മദന്‍ദാസ്ജിയെ കുറിച്ചുള്ള സ്മരണ എല്ലാവരുടെയും മനസ്സില്‍ ആദ്യം ഉണര്‍ന്നു വരുന്നത് അദ്ദേഹത്തില്‍ നിന്ന് അവര്‍ക്ക് പകര്‍ന്നു കിട്ടിയ സ്‌നേഹവും ദിശാദര്‍ശനവും ഒക്കെയായിരിക്കും.
സംഘത്തിന്റെ സഹസര്‍കാര്യവാഹായും നീണ്ട 22 വര്‍ഷം അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ സംഘടനാ സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചു. അന്ന് നിലവില്‍ ഉണ്ടായിരുന്ന മറ്റു വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് വിദ്യാര്‍ത്ഥി പരിഷത്തിനു ഉണ്ടായിരുന്നു.
‘ഇന്നത്തെ വിദ്യാര്‍ത്ഥി നാളത്തെ പൗരനാണ് എന്നതിനുപകരം ഇന്നത്തെ വിദ്യാര്‍ത്ഥി ഇന്നത്തെ കൂടി പൗരനാണ്’ എന്ന ദേശീയ കാഴ്ചപ്പാട് കൊടുക്കുക മാത്രമല്ല ആ പൗരബോധത്തില്‍ കൂടി ദേശത്തെ ബാധിക്കുന്ന ഓരോ വിഷയത്തിലും എങ്ങനെ പ്രവര്‍ത്തിക്കണം എന്നുള്ള കാര്യം അദ്ദേഹം അവര്‍ക്കു പകര്‍ന്നു നല്‍കി.
ഭാരതത്തിന്റെ വടക്ക് കിഴക്കന്‍ മേഖലയില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് ഭരണകൂടത്തിന്റെ മാത്രം ഉത്തരവാദിത്തമായി മറ്റുള്ളവര്‍ കരുതിയപ്പോള്‍, അവിടെ ദീര്‍ഘദൃഷ്ടിയോടുകൂടി ഭാരതത്തിന്റെ അഖണ്ഡത സംരക്ഷിക്കേണ്ടത് വിദ്യാര്‍ഥി സമൂഹത്തിന്റെ കൂടി ഉത്തരവാദിത്തമാണെന്ന് മനസ്സിലാക്കാന്‍ ‘സീല്‍'(സ്റ്റുഡന്റ്‌സ് എക്‌സ്പീരിയന്‍സ് ഇന്‍ ഇന്റര്‍ സ്റ്റേറ്റ് ലിവിങ്) പോലുള്ള കാര്യക്രമങ്ങള്‍ അദ്ദേഹം ആസൂത്രണം ചെയ്തു. തത്ഫലമായി ഒരു കാലഘട്ടത്തില്‍ വടക്കുകിഴക്ക് പ്രദേശം ഭാരതത്തിന് നഷ്ടപ്പെട്ടു പോകുമായിരുന്ന സാഹചര്യത്തില്‍ നിന്നും ആ ഭാഗത്തെ വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ ഭാരതത്തിന്റെ അവിഭാജ്യ ഭാഗമാണെന്നും ഭാരതത്തിന്റെ അഖണ്ഡത തങ്ങളുടെ ഉത്തരവാദിത്തമാണെന്നുമുള്ള ബോധ്യം അവരുടെയുള്ളില്‍ ജനിപ്പിച്ചു.
ആ തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിച്ചു കൊണ്ട് അതിലൂടെ ഭാരതത്തിന്റെ അഖണ്ഡത സംരക്ഷിക്കാനും ദേശവിരുദ്ധമായ ദുഷ്പ്രചരണങ്ങളെ തകര്‍ക്കുവാനും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിച്ചു.
1975- ല്‍ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കാലഘട്ടത്തില്‍ മദന്‍ദാസ്ജിയുടെ നേതൃത്വത്തില്‍ സമരമുഖത്തിന്റെ മുന്‍പന്തിയില്‍ വിദ്യാര്‍ത്ഥി പരിഷത്ത് അണിനിരന്നിരുന്നു. അതോടൊപ്പം ഭാരതത്തിലെ സകല മേഖലയിലും നടന്നുകൊണ്ടിരിക്കുന്ന അഴിമതിക്കെതിരെ വിദ്യാര്‍ഥി സമൂഹത്തെ സംഘടിതമായി അണിനിരത്താനും അദ്ദേഹത്തിന് സാധിച്ചു.
രാഷ്ട്രം വെല്ലുവിളികളെ നേരിട്ട സമയത്ത് സംഘടനയുടെ പ്രധാന കാര്യക്രമങ്ങള്‍ പോലും മാറ്റിവച്ച് ദേശീയ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന കൊടുത്തുകൊണ്ട് എന്തും ചെയ്യാന്‍ അന്നത്തെ വിദ്യാര്‍ഥി സമൂഹത്തെ അദ്ദേഹം സജ്ജമാക്കി.
