വള്ളുവനാടന്‍ വിഷുക്കുടുക്ക
രജനി സുരേഷ്
പൂര്‍ണ പബ്ലിക്കേഷന്‍സ്
പേജ്: 111 വില: 140 രൂപ
ഫോണ്‍: 0495-2720085
അപ്പപ്പോള്‍ കിട്ടുന്നത് ചെറുദ്വാരത്തിലൂടെ ഉള്ളിലിട്ടു നിറയ്ക്കുക. ഇടയ്ക്കിടെ എടുത്ത് കുലുക്കി കനം വെയ്ക്കുന്നതറിയുക. ഉള്ളിലുള്ളതെത്രയെന്ന് ഊഹക്കണക്കെടുക്കുക. പിന്നെപ്പിന്നെ ഒരു ദിവസം മണ്‍കുടുക്ക പൊട്ടിക്കുക. ആഹ്ലാദം തുളുമ്പും. അത് പണം സൂക്ഷിക്കുന്ന മണ്‍കുടുക്കയായാലും ഓര്‍മ്മച്ചെപ്പായാലും ആനന്ദിപ്പിക്കും.
രജനി സുരേഷ് കഥയെഴുത്തിന്റെ ക്രാഫ്റ്റ് അറിയാവുന്ന അധ്യാപികയാണ്. ഒതുക്കിപ്പറയാനും കഥാപാത്രങ്ങളെക്കൊണ്ട് ഒരുക്കമില്ലാതെ പറയിക്കാനും കഴിവുള്ള എഴുത്തുകാരി. നാടന്‍ ഗ്രാമഭാഷയുടെ സൗന്ദര്യവും കരുത്തും തിരിച്ചറിഞ്ഞയാള്‍. വള്ളുവനാടിന്റെ വര്‍ത്തമാന ശൈലിയിലാണെഴുത്ത്. ഗ്രാമീണ സംഭവങ്ങളാണ് കഥകളുടെ ഇതിവൃത്തം. അവസാന ബഞ്ചിലെ കുട്ടിക്കും മനസ്സിലാകാനാണ് പറയുന്നത്. അതുകൊണ്ടുതന്നെ അവരുടെ പുതിയ പുസ്തകമായ ‘വള്ളുവനാടന്‍ വിഷുക്കുടുക്ക’യിലെ 14 കഥകളും അല്ല അനുഭവങ്ങളും ജീവനുള്ളവയാണ്. ഭാഷയില്‍, ഉക്തിവിശേഷത്തില്‍ അസാധാരണമാണ് വള്ളുവനാടന്‍ വിഷുക്കുടുക്കയിലെ ഓരോ നിക്ഷേപവും. പലപ്പോഴായി വായിച്ചപ്പോള്‍ കേട്ട കിലുക്കം കഥാപുസ്തകമായി ഒന്നിച്ചു വായിച്ചപ്പോള്‍ ആഹ്ലാദം കൂട്ടുന്നതായി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും രസിക്കുന്ന കഥകള്‍, അല്ല, അനുഭവങ്ങളാണിത്.
മാതാ പിതാ ഗുരു ദൈവം
പ്രൊഫ. പി.കെ.ദേവന്‍
നീര്‍മാതളം ബുക്‌സ്, മാനന്തവാടി
പേജ്: 64 വില: 120 രൂപ
മൊ: 9446640507
മാതാപിതാക്കളും ഗുരുനാഥനും ദൈവതുല്യരാണ് എന്നത് ഭാരതീയ സംസ്‌കാരത്തിലധിഷ്ഠിതമായ ഒരു തത്വമാണ്. നമ്മുടെ വേദോപനിഷത്തുകളിലും പുരാണേതിഹാസങ്ങളിലുമൊക്കെ ഈ ശ്രേഷ്ഠമായ സന്ദേശത്തിന്റെ നിരവധി ഉദാഹരണങ്ങള്‍ അനുഭവിച്ചറിയാന്‍ സാധിക്കും. പുതുതലമുറയില്‍ പെട്ടവര്‍ക്കായി ഇത്തരം അമൂല്യ ആശയങ്ങളെ പരിചയപ്പെടുത്തുകയാണ് ‘മാതാ പിതാ ഗുരു ദൈവം’ എന്ന പുസ്തകത്തിലൂടെ പ്രൊഫ. പി.കെ.