വളഞ്ഞും തിരിഞ്ഞും വലിയ മലകള്‍ കയറിക്കൊണ്ടിരിക്കുകയാണ് ബസ്. മറച്ചു വയ്ക്കാനൊന്നുമില്ലാത്തവിധം പുറത്ത് പ്രകൃതി അങ്ങനെ പരന്നു വിരിഞ്ഞുകിടക്കുന്നു. അത്ഭുതത്തോടെ കണ്ടു അകലെ മഞ്ഞുമൂടിയ മലകളുടെ നീണ്ടനിര. സന്തോഷം കൊണ്ട് മനസ്സ് തുളുമ്പി. സ്‌കൂള്‍ പുസ്തകങ്ങളില്‍ കണ്ട ഹിമാചല്‍ പ്രദേശാണ് ഇത്. കൗതുകത്തോടെ അന്ന് ആ ചിത്രങ്ങള്‍ പിന്നെയും പിന്നെയും മറിച്ചുനോക്കി വിസ്മയപ്പെട്ട ഒരുവള്‍ ഇതാ അങ്ങ് ദൂരെ തെക്ക് തെക്ക് നിന്ന് വടക്കേയറ്റത്തേക്ക് യാത്ര ചെയ്തുകൊണ്ടിരിക്കുന്നു. സമനിലത്തില്‍ നിന്ന് മലകളോരോന്നായി കയറി ഉയരങ്ങളിലേക്ക് പോകുന്നു. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ വല്ലപ്പോഴും മാത്രമാണ് ബസ് കയറി ദൂരെയുള്ള ബന്ധുവീടുകളില്‍ പോകുന്നത്, അല്ലെങ്കില്‍ ഒരു സിനിമയ്ക്ക് പോകുന്നത്. രണ്ടായാലും പോകുന്ന കാര്യം ഉറച്ചെന്നറിഞ്ഞാല്‍ പിന്നെ പറന്നു നടന്ന് അയല്‍പക്കത്തെ ബന്ധുവീടുകളിലെല്ലാം പറയും ഞങ്ങള്‍ ഉച്ചയ്ക്കുള്ള ബസ്സിന് പോകുന്നു എന്ന്. പോകുന്ന വഴിയില്‍ മുന്നില്‍ കാണുന്നവരോടും അവര്‍ ചോദിക്കാതെ അത് തന്നെ പറയുമായിരുന്നു. മുതിര്‍ന്നതിന് ശേഷം ആ ആവേശത്തോടെ ജീവിതത്തില്‍ ഒരിടവും പോയിട്ടുണ്ടാകില്ല. ഇപ്പോള്‍ തുള്ളിത്തെറിക്കുന്നുണ്ട് മനസ്സ്. പക്ഷേ ഒരു വാക്കുകൊണ്ടോ ചിരികൊണ്ടോ ചലനം കൊണ്ടോ അതൊന്ന് പ്രകടിപ്പിക്കാനാകാത്തവിധം കാലം കൂട്ടിവച്ചിരിക്കുന്ന മരവിപ്പുണ്ട് അകത്തും പുറത്തും.
കൃത്യം ആറ് മണിക്ക് ബിനുവിന്റെ വിളിയെത്തി. ഇറങ്ങേണ്ട സ്ഥലം കൃത്യമായി പറഞ്ഞു തന്നു. ബസ് കാംഗ്ര വഴി നേരെ ധര്‍മശാലയ്ക്കാണ്. അല്‍പ്പം റൂട്ട് മാറ്റി പിടിച്ചാല്‍ ബിനുവിന്റെ ക്വാര്‍ട്ടേഴ്‌സുള്ള ആര്‍മി ക്യാമ്പിന് മുന്നിലൂടെ പോകാം. അങ്ങനെയാണെങ്കില്‍ നേരെ ക്യാമ്പിന് മുന്നില്‍തന്നെ ഇറങ്ങാം. ഫോണ്‍ പരിചയക്കാരനായ കണ്ടക്ടറുടെ കയ്യില്‍ കൊടുപ്പിച്ച് ബിനു അക്കാര്യം സൂചിപ്പിച്ചപ്പോള്‍ അവര്‍ സമ്മതിച്ചു. അങ്ങനെ ഏഴരയോടെ ധര്‍മശാല ആര്‍മി ക്യാമ്പിന് മുന്നില്‍ ബസ് നിന്നു. ഇറങ്ങിയപ്പോള്‍ നിറഞ്ഞ ചിരിയോടെ മുന്നിലുണ്ട് ബിനു. പട്ടാളക്കാര്‍ കാവല്‍ നില്‍ക്കുന്ന ഗേറ്റില്‍ അതിഥികളുടെ വിവരങ്ങള്‍ എഴുതി നല്‍കി ലഗേജും കൈക്കലാക്കി മുന്നില്‍ നടക്കുന്ന ബിനുവിനൊപ്പം നടക്കാന്‍ പാടുപെട്ടു. കണ്ടാല്‍ മനസസ്സിലാകില്ല പക്ഷേ കയറ്റമാണ്. അഞ്ച് മിനിട്ടിനകം ക്വാര്‍ട്ടേഴ്‌സിന് മുന്നിലെത്തി. മുകളിലത്തെ ക്വാര്‍ട്ടേഴ്‌സാണ്. ബിനുവിന്റെ ഭാര്യ സുബി കാത്തിരിക്കുന്നുണ്ട്. വാ വാ എന്ന് വീടിന്റെയും ഹൃദയത്തിന്റെയും വാതിലുകള്‍ തുറന്ന് നിറഞ്ഞ സ്‌നേഹത്തോടെ അവള്‍ ക്ഷണിക്കുന്നു. ശരിക്കും കടന്നു ചെന്നത് ആ ചെറിയ കുടുംബത്തിന്റെ ഹൃദയത്തിലേക്കായിരുന്നു എന്ന് രണ്ടാഴ്ച്ക്ക് ശേഷം പിരിയുന്ന ദിവസം ബോധ്യമായി.
ബിനുവും സുബിയും ആകെ ത്രില്ലിലാണ്. ശബരിമല മുന്‍മേല്‍ശാന്തിയാണ് അതിഥിയായി എത്തിയിരിക്കുന്നത്. എന്ത് നല്‍കണം എങ്ങനെ സത്കരിക്കണമെന്ന അങ്കലാപ്പില്‍ ഓരോന്ന് ചെയ്യുമ്പോഴും അവര്‍ തൃപ്തി വരാതെ ഇത് മതിയോ ഇങ്ങനെ മതിയോ എന്ന് അന്വേഷിച്ചുകൊണ്ടിരുന്നു. വന്ന ക്ഷീണത്തില്‍ വിശ്രമിച്ചിട്ട് യാത്ര ആസൂത്രണം ചെയ്യാമെന്ന് തീരുമാനിച്ചു. ഉച്ചകഴിഞ്ഞ് ബിനു ഏര്‍പ്പെടുത്തിയ ഡ്രൈവര്‍ വരും. തമിഴനാണ്. പോരാത്തതിന് വിരമിച്ച പട്ടാളക്കാരനും. പറഞ്ഞതുപോലെ ഉച്ചയൂണ് കഴിഞ്ഞ് വിശ്രമിക്കുമ്പോള്‍ തമിഴന്‍ ഡ്രൈവറെത്തി. പത്ത് ദിവസം പൂര്‍ണമായും ഹിമാചലില്‍. ഓരോ ദിവസവും എവിടെയെന്ന് കൃത്യമായി ചാര്‍ട്ട് തയ്യാറാക്കി ടാക്‌സിക്കുള്ള ആകെ ചെലവും നിശ്ചയിച്ച് തമിഴന്‍ പോയി. വൈകുന്നേരം ചായ കുടി കഴിഞ്ഞ് ആര്‍മി ക്യാമ്പ് കാണാനിറങ്ങി. വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന നടപ്പാതകള്‍. സൈനികര്‍ കാവല്‍ നില്‍ക്കുന്ന ഓഫീസുകള്‍, പരേഡ് ഗ്രൗണ്ട്. പരീശീലനത്തിനായുള്ള വലിയ ഇരുമ്പു തൂണുകള്‍, നുഴഞ്ഞുകയറ്റം ശീലിപ്പിക്കുന്ന മുള്‍വലകള്‍ അങ്ങനെയങ്ങനെ സൈനികരുടെ ജീവിതം അത്ര സുഗമമല്ലെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഓരോന്നും. ആര്‍മി കാമ്പസ് മുഴുവന്‍ ഇരുള്‍ പടര്‍ന്നിട്ടും തിരിച്ചു കയറാന്‍ തോന്നിയില്ല. നേരിയ കുളിരുള്ള കാറ്റ്. റോഡിന് ഇരുവശത്തുമായുള്ള ഓടകളിലൂടെ നനുത്ത ശബ്ദത്തില്‍ വെള്ളം ഒഴുകിക്കൊണ്ടിരിക്കുന്നു. മഞ്ഞുരുകിയെത്തുന്ന വെള്ളം ചെറുചാലുകളായി പലതായി പിരിഞ്ഞൊഴുകുകയാണ്. ഉരുകി വെള്ളമായി ഒരുപാട് കിലോമീറ്ററുകള്‍ ഒഴുകിയെത്തിയിട്ടും മഞ്ഞിന്റെ തണുപ്പ് വിട്ടുപോയിട്ടില്ല. ഹിമാചലിലെ ആ ആദ്യസന്ധ്യയില്‍തന്നെ മനസ്സിലായി ഇത് ശുദ്ധവായുവിന്റെയും ശുദ്ധവെള്ളത്തിന്റെയും നാടാണെന്ന്.
