ഈ ലേഖകന്റെ കൗമാരകാലത്ത് ഞങ്ങളുടെ നാട്ടിലെ വായനശാലകളിലെ പ്രധാന വിഭവങ്ങള്‍ മുകുന്ദനും എം.ടിയുമായിരുന്നു. സാധാരണ വായനക്കാര്‍ക്ക് കാനവും മുട്ടത്തുവര്‍ക്കിയും കോട്ടയം പുഷ്പനാഥുമായിരുന്നു പഥ്യം. കൂട്ടത്തില്‍ ദുര്‍ഗ്ഗാപ്രസാദ് ഖത്രിയുടെ ബംഗാളി കുറ്റാന്വേഷണ കഥകളുമുണ്ടായിരുന്നു. അക്കാലത്ത് ഗ്രാമങ്ങളിലെ പ്രധാന സാംസ്‌കാരിക കേന്ദ്രങ്ങള്‍ വായനശാലകളും പ്രധാന വിനോദോപാധി വായനയുമായിരുന്നു. ടെലിവിഷന്‍, മൊബൈല്‍, ഫോണ്‍ ഇവയൊക്കെ എത്തിയിട്ടില്ലാതിരുന്നതിനാല്‍ വായനയേ ശരണമുള്ളൂ. ഇന്നതൊക്കെ മാറി മറിഞ്ഞിരിക്കുന്നു.
എല്ലാ ഗ്രാമങ്ങളിലും അക്കാലത്ത് എംടി ഭക്തന്മാരായ വലിയ ഒരു നിരയുണ്ടായിരുന്നു. വായനക്കാരില്‍ പലരും എം.ടിയുടെ ആരാധകരായിരുന്നു. ഇന്ന് അത്തരം ആരാധകരൊന്നുമെവിടെയുമില്ല. ഒരു ദിവസം തിരുവനന്തപുരം നഗരത്തിലെ കിഴക്കേകോട്ട ബസ്സ്റ്റാന്റില്‍ എന്റെ ഒരു സുഹൃത്തായിരുന്ന എം.ടി പക്ഷപാതിയോട് കളിയായി ഞാന്‍ സാഹിത്യതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു നില്‍ക്കുകയായിരുന്നു. സുഹൃത്ത് എം.ടിയോട് അമിതമായ ആരാധന കാണിക്കുന്നത് മുകുന്ദന്‍ പക്ഷപാതിയായിരുന്ന എനിക്കത്ര രസിച്ചില്ല. സുഹൃത്തിന്റെ വായടപ്പിക്കാനായി എം.ടി എന്നതിനെ ഞാന്‍ ലാു്യേ എന്ന് വ്യാഖ്യാനിച്ചു. ‘എംടി വെറും empty എന്ന എന്റെ കമന്റ്’ തൊട്ടപ്പുറത്തു നിന്ന താടിക്കാരനായ ഒരു യുവാവിനെ പ്രകോപിതനാക്കി. അയാള്‍ ഭ്രാന്തനായ ഒരു സാഹിത്യാരാധകനായിരുന്നു. എനിക്ക് അക്കാര്യം അറിയുമായിരുന്നില്ല. സിനിമാതാരങ്ങള്‍ക്ക് ഉള്ളതുപോലെ എഴുത്തുകാര്‍ക്ക് ഭ്രാന്തന്‍ ഫാനുകള്‍ ഉള്ളത് എന്നെ സംബന്ധിച്ചിടത്തോളം പുതിയ അറിവായിരുന്നു. ഭ്രാന്തനായ ആ എംടി ആരാധകന്‍ എന്നെ കടന്നാക്രമിച്ചു. തൊട്ടടുത്തുണ്ടായിരുന്ന പോലീസുകാരന്റെ ഇടപെടലാണ് എന്നെ രക്ഷിച്ചത്.
