എമിലി ഡിക്കിന്‍സണ്‍ (Emily Dickinson) 55 വയസ്സുവരെ മാത്രം ജീവിച്ചിരുന്ന ഒരു അമേരിക്കന്‍ കവിയാണ്. 1800 കവിതകള്‍ എഴുതിയ എമിലിയ്ക്ക് വെറും 10 കവിതകള്‍ മാത്രമേ ജീവിച്ചിരുന്നപ്പോള്‍ അച്ചടിമഷി പുരണ്ടു കാണാന്‍ ഭാഗ്യം ഉണ്ടായുള്ളൂ. ശേഷിക്കുന്നവ കവിയുടെ മരണശേഷം സഹോദരി ലവീനിയ (Lavinia Dickinson) മുന്‍കൈയെടുത്താണ് പ്രസിദ്ധീകരിച്ചത്. ഫലമോ? ജീവിച്ചിരുന്നപ്പോള്‍ ആരും ശ്രദ്ധിക്കാതിരുന്ന അവര്‍ ലോകപ്രശസ്തയായ കവിയായി. മരണത്തെക്കുറിച്ചാണ് എമിലി ഏറ്റവും കൂടുതല്‍ എഴുതിയിട്ടുള്ളത്. പ്രണയവും പ്രകൃതിയും മനുഷ്യബന്ധങ്ങളുമൊക്കെ ഡിക്കിന്‍സന്റെ പ്രതിപാദ്യവിഷയങ്ങളായിരുന്നെങ്കിലും മരണത്തെക്കുറിച്ച് എഴുതുന്നതില്‍ അവര്‍ക്കൊരു പ്രത്യേക താല്പര്യമായിരുന്നു. അവര്‍ ആഗ്രഹിച്ചതുപോലെ താരതമ്യേന നേരത്തേതന്നെ മരണം ആ കവിയെ ആശ്ലേഷിച്ചു. എന്നാല്‍ ഡിക്കിന്‍സന്റെ കാവ്യ ജീവിതം ശരിയായ അര്‍ത്ഥത്തില്‍ ആരംഭിച്ചത് മരണശേഷമാണ്.
ആത്മാവില്‍ ചേക്കറിയിരിക്കുന്ന തൂവലുള്ള ഒരു കാര്യമാണ് (പക്ഷി) പ്രതീക്ഷ ((Hope is the thing with feathers that perches in the soul). ). പക്ഷി എന്നു പറയുന്നതിനുപകരം തൂവലുള്ള ഒരു കാര്യം(a thing with feathers) എന്നേ കവി പറയുന്നുള്ളൂ. ഇത് എമിലിയുടെ ഏറ്റവും പ്രസിദ്ധമായ കവിതയിലെ ആദ്യവരിയാണ്. – A narrow fellow in the grass – ഡിക്കിന്‍ സന്റെ ആരും ശ്രദ്ധിക്കാത്ത ഒരു കവിതയാണ്. ഒരു പാമ്പിനെ കാണുമ്പോള്‍ ആരും പറഞ്ഞേക്കാനിടയുള്ള ഒരു വാക്യമാണിത്. പുല്‍പ്പരപ്പില്‍ മെലിഞ്ഞ ഒരാള്‍. മേതില്‍ രാധാകൃഷ്ണന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘ഒരു പഹയന്‍’ എന്നൊക്കെ പറയുന്നതില്‍ കാര്യമായ നിരീക്ഷണമൊന്നുമില്ല. ‘എന്നാല്‍ നേരിയൊരു പഹയനാണ് കാലം’ (മാതൃഭൂമി ഡിസംബര്‍ 17-23 കവിത നേരിയൊരു പഹയന്‍ – മേതില്‍ രാധാകൃഷ്ണന്‍) എന്ന വിലയിരുത്തല്‍ കവിത്വമുള്ളതാണ്. ”ഗഗഗഗ എന്ന ഒറ്റയക്ഷരത്തിന്റെ ആവര്‍ത്തനത്തിലൂടെ വളഞ്ഞു പുളഞ്ഞ് നാഗം സഞ്ചരിക്കുന്നു” എന്നതില്‍ വലിയ നോട്ടമൊന്നുമില്ല. കൊച്ചുകുട്ടികള്‍ പോലും അതു പറയാറുണ്ട്. അതിന് ഒരു മേതിലിന്റെ ആവശ്യമൊന്നുമില്ല.
എന്തൊക്കെയോ വായില്‍ വരുന്നതൊക്കെ എഴുതിവയ്ക്കുന്ന മേതിലിന്റെ രീതി, കവിതയിലെ വി.കെ. എന്‍ കളി അദ്ദേഹമിപ്പോഴും തുടരുന്നതായി അടുത്ത ഭാഗം വായിക്കുമ്പോള്‍ മനസ്സിലാകും. ”എന്തൊരു ഗമ! എന്തൊരു ഗമകം, ഗമിക്കുന്നതു ഗമകം എന്നതൊരു സാന്ദര്‍ഭിക വ്യാഖ്യാനം. പക്ഷേ ആഗമനമില്ലാത്ത എന്റെ ഗമനത്തില്‍ ഗമകമേയില്ല.” ഗമയും ഗമകവും ഗമനവും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലുമില്ല. കവിതയും മേതിലും തമ്മിലും ഒരു ബന്ധവുമില്ല എന്ന കാര്യം മുമ്പേ തന്നെ ”ഭൂമിയേയും മരണത്തേയും കുറിച്ച്” എന്ന അദ്ദേഹത്തിന്റെ സമാഹാരം വായിച്ചപ്പോള്‍ തന്നെ മനസ്സിലായി. അക്കാദമി പുരസ്‌കാരമൊക്കെ നിരസിച്ചു നോക്കിയിട്ടും രക്ഷയില്ല; ആരും ശ്രദ്ധിക്കുന്നില്ല.
ജാതിവച്ച് എന്തും കളിക്കാം എന്നതാണ് ഇന്നത്തെ സ്ഥിതി. പഴയകാലത്ത് ജാതിയും വിവേചനവും ഒക്കെ ഉണ്ടായിരുന്നു ശരിതന്നെ. എന്നാല്‍ അത് ഇന്ന് പ്രചരിപ്പിക്കും പോലെ ഭീകരമായിരുന്നു എന്ന് വിശ്വസിക്കാന്‍ പറ്റാത്ത പല തെളിവുകളും ചരിത്രത്തിലുണ്ട്. അതൊക്കെ തന്ത്രപൂര്‍വ്വം ഒഴിവാക്കുന്നത് ഇന്നൊരു ആചാരം പോലെയാണ് കേരളത്തില്‍. വിനില്‍പോളും സാജന്‍ മണിയും (മലയാളി ആല്‍ബം മാതൃഭൂമി) കണ്ടെത്തിയിരിക്കുന്നത് തലച്ചുമടായി മാത്രമേ താഴ്ന്ന ജാതിക്കാരെ സാധനങ്ങള്‍ കൊണ്ടുപോകാന്‍ അനുവദിച്ചിരുന്നുള്ളൂ എന്നാണ്. എന്നാല്‍ ഈ ലേഖകന്റെ കുട്ടിക്കാലത്തും (ഇപ്പോഴും ചിലര്‍) എല്ലാ ജാതിക്കാരും തലച്ചുമടായിത്തന്നെയാണ് സാധനങ്ങള്‍ കൊണ്ടുപോയിരുന്നത്. അതില്‍ വലിയ അത്ഭുതമൊന്നുമില്ല. അക്കാലത്ത് മറ്റു മാര്‍ഗ്ഗങ്ങളുണ്ടായിരുന്നില്ല. അതിന് ജാതിയെ പഴിച്ചിട്ടു കാര്യമില്ല. എല്ലാ ജാതിക്കാര്‍ക്കും അന്ന് ഇങ്ങനെ മാത്രമേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. താഴ്ന്ന ജാതിക്കാരെ കച്ചവടം ചെയ്യാന്‍ അനുവദിച്ചിരുന്നില്ല എന്നാണ്. അതൊക്കെ വിശ്വസിക്കാന്‍ പ്രയാസമാണ്. പൊതുഖജനാവിലേയ്ക്ക് കടം പോലും കൊടുക്കുന്ന, രാജാവിനേക്കാള്‍ സമ്പന്നരായ കച്ചവടക്കാരായ ഈഴവരും മറ്റും അന്നുണ്ടായിരുന്നതായി ധാരാളം ഉദാഹരണങ്ങള്‍ ചരിത്രത്തിലുണ്ട്. അത്തരത്തിലുള്ള ഒരു വര്‍ത്തക പ്രമാണിയും ജന്മിയുമായിരുന്നു ആറാട്ടുപുഴ വേലായുധപ്പണിക്കര്‍. വാരണപ്പള്ളി, ആലുമ്മൂട്ടില്‍ ചാന്നാന്മാര്‍, അയത്തില്‍ തുടങ്ങി വലിയ സമ്പന്നന്മാരായ കൊട്ടാര സമാനമായ ഭവനങ്ങള്‍ സ്വന്തമായുള്ള ഈഴവത്തറവാടുകള്‍ തിരുവിതാംകൂറിലുണ്ടായിരുന്നു. മലബാറില്‍ കുറച്ചുകൂടി മെച്ചമായിരുന്നു ഇവരില്‍ ചിലരുടെ സ്ഥിതി. ഇതൊക്കെ എന്തിന് ഒളിച്ചുവയ്ക്കുന്നുവെന്ന് മനസ്സിലാകുന്നില്ല.
