മല്ലിപ്പൂക്കള്‍ വിതാനിച്ച
വഴിയോരങ്ങള്‍
രജനി സുരേഷ്
പൂര്‍ണ പബ്ലിക്കേഷന്‍സ്
കോഴിക്കോട്
പേജ്:144 വില:160 രൂപ
ഫോണ്‍: 0495-2720085
മഹിതമായ സംസ്‌കൃതി നിറഞ്ഞു നില്‍ക്കുന്ന വള്ളുവനാടന്‍ ഗ്രാമജീവിതാനുഭവങ്ങളില്‍ നിന്നും വിരിയിച്ചെടുക്കുന്ന വാങ്മയ ദൃശ്യങ്ങളിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ട് പോകുന്ന ഇരുപത്തി അഞ്ചു ചെറുകഥകളുടെ സമാഹാരമാണ് രജനി സുരേഷിന്റെ മല്ലിപ്പൂക്കള്‍ വിതാനിച്ച വഴിയോരങ്ങള്‍.
എല്ലാ കഥകളിലും ഗ്രാമജീവിതത്തിലെ വയലും കുളവും കുന്നും മരങ്ങളും ഇടവഴികളും ഒക്കെയുള്ള പശ്ചാത്തലങ്ങള്‍ സമാനമാണെങ്കിലും ഓരോന്നിലെയും കഥാപാത്രങ്ങളുടെ ജീവിതവും അതിലൂടെ വളരുന്ന കഥാനുഭവങ്ങളും വളരെ വ്യത്യസ്തമാണ്. വളരെ ഹൃദ്യമായ വള്ളുവനാടന്‍ ശൈലിയില്‍ നാട്ടിന്‍പുറത്തെ തറവാടുകളിലും കുടിലുകളിലും ഒപ്പം അതിനൊക്കെ അപ്പുറത്ത് ചതുപ്പിലും കാട്ടിലുമൊക്കെയുള്ള മനുഷ്യ ജീവിതങ്ങളിലെ ആരാലും പരിഗണിക്കപ്പെടാതെ പോയേക്കാവുന്ന സന്ദര്‍ഭങ്ങളും സംഭവങ്ങളും അതിഭാവുകത്വത്തിന്റെ പകിട്ടില്ലാതെ ആവിഷ്‌ക്കരിക്കുകയാണ് ഈ കഥകളില്‍.
കുലീന തറവാട്ടുകാര്‍ക്കൊപ്പം അതിശോചനീയ ജീവിതാന്തരീക്ഷങ്ങളില്‍ കഴിയുന്ന കീഴാള വിഭാഗങ്ങളിലെ സാധാരണ മനുഷ്യര്‍ക്കും മനസ്സും വികാര വിചാരങ്ങളും ജീവിത മൂല്യങ്ങളുമുണ്ടെന്നു വിളിച്ചു പറയുന്ന സവിശേഷ മുഹൂര്‍ത്തങ്ങള്‍ ഓരോ കഥയിലുമുണ്ട്.
കേരള ഗ്രാമങ്ങളില്‍ നിന്നും അനുദിനം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കൃഷിരീതികളും നാട്ടിന്‍പുറത്തെ പരമ്പരാഗത തൊഴിലുകളും ഗ്രാമച്ചന്തയുമൊക്കെ കഥകള്‍ക്ക് ഗ്രാമീണ ഭംഗി നല്‍കുകയും ഗൃഹാതുരത്വം ഉണര്‍ത്തുകയും ചെയ്യുന്നു.
കതിരേശന്‍, മല്ലി, മയില, കൊച്ചപ്പുണ്ണി, കുഞ്ഞുമോളയന്‍, രാധമ്മ, ഗോപാലന്‍കുട്ടി നായര്‍, നഞ്ചോടന്‍, ചക്കി, മായന്‍, നീലി, കല്യാണി, കള്ളന്‍കുമാരന്‍, പാറന്‍, വെള്ള, കാട്ടന്‍, ചേറ്റടിയന്‍, കൊടിയന്‍, വേശു, കൂരന്‍, തിയ്യത്തന, ചങ്ങമ്പറയന്‍, കുഞ്ചീലി അങ്ങനെ വളരെ മിഴിവുള്ള വ്യത്യസ്തരായ കഥാപാത്രങ്ങളെയാണ് ഓരോ കഥയും പരിചയപ്പെടുത്തുന്നത്.