ഇക്കാലത്ത് എം.ടിക്കോ മറ്റേതെങ്കിലും എഴുത്തുകാര്‍ക്കോ ഇത്തരം ആരാധകരില്ല. അത് എഴുത്തിന്റെ സുവര്‍ണ്ണയുഗമായിരുന്നെന്നു പറയാം. എങ്കിലും ഇന്ന് നവതിയിലെത്തിയിരിക്കുന്ന ആ എഴുത്തുകാരനെ കേരളം വളരെയധികം ആദരിക്കുന്നു. എല്ലാ പ്രസിദ്ധീകരണങ്ങളും എംടി പതിപ്പുകള്‍ ഇറക്കുന്നു. ഒരു പക്ഷേ മലയാളത്തിലെ ഏറ്റവും ഭാഗ്യവാനായ എഴുത്തുകാരനാണദ്ദേഹം. സുദീര്‍ഘമായ ജീവിതം, ഏതാണ്ടെല്ലാ പ്രധാന പുരസ്‌കാരങ്ങളും ലഭിച്ചു കഴിഞ്ഞു. എഴുത്തില്‍ മാത്രമല്ല ചലച്ചിത്രമേഖലയിലും തുല്യമായ അംഗീകാരം മറ്റൊരു മലയാളിക്കും ലഭിച്ചിട്ടില്ല.
ഈ മാസത്തെ ഭാഷാപോഷിണി എംടി പതിപ്പാണ്. അദ്ദേഹത്തെക്കുറിച്ചെഴുതുമ്പോള്‍ നോവലുകളേക്കാള്‍ തിരക്കഥകളെക്കുറിച്ചെഴുതാനാണ് എനിക്കു താല്പര്യം തോന്നാറുള്ളത്. അത്രയ്ക്കു മനോഹരങ്ങളായ കലാസൃഷ്ടികളാണ് ആ തിരക്കഥകള്‍. ചുരുക്കം വാക്കുകളിലൂടെ ഒരുപാടുധ്വനിപ്പിക്കുന്നവയാണ് അവ. മഞ്ഞും നാലുകെട്ടും അസുരവിത്തും കാലവും രണ്ടാമൂഴവുമൊക്കെ എല്ലാവര്‍ക്കും പരിചിതമാകയാല്‍ ഇനിയും ആവര്‍ ത്തിക്കുന്നില്ല. മലയാളത്തിന്റെ പ്രിയകാഥികനു നവതി ആശംസകള്‍ നേരുന്നു.
”മലയാളത്തിലെ പല മഹത്തായ കൃതികളും പ്രണയത്തെ ചുറ്റിയാണ്. ജീവിതം പ്രണയം മാത്രമാണ് എന്ന് നമ്മെ വിശ്വസിപ്പിക്കുകയാണ് അത്തരം കൃതികള്‍.” ഇത് കോവിലന്റെ സംഭാഷണത്തിലുള്ളതാണ്. അദ്ദേഹത്തിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് പഴയ കാലത്തു നടത്തിയ സംഭാഷണ ഭാഗങ്ങള്‍ ഭാഷാപോഷിണിയില്‍ കൊടുത്തിരിക്കുന്നതില്‍ നിന്നാണീ വാക്യം. തൊട്ടപ്പുറത്തെ പേജില്‍ കവിതയെഴുതിയിരിക്കുന്ന ആര്യാംബികയ്ക്കുള്ള ഉപദേശവും. ”അതിജീവനങ്ങള്‍” എന്ന കവിത നിറച്ച് പ്രണയം തന്നെ. തുടങ്ങുന്നതിങ്ങനെയാണ്:
‘നുണയില്‍ നുണ കോര്‍ത്തമാല
യായിരുന്നല്ലോ
പ്രണയം പ്രണയമെന്നോതി നീ
ചൂടിച്ചത്
പതയും വെറുപ്പിന്റെ വിഷ തിക്ത
കമാണല്ലോ
ഹൃദയം ഹൃദയമെന്നോതി നീ
മോന്തിച്ചത്.’
‘തിക്തകം’ എന്ന പഴയവാക്കു വീണ്ടും ഉപയോഗിച്ചു എന്നതൊഴിച്ചാല്‍ ബാക്കിയെല്ലാം ഇപ്പോഴത്തെ പെണ്‍ കവികള്‍ സ്ഥിരം എഴുതുന്ന സംഗതികള്‍ തന്നെ.
വേറൊരിടത്ത് ഇങ്ങനെ:
‘നീയെന്നാല്‍ നീ മാത്രം ഞാനെന്നാല്‍ ഞാന്‍ മാത്രം നീറും തിരിച്ചറിവിന്‍ വഴിയേ
നമ്മളെന്നുള്ളതില്ലാത്തതാണെന്നുള്ളൊ-
രുണ്മയില്‍ എത്തിച്ചു തന്നതാരോ?’
ഇതാണല്ലോ കുറച്ചു കൂടെ ചുരുക്കി കുഞ്ഞുണ്ണി
‘എനിക്കുണ്ടൊരു ലോകം
നിനക്കുണ്ടൊരു ലോകം
നമുക്കില്ലൊരു ലോകം’ എന്നു പറഞ്ഞത്.