പിറ്റേന്ന് രാവിലെ പറഞ്ഞുറപ്പിച്ചതനുസരിച്ച് ടാക്‌സിയെത്തി. തമിഴന്‍ ഡ്രൈവറല്ല, നാട്ടുകാരനാണ്. അടുത്തുള്ള സ്ഥലങ്ങള്‍ ആദ്യം കണ്ടിട്ട് ദൂരേക്കാകാമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. തെക്ക് മാത്രമല്ല വടക്കും ചാമുണ്ഡി ദേവിക്ക് ഉപാസകരുണ്ടെന്ന് ഓര്‍മ്മപ്പെടുത്തി ആദ്യം ചാമുണ്ഡ ദേവി മന്ദിറിലേക്ക്.
മൈസൂരിലെപ്പോലെ മലമുകളിലൊന്നുമല്ല,ശാന്തമായി ഒഴുകുന്ന നദീതീരത്താണ് ദേവിയുടെ ഇരിപ്പിടം. കൃത്യമായി പറഞ്ഞാല്‍ സമുദ്രനിരപ്പില്‍ നിന്ന് ആയിരം അടി ഉയരത്തില്‍ ബാന്‍ ഗംഗയുടെ തീരത്താണിത്. (കാശ്മീരിലും ഹിമാചലിലും മഹാരാഷ്ട്രയിലും രാജസ്ഥാനിലുമൊക്കെ ഈ പേരില്‍ നദികളുണ്ട്) ധര്‍മശാലയ്ക്കും പാലംപൂരിനും സമീപത്തായി സ്ഥിതി ചെയ്യുന്ന ചാമുണ്ഡ നന്ദികേശ്വര്‍ ധാം എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിന് അഞ്ഞൂറിലധികം വര്‍ഷം പഴക്കമുണ്ടെന്നാണ് അവകാശപ്പെടുന്നത്. ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ മനസ്സിലായി, എല്ലാ ചാമുണ്ഡ ദേവിമാരും മലുമുകളില്‍ തന്നെയാണെന്ന്. അങ്ങ് ദൂരെ എത്തിപ്പെടാന്‍ ഏറെ ബുദ്ധിമുട്ടുള്ള ഒരു മലമുകളില്‍ നിന്ന് എല്ലാവര്‍ക്കും തൊഴാനായി പണ്ടൊരു ദേവീഭക്തന്‍ അനുവാദം ചോദിച്ച് വിളിച്ചിറക്കിയതാണത്രെ. ക്ഷേത്രത്തില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡിലാണ് ഇക്കാര്യം കൃത്യമായി പറഞ്ഞിരിക്കുന്നത്. ആലോചിച്ചപ്പോള്‍ നര്‍മം തോന്നി. മൈസൂരിലെ ചാമുണ്ഡിഹില്ലിലാണോ അതോ ഹിമാചലിലെ പേരറിയാത്ത ആ വലിയ മലയിലാണോ ദേവി ചണ്ഡനെയും മുണ്ഡനെയും വധിച്ച് വിശ്രമിച്ചത്. ഇത്തരം സംശയങ്ങള്‍ തീര്‍പ്പാക്കാനായിരിക്കും എഴുത്തച്ഛന്‍ ഹരിനാമകീര്‍ത്തനമെഴുതിയത്, ഒന്നായ നിന്നെയിഹ രണ്ടെന്ന്…
ശാന്തമാണ് ചാമുണ്ഡാംബയുടെ മന്ദിരം. അധികം തിരക്കില്ല, വയസ്സായി വയ്യാതായ കുറച്ചുപേര്‍ ധര്‍മം ചോദിച്ചിരിക്കുന്നു, ആരെങ്കിലും വന്നാല്‍ ശുഷ്‌കിച്ച കൈകള്‍ നീട്ടി കാണിക്കും, വേണമെങ്കില്‍ കൊടുത്താല്‍ മതി. ഈ നാടിന്റെ ശീലമോ നന്‍മയോ ഒക്കെയായി അത് തോന്നി. ക്ഷേത്രത്തിന് പിറകിലായി ഒഴുകുന്ന നദിയില്‍ വേനല്‍ക്കാലമായതിനാല്‍ അധികം വെള്ളമില്ല. പതുക്കെ നദിയിലേക്കിറങ്ങിയപ്പോള്‍ മരവിച്ചുപോകുന്ന തണുപ്പ്, സാമാന്യം നന്നായി കത്തിനില്‍ക്കുന്നുണ്ട് സൂര്യന്‍ മുകളില്‍. പക്ഷേ കാര്യമില്ല. ചൂടു കുറവായതിനാല്‍ ഹിമാചല്‍ പ്രദേശില്‍ എവിടെ ചെന്നാലും വെള്ളത്തിന് മഞ്ഞിന്റെ തണുപ്പ് തന്നെ. ഉരുളന്‍ കല്ലുകളാണ് നിറയെ. വെറുതേ ഒരു കല്ലെടുത്തു കയ്യില്‍ വച്ചു. ഇരിക്കട്ടെ ചാമുണ്ഡാമ്മയുടെ സാന്നിധ്യം കൂടെ.
