ആദ്യമേ തന്നെ പറയട്ടെ, ഒളിമ്പിക് മെഡലുകള്‍ ഭാരതത്തിന് സമ്മാനിച്ച ബജ്‌റംഗ് പൂനിയയോടും സാക്ഷിമാലിക്കിനോടും നാടിനുള്ള കടപ്പാട് ചെറുതല്ല. ഒളിമ്പിക് പതക്കം നേടാനായില്ലെങ്കിലും ഏഷ്യന്‍ – കോമണ്‍വെല്‍ത്ത് മത്സരങ്ങളില്‍ സുവര്‍ണമുദ്രകള്‍ കൈവരിച്ച വിനേഷ് ഫോഗട്ടിന്റെ നേട്ടങ്ങളും വിലപ്പെട്ടതു തന്നെയാണ്. ഭാരതം, അവരുടെ അദ്ധ്വാനത്തിനും സമര്‍പ്പണത്തിനും ഉചിതമായ ദേശീയാംഗീകാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. ഏതെങ്കിലുമൊരു ബഹുമതി, തങ്ങള്‍ക്ക് നിഷേധിച്ചുവെന്ന്, ഇക്കാലത്തിനിടയില്‍ അവര്‍ പരാതിപ്പെട്ടിട്ടുമില്ല. ടോക്കിയോ ഒളിമ്പിക്‌സ് കഴിഞ്ഞ് നാട്ടിലെത്തിയ പരാജിതരെയടക്കം പ്രധാനമന്ത്രി നേരില്‍കണ്ടതും വിരുന്നുകൊടുത്തതും സ്‌നേഹവാക്കുകള്‍ പകര്‍ന്നതുമെല്ലാം ഇപ്പോഴത്തെ സമരത്തിന്റെ മുന്‍നിരക്കാര്‍ കൃതജ്ഞതാപൂര്‍വ്വം പലവുരു പറഞ്ഞിട്ടുണ്ട്. ഒരു പ്രധാനമന്ത്രിയില്‍ നിന്നും ഇവ്വിധമൊരു സ്‌നേഹവായ്പും കരുതലും അറിവിലാദ്യമാണെന്ന ബജ്‌റംഗ് പൂനിയയുടെ വാക്കുകള്‍ ഇപ്പോഴും മാറ്റുപോകാതെ നില്‍ക്കുന്നുണ്ട്.
ജന്തര്‍മന്ദറില്‍ മൂവരും മുന്നില്‍ നിന്ന് ജനുവരിമാസത്തില്‍ പൊടുന്നനെ രൂപം കൊണ്ട സമരമുഖം ഒരിടവേളയ്ക്ക് ശേഷം എന്തോ കല്‍പ്പിച്ചