നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന 752കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, മിസോറാം നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടപടികള്‍ തുടരുന്നതിനിടെ നടത്തിയ ഈ കണ്ടുകെട്ടല്‍ ശരിയായ രീതിയിലാണോ മാധ്യമങ്ങള്‍ വിലയിരുത്തിയത് എന്ന സംശയം ഉയരുന്നു. ഈ വാര്‍ത്ത കൈകാര്യം ചെയ്ത രീതിയിലേക്ക് പോകും മുമ്പ് ഇതിന്റെ പശ്ചാത്തലം എന്തെന്ന് വളരെ വിശദമായി അന്വേഷിക്കേണ്ടതുണ്ട്. സ്വാതന്ത്ര്യ സമരത്തിന് ചൂടും ചൂരും പകരാന്‍ കോണ്‍ഗ്രസ് 1938 ല്‍ ആരംഭിച്ച ഈ പത്രത്തില്‍ പത്രാധിപരായും വിദേശകാര്യ ലേഖകനായും ജവഹര്‍ലാല്‍ നെഹ്‌റു പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാരതീയ പത്രപ്രവര്‍ത്തന രംഗത്തെ അതികായന്മാരില്‍ ഒരാളായ എം. ചലപതി റാവു അടക്കം പ്രഗല്‍ഭരായ ആളുകള്‍ നേതൃത്വം നല്‍കിയിരുന്നതാണ് ഈ പത്രം. പ്രധാനമന്ത്രിപദം ഏറ്റെടുത്തപ്പോഴാണ് ജവഹര്‍ലാല്‍ നെഹ്‌റു ഇതിന്റെ പത്രാധിപസ്ഥാനം ഒഴിഞ്ഞത്. നാഷണല്‍ ഹെറാള്‍ഡ് എന്ന ഇംഗ്ലീഷ് പത്രം, നവജീവന്‍ എന്ന ഹിന്ദി പത്രം, ക്വാമി ആസാദ് എന്ന ഉറുദു പത്രം എന്നിവയുടെ പ്രസാധകരായിരുന്ന അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡ് ആയിരുന്നു ഇതിന്റെ ഉടമസ്ഥര്‍. 1936 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിരിവെടുത്തും ധനം സമാഹരിച്ചും ആരംഭിച്ചതാണ് എ ജെ എല്‍ എന്ന കമ്പനിയും ഈ മൂന്നു പ്രസിദ്ധീകരണങ്ങളും. സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷുകാരുടെ ഏറ്റവും കൂടുതല്‍ ശത്രുത പിടിച്ചുപറ്റിയ ഈ സ്ഥാപനം 1942ലെ ക്വിറ്റിന്ത്യാ സമരകാലത്തും മറ്റും നിരോധിക്കപ്പെട്ടിരുന്നു. ചലപതി റാവുവിന്റെ നേതൃത്വത്തില്‍ രാജ്യം മുഴുവന്‍ ശ്രദ്ധിക്കുന്ന ഒരു പ്രമുഖ ദിനപത്രം ആയി ഇത് മാറിയിരുന്നു. അദ്ദേഹം വിട്ടതിനു ശേഷവും 2008 വരെ പത്രം വലിയ കുഴപ്പമില്ലാതെ തുടര്‍ന്നു വരികയായിരുന്നു. ഏതാണ്ട് ആയിരത്തോളം ഓഹരി ഉടമകള്‍ ഈ സ്ഥാപനത്തിന് ഉണ്ടായിരുന്നെങ്കിലും സ്വാതന്ത്ര്യ സമര പോരാളികളും സത്യസന്ധരായ പ്രമുഖ നേതാക്കളും ഈ ഓഹരികള്‍ മറ്റാര്‍ക്കെങ്കിലും കൈമാറാനോ തങ്ങളുടെ അടുത്ത തലമുറകള്‍ക്ക് ഉടമസ്ഥാവകാശം വിട്ടു നല്‍കാനോ ശ്രദ്ധിച്ചതുമില്ല ശ്രമിച്ചതും ഇല്ല. ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തിലെ എക്കാലത്തെയും ധീര ഇതിഹാസങ്ങളില്‍ ഒന്നായ അസോസിയേറ്റഡ് ജേണല്‍സിനെയും അതിന്റെ പ്രസിദ്ധീകരണങ്ങളെയും നല്ല രീതിയില്‍ നിലനിര്‍ത്തുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. 