അടിയന്തരാവസ്ഥയ്ക്ക് ശേഷം മദന്‍ജിയുടെ നേതൃത്വത്തില്‍ ദല്‍ഹിയിലെ കലാലയങ്ങളിലും ഉത്തരഭാരതത്തിലെ കലാലയങ്ങളിലും വിദ്യാര്‍ത്ഥി പരിഷത്തിന്റെ പ്രവര്‍ത്തനം വളരെയധികം മുന്നോട്ടു പോയിരുന്നു. ഭാരതത്തിന്റെ ഭരണസാരഥ്യം ഒരു തരത്തിലും ദേശീയ ശക്തികളിലേക്ക് വരുമെന്ന് ചിന്തിക്കുവാന്‍ പോലും സാധിക്കാതിരുന്ന കാലഘട്ടത്തിലായിരുന്നു വിദ്യാര്‍ത്ഥി പരിഷത്തിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജസ്വലമായി മുന്നോട്ടു പോയിരുന്നത്.
പൊതു സമൂഹത്തില്‍ അന്ന് പ്രവര്‍ത്തിച്ച് വന്നിരുന്ന രാഷ്ട്രീയ സംഘടനകള്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളെ അവരുടെ രാഷ്ട്രീയ സംഘടനയെ പോഷിപ്പിക്കുന്നതിനായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥി പരിഷത്തിന് ഇതില്‍ നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടാണ് ഉണ്ടായിരുന്നത്. ദേശീയബോധവും ചാരിത്ര്യശുദ്ധിയുമുള്ള വിദ്യാര്‍ത്ഥികളെ നിര്‍മ്മിച്ചെടുക്കുക എന്ന കാഴ്ചപ്പാടോടു കൂടിയാണ് വിദ്യാര്‍ത്ഥി പരിഷത്ത് പ്രവര്‍ത്തിച്ചത്. ആ സമയത്തെ കലാലയ തിരഞ്ഞെടുപ്പുകളില്‍ ജനതാ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനകളും ദേശീയതയില്‍ ഊന്നി പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥി പരിഷത്തും അന്നത്തെ അന്തരീക്ഷത്തില്‍ പരസ്പരം മത്സരിക്കേണ്ടെന്ന് ചിന്തിച്ചു കൊണ്ട് വിദ്യാര്‍ത്ഥി പരിഷത്ത് തിരഞ്ഞെടുപ്പുകളില്‍ നിന്ന് പൂര്‍ണമായും മാറിനില്‍ക്കാന്‍ തീരുമാനിച്ചു; പൂര്‍ണമായും വിജയം നേടാന്‍ സാധിക്കുമായിരുന്ന സമയത്ത് തിരഞ്ഞെടുപ്പുകളില്‍ നിന്ന് വിട്ടുനിന്ന് ഭാവാത്മകവും സര്‍ഗ്ഗാത്മകവും ആയി രാഷ്ട്ര പുനര്‍നിര്‍മാണ പ്രക്രിയയില്‍ കൂടുതല്‍ വ്യാപൃതരായി. അതു കാരണം വിദ്യാര്‍ത്ഥി പരിഷത്തിനെ കൂടുതല്‍ ശക്തിപ്പെടുത്തുവാന്‍ സാധിച്ചു. ഇത്തരം പരിതസ്ഥിതിയില്‍ സംഘടനയ്ക്ക് നേതൃത്വം കൊടുത്ത് മുന്നോട്ട് കൊണ്ടു പോയിരുന്നത് മദന്‍ദാസ് ജി ആയിരുന്നു.
മദന്‍ജിയെ സംബന്ധിച്ചിടത്തോളം പ്രചാരക ജീവിതത്തിലെ കാര്‍ക്കശ്യത എന്താണെന്ന് ഉപദേശിക്കുന്നതിന് പകരം ജീവിച്ച് കാണിക്കുകയായിരുന്നു ചെയ്തത്. പ്രത്യേകിച്ച് വിദ്യാര്‍ത്ഥി രംഗത്ത് പ്രവര്‍ത്തിക്കുമ്പോള്‍ പോലും ഒരു പ്രചാരകന്റെ ചിട്ടകളും കാര്‍ക്കശ്യവും പാലിച്ചു കൊണ്ടു തന്നെ അദ്ദേഹം ജീവിച്ചു. അതിനാല്‍ അദ്ദേഹത്തോടൊപ്പമുള്ള ജീവിതം ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് പ്രേരണദായകവും ദിശാബോധവും നല്‍കി.
