കോട്ടയം ജില്ലയില്‍ കറുകച്ചാലിനുസമീപമാണ് നെത്തല്ലൂര്‍ ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിനരികിലായി സാംസ്‌ക്കാരികസ്ഥാപനമായ ഏകാത്മതാകേന്ദ്രവും ജ്യോതിര്‍മയീ ബാലികാസദനവും കാണാം. അകലെയല്ലാതെ ഭാരതീയ വിദ്യാനികേതനോടനുബന്ധമായ ശാരദാ വിദ്യാപീഠം. ഈ സാമൂഹിക-സാംസ്‌ക്കാരിക-വിദ്യാഭ്യാസ-സേവനകേന്ദ്രങ്ങള്‍ സംഘ ആദര്‍ശത്താല്‍ പ്രേരിതമായി പ്രവര്‍ത്തിക്കുന്നവയാണ്. രാഷ്ട്രനവനിര്‍മ്മാണകേന്ദ്രങ്ങളായ ഇവയെ പരാമര്‍ശിക്കുമ്പോള്‍ മറ്റൊരു പേരുകൂടി ഓര്‍മ്മയിലെത്തും – ‘വിശ്വാലയം’. ഒരു വീടിന്റെ പേരാണത്. ‘ഇതൊരു സംഘവീടാ’ണെന്ന് ആര്‍ക്കും ചൂണ്ടിക്കാണിക്കാവുന്നതും, നിസ്സംശയം കയറിച്ചെല്ലാവുന്നതും ആതിഥ്യം സ്വീകരിച്ച് വിശ്രമിക്കാവുന്നതുമായ ഒരിടം. 2023 നവംബര്‍ ഏഴാം തീയതി അന്തരിച്ച ഡോക്ടര്‍ കേശവക്കുറുപ്പിന്റെ ഭവനമാണത്. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ കറുകച്ചാല്‍ പ്രദേശത്തെ ‘സേവാസമൂഹം’ ഉടലെടുക്കുന്നത് ഈ വീട്ടില്‍ നിന്നാണെന്നു പറയാം. ഈ കൂട്ടായ്മയുടെ കേന്ദ്രബിന്ദുവായി മാതൃകാസംഘജീവിതം നയിച്ചയാളാണ് കറുകച്ചാല്‍ ഖണ്ഡ് സംഘചാലകനായിരുന്ന മാനനീയ ഡോക്ടര്‍ കേശവക്കുറുപ്പ്. ഗവണ്‍മെന്റ് ആയുര്‍വേദ ഡോക്ടറായി സേവനമനുഷ്ഠിച്ച അദ്ദേഹം സ്വയംസേവകര്‍ക്കും സംഘബന്ധുക്കള്‍ക്കും കേശവന്‍കുട്ടിയേട്ടനായിരുന്നു. കളരിചികിത്സാപാരമ്പര്യമുള്ള അദ്ദേഹത്തെ അന്നാട്ടുകാര്‍ വിളിച്ചിരുന്നത് ‘വൈദ്യരെ’ന്നായിരുന്നു.
സംഘചാലക് ചുമതലയില്‍ അദ്ദേഹത്തിന്റെ മുന്‍ഗാമികള്‍ ചങ്ങനാശ്ശേരിയിലെ ആദ്യകാല സ്വയംസേവകനായ ഉണ്ണിപ്പിള്ളസാര്‍, മണിമല നിവാസിയും പരമേശ്വര്‍ജിയുടെ സമകാലികപ്രവര്‍ത്തകനും ‘പ്രവാസിയായ് പ്രണീതരായ്……’ എന്ന സംഘഗീതത്തിന്റെ കര്‍ത്താവുമായ വി.എസ്. ഭാസ്‌കരപ്പണിക്കര്‍, കളരിചികിത്സാനിപുണനായ പിതാവ് ഗോപിനാഥക്കുറുപ്പ് എന്നിവരായിരുന്നു. നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആദ്യകര്‍മ്മഭൂമിയാണ് കറുകച്ചാല്‍. മഹാനായ കേളപ്പജി അദ്ധ്യാപകനായിരുന്ന വിദ്യാലയവും എന്‍.