2008 ആയപ്പോഴേക്കും സ്ഥാപനത്തിന്റെ കടബാധ്യത ഏതാണ്ട് 100 കോടിക്കടുത്ത് എത്തി. ഇതില്‍ 90.21 കോടി രൂപയും എഐസിസിക്ക് അഥവാ കോണ്‍ഗ്രസ് നേതൃത്വത്തിന് നല്‍കാനുള്ള തുകയായിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് വായ്പയായി വാങ്ങിയ ഈ തുക ഉപയോഗിച്ചാണ് നാഷണല്‍ ഹെറാള്‍ഡ് നടത്തിക്കൊണ്ടു പോയിരുന്നത്. എഐസിസി ഈ പണം കിട്ടാക്കടമായി മാറ്റുകയും 50 ലക്ഷം രൂപയ്ക്ക് ബാധ്യതയും സ്ഥാപനവും ഒരു പുതിയ കമ്പനിക്ക് കൈമാറാന്‍ തീരുമാനിക്കുകയും ചെയ്തു. യംഗ് ഇന്ത്യന്‍ എന്ന ഈ പുതിയ സ്ഥാപനത്തിന്റെ പ്രധാന ഉടമസ്ഥര്‍ സോണിയ ഗാന്ധിയും രാഹുല്‍ഗാന്ധിയും ആയിരുന്നു. രണ്ടുപേര്‍ക്കും 38 ശതമാനം വീതം ഓഹരികളാണ്. 76 ശതമാനം ഭൂരിപക്ഷ ഓഹരി.
ഉടമസ്ഥാവകാശം കൈമാറിയ ഉടന്‍തന്നെ ചേര്‍ന്ന പ്രത്യേക പൊതുയോഗം യംഗ് ഇന്ത്യന്‍ എന്ന സ്ഥാപനത്തിന് 90.21 കോടി രൂപയുടെ പുതിയ ഓഹരികള്‍ അനുവദിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സ്ഥാപനത്തില്‍ നിത്യനിദാനത്തിനായി നല്‍കിയ 90 കോടി രൂപ സമര്‍ത്ഥമായി വെറും 50 ലക്ഷം ആക്കി മാറ്റി സ്ഥാപനം കയ്യടക്കിയപ്പോള്‍ പാര്‍ട്ടിയുടെ ഔദ്യോഗിക കണക്കനുസരിച്ച് മാത്രം 751.90 കോടി രൂപയുടെ സ്വത്താണ് അസോസിയേറ്റഡ് ജേണല്‍സിന് ഉണ്ടായിരുന്നത്. എന്നാല്‍ ഇതിന്റെ വില 5000 കോടിയിലേറെ വരുമെന്നാണ് ഇത് സംബന്ധിച്ച പൊതു താല്‍പര്യ ഹര്‍ജി നല്‍കിയ സുബ്രഹ്‌മണ്യം സ്വാമി കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. ദല്‍ഹിയിലെ ഏറ്റവും ശ്രദ്ധേയമായ, നഗര ഹൃദയമായ ഐടി ഓയില്‍ ബഹാദൂര്‍ഷാ സഫര്‍ മാര്‍ഗില്‍ പ്രവര്‍ത്തിക്കുന്ന ഹെറാള്‍ഡ് ഹൗസ് എന്ന ഏറ്റവും വിലയേറിയ ബഹുനില മന്ദിരം, മുംബൈയിലെ ഹെറാള്‍ഡ് ഹൗസ്, ലഖ്‌നൗവിലെ നെഹ്‌റു ഭവന്‍ എന്നീ ആയിരക്കണക്കിന് കോടി രൂപ വിലയുള്ള സ്വത്തുക്കളാണ് വെറും 50 ലക്ഷം രൂപ മുടക്കി 76% ഓഹരിയിലൂടെ സോണിയയും രാഹുലും കൈയടക്കിയത്. കോണ്‍ഗ്രസ് നേതാക്കളായ മോത്തിലാല്‍ വോറയും ഓസ്‌കാര്‍ ഫെര്‍ണാണ്ടസും സാംപിട്രോടേയും മാധ്യമപ്രവര്‍ത്തകനായ സുമന്‍ ദുബേയും സുബ്രഹ്‌മണ്യന്‍ സ്വാമി നല്‍കിയ ഹര്‍ജിയില്‍ പ്രതികളായിരുന്നു. വോറയും ഓസ്‌കാര്‍ ഫെര്‍ണാണ്ടസും മരണമടഞ്ഞു. 2010ല്‍ ഇതിലെ സാമ്പത്തിക ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുബ്രഹ്‌മണ്യന്‍ സ്വാമി നല്‍കിയ ഹര്‍ജി ദല്‍ഹിയിലെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി ഫയലില്‍ സ്വീകരിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതിനെ തുടര്‍ന്നാണ് ഈ വന്‍ കുംഭകോണം പുറത്തുവന്നത്. സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന പല പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെയും സോണിയയ്ക്കും രാഹുലിനും ഒപ്പം നേരത്തെ ചോദ്യം ചെയ്തിരുന്നതാണ്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമമനുസരിച്ച് ആണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റര്‍ ചെയ്തതും അന്വേഷണം നടത്തിയതും.
