നാലാം ദിവസമായ മാര്‍ച്ച് 31 വ്യാഴാഴ്ച രാവിലെ 7 മണിയോടെ അഞ്ച് ടെമ്പോ വാഹനങ്ങളിലായി വിന്ധ്യാചല യാത്രയ്ക്കു പുറപ്പെട്ടു. മഹിഷാസുരവധം നടന്ന പര്‍വ്വതമാണ് വിന്ധ്യാചലം. യാത്രാമദ്ധ്യേ ലാല്‍ഭൈരവ ക്ഷേത്രം. മഹാദേവന്റെ മറ്റൊരു ഭാവം. അതു ദര്‍ശിച്ചശേഷം യാത്ര തുടര്‍ന്നു മുന്നോട്ടു പോകുമ്പോള്‍ നാഗകുണ്ഡ് എന്ന അതിവിശാലമായ ഒരു കുളം കാണാം. അതിന്റെ നാലുവശത്തുനിന്നും ജിയോമെട്രിക് ആകൃതിയില്‍ പലതട്ടുകളായി കല്പ്പടവുകള്‍ കെട്ടി; അടിത്തട്ടുവരെ ഇറങ്ങിച്ചെല്ലാന്‍ പാകത്തിനാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന്റെ തട്ടുകളില്‍ ഇരുന്നു ധ്യാനിച്ചാല്‍ കുണ്ഡലിനീ ശക്തി പെട്ടെന്ന് ഉണരുമെന്നു പറയപ്പെടുന്നു. അവിടെ പല തട്ടുകളിലായി എല്ലാവരും കുറച്ചുനേരം ധ്യാനനിരതരായി ഇരുന്നു. വീണ്ടും യാത്ര തുടര്‍ന്നു. യാത്രാമദ്ധ്യേ വാഹനത്തില്‍ കരുതിയിരുന്ന പ്രഭാതഭക്ഷണം കഴിച്ചു. അവിടെ നിന്നും യാത്ര തുടര്‍ന്ന് വരുണാ നദിയുടെ തീരത്തുള്ള രാംഗയാഘാട്ട് എന്ന സ്ഥലത്തെത്തി. രാമനും സഹോദരന്മാരും ദശരഥന്റെ മരണ വാര്‍ത്തയറിഞ്ഞതിനുശേഷം പിതൃകര്‍മ്മം നടത്തിയ സ്ഥലമാണ് രാംഗയ. അവിടെ നദിയുടെ മദ്ധ്യത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന പരന്ന പാറയുടെ പുറത്ത് നിറയെ ശിവലിംഗങ്ങള്‍ കാണാം. തീരത്ത് രാമന്‍ തന്റെ കൈകൊണ്ട് പുഴയില്‍ നിന്നും ഒരുപിടി മണലെടുത്ത് ശിവലിംഗ രൂപം നിര്‍മ്മിച്ച് പ്രതിഷ്ഠിച്ച രാമേശ്വര ക്ഷേത്രവുമുണ്ട്. ആ ശിവലിംഗത്തിന് ഒരു മുഷ്ടിയോളം മാത്രമേ വലിപ്പമുള്ളൂ. അവിടെ നിന്നും യാത്ര തുടര്‍ന്ന് വഴിമദ്ധ്യേ പുരാതനമായ ഒരു ഗോശാലയിലെത്തി. ചതുരാകൃതിയിലുള്ള, ചുറ്റിലും മതില്‍കെട്ടി മറച്ച മതിലിനോടു ചേര്‍ന്ന് ഒരു കോമ്പൗണ്ട്. നാലു ചുറ്റും ഗോക്കള്‍ക്കു വിശ്രമിക്കാനുള്ള ഇടങ്ങള്‍. കരിങ്കല്‍ തൂണുകളില്‍ കോണ്‍ക്രീറ്റ് ചെയ്തതുപോലെ കരിങ്കല്‍ പാളികള്‍കൊണ്ടു മേല്‍ക്കൂര തീര്‍ത്തിരിക്കുന്നു. തറയിലും കരിങ്കല്‍ പാളികള്‍ വിരിച്ചിരിക്കുന്നു. കോമ്പൗണ്ടിനു