ആദിപരാശക്തിയായ അമ്മയുടെ അരികിലേക്ക്-അക്ഷരാത്മികതയുടെ തിരുമുറ്റമായ ശ്രീ കൊല്ലൂര്‍ മൂകാംബിക ദേവീക്ഷേത്ര സന്നിധിയിലേക്ക്- എല്ലാ വര്‍ഷവും മുടങ്ങാതെ യാത്ര പോയിതുടങ്ങിയിട്ട് ഇപ്പോള്‍ ഏകദേശം ഒരു പതിറ്റാണ്ടിലേറെ കാലമായിട്ടുണ്ടാവണം. എന്നിട്ടും കുടജാദ്രി ഒരു വിദൂര സ്വപ്‌നമായി തന്നെ അവശേഷിച്ചു. പലപ്പോഴും സാഹചര്യങ്ങെളല്ലാം ഒത്തുവന്നിട്ടും സ്വമേധയാ ഉളള പിന്മാറല്‍, മറ്റു ചിലപ്പോള്‍ ഒരു സാഹസിക യാത്രയോടുളള ഭയം, ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാതെ പോയി തിരിച്ചു വരാന്‍ പറ്റുമോ എന്ന ആശങ്ക – അങ്ങനെ നിരവധി തവണ മുടക്കം വന്ന യാത്രയ്ക്ക് ഈ പ്രാവശ്യമായിരുന്നു വീണ്ടും നിയോഗം.
എല്ലാ വര്‍ഷങ്ങളില്‍ നിന്നും വിഭിന്നമായി ഈ തവണ അമ്മയുടെ തിരുമുന്‍പില്‍ തൊഴാന്‍ വേണ്ടി എത്തിച്ചേര്‍ന്നത് ഉച്ചപ്പൂജയുടെ നേരത്താണ്. ശിലാമയ സൗന്ദര്യത്തില്‍ തിളങ്ങിനിന്ന ക്ഷേത്രത്തില്‍ ശീവേലി എഴുന്നളളത്ത് നടക്കുന്നു. സര്‍വ്വാഭരണവിഭൂഷിതയായി തിളങ്ങിനിന്ന ദേവീവിഗ്രഹത്തെ, ദീപപ്രഭയില്‍, തൊഴുതു നിന്നു. ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം.
അമ്മയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ അറിയാതെ തുളുമ്പുന്ന കണ്ണീരാണ് എന്നും എന്റെ ഏറ്റവും വലിയ ധ്യാനമന്ത്രം. എനിക്കറിയാം അവിടെ വേണ്ടത് ആഗ്രഹങ്ങളുടെ നീണ്ട പട്ടികകള്‍ നിരത്തുകയല്ല, മറിച്ച് ആത്മസമര്‍പ്പണമാണ്. എന്നാലും ജീവിതത്തില്‍ കണ്ടുമുട്ടുന്ന ചില മുഖങ്ങള്‍, അവരുടെ ദുഃഖങ്ങള്‍ കൂപ്പുകൈയോടെ നില്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ തെളിയാറുണ്ട്.
അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാറുണ്ട്. അവരുടെയെല്ലാം സ്‌നേഹവും സഹകരണവും കരുതലും കൂടിച്ചേരുന്നതാണല്ലോ എന്റെയും ജീവിതം.
അലങ്കാരപൂജയുടെ മന്ത്രധ്വനികള്‍ മുഴങ്ങുന്ന പശ്ചാത്തലത്തില്‍ എന്റെ പ്രാര്‍ത്ഥന ഇതായിരുന്നു. ആഗ്രഹിക്കുന്നില്ല ഒന്നും. അമ്മ നല്‍കുന്നത് സ്വീകരിക്കുക എന്നല്ലാതെ ഒന്നിനും എനിക്ക് തനിച്ചാവില്ല. ജീവിതത്തിന്റെ ചില പ്രതിസന്ധിഘട്ടങ്ങളില്‍ ആ തിരുമുന്‍പില്‍ നിര്‍വികാരമായി ഞാന്‍ തൊഴുതു നിന്ന സമയത്തും ഇതുതന്നെയാണല്ലോ പ്രാര്‍ത്ഥിച്ചത്- ഇനി പ്രാര്‍ത്ഥിക്കാന്‍ പോകുന്നതും.
