ഭരണത്തിന്റെ തണലില്‍ വിദ്യാഭ്യാസരംഗത്ത് എന്ത് ആഭാസത്തരവും കാട്ടാന്‍ മടിക്കാത്ത ഒരുപറ്റം നേരും നെറിയുമില്ലാത്ത കാട്ടാളന്മാരുടെ കൂട്ടമായി എസ്എഫ് ഐ എന്ന പ്രസ്ഥാനം മാറിയിരിക്കുന്നു. 1960 കളുടെ അവസാനവും 1970 കളിലും ഏതാണ്ട് ഇതേ രീതിയില്‍ തന്നെയായിരുന്നു കെഎസ്‌യുവിന്റെയും പ്രവര്‍ത്തനം. പരീക്ഷ എഴുതാതെ വിജയിച്ചവര്‍, മാര്‍ക്ക് കൂട്ടിയിട്ടവര്‍, പരീക്ഷ ജയിക്കാതെ ഉയര്‍ന്ന കോഴ്‌സുകള്‍ക്ക് പ്രവേശനം നേടിയവര്‍ എന്നൊക്കെയുള്ള ആരോപണങ്ങള്‍ അന്ന് പല പ്രമുഖ കെഎസ്‌യു നേതാക്കള്‍ക്ക് എതിരെയും ഉയര്‍ന്നിരുന്നു. അന്നത്തെ കെഎസ് യുവിന്റെ രീതി അതിനേക്കാള്‍ ഭയാനകവും മോശവുമായ രീതിയില്‍ ഇന്ന് എസ്എഫ്‌ഐ നടപ്പാക്കിയിരിക്കുന്നു. കെഎസ്‌യുവില്‍ ഇത്തരം മോശമായ സാഹചര്യങ്ങള്‍ ഉണ്ടായപ്പോള്‍ അതിനെതിരായ പ്രതികരണം കെഎസ്‌യുവില്‍ നിന്നു തന്നെയുണ്ടായി എന്ന വസ്തുത കാണാതിരിക്കാനാവില്ല. അത്തരം മോശമായ നടപടികള്‍ ഉണ്ടാകരുതെന്നും അത് മൊത്തം പ്രസ്ഥാനത്തിന്റെ പ്രതിച്ഛായയെ ബാധിക്കും എന്നൊക്കെ നിലപാടെടുത്തത് കെഎസ്‌യുവിലെ തന്നെ മറ്റൊരു വിഭാഗമായിരുന്നു. അതേസമയം, എസ്എഫ് ഐയിലോ കുറ്റവാളികളെ സംരക്ഷിക്കാനും ന്യായീകരിക്കാനും തെറ്റ് ചെയ്തില്ലെന്ന് വരുത്താനും മാത്രമല്ല, പോലീസ് പിടികൂടാതെ സംരക്ഷണം ഒരുക്കാനും പാര്‍ട്ടിയുടെയും സംഘടനയുടെയും സംവിധാനം തന്നെ ഉപയോഗപ്പെടുത്തുന്നു എന്നതാണ് ഏറ്റവും അത്ഭുതകരമായ വസ്തുത.
