പുരിയില്‍ നിന്നും ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലേക്ക് രാത്രി തന്നെ എത്തിച്ചേര്‍ന്നു. അവിടെ റെയില്‍വെ സ്റ്റേഷനില്‍ സുമന്ത് പാണ്ഡേ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. മഞ്ചേശ്വര്‍ ഇന്റസ്ട്രിയല്‍ എസ്റ്റേറ്റിനടുത്തുള്ള സേവാ കേന്ദ്രത്തിലായിരുന്നു ഞങ്ങളുടെ താമസം ഒരുക്കിയിരുന്നത്. അവിടം വരെ ഞങ്ങള്‍ ബസില്‍ പോകാന്‍ തീരുമാനിച്ചു. പത്തു രൂപ മാത്രമാണ് ബസ് കൂലി. ഉത്കല്‍ വിപന്നസഹായതാ സമിതിയുടെ പടുകൂറ്റന്‍ സേവാ കേന്ദ്രത്തില്‍ ഞങ്ങള്‍ എത്തുമ്പോള്‍ രാത്രി ഒമ്പതു മണിയായിരുന്നു. 1982ല്‍ ഒഡീഷയിലുണ്ടായ പ്രളയം വലിയ നാശ നഷ്ടങ്ങള്‍ വിതച്ചിരുന്നു. അന്ന് ഒഡീഷയിലെ ജനങ്ങളെ സഹായിക്കാന്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തകര്‍ രാജ്യവ്യാപകമായി നിധിശേഖരണം നടത്തുകയുണ്ടായി. പ്രകൃതിദുരന്തത്തില്‍ പെട്ടുഴലുന്നവര്‍ക്ക് ശാശ്വത സഹായമാകും വിധത്തില്‍ ദേശീയ സേവാഭാരതിയുടെ പേരില്‍ നിര്‍മ്മിച്ചതാണ് ഈ ബഹുനില മന്ദിരം. 1999 ല്‍ ചുഴലി കൊടുങ്കാറ്റില്‍ വലിയ ദുരന്തങ്ങള്‍ ഉണ്ടായപ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായിരുന്നത് ഈ സേവാകേന്ദ്രമായിരുന്നു. പ്രകൃതിദുരന്തത്തില്‍ പെട്ട് മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്കായുള്ള മാതൃ നിലയം, നിരവധി ആരോഗ്യ പദ്ധതികള്‍, പ്രകൃതിചികിത്സാകേന്ദ്രം, ഫിസിയോ തെറാപ്പി കേന്ദ്രം, യോഗ ചികിത്സാ കേന്ദ്രം, ഭാരതമാതാ ക്ഷേത്രം എന്നിവയെല്ലാം ഇവിടം കേന്ദ്രീകരിച്ച് നടക്കുന്നു. സംസ്ഥാന വ്യാപകമായി സേവാഭാരതി നടത്തുന്ന അനൗപചാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, ഗ്രാമങ്ങള്‍ ദത്തെടുക്കല്‍, വീട് നിര്‍മ്മാണം, സുശ്രുത സ്വാസ്ഥ്യ സഹായതാ കേന്ദ്രം എന്നീ പ്രവര്‍ത്തനങ്ങളുടെ എല്ലാം കേന്ദ്രം ഈ സേവാ നിലയമാണ്. അത്യന്താധുനിക സജ്ജീകരണങ്ങളുള്ള സഞ്ചരിക്കുന്ന ആശുപത്രി സേവാ കേന്ദ്രത്തിന്റെ മുന്നില്‍ തന്നെ പാര്‍ക്കു ചെയ്തിട്ടുണ്ട്. പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ഒറ്റപ്പെട്ടു പോകുന്ന ഗ്രാമങ്ങളിലേക്ക് വൈദ്യ ശുശ്രൂഷ എത്തിക്കുക എന്നതാണ് ഈ ചലിക്കുന്ന ആശുപത്രിയുടെ ഉദ്ദേശ്യം. സേവാ കേന്ദ്രത്തിന്റെ അന്ന സത്രത്തില്‍ ഞങ്ങള്‍ക്കുള്ള അത്താഴം തയ്യാറായിട്ടുണ്ടായിരുന്നു. ചൂടു റൊട്ടിയും കിഴങ്ങു കറിയും കഴിച്ച് ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു.