ക്ഷേത്രത്തിന് പുറത്തിറങ്ങിയപ്പോള്‍ ഈ പ്രാവശ്യം എന്തായാലും കുടജാദ്രിയില്‍ പോയേ തീരൂ എന്ന ഒരു തോന്നല്‍. മൂന്നുമാസം മുന്‍പ് വലതു കൈക്ക് സംഭവിച്ച പരിക്ക് ഇപ്പോഴും ഭേദമായിട്ടില്ല. കൂട്ടത്തില്‍ മറ്റു ചില ആരോഗ്യപ്രശ്‌നങ്ങളും- എന്നിട്ടും മറ്റൊന്നും ആലോചിക്കാനില്ലാത്ത പോലെ കുടജാദ്രി യാത്രയ്ക്ക് ആള് തികയാന്‍ വേണ്ടി കാത്തിരുന്ന ജീപ്പില്‍ കയറി ഇരുന്നു. വര്‍ഷങ്ങളായി മനസ്സില്‍ മഞ്ഞുമൂടി കിടന്നിരുന്ന കുടജാദ്രി കുന്നുകളുടെ നിഗൂഢ സൗന്ദര്യം- നേരിട്ടറിയാന്‍ ഏതോ അനുഗ്രഹം എന്ന പോലെ എനിക്ക് ലഭിച്ച യാത്ര!
അതെ – ഞാനും യാത്ര തിരിക്കുകയാണ്. അപൂര്‍ണ്ണ സങ്കല്‍പങ്ങളില്‍ മനസ്സ് മേഞ്ഞ് നടന്ന എന്റെ ഭൂതകാലത്തിന്റെ കുളിരോര്‍മ്മയായ പച്ചത്തുരുത്തുകളിലേക്ക്..!
ഏകദേശം 5 കി.മീ. സാമാന്യമായ കയറ്റമേ ഉണ്ടായിരുന്നുളളൂ. പിന്നീട് കാട്ടുപാതയിലൂടെ ജീപ്പ് നീങ്ങി ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോഴാണ് യാത്രയുടെ കാഠിന്യം തിരിച്ചറിയാന്‍ കഴിഞ്ഞത്. ആടിയുലഞ്ഞ് നിലത്തുമല്ല, അന്തരീക്ഷത്തിലുമല്ല എന്ന വിധം അപകടം നിറഞ്ഞ വളവും തിരിവും കുത്തനെയുളള കയറ്റവും ഇറക്കവുമുളള വഴിയിലൂടെ അതിവേഗം പാഞ്ഞുകൊണ്ടിരുന്ന ജീപ്പില്‍ ഭീതിയോടെ ഇരുന്ന എന്റെ ഹൃദയമിടിപ്പ് ഒരുപക്ഷേ, താഴെ ക്ഷേത്രത്തില്‍ തൊഴാന്‍ നിന്നവര്‍ പോലും കേട്ടു കാണണം. വീണ്ടും ചഞ്ചലപ്പെട്ട മനസ്സ്, വേണ്ടിയിരുന്നില്ല ഈ യാത്ര എന്ന കുറ്റബോധം. ഉയരുന്ന പൊടിപടലങ്ങള്‍ ഞങ്ങളെ മൂടുന്നുണ്ടായിരുന്നു. കാട്ടുമരങ്ങള്‍ക്കിടയില്‍ കൂടി, ചിലച്ചു കൊണ്ട് പറന്നു പോയ പക്ഷികളേയും അപൂര്‍വ്വശലഭങ്ങളെയും സാക്ഷിയാക്കി, വനാന്തരങ്ങളിലൂടെ യാഗാശ്വത്തെപ്പോലെ കുതിച്ചു കൊണ്ടിരുന്ന ജീപ്പിലിരുന്ന് കൃത്യമായ ഇടവേളകളില്‍ എത്താറായോ എന്ന് ഞാന്‍ ചോദിച്ചു കൊണ്ടിരുന്നു. ശരിയാണ് മറ്റുളള എല്ലാവരും ആ സാഹസിക യാത്ര ആസ്വദിച്ചപ്പോള്‍ ഭയപ്പെട്ടത് ഞാന്‍ മാത്രമായിരുന്നിരിക്കണം.