പുറത്തുവന്ന ഏറ്റവും അവസാനത്തെ കേസ് എസ്എഫ് ഐ കായംകുളം മുന്‍ ഏരിയ സെക്രട്ടറി നിഖില്‍ തോമസിന്റെ എം.കോം പ്രവേശനം സംബന്ധിച്ചാണ്. കായംകുളം എംഎസ്എം കോളേജിലെ രണ്ടാംവര്‍ഷ എം കോം വിദ്യാര്‍ത്ഥിയായിരുന്നു നിഖില്‍. ഇതേ കോളേജില്‍ തന്നെ ബി കോമിന് പഠിച്ച നിഖില്‍ പരീക്ഷയില്‍ തോറ്റുപോവുകയായിരുന്നു. എം.കോം അടക്കമുള്ള ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ പ്രവേശനം അവസാനിപ്പിക്കുന്ന ദിവസം കായംകുളംകാരനായ സിന്‍ഡിക്കേറ്റ് മെമ്പര്‍ വിളിച്ചുപറഞ്ഞതനുസരിച്ച് എംഎസ് എം കോളേജ് മാനേജ്‌മെന്റ് നിഖിലിന് മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം അനുവദിക്കുകയായിരുന്നു. നേരത്തെ അതേ കോളേജില്‍ പഠിച്ച, പരീക്ഷ തോറ്റ നിഖില്‍ കലിംഗ യൂണിവേഴ്‌സിറ്റിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റാണ് പ്രവേശനത്തിനായി ഹാജരാക്കിയത്. കോളേജിലെ ബിരുദാനന്തര കോഴ്‌സുകളുടെ പ്രവേശന നടപടികള്‍ എല്ലാ കോളേജിലും അതത് വകുപ്പുകള്‍ തന്നെയാണ് പൂര്‍ത്തിയാക്കുന്നത്. അതുകൊണ്ടുതന്നെ അതേ കോളേജില്‍ പഠിച്ച വിദ്യാര്‍ത്ഥി മറ്റൊരു യൂണിവേഴ്‌സിറ്റിയുടെ സര്‍ട്ടിഫിക്കറ്റുമായി വരുമ്പോള്‍ മൂന്നുവര്‍ഷം പഠിപ്പിച്ച വകുപ്പിലെ അദ്ധ്യാപകര്‍ അറിഞ്ഞില്ല എന്നുപറയുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ കളവാണ്. അവിടെയാണ് ഈ സംഭവത്തിന്റെ ഗൂഢാലോചന. കായംകുളത്തു തന്നെയുള്ള ഒരു ഏജന്‍സി, അവര്‍ക്ക് പണം നല്‍കിയാല്‍ ഏത് സര്‍വ്വകലാശാലയുടെയും ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കും. പിഎസ്‌സിയുടെയും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ജോലികള്‍ക്ക് അപേക്ഷിക്കരുതെന്ന ഏക ഉപാധിയേ അവര്‍ വെക്കാറുള്ളൂ. ഇത്തരം ഏജന്‍സികള്‍ എറണാകുളത്തും കോഴിക്കോടും തലശ്ശേരിയിലും കണ്ണൂരിലും ഒക്കെ പ്രവര്‍ത്തിക്കുന്നുണ്ട്. തലശ്ശേരിയിലെ ഏജന്‍സി ഏറ്റവും കുപ്രസിദ്ധമായിരുന്നു. കര്‍ണ്ണാടകത്തില്‍ നിന്നുള്ള ടിടിസിക്കു തുല്യമായ ടിഎച്ച്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് അദ്ധ്യാപക നിയമനത്തിനായി ഏറ്റവും കൂടുതല്‍ നല്‍കിയിരുന്നത് ഈ സ്ഥാപനമായിരുന്നു. ഒരു മാധ്യമപ്രവര്‍ത്തകന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച അന്വേഷണം ഈ ഏജന്‍സിയിലേക്ക് എത്തിയപ്പോള്‍ അവര്‍ വീശിയ തുറുപ്പുചീട്ട് ഈ ടിഎച്ച്എസ്എല്‍ സി സര്‍ട്ടിഫിക്കറ്റായിരുന്നു. സംസ്ഥാന മന്ത്രിസഭയിലെ ഒരു പ്രമുഖ മന്ത്രിയുടെ ഭാര്യക്ക് അവരാണ് വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കിയത്. അതോടെ മികച്ച അന്വേഷണ ഉദ്യോഗസ്ഥനെന്ന് പേരെടുത്ത, അടുത്തിടെ വിരമിച്ച ‘രാജകുമാരന്‍’ എന്നര്‍ത്ഥമുള്ള പേരുകാരനായ ആള്‍ അന്വേഷണം മടക്കിക്കെട്ടി. പിന്നെ ഇതുവരെ ഇതുസംബന്ധിച്ച അന്വേഷണ ഫയല്‍ പൊന്തിയിട്ടില്ല. അന്വേഷണം എവിടെയും എത്തിയിട്ടുമില്ല.