മതപരിവര്‍ത്തനം ത്വരിതപ്പെടുത്താന്‍ ഇറങ്ങിത്തിരിച്ച മിഷണറിമാരും മറ്റുമായിരിക്കണം ജാതിവിവേചനത്തെക്കുറിച്ചുള്ള കഥകള്‍ കൂടുതല്‍ തീവ്രമാക്കിയത്. ഭിന്നിപ്പിച്ചു ഭരിക്കല്‍ ഒരു തന്ത്രമാക്കിയ ബ്രിട്ടീഷുകാര്‍ താഴ്ന്ന ജാതിക്കാരുടെ രക്ഷകരായി നടിക്കുകയും മിഷണറിമാരെ സര്‍വ്വാത്മനാ പിന്‍തുണയ്ക്കുകയും ചെയ്തു. അത് ഒരു സാംസ്‌കാരികാവശിഷ്ടമായി ഇന്നും കേരളത്തില്‍ തുടര്‍ന്നു പോകുന്നു. കമ്മ്യൂണിസ്റ്റുകളും മതതീവ്രവാദശക്തികളും ജാതിയെ കൂടുതല്‍ തീവ്രമായി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുന്നു. ആറാട്ടുപുഴ വേലായുധപ്പണിക്കരെ കൊന്നത് ‘ചെത്ത് തൊപ്പിയിട്ട കിട്ടന്‍’ എന്നറിയപ്പെട്ടിരുന്ന ഒരു ഈഴവ സമുദായക്കാരനായിരുന്നു. അദ്ദേഹം ഇസ്ലാം മതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്ത ആളായിരുന്നു. കൊലയ്ക്ക് കാരണം മുസ്ലീം വ്യാപാരികളുമായി കച്ചവട സംബന്ധിയായി പണിക്കര്‍ക്കുള്ള തര്‍ക്കവും കിട്ടനുള്‍പ്പെടെയുള്ളവരുടെ മതപരിവര്‍ത്തനങ്ങളെ അദ്ദേഹം എതിര്‍ത്തതുമാണ്. എന്നിട്ടും മേല്‍ജാതിക്കാരാണ് വേലായുധപ്പണിക്കരെ കൊന്നതെന്നും അദ്ദേഹം ജാതിവിമോചന സമരത്തിന്റെ ആദ്യരക്തസാക്ഷിയാണെന്നുമൊക്കെപ്പറയാന്‍ ഒരു മടിയുമിന്നില്ല. ഇത്തരം നുണകള്‍ കൂടുതല്‍ പ്രചരിപ്പിക്കുന്നത് കമ്മ്യൂണിസ്റ്റുകളാണ്. പണിക്കരെക്കുറിച്ച് സിനിമയെടുത്ത വിനയനും അതുതന്നെയാണു പറയുന്നതെന്നു തോന്നുന്നു. (സിനിമ കാണാന്‍ കഴിഞ്ഞില്ല) ഇത്തരം നുണകള്‍ ഇന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്.
