മറ്റുള്ളവര്‍ ഒളിപ്പിക്കുന്നതും ഇരുള്‍ വീഴ്ത്തി മൂടിവയ്ക്കാന്‍ ശ്രമിക്കുന്നതും പൊതുജനങ്ങള്‍ക്കിടയിലേക്ക് അവരുടെ ശ്രദ്ധയ്ക്കും അവബോധത്തിനും ചര്‍ച്ചയ്ക്കും കൊണ്ടുവരിക എന്നതാണ് മാധ്യമപ്രവര്‍ത്തനത്തിന്റെ ധര്‍മ്മം. ഭാരതത്തില്‍ ജനാധിപത്യത്തിന്റെ നെടുംതൂണുകളായ നിയമനിര്‍മ്മാണസഭ, ഉദ്യോഗസ്ഥശ്രേണി, ജുഡീഷ്യറി എന്നിവയ്‌ക്കൊപ്പം നാലാംതൂണ് ആയിട്ടാണ് മാധ്യമപ്രവര്‍ത്തനത്തെ കണ്ടിട്ടുള്ളത്.
ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ അവിസ്മരണീയമായ പങ്ക് മാധ്യമങ്ങള്‍ വഹിച്ചിട്ടുണ്ട്. മഹര്‍ഷി അരവിന്ദനും തിലകനും ഗാന്ധിജിയും ഒക്കെ മാധ്യമപ്രവര്‍ത്തനം കൂടി സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി നടത്തിയിട്ടുണ്ട്. മഹര്‍ഷി അരവിന്ദന്റെ പഴയ വിളക്കുകള്‍ക്ക് പകരം പുതിയവ എന്ന ലേഖന പരമ്പരയാണ് സ്വാതന്ത്ര്യസമരത്തിന്റെ സമാന്തരമായി ശക്തിയാര്‍ജിച്ച തീവ്രവാദ പ്രസ്ഥാനത്തിന് ഊടും പാവും പകര്‍ന്നത് എന്നകാര്യം മറക്കരുത്. സ്വാതന്ത്ര്യത്തിനു ശേഷവും മാധ്യമപ്രവര്‍ത്തനം ഒരു തിരുത്തല്‍ ശക്തിയായി തന്നെയാണ് നീങ്ങുന്നത്. അപഭ്രംശങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് പറയാനാകില്ല. ദേശവിരുദ്ധ ശക്തികളുടെ പണം പറ്റി, മാസപ്പടി പറ്റി, മാധ്യമപ്രവര്‍ത്തനത്തിന്റെ സ്വാതന്ത്ര്യവും അന്തസ്സും ആര്‍ജ്ജവവും പണയം വെച്ച ഒരുപറ്റം ഈ മേഖലയിലും കടന്നുവന്നിട്ടുണ്ട്. ഗിഫ്റ്റ് വൗച്ചറുകള്‍ക്കും പാരിതോഷികങ്ങള്‍ക്കും അനുസൃതമായി വാര്‍ത്തകള്‍ എഴുതാനും എതിര്‍ രാഷ്ട്രീയ നേതാക്കളെ അപകീര്‍ത്തിപ്പെടുത്താനും ശ്രമിക്കുന്നവര്‍ ഉണ്ടായിട്ടുണ്ട്. ഭീകരവാദ പ്രസ്ഥാനങ്ങളുടെ മാസപ്പടി വാങ്ങി അവര്‍ക്ക് വേണ്ടി മാധ്യമപ്രവര്‍ത്തകര്‍ എന്ന വ്യാജേന തീവ്രവാദ പ്രവര്‍ത്തനം നടത്തുന്ന അവരുടെ ഓഫീസ് ചുമതലയുള്ളവരും രംഗത്തുണ്ട്.