നടുവിലായി വലിയ ജലസംഭരണി. ഗോക്കള്‍ക്കു ഭക്ഷണവും ജലവും കഴിക്കുവാനുള്ള കല്‍ത്തൊട്ടികള്‍. അക്കാലത്ത് ഗോക്കളെ എത്ര ശ്രദ്ധയോടെ പരിരക്ഷിച്ചിരുന്നു എന്ന് ഈ ഗോശാല കണ്ടാല്‍ മനസ്സിലാകും. കുറഞ്ഞത് ഒരു 50 പശുക്കള്‍ക്കെങ്കിലും വസിക്കാനുള്ള സൗകര്യമുണ്ട്. പക്ഷെ ഇപ്പോള്‍ അത് ഏതാണ്ടു ശൂന്യമാണ്. ഞങ്ങള്‍ ചൊല്ലുമ്പോള്‍ അവിടെ ഒരു പശുവിനെ മാത്രം കണ്ടു. ബാക്കിയിടങ്ങളെല്ലാം ശൂന്യമാണ്. തറയെല്ലാം നല്ലവൃത്തിയായി തേച്ചുകഴുകിയിരിക്കുന്നു. അടുത്തകാലത്തൊന്നും പശുക്കള്‍ വസിച്ച യാതൊരു ലക്ഷണവുമില്ല. അതുകൊണ്ടുതന്നെ വിശാലമായ ആ സ്ഥലത്തു വച്ച് ഞങ്ങള്‍ വണ്ടിയില്‍ കരുതിയിരിക്കുന്ന ഉച്ചഭക്ഷണം കഴിച്ചു. തുടര്‍ന്ന് വിന്ധ്യാചല പര്‍വ്വതത്തിലേയ്ക്കുള്ള യാത്ര. വിന്ധ്യാചലത്തില്‍ എത്തുന്നതിനു മുമ്പ് ‘മാ’ താരാ ശക്തിപീഠ് എന്ന ദേവീ ക്ഷേത്രം കാണാം. മാതൃഭാവത്തിലുള്ള ദേവിയുടെ ക്ഷേത്രമാണ് ഇത്. വളരെയധികം കല്‍പ്പടവുകള്‍ കയറി വേണം അവിടെയെത്താന്‍. കാളകൂടവിഷം കഴുത്തില്‍ കുടുങ്ങിപ്പോയ മഹാദേവനെ തന്റെ മുലപ്പാലൂട്ടി വിഷത്തെ നിര്‍വീര്യമാക്കിയ ദേവീഭാവത്തിലുള്ള പ്രതിഷ്ഠയാണ് ‘മാ’ താരാ ശക്തിപീഠ്. അടുത്തു തന്നെ കാളീ ഭാവത്തിലുള്ള പ്രതിഷ്ഠയുമുണ്ട്. വീണ്ടും കുത്തനെയുള്ള പടികള്‍ കയറിയാണ് കാളികോബ ഗുഹാക്ഷേത്രത്തിലെത്തുന്നത്. ഇപ്പോള്‍ താരാ ശക്തിപീഠില്‍ നിന്നും മുകളിലേക്ക് കേബിള്‍ കാര്‍ സൗകര്യവുമുണ്ട്. കേബിള്‍ കാറില്‍ മുകളില്‍ എത്തി അവിടെ നിന്നും ഒരു കിലോമീറ്റര്‍ നടന്നോ ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചോ കാളികോബ ഗുഹയിലെത്താം. അത് ദേവി വസിച്ച ഗുഹയാണെന്നു പറയപ്പെടുന്നു. കുനിഞ്ഞും മുട്ടുകുത്തിയും മാത്രമേ ഗുഹയ്ക്കുള്ളില്‍ കടക്കാനാകൂ. ഒരു വശത്തു കൂടി കടന്ന് ദേവിയെ ദര്‍ശിച്ച് മറുവശത്തു കൂടി പുറത്തു കടക്കാം. അതിനടുത്തു തന്നെയാണ് വിന്ധ്യാചല വാസിനി ക്ഷേത്രം. മഹിഷാസുരവധം കഴിഞ്ഞ ഭാവത്തിലുള്ള പ്രതിഷ്ഠ. അതു വലിയ ക്ഷേത്രമാണ്. അവിടെ യും പ്രതിഷ്ഠയുടെ ഭാഗം ഒരു ഗുഹതന്നെയാണ്. കുറച്ചു കൂടി വലുതാണെന്നുമാത്രം. അവിടെയും നല്ല ഭക്തജനത്തിരക്കാണ്. ദേവിയുടെ അനേകം ഭാവങ്ങളിലുള്ള പ്രതിഷ്ഠകള്‍ അവിടെ കാണാം. ലക്ഷ്മിയായും സരസ്വതിയായും, ദുര്‍ഗ്ഗയായും പാര്‍വ്വതിയായും ഒക്കെയുള്ള ഭാവങ്ങള്‍. ത്രിമൂര്‍ത്തികള്‍ ഒരുമിച്ചുചേര്‍ന്ന അഷ്ടഭുജപ്രതിഷ്ഠയും കാണാം. വിന്ധ്യാചല പര്‍വ്വതത്തിലെ, മഹിഷാസുരമര്‍ദ്ദിനി ഭാവത്തിലുള്ള വിന്ധ്യാചല വാസിനിയെ ദര്‍ശിച്ചശേഷം മലയിറങ്ങി സന്ധ്യയോടെ വീണ്ടും താമസസ്ഥലത്തെത്തി. അങ്ങനെ 4-ാം ദിവസത്തെ യാത്രയും പൂര്‍ത്തിയായി.
5-ാം ദിവസമായ ഏപ്രില്‍ ഒന്ന് വെള്ളിയാഴ്ച അതിരാവിലെ തന്നെ എല്ലാവരും കുളിച്ചു തയ്യാറായി വരാഹിക്ഷേത്രം കാണുവാന്‍ പുറപ്പെട്ടു. കുറച്ചകലെയായതുകൊണ്ട് വാഹനങ്ങളിലാണ് പുറപ്പെട്ടത്. ദിവസവും രാവിലെ 5 മണി മുതല്‍ 7 മണി വരെ മാത്രമേ ക്ഷേത്ര നട തുറന്നിരിക്കുകയുള്ളൂ. കാശിയിലെ രാത്രികളുടെ കാവല്‍ക്കാരിയാണ് വരാഹി ദേവി. രാത്രി മുഴുവനും ഉണര്‍ന്നിരിക്കുന്ന ദേവി രാവിലെ 5 മണിക്ക് ക്ഷേത്രത്തില്‍ മടങ്ങിയെത്തും. 7 മണിയാകുമ്പോള്‍ ദേവി ഉറങ്ങാന്‍ പോകും എന്നാണു സങ്കല്പം. അതുകൊണ്ടാണ് ഈ സമയക്രമം. പക്ഷെ ഭക്തജനത്തിരക്ക് അധികമാകുമ്പോള്‍ ഈ സമയം 10 മണിവരെയൊക്കെ നീളും. കാശിയുടെ കാവല്‍, പകല്‍ സമയം ഭൈരവനും രാത്രി വരാഹിദേവിയുമാണെന്നാണു സങ്കല്പം. ഭൂനിരപ്പില്‍ നിന്നും താഴെയായി ഭീമാകാരമായ ഒരു ദേവീ പ്രതിഷ്ഠ. അതുകൊണ്ട് പാതാളവരാഹി എന്നും പേരുണ്ട്. ചെമ്പരത്തിപ്പൂ മാലയാണ് ഇവിടുത്തെ പ്രധാന വഴിപാട്. ഭക്തജനങ്ങള്‍ മുകളിലെത്തെ നിലയില്‍ നിന്നും താഴത്തെ നിലയിലുള്ള ഒരു മുറിയിലേക്കു നോക്കുന്നതുപോലെയാണ് ദേവീദര്‍ശനം നടത്തുന്നത്. ഭക്തജനങ്ങള്‍ ഒരു കിണറിനെ എന്നവണ്ണം ചുറ്റി നടന്നാണ് ദര്‍ശനം നടത്തുന്നത്. കിണറിന്റെ മതിലുപോലെ ചുറ്റി നടന്നുപോകുന്ന ഭാഗത്ത് ശക്തമായ ഇരുമ്പു വേലിയുണ്ട്. മുകളില്‍ നിന്നും പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു. അതിഭയങ്കരമായ തിരക്കായിരുന്നു അവിടെ. രണ്ടടിയോളം മാത്രം വീതിയുള്ള ഗലികളിലൂടെ വളരെ ദൂരം ക്യൂവായി നടന്നാണ് അവിടെ എത്തിയത്. നീണ്ടക്യൂവും തിരക്കും എല്ലാവരെയും ക്ഷീണിതരാക്കി. ദര്‍ശനം കഴിഞ്ഞിറങ്ങുന്നത് ഗംഗയുടെ തീരത്തേക്കാണ്. അവിടെ നിന്നും ഞങ്ങളുടെ വാഹനം കിടക്കുന്ന സ്ഥലത്തേക്കു ചെല്ലണമെങ്കില്‍ ഇതുപോലെയുള്ള ഇടുങ്ങിയ ഇടവഴികളിലൂടെ വീണ്ടും വളരെ ദൂരം സഞ്ചരിക്കണം. അതുകൊണ്ട് അവിടെ നിന്നും രണ്ടു വലിയ വള്ളങ്ങളില്‍ ഞങ്ങള്‍ ഗംഗയിലൂടെ അസിഘട്ടിലേക്കു യാത്ര ചെയ്ത് ഹോട്ടലില്‍ എത്തി. അവിടെ പ്രഭാതഭക്ഷണം തയ്യാറായിരുന്നു. അതു കഴിച്ചു. അപ്പോഴേക്കും വാഹനങ്ങള്‍ ഹോട്ടലിനുമുന്നിലെത്തി. അതില്‍ കയറി ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി ക്യാമ്പസ് സന്ദര്‍ശിക്കുവാന്‍ പുറപ്പെട്ടു. കിലോമീറ്ററുകളോളം നീളുന്ന അതിബൃഹത്തായ ഒരു ക്യാമ്പസ്. നടന്നു കാണുവാന്‍ സാധ്യമല്ല. വാഹനത്തില്‍ ഇരുന്നുതന്നെ ക്യാമ്പസിന്റെ വിവിധ ഭാഗങ്ങള്‍ ദര്‍ശിച്ചു. വിശാലവും സുന്ദരവുമായ ക്യാമ്പസ്. വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ ബാനറുകളോ കൊടികളോ ഒന്നും ഒരിടത്തും കാണാനില്ല. ആ ക്യാമ്പസിനകത്തും ഒരു വിശ്വനാഥ ക്ഷേത്രമുണ്ട്. ശാന്തസുന്ദരമായ സ്ഥലം. ക്യാമ്പസ് ചുറ്റി സഞ്ചരിച്ചു കണ്ടതിനു ശേഷം വീണ്ടും ഹോട്ടലില്‍ തിരികെയെത്തി. അപ്പോഴേക്കും ഉച്ചഭക്ഷണത്തിനു സമയമായി.
ഉച്ചഭക്ഷണത്തിനു ശേഷം വാഹനത്തില്‍ സാരാനാഥിലേക്കു പുറപ്പെട്ടു. ബോധഗയയില്‍ വെളിപാടു നേടിയ ശ്രീബുദ്ധന്‍ തന്റെ ആദ്യ പ്രഭാഷണം നടത്തിയത് സാരാനാഥില്‍ വച്ചാണ്. കാശിയുടെ ആത്മീയ പ്രഭാവം മനസ്സിലാക്കിയതുകൊണ്ടാണ് ശ്രീബുദ്ധന്‍ തന്റെ ധര്‍മ്മമാര്‍ഗ്ഗത്തിനു തുടക്കം കുറിക്കുവാന്‍ ഇവിടം തെരഞ്ഞെടുത്തത് എന്നു പറയപ്പെടുന്നു. പിന്നീട് ബുദ്ധമതം സ്വീകരിച്ച അശോകചക്രവര്‍ത്തി, ആ പ്രഥമ ബോധനത്തിന്റെ സ്മരണയ്ക്കായി ഈ സ്ഥലത്ത് വലിയ സ്തൂപങ്ങളും അശോക സ്തംഭങ്ങളും ബുദ്ധസന്യാസി മഠങ്ങളും