ദേശമംഗലം രാമകൃഷ്ണന്റെ ‘നിന്റെ’ കവിത അദ്ദേഹത്തിന്റെ പതിവു കവിതകളേക്കാള്‍ നമ്മളിലേക്ക് ഇറങ്ങി വരുന്നുണ്ട്. ഒരു കാല്പനിക ഭംഗിയൊക്കെയുള്ള കവിത. പാതിരാപ്പൂ വിരിയാനായി ഉറക്കമിളക്കുന്ന ഭാര്യ അല്ലെങ്കില്‍ കാമുകി ”മധ്യാഹ്നത്തെ പ്രഭാതമാക്കിയും പ്രഭാതത്തെ പാതിരയാക്കിയും കാലങ്ങളെ മാറ്റിമറിച്ച് നീയെഴുതുന്ന കവിതകള്‍” എന്നെഴുതുമ്പോള്‍ കവിക്ക് ഇണയോടുള്ള സ്‌നേഹം നിറഞ്ഞുനില്‍ക്കുന്നു. ഗൃഹാതുരതയുടെ ഒരു കവിത എന്നുവേണമെങ്കില്‍ വിളിക്കാം.
‘ഇല്ലാ നമുക്കായൊരു സന്ധ്യ രാപ്പാതി-
യല്ലാതെ മറ്റൊന്നുമില്ലെന്നിരിക്കിലും
വിസ്മയം പോലെ ലഭിക്കും നിമിഷത്തി-
ന്നര്‍ത്ഥം കൊടുത്തു പൊലിപ്പിച്ചെടുക്ക നാം’
എന്നെഴുതിയ കടമ്മനിട്ടയുടെ ഗാര്‍ഹിക ചിന്തയില്‍ നിന്നും വ്യത്യസ്തമാണീ കവിയുടെ ഗൃഹമൊഴികള്‍.
എം.എസ്. ബിനേഷിന്റെ ഭാഷാപോഷിണിക്കവിത കേരളത്തിന്റെ ഇന്നത്തെ അവസ്ഥയാണ് വരച്ചു കാണിക്കുന്നത്. എങ്കിലും അതുപൂര്‍ണ്ണമായും തെളിച്ചുപറയാന്‍ കവിക്കു ധൈര്യമില്ല. അങ്ങനെ പറഞ്ഞാല്‍ മറുനാടന്‍ ഷാജന്റെ സ്ഥിതി വരുമോ എന്ന ഭയം കവിക്കുണ്ട്. അതിനാല്‍ പിടിക്കപ്പെട്ടാല്‍ ഞാന്‍ ദില്ലിയിലെ ഭരണാധികാരികളെ ആണ് ആക്ഷേപിച്ചത് എന്നു തോന്നിപ്പിക്കുന്ന ഒരു വരി കൂടി ചേര്‍ത്തു വച്ചിട്ടുണ്ട്. പഴയ സോവിയറ്റ് യൂണിയനെ ക്യാന്‍സര്‍ വാര്‍ഡ് ആക്കി അവതരിപ്പിച്ച അലക്‌സാണ്ടര്‍ സോള്‍സെനിത്‌സെന്റെയും (Alexander Solzhenitsyn) ആനിമല്‍ ഫാമാക്കി അവതരിച്ച ജോര്‍ജ്ജ് ഓര്‍വെലിന്റെയും അതേ തന്ത്രം. നേരിട്ടു പറഞ്ഞാല്‍ ജയിലില്‍ പോകേണ്ടി വരുമെന്ന ഭയം കൊണ്ടാണ് ‘നൂറുകോടിപ്പുഴുപ്പുണ്യ ജന്മങ്ങള്‍’ എന്നു ചേര്‍ത്തത്. കേരളത്തില്‍ മൂന്നരക്കോടിയല്ലേയുള്ളൂ. അപ്പോള്‍ മോദിയെയാണെന്നു ധരിച്ചോട്ടെ എന്നു വലിയ സൂത്രപ്പണി കവിചെയ്യുന്നു.
‘ജീവിച്ചിരിക്കേ മരിച്ചവര്‍ വാഴുന്നരാജ്യം’ എന്ന വിശേഷണം ചേരുന്നത് കേരളത്തിനാണല്ലോ.