നിഖില്‍ തോമസിന്റെ കാര്യത്തില്‍ റായ്പൂരിലെ കലിംഗ യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഇങ്ങനെയൊരാള്‍ അവിടെ പഠിച്ചിട്ടില്ലെന്നും ഇങ്ങനെയൊരു സര്‍ട്ടിഫിക്കറ്റ് അവിടെനിന്ന് കൊടുത്തിട്ടില്ലെന്നും വ്യക്തമാക്കി. ഇക്കാര്യം കായംകുളം പോലീസിനെയും മാധ്യമപ്രവര്‍ത്തകരെയും മാത്രമല്ല, കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലറെയും ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ കായംകുളം പോലീസ് നിഖിലിനെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു. ഇവിടെയാണ് പോലീസിന്റെ ഇരട്ടത്താപ്പ് വ്യക്തമാകുന്നത്. ഈ തട്ടിപ്പില്‍ എംഎസ്എം കോളേജ് മാനേജ്‌മെന്റിന് പങ്കുണ്ട് എന്നകാര്യം വ്യക്തമാണ്. പ്രവേശന തീയതിയുടെ അവസാനദിവസം ഒരുദിവസത്തേക്ക് പ്രവേശനം നീട്ടി അതേ കോളേജില്‍ പഠിച്ചിരുന്ന ആളിന് മറ്റൊരു സര്‍വ്വകലാശാലയുടെ ബിരുദ സര്‍ട്ടിഫിക്കറ്റില്‍ പ്രവേശനം നല്‍കിയത് പൂര്‍ണ്ണമായും നിഷ്‌കളങ്കമായിരുന്നുവെന്ന് വിശ്വസിക്കാന്‍ തക്ക മണ്ടന്മാരാണോ കേരളത്തിലെ പൊതുസമൂഹം. ശുപാര്‍ശ ചെയ്ത സിന്‍ഡിക്കേറ്റ് അംഗമായ സിപിഎം നേതാവ് ആരാണ്? അവരുമായി എംഎസ്എം മാനേജ്‌മെന്റിനുള്ള ബന്ധമെന്താണ്? കേരള സര്‍വ്വകലാശാലയില്‍ നിന്ന് ഈ ഡിഗ്രി സര്‍ട്ടിഫിക്കറ്റിന് തുല്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ആരാണ്? കലിംഗ യൂണിവേഴ്‌സിറ്റിയുമായി കേരള യൂണിവേഴ്‌സിറ്റി ഒരു ഇ-മെയിലിലൂടെയെങ്കിലും ബന്ധപ്പെട്ടിരുന്നോ? കേരള സര്‍വ്വകലാശാല അധികൃതരുടെ ഭാഗത്തും ഇതില്‍ വീഴ്ചയില്ലേ? ഇവിടെ വ്യക്തമാകുന്നത് സി പി എമ്മിന്റെ രാഷ്ട്രീയ പങ്കാളിത്തമാണ്. ആര്‍ഷോയുടെ കേസില്‍ ശക്തമായി പിന്തുണച്ച്, പ്രതിരോധിച്ച് രംഗത്തെത്തിയ സിപി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഇക്കാര്യത്തില്‍ നിശ്ശബ്ദനാണ്. മാത്രമല്ല, നിഖില്‍ തോമസിന്റെ വിവാദം പുറത്തുവരുന്നതിന് മൂന്നുമാസങ്ങള്‍ക്കു മുന്‍പ് ഇതുസംബന്ധിച്ച എല്ലാ രേഖകളുമായി സി പിഎമ്മിന് ഒരു എസ്എഫ്‌ഐ വനിതാ പ്രവര്‍ത്തക പരാതി നല്‍കിയിരുന്നു. ആ പരാതിയില്‍ സി പിഎം എന്ത് നടപടി സ്വീകരിച്ചു?
