♠മുഖ്യധാരാ മാധ്യമങ്ങളിലും അതുപോലെ സാമൂഹ്യ മാധ്യമങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ വളരെ സജീവമായി ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു പ്രശ്‌നം ആര്‍. എസ്.എസ്. ദേശീയ നേതൃത്വം ഇസ്ലാമിക സംഘടനകളുമായി ചര്‍ച്ച നടത്തി, ആ സംഘടനകളില്‍ ജമാ അത്തെ ഇസ്ലാമിയും ഉണ്ടായിരുന്നു എന്നതാണ്. ജമാ അത്തെ ഇസ്ലാമിയെക്കുറിച്ച് മറ്റ് ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ പറയുന്നത് തീവ്ര നിലപാടുകള്‍ കൈക്കൊള്ളുന്നതുകൊണ്ടും അവരുടെ രാഷ്ട്രീയമോ മതപരമോ ആയ ആശയഗതിയോടു യോജിക്കാന്‍ പറ്റാത്തതുകൊണ്ടും തങ്ങള്‍ തന്നെ മാറ്റിനിര്‍ത്തിയിരിക്കുന്നു എന്നാണ്. എന്തുകൊണ്ടാണ് ഇസ്ലാമിക സംഘടനകളോടു ചര്‍ച്ച നടത്താന്‍ തീരുമാനിച്ചപ്പോള്‍ ചര്‍ച്ചയ്ക്കു വിളിക്കുന്ന സംഘടനകളില്‍ ജമാ അത്തെ ഇസ്ലാമിയെക്കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
ആര്‍.എസ്.എസ്. ഔദ്യോഗികമായി കൈക്കൊണ്ട തീരുമാനപ്രകാരം ഇത്തരത്തിലുള്ള ചര്‍ച്ച നടന്നിട്ടില്ല എന്നതാണു വസ്തുത. എന്നാല്‍, രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വ്യത്യസ്ത സംഘടനകളുമായി സംഘം ആദ്യകാലം മുതല്‍ തന്നെ സമ്പര്‍ക്കവും സംവാദവും നടത്തിവരുന്നുണ്ട്. സുദര്‍ശന്‍ജി സര്‍സംഘചാലക് ആയിരിക്കുമ്പോള്‍ കേരളത്തിലെത്തി ഇവിടത്തെ ക്രൈസ്തവ സഭാ നേതൃത്വങ്ങളുമായി മൂന്നു വട്ടം ചര്‍ച്ച നടത്തിയിരുന്നു. അക്കാലത്തു ചില സഭകള്‍ ചര്‍ച്ചകളില്‍നിന്ന് ഒഴിഞ്ഞുനിന്നു എന്നതും വസ്തുതയാണ്. എന്നാല്‍, അത്തരത്തില്‍ ചര്‍ച്ച നടത്താന്‍ ആര്‍.എസ്.