വി.ടി. ഒരു തുറന്ന പുസ്തകം
വി.ടി. വാസുദേവന്‍
മാതൃഭൂമി ബുക്‌സ്
പേജ്: 214 വില: 320/
ഫോണ്‍: 0495-2362000, 2444249
വി.ടി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന വെള്ളിത്തിരുത്തിത്താഴത്തു മനയ്ക്കല്‍ രാമന്‍ ഭട്ടതിരിപ്പാടിനെക്കുറിച്ച് അദ്ദേഹത്തിന്റെ പ്രിയപുത്രന്‍ വി.ടി.വാസുദേവന്‍ മാസ്റ്റര്‍ എഴുതിയ വി.ടി. ഒരു തുറന്ന പുസ്തകം, വി.ടിയെന്ന മഹദ്‌വ്യക്തിയുടെ ജീവിതം അനാവരണം ചെയ്യുന്നതാണ്.
വ്യക്തിജീവിതവും പൊതുജീവിതവും രണ്ടല്ലാത്ത മനുഷ്യന്‍. പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്യുക, ആദ്യമായി അത് സ്വന്തം ജീവിതത്തില്‍ പകര്‍ത്തിക്കാണിക്കുക – അതായിരുന്നു വി.ടി.യുടെ ശൈലി. അച്ഛനെപ്പറ്റി എഴുതുമ്പോള്‍ മകനായ വാസുദേവന്‍ ഒരിക്കല്‍പോലും അച്ഛന്റെ പക്ഷം പിടിക്കുന്നില്ല.
നിളാതീരത്തുള്ള മുണ്ടമുക ക്ഷേത്രത്തിലെ ശാന്തിക്കാരന്‍. നിരക്ഷരന്‍. അമ്പലവട്ടത്തെ നങ്ങേലി എന്ന അമ്പലവാസിപെണ്‍കുട്ടിയില്‍നിന്ന്് ആദ്യാക്ഷരങ്ങള്‍ പഠിച്ചു. പണപ്പായസം വെപ്പിക്കാന്‍ ശര്‍ക്കര പൊതിഞ്ഞുകൊണ്ടുവന്ന കടലാസു നോക്കി, മാന്‍മാര്‍ക്കു കുട എന്ന് കൂട്ടിവായിച്ച ആ ധന്യനിമിഷം.! ഓതിക്കന്മാരുടെ കീഴില്‍ ആറുവയസ്സുമുതല്‍ പതിനാറു വയസ്സുവരെ ഓത്തുചൊല്ലി. എഴുതാനോ വായിക്കാനോ പഠിച്ചതുമില്ല. ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ തൃശ്ശൂര്‍ നമ്പൂതിരിവിദ്യാലയത്തില്‍ ഏഴാം ക്ലാസില്‍ ചേര്‍ന്നു. അവിടെ രണ്ടരക്കൊല്ലം പഠിച്ചു.
കമ്മ്യൂണിസ്റ്റുകാരനല്ലെങ്കിലും കേരളത്തില്‍ കമ്മ്യൂണ്‍ എന്ന സങ്കല്‍പ്പം വി.ടി. യാഥാര്‍ത്ഥ്യമാക്കി കാണിച്ചുകൊടുത്തു. പട്ടാമ്പിക്കടുത്ത് കൊടുമുണ്ടയില്‍ വി.ടി.യും സുഹൃത്തുക്കളും ചേര്‍ന്ന് ഉദ്ബുദ്ധകേരളം എന്ന കോളനി സ്ഥാപിച്ചു. തൃത്താലക്കു സമീപം ആലൂരിലുണ്ടായിരുന്ന രസികസദനം എന്ന സ്വന്തം വീടുവിറ്റാണ് ഉദ്ബുദ്ധകേരളത്തിനു വി.ടി. പണം കണ്ടെത്തിയത്.