‘വായ്പകള്‍ വാങ്ങിതിരിച്ചടവില്ലാതെ
ആനന്ദമാര്‍ഗങ്ങളെല്ലാമൊടുങ്ങി
രണ്ടുപശുക്കളിലൊന്നിനെ വില്‍ക്കുവാന്‍
പമ്മി നടക്കവേ കുത്തേറ്റു വീണിയാള്‍”
എന്ന വരി വായിക്കുമ്പോള്‍ സംഗതി കേരളമാണെന്നു വ്യക്തമാകുന്നു. ‘മതവൈരം’ ഇന്ന് ഏറ്റവും കൂടുതല്‍ തിന്മകള്‍ ചെയ്യുന്നതും ഈ കേരളത്തിലാണല്ലോ. മൊത്തത്തില്‍ കേരളത്തെ യമപുരിയാക്കി മാറ്റിയിരിക്കുന്ന കവിയുടെ രചനാ തന്ത്രം അപാരം തന്നെ.
‘സ്മൃതിമക്ഷിക’ മനോഹരമായ ഒരു സമസ്തപദസൃഷ്ടിയാണ്. മക്ഷി, മക്ഷികം, മക്ഷിക എന്നതിനൊക്കെ ഈച്ച അല്ലെങ്കില്‍ തേനീച്ച എന്നാണര്‍ത്ഥം. ഓര്‍മ്മയുടെ തേനീച്ച, ഓര്‍മയാകുന്ന തേനീച്ച വ്യത്യസ്തമായ പ്രയോഗം. ചവറ കെ.എസ്.പിള്ള തന്റെ ഭാഷാപോഷിണിക്കവിതയ്ക്കു നല്‍കിയിരിക്കുന്ന തലക്കെട്ടാണിത്. സ്‌കൂള്‍ ക്ലാസിലെപ്പോഴോ കുഞ്ചന്‍ നമ്പ്യാരുടെ കവിത.
”പക്ഷീന്ദ്രനുണ്ടു ഗരുഡനെ
ന്നോര്‍ത്തിട്ടു
മക്ഷികക്കൂട്ടംമദിക്കും കണ
ക്കിനേ”
പഠിച്ചകാലത്തേ മനസ്സില്‍ കടന്നിരുന്നതാണ് ‘മക്ഷിക’ എന്ന പദം. ചവറയുടെ ഈ കവിതയ്ക്കു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. 24 വരികളുള്ള കവിത സത്യത്തില്‍ ഒറ്റവരിയാണ്. തുടക്കം മുതല്‍ ഒടുക്കം വരെ ഒരിടത്തും കവിത ഒരു വിരാമത്തിനു മുതിരുന്നില്ല. കവി ബോധപൂര്‍വ്വം സൃഷ്ടിച്ച ഒരു രചനാതന്ത്രമാണോ അതോ യാദൃച്ഛികമാണോ എന്നറിയില്ല. അതുകൊണ്ടുതന്നെ കവിതയില്‍ നിന്നും ഒരു വരിപോലും അടര്‍ത്തി മാറ്റാന്‍ പറ്റുന്നില്ല. ‘സുഭാഷിതരത്‌നഹാരങ്ങളെ ചാര്‍ത്തി, നരജന്മചിത്രകൂടങ്ങളെ കാട്ടിയ’ മുത്തച്ഛനെ ഇത്രയും മുതിര്‍ന്നിട്ടും കവി ഓര്‍ക്കുന്നു. തീര്‍ച്ചയായും മനോഹരമായ രചന തന്നെ.
പ്രേം കൃഷ്ണന്റെ കവിത ‘തോട്ടം’ പ്രണയ പരിഭവങ്ങളുടെ രചനയാണെങ്കിലും ‘മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കുമോ?’ എന്ന പഴഞ്ചൊല്ലൊക്കെ ഉള്‍പ്പെടുത്തി പ്രണയത്തിന്റെ തീവ്രത കുറച്ചിരിക്കുന്നു. ‘എന്നു കായ്ക്കുമീ പൂവിടും മൗനമണമുള്ള മുല്ല’ എന്നതൊക്കെ വിശേഷപ്പെട്ടതുതന്നെ. മൗനത്തിന് മണമുണ്ടെന്ന കവിയുടെ കണ്ടെത്തലില്‍ പുതുമയുണ്ട്.