എസ് പ്രമേയം പാസാക്കിയതൊന്നുമല്ല. സംഘത്തിന്റെ അടിസ്ഥാന ആശയം എല്ലാവരെയും ഒരുമിപ്പിച്ചുകൊണ്ട് രാഷ്ട്രത്തിന്റെ പുരോഗതി സാധ്യമാക്കുക എന്നതാണ്. ഒരുപക്ഷെ, അവരുടെ വിശ്വാസപ്രമാണങ്ങള്‍കൊണ്ടോ നേതൃത്വത്തിന്റെ ഇടപെടല്‍ ശരിയായി മനസ്സിലാക്കാത്തതുകൊണ്ടോ ആരെങ്കിലും തെറ്റിദ്ധരിക്കപ്പെട്ടു മാറിച്ചിന്തിക്കുന്നുണ്ടെങ്കില്‍, രാഷ്ട്രത്തിന്റെ പൊതുധാരയില്‍നിന്നു മാറിനിന്നു ചിന്തിക്കുന്നുണ്ടെങ്കില്‍, അവരെക്കൂടി ഈ രാഷ്ട്രത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരാനുള്ള പ്രവര്‍ത്തനമാണ് തങ്ങളുടേതെന്നു വിശ്വസിക്കുന്നവരാണ് രാഷ്ട്രീയ സ്വയംസേവക സംഘം പ്രവര്‍ത്തകര്‍. അതുകൊണ്ടുതന്നെയാണ് സഭാ നേതൃത്വവുമായി ചര്‍ച്ച നടത്തിയത്. അതേസമയത്തു തന്നെ സുദര്‍ശന്‍ജി പാലക്കാട് ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് കേരളത്തിലെ മുസ്ലിം സംഘടനാ നേതൃത്വവുമായും ചര്‍ച്ച നടത്താന്‍ നിശ്ചയിച്ചിരുന്നു. ചര്‍ച്ച നടത്താന്‍ ഉദ്ദേശിക്കുന്നത് ഏതു സംഘടനയുമായാണോ അതിന്റെ വിലാസം ചികയുന്നതിനുപകരം ആ മതവിഭാഗത്തില്‍പ്പെട്ട പൊതു നേതാക്കന്‍മാരെ ഒരുമിച്ചു വിളിക്കാനാണു ശ്രമിച്ചത്. എന്നാല്‍, ക്രൈസ്തവ മത നേതൃത്വവുമായി നടത്താന്‍ സാധിച്ചതുപോലെയുള്ള ചര്‍ച്ച സാധ്യമായില്ല. ചര്‍ച്ചയുടെ സ്ഥലവും രീതിയും ഉള്‍പ്പെടെ എല്ലാം നിശ്ചയിച്ചിട്ടും അവസാന നിമിഷം കേരളത്തിലെ ചില ഇസ്ലാമിക മത, രാഷ്ട്രീയ നേതാക്കളുടെ ഇടപെടലുകള്‍ കാരണം ചര്‍ച്ച നടന്നില്ല. ഏതായാലും, ഈ പ്രക്രിയ ചില പ്രവര്‍ത്തകര്‍ അന്നു മുതല്‍ തുടര്‍ന്നുവരുന്നുണ്ട്. ആരോടും സംസാരിക്കാം. എന്നാല്‍, സംസാരിക്കുന്നതു വരുന്നയാളിന്റെ വ്യവസ്ഥകള്‍ക്കു വിധേയമായി ആയിരിക്കില്ല. രാഷ്ട്രം ഒറ്റക്കെട്ടായി നിലനില്‍ക്കണമെന്ന അടിസ്ഥാനപരമായ സംഘ ആശയത്തെ ആധാരമാക്കിയാണു ചര്‍ച്ച ചെയ്യുക. ഈ ആശയഗതിയുടെ അടിസ്ഥാനത്തില്‍ ചിലരുമായി ചര്‍ച്ച ചെയ്തിട്ടുണ്ടാവാം. ആരെല്ലാമാണ് ചര്‍ച്ചയില്‍ പങ്കെടുത്തതെന്നോ ഘടനാപരമായ ചര്‍ച്ച നടത്താന്‍ സംഘം തീരുമാനിച്ചിരുന്നോ എന്നൊന്നും എനിക്കറിയില്ല. അങ്ങനെയൊരു ചര്‍ച്ച നടന്നതായും അറിയില്ല.