ജാതിരഹിതമായ ഒരു സമൂഹമായിരുന്നു ഉദ്ബുദ്ധകേരളം. കോളനിയില്‍ തൊഴില്‍പരിശീലനകേന്ദ്രവും പത്രവും തുടങ്ങി. പക്ഷേ സാമ്പത്തികപ്രശ്‌നങ്ങള്‍ കാര്യങ്ങള്‍ അവതാളത്തിലാക്കി. പരിധിയിലധികം സഹായിക്കാന്‍ ആരും മുന്നോട്ടു വന്നതുമില്ല. പിടിച്ചുനില്‍ക്കാനാവാതെ വന്നപ്പോള്‍ കോളനിവാസികള്‍ ഓരോരോ വഴിക്കു പോയി.
വി.ടി.മേഴത്തൂരിലെ മണ്‍വീട്ടിലേക്കു പറിച്ചുനടപ്പെട്ടു. കുറേക്കാലം കൊത്തും കിളയും കൃഷിപ്പണിയും പശുപരിപാലനവും തൊഴുത്തിലെ ചാണകംവാരലുമായിക്കഴിഞ്ഞു. ഏതു പ്രതിസന്ധിയിലും സമുദായ പരിഷ്‌കരണേച്ഛ വി.ടി.യില്‍ അഗ്നിയായി ആളിക്കത്തി. വലിയ പ്രതീക്ഷയോടെ ലക്കിടിയിലാരംഭിച്ച അന്തര്‍ജ്ജനങ്ങളുടെ തൊഴില്‍ പരിശീലനകേന്ദ്രത്തിനും സാമ്പത്തികപ്രയാസം മൂലം താഴിടേണ്ടിവന്നു.
കുറൂര്‍ ഉണ്ണിനമ്പൂതിരിപ്പാടിന്റെ പ്രസംഗങ്ങളില്‍ ആവേശംകൊണ്ടാണ് വി.ടി. പടക്കളത്തിലേക്കെടുത്തുചാടിയത്. കൂടെപ്പൊരുതാന്‍ അനേകം പേരുണ്ടായിരുന്നു.
തൃശ്ശൂര്‍ എടക്കുന്നിയില്‍ യോഗക്ഷേമം ഹാളില്‍ നമ്പൂതിരി യുവജനസംഘം അവതരിപ്പിച്ച അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക് എന്ന നാടകം രചിച്ചത് വി.ടി.യാണ് (1929 ഡിസംബര്‍ 29). അതൊരു ചരിത്രസംഭവമായി. ഒരു നാടകംകൊണ്ട്, ഒറ്റ രാത്രിയിലെ അഭിനയംകൊണ്ട,് സമുദായത്തില്‍ പരിവര്‍ത്തനമുണ്ടാവുക എന്നത് ചരിത്രത്തിലെ വേറിട്ട അനുഭവം. സത്യത്തില്‍ അതാണ് സംഭവിച്ചത്. മംഗളോദയത്തിലെ പ്രൂഫ്‌റീഡറായിരുന്നു അക്കാലത്ത് വി.ടി. ആ നാടകത്തോടെ ജോലി രാജിവെച്ച് വി.ടി. നമ്പൂതിരി യുവജനസംഘത്തിന്റെ മുഴുവന്‍സമയ പ്രചാരണസെക്രട്ടറിയായി. ഒട്ടേറെ സ്റ്റേജുകളില്‍ കളിച്ച് നാടകം കയ്യടി നേടി.
നമ്പൂതിരി സമുദായത്തിലെ വിപ്ലവകാരികളായിരുന്നു വി.ടി.യും കൂട്ടാളികളും. സമുദായത്തിലെ ദുരാചാരങ്ങളെ പിഴുതെറിയാന്‍ അവരെക്കൊണ്ടു കഴിയുകതന്നെ ചെയ്തു. നമ്പൂതിരി സമുദായത്തിലെ പരിഷ്‌കരണപ്രവര്‍ത്തനങ്ങള്‍ മറ്റു സമുദായങ്ങള്‍ക്കും പ്രചോദനമായി.