കോണ്‍ഗ്രസ് പ്രസിഡണ്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, നേതാക്കളായ പവന്‍ ബെന്‍സല്‍, ഡി.കെ.ശിവകുമാര്‍, സഹോദരനും എംപിയുമായ ഡി.കെ.സുരേഷ് കുമാര്‍ എന്നിവരെ കഴിഞ്ഞവര്‍ഷം ചോദ്യം ചെയ്തതാണ്. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സ്വത്തു കണ്ടു കെട്ടല്‍. സ്വത്ത് കണ്ടു കെട്ടാനുള്ള തീരുമാനത്തെ ആദായ നികുതി വകുപ്പിന്റെ മധ്യസ്ഥ അതോറിറ്റി അംഗീകരിച്ചിട്ടും ഉണ്ട്. ജീവത്യാഗം ചെയ്ത പതിനായിരക്കണക്കിന് സ്വാതന്ത്ര്യസമരസേനാനികളെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും വഞ്ചിച്ചു കൊണ്ട് ഒരു കുടുംബം എങ്ങനെയാണ് ഒരു പ്രസ്ഥാനത്തെ ചതിച്ച് സ്വത്ത് കൈവശമാക്കുന്നത് എന്നതാണ് ഈ സംഭവത്തില്‍ കാണുന്നത്.
സ്വാതന്ത്ര്യസമരത്തിലെ ഇതിഹാസനായകന്‍മാരെ മുഴുവന്‍ തള്ളിയും തഴഞ്ഞും സ്വാതന്ത്ര്യവും അധികാരവും ഗാന്ധിജിയുടെ പേര് പോലും നെഹ്‌റു കുടുംബം സ്വന്തമാക്കി കബളിപ്പിക്കുകയായിരുന്നു. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കണ്ടത്.
ഇത്തരം തട്ടിപ്പുകള്‍ നടത്താന്‍ നെഹ്‌റു കുടുംബത്തിന് യാതൊരു ഉളുപ്പും ഇല്ല എന്നത് ചരിത്ര വസ്തുതയാണ്. സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രി ആകേണ്ടിയിരഇത്തരം തട്ടിപ്പുകള്‍ നടത്താന്‍ നെഹ്‌റു കുടുംബത്തിന് യാതൊരു ഉളുപ്പും ഇല്ല എന്നത് ചരിത്ര വസ്തുതയാണ്. സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രി ആകേണ്ടിയിരുന്നത് സര്‍ദാര്‍ പട്ടേല്‍ ആയിരുന്നു. 1946 ലെ കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെടുന്ന ആള്‍ ആയിരിക്കും പ്രധാനമന്ത്രി എന്നത് നേരത്തെ തന്നെ തീരുമാനമായിരുന്നതാണ്. ദശാബ്ദങ്ങളായി കോണ്‍ഗ്രസ്സില്‍ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന രീതി അനുസരിച്ച് 15 പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികളോടും കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആളെ നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ടു. 