എസ്. എസ്സിന്റെ എസ്റ്റേറ്റുമൊക്കെ അവിടെത്തന്നെയാണ്. വടക്കന്‍ കേരളത്തിലെ ആയോധനകലയായ കളരി സമ്പ്രദായം തെക്കന്‍ കേരളത്തിലെത്തിയപ്പോള്‍ ഗോപിനാഥക്കുറുപ്പ് അതില്‍ അംഗമായി. സ്വന്തം വീട്ടില്‍ത്തന്നെ കളരി സ്ഥാപിച്ചു. ശ്രീരംഗം എന്ന തറവാടിനെ ആയുര്‍വ്വേദചികിത്സാകേന്ദ്രമായി വളര്‍ത്തിയെടുത്തു. സംഘദാര്‍ശനികനും ഭാരതീയ മസ്ദൂര്‍ സംഘം സ്ഥാപകനുമായ ദത്തോപന്ത് ഠേംഗ്ഡിജി, കേരളാ പ്രാന്തപ്രചാരകനും പിന്നീട് വനവാസി കല്യാണാശ്രമത്തിന്റെ അഖിലഭാരതീയ സംഘടനാ കാര്യദര്‍ശിയുമായിരുന്ന ഭാസ്‌ക്കര്‍റാവുജി, കേരള ക്ഷേത്രസംരക്ഷണസമിതിയുടെ ആചാര്യനായിരുന്ന മാധവ്ജി തുടങ്ങി സംഘത്തിന്റെ മുതിര്‍ന്ന പ്രചാരകന്മാര്‍ക്കെല്ലാം ശ്രീരംഗത്തിലെ ശുശ്രൂഷയും കുടുംബനാഥയായ സരോജിനിയമ്മയുടെ പരിചരണവും ലഭിച്ചിട്ടുണ്ട്. മേല്‍ സൂചിപ്പിച്ച സംഘപ്രചാരകന്മാരുടെ പ്രവര്‍ത്തനമേഖലകള്‍ ഇവിടെ എടുത്തുപറയാന്‍ കാരണം അവരിലൂടെ ശ്രീരംഗം കുടുംബാംഗങ്ങളിലേയ്ക്കും സമീപസ്ഥരായ സംഘകാര്യകര്‍ത്താ ക്കളിലേയ്ക്കും സംഘത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അറിവുകള്‍ എത്രമാത്രം ഊറിയിറങ്ങിയിട്ടുണ്ട് എന്ന് ഊഹിക്കാനാണ്.
വിദ്യാര്‍ത്ഥിജീവിതത്തില്‍ ഇടതുപക്ഷചിന്തയും ക്രിക്കറ്റുകളിയും ഭ്രമിപ്പിച്ചിരുന്ന തന്നെ ധാര്‍മ്മികജീവിതത്തിലേയ്ക്ക് തിരിച്ചത് മാധവ്ജിയുമായുള്ള തുടര്‍ബന്ധങ്ങളാണെന്ന് കേശവന്‍കുട്ടിയേട്ടന്‍ അദ്ദേഹത്തിന്റെ ക്രിയാകര്‍മ്മങ്ങള്‍ക്ക് (ചികിത്സ) ഇടയിലുള്ള സംഭാഷണമദ്ധ്യേ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഗോപിനാഥക്കുറുപ്പിന്റെ മക്കളും അനന്തരവന്മാരുമെല്ലാം കളരി നിത്യജീവിതത്തില്‍ വിദ്യയായും സംസ്‌ക്കാരമായും ചികിത്സാ പദ്ധതിയായും സ്വീകരിച്ചവരാണ്. ഒപ്പം സംഘമെന്ന വികാരവും അവരെല്ലാം ഹൃദയത്തില്‍ ഉള്‍ക്കൊണ്ടു.