നന്ദന വനത്തിലെ മൃഗങ്ങള്‍
യാത്ര നാലാം ദിവസത്തിലേക്ക് എത്തുകയാണ്. ഭുവനേശ്വറില്‍ ഒരു ദിവസം കൊണ്ട് പരമാവധി കണ്ടു തീര്‍ക്കാവുന്ന ഇടങ്ങള്‍ സുമന്ത് പാണ്ഡേ ചാര്‍ട്ട് ചെയ്ത് ഒരു ടാക്‌സി കാറും ഏര്‍പ്പാട് ചെയ്തിരുന്നു. രാവിലെ 6.30 ന് ജിതന്‍കുമാര്‍ ജന എന്ന 23 കാരന്‍ കാറുമായി എത്തി. ആള്‍ നിരുപദ്രവിയായ ഒരു പൊങ്ങച്ചക്കാരനാണ് എന്ന് സംഭാഷണത്തില്‍ നിന്നും തോന്നി. അഞ്ച് വര്‍ഷമായി അയാള്‍ ടാക്‌സി ഓടിക്കുകയാണത്രെ. എന്നു മാത്രമല്ല അയാളുടെ സഹോദരന് പതിനഞ്ച് കാറുകള്‍ സ്വന്തമായുണ്ടെന്നും അയാള്‍ അവകാശപ്പെട്ടു. ഉണ്ടായിരിക്കട്ടെ ഇല്ലാതിരിക്കട്ടെ, അത് നമ്മുടെ വിഷയമല്ല. ചെക്കന് നന്നായി വണ്ടി ഓടിക്കാന്‍ അറിയാമെന്ന് അല്‍പ്പസമയം കൊണ്ട് തെളിയിച്ചു. എന്നു മാത്രമല്ല അയാള്‍ ഞങ്ങളുമായി ഇഴുകിച്ചേര്‍ന്ന് യാത്ര ആസ്വദിക്കുന്നതുപോലെയും തോന്നി. ഭുവനേശ്വര്‍ നഗരത്തില്‍ നിന്നും 15 കിലോമീറ്റര്‍ ദൂരത്തുള്ള നന്ദന്‍ കാനന്‍ സുവോളജിക്കല്‍ പാര്‍ക്കായിരുന്നു ഞങ്ങളുടെ ആദ്യ ലക്ഷ്യം. ഒഡീഷയിലെ എന്നല്ല ഭാരതത്തിലെ തന്നെ വലിയ മൃഗശാലകളിലൊന്നാണ് നന്ദന്‍ കാനന്‍. നന്ദന്‍ കാനന്‍ എന്നു പറഞ്ഞാല്‍ ദേവലോകത്തെ നന്ദനവനമെന്ന് അര്‍ത്ഥം. കഴിയുന്നതും മൃഗങ്ങളെ അവരുടെ ജീവിത സാഹചര്യത്തിനിണങ്ങും വിധം തുറന്നതും വിശാലവുമായ വേലിക്കെട്ടുകള്‍ക്കുള്ളിലാണ് ഇവിടെ സംരക്ഷിച്ചിരിക്കുന്നത്. ഏതാണ്ട് എല്ലാ കൂടുകളിലും കൃത്രിമ തടാകങ്ങളും ഗുഹകളുമൊക്കെ ഉണ്ടാക്കിയിട്ടുണ്ട്. ഇടയ്ക്ക് ധാരാളം മരങ്ങളും ചെടികളും ഉള്ളതുകൊണ്ട് കുറച്ചൊക്കെ നൈസര്‍ഗ്ഗിക പരിത:സ്ഥിതിയിലാണ് ഇവിടെ മൃഗങ്ങളെ സംരക്ഷിച്ചിരിക്കുന്നത്. 