1946 ഏപ്രില്‍ 29ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ചേര്‍ന്ന് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നാമനിര്‍ദ്ദേശം പരിഗണിച്ചു. 15 കമ്മിറ്റികളില്‍ 12 എണ്ണവും സര്‍ദാര്‍ പട്ടേലിനെയാണ് ശുപാര്‍ശ ചെയ്തത്. മൂന്ന് പിസിസികള്‍ ആരെയും ശുപാര്‍ശ ചെയ്തില്ല. സര്‍ദാര്‍ പട്ടേല്‍ ഏകകണ്‌ഠേന തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. നാമനിര്‍ദ്ദേശത്തിന്റെ അവസാന തീയതി 1946 ഏപ്രില്‍ 29 ആയിരുന്നു. അതിന് 9 ദിവസം മുമ്പ് ഏപ്രില്‍ 20ന് താന്‍ നെഹ്‌റുവിനെയാണ് താല്‍പര്യപ്പെടുന്നത് എന്ന് മഹാത്മാഗാന്ധി നേരിട്ട് തന്നെ പ്രഖ്യാപിച്ചു. പക്ഷേ എന്നിട്ടും ഒരു കോണ്‍ഗ്രസ് കമ്മിറ്റി പോലും നെഹ്‌റുവിന്റെ പേര് ശുപാര്‍ശ ചെയ്തില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗങ്ങളെ സ്വാധീനിക്കാന്‍ ആചാര്യ കൃപലാനിയോട് ഗാന്ധിജി ആവശ്യപ്പെട്ടു. ഇക്കാര്യം അറിഞ്ഞ സര്‍ദാര്‍ പട്ടേല്‍ അതിനെക്കുറിച്ച് നേരിട്ട് തന്നെ ഗാന്ധിജിയോട് ചോദിച്ചു. സ്ഥാനം ഏറ്റെടുക്കാതെ പിന്‍വാങ്ങാന്‍ ഗാന്ധിജി പട്ടേലിനോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. ജനാധിപത്യ രീതിയില്‍ നടന്ന ഒരു തിരഞ്ഞെടുപ്പ് അട്ടിമറിച്ച് സര്‍ദാര്‍ പട്ടേലിനെ ഒഴിവാക്കി തന്റെ മാനസപുത്രനായ നെഹ്‌റുവിനെ വാഴിക്കുകയായിരുന്നു ഗാന്ധിജി. തന്റെ നടപടി തെറ്റായിപ്പോയി എന്ന് പിന്നീട് ആചാര്യ കൃപലാനി തന്നെ എഴുത്തുകാരനായ ദുര്‍ഗ്ഗാദാസിനോട് പറഞ്ഞ കാര്യം അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. അര്‍പ്പണബോധവും നിശ്ചയദാര്‍ഢ്യവും തീരുമാനങ്ങളും ഉള്ള ഒരുതരത്തിലുള്ള കളങ്കവും ഏശാത്ത സര്‍ദാര്‍ പട്ടേലിനെ ഒഴിവാക്കിയത് മാത്രമല്ല തിരഞ്ഞെടുപ്പ് അട്ടിമറിച്ചതും ശരിയായില്ല എന്ന് പിന്നീട് കൃപലാനി പശ്ചാത്തപിച്ചു. നെഹ്‌റുവിനെയും സര്‍ദാര്‍ പട്ടേലിനെയും സ്വതന്ത്ര രാഷ്ട്രത്തെ നയിക്കാന്‍ ഒന്നിച്ചു കൊണ്ടുവരാന്‍ വേണ്ടിയാണ് താന്‍ ഇത് ചെയ്തതെന്ന് ഗാന്ധിജി പിന്നീട് പറഞ്ഞെങ്കിലും ആ ന്യായീകരണത്തിന് കാര്യമായ വിലയുണ്ടായില്ല.