ഏകദേശം യാത്രപുറപ്പെട്ട് ഒന്നരമണിക്കൂറിനുശേഷം ഒരു യജ്ഞം പൂര്‍ത്തീകരിച്ചവിധം കിതച്ചുകൊണ്ട് ജീപ്പ് കുടജാദ്രിയുടെ അടിവാരത്തിലെത്തി. വേറിട്ടൊരു ലോകത്തില്‍ എത്തിയതുപോലെ ഞാന്‍ ചുറ്റും നോക്കി. ദേവീദേവസങ്കല്പങ്ങളുടെ ചുവര്‍ച്ചിത്രമെന്നപോലെ ആകാശത്തില്‍ തെളിഞ്ഞ രൂപങ്ങളെ വെണ്‍ചാമരം വീശി കടന്നുവന്ന മഞ്ഞുപാളികളെ-ശങ്കരധ്യാനത്തില്‍ ലയിച്ചു കിടക്കുന്ന കുടജാദ്രി കുന്നുകളെ- വേനലിന്റെ ഉഗ്രപ്രഭാവം അവയേയും ബാധിച്ചിരുന്നുവോ? തപസ്സിന് ഭംഗം വന്ന മുനിവര്യന്റെ അസ്വസ്ഥത പ്രകടമാക്കുന്നവിധം ശാന്തതയുടെ പച്ചപ്പ് നഷ്ടപ്പെട്ട വരണ്ടുണങ്ങിയ മുഖഭാവമാണ്- ആ കുന്നുകള്‍ക്ക് എന്നു തോന്നി.
‘ഇതാണ് ദേവിയുടെ മൂലസ്ഥാനം-തൊഴുതോളൂ.’
പ്രായം ചെന്ന ഒരു സ്ത്രീ അരികിലെത്തി പറഞ്ഞു. അവര്‍ എല്ലാം പരിചയപ്പെടുത്തി. ശാക്തേയ പൂജയാണ് ഇവിടെ പ്രധാനം. തൊട്ടപ്പുറത്ത് കാലഭൈരവന്‍ എന്ന ഉഗ്രമൂര്‍ത്തിയുടെ ശിലാ വിഗ്രഹമാണ്. അതിനോട് ചേര്‍ന്ന് കാണാം. പാറയില്‍ തറച്ചിരിക്കുന്ന ഭീമാകാരമായ ശൂലം.
ക്ഷേത്രപൂജാരി നല്‍കിയ ചുവന്ന കുങ്കുമം നെറ്റിയില്‍ തൊട്ട് വീണ്ടും മലകയറ്റത്തിനൊരുങ്ങി. മുകളില്‍ ഗണപതി ഗുഹയും കടന്ന് മുന്നോട്ട് പോകുമ്പോഴാണ് സര്‍വ്വജ്ഞപീഠം. ശങ്കരാചാര്യരുടെ കാലത്ത് നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്നു. പിന്നീടാണ് ചിത്രമൂലയെന്ന ഗുഹാതലം. ഉയര്‍ന്ന പര്‍വ്വതനിരകളില്‍ നിന്നും തളളിനില്‍ക്കുന്ന പാറയുടെ പിളര്‍പ്പ്. മുന്‍പ് പോയിരുന്ന സഞ്ചാരികളിലൊരാള്‍ വിശദീകരിച്ചു.
ഒന്നരമണിക്കൂറാണ് ജീപ്പ് ഡ്രൈവര്‍ അനുവദിച്ചിരിക്കുന്ന സമയം. വേരുകളിലും കമ്പുകളിലും പിടിച്ച് കുത്തനെയുളള കയറ്റത്തെ കീഴടക്കാന്‍ ഏറെ പണിപ്പെട്ടു. എന്നിട്ടും നെറുകയിലേക്ക് എത്താന്‍ എന്റെ ആരോഗ്യസ്ഥിതി അനുവദിച്ചില്ല. തുടര്‍ന്നുളള സാഹസികയാത്ര ഉപേക്ഷിച്ച് ഞാന്‍ വീണ്ടും ദേവിയുടെ മൂലസ്ഥാനത്തേക്ക് മടങ്ങാന്‍ തീരുമാനിച്ചു.