പക്ഷേ, മാധ്യമപ്രവര്‍ത്തനത്തെ നിസ്വാര്‍ത്ഥമായി നിര്‍മ്മമതയോടെ പൊതുജനങ്ങള്‍ക്ക് വേണ്ടി മാത്രം സാധാരണക്കാരുടെ ജീവിതപ്രശ്‌നങ്ങള്‍ ഉയര്‍ത്താനും ശ്രദ്ധയില്‍ കൊണ്ടുവരാനും പരിഹരിക്കാനും ശ്രമിക്കുന്ന ഒരു വിഭാഗം ഇന്നും അന്യം നിന്നിട്ടില്ല. സ്വന്തം രാഷ്ട്രീയ പ്രസ്ഥാനം ആയിട്ട് പോലും ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥക്കെതിരെ പോരാടി ജയിലില്‍ പോയ മാതൃഭൂമി അസിസ്റ്റന്റ് എഡിറ്റര്‍ പി.രാജനും തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘടിപ്പിച്ച വി.എം. കൊറാത്തും ഒക്കെ പത്രപ്രവര്‍ത്തകരുടെ അഭിമാനം സംരക്ഷിച്ചവരാണ്. ഇന്ദിരാഗാന്ധി കുനിയാന്‍ പറഞ്ഞപ്പോള്‍ മുട്ടുകാലില്‍ ഇഴഞ്ഞവരാണ് മാധ്യമങ്ങള്‍ എന്ന എല്‍.കെ. അദ്വാനിയുടെ പ്രസിദ്ധമായ പ്രസ്താവനയെ അപ്രസക്തമാക്കിയത് പി.രാജന്‍ അടക്കമുള്ളവരാണ്.
എന്തുകൊണ്ടാണ് ഇതൊക്കെ ഇപ്പോള്‍ പറയുന്നതെന്ന് ആരെങ്കിലും ചിന്തിച്ചേക്കാം. കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ ചരിത്രത്തില്‍ ഇന്നുവരെയുണ്ടാകാത്ത ഭരണകൂടവേട്ടയ്ക്ക് വിധേയരായിക്കൊണ്ടിരിക്കുകയാണ്. നേരത്തെ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങള്‍ക്കെതിരായ തന്റെ യുദ്ധപ്രഖ്യാപനം ആരംഭിച്ചിരുന്നു. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമായിരുന്നു ‘കടക്ക് പുറത്ത്’ എന്ന ആക്രോശം. രാഷ്ട്രീയ സംഘര്‍ഷത്തിന് സമാധാനം ഉണ്ടാക്കാന്‍ രണ്ട് രാഷ്ട്രീയകക്ഷി നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനാണ് മാധ്യമപ്രവര്‍ത്തകര്‍ എത്തിയത്. അല്ലാതെ മുഖ്യമന്ത്രി പിണറായി വിജയന്റെ തറവാട്ട് സ്വത്തായ ഏതെങ്കിലും സ്ഥലത്ത് പുതിയാപ്ല ബിരിയാണി കഴിക്കാന്‍ എത്തിയവരായിരുന്നില്ല മാധ്യമപ്രവര്‍ത്തകര്‍. എന്നിട്ടും കടക്കു പുറത്ത് എന്നുപറഞ്ഞ് ആട്ടിപ്പായിച്ചപ്പോള്‍ അതിനെതിരെ പ്രതികരിക്കാന്‍ മാധ്യമങ്ങള്‍ക്ക് ആയില്ല. പത്രപ്രവര്‍ത്തക യൂണിയന്‍ യഥാര്‍ത്ഥത്തില്‍ സിപിഎം അടിമകളാവുകയും ഇക്കാര്യത്തില്‍ പ്രതികരിക്കാതിരിക്കുകയും ചെയ്തത് ശ്രദ്ധേയമായിരുന്നു. വക്കം പുരുഷോത്തമന് നിയമസഭാ പാസ് നിഷേധിച്ചതിന്റെ പേരില്‍ കോടതി കയറി ഇറങ്ങിയ ദേശാഭിമാനി ലേഖകന്‍ അടക്കമുള്ള ഇടതുപക്ഷ മാധ്യമപ്രവര്‍ത്തകരുടെ നിശബ്ദത വിധേയത്വത്തിന്റെയാണോ അടിമത്വത്തിന്റെതാണോ എന്നുപറയാന്‍ ആകുന്നില്ല. രാജാവിനെതിരെ പ്രതികരിച്ചാല്‍ നഷ്ടപ്പെടാന്‍ ഏറെയുണ്ട്. പ്രതികരിക്കാതിരുന്നാല്‍ ഇപ്പോഴുള്ളതിനൊപ്പം പലതും കൂടി കിട്ടും. രാജാവിന്റെ കാരുണ്യത്തിന് പാത്രമായവര്‍ രാജ്യസഭയില്‍ എത്തി.
ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഇടതുമുന്നണി സര്‍ക്കാര്‍ സ്വീകരിക്കുന്ന പുതിയനയം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നവര്‍ക്കെതിരെ കേസെടുക്കുക എന്നതാണ്. എറണാകുളം മഹാരാജാസ് കോളേജില്‍ അഖില നന്ദകുമാറിനെതിരെ കേസെടുത്തതോടെയാണ് ഈ അഭ്യാസം ആരംഭിച്ചത്. ആ കേസ് നിലനില്‍ക്കാതെ വന്നപ്പോള്‍ ഈ പരിപാടി അവസാനിപ്പിക്കും എന്ന് കരുതിയവര്‍ക്ക് തെറ്റി. അടുത്തത് പിണറായി വിജയനെ സ്ഥാനത്തും അസ്ഥാനത്തും ഒരേപോലെ പിന്താങ്ങിയ ഫ്‌ളവേഴ്‌സ് 24-ന് ആയിരുന്നു. കോണ്‍ഗ്രസിന്റെ സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ഫ്‌ളവേഴ്‌സ് റിപ്പോര്‍ട്ടര്‍ വിനീതക്കെതിരെ പിണറായിയുടെ പോലീസ് കേസെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഫോണ്‍ ചെയ്തു എന്നതായിരുന്നു ഗൂഢാലോചനക്കേസ് എടുക്കാന്‍ കാരണം. ഏറ്റവും അവസാനം കേസെടുത്തിരിക്കുന്നത് വണ്ടിപ്പെരിയാര്‍ കേസില്‍ ആറു വയസ്സുള്ള പിഞ്ചുബാലികയെ ബലാത്സംഗം ചെയ്തു കൊന്നു കെട്ടിത്തൂക്കിയ ഡിവൈഎഫ്‌ഐ നേതാവിനെ വെറുതെ വിട്ടതിനെതിരെ പ്രതിഷേധം നടത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്തവര്‍ക്കെതിരെയാണ്.
പ്രതിഷേധം നടത്തിയത് തിരുവനന്തപുരത്തെ മഹിളാമോര്‍ച്ച പ്രവര്‍ത്തകരാണ്. പോക്‌സോ കോടതി പോലീസിന്റെ ഭാഗത്തെ വീഴ്ചകള്‍ അക്കമിട്ട് നിരത്തി. തെളിവുകള്‍ ശേഖരിക്കുന്നതില്‍ വീഴ്ചകളും ബലാത്സംഗം നടത്തിയ നരാധമന്റെ ബീജം പുരണ്ട വസ്ത്രങ്ങള്‍ പരിശോധനയ്ക്ക് അയക്കാത്തതടക്കം അയാളെ രക്ഷപ്പെടുത്താന്‍ പോലീസ് ചെയ്ത മുഴുവന്‍ കാര്യങ്ങളും കോടതി ചൂണ്ടിക്കാട്ടി. ആ പോലീസിന്റെ തലവനായ കേരള പോലീസ് മേധാവിയുടെ വീട്ടിലേക്ക് സമരക്കാര്‍ കയറിയിട്ടുണ്ടെങ്കില്‍ അതിനെ അന്യായം എന്ന് ആര്‍ക്കെങ്കിലും പറയാനാകുമോ? ഏറ്റവും ശക്തമായ സുരക്ഷാ സംവിധാനങ്ങളുള്ള പോലീസ് മേധാവിയുടെ ഔദ്യോഗിക വസതിയില്‍ ആ സുരക്ഷാ സംവിധാനങ്ങള്‍ മുഴുവന്‍ തകര്‍ത്തെറിഞ്ഞ് സമരക്കാരായ വനിതകള്‍ കയറിയിട്ടുണ്ടെങ്കില്‍ അവരെ വീരാംഗനകളായി ആദരിക്കുകയാണ് പൊതുസമൂഹം ചെയ്യേണ്ടത്. അവര്‍ നടത്തിയ സമരം കേരളത്തിലെ മുഴുവന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തതാണ്. പക്ഷേ ജന്മഭൂമി, ജനം എന്നീ മാധ്യമങ്ങള്‍ക്കെതിരെയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. ജന്മഭൂമിയുടെ ഫോട്ടോഗ്രാഫര്‍ അനില്‍ ഗോപി, ജനത്തിന്റെ റിപ്പോര്‍ട്ടര്‍ കെ. രശ്മി, ക്യാമറമാന്‍ നിധിന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