ആലപ്പുഴ ജില്ലയില്‍ നിന്ന് ഒരുപക്ഷേ, ഏറ്റവും കൂടുതല്‍ കാലം കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റില്‍ ഉണ്ടായിരുന്ന ആളാണ് ജി.സുധാകരന്‍. അതിനുശേഷം മന്ത്രിയുമായി. ഈ തരത്തിലുള്ള ഒരു വിവാദത്തിലും പെട്ടില്ല എന്നുമാത്രമല്ല, സ്വന്തം ഭാര്യ ജോലി ചെയ്തിരുന്ന ആലപ്പുഴ എസ്ഡി കോളേജിന് എന്തെങ്കിലും ആനുകൂല്യം വഴിവിട്ട് നല്‍കിയതായി ആരോപണവും ഉയര്‍ന്നില്ല. പക്ഷേ, പിന്നീട് വന്ന സിന്‍ഡിക്കേറ്റ് അംഗങ്ങളെ കുറിച്ച് അങ്ങനെയാണോ കാര്യങ്ങള്‍? ഇടതുപക്ഷവുമായി കാര്യമായ ബന്ധമില്ലാഞ്ഞിട്ടും എംഎസ്എം കോളേജിന്റെ കാര്യത്തില്‍ ചില സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ സ്വീകരിച്ചിട്ടുള്ള നിലപാട് പാര്‍ട്ടി അന്വേഷിക്കുമോ? നിഖില്‍ തോമസിന്റെ പ്രശ്‌നത്തിന് ബദലായി കെഎസ്‌യു മുന്‍ സംസ്ഥാന കണ്‍വീനര്‍ ആന്‍സില്‍ ജലീലിന്റെ കാര്യത്തില്‍ പരാതിയുമായി കേരള സര്‍വ്വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ നേരിട്ടു തന്നെ ഡിജിപിക്ക് പരാതി നല്‍കി. ജലീലിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് പരീക്ഷാ കണ്‍ട്രോളര്‍ ഗോപകുമാര്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നത്. എന്നാല്‍ താന്‍ ഇക്കാര്യത്തില്‍ നിരപരാധിയാണെന്നും തനിക്ക് ഇങ്ങനെയൊരു സര്‍ട്ടിഫിക്കറ്റിനെ കുറിച്ച് അറിയില്ലെന്നും താന്‍ ഇത് എവിടെയും ഹാജരാക്കിയിട്ടില്ലെന്നുമാണ് ആന്‍സിന്റെ ഭാഷ്യം.