അതേസമയം, ഇത്തരം ചര്‍ച്ചകളെ ആരാണു ഭയക്കുന്നത്? ഭൂകമ്പമുണ്ടായതുപോലെയാണു ചിലര്‍ ഇതേക്കുറിച്ചു പറയുന്നത്. അങ്ങനെ പറയുന്നതിനു പിന്നിലാവട്ടെ, ചിലരെ പ്രീണിപ്പിക്കുകയെന്ന കൃത്യമായ ലക്ഷ്യമുണ്ട്. വളരെ നിന്ദ്യമായ പ്രീണനരാഷ്ട്രീയമാണു നടക്കുന്നത്. സംഘടനകളെയും നേതൃത്വങ്ങളെയും മാറ്റിനിര്‍ത്തൂ; മുസ്ലിം ജനസാമാന്യവും ഹിന്ദുസംഘടനാ പ്രവര്‍ത്തകരും ചര്‍ച്ച നടത്തുന്നതിനെ എന്തിനാണിത്ര ഭയക്കുന്നത്? ഹിന്ദുവും മുസ്ലിമും പരസ്പരം വിരോധിച്ചുനില്‍ക്കുന്നതില്‍നിന്നു രാഷ്ട്രീയലാഭം കൊയ്യുന്നവര്‍ക്കാണു ഭയമുള്ളത്. ആര്‍.എസ്.എസ്സിന് ആരുടെയും വോട്ട് ആവശ്യമില്ല. ഭാരതം നല്ല രീതിയില്‍ മുന്നോട്ടുപോകണമെന്നതാണു സംഘത്തിന്റെ ലക്ഷ്യം. സ്വാതന്ത്ര്യം ലഭിച്ചിട്ട് 75 വര്‍ഷമായി. നാം ആഗ്രഹിച്ച വിധത്തില്‍ മുന്നോട്ടുപോകാന്‍ കഴിയാതെവന്നത് ഒറ്റക്കെട്ടായ പ്രവര്‍ത്തനം ഇല്ലാതിരുന്നതുകൊണ്ടാണ്. വരാന്‍ പോകുന്ന 25 വര്‍ഷം ഭാരതത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. ആ കാലത്ത് എല്ലാവരും ചേര്‍ന്ന് ഒരുമിച്ചു മുന്നോട്ടുപോകുന്നതിന് നമുക്കെങ്ങനെ ചിന്തിക്കാമെന്നും പ്രവര്‍ത്തിക്കാമെന്നുമാണ് ഏതു ദേശസ്‌നേഹിയും ആലോചിക്കുന്നത്. അതു മാത്രമേ അവിടെ സംഭവിച്ചിരിക്കാന്‍ ഇടയുള്ളൂ.
എല്ലാവരെയും ബന്ധപ്പെടുക എന്ന ചുമതലയുള്ള സമ്പര്‍ക്കവിഭാഗം അതിന്റെ ചുമതലയനുസരിച്ചു പലരെയും കാണുന്നുണ്ടാവാം. ഇസ്ലാമിക മതവിഭാഗത്തില്‍പ്പെട്ട സംഘസ്വയംസേവകര്‍ പോലുമുണ്ട്. സംഘത്തിന്റെ പരിശീലനം കിട്ടിയവരുണ്ട്. ഈ രാഷ്ട്രത്തെ സ്വന്തം അമ്മയായി കരുതുന്ന ഇസ്ലാമിക സംഘടനകളുണ്ട്. അമ്മയായിട്ടു കല്‍പിക്കുന്നത് ഒരിക്കലും മതവിരോധമാകില്ല എന്നു ചിന്തിക്കുന്ന മുസ്ലിം സംഘടനകളുണ്ട്. എല്ലാവരെയും ഒന്നിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകളോ ബന്ധപ്പെടലുകളോ ഇതിനു മുന്‍പു നടന്നിട്ടുണ്ട്. ഇനിയും നടക്കുകയും ചെയ്യും. തടയുന്നവരെ അറിഞ്ഞു നാം മുന്നോട്ടു വഴിവെട്ടുന്നു.
♠ഗൗതം അദാനിയെ ചുറ്റിപ്പറ്റിയാണു മറ്റൊരു വിവാദം ഉയര്‍ന്നുവന്നിട്ടുള്ളത്. ഇടതുപക്ഷം ഇതുമായി ബന്ധപ്പെട്ടു പല ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ആഗോളതലത്തിലെ കുത്തകകളോടു മൃദുസമീപനവും അതേസമയം, ഭാരതത്തില്‍നിന്നു വളര്‍ന്നുവരുന്ന വ്യാപാര വ്യവസായ രംഗത്തെ പ്രമുഖരോടു വലിയ ശത്രുതയും വെച്ചുപുലര്‍ത്തുക. ഇതൊരു ഇരട്ടത്താപ്പല്ലേ?
ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രത്യയശാസ്ത്രം തന്നെ രാഷ്ട്രവിരുദ്ധമാണ്. കാരണം, കമ്മ്യൂണിസ്റ്റ് ആശയഗതി രാഷ്ട്രസങ്കല്‍പത്തിന് എതിരാണ്. നേഷന്‍ അഥവാ രാഷ്ട്രം എന്നതിനെ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കമ്മ്യൂണിസ്റ്റ് ആശയരൂപീകരണ ഘട്ടം മുതല്‍ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാക്കളായ സ്റ്റാലിനും ലെനിനും ട്രോട്‌സ്‌കിയുമൊക്കെ പറഞ്ഞിട്ടുള്ളത്. കമ്മ്യൂണിസത്തിന്റെ പ്രത്യയശാസ്ത്രപരമായ കാഴ്ചപ്പാടാണ് അത്. ഭാരതമെന്ന രാഷ്ട്രം ശിഥിലമായിക്കാണണമെന്ന ആഗ്രഹം അവരുടെ മനസ്സിലുണ്ട് എന്നാണ് ഇത്തരം പ്രചരണങ്ങളിലൂടെ മനസ്സിലാവുന്നത്. നെസ്ലെ കമ്പനി ഭാരതത്തിലേക്കു വന്നു ഭക്ഷ്യവസ്തുനിര്‍മാണ മേഖലയിലെ ഒട്ടനവധി ഭാരതീയ സ്ഥാപനങ്ങളെപ്പോലും പിടിച്ചെടുത്തുകൊണ്ട് അഥവാ, വിഴുങ്ങിക്കൊണ്ട് ഒരു ഭീമനായി വളരുന്നതില്‍ ഇവര്‍ക്കാര്‍ക്കും ഒരെതിര്‍പ്പുമില്ല. കൊക്കക്കോള ശീതളപാനീയ മേഖലയില്‍ ഏറ്റവും വലിയ ശക്തിയായി വളര്‍ന്നതിനെയും ഇവരാരും എതിര്‍ക്കുന്നില്ല. ടാറ്റയും ബിര്‍ളയും അംബാനിയും അവസാനമായി അദാനിയുമൊക്കെ വിദേശങ്ങളില്‍പ്പോലും പോയി തങ്ങളുടെ കരുത്തു വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതു നിമിത്തമുണ്ടാകുന്ന ഫലത്തിന്റെ ഒരംശമെങ്കിലും ഭാരതത്തിലുള്ളവര്‍ക്കു ലഭ്യമാകുമല്ലോ. സംഘം കുത്തകവല്‍ക്കരണത്തെ ആശയപരമായി അംഗീകരിക്കുന്നില്ലെങ്കിലും, വൈദേശിക കുത്തകകള്‍ക്ക് അവസരമൊരുക്കിനല്‍കുകയും ഭാരതീയ സംരംഭങ്ങളെ എതിര്‍ക്കുകയും ചെയ്യുന്നതു വകവെച്ചുകൊടുക്കാന്‍ കഴിയുമോ?
ഏറ്റവുമൊടുവില്‍, നമ്മുടെ നാട്ടില്‍നിന്നുള്ള സാമ്പത്തിക ശക്തികളെ ഏതു വിധേനയും തളയ്ക്കാന്‍ വിദേശത്തുള്ള ചില സാമ്പത്തിക ഭീമന്മാര്‍ ഒരുക്കിയ കെണിയില്‍ പെട്ടിരിക്കുകയാണ് നമ്മുടെ നാട്ടിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികള്‍. ഇതിലൂടെയൊക്കെ എന്നും ചെയ്തുവന്നിട്ടുള്ള രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനം തുടരുക മാത്രമാണ് അവര്‍ ചെയ്യുന്നത്.
♠ആഗോളഭീമന്മാര്‍ രഹസ്യ അജണ്ടയുമായി ഭാരതത്തിന്റെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ഇടപെടുന്നു എന്നു പറഞ്ഞല്ലോ. അതെത്രത്തോളം ഗൗരവതരമായ സാഹചര്യമാണ്.