പെട്ടെന്നാണ് മറ്റൊരു കാര്യം ശ്രദ്ധയില്‍പ്പെട്ടത്. ക്ഷേത്രമാണെങ്കിലും നദീതീരത്തൊക്കെ ഉടഞ്ഞ കുടങ്ങളും ചുമന്ന പട്ടുതുണിയുടെ കഷ്ണങ്ങളും. പെട്ടെന്ന് മരണം മണത്തു. ഇവിടെ മരണാനന്തരകര്‍മം നടക്കുന്നുണ്ട്. നോക്കിയപ്പോള്‍ അല്‍പ്പം മുന്നിലായി തീരത്തോട് ചേര്‍ന്ന് ശവം കത്തിക്കുന്ന ഒരിടം. രണ്ടോ മൂന്നോപേരെ കത്തിക്കാനുള്ള സൗകര്യമുണ്ട്. അത്ര സജീവമല്ലാത്ത ഒരു ചെറിയ ശ്മശാനം. മുകളില്‍ ക്ഷേത്രമുറ്റത്ത് നിന്ന് അകലങ്ങളിലെ കുന്നും കണ്‍മുന്നിലെ നദിയും കണ്ടുനില്‍ക്കുന്ന മേല്‍ശാന്തിയോട് വിളിച്ചുപറഞ്ഞു ‘കണ്ടോ ഇതൊരു ശ്മശാനം കൂടിയാണ്..’
പിന്നെ അവിടെ നില്‍ക്കാന്‍ തോന്നിയില്ല, ക്ഷേത്രത്തിന്റെ ശുദ്ധിയിലേക്ക് മരണത്തിന്റെ അശുദ്ധി കയറുന്നതുപോലെ. വിഡ്ഢിത്തം ആണെന്ന് നന്നായി അറിഞ്ഞിട്ടും ഒരു വല്ലായ്മ. പ്രാണനെ വായു വാരിപ്പുണര്‍ന്നപ്പോള്‍ പ്രാണനുപേക്ഷിച്ചതൊക്കെ അഗ്നിയെടുത്തിരിക്കുന്നു. അഗ്നി ബാക്കി വച്ച ചാരം കഴുകിത്തുടച്ചെടുക്കുന്നുണ്ട് ഗംഗ. മരണം പോലെ ശുദ്ധമാകുന്നതെന്തുണ്ട് ലോകത്തില്‍. വലിയ വേദാന്തം ബുദ്ധി സ്വീകരിച്ചപ്പോള്‍ ഹൃദയം പക്ഷേ കൂട്ടാക്കിയില്ല, കൂടെക്കൊണ്ടുപോകാന്‍ നദിയില്‍ നിന്ന് തെരഞ്ഞെടുത്ത ഉരുളന്‍ കല്ല് തിരിച്ച് അവിടേക്ക് തന്നെ എറിഞ്ഞ് തിരിഞ്ഞുനടന്നു. മുകളില്‍ കാത്തുനിന്ന ഭര്‍ത്താവിന്റെ കയ്യില്‍ പിടിച്ച് കെട്ടുപോയ ഉത്സാഹത്തോടെ പറഞ്ഞു, ‘വരൂ നമുക്ക് പോകാം’.