രജനീകാന്ത് പുരാണിക് എഴുതിയ സര്‍ദാര്‍ പട്ടേലിനെ കുറിച്ചുള്ള ഗ്രന്ഥത്തില്‍ ഇത് സംബന്ധിച്ച കത്തിടപാടുകളും രേഖകളും പുറത്തുകൊണ്ടുവന്നിട്ടുണ്ട്. സര്‍ദാര്‍ പട്ടേല്‍ ആയിരുന്നു ഭാരതത്തിന്റെ പ്രധാനമന്ത്രി എങ്കില്‍ ഒരുപക്ഷേ ചരിത്രം ഇത് ആവില്ലായിരുന്നു. സ്വാതന്ത്ര്യം നേടിയ ഉടന്‍ ഭാരതത്തിന് ഇനി സൈന്യത്തെ ആവശ്യമില്ലെന്ന് പറഞ്ഞ വങ്കത്തരമായിരുന്നു നെഹ്‌റുവിന്റെ കാഴ്ചപ്പാട്. പട്ടേല്‍ സ്വീകരിച്ച ശക്തമായ നിലപാട് ഇല്ലായിരുന്നെങ്കില്‍ നെഹ്‌റു സൈന്യത്തെ പിരിച്ചുവിടുമായിരുന്നു. നിരായുധീകരണത്തിനും സൈന്യത്തെ ദുര്‍ബലപ്പെടുത്താനുമുള്ള ആ നീക്കങ്ങളാണ് 1962ലെ ചൈനയോടുള്ള യുദ്ധത്തില്‍ പരാജയം ഏറ്റുവാങ്ങാനും കാരണം. സര്‍ദാര്‍ പട്ടേലിനെ അപമാനിക്കുകയും അപഹസിക്കുകയും തഴയാന്‍ ശ്രമിക്കുകയും ഒക്കെ ചെയ്തതിന്റെ രേഖകള്‍ ഇന്ന് പുറത്തു വന്നിട്ടുണ്ട്. പട്ടേലിനെ ഒഴിവാക്കിയ ശേഷം ഗാന്ധിജിയുടെ ഗാന്ധി എന്ന പേരുകൂടി സ്വായത്തമാക്കി നെഹ്‌റു കുടുംബം പരമ്പരാഗതമായി നടത്തിവരുന്ന കൊള്ളയുടെ അവസാനത്തെ സൂചനയാണ് നാഷണല്‍ ഹെറാള്‍ഡ് കേസ്. ദേശീയ മാധ്യമങ്ങള്‍ മുഴുവന്‍ ഈ സംഭവത്തിന്റെ നാനാ വശങ്ങളും ഇതില്‍ സോണിയയും രാഹുലും അടക്കമുള്ള കുടുംബം നടത്തിയ കൊള്ളയുടെയും വിശദാംശങ്ങള്‍ പുറത്തുവിട്ടപ്പോള്‍ കേരളത്തിലെ മാധ്യമങ്ങള്‍ അനുവര്‍ത്തിച്ച ലജ്ജാകരമായ റിപ്പോര്‍ട്ടിംഗ് ശൈലി കാണാതെ പോകരുത്. തിരഞ്ഞെടുപ്പിന് മുന്‍പ് വീണ്ടും നാഷണല്‍ ഹെറാള്‍ഡ് കേസ് എന്ന തലക്കെട്ടില്‍ മലയാള മനോരമ നടത്തിയ വെള്ള പൂശല്‍ സ്വാതന്ത്ര്യ സമരത്തെ ഒറ്റുകയും ബ്രിട്ടീഷ് അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്ത പഴയ പാരമ്പര്യത്തിന്റെ സൂചന തന്നെയാണ്. 5000 കോടിയുടെ സ്വത്ത് 50 ലക്ഷം രൂപയ്ക്ക് അടിച്ചുമാറ്റാനുള്ള സോണിയയുടെയും രാഹുലിന്റെയും ലജ്ജാകരമായ നീക്കത്തെ തുറന്നു കാട്ടാനുള്ള, സത്യം പറയാനുള്ള ഔചിത്യം ആ വാര്‍ത്തയില്‍ ഉണ്ടായില്ല. തിരഞ്ഞെടുപ്പിന് ഇടയില്‍ നടപടിയെടുക്കുന്നത് തെറ്റാണെന്ന് വരുത്താനാണ് മനോരമ ശ്രമിച്ചത്. ഏതായാലും അഴിമതി ഏതുതലത്തില്‍ ആയാലും നരേന്ദ്രമോദിയില്‍ നിന്ന് നടപടി ഉണ്ടാകും എന്ന സൂചനയാണ് ദേശീയതലത്തില്‍ സ്വതന്ത്ര മാധ്യമങ്ങള്‍ മുന്നോട്ടുവെക്കുന്നത് എന്ന് കാണുമ്പോഴാണ് മലയാള പത്രങ്ങളുടെ ഇരട്ടത്താപ്പ് പൂര്‍ണമായും ബോധ്യപ്പെടുന്നത്.സത്യം പറയാന്‍ ഇവര്‍ക്കൊക്കെ സല്‍ബുദ്ധി തോന്നണേ എന്ന പ്രാര്‍ത്ഥനയോടെ അവസാനിപ്പിക്കാം, കാത്തിരിക്കാം!