ദേവന്‍ ചെയ്തിരിക്കുന്നത്. കുടുംബത്തില്‍ മാതാപിതാക്കളും മക്കളും തമ്മിലുള്ള വൈകാരിക ബന്ധത്തെ ഓര്‍മ്മപ്പെടുത്തുന്ന ഒരുപാട് ഉദാഹരണങ്ങള്‍ ഈ പുസ്തകത്തെ ധന്യമാക്കുന്നുണ്ട്. ബൈബിളിലെയും ഖുറാനിലെയും ബുദ്ധമതത്തിലെയുമൊക്കെ നിരവധി ഉദാഹരണങ്ങളിലൂടെ ഒരാളുടെ വ്യക്തിത്വം കരുപ്പിടിപ്പിക്കുന്നതില്‍ ഇത്തരമാശയങ്ങള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ടിതില്‍. ദൈനംദിന ജീവിതത്തില്‍ അനുഭവപ്പെടുന്ന ചില സംഭവങ്ങള്‍ എടുത്തുകാട്ടി നമ്മുടെ സാംസ്‌കാരികത്തനിമയെ ഓര്‍മ്മപ്പെടുത്തുന്നതോടൊപ്പം, വൃദ്ധജനങ്ങളെപ്പറ്റിയും സാമൂഹ്യക്ഷേമ പദ്ധതികളെപ്പറ്റിയുമൊക്കെയുള്ള വിശദമായ വിവരണങ്ങള്‍ ഏറെ പ്രയോജനകരമാണ്. പഠിച്ചറിഞ്ഞ കാര്യങ്ങള്‍ സ്വജീവിതത്തില്‍ പകര്‍ത്തിക്കാണിയ്ക്കുമ്പോഴാണ് അതിനു മഹത്വമേറുന്നത്. പുതുതലമുറയെ അതിനു പാകപ്പെടുത്തിയെടുക്കേണ്ട കടമ മുതിര്‍ന്നവരുടേതാണെന്നും ഈ പുസ്തകം ഓര്‍മ്മപ്പെടുത്തുന്നു.
മായികം
ഡോ. കൂമുള്ളി ശിവരാമന്‍
വേദ ബുക്‌സ്
പേജ്: 121 വില: 180 രൂപ
മൊ: 9539009979
ലൗകികമായ പ്രണയവും അലൗകികമായ അദ്ധ്യാത്മിക ദര്‍ശനവും അക്ഷരരൂപേണ ഇതള്‍വിരിയുന്ന കാവ്യകുസുമമാണ് ഡോ. കൂമുള്ളി ശിവരാമന്റെ കവിതകള്‍. സിന്ദൂരം തൊട്ടുവരുന്ന സര്‍ഗ്ഗചേതനയുടെ മുഖപ്രസാദമാണ് അദ്ദേഹത്തിന്റെ കാവ്യസമാഹാരമായ ‘മായിക’ത്തിലൂടെ കടന്നുപോകുമ്പോള്‍ അനുവാചകന് അനുഭൂതിജന്യമാകുന്നത്. ധര്‍മ്മാത്മകതയും യോഗാത്മകതയും കര്‍മ്മാത്മകതയും ഉള്‍ച്ചേരുന്ന ആത്മദര്‍ശനത്തിന്റെ നിറങ്ങളും നിറവുകളുമാണ് ഈ പുസ്തകത്തിന്റെ സൗന്ദര്യം. വേദവും ഭാഗവതവും ബുദ്ധനും തഥാഗതനും കവി ഹൃദയത്തില്‍ പ്രകാശം ചൊരിഞ്ഞു നില്‍ക്കുന്ന ധര്‍മ്മപീഠങ്ങളാണ്. ചിത്രകാരന്‍ കൂടിയായ കവിയുടെ വരകള്‍ അദ്ദേഹത്തിന്റെ വരികളില്‍ അന്തര്‍ഗതമായ ദര്‍ശനത്തിന്റെ ദിശ കാട്ടുന്നു.
‘അംബേ, താരക ബ്രഹ്‌മമായ്
വിരിയുമിത്താമരത്താ-
രിന്‍ ലാവണ്യപ്പൊരുളിലൊ-
രാനന്ദ സ്‌നേഹവലയം!’
എന്ന വരികള്‍ കവിയുടെ പ്രപഞ്ചദര്‍ശനത്തിലേക്ക് വഴിതുറക്കുന്നു. ആത്മസാരത്തിലൂടെ പ്രപഞ്ചസാരത്തിലേക്ക് നീളുന്ന കാവ്യകല്പമാണ് ഈ ലഘുപുസ്തകം. മാനവതയുടെ മന്ദാരമായി കവി വിശേഷിപ്പിക്കുന്ന ഈ കാവ്യരശ്മികള്‍ കവിയുടെ ഹൃദയത്തില്‍ നിന്നുതിരുന്ന അക്ഷരാര്‍ച്ചനകൂടിയാണ്.