ഖിലാഫത്തില്‍ നിന്ന്
അമൃത കാലത്തിലേക്ക്
കെ.വി.രാജശേഖരന്‍
അമൃത് സാഗര്‍ പ്രകാശന്‍
തിരുവനന്തപുരം
പേജ്:320 വില:400 രൂപ
‘ഖിലാഫത്തില്‍ നിന്ന് അമൃതകാലത്തിലേക്ക്’ എന്ന ഗ്രന്ഥം കെ.വി.രാജശേഖരന്‍ എഴുതിയ 36 ലേഖനങ്ങളുടെ സമാഹാരമാണ്. ലേഖനസമാഹാരം എന്ന് ഇതിനെ വിളിക്കുന്നത് ഒരുപക്ഷേ അനീതി ആയിരിക്കും. ലേഖനങ്ങള്‍ക്കുപരി സമഗ്രമായ, ആഴത്തിലുള്ള, ഈടുറ്റ പഠനങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1921 ലെ മാപ്പിള കലാപം മുതല്‍ സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്തിലേക്ക് നീങ്ങുന്ന വര്‍ത്തമാന ഭാരതത്തിന്റെ സ്വത്വം പ്രകാശമാനമാക്കുന്ന സ്വാവലംബനത്തിന്റെ ജൈത്രയാത്രയും ഇതില്‍ വരച്ചുകാട്ടുന്നു.
1921 ല്‍ മലബാറില്‍ ആയിരക്കണക്കിന് ഹിന്ദുക്കളെ കൊന്നൊടുക്കുകയും മതപരിവര്‍ത്തനം ചെയ്യുകയും ഹിന്ദു സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ഒക്കെ ചെയ്ത മാപ്പിള ക്രൂരതയെ വീരസാവര്‍ക്കര്‍ അക്കാലത്ത് തന്നെ ഒരു ആഖ്യായികയിലൂടെ ചരിത്രത്തില്‍ എഴുതിച്ചേര്‍ത്തിരുന്നു. ‘മാപ്പിള’ എന്ന ആ പുസ്തകത്തിലൂടെയാണ് ഖിലാഫത്തിന്റെ ഉള്‍വഴിയിലേക്ക് രാജശേഖരന്‍ കടന്നുവരുന്നത്. ജയിലില്‍ കിടന്നുകൊണ്ട് സാവര്‍ക്കര്‍ എഴുതിയ ഈ ആഖ്യായികയിലെ ഒരു വരി, ഹിന്ദുക്കള്‍ സ്വതന്ത്രവും സമര്‍ത്ഥവുമായ ഒരു രാഷ്ട്രമായി നിലകൊള്ളുമ്പോള്‍ ഈ കിണറിനെ ഒരിക്കലും വിസ്മരിക്കരുത് എന്നതാണ്. ഇന്ന് മാപ്പിള ലഹള നൂറുവര്‍ഷം പിന്നിട്ട ഈ കാലഘട്ടത്തില്‍ തുവ്വൂര്‍ കിണറിനെ സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഇസ്ലാമിക കലാപകാരികള്‍ മറച്ചുവെയ്ക്കാന്‍ ആഗ്രഹിക്കുന്ന ആ കിണര്‍ ഹിന്ദുക്കള്‍ക്ക് മാത്രമല്ല, മുഴുവന്‍ ഭാരതീയര്‍ക്കും ഒരു മുന്നറിയിപ്പും സ്മാരകവുമാണ്.
മലബാര്‍ കലാപത്തിന്റെ, കൂട്ടക്കൊലയുടെ വിശദാംശങ്ങളില്‍ നിന്ന് ഖിലാഫത്തിന്റെ ഉള്ളറകളിലേക്ക് അദ്ദേഹം നമ്മെ കൊണ്ടുപോകുന്നു. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം റഷ്യയില്‍ ആരംഭിച്ചതിന്റെ ചരിത്രം ചികയുന്ന ലേഖനത്തില്‍ ഇസ്ലാമിനെയും ഇന്ത്യയെയും ഇംഗ്ലണ്ടിനെയും വൈരുദ്ധ്യാധിഷ്ഠിതമായി ചതിച്ചതിന്റെ കഥ അദ്ദേഹം അനാവരണം ചെയ്യുന്നുണ്ട്. ആഗോളതലത്തില്‍ റഷ്യ അനുവര്‍ത്തിച്ചിരുന്ന കാപട്യത്തിന്റെ പ്രത്യയശാസ്ത്രം ഈ ലേഖനത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അമൃത ഭാരതത്തിന്റെ അമര പുത്രന്മാര്‍ എന്ന രണ്ടാം ഭാഗത്തില്‍ വീര സാവര്‍ക്കര്‍ അനുവര്‍ത്തിച്ച ത്യാഗത്തിന്റെയും തപസ്സിന്റെയും ആദര്‍ശ ദീപ്തിയുടെയും ആശയപ്രചാരണത്തിന്റെയും ബഹുമുഖ ചിത്രം വ്യക്തമാക്കുന്നു. ജയില്‍ മോചനത്തിനു വേണ്ടി അദ്ദേഹം നല്‍കിയ നിവേദനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സമകാലീന പ്രചാരണങ്ങളുടെ പിന്നാമ്പുറവും രേഖകള്‍ ഉദ്ധരിച്ച് വിശദമാക്കിയിട്ടുണ്ട്.