മുകളിലേക്ക് എത്താന്‍ കഴിയാതെ പോയ നിരാശയില്‍, താഴെയുളള പാറക്കൂട്ടങ്ങള്‍ക്കരികില്‍ ഇരിക്കുകയാണ് ഞാന്‍. കോടമഞ്ഞ് വന്ന് ശാന്തമായി എന്നെ തഴുകി കടന്നു പോകുന്നു. എനിക്ക് ഞാനായി മാറാന്‍ ലഭിച്ച ധന്യമുഹൂര്‍ത്തം. അമ്മേ-ദേവീ ആ തിരുമുമ്പില്‍ ഞാന്‍ ഇത്തിരി നേരം ധ്യാനനിമഗ്നയാകട്ടേ- ദേവീ ചൈതന്യത്തിന്റെ മൗനാനുവാദം. ആ നിമിഷം എനിക്ക് വേണ്ടിയിരുന്നു. ശ്രീമാതാ-എന്ന ശബ്ദത്തോടെ തുടങ്ങുന്ന ലളിതസഹസ്രനാമത്തിന്റെ വരികളോര്‍ത്ത് ഞാനിരുന്നു. അതെ മനസ്സും വാക്കും ഇണചേര്‍ന്ന പ്രപഞ്ചം നിന്റെ രണ്ടാമത്തെ ആത്മാവാകുന്നു എന്ന ആചാര്യമന്ത്രം അര്‍ത്ഥവത്തായി തോന്നിയ നിമിഷം.
പക്ഷേ അപ്പേഴേക്കും ഞാന്‍ മാറിയിരുന്നു! ഓടിട്ട വീടിന്റെ ഉമ്മറക്കോലായിലിരിക്കുന്ന പെണ്‍കുട്ടിയായി കൈയിലിരുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിലെ മഹാനായ എം.ടി.യുടെ നീണ്ട കഥ ‘വാനപ്രസ്ഥം’ വായിച്ച് ഉയര്‍ന്നു വന്ന തേങ്ങല്‍ പുറത്തേക്ക് വരാതെ അവള്‍ ശ്രദ്ധിച്ചിരുന്നു. അന്ന് ഞാന്‍ ഉള്ളില്‍ കരയുകയാണ് എന്ന് തിരിച്ചറിഞ്ഞത് മുറ്റത്ത് പൂവിട്ടു നിന്ന ഗന്ധരാജന്‍ ചെടിമാത്രമാണ്. ചിരിച്ചും കളിച്ചും നടക്കുന്നവരുടെയിടയില്‍ പരിത്യക്തയെന്ന പോലെ ഒറ്റപ്പെടലിന്റെ തേങ്ങലുമായി കഴിഞ്ഞിരുന്ന എന്നെ മനസ്സിലാക്കിയിരുന്നത് അതിന്റെ സൗരഭ്യം പരത്തിയിരുന്ന വെളള പൂക്കള്‍ മാത്രമായിരുന്നു.