അന്തര്‍ജ്ജനങ്ങള്‍ പുതപ്പും മറക്കുടയും വലിച്ചുദൂരെക്കളഞ്ഞു. ബ്ലൗസിട്ടു. കയ്യില്‍ വിലങ്ങുപോലെ കിടന്നിരുന്ന ഓട്ടുവളകള്‍ ഊരിയെറിഞ്ഞു. സ്വര്‍ണ്ണവളകളണിഞ്ഞു. തോടകള്‍ ഞാന്നുകിടക്കുന്ന, നീട്ടിവളര്‍ത്തിയ കാതുകള്‍ മുറിച്ച് കമ്മലിട്ടു. അഫന്മാര്‍ സ്വജാതിയില്‍നിന്ന് വേളികഴിച്ചുതുടങ്ങി. ഒന്നിലധികം വേള്‍ക്കുന്ന ശീലം മൂസ്സാമ്പുരിമാര്‍ക്ക് (ഇല്ലത്തെ മൂത്ത നമ്പൂതിരി) ഉപേക്ഷിക്കേണ്ടിവന്നു.
അന്തര്‍ജ്ജനങ്ങള്‍ നാലുകെട്ടിലെ ഇരുട്ടില്‍നിന്ന് പുറത്തെ വെളിച്ചത്തിലേക്കിറങ്ങി. ആത്തേമ്മാരുകുട്ടികള്‍ (അകത്തളങ്ങളില്‍ കഴിയുന്ന പെണ്‍കുട്ടികള്‍) സ്ലേറ്റും പുസ്തകവുമായി സ്‌കൂളില്‍ പോയിത്തുടങ്ങി. നമ്പൂതിരി സമുദായം അടിമുടി മാറി.
ഈ മാറ്റങ്ങള്‍ക്ക് വിളക്കുപിടിച്ചു മുന്നില്‍നടന്ന വി.ടി.ക്ക് ഇതിനൊക്കെ വലിയ വില കൊടുക്കേണ്ടിവന്നു. ഭൗതികമായി നേട്ടങ്ങളുണ്ടായില്ലെന്നു മാത്രമല്ല, പൈതൃകമായി ഉണ്ടായിരുന്നതത്രയും സേവനത്തോട്ടിലൂടെ കുത്തിയൊലിച്ചുപോയി. സാധാരണ കര്‍ഷകനായി, എല്ലുമുറിയെ പണിയെടുത്ത് വി.ടി. അരിഷ്ടിച്ചു ജീവിച്ചു. കറ പുരളാത്ത യശസ്സുമാത്രം ബാക്കി.
യോഗക്ഷേമസഭയുടെ നമ്പൂതിരിയുവജനസംഘടനയില്‍ തോളോടുതോള്‍ ചേര്‍ന്നു പൊരുതിയവരായിരുന്നു ഇഎംഎസും വി.ടി.യും. അവരുടെ ആത്മബന്ധം മരണംവരെ തുടര്‍ന്നു.
ഇഎംഎസ് രാഷ്ട്രീയ കേരളമാണ് ആഗ്രഹിക്കുന്നതെങ്കില്‍ എനിക്കു വേണ്ടത് സാംസ്‌കാരിക കേരളമാണ് എന്ന് വി.ടി. വിയോജിച്ചു. എന്നാല്‍ വി.ടി. യുടെ പരിഭവങ്ങള്‍ ഇഎംഎസിനെ പ്രകോപിപ്പിച്ചില്ല. വി.ടി.ക്ക് രാഷ്ട്രീയ പ്രവര്‍ത്തകനായ എന്നെ അറിയാം. സാമൂഹ്യപ്രവര്‍ത്തകനായ വി.ടി.ക്ക് എന്റെ വിചാരഗതിയും അറിയാം. മറ്റൊരിക്കല്‍ ഇഎംഎസ് പറഞ്ഞു: വി.ടി. ഒരു കലാപമായിരുന്നു. എനിക്ക് വി.ടി. ഗുരുതുല്യനാണ്.’
വി.ടി. രാമന്‍ഭട്ടതിരിപ്പാടിന്റെ മകന്‍ വി.ടി. വാസുദേവന്‍ മാസ്റ്ററുടെ, ‘വി.ടി. ഒരു തുറന്ന പുസ്തകം’ സാര്‍ത്ഥകമായ ഒരു സമുദായ കലാപത്തിന്റെ സത്യസന്ധമായ ചരിത്രമാണ്.