പണിതു. ഇന്ന് ഇതിന്റെ തൂണുകളും അവശിഷ്ടങ്ങളും തറകളും മാത്രമേ ബാക്കിയുള്ളൂ. മുഗള്‍ ആക്രമണങ്ങളിലും ഭൂചലനത്തിലും പലതും മണ്ണടിഞ്ഞുപോയി. പിന്നീട് ഉദ്ഖനനത്തിലൂടെ പുറത്തുവന്ന ശേഷിപ്പുകള്‍ ഇന്ന് പുരാവസ്തു സംരക്ഷണവകുപ്പിന്റെ കീഴില്‍ ഇവിടെ സംരക്ഷിച്ചുവരുന്നു. ടിക്കറ്റ് എടുത്തുവേണം അകത്തു പ്രവേശിക്കുവാന്‍. നമ്മുടെ പൗരാണിക സംസ്‌കാരം എത്ര മഹത്തരമായിരുന്നു എന്ന് ഈ കാഴ്ചകള്‍ നമ്മെ ഓര്‍മ്മിപ്പിക്കും. തൊട്ടടുത്തു തന്നെയാണ് ബുദ്ധസന്ന്യാസിമാര്‍ ആരാധിച്ചുവരുന്ന മഹാബോധിക്ഷേത്രം. അനാഗരിക ധര്‍മ്മ പാല എന്ന ബുദ്ധ സന്യാസി സ്ഥാപിച്ചതാണ് ഈ ക്ഷേത്രം. ഇവിടെ ഇപ്പോഴും ആരാധനകള്‍ നടക്കുന്നു. എല്ലാവര്‍ക്കും പ്രവേശിക്കാം. തൊട്ടു ചേര്‍ന്ന് മാനുകള്‍ യഥേഷ്ടം മേഞ്ഞു നടക്കുന്ന ഒരുപുല്‍മേട്. കുറച്ചകലെയായി ഒരു ജൈന ക്ഷേത്രവുമുണ്ട്. അങ്ങോട്ടു ഞങ്ങള്‍ പോയില്ല. അതിനുശേഷം കുറച്ചുപേര്‍ ബനാറസ് സില്‍ക്ക് സാരിയും മറ്റു വാങ്ങാനായി അടുത്തുള്ള കൈത്തറി സ്റ്റാളുകളിലും മറ്റും കയറി. രാത്രിയോടെ ഹോട്ടല്‍ മുറിയില്‍ തിരിച്ചെത്തി. അങ്ങനെ അഞ്ച് ദിവസത്തെ കാശി ദര്‍ശനം പൂര്‍ത്തിയായി.
പിറ്റേന്ന് ഏപ്രില്‍ രണ്ട് ശനിയാഴ്ച അതിരാവിലെ ഗംഗാതീരത്തുള്ള അസിഘാട്ടിലെത്തി. സൂര്യോദയം കണ്ടുതൊഴുതു. ഗംഗാതീരത്ത് വിശിഷ്ടമായ സമര്‍പ്പണപൂജ ചെയ്തു. പുലര്‍കാലത്ത് ഗംഗാ തടത്തിലെ ശിവപൂജ അവിസ്മരണീയമായി. ഉദയസൂര്യനെ സാക്ഷിയാക്കി ഗംഗയിലെ അടിത്തട്ടിലെ മണ്ണുകൊണ്ട് സ്വയം ശിവലിംഗങ്ങള്‍ നിര്‍മ്മിച്ച്, ഗംഗാജലംകൊണ്ട് അഭിഷേകം ചെയ്ത് വില്വദളങ്ങളും പുഷ്പങ്ങളുംകൊണ്ട് അതില്‍ അര്‍ച്ചന ചെയ്ത് ഭസ്മവും കുങ്കുമവും കൊണ്ട് അലങ്കരിച്ച് ദീപം കൊണ്ട് ആരതി ചെയ്തു. അതിനായി ഓരോരുത്തരും ചിരാതുകള്‍ കരുതിയിരുന്നു. മുജ്ജന്മസുകൃതം കൊണ്ടാണ് ഇതൊക്കെ സാധ്യമായത്. ഹൃദയം ആനന്ദത്താല്‍ നിറഞ്ഞ് നേത്രങ്ങളിലൂടെ ഗംഗയായി ഒഴുകി. അങ്ങനെ എല്ലാം കൊണ്ടും അര്‍ത്ഥപൂര്‍ണ്ണമായ ഒരു കാശിയാത്ര പൂര്‍ത്തിയായി.
(അവസാനിച്ചു)