മദന്‍ദാസ്ജിയുടെ സ്‌നേഹവാത്സല്യങ്ങളിലൂടെ വളര്‍ന്നുവന്ന ഒട്ടനവധി കാര്യകര്‍ത്താക്കള്‍ പില്‍ക്കാലത്ത് കേന്ദ്രമന്ത്രിസഭയിലടക്കം ഉയര്‍ന്ന പദവികളില്‍ എത്തിച്ചേര്‍ന്നിരുന്നു. എന്നാല്‍ ഒരു കാലത്തും അദ്ദേഹം സ്ഥാനമാനങ്ങള്‍ക്ക് പുറകെ പോകാതെ നിശബ്ദമായി പിന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. ഒട്ടനവധി ആള്‍ക്കാരെ പ്രശസ്തിയിലേക്ക് ഉയര്‍ത്തി എടുത്തപ്പോഴും പരിപൂര്‍ണമായി അദ്ദേഹം പ്രശസ്തി പരാങ്മുഖനായി നിലകൊണ്ടു.
മദന്‍ദാസ്ജി വിദ്യാര്‍ത്ഥി പരിഷത്തിന്റെ ചുമതലയില്‍ നിന്ന് മാറി, സംഘത്തിന്റെ അഖില ഭാരതീയ പ്രചാരക് പ്രമുഖ് ആയി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ വിശ്വവിഭാഗിന്റെ സംയോജകന്‍ എന്ന നിലക്കും പ്രവര്‍ത്തിച്ചു. ആ കാലയളവില്‍ രാജ്യത്തിനു പുറത്തെ ഹിന്ദു സമൂഹത്തിന്റെ പല പ്രശ്‌നങ്ങളിലും ഇടപെടാനും പരിഹാരം കണ്ടെത്താനും അദ്ദേഹത്തിന് സാധിച്ചു. മദന്‍ദാസ് ജിയുടെ വിശേഷ സ്വഭാവങ്ങളില്‍ ഒന്ന് ആരെങ്കിലും അദ്ദേഹത്തോട് സംസാരിക്കാന്‍ വന്നാല്‍ വളരെ ശ്രദ്ധയോടുകൂടി അത് കേള്‍ക്കാനും അതിനുശേഷം ആ പ്രശ്‌നത്തിന്റെ അടിസ്ഥാനം എന്താണെന്ന് മനസ്സിലാക്കി അനുയോജ്യമായ പരിഹാരം കണ്ടെത്തുവാനും പരിശ്രമിക്കും എന്നതായിരുന്നു. മാത്രമല്ല പ്രശ്‌നപരിഹാര സമയത്ത് മറ്റുള്ളവരുടെ മനസ്സില്‍ ഒരുതരത്തിലുമുള്ള വേദന ഉണ്ടാവാതെയിരിക്കാന്‍ അദ്ദേഹം വളരെയേറെ ശ്രദ്ധ പുലര്‍ത്തിയിരുന്നു. 1977ല്‍ അടിയന്തരാവസ്ഥ കഴിഞ്ഞതിനു ശേഷം ലേഖകന്‍ കോഴിക്കോട് പ്രവര്‍ത്തിച്ചിരുന്ന സമയത്ത് മദന്‍ ദാസ് ജി കോഴിക്കോട് ചികിത്സയ്ക്കായി എത്തിയിരുന്നു. ആ സമയം പകല്‍ മുഴുവന്‍ സംസാരിക്കുവാനും അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലി നേരിട്ട് അനുഭവിക്കാനും സാധിച്ചു. കലാലയ വിദ്യാര്‍ത്ഥി പ്രവര്‍ത്തനം സംഘടിപ്പിക്കുന്നതിലൂടെ വിദ്യാര്‍ത്ഥികളുമായുള്ള ഹൃദയബന്ധം സ്ഥാപിക്കുവാനും പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടു പോകുവാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് നേരിട്ട് അനുഭവിക്കാന്‍ സാധിച്ചിരുന്നു.
ഒരു വ്യക്തിയെ യഥാര്‍ത്ഥമായി മനസ്സിലാക്കാന്‍ പുസ്തകം വായിച്ചോ പത്രമാധ്യമങ്ങളിലൂടെയോ സാധിക്കില്ല. മറിച്ച് അവരോടൊപ്പം കൂടുതല്‍ അടുത്ത് ഇടപഴകുകയും ചേര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സമയത്തു മാത്രമേ സാധിക്കുകയുള്ളൂ. ഡോക്ടര്‍ജിയെക്കുറിച്ച് പുസ്തകം വായിച്ചു മനസ്സിലാക്കിയവരാണ് ഭൂരിഭാഗവും. എന്നാല്‍ ഭാസ്‌കര്‍ റാവുജിയോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന കാര്യകര്‍ത്താക്കള്‍ പറയുന്നത്, പരംപൂജനീയ ഡോക്ടര്‍ജിയെ നമുക്ക് കാണാന്‍ സാധിച്ചില്ല, എന്നാല്‍ ഭാസ്‌കര്‍ റാവു ജിയോടൊപ്പം ചെലവഴിക്കുന്ന ഓരോ നിമിഷവും ഡോക്ടര്‍ജിയെ അനുഭവിക്കുവാന്‍ ഞങ്ങള്‍ക്ക് സാധിച്ചു എന്നാണ്. അതേ അനുഭവം മദന്‍ ദാസ് ജിയിലൂടെയും എനിക്കുണ്ടായി.