സാവര്‍ക്കറുടെ ആശയത്തില്‍ നിന്ന് പ്രചോദിതമായി ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി മരണം വരിച്ച മദന്‍ലാല്‍ ധീംഗ്ര അടക്കമുള്ളവരുടെ ചരിത്രവും അദ്ദേഹം വ്യക്തമാക്കുന്നു. ഒപ്പം ബ്രിട്ടീഷ് രേഖകളില്‍ എങ്ങനെയാണ് സാവര്‍ക്കറെ വിവരിച്ചിരുന്നത് എന്നതിന്റെ വിശദാംശങ്ങളും രേഖകളും ഇതില്‍ പുറത്തുവരുന്നുണ്ട്. ഇനിയും ഭാരതം വേണ്ട രീതിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലാത്ത ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ മരണവും അതിന്റെ പിന്നിലെ അറിയാക്കഥകളും ആര്‍ക്കാണ് നേട്ടമുണ്ടാക്കിയത് എന്ന അന്വേഷണവും കൂടുതല്‍ പഠനം അര്‍ഹിക്കുന്ന വിഷയമാണ്.
ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിന് യഥാര്‍ത്ഥ കാരണക്കാര്‍ സായുധ പോരാളികള്‍ ആണെന്ന ചിന്താസരണിക്ക് ആക്കം കൂട്ടുന്ന രേഖകളും വിവരങ്ങളും ഈ പുസ്തകത്തില്‍ അനാവരണം ചെയ്യുന്നു. മരണമില്ലാത്ത സുഭാഷ് എന്ന ലേഖനത്തില്‍ സുഭാഷ്ചന്ദ്രബോസിനെ യുദ്ധ കുറ്റവാളിയാക്കാനുള്ള നെഹ്‌റുവിന്റെ ബ്രിട്ടീഷ് പ്രധാനമന്ത്രിക്കുള്ള കത്തടക്കമുള്ള രേഖകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചന്ദ്രബോസിനെ അവഗണിച്ചതിന്റെയും അവഹേളിച്ചതിന്റെയും രേഖകള്‍ ഇതില്‍ പുറത്തുവന്നിരിക്കുന്നു. ബോസിനൊപ്പം തന്നെ നെഹ്‌റു അവഗണിച്ച ഡോ. ബി.ആര്‍. അംബേദ്കറിന്റെ വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. അംബേദ്കറിനെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസും നെഹ്‌റുവും നടത്തിയ ഗൂഢാലോചനയുടെ വിശദാംശങ്ങളും ഇതില്‍ നമുക്ക് കാണാം. നാഥുറാം ഗോഡ്‌സെക്ക് വേണ്ടി ദയാഹര്‍ജി കൊടുക്കാനുള്ള അംബേദ്കറുടെ ശ്രമങ്ങള്‍, മാപ്പിള ലഹളയോടുള്ള കാഴ്ചപ്പാട്, നെഹ്‌റുവിന്റെ ഒതുക്കല്‍ രാഷ്ട്രീയം തുടങ്ങിയ കാര്യങ്ങള്‍ ഒക്കെ തന്നെ രേഖകള്‍ ഉദ്ധരിച്ച് സമഗ്രമായി തന്നെ പ്രതിപാദിച്ചിരിക്കുന്നു. ശ്രീനാരായണ ഗുരുദേവന്‍, അയ്യങ്കാളി, മന്നം തുടങ്ങി പരിവര്‍ത്തനത്തിന്റെ തേര് തെളിയിച്ച മഹാരഥന്മാരെ അവരുടെ സംഭാവനകളോടെ ഇതില്‍ വിലയിരുത്തിയിട്ടുണ്ട്. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പരമേശ്വര്‍ജി കേരളത്തില്‍ കൊണ്ടുവന്ന സമഗ്രമായ മാറ്റത്തിന്റെ ചിത്രവും തോട്ടയ്ക്കാട്ട് മാധവിയമ്മ മലയാള മനോരമയുടെ പക്ഷപാതിത്വത്തിന് എതിരെ സ്വീകരിച്ച നിലപാടും ഇതില്‍ കാണാം
ഗാന്ധിജിയുടെ ജീവിതത്തിന്റെയും മരണത്തിന്റെയും നാനാവശങ്ങളിലേക്കും കടന്നുകയറുന്ന ഈ ഗ്രന്ഥത്തില്‍ ഗാന്ധി വധത്തിന്റെ യഥാര്‍ത്ഥ ഉത്തരവാദികളെ കണ്ടെത്താതെ ഗോഡ്‌സെയെ തിടുക്കത്തില്‍ തൂക്കിലേറ്റിയതും കോണ്‍ഗ്രസുമായി ഗാന്ധിജിക്കുണ്ടായിരുന്ന അഭിപ്രായവ്യത്യാസം അടക്കമുള്ള സാഹചര്യങ്ങളും ഒക്കെ വ്യക്തമാക്കിയിരിക്കുന്നു.
വളരെ ഗഹനവും വൈവിധ്യമാര്‍ന്നതുമായ വിഷയങ്ങള്‍ ഇതില്‍ ഉണ്ട്. ഇതില്‍ പലതും ഓരോ പുസ്തകമായി വികസിപ്പിക്കാന്‍ പറ്റുന്ന അത്ര വൈവിധ്യമാര്‍ന്നതാണ്. പലതും ഇനിയും കൂടുതല്‍ ഗവേഷണവും പഠനവും വിലയിരുത്തലും ഒക്കെ അര്‍ഹിക്കുന്നവയാണ്. അതിനുള്ള ഒരു വഴിയാണ് രാജശേഖരന്‍ തുറന്നിടുന്നത്. തീര്‍ച്ചയായും ഈ ഗ്രന്ഥം വരുംകാലങ്ങളില്‍ പുതിയ തലമുറകള്‍ക്കിടയില്‍ വളരെ കൂടുതല്‍ ആഴത്തിലുള്ള ചര്‍ച്ചയ്ക്കും വിശകലനത്തിനും വിധേയമാകും എന്ന കാര്യത്തില്‍ സംശയമില്ല.