എന്നാല്‍ കാലത്തിന്റെ ഉണങ്ങിയ ചില്ലയായി ആ ഗന്ധരാജന്‍ ചെടിയും മാറിയെന്ന് ഞാന്‍ തിരിച്ചറിഞ്ഞപ്പോഴേക്കും പരിചയമില്ലാത്ത ഋതുക്കള്‍ പലവട്ടം എന്റെ മുന്നിലൂടെ കടന്നു പോയിരുന്നു. അതെ-എന്നെ മൂകാംബികയോടും കുടജാദ്രിയോടും കൂടുതല്‍ അടുപ്പിച്ചത് കേവലം കലാസൃഷ്ടികള്‍ മാത്രമല്ലാതെ ഇതാണ് ജീവിതമെന്ന് തോന്നിപ്പിച്ച മൂകാംബികാ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച സിനിമകള്‍- സോപാനവും, തീര്‍ത്ഥാടനവും ആയിരുന്നു. ഭാവനയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറം ജീവിതത്തിന്റെ നിസ്സഹായതയുടെ നിഴല്‍ പരന്നു കിടക്കുന്നു എന്ന് പക്വതെയത്താത്ത എന്റെ മനസ്സിനെ പഠിപ്പിച്ച വാനപ്രസ്ഥം എന്ന ചെറുകഥ തീര്‍ത്ഥാടനം എന്ന പേരില്‍ സിനിമയാകുന്നു എന്നറിഞ്ഞപ്പോള്‍ ഈ ലോകത്ത് ഏറ്റവും കൂടുതല്‍ സന്തോഷിച്ച ഒരാള്‍ ഞാനായിരുന്നു. കാരണം കരുണാകരന്‍ മാഷും ശിഷ്യയായ വിനോദിനിയും – കുറച്ചു നിമിഷം വെളളിത്തിരയില്‍ എങ്കിലും ജീവിച്ചു കാണണമെന്നത് അന്നത്തെ എന്റെ നിഷ്‌ക്കളങ്ക മനസ്സിന്റെ ഒരാവശ്യം കൂടിയായിരുന്നല്ലോ?
അല്ലെങ്കിലും ഒരുകാരണവുമില്ലാതെ കാലം ആരേയും ആരിലേക്കും അടുപ്പിക്കുന്നില്ലല്ലോ? കഥയിലായാലുംജീവിതത്തിലായാലും!
പിന്നീട് എങ്ങനേയും മൂകാംബികയില്‍ പേയേ തീരൂ എന്ന തീവ്രമായ ആഗ്രഹം ഉളളില്‍- ദൂരെയുളള അമ്പലത്തിലേക്ക് പോകാനുളള ബുദ്ധിമുട്ടുകള്‍ മറുവശത്തും. നടക്കാതെ പോയ ആഗ്രഹങ്ങളുടെ പട്ടികയില്‍ എന്റെ മൂകാംബികായാത്രയും ഉള്‍പ്പെടുത്തി ഇരിക്കുന്ന സമയത്താണ് ജീവിതത്തില്‍ എന്നും അതിശയിപ്പിച്ച ആ കാര്യവും അറിഞ്ഞത്. മൂകാംബിക യാത്ര ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാളെത്തന്നെയാണ് ജീവിതപങ്കാളിയായി ലഭിച്ചത് എന്നത് ഒരു അതിശയമായി ജീവിതത്തിന്റെ കല്പ്പടവുകളിലിരുന്ന് പലപ്പോഴും വിചാരിക്കുമ്പോഴെല്ലാം വാനപ്രസ്ഥത്തിലെ അവസാന വാചകം അടിവരയിട്ട് എന്നോട് മന്ത്രിക്കാറുണ്ട്.
‘എല്ലാം അമ്മ നിശ്ചയിച്ചതാണ്. നേരത്തെ നിശ്ചയിച്ചതാണ്.’ പിന്നീട് എത്രയോ മൂകാംബികാ യാത്രകള്‍. മകന്റെ എഴുത്തിനിരുത്തുമായി ബന്ധപ്പെട്ട് ജനുവരി പത്തിന് ക്ഷേത്രത്തിലെത്തിയപ്പോള്‍ ഗാനഗന്ധര്‍വ്വന്‍ സരസ്വതീ മണ്ഡപത്തിലിരുന്ന് കീര്‍ത്തനം ആലപിക്കുന്നത് കാണാനായതും മഹാഭാഗ്യം.
കുടജാദ്രി നെറുകയില്‍ പോയി ക്ഷീണിച്ച് വരുന്നവരുടെ കൂട്ടത്തില്‍ ഭര്‍ത്താവും കുട്ടികളുമുണ്ട്. കുട്ടികളുടെ അതിശയോക്തി നിറഞ്ഞ വര്‍ണ്ണനകള്‍ -അമ്മ വരാതിരുന്നത് നന്നായി -അത്ര വലിയ കയറ്റമാണ്. കുടജാദ്രിനെറുകയില്‍ കണ്ട കാഴ്ചകള്‍ വര്‍ണ്ണിക്കുമ്പോള്‍ എന്റെ കൈകളില്‍ അവര്‍ മുറുകെ പിടിച്ചിരുന്നു.