ഏറ്റവും അടുത്ത് ജോര്‍ജ് സോറോസ് എന്ന അമേരിക്കന്‍ ഹംഗേറിയനായ ശതകോടീശ്വരന്റെ ഇടപെടല്‍ നാം കണ്ടു. ഇത്തരത്തിലുള്ള ഇടപെടല്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഭാരതത്തില്‍ മാത്രമല്ല, വളരെയധികം വര്‍ഷങ്ങളായി സമാധാനപരമായി മുന്നോട്ടുപോകുന്ന രാഷ്ട്രങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയും അവിടത്തെ ജനങ്ങളുടെ സൈ്വരജീവിതം തകര്‍ക്കുകയും അതുവഴി ഭരണകൂടങ്ങളെ അട്ടിമറിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തിയാണ് സോറോസ്. സോറോസിന്റെ പ്രവര്‍ത്തനങ്ങളെ ഹംഗറി പോലുള്ള രാജ്യങ്ങള്‍ നേരത്തേ തിരിച്ചറിഞ്ഞിട്ടുണ്ട്. സ്റ്റോപ്പ് സോറോസ് ലോ എന്ന പേരില്‍ പ്രത്യേക നിയമം തന്നെ ആ രാജ്യം രണ്ടു വര്‍ഷം മുന്‍പു പാസാക്കി. സോറോസിന്റെ ഒ.എസ്.എഫ്, റഷ്യന്‍ ഫണ്ട് തുടങ്ങിയ എന്‍.ജി.ഒകളെയും സാമ്പത്തിക സ്ഥാപനങ്ങളെയും മറ്റും റഷ്യ നിയമപരമായി തടഞ്ഞു. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തെ രണ്ടു ദശകം മുതല്‍ പരിശോധിച്ചാല്‍ ചൈനയില്‍ ഇടപെടല്‍ നടത്താന്‍ സോറോസ് വളരെയധികം ശ്രമങ്ങള്‍ നടത്തിയിരുന്നതായി കാണാം. അവിടത്തെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ നേതൃത്വം അങ്ങേയറ്റം അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണല്ലോ. ആ രാഷ്ട്രീയ നേതൃത്വത്തെ വിലയ്‌ക്കെടുത്തുകൊണ്ടു പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും പിന്നീട് ടിയാനന്‍മെന്‍ സ്‌ക്വയര്‍ സംഭവവും മറ്റും ഉണ്ടായതോടെ അവിടത്തെ ചില സാംസ്‌കാരിക നായകന്‍മാരെപ്പോലും സോറോസ് വിലയ്‌ക്കെടുക്കുന്നതായി കണ്ടെത്തി. ഡബിള്‍ ഏജന്റാണെന്നു തിരിച്ചറിഞ്ഞ് സോറോസിന്റെ പ്രവര്‍ത്തനങ്ങള്‍ ചൈന ഇപ്പോള്‍ തടഞ്ഞിരിക്കുകയാണ്. ഹംഗറിയിലും റഷ്യയിലും ചൈനയിലുമൊക്കെ ഇടപെടല്‍ നടത്താന്‍ ശ്രമിച്ചിട്ടുള്ള ജോര്‍ജ് സോറോസ് ഏറ്റവും കൂടുതല്‍ ഉന്നമിട്ടിരിക്കുന്നതു ഭാരതത്തെയാണ്. എട്ടൊന്‍പതു വര്‍ഷമായി ഇവിടെ ഇടപെടല്‍ നടത്താനുള്ള പ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുമുണ്ട്. ഭാരതത്തില്‍ അതിനു മുന്‍പുണ്ടായിരുന്ന ഭരണകൂടങ്ങളുമായി സോറോസിന് അവിശുദ്ധ ബന്ധമുണ്ടായിരുന്നു എന്നതു സംബന്ധിച്ച വസ്തുതകള്‍ ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. ഇത്തരക്കാര്‍ക്കു കൃത്യമായ അജണ്ടയുണ്ടാവും. ആ അജണ്ട സുസ്ഥിര ഭരണകൂടങ്ങളെ അട്ടിമറിക്കുക എന്നതാണ്. ബ്ലാക്ക് വെനസ്‌ഡേ എന്ന വലിയ സാമ്പത്തിക അട്ടിമറി സോറോസിന്റെ നേതൃത്വത്തില്‍ നടന്നു. അതുവഴി ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെത്തന്നെ തകര്‍ത്തു. പൗണ്ട് വിലയില്ലാത്ത കടലാസുകഷ്ണമാക്കി മാറ്റുകയെന്ന പ്രവൃത്തി നടപ്പാക്കിയ വ്യക്തിയാണ് സോറോസ്. ഇയാള്‍ ഇന്ത്യയിലെ ചില പ്രധാന പാര്‍ട്ടികള്‍ക്കു സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. അതോടൊപ്പം അത്തരം പാര്‍ട്ടികളിലെ നേതാക്കളുടെ ബന്ധുക്കളെ ഒ.എസ്.എഫ്. പോലുള്ള സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥരായി നിയമിക്കുകയും ചെയ്യുന്നു. ഒ.എസ്.എഫിന്റെ ഭാരതത്തിലെ ചുമതല വഹിക്കുന്ന സലില്‍ ഷെട്ടി, രാഹുല്‍ ഗാന്ധി നയിച്ച ജോഡോ യാത്രയില്‍ പങ്കാളിയായിട്ടുണ്ട്. ഭാരതത്തിന്റെ പ്രധാനമന്ത്രിയായിരുന്ന വ്യക്തിയുടെ മകള്‍ സോറോസിന്റെ സ്ഥാപനത്തില്‍ ഗവേഷണ സംഘത്തിന്റെ ചുമതലയുള്ള ജോലി ചെയ്യുന്നുണ്ട്.