1080 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന നന്ദന്‍ കാനന്‍ 1979 ലാണ് ജനങ്ങള്‍ക്ക് തുറന്നു കൊടുത്തത്. അതിവിശാലമായ കാഞ്ചിയ തടാകം ഇതിനോട് ചേര്‍ന്നു കിടക്കുന്നതിനാല്‍ സ്വാഭാവികമായി നീര്‍ കിളികളും ദേശാടന കിളികളും ഇവിടെ വന്നു പോകുന്നു. വിശാലമായ ഈ സുവോളജിക്കല്‍ പാര്‍ക്ക് നടന്നു കാണണമെങ്കില്‍ ഒരു ദിവസം തന്നെ വേണ്ടി വരും. അതുകൊണ്ട് എല്ലാവരും ഇലക്ട്രിക്ക് വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. അതിരാവിലെ ആയതുകൊണ്ട് വലിയ തിരക്ക് കണ്ടില്ല. ഞങ്ങളോടൊപ്പം കാര്‍ ഡ്രൈവര്‍ ജിതനും കാഴ്ചകള്‍ കാണാന്‍ കൂടി. നൂറ്റി അമ്പത്തേഴ് സ്പീഷീസുകളിലായി ഏതാണ്ട് 3517 മൃഗങ്ങളെയാണ് ഇവിടെ സംരക്ഷിച്ച് പോരുന്നത്. ബംഗാള്‍ കടുവകള്‍ക്ക് ഏറെ പ്രസിദ്ധമാണ് നന്ദന്‍ കാനന്‍. ഭാസ്‌ക്കര്‍ എന്ന പേരുള്ള ഒരു ഗൈഡിനെ ഞങ്ങള്‍ ഒപ്പം കൂട്ടി. അയാളാണ് ഞങ്ങള്‍ക്കു വേണ്ട ഇലക്ട്രിക് വാഹനം ഏര്‍പ്പാടാക്കിയത്. വായ് നിറയെ മുറുക്കാന്‍ നിറച്ചിരിക്കുന്നു എന്നതുകൊണ്ട് കൂടുതല്‍ വിശദീകരണങ്ങള്‍ക്ക് അയാളെ ഞങ്ങള്‍ നിര്‍ബന്ധിച്ചില്ല. മൃഗങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് സമാനമായ അന്തരീക്ഷം ഒരുക്കാന്‍ അധികൃതര്‍ ശ്രദ്ധിച്ചിട്ടുണ്ട്. അല്ലാതെ ഇരുമ്പു കൂട്ടില്‍ തിരിയാനും മറിയാനും ഇടമില്ലാത്ത വിധമല്ല ഇവിടെ മൃഗങ്ങളെ സംരക്ഷിച്ചിരിക്കുന്നത്. ചിമ്പാന്‍സി, കരടി, പെലിക്കന്‍, കഴുകന്‍, അനാക്കോണ്ട, രാജവെമ്പാല, മൂന്നിനം മുതലകള്‍, വെള്ളക്കടുവ എന്നു തുടങ്ങി നിരവധി മൃഗങ്ങളെ കാണാന്‍ കഴിഞ്ഞു. ഇതില്‍ വെള്ളക്കടുവകള്‍ ആണ് ഞങ്ങളുടെ ശ്രദ്ധയെ ഏറെ ആകര്‍ഷിച്ചത്. വനത്തില്‍ വിഹരിക്കുന്നു എന്നു തോന്നുന്ന വിധത്തിലുള്ള അവയുടെ അനവധി ചിത്രങ്ങള്‍ എന്റെ ക്യാമറയ്ക്ക് വിരുന്നായി. 1999-ല്‍ ഉണ്ടായ ചുഴലി കൊടുങ്കാറ്റിലും വെള്ളപ്പൊക്കത്തിലും നന്ദന്‍ കാനനില്‍ വലിയ നാശ നഷ്ടങ്ങള്‍ ഉണ്ടായിരുന്നു. പല മൃഗങ്ങളും ചാടിപ്പോകുന്ന അവസ്ഥ പോലും ഉണ്ടായത്രെ. ഞങ്ങള്‍ പതിനൊന്ന് മണിയോടെ നന്ദന്‍ കാനനില്‍ നിന്ന് അടുത്ത സ്ഥലത്തേയ്ക്ക് പ്രയാണമാരംഭിച്ചു.