നിശ്ശബ്ദതയുടെ സൗന്ദര്യശാസ്ത്രം പഠിപ്പിക്കുന്ന കുടജാദ്രിക്കുന്നുകളില്‍ നിന്നും തിരികെ യാത്രക്ക് ഞങ്ങള്‍ ഒരുങ്ങുകയാണ്. അനുവദിച്ചിരുന്ന സമയത്തിനും 1 മണിക്കൂര്‍ വൈകിയതിന്റെ അക്ഷമ പുറത്ത് പ്രകടമാക്കി പരുക്കന്‍ സ്വഭാവമെന്ന് തോന്നിച്ച ഡ്രൈവര്‍, അമിതവേഗത്തില്‍ ഇല്ലാത്ത റോഡിലൂടെ ഞങ്ങളേയും കൊണ്ട്പായുകയാണ്.
എനിക്ക് കേള്‍ക്കാം, മരക്കൂട്ടങ്ങളുടെ ഇടയില്‍ നിന്നും വരുന്ന കാറ്റിന്റെ ശ്രുതിയില്‍ ഭക്തിസാന്ദ്രമായ കുടജാദ്രിയുടെ സംഗീതം കാടിന്റെ വന്യമായ താളം.
പ്രകൃതിയിലെ സജീവതയ്ക്ക് പൗരാണികര്‍ നല്‍കിയ വേറിട്ട ആവിഷ്‌ക്കാരമാണ് സരസ്വതി സങ്കല്‍പമെന്ന് വായിച്ചിട്ടുണ്ട്. അത് വ്യക്തമാകുന്നതായിരുന്നു കാട്ടുപാതയിലൂടെയുളള ആ യാത്ര.
ചിത്രമൂലയില്‍ ഏത് കാലത്തും വെള്ളമുണ്ടെന്നും അവിടെ നിന്ന് നോക്കിയാല്‍ താഴേക്കുളള കാഴ്ച മനോഹരമാണെന്നും, കോലമഹര്‍ഷി തപസ്സ് ചെയ്തത് അവിടെയായിരുന്നു എന്നും കുടജാദ്രിയില്‍ നിന്ന് 64 പുണ്യതീര്‍ത്ഥങ്ങള്‍ ഉത്ഭവിക്കുന്നു എന്നുമൊക്കെ ലഭിച്ച അറിവുകള്‍-ഞാന്‍ കാണാതെ പോയ കാഴ്ചകള്‍-ജീപ്പിലിരുന്ന് മറ്റുളളവര്‍ പറയുന്നുണ്ടായിരുന്നു.
ഏകദേശം ഒന്നരമണിക്കൂറിന് ശേഷം വീണ്ടും അമ്പലത്തിന് അടുത്തെത്തി. ഒരു സാഹസിക യാത്ര അവസാനിച്ചതിന്റെ ദീര്‍ഘനിശ്വാസത്തിലും, ആരോ ഓര്‍മ്മിപ്പിക്കുന്നുണ്ടായിരുന്നു. ഇതാണ് ജീവിതവും-ദുര്‍ഘടമായ പാതകള്‍ താണ്ടാന്‍ മനസ്സുണ്ടായാല്‍ മതി. ലക്ഷ്യസ്ഥാനത്ത് എത്താന്‍. സന്ധ്യാസമയമായിരിക്കുന്നു. അമ്പലത്തില്‍ നിന്ന് വാദ്യഘോഷങ്ങളുടെ ഭക്തിസാന്ദ്രമായ ഈണം. ക്ഷേത്രത്തില്‍ നിന്നും ദേവി ശീവേലിക്ക് പുറത്തേക്കെഴുന്നള്ളുന്നു. ശമ്മേഡയുടെയും ഡോലിന്റെയും താളങ്ങള്‍ – മൗറിയില്‍ നിന്ന് മനോഹരമായ കുഴല്‍ വിളികള്‍.
