിപിഎമ്മിനുള്ളത്. നെടുമ്പാശ്ശേരി വിമാനത്താവളവും വിഴിഞ്ഞം പദ്ധതിയും റോഡ് വികസനവും ഒക്കെ എതിര്‍ത്ത രാഷ്ട്രീയകക്ഷി സിപിഎമ്മാണ്. അതുകൊണ്ടാണ് ഇന്ന് നാട്ടുകാര്‍ പറയുന്നത്, സിപിഎം എതിര്‍ത്താല്‍ അത് നാടിന് ഗുണമുള്ള കാര്യമാണെന്ന്. പക്ഷേ, കൂത്തുപറമ്പില്‍ നഷ്ടമായ അഞ്ചു വിലപ്പെട്ട ജീവനുകളും ജീവിക്കുന്ന രക്തസാക്ഷിയായി മാറിയ പുഷ്പന്റെ ജീവിതവും തിരിച്ചു കൊടുക്കാന്‍ സിപിഎമ്മിന് കഴിയുമോ? ഇനിയെങ്കിലും യാഥാര്‍ത്ഥ്യബോധത്തോടെ കാലത്തിന്റെ മാറ്റവും പുരോഗമനവും അറിയുന്ന, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയുന്ന, പ്രസ്ഥാനമായി സിപിഎം മാറുമോ? മണലില്‍ തലപൂഴ്ത്തി നില്‍ക്കുന്ന ഒട്ടകപ്പക്ഷി സിപിഎമ്മിനേക്കാള്‍ എത്രയോ ഭേദമാണ്.