ഉദയഗിരിയിലെ ജൈന ഗുഹകള്‍
മനുഷ്യ നാഗരികതകളുടെ ചരിത്രം ആരംഭിക്കുന്നത് ഗുഹകളില്‍ നിന്നാണ് എന്നു പറയാം. കാട്ടില്‍ അലഞ്ഞു നടന്ന ആദി മാനവന്‍ കൃഷി ചെയ്യുവാന്‍ തുടങ്ങിയതോടെയാണ് എവിടെയെങ്കിലും സ്ഥിരതാമസമുറപ്പിക്കാന്‍ തുടങ്ങിയത്. മരപ്പൊത്തുകളും പാറ ഇടുക്കുകളും ആയിരുന്നിരിക്കണം അക്കാലത്തെ മനുഷ്യന്റെ വീട്. പിന്നീടാവണം പാറകള്‍ തുരന്ന് ഗുഹകള്‍ ഉണ്ടാക്കി ആദിമ ഭവനങ്ങള്‍ അവന്‍ പണിതത്. പ്രാചീന ശിലായുഗത്തിന്റെ തിരുശേഷിപ്പികള്‍ പലതും കണ്ടെടുക്കപ്പെട്ടത് ഗുഹകളില്‍ നിന്നായിരുന്നു. ലോഹ യുഗം ആരംഭിക്കുന്നതിന് മുമ്പ് തന്നെ മനുഷ്യന്‍ ഗുഹാ ജീവിതം ആരംഭിച്ചു തുടങ്ങിയിരുന്നു. മനുഷ്യ ചരിത്രം തിരഞ്ഞു പോകുന്നവര്‍ക്ക് എല്ലാ കാലവും ചരിത്ര ശേഷിപ്പുകളുടെ അക്ഷയഖനികളായിരുന്നു ഗുഹകള്‍. കേരളത്തില്‍ വയനാട്ടിലുള്ള ഇടയ്ക്കല്‍ ഗുഹയും, മഹാരാഷ്ട്രയിലെ അജന്തയും എല്ലോറയും എല്ലാം മനഷ്യ ചരിത്രത്തിന്റെ നിയതമായ ഒരു കാലഘട്ടത്തിന്റെ സാക്ഷ്യ പത്രങ്ങളാണ്.