വീണ്ടും എന്റെ മുന്നില്‍ തീര്‍ത്ഥാടനം സിനിമയുടെ അവസാനരംഗം. ഒരു ജന്മം മുഴുവന്‍ പാഴായ ദുഃഖത്തില്‍ നരച്ച മുഖഭാവത്തോടെ ശിഷ്യയായ വിനോദിനിയും മാഷും തൊട്ടുമുന്നില്‍ ജീപ്പില്‍ വന്നിറങ്ങുകയാണ്. പരസ്പരം ഒന്നും ആവശ്യപ്പെടാതെ അവര്‍ വേര്‍പിരിയുന്നു.
എന്റെയുളളിലെ പെണ്‍കുട്ടി ഇപ്പോള്‍ സങ്കടപ്പെടുന്നില്ല. പകരം വിസ്മയമാണ് കണ്ണുകളില്‍-കാലത്തോട് കലഹിച്ചും വെല്ലുവിളിച്ചും പക്വതയോടെ ഒരു ജീവിതം നേരിടാന്‍ അവര്‍ക്കായതിന്റെ വിവരിക്കാനാവാത്ത വിസ്മയം.
അപ്പോഴാണ് എന്നോ ഒരിക്കല്‍ ഞാന്‍ മനസ്സില്‍ പ്രതിഷ്ഠിച്ച ചോദ്യം വീണ്ടും തലയുയര്‍ത്തിയത്.
പാടുമ്പോള്‍ എങ്ങനെയാടോ ശ്രുതി പിഴയ്ക്കുന്നത്?
മഹാജ്ഞാനിയായ സംഗീതജ്ഞന്‍, ആഢ്യത്വം ഇല്ലാതെ അഹങ്കാരത്തിന്റെ മുള്‍മുനയൊടിഞ്ഞ് എല്ലാം നഷ്ടപ്പെട്ട് ജീവിതത്തിന്റെ അന്ത്യകാലങ്ങളില്‍ ഒരിക്കല്‍ തന്നില്‍നിന്ന് അകറ്റിയ ശിഷ്യനോട് ചോദിക്കുകയാണ്. എന്നെ സംബന്ധിച്ച് ഇത് സോപാനം സിനിമയിലെ കഥാപാത്രമായ സംഗീത വിദ്വാന്റെ ചോദ്യം മാത്രമായിരുന്നില്ലേ. ഇത്രയേയുളളൂ നമ്മള്‍ എന്ന് അടിവരയിട്ട് ആരോ വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്നില്‍ എഴുതിവച്ച വാചകം.
മനസ്സ് ശ്രുതിയില്‍ ലയിച്ചു നില്‍ക്കണം, താളം ശ്വാസഗതിപോലെയാകണം എന്ന് ശിഷ്യരോട് ഉപദേശിച്ച മഹാനായ ആ സംഗീതജ്ഞനും അവസാന കാലങ്ങളില്‍ പാടുമ്പോള്‍ ശ്രൂതി പിഴച്ചിരുന്നുവോ?
എന്നിട്ടും എനിക്ക് കേള്‍ക്കാം- സരസ്വതീമണ്ഡപത്തിലിരുന്ന് എല്ലാം മറന്ന് വീണ്ടും അദ്ദേഹം കീര്‍ത്തനം ആലപിക്കുന്നു-
നഗുമോമു -കലവാണി-നാമാനോഹരുണി……..