‘ഇത് സംഘവീടാണ്’ എന്ന് ഒരു വീടിനെക്കുറിച്ച് പറയുമ്പോള്‍ അതിനര്‍ത്ഥം സംഘത്തിന് ആ വീടിന്റെ ഉടമസ്ഥാവകാശം ഉണ്ടെന്നല്ല. എന്നാല്‍ ആ വീടിന്റെ ഉടമസ്ഥരില്‍ സംഘത്തിന് അവകാശമുണ്ടുതാനും. സംഘാനുകൂലമായ ജീവിതശൈലി ദൈനംദിനം അവിടെ പ്രകടമാകുന്നു. സംഘശൈലിയുടെ വിളംബരമാണ് ‘വിശ്വാലയം’ എന്ന നാമം. കേശവന്‍കുട്ടി – രുഗ്മിണി ദമ്പതികളും അവരുടെ മക്കള്‍ ജയലക്ഷ്മി, ജ്യോതിലക്ഷ്മി, സേതുലക്ഷ്മി, വിശ്വലക്ഷ്മി എന്നീ പെണ്‍മക്കളും ചേര്‍ന്നതാണ് കുടുംബം. വിശ്വാലയത്തിന്റെ വലുപ്പം കെട്ടിടത്തിലല്ല, കാഴ്ചപ്പാടിലാണ്. അതിരാവിലെ പൂജയ്ക്കുള്ള പൂക്കള്‍ ഒരുക്കുന്നതില്‍നിന്നാരംഭിച്ച് സാധനയും ചികിത്സയും കുടുംബകാര്യങ്ങളും സംഘപ്രവര്‍ത്തനവും ഒന്നിനുപിന്നാലെ ഒന്നായി ചെയ്തുവരുമ്പോള്‍ ഒരു ദിവസം പൂര്‍ണ്ണമാകുന്നു. ഇടയ്ക്കിടയ്ക്ക് ആത്മീയതീര്‍ത്ഥയാത്രകളുമുണ്ട്.
വിശ്വാലയത്തില്‍ ആരും ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കുന്നത് കാണാന്‍ സാധിക്കില്ല. മന്ത്രസഹിതം അതിഥികള്‍ക്കൊപ്പം കുടുംബാംഗങ്ങളും ഒന്നിച്ചിരിക്കുന്നു. പൂജനീയ സര്‍സംഘചാലക് ആയിരുന്ന പ്രൊഫ. രാജേന്ദ്രസിംഗ് ഒരിക്കല്‍ തന്റെ കേരള സന്ദര്‍ശനവേളയില്‍ ഒരാഗ്രഹം പ്രകടിപ്പിച്ചു. സ്വയംസേവകരുടെ വീടുകളില്‍ പ്രഭാതകൃത്യങ്ങള്‍ ആരംഭിക്കുന്നത് ഏകാത്മതാസ്‌തോത്രത്തിലൂടെ ആയിരിക്കണം. അത് നടപ്പിലാക്കിയവരില്‍ സംഘചാലകന്മാരായ കേശവന്‍കുട്ടിയേട്ടനും പാലായിലെ ഡോക്ടര്‍ ചിദംബരനാഥും ഉള്‍പ്പെടുന്നു. കേശവന്‍കുട്ടിയേട്ടന്റെ പെണ്‍മക്കള്‍ ബാലഗോകുലത്തില്‍ സജീവമായിരുന്നു. സംഘാധികാരികളോട് സ്വാതന്ത്ര്യത്തോടെ പെരുമാറിയിരുന്ന അവര്‍ ഒരിടയ്ക്ക് നെത്തല്ലൂരിലെ ശാഖ നിന്നുപോയപ്പോള്‍ അത് അറിയിക്കാന്‍ പരമേശ്വര്‍ജിക്ക് കത്തെഴുതാനും മടിച്ചില്ല. രണ്ടാമത്തെ മകള്‍ ജ്യോതിയുടെ അകാലത്തിലുള്ള വേര്‍പാട് അവരെ തളര്‍ത്തിയിട്ടില്ല എന്ന് പറയാനാവില്ല. എന്നാല്‍ ആ വേര്‍പാട് ‘ജ്യോതിര്‍മയി ബാലികാസദനം’ എന്ന ബാലവികാസകേന്ദ്രത്തിന്റെ പിറവിയില്‍ കലാശിച്ചു. അച്ഛനായ ഗോപിനാഥക്കുറുപ്പിന്റെ സ്മരണാര്‍ത്ഥം ആരംഭിച്ച ഏകാത്മതാകേന്ദ്രം പോലെയൊരു സ്ഥാപനം കേരളത്തില്‍ മറ്റെവിടെയെങ്കിലും ഉണ്ടോ എന്നത് സംശയമാണ്. ഒരു മന്ദിരത്തിനുള്ളില്‍ നിരവധി കാര്യങ്ങള്‍-ധാര്‍മ്മികഗ്രന്ഥശാല, പ്രഭാഷണപരമ്പര, സത്സംഗം, സംസ്‌കൃതം, യോഗ, ഏകാദശി കൂട്ടായ്മ, കുടുംബയോഗങ്ങള്‍, ഹിന്ദുധര്‍മ്മപരിഷത്ത്, മെഡിക്കല്‍ ക്യാമ്പ്, സ്വയംസഹായസംഘം, സംഗീത-നൃത്തപരിശീലനങ്ങള്‍, വിദ്യാരംഭം തുടങ്ങിയ അനേകം മംഗളകാര്യങ്ങള്‍-ഇവയെല്ലാം നിര്‍വ്വഹിക്കുന്നത് സമൂഹത്തിലെ വിവിധ കൂട്ടായ്മകളാണ്. സ്വപ്രഭാനന്ദസ്വാമികള്‍, സ്വാമി വേദാനന്ദസരസ്വതി, ഡാന്‍സര്‍ ചെല്ലപ്പന്‍, ഭവാനീദേവി എന്നിവരുടെയെല്ലാം സമീപ്യം അവിടെയെത്തുന്ന കലാ-വിജ്ഞാനാര്‍ത്ഥികളായ ബാലികാബാലന്മാര്‍ക്ക് പലതവണ ലഭിക്കുകയുണ്ടായി.