ഉദയഗിരിയും ഖണ്ഡഗിരിയും ഒഡീഷയിലെ കുമാരി പര്‍വ്വതത്തിന്റെ ഇരുവശങ്ങളിലായി സ്ഥിതി ചെയ്യുന്ന അപൂര്‍വ്വ ചരിത്ര സ്ഥലികളാണ്. ബി.സി. രണ്ടാം നൂറ്റാണ്ടില്‍ കലിംഗം ഭരിച്ച ഖാരവേലന്റെ കാലത്ത് ജൈന മുനിമാര്‍ തപസ്സു ചെയ്യാന്‍ വേണ്ടി പാറ തുരന്നുണ്ടാക്കിയ നിരവധി ഗുഹകള്‍ ഉദയഗിരിയിലും ഖണ്ഡഗിരിയിലും കാണാന്‍ കഴിയും. ഖാരവേലന്റെ നിരവധി ശിലാലിഖിതങ്ങള്‍ ബ്രാഹ്‌മി ലിപിയില്‍ ഇവിടെ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ഉദയഗിരിയില്‍ 18 ഉം ഖണ്ഡഗിരിയില്‍ 15 ഉം ഗുഹകളാണ് ഉള്ളത്. എന്തായാലും ഇവിടെ ഞങ്ങള്‍ കുറച്ചു കൂടി നേരത്തെ എത്തേണ്ടതായിരുന്നു. കാരണം നട്ടുച്ചയില്‍ ചുട്ടുപഴുത്ത പാറകളിലൂടെ സഞ്ചരിച്ചാലേ ഓരോ ഗുഹയിലും എത്തിച്ചേരാന്‍ കഴിയുമായിരുന്നുള്ളൂ. ഉദയഗിരിയിലെ റാണി ഗുംഭ എന്നറിയപ്പെടുന്ന ഇരുനിലഗുഹകള്‍ വളരെ ദൂരെ നിന്നേ കാണാന്‍ കഴിയുമായിരുന്നു. രണ്ടാം നിലയിലെ ഇതിന്റെ തൂണുകള്‍ വളരെ കലാപരമായി കൊത്തി ഉണ്ടാക്കിയവയായിരുന്നു. ഇവ വളരെ വിസ്താരമേറിയ ഗുഹകളാണ്. ദ്വാരപാലന്മാരോടു കൂടിയ റാണി കുംഭയുടെ ഉള്‍ച്ചുവരുകളില്‍ നിറയെ ശില്‍പ്പങ്ങള്‍ ചെയ്തിട്ടുണ്ട്. ഗുഹയുടെ വലത് മൂലയില്‍ കൊത്തി വച്ചിരിക്കുന്ന യവന പോരാളിയുടെ ശില്‍പ്പം യവന പടയോട്ടങ്ങളെ കുറിച്ച് സൂചന നല്‍കാന്‍ പോന്നതാണ്. യുദ്ധ ദൃശ്യങ്ങള്‍, മൃഗ രൂപങ്ങള്‍, നായാട്ട് തുടങ്ങിയ കാര്യങ്ങളൊക്കെ റാണി കുംഭയുടെ ചുവര്‍ ശില്‍പ്പങ്ങളായി ചെയ്തു വച്ചിരിക്കുന്നു. കാലമേല്‍പ്പിച്ച പരിക്കുകള്‍ കൊണ്ട് ചില ശില്‍പ്പങ്ങളുടെ രൂപം തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. ഒരുപക്ഷെ രാജശില്‍പ്പികള്‍ തന്നെ ഈ ഗുഹകള്‍ ജൈന മുനിമാര്‍ക്കു വേണ്ടി നിര്‍മ്മിച്ച് നല്‍കിയതാവാം. മിക്ക ഗുഹകള്‍ക്കും അവയുമായി ബന്ധപ്പെട്ട പേരുകള്‍ നല്‍കിയിട്ടുണ്ട്. ഹാത്തി കുംഭ, അനന്ത കുംഭ, ഗണേശ കുംഭ, വ്യാഘ്ര കുംഭ, സര്‍പ്പ കുംഭ എന്നിങ്ങനെയാണ് വിവിധ ഗുഹകളുടെ പേരുകള്‍. ആറ് ആനകളുടെ ശില്‍പ്പം കൊത്തിയ ചെറിയ ഗുഹയാണ് ഛോട്ടാ ഹാത്തി കുംഭ. ജയ വിജയ ഗുഹ, സ്വര്‍ഗ്ഗപുരി ഗുഹ തുടങ്ങിയവയും ഇരുനിലകളായി നിര്‍മ്മിച്ചിട്ടുള്ളവയാണ്. സ്വര്‍ഗ്ഗപുരി ഗുഹ രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും ആരാധന നടത്തുന്ന ശില്‍പ്പം കൊണ്ട് ശ്രദ്ധേയമാണ്. ഗണേശ ഗുഹ മനോഹരവും ഒറ്റപ്പെട്ടു നില്‍ക്കുന്നതുമാണ്. ഗുഹയുടെ പുറത്ത് ഗണേശ ശില്‍പ്പം ഉള്ളതുകൊണ്ടാവാം ഈ പേര് വന്നത്. ഒരു പക്ഷെ ഇത് പില്‍ക്കാലത്തുണ്ടാക്കിയതും ആവാം. ഈ ഗുഹയുടെ മുന്നില്‍ ലക്ഷണമൊത്ത രണ്ട് ഗജരൂപങ്ങളും കൊത്തി വച്ചിട്ടുണ്ട്. ഹാത്തി കുംഭ സാമാന്യം വലുതും സ്വാഭാവികമായതുമാണ്. എന്നാല്‍ പോര്‍ച്ചുപോലുള്ള ചില നിര്‍മ്മിതികള്‍ ഇതിനെ മറ്റ് ഗുഹകളില്‍ നിന്ന് വേര്‍തിരിച്ച് നിര്‍ത്തുന്നു. ഇതിലെ ചില ചുവര്‍ രേഖകള്‍ ഖാരവേലനെ പരാമര്‍ശിക്കുന്നവയാണ്. പതിനേഴ് വരികളുള്ള ഈ രേഖ ബ്രാഹ്‌മി ലിപിയിലാണ് എഴുതപ്പെട്ടിരിക്കുന്നത്. പല ഗുഹകളും ആരാണ് നിര്‍മ്മിച്ചതെന്ന വിവരം ശിലാ രേഖകളായി പരിസരത്തു തന്നെ കാണാന്‍ കഴിയും.
ഖണ്ഡ ഗിരി റോഡിന്റെ മറുവശത്താണ്. ഉദയഗിരിയില്‍ നിന്നും ഇറങ്ങിയ ഞങ്ങള്‍ പാതയോരത്തെ കരിക്കു കടയില്‍ നിന്നും വിശപ്പും ദാഹവും മാറ്റി. ഇവിടെ കരിക്കുകള്‍ക്ക് കേരളത്തിലെ അത്ര വിലയില്ല. ചെറിയ വിശ്രമത്തിനു ശേഷം ഞങ്ങള്‍ ഖണ്ഡഗിരിയുടെ പടിക്കെട്ടുകള്‍ കയറി. ഇവിടെ മരങ്ങള്‍ ഉള്ളതുകൊണ്ട് വെയില്‍ കാര്യമായി ബാധിച്ചില്ല. മുകളിലുള്ള ജൈനക്ഷേത്രം പുതു നിര്‍മ്മിതിയാണ്. നവീകരണം നടന്നു കൊണ്ടിരിക്കുന്നതിനാല്‍ ക്ഷേത്രം അടച്ചിട്ടിരിക്കുകയാണ്. ക്ഷേത്രത്തിലേക്കുള്ള പടിക്കെട്ടിന്റെ ഇരുവശത്തും മരക്കൊമ്പുകളിലുമെല്ലാം ഭക്തജനങ്ങള്‍ നല്‍കിയ പഴങ്ങളും കടലയും മറ്റും കഴിച്ച് വയറു നിറഞ്ഞ കുരങ്ങന്മാര്‍ വിശ്രമിക്കുന്നുണ്ടായിരുന്നു. പലരും ഉച്ചമയക്കത്തിലുമായിരുന്നു. ഖണ്ഡഗിരിയിലും നിരവധി ഗുഹകള്‍ കാണാനുണ്ട്. ഇവയില്‍ ജൈന തീര്‍ത്ഥങ്കരന്മാരെയും യക്ഷിണികളെയുമെല്ലാം ചിത്രീകരിച്ചിരിക്കുന്നു. സോമവംശി രാജപരമ്പരയുടെ കാലത്ത് ഖണ്ഡഗിരി ഗുഹകള്‍ നവീകരിക്കപ്പെട്ടതായി രേഖകളുണ്ട്.
(തുടരും)