അങ്ങകലെ പൊട്ടുപോലെ കുടജാദ്രി മലനിരകള്‍ -ഘനീഭവിച്ച നിശ്ശബ്ദതയുടെ ഗിരിശൃംഗങ്ങള്‍ എന്നിലെ തത്വചിന്തയെ തൊട്ടുണര്‍ത്തിയ പോലെ വിധിയുടെ ചരടുവലിക്കൊപ്പം ചലിക്കാന്‍ വേണ്ടി മാത്രം പിറവിയെടുക്കുന്ന മനുഷ്യജന്മങ്ങള്‍. അതിനു കഴിയാതെ വരുമ്പോള്‍ ഉണ്ടാകുന്ന അമര്‍ഷങ്ങള്‍, നിരാശകള്‍, പ്രതികാരമനോഭാവങ്ങള്‍. ഒരു തരത്തില്‍ പറഞ്ഞാല്‍ ഓരോ മനുഷ്യര്‍ക്കുമുണ്ടാകും അവരവരുടേതായ ശരികള്‍, തെറ്റുകള്‍-എന്നിട്ടും അതിനനുസരിച്ചൊന്നും ജീവിക്കാന്‍ കഴിയാതെ ഇല്ലാത്ത വെളിച്ചത്താല്‍ ആകര്‍ഷിക്കപ്പെട്ട് ചിറകറ്റ് കരിഞ്ഞുവീഴുന്ന മര്‍ത്യ ജന്മങ്ങള്‍.
എന്തിനെന്നറിയാത്ത സമ്മര്‍ദ്ദങ്ങളില്‍ അവസാനിക്കാത്ത ആഗ്രഹങ്ങളുടെ പ്രലോഭനങ്ങളാല്‍ ഒരു ജന്മം ഓടി തളര്‍ന്നിരിക്കുമ്പോള്‍ ആയിരിക്കും ഒരു ദിവസം പോലും നമ്മള്‍ നമ്മളായി ജീവിച്ചില്ലല്ലോ എന്ന തോന്നലുണ്ടാവുക. അപ്പോഴേക്കും അവശേഷിക്കുന്ന ജീവന്റെ അവസാന തുടിപ്പും കാലം ഒരുക്കിയ ഹോമാഗ്നിയില്‍് ദഹിച്ചിട്ടുണ്ടാകും.
അതെ- നിസ്സഹായതയുടെ മഞ്ഞുമൂടിക്കിടക്കുന്ന ഉരുകിയൊലിക്കുന്ന ഗിരി ശൃംഗങ്ങളാണ് മനുഷ്യമനസ്സുകള്‍ എന്നു തോന്നിയിട്ടുണ്ട്. ധ്യാനമന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ട് കുറേ കാഷായവേഷധാരികള്‍ മുന്നിലൂടെ കടന്നു പോയി.
മടങ്ങാന്‍ സമയമായി-
നന്ദി-രണ്ട് ദിവസമായി ഞാന്‍ കടമെടുത്ത എന്റേതായ സാങ്കല്പിക ലോകത്തിലെ നിമിഷങ്ങള്‍ക്ക് -കുടജാദ്രിയിലെ തണുപ്പിന്- സൗപര്‍ണികയുടെ കുളിരിന്-
ഇപ്രാവശ്യത്തെ വരവിലാണ് ആദ്യമായി ഞാന്‍ രചിച്ച മൂകാംബികാ സ്തുതി സരസ്വതിമണ്ഡപത്തിലിരുന്ന് ചൊല്ലാന്‍ കഴിഞ്ഞത്. മനസ്സില്‍ വീണ്ടും എന്റെ വരികളായ അമ്മയുടെ പ്രകീര്‍ത്തനങ്ങള്‍…….
.
ഒരു കുങ്കുമാര്‍ച്ചന തെളിയെട്ടെയെന്നുമെന്‍ ഹൃദയാകാശത്തില്‍ ഒരു സൂര്യബിംബമായ് ഞാനായി മാറട്ടെ എന്‍ മനസ്സും എന്റെ വാക്കുമെന്നാശിച്ചു നില്‍ക്കുന്നു ഞാന്‍, ഞാന്‍ മടങ്ങുകയാണ്. ഒരു തീര്‍ത്ഥാടനത്തിന്റെ സായൂജ്യം കൈക്കുമ്പിളില്‍ പകര്‍ന്ന് തന്ന കുങ്കുമാര്‍ച്ചനയുടെ പ്രസാദവുമായി.
അമ്മ വിളിക്കുമ്പോള്‍-വീണ്ടുമൊരു തിരിച്ചു വരവിനായി, ഒരിക്കല്‍ കാലം എന്നേയും കുടജാദ്രി കുന്നുകളുടെ നെറുകയില്‍ എത്തിക്കുമായിരിക്കും.