പരസ്പരം ഉള്‍ക്കൊള്ളുക എന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. സംഘടനാപ്രവര്‍ത്തനത്തില്‍ സാമൂഹികസമരസത ഒരു പ്രേരണാവാക്യവുമാണ്. ശുഭാനന്ദഗുരുദേവാഘോഷങ്ങളുടെ ഭാഗമായി കറുകച്ചാലില്‍ നടത്തുന്ന നാമസങ്കീര്‍ത്തനവും ചിത്രം വഹിച്ചുകൊണ്ടുള്ള എഴുന്നള്ളത്തും ആരംഭിക്കുന്നത് ഏകാത്മതാകേന്ദ്രത്തില്‍ നിന്നാണ്. ഒരു വര്‍ഷം ഓണക്കാലത്ത് ഏകാത്മതാകേന്ദ്രത്തില്‍ ഒരു വട്ടമേശസമ്മേളനം കൂടുകയുണ്ടായി. അതില്‍ ഇരുപതോളം സമുദായനേതാക്കള്‍ പങ്കെടുത്തു. കണ്ണുതുറപ്പിക്കുന്നതും മനസ്സില്‍ തട്ടുന്നതുമായ ആശയവിനിമയങ്ങള്‍ അവിടെയുണ്ടായി. ”ഞങ്ങളുടെ സമുദായത്തില്‍ അവശേഷിക്കുന്നത് അഞ്ഞൂറുപേരാണ്. അതില്‍ എഞ്ചിനീയറിംഗ് തലത്തില്‍ വിദ്യാഭ്യാസം നേടിയ ഒരു വ്യക്തി മാത്രമേയുള്ളൂ. സമുദായത്തിന് ഒരു മന്ദിരം പണിയാന്‍ ഒരു തുണ്ട് ഭൂമിക്ക് സര്‍ക്കാരിന്റെ സഹായമല്ലാതെ ഞങ്ങള്‍ക്കെന്താണൊരു വഴി?” എന്നായിരുന്നു ഒരു സമുദായപ്രതിനിധിയുടെ വാക്കുകള്‍. സംഘപ്രവര്‍ത്തനം വ്യക്തികേന്ദ്രിതമല്ല, സമാജകേന്ദ്രീകൃതമാണ് എന്ന് പറയുമ്പോഴും വ്യക്തികള്‍ മുന്നിട്ടിറങ്ങുമ്പോള്‍ മറ്റുള്ളവരില്‍ ഊര്‍ജ്ജം നിറയുന്നു. അങ്ങനെ ഊര്‍ജ്ജസ്വലരായവരുടെ ഒരു കൂട്ടായ്മ സൃഷ്ടിക്കുകയും അവരെ സേവാസമൂഹമായി രൂപാന്തരപ്പെടുത്താന്‍ പ്രേരണ പകരുകയും ചെയ്തു എന്നുള്ളതാണ് ഇക്കഴിഞ്ഞ ദിവസം അന്തരിച്ച കേശവന്‍കുട്ടിയേട്ടന്റെ ജീവിതത്തില്‍നിന്ന് നാം വായിച്ചെടുക്കേണ്ടത്.
(ആര്‍.എസ്.എസ്. ദക്ഷിണ ക്ഷേത്രീയ കാര്യകാരി സദസ്യനാണ് ലേഖകന്‍)