നല്‍മൊഴി തേന്‍മൊഴി
ആര്‍. ഹരി
കേസരി പബ്ലിക്കേഷന്‍സ്
കോഴിക്കോട്
പേജ്:172 വില: 200 രൂപ
കൊറോണ മഹാമാരിയുടെ വ്യാപനം തടയാന്‍ പ്രധാനമന്ത്രി 2020 മാര്‍ച്ച് 23ന് മൊത്തം അടച്ചിടല്‍ (ഠീമേഹ ഘീരസറീംി) പ്രഖ്യാപിച്ചു. ഈ നിര്‍ബന്ധിത ഏകാന്തവാസ കാലം ‘മനസ്സിനെ ഭൂതത്തിന്റെ താവളം’ ആക്കുന്നത് തടയാന്‍ മാന്യ-ഹരിയേട്ടന്‍ കണ്ടെത്തിയ കര്‍മ്മ പദ്ധതിയായിരുന്നു ‘ചെറുപ്പം മുതല്‍ കേട്ടു തുടങ്ങിയ പല പല സുഭാഷിതങ്ങള്‍ ഓര്‍ത്തെടുത്തയവിറക്കി’ താന്‍ ധരിച്ച വിധം രേഖപ്പെടുത്തുക എന്നത്! ‘നല്‍മൊഴി തേന്‍മൊഴി’ എന്ന പേരില്‍ അവ കേസരി പബ്ലിക്കേഷന്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചു. ഹരിയേട്ടന്റെ മറ്റെല്ലാ കൃതികളെയും പോലെ അനുപമമാണ് ഈ കൃതി എന്ന് പ്രത്യേകം പറയേണ്ടതില്ല. ഇതേ ഗ്രന്ഥം ഹിന്ദിയില്‍ പരിഭാഷപ്പെടുത്തി. ‘സുധാ വാണീ സുധി വാണീ” എന്ന പേരില്‍ ദില്ലിയിലെ ഭാരത് പേപ്പര്‍ ബാക്‌സ് 2021ല്‍ പ്രസിദ്ധീകരിച്ചതിന്റെ ചരിത്രം ഇവിടെ പകര്‍ത്തുന്നത് സംഗതമായിരിക്കും എന്ന് തോന്നുന്നു.
ഈ കൃതി ഹരിയേട്ടന്‍ മലയാളത്തില്‍ തയ്യാറാക്കിയ വിവരം കോയമ്പത്തൂരില്‍ നടന്ന ബൈഠക്കില്‍ പങ്കെടുത്ത കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രത്തിന്റെ ഉപാദ്ധ്യാക്ഷ മാന്യ. നിവേദിത ഭിഡെജി പരംപൂജനീയ സര്‍സംഘചാലക് മോഹന്‍ജി ഭാഗവതിനോട് പറഞ്ഞു. മോഹന്‍ജി, ബൈഠക്കില്‍ ഉണ്ടായിരുന്ന പ്രജ്ഞാപ്രവാഹ് സംയോജക് മാന്യ. ജെ.നന്ദകുമാര്‍ജിയോട് അത് ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇനി നടന്ന കാര്യങ്ങള്‍ നന്ദേട്ടന്റെ തന്നെ വാക്കുകളില്‍ വ്യക്തമാക്കാം: ”ഇതു കേട്ടപ്പോള്‍ ഞാന്‍ സ്തബ്ധനായി! എനിക്കെങ്ങനെ ഇത് ചെയ്യാനാകും? വിശേഷിച്ചും, ശ്ലോകങ്ങളുടെ ദാര്‍ശനിക തത്ത്വങ്ങളെക്കുറിച്ചുള്ള വിശ്ലേഷണം ഞാന്‍ എങ്ങനെ പരിഭാഷപ്പെടുത്തും? എന്റെ അവസ്ഥ മനസ്സിലാക്കിയ മാന്യ മോഹന്‍ജി സ്വതസിദ്ധമായ തന്റെ വിശിഷ്ട ശൈലിയില്‍ എന്നെ ആശ്വസിപ്പിച്ചുകൊണ്ടു പറഞ്ഞു: ‘താങ്കള്‍ക്ക് അറിയാവുന്ന തരത്തില്‍ ഹിന്ദിയില്‍ വിവര്‍ത്തനം ചെയ്യൂ. സാഹിത്യഭാഷയെക്കുറിച്ച് താങ്കള്‍ വേവലാതിപ്പെടേണ്ട.’ അങ്ങനെയാണ് ആ കൃതി ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടത്.
ഹിന്ദി പതിപ്പില്‍ ആമുഖമെഴുതിയ ഗൗതം ബുദ്ധ സര്‍വകലാശാലയുടെ കുലപതി പ്രൊഫ. ഭഗവതി പ്രകാശ്ജി പറയുന്നു: ”ഈ കൃതിയുടെ സങ്കലനകര്‍ത്താവ് മാനനീയ ശ്രീ രംഗഹരിജി – അദ്ദേഹത്തെ സ്‌നേഹപൂര്‍വ്വം മാന്യ ഹരിജി എന്ന് അഭിസംബോധന ചെയ്താണ് ശീലം – ഓരോ സുഭാഷിതവും ഏതുപ്രകാരം പൂര്‍ണമായ അതിന്റെ കഥാസാരത്തോടെ മനസ്സിലാക്കിത്തരാനുള്ള മഹത്ത്വമാര്‍ന്ന പ്രയത്‌നമാണോ ചെയ്തിരിക്കുന്നത്, അത് നമുക്കെല്ലാം വഴികാട്ടിയാണ്. മാനനീയ ഹരിജി ഈ സങ്കലനത്തിലൂടെ സാംസ്‌കാരങ്ങളുടെ ജ്ഞാനയജ്ഞത്തിന്റെ അഗ്നിശിഖ ജ്വലിപ്പിച്ചുകൊണ്ട് പ്രാരംഭികമായ ആഹുതി നല്‍കിയിരിക്കയാണ്.
മാന്യ. ഹരിയേട്ടന്റെ ഈ കൃതി എത്രമാത്രം അമൂല്യമാണെന്ന് വ്യക്തമാക്കാനാണ് ഇത്രയും പറഞ്ഞത്. അദ്ദേഹത്തിന്റെ അനന്യമായ മലയാളശൈലിയില്‍ എഴുതിയ ഗ്രന്ഥമാണ് നമുക്ക് കിട്ടിയിരിക്കുന്നത് എന്നതാണ് നമ്മെ സംബന്ധിച്ചുള്ള പ്രത്യേകത.
136 ശ്ലോകങ്ങളാണ് കൃതിയിലുള്ളത്. ശ്ലോകങ്ങള്‍, അവയുടെ സ്രോതസ്സ്, പശ്ചാത്തലം, അര്‍ത്ഥം എന്നിവയ്‌ക്കൊപ്പം വിശ്ലേഷണവും കൃതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ശ്രീകൃഷ്ണ ബാലലീലകള്‍
പ്രൊഫ. ശ്രീലകം വേണുഗോപാല്‍
മുദ്ര ബുക്‌സ്, ആലുവ
പേജ്: 128 വില: 150 രൂപ
ഫോണ്‍: 9446288941
‘ശ്രീകൃഷ്ണ ബാലലീലകള്‍’ എന്ന കൃതി ‘കൂട്ടുകവിത’എന്ന വിഭാഗത്തില്‍പെടുന്നു. ഏതെങ്കിലും ഒരാശയം പലരും കൂടി കവിതയാക്കുക എന്ന പ്രക്രിയയാണ് കൂട്ടുകവിത എന്ന് അറിയപ്പെടുന്നത്. പ്രൊഫ.ശ്രീലകം വേണുഗോപാലാണ് ഈ കൃതിയുടെ സംയോജകന്‍. മുപ്പത്തിയേഴുകവികളുടെ രചനകള്‍ പുസ്തകത്തിലുണ്ട്. ശ്രീകൃഷ്ണാവതാരം മുതല്‍ കംസവധം വരെയുള്ള കഥാഭാഗങ്ങള്‍ വിവിധ കവികള്‍ ചേര്‍ന്നെഴുതിയിരിക്കുന്നു. ഇന്ദ്രവംശ, വംശസ്ഥം, ഉപജാതി, മത്തേഭം, ശാര്‍ദ്ദൂലവിക്രീഡിതം, വസന്തതിലകം തുടങ്ങിയ സംസ്‌കൃതവൃത്തങ്ങളിലാണ് കഥാസന്ദര്‍ഭങ്ങളോരോന്നും അവതരിപ്പിച്ചിട്ടുള്ളത്.
‘കൃഷ്ണാവതാരം’ എന്ന ഭാഗത്ത് അവതാരകഥ ചുരുക്കി ഗദ്യമായി അവതരിപ്പിക്കുന്നു. അതിനെതുടര്‍ന്ന് ഒരു വൃത്തത്തില്‍ നിരവധി കവികള്‍ ആ കഥാഭാഗം ശ്ലോകങ്ങളായി വിവരിക്കുന്നു. ഇതാണ് ഈ കൃതിയിലെ കവിതാരീതി. കൃഷ്ണാവതാരം എന്ന കാവ്യഭാഗത്തുള്ള പതിനെട്ടു ശ്ലോകവും പതിനെട്ടു പേരാണ് എഴുതിയിരിക്കുന്നത്. എന്നാല്‍ അവ വായിക്കുമ്പോള്‍ ഏകകര്‍ത്തൃകമെന്ന പോലെ സുഖകരമായി വായിക്കാനാകുന്നു.
തികഞ്ഞ കയ്യടക്കത്തോടെ വിഭിന്നങ്ങളായ സംസ്‌കൃത വൃത്തങ്ങളില്‍ ഓരോ കവിയും രചിച്ചിരിക്കുന്ന ശ്ലോകങ്ങള്‍ അനുവാചക മനസ്സുകളിലിടം നേടുമെന്നുറപ്പാണ്. ഈ കൃതിയില്‍ എഴുതിയിട്ടുള്ള മുപ്പത്തിയേഴുകവികളില്‍ ഇരുപത്തി നാലുപേര്‍ വനിതകളാണെന്നതും എടുത്തു പറയാം. തനിയെ തന്നെ കാവ്യങ്ങള്‍ രചിക്കാന്‍സാധിക്കുമെന്നും ഛന്ദോബദ്ധ കവിതകള്‍ തങ്ങളുടെ കൈകളില്‍ സുഭദ്രമാണെന്നും ഈ കവികളുടെ രചനകള്‍ വിളിച്ചോതുന്നു.