മറ്റു മാധ്യമങ്ങള്‍ക്കൊപ്പം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടി തന്നെയാണ് ഇവര്‍ പോയത്. മറ്റു മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കാതെ ഇവര്‍ക്കെതിരെ മാത്രം കേസെടുത്തത് പ്രതിഷേധക്കാര്‍ ബിജെപിക്കാര്‍ ആയതുകൊണ്ടാണ്. ഇത് ശരിയാണോ? ബിജെപി മാത്രമല്ല, കോണ്‍ഗ്രസും സിപിഎമ്മും ഒക്കെ ഭരണപക്ഷത്തും പ്രതിപക്ഷത്തും വരുമ്പോള്‍ അതാത് സമയത്ത് സാഹചര്യം അനുസരിച്ച് പ്രതിഷേധങ്ങള്‍ നടത്തുമ്പോള്‍ എല്ലാ മാധ്യമങ്ങളെയും അറിയിക്കാറുണ്ട്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചാലും സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തിയാലും മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയാലും ഒക്കെ അതത് സമയത്ത് പ്രതിപക്ഷക്കാര്‍ മാധ്യമങ്ങളെ അറിയിക്കുന്നത് എങ്ങനെയാണ് ഗൂഢാലോചന ആകുന്നത്. ഇത്തരത്തില്‍ പ്രതിഷേധം ഉണ്ടാകുമെന്ന് ഡിവൈഎഫ്‌ഐ പോലും അറിയിച്ചിരുന്നു. ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്നനിലയില്‍ കോഴിക്കോട് നടന്ന ഒരു സംഭവം പറയാതിരിക്കാനാവില്ല.
1992 ല്‍ കോഴിക്കോട് മാവൂര്‍ റോഡില്‍ നടന്ന ഡിവൈഎഫ്‌ഐ മാര്‍ച്ച് അക്രമാസക്തമാവുകയും പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. അന്ന് മാതൃഭൂമി റിപ്പോര്‍ട്ടര്‍ എന്നനിലയില്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്ന എനിക്ക് ക്യാമറാമാനെ അവിടെ സമയത്ത് എത്തിക്കാന്‍ കഴിഞ്ഞില്ല. ദേശാഭിമാനിയുടെ ക്യാമറാമാന്‍ രുദ്രാക്ഷന്റെ കയ്യില്‍ നിന്ന് ലാത്തിചാര്‍ജിന്റെ പടം വാങ്ങിത്തന്നത് കെ.എം മോഹന്‍ദാസും പി.പി അബൂബക്കറും ആയിരുന്നു. പിണറായിയുടെ ഇന്നത്തെ നിലവാരത്തില്‍ ആണെങ്കില്‍ അന്നത്തെ മാതൃഭൂമി റിപ്പോര്‍ട്ടറും ദേശാഭിമാനി റിപ്പോര്‍ട്ടര്‍മാരും ക്യാമറാമാനും ഗൂഢാലോചന കേസില്‍ പ്രതികള്‍ ആവണ്ടേ? എംഎല്‍എ ആകുന്നതിനു മുമ്പുള്ള എ. പ്രദീപ് കുമാര്‍ ആണ് അന്ന് സമരം അല്പം രൂക്ഷമാണെന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ഇതൊക്കെ എല്ലാകാലത്തും നടക്കുന്നതാണ്. അതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരെ കേസില്‍ കുടുക്കി വസ്തുതകള്‍ ജനങ്ങള്‍ അറിയുന്നത് ഇല്ലാതാക്കാം എന്ന് പിണറായി വിജയന്‍ കരുതുന്നുണ്ടെങ്കില്‍ അത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ മൗഢ്യവും അല്പത്തവുമാണ്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ലിഫ്ഹൗസിലെ കണ്ണാടിയില്‍ ഇടയ്ക്ക് സ്വന്തം മുഖം നോക്കണം. പഴയ മുഖവുമായുള്ള മാറ്റം തിരിച്ചറിയണം. ചങ്ങലക്ക് ഭ്രാന്ത് പിടിച്ച ഇന്നത്തെ അവസ്ഥ 100 ശതമാനം സാക്ഷരതയുള്ള കേരളത്തില്‍ ഒരു ജനാധിപത്യ ഭരണകൂടത്തിന് ഭൂഷണമാണോ എന്ന് ആലോചിക്കണം. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടത്തിയ സദസ്സ് (ജനങ്ങള്‍ പറയുന്ന പേര് ഞാന്‍ പറയുന്നില്ല) എന്തു നേട്ടമുണ്ടാക്കി എന്ന് നെഞ്ചില്‍ കൈവച്ച് ആലോചിക്കണം. മറിയാമ്മച്ചേടത്തിയുടെ ആരോപണവും പോലീസിന്റെ ഗുണ്ടായിസവും ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ പോലീസിനെ സഹായിക്കാന്‍ എത്തിയതും ഒക്കെ ഒരു ജനാധിപത്യ ഭരണസംവിധാനത്തില്‍ ആശാസ്യമാണോ? പോലീസിനൊപ്പം ജനങ്ങളെ തല്ലാന്‍, പ്രതിഷേധക്കാരെ തല്ലാന്‍ ഡിവൈഎഫ്‌ഐക്ക് ആരാണ് അധികാരം നല്‍കിയത്? ഇതേ സംഭവം നാളെ കോണ്‍ഗ്രസ് ഭരണത്തില്‍ സംഭവിച്ചാല്‍ എന്തായിരിക്കും സിപിഎം നിലപാട്?
നവകേരള സദസ്സില്‍ പങ്കെടുക്കാന്‍ കുടുംബശ്രീക്കാരെയും സ്‌കൂള്‍ അധ്യാപകരെയും ജീവനക്കാരെയും ആട്ടിപ്പായിച്ചു കൊണ്ടുവന്നതും പിഞ്ചുകുഞ്ഞുങ്ങള്‍ വെയില്‍കൊണ്ട് നിന്നതും കുടിവെള്ളം കിട്ടാതെ വീണതും ഒക്കെ ശരിയാണോ മുഖ്യമന്ത്രി? കഴിഞ്ഞില്ല, മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുത്തില്ല എന്നുപറഞ്ഞ് തിരുവനന്തപുരത്ത് പോത്തന്‍കോട് സിപിഎം ബ്രാഞ്ച് വനിതാ കമ്മിറ്റി അംഗമായ രജനി എന്ന ഓട്ടോ ഡ്രൈവര്‍ക്ക് ഓട്ടോറിക്ഷ ഓടിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു. പാര്‍ട്ടി തീരുമാനം അനുസരിച്ചാണ് വിലക്ക്. ഈ വിലക്കും സിപിഎം ചരിത്രത്തില്‍ ആദ്യമല്ല. വിനീത കോട്ടായിക്ക് എതിരായ വിലക്കും കണ്ണൂരിലെ ചിത്രയെന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ക്കെതിരായ വിലക്കും ആയുര്‍വേദ ഡോക്ടര്‍ക്ക് എതിരെ നടത്തിയ ഉപരോധവും ഒന്നും കേരളം മറന്നിട്ടില്ല. ഇവിടെയാണ് മുന്‍ മന്ത്രി ജി. സുധാകരന്റെ വാക്കുകള്‍ പ്രസക്തമാകുന്നത്. ജനങ്ങളില്‍ നിന്ന്, ജനങ്ങളുടെ അഭിലാഷങ്ങളില്‍ നിന്ന്, ജനവിശ്വാസത്തില്‍ നിന്ന് അകലുന്ന ഭരണകൂടവും പ്രസ്ഥാനവുമാണ് ഇപ്പോഴുള്ളത്. 40 ലേറെ വണ്ടികളും കമാന്‍ഡോകളും പോലീസും പിന്നെ ഡിവൈഎഫ്‌ഐ ഗുണ്ടകളും ഒക്കെയായി കേരള പര്യടനത്തിന് മുഖ്യമന്ത്രി ഇറങ്ങുമ്പോള്‍ ആരെയും സെക്യൂരിറ്റിയും സുരക്ഷയും വകവെക്കാതെ മിഠായിത്തെരുവില്‍ ഗവര്‍ണര്‍ തേരാപ്പാര നടക്കുമ്പോള്‍ മുഖ്യമന്ത്രി അങ്ങ് വല്ലാതെ ചെറുതായിപ്പോയി. ബോധമുള്ള ഉപദേഷ്ടാക്കള്‍ ആരെങ്കിലും ഇനിയും ആ ഓഫീസില്‍ ഉണ്ടെങ്കില്‍, ഈ ചങ്ങലക്ക് ഭ്രാന്ത് പിടിച്ച അവസ്ഥ ഇല്ലാതാക്കാന്‍ വേണ്ട ചികിത്സ ഏര്‍പ്പെടുത്താന്‍ പറയണം. ഇല്ലെങ്കില്‍ അത് കേരളത്തിലെ ജനങ്ങള്‍ പറയും. ആ അവസ്ഥയിലേക്ക് എത്താതിരിക്കാന്‍ ഇനിയെങ്കിലും ശ്രമിക്കുക.