കുടിയേറ്റക്കാര്‍ക്ക് ആവശ്യമായ നിയമനിര്‍മാണം നടത്തുന്നതിലാണു സോറോസ് ഏറ്റവും കൂടുതല്‍ ഇടപെടുന്നത് എന്നതു ശ്രദ്ധിക്കണം. റോഹിംഗ്യ അനധികൃത കുടിയേറ്റക്കാരെ സഹായിക്കുന്ന പ്രസ്ഥാനം ഒ.എസ്.എഫുമായി ബന്ധപ്പെട്ട സംഘടനയാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കൊക്കെ നേതൃത്വം കൊടുക്കുന്നത് ഭാരതത്തിലെ പ്രതിപക്ഷ കക്ഷികളിലെ ചില വ്യക്തികളാണ്. ആള്‍ക്കാരെ വിലയ്‌ക്കെടുത്തുകൊണ്ട് ഒരു തരത്തില്‍ പ്രച്ഛന്നവേഷങ്ങളിലൂടെ, അഥവാ ഏജന്റുമാരിലൂടെ, സോറോസ് ഭാരതത്തില്‍ ഇടപെടല്‍ നടത്താന്‍ കാര്യമായി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. സോറോസിന്റെ പങ്കാളിത്തവും സാമ്പത്തികസഹായവും നേരത്തേ നടന്ന കര്‍ഷകസമരത്തില്‍ പോലും ഉണ്ടായിരുന്നു. കാനഡ വഴിയാണു സഹായം എത്തിച്ചിരുന്നത്. എന്നാല്‍, ഏജന്റുമാര്‍ വഴിയുള്ള ഇത്തരം പരിശ്രമങ്ങളൊന്നും ഫലിക്കുന്നില്ല എന്നു തോന്നിയപ്പോഴാണ് നേരിട്ട് ഇറങ്ങിയത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ ഭാരതത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ച തുക സോറോസ് പരസ്യമായി വെളിപ്പെടുത്തിയിരുന്നു. ഒരു ബില്യണ്‍ ഡോളര്‍ മാറ്റിവെച്ചെന്നായിരുന്നു വെളിപ്പെടുത്തിയത്.