വി.ദിലീപിന്റെ കഥ ‘പുരുഷന്‍’ ഇക്കാലത്തും സ്വയം നിര്‍ണ്ണയിക്കാന്‍ കഴിയാതെ പോകുന്ന സ്ത്രീയുടെ അവസ്ഥയാണ്. പുരുഷന്മാരുടെ ക്രൂരതകളെക്കുറിച്ച് നിരന്തരം കഥകള്‍ വന്നുകൊണ്ടേയിരിക്കുന്നു. അതേ അളവില്‍ത്തന്നെ സ്ത്രീകളും ഇന്ന് കടുംകൈകള്‍ ചെയ്തുകൊണ്ടിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. എങ്കിലും സ്ത്രീകള്‍ സംരക്ഷിക്കപ്പെട്ടേ തീരൂ! കാരണം അവര്‍ക്കു പുരുഷനോളം ശാരീരികമായ കരുത്തില്ല. കലാപങ്ങളില്‍ ഏറ്റവും ദയനീയമായി ആക്രമിക്കപ്പെടുന്ന സ്ത്രീകളെ നമ്മള്‍ കാണുന്നു. പുരുഷനെപ്പോലെ സ്വതന്ത്രയായി വിഹരിക്കാന്‍ പുതിയ കാലത്തെ സ്ത്രീകള്‍ ആഗ്രഹിക്കുന്നു. വികസിതരാജ്യങ്ങളില്‍ അവര്‍ മാതൃത്വം തന്നെ വേണ്ടെന്നു വെക്കുന്നു. അതുവഴി പ്രകൃതിയുടെ തീരുമാനത്തെത്തന്നെ അട്ടിമറിക്കുന്നു. ‘പുരുഷന്‍’ എന്ന ഈ കഥ എഴുതിയിരിക്കുന്നത് ഒരു സ്ത്രീയല്ല. മറിച്ച് ദിലീപ് എന്ന പുരുഷനാണ്. സ്ത്രീയ്ക്ക് പുരുഷനോളം ഉഷ്ണബലത വേണമെന്ന് പുരുഷന്മാര്‍ തന്നെ വാദിക്കുന്നു. ഇറാനിലും മറ്റും ഉള്ളതുപോലെ സ്ത്രീയെ കൂട്ടിലടയ്ക്കുന്നതിനോട് ആര്‍ക്കും യോജിക്കാനാവില്ല. സ്ത്രീക്കു സമൂഹത്തില്‍ പരമാവധി തുല്യത വേണമെന്ന കാര്യത്തിലും ആര്‍ക്കും വിയോജിപ്പുണ്ടാകില്ല. എന്നാലത് സ്ത്രീയുടെ സുരക്ഷയെത്തന്നെ അപകടകരമായ രീതിയിലാക്കുന്ന തരത്തിലാകാന്‍ പാടില്ല. പണ്ടു മുതല്‍ തന്നെ സ്ത്രീക്ക് ഉയര്‍ന്ന സാമൂഹ്യപദവിയും സുരക്ഷയും നല്‍കിയിരുന്ന രാജ്യമാണിന്ത്യ. അതു തുടരട്ടേ!
പനച്ചിയുടെ ‘സ്‌നേഹപൂര്‍വ്വം’ എന്ന പംക്തിയില്‍ ‘നൂര്‍ജഹാന്‍’ എന്ന മാവിനം നാമാവശേഷമാകുന്നതിനെകുറിച്ചെഴുതിയിരിക്കുന്നു. അദ്ദേഹം വേറേയും മാങ്ങകളെക്കുറിച്ചും The House of the Blue Mangoes എന്ന നോവലിനെക്കുറിച്ചുമെഴുതുന്നു. ഈ ലേഖകന്റെ കുട്ടിക്കാലത്ത് കണ്ടിട്ടുള്ള പല മാവിനങ്ങളും ഇപ്പോള്‍ കേരളത്തില്‍ നിലവിലില്ല എന്നാണ് തോന്നുന്നത്. അവയൊന്നും സംരക്ഷിക്കപ്പെടുന്നില്ല എന്നു തോന്നുന്നു. ചെറുവയല്‍ രാമനെപ്പോലെ ആരെങ്കിലും ആ കര്‍മം ഏറ്റെടുക്കേണ്ടിയിരിക്കുന്നു. ‘എരിയനാടന്‍’ എന്ന ഒരു ഇനത്തെ ഓര്‍മവരുന്നു ഇപ്പോള്‍ കാണുന്നില്ല. അത്രയും രുചിയുള്ള മാങ്ങ പിന്നെ കഴിച്ചിട്ടേയില്ല.