മദന്‍ദാസ്ജി കുറച്ചു ദിവസങ്ങളായി അനാരോഗ്യ പ്രശ്‌നങ്ങളാല്‍ അവശനായിരുന്നു ആ സമയത്ത് പോലും അഖില ഭാരതീയ കാര്യകാരിയില്‍ മുഴുവന്‍ സമയവും പങ്കെടുക്കണമെന്ന് വാശിയുണ്ടായിരുന്നു. മുന്‍പും തന്റെ ശാരീരിക അസ്വസ്ഥതകളെ മാറ്റിവെച്ച് അദ്ദേഹം ഇത്തരം കാര്യക്രമങ്ങളില്‍ ഉപസ്ഥിതനായിരുന്നു. മാത്രമല്ല നമ്മുടെ സമാജത്തില്‍ നടക്കുന്ന സംഭവങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും സംഘത്തിന്റെ ഗതിവിധി പ്രവര്‍ത്തനങ്ങളെ ആഴത്തില്‍ പഠിക്കുകയും ചെയ്തിരുന്നു. ബൈഠക്കുകള്‍ക്ക് ശേഷം ആ ബൈഠക്കിലെ മുഴുവന്‍ കാര്യകര്‍ത്താക്കളോടും വ്യക്തിപരമായി സംസാരിക്കാനും ആശയങ്ങള്‍ പങ്കുവയ്ക്കാനും തന്റെ ശാരീരിക അവശതയ്ക്കിടയിലും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.
പരംപൂജനീയ സര്‍സംഘചാലക് പറഞ്ഞതുപോലെ മരണം സഹജമായ കാര്യമാണ്. എന്നാല്‍ എല്ലാവരുടെയും മനസ്സ് മദന്‍ദാസ്ജിക്ക് ദീര്‍ഘായുസ്സ് നീട്ടി കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു. കാരണം ഇന്നത്തെ പരിതസ്ഥിതിയില്‍ അദ്ദേഹത്തിന് നാടിനുവേണ്ടി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുവാന്‍ സാധിച്ചേനെ. പക്ഷേ മരണം ഈശ്വര നിശ്ചയമാണ്. നമ്മുടെ കൈകളില്‍ അല്ലല്ലോ. എന്നാല്‍ നമ്മുടെ കൈകളിലുള്ള, നമുക്ക് സാധിക്കുന്ന കാര്യം പ്രശസ്തി പരാങ്മുഖനായി ലളിതമായ ജീവിതം നയിക്കുകയും സദാ സര്‍വ്വദാ ദേശീയമായിട്ടുള്ള കാഴ്ചപ്പാട് സ്വായത്തമാക്കി സ്വന്തം ജീവിതം കൊണ്ട് ആയിരക്കണക്കിന് വ്യക്തികള്‍ക്ക് ആശയവും ആദര്‍ശവും നല്‍കുക എന്നതാവണം. ഈ രീതിയില്‍ സ്വന്തം ജീവിതത്തിന്റെ പ്രധാന പങ്ക് ദേശീയതയ്ക്ക് വേണ്ടി നല്‍കുവാന്‍ സാധിക്കണം. ദേശീയതയ്ക്ക് വേണ്ടി സര്‍വ്വശക്തിയും സമയവും നല്‍കി പ്രവര്‍ത്തിക്കേണ്ട അനേകായിരം കാര്യകര്‍ത്താക്കളെ ആവശ്യമുള്ള സമയമാണിത്. ഇത് മനസ്സിലാക്കി രാഷ്ട്രകാര്യമാകുന്ന ശ്രേഷ്ഠകാര്യം ചെയ്യാന്‍ നമ്മുടെ മുഴുവന്‍ ശക്തിയും സമയവും ഉപയോഗിച്ച് പ്രവര്‍ത്തിക്കുവാന്‍ സാധിക്കണം. അതാണ് നമുക്ക് മദന്‍ദാസ്ജിയോട് ചെയ്യുവാന്‍ സാധിക്കുന്ന ശ്രേഷ്ഠമായ ശ്രദ്ധാഞ്ജലി.