രൂപയെ തകര്‍ക്കാനുള്ള ശ്രമമായാലും ഇന്ത്യന്‍ ബാങ്കുകളെ തകര്‍ക്കാനുള്ള ശ്രമമായാലും രാജ്യത്തെ പ്രധാന വ്യവസായികളെ തകര്‍ക്കാനുള്ള ശ്രമമായാലുമൊക്കെ വേണ്ടത്ര വിജയിക്കുന്നില്ല. അതിന്റെ പ്രധാന കാരണം, കഴിഞ്ഞ എട്ടൊന്‍പതു വര്‍ഷമായി സുസ്ഥിര രാഷ്ട്രീയ നേതൃത്വമുണ്ട് എന്നതാണ്. അടിയന്തരാവസ്ഥ കഴിഞ്ഞ് 2014 വരെയുള്ള കാലഘട്ടം പരിശോധിച്ചാല്‍ മനസ്സിലാവുക ആ കാലഘട്ടത്തില്‍ ഇപ്പോഴത്തേതുപോലെ സുസ്ഥിരമായ രാഷ്ട്രീയ നേതൃത്വം ഉണ്ടായിരുന്നില്ല എന്നാണ്. കൂട്ടുകക്ഷിഭരണമായിരുന്നു. അത്തരം ഭരണങ്ങള്‍ക്കു പലപ്പോഴും വിട്ടുവീഴ്ചകള്‍ക്കു തയ്യാറാകേണ്ടിവരും. അങ്ങനെയുള്ള സാഹചര്യങ്ങളെ മുതലെടുക്കാന്‍, സോറോസിനെപ്പോലെയുള്ളവര്‍ക്കു കഴിയും. ഇപ്പോള്‍ അതു കഴിയാത്തതിനാല്‍ കേന്ദ്രഭരണകൂടത്തെത്തന്നെ ലക്ഷ്യംവെക്കുകയാണ്. കേന്ദ്രഭരണത്തെ അട്ടിമറിക്കാനാണു കഴിഞ്ഞകാല സമരങ്ങള്‍ വഴിയൊക്കെ ശ്രമിച്ചത്. എന്നാല്‍, അതു നടക്കുന്നില്ല എന്നു വന്നതോടെ ശത്രുവിനെ പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് നേരിട്ടു യുദ്ധരംഗത്തെത്തിയിരിക്കുകയാണ് ഈ രാജ്യാന്തര സാമ്പത്തിക യുദ്ധക്കുറ്റവാളി.
ഞാന്‍ സോറോസിനെ ഒരു പ്രതീകമായി വെക്കുന്നു എന്നേ ഉള്ളൂ. ഇത്തരം അസംഖ്യം ആള്‍ക്കാരുണ്ട്. എങ്ങനെയാണോ ഒരു യുദ്ധക്കുറ്റവാളിയോട് ഒരു രാഷ്ട്രം പ്രതികരിക്കുക, ആ രൂപത്തില്‍ത്തന്നെ ഈ സാമ്പത്തിക യുദ്ധക്കുറ്റവാളിയെ നേരിടുമെന്നു രണ്ടു പ്രധാന കേന്ദ്ര മന്ത്രിമാര്‍ പ്രഖ്യാപിച്ചുകഴിഞ്ഞിരിക്കുന്നു. സോറോസ് വരട്ടുവാദക്കാരനായ വ്യക്തിയാണെന്നു വിദേശകാര്യമന്ത്രി ജയശങ്കര്‍ പ്രസ്താവിച്ചിട്ടുണ്ട്. അപകടകാരിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലുള്ള പ്രതികരണം പ്രതീക്ഷിക്കാം. സ്മൃതി ഇറാനിയും ഇക്കാര്യത്തില്‍ വ്യക്തമായി പ്രതികരിച്ചിട്ടുണ്ട്.
ആരെങ്കിലും ഇല്ലാതാക്കിക്കളയാന്‍ ശ്രമിച്ചാല്‍ ഇല്ലാതായിപ്പോകാന്‍ ഭാരതം ബനാന റിപ്പബ്ലിക്കൊന്നുമല്ല. ഭാരതത്തെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍, അഥവാ, ഭരണകൂടത്തെ ലക്ഷ്യംവെച്ചു യുദ്ധപ്രഖ്യാപനം നടത്തിയാല്‍, ശത്രുവായി കണ്ടുകൊണ്ടുതന്നെ നേരിടും. അതിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നുണ്ട്. ഇത്തരം അക്രമകാരികളെ മുന്നില്‍ കണ്ടുകൊണ്ട് അവരെ നേരിടാനുള്ള ക്ഷമതയോടുകൂടിയാണു ഭരണകൂടം മുന്നോട്ടുപോകുന്ന്. സോറോസിനെപ്പോലെയുള്ള സാമ്പത്തിക യുദ്ധക്കുറ്റവാളികള്‍ ഏജന്റുമാര്‍ വഴി ഭാരതത്തെ ആക്രമിക്കാന്‍ നടത്തിയ ശ്രമങ്ങളെ പരാജയപ്പെടുത്തിയതിനു സമാനമായ ഫലമുണ്ടാവും. നേരിട്ട് ഇടപെട്ടാലും അത്തരക്കാര്‍ക്കു ഭാരതത്തില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല എന്നതാണു വസ്തുത.
(തുടരും)