ഒപ്പം മലയര്‍കുണ്ട് വെള്ളെങ്ങാട്ട്കളം, അനങ്ങന്‍ മല, ഇട്ട്‌ള്, ത്രാങ്ങാലി, ആര്‍ത്തക്കാട്, പൂതക്കുളം, കുറുണിക്കുളം, മൃത വന്ധ്യ, കമ്രാംഗി തുടങ്ങിയ ഗ്രാമ ജീവിത ബിംബങ്ങളും ചില തനി നാടന്‍ സ്ഥലനാമങ്ങളുമൊക്കെ കഥകളെ വളരെ വിഭവസമ്പന്നമാക്കുകയാണ്.
ഇതില്‍, മനുഷ്യന്റെ ആര്‍ത്തിയും മത്സരവും സ്‌നേഹവും പ്രണയവും കാമവും ലൈംഗികതയും ഒക്കെ വിഷയങ്ങളാണെങ്കിലും തന്റെ രചനയിലുടനീളം അശ്ലീലത്തിന്റെ ഒരംശം പോലുമില്ലാതെ എല്ലാ കഥാപാത്രങ്ങളുടെയും മാന്യതയും അന്തസ്സും കാത്തുസൂക്ഷിക്കാന്‍ കഥാകൃത്ത് അതിയായ ജാഗ്രത പുലര്‍ത്തുന്നത് വളരെ ശ്രദ്ധേയമാണ്. വിഷുക്കുടുക്ക പോലുള്ളവ വായിക്കുമ്പോള്‍ ഒരു നിഷ്‌കളങ്ക ജീവിതാനുഭവക്കുറിപ്പ് പോലെ തോന്നും.
പുലിയന്‍ കുന്ന്, പേരയ്ക്ക മരം, അപരിചിത തുടങ്ങിയ കഥാസമാഹാരങ്ങളെ പോലെത്തന്നെ വളരെ ആവേശത്തോടെ വായിച്ചു പോകാവുന്ന അനുഭവക്കുറിപ്പുകള്‍ പോലെയാണ് രജനി സുരേഷ് ഇതിലെ കഥകളും മിനുക്കിയെടുത്ത് വായനക്കാര്‍ക്ക് മുന്നില്‍ വെക്കുന്നത്. മലയാള കഥാ ലോകത്ത് തനിമയാര്‍ന്ന ശൈലിയും ഗ്രാമ ജീവിതാനുഭവ സമ്പത്തുമായി ഉയര്‍ന്നു വരികയാണ് കഥാകൃത്ത്.
ആ ശംഖ് നീ ആര്‍ക്ക് നല്‍കി
ഡോ. സംഗീത് രവീന്ദ്രന്‍
സരോവരം ബുക്‌സ്, കോഴിക്കോട്
പേജ്: 119 വില: 150 രൂപ
ഫോണ്‍: 9496042416
പ്രണയത്തിന്റെയും വിരഹത്തിന്റെയും വൈകാരികത്തള്ളിച്ചകളെ അക്ഷരങ്ങളില്‍ ആവാഹിച്ച് ആറ്റിക്കുറുക്കിയെടുത്ത ചെറുതും വലുതുമായ തൊണ്ണൂറ്റി മൂന്ന് കവിതകളുടെ സമാഹാരമാണ് ഡോ. സംഗീത് രവീന്ദ്രന്റെ ‘ആ ശംഖ് നീ ആര്‍ക്ക് നല്‍കി’ എന്ന പുതിയ പുസ്തകം. പ്രമുഖ നോവലിസ്റ്റ് ശ്രീജിത്ത് മൂത്തേടത്തിന്റെ ചിത്രീകരണത്തോടെയാണ് നൂറ്റി ഇരുപത് പുറങ്ങളിലായിട്ടുള്ള ഇതിലെ കവിതകള്‍ ഉള്ളത്. ചില കവിതകള്‍ വളരെ ചെറുതാണ്. തിരയടിച്ചു കുഴഞ്ഞ കടല്‍… പതഞ്ഞു പോയ സ്വപ്‌നങ്ങള്‍ എന്ന നാലു വരിയിലുള്ള ‘ഞങ്ങള്‍’ എന്ന കവിത ചിത്ര സഹിതം രണ്ടു പേജില്‍ കടല്‍ പോലെ കിടക്കുകയാണ്.
വിധി, വിരഹം, വീഴ്ച, ശരശയ്യ, പെണ്‍പ്രണയം, പരീക്ഷക്കിരിക്കുമ്പോള്‍, നാരായപ്പൊരുള്‍, മിഴിയിണ, രാവുടുപ്പ്, അര്‍ദ്ധനാരീശ്വരം, ലിപി, സ്‌കൂള്‍ വീണതില്‍ പിന്നെ, പച്ചയായ് തുടങ്ങിയ കവിതകളെല്ലാം തന്നെ കവിയുടെ ഉള്ളിലെ സമ്മിശ്രവികാരങ്ങളുടെ ആവിഷ്‌കാരങ്ങളാണ്.