ഏതായാലും ഒരുകാര്യം വ്യക്തമാണ്. കേരളത്തില്‍ ഭരണത്തിലിരുന്ന സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും യുവജനസംഘടനകള്‍ എല്ലാകാലവും തങ്ങളുടെ ഭരണകാലത്ത് ഭരണസ്വാധീനം ഉപയോഗിച്ച് ഇത്തരം വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിക്കുകയും നിയമനം നേടുകയും ഉന്നത വിദ്യാഭ്യാസരംഗത്ത് പ്രവേശനം നേടുകയും ഒക്കെ ചെയ്യുന്നു. ഇതൊക്കെ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ സല്‍പ്പേരിന് നല്ലതാണോ? കേരളത്തില്‍ ഉന്നതവിദ്യാഭ്യാസരംഗം പൂര്‍ണ്ണമായും സുതാര്യമായാണോ പ്രവര്‍ത്തിക്കുന്നത്? ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉണ്ട്. എല്ലാ സര്‍വ്വകലാശാലകളുടെയും ഏകോപനം അവരാണ് നടത്തുന്നത്. ബിരുദാനന്തര ബിരുദത്തിന് ഒരുവര്‍ഷം വരുന്ന വിദ്യാര്‍ത്ഥികളുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍, കേരളത്തിനു പുറത്തുനിന്നുള്ളത് എത്രയുണ്ടാവും? 1000 പോലും ഉണ്ടാകാന്‍ സാധ്യതയില്ല. ഈ ഓരോ സര്‍ട്ടിഫിക്കറ്റുകളും അതത് സര്‍വ്വകലാശാലകളിലേക്ക് അയച്ച് വ്യാജമാണോ എന്ന് ഉറപ്പുവരുത്താന്‍ പരമാവധി ഒരുമാസത്തില്‍ കൂടുതല്‍ വേണ്ട. എല്ലാം ഡിജിറ്റലൈസ് ചെയ്തിട്ടുള്ള ഇന്നത്തെ സംവിധാനത്തില്‍ ഒരാഴ്ചയ്ക്കകം പോലും ഇത് സ്ഥിരീകരിക്കാനാവും. ഇതൊന്നും ചെയ്യാതെ അധികാരത്തിലേറാനും വൈസ് ചാന്‍സലര്‍ പദവി പിടിച്ചുപറ്റാനും ബന്ധുക്കളെ പിന്‍വാതിലിലൂടെ യോഗ്യതയില്ലാതെ ഉന്നത തസ്തികകളില്‍ നിയമിക്കാനും വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ വഴി പ്രവേശനം നേടാനുമുള്ള സംവിധാനമായി ഉന്നതവിദ്യാഭ്യാസരംഗവും എസ്എഫ്‌ഐ എന്ന സംഘടനയും മാറിയിരിക്കുന്നു. ഇതിനൊക്ക ചൂട്ടുപിടിക്കാനും സംരക്ഷണം ഒരുക്കാനും ന്യായീകരിക്കാനുമുള്ള സംവിധാനമായി സിപിഎം മാറിയിരിക്കുന്നു. കേരളത്തിലുടനീളം ഉന്നതവിദ്യാഭ്യാസരംഗത്തും വിദ്യാര്‍ത്ഥി സംഘടനകള്‍ക്കിടയിലും ഉയര്‍ന്നുവരുന്ന അതിശക്തമായ അവമതിപ്പും പ്രതിരോധവുമാണ് ഇന്ന് പോലീസ് നടപടികള്‍ക്ക് ഇടയാക്കുന്നത്.
വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടുകയും നേടാന്‍ ശ്രമിക്കുകയും ചെയ്ത കെ.വിദ്യ ഒളിവില്‍ പോയി 15 ദിവസത്തിനു ശേഷമാണ് കോഴിക്കോട്ടെ ഒരു പാര്‍ട്ടിഗ്രാമത്തില്‍ നിന്ന് അറസ്റ്റിലായത്. മേപ്പയ്യൂരിനടുത്ത് കുട്ടോത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോഴാണ് വിദ്യ അറസ്റ്റിലായതെന്ന് പാലക്കാട് പോലീസ് പറയുന്നു. പ്രതിയെ ഒളിപ്പിച്ചു എന്ന കുറ്റം ചുമത്തി തലശ്ശേരിയിലെ ഒരു അദ്ധ്യാപികയെ അറസ്റ്റ് ചെയ്തത് മണ്ഡലത്തിലെ എംഎല്‍എ കൂടിയായ, ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ മറന്നിട്ടുണ്ടാവില്ലല്ലോ. കുട്ടോത്തെ സുഹൃത്ത് ഒരു ക്രിമിനല്‍ കേസ് പ്രതിയെ ഒളിപ്പിച്ചത് ഇതേപോലുള്ള കുറ്റം തന്നെയല്ലേ? ഇത് എഴുതും വരെ പോലീസ് കുട്ടോത്തെ സുഹൃത്തിനെ കസ്റ്റഡിയില്‍ എടുക്കുകയോ ചോദ്യം ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ ഉണ്ടായിട്ടില്ല. കേരളാ പോലീസിന്റെ അടിമ മനോഭാവമാണ് ഇത് സൂചിപ്പിക്കുന്നത്. നിയമം നിയമം തന്നെയല്ലേ? അത് എല്ലാവര്‍ക്കും ഒരേപോലെ ബാധകമല്ലേ?