ഒരുപക്ഷേ ഇത്തരക്കാര്‍ പ്രചരിപ്പിക്കുന്നതുപോലെ ജാതി പീഡനം കേരളത്തില്‍ നിലനിന്നിരുന്നെങ്കില്‍ പോലും ഇന്ന് അതു ചര്‍ച്ച ചെയ്യുന്നതില്‍ എന്താണു പ്രസക്തി. വര്‍ത്തമാനകാലം സന്തോഷത്തോടും സമാധാനത്തോടും ജീവിക്കുക എന്നല്ലാതെ വിദൂരഭൂതകാലത്തെ അയവിറക്കിക്കൊണ്ടിരിക്കുന്നതുകൊണ്ട് ആര്‍ക്ക് എന്തുപ്രയോജനമാണുള്ളത്? ആര്‍ക്കും പൂര്‍ണ്ണ നിശ്ചയമില്ലാത്ത ചരിത്ര വസ്തുതകള്‍ അപ്പാടെ ശരിയെന്ന നിഗമനത്തില്‍ വര്‍ത്തമാനത്തെ രൂപപ്പെടുത്താനിറങ്ങുന്നവര്‍ ‘ആനയെക്കണ്ട അന്ധന്മാരുടെ’ കുലത്തില്‍ പെട്ടവര്‍ തന്നെ.
ആത്മാരാമന്‍ എന്ന കൃഷ്ണകുമാര്‍ വലിയ നിരൂപകനാണ്. ഇന്ന് മലയാളത്തില്‍ ഏതാണ്ട് ഊര്‍ദ്ധ്വാന്‍ വലിച്ചുകൊണ്ടിരിക്കുന്ന ഒരു സാഹിത്യ ശാഖയാണ് സാഹിത്യവിമര്‍ശനം. തീരെ ദുര്‍ബ്ബലമായ ശബ്ദങ്ങളേ ആ ശാഖയില്‍ ഇന്നുള്ളൂ. പണ്ടും മലയാളത്തില്‍ അറിവും ആസ്വാദനസിദ്ധിയും ഒത്തിണങ്ങിയ നിരൂപകര്‍ ഉണ്ടായിരുന്നില്ല. അതിനുകാരണം സര്‍ഗ്ഗാത്മക മേഖലയില്‍ കാര്യമായ സംഭാവനകള്‍ ചെയ്തവര്‍ ആയിരുന്നില്ല നമ്മുടെ നിരൂപകരാരും. കേസരി മഹാപണ്ഡിതനായിരുന്നെങ്കിലും സാഹിത്യകൃതികളെ വിലയിരുത്തുന്ന കാര്യത്തിലും ആസ്വാദനത്തിലും അദ്ദേഹം അത്രകേമനായിരുന്നില്ല. പില്‍ക്കാലത്തുണ്ടായ നിരൂപകരാരും ഈ രണ്ടു ഗുണങ്ങളും ഒത്തു ചേര്‍ന്നവരല്ല. മുണ്ടശ്ശേരി, മാരാര്‍ തുടങ്ങി. എം. ലീലാവതിവരെയുള്ള നിരൂപകരില്‍ കൃത്യമായി ഒരു കൃതിയെ വായിച്ചറിയാന്‍ കഴിവുള്ളതായി തോന്നിയിട്ടുള്ളത് ലീലാവതി ടീച്ചര്‍ ഒരാള്‍ക്ക് മാത്രമേയുള്ളൂ. മറ്റു പല പണ്ഡിത നിരൂപകരും പ്രശസ്തരായിത്തീര്‍ന്ന കൃതികള്‍ക്കു മുകളില്‍ തങ്ങളുടെ പാണ്ഡിത്യഭാണ്ഡം കയറ്റിവെയ്ക്കാനേ ശ്രമിച്ചിട്ടൂള്ളൂ. സൂക്ഷ്മമായി വായിച്ചറിഞ്ഞ് കൃതിയെ വിലയിരുത്താനുള്ള ആസ്വാദനശേഷി ഇവരില്‍ പലര്‍ക്കുമുണ്ടായിരുന്നില്ല.
ഇക്കൂട്ടത്തില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന ഒരു പേരാണ് ആത്മാരാമന്റേത്. ആഴത്തിലുള്ള അറിവും ആസ്വാദനസിദ്ധിയും ഒത്തിണങ്ങിയ അപൂര്‍വ്വത്തില്‍ അപൂര്‍വ്വം നിരൂപകരില്‍ ഒരാളാണ് ആത്മാരാമന്‍. വൈലോപ്പിള്ളിയുടെ മലതുരക്കല്‍ എന്ന മഹത്തായ കവിതയുടെ (വൈലോപ്പിള്ളിയുടെ എല്ലാ കവിതകളും മഹത്തായവ തന്നെ) പ്രഭവം അന്വേഷിച്ചുകണ്ടു പിടിച്ചതിന്റെ ആനന്ദത്തിലാണ് നിരൂപകന്‍. ”വൈലോപ്പിള്ളിയുടെ മലതുരക്കലിനു പിന്നില്‍ മാക്‌സിം ഗോര്‍ക്കി” എന്ന ലേഖനത്തിലൂടെ ആത്മാരാമന്‍ തന്റെ ആനന്ദം പങ്കുവയ്ക്കുന്നു (മാതൃഭൂമി) ഗോര്‍ക്കിയുടെ കഥയില്‍ നിന്നാണ് കവിതയുടെ ബീജമെന്ന് കവി തന്നെ പറഞ്ഞിട്ടുണ്ട്. ഏതു കഥയെന്നു കവി പറയാത്തതിനാല്‍ അതുകണ്ടുപിടിക്കാന്‍ വലിയ ശ്രമം നിരൂപകന്‍ നടത്തിയതായി പറയുന്നു. റഷ്യയിലേക്ക് കത്തെഴുതിയാണത്രേ കഥ ഏതാണെന്നു കണ്ടെത്തിയത്. നിരൂപകന്റെ പരിശ്രമത്തെ അഭിനന്ദിക്കാം. പക്ഷേ തുരങ്കം (ഠവല ഠൗിിലഹ) എന്ന കഥ നേരത്തേ തന്നെ മലയാളത്തില്‍ വന്നിട്ടുണ്ടെന്നാണു തോന്നുന്നത്. പ്രോഗ്രസ് പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച ഗോര്‍ക്കി കഥകളുടെ കൂട്ടത്തില്‍ ഈ കഥ കണ്ടതായി തോന്നുന്നു. എന്തായാലും ആത്മാരാമന്റെ പരിശ്രമത്തെ അഭിനന്ദിക്കാം.
മലയാളത്തിലെ പ്രസിദ്ധമായ പ്രസിദ്ധീകരണങ്ങളെക്കാളും ഉത്തരവാദിത്തത്തോടെ സാഹിത്യം കൈകാര്യം ചെയ്യുന്ന പ്രസിദ്ധീകരണമാണ് ‘ആശ്രയ മാതൃനാട്’. നമ്മുടെ ഭാഷയിലെ പ്രധാന എഴുത്തുകാരെല്ലാം ഈ പ്രസിദ്ധീകരണത്തില്‍ എഴുതുന്നുണ്ട്. കൂടാതെ പംക്തികളും ലേഖനങ്ങളും പലതും നല്ല നിലവാരമുള്ളവയാണ്. കൂട്ടത്തില്‍ പ്രഭാകരന്‍ പുത്തൂരിന്റെ ഓര്‍മപ്പെട്ടി എന്ന തുടരന്‍ അനുഭവക്കുറിപ്പ് വായിക്കാന്‍ നമ്മളെ നിര്‍ബന്ധിക്കുന്ന ഒന്നാണ്. മണ്‍മറഞ്ഞ പല സാഹിത്യപ്രതിഭകളുടേയും ജീവിതത്തിലെ രസകരമായ മൂഹുര്‍ത്തങ്ങളെ വീണ്ടും പരിചയപ്പെടുത്തുന്ന ഈ പംക്തി ഗൃഹാതുരത്വത്തോടെ മാത്രമേ വായിക്കാനാവൂ. ഇന്നത്തെ തലമുറ മറന്നു കഴിഞ്ഞ പല പ്രമുഖരുടെയും ജീവിതം ശ്രീപുത്തൂരിന്റെ പേനയിലൂടെ പുനര്‍ജനിക്കുന്നു. ഓര്‍മകളെ സുരഭിലമാക്കുന്ന സംഭവങ്ങള്‍!