ഗസ്റ്റ് അദ്ധ്യാപകരുടെ നിയമനക്കാര്യത്തിലും ഒരു ഏകോപനം കേരളത്തില്‍ ഉണ്ടാകാത്തതിന്റെ കാരണവും രാഷ്ട്രീയ നേതാക്കളുടെ കയ്യിട്ടുവാരല്‍ തന്നെയാണ്. ഒരു സര്‍വ്വകലാശാലയുടെ പരിധിയിലുള്ള എല്ലാ കോളേജുകളിലേക്കുമായി എല്ലാ വിഷയങ്ങള്‍ക്കും ഒരു പാനല്‍ ഉണ്ടാക്കിവെച്ചാല്‍ ഈ നിയമനവും സുതാര്യമാക്കാമല്ലോ. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ അലകും പിടിയും പൂര്‍ണ്ണമായും തകര്‍ന്നിരിക്കുന്നു. വിദ്യാഭ്യാസമന്ത്രിയുടെ ഇംഗ്ലീഷും കഥകളിയുമല്ല പ്രസക്തം. എങ്ങനെ സംശുദ്ധമായി, കാര്യക്ഷമമായി, രാഷ്ട്രാന്തര നിലവാരത്തിലേക്ക് കോഴ്‌സുകളെ മാറ്റുകയും പാഠ്യക്രമം പരിഷ്‌ക്കരിക്കുകയും ചെയ്യുന്നു എന്നതാണ് ഏറ്റവും പ്രസക്തം. രാഷ്ട്രീയ നേതാക്കളുടെ ഇംഗിതത്തിനനുസരിച്ച് സ്വന്തം പാര്‍ട്ടിയിലെ നേതാക്കളുടെ വിരലുകളുടെ ചലനത്തിനനുസരിച്ച് ആടുന്ന ഒരു പാവയല്ല ആവശ്യം. സര്‍വ്വകലാശാലകളില്‍ ഇന്നു നടക്കുന്ന എല്ലാത്തരം അഴിമതിയും പക്ഷപാതവും പിന്‍വാതില്‍ നിയമനവും ഒക്കെ അവസാനിക്കണം. ബിരുദാനന്തര ബിരുദത്തിനും പിഎച്ച്ഡിക്കും ഒക്കെ പ്രവേശനം ലഭിക്കുന്നവര്‍ മെറിറ്റിലും സംവരണത്തിലും പൂര്‍ണ്ണ യോഗ്യതയുള്ളവരാകണം. ഇതുവരെ നടന്ന തട്ടിപ്പുകള്‍ അന്വേഷിക്കണം. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന് ഇത് ഉറപ്പാക്കാന്‍ കഴിയുന്നില്ലെങ്കില്‍ സ്വയം പിരിഞ്ഞു പോകണം. സംസ്ഥാനത്തിന്റെ ഭരണം രാഷ്ട്രീയം മാത്രമല്ല, കാര്യക്ഷമത കൂടിയാണ്. ഇക്കാര്യം മന്ത്രിമാരോട് ഓണ്‍ലൈനിലെങ്കിലും മുഖ്യമന്ത്രി തെര്യപ്പെടുത്തണം. ഇല്ലെങ്കില്‍ തകരാന്‍ പോകുന്നത് ഉന്നത വിദ്യാഭ്യാസരംഗത്തെ കേരളത്തിന്റെ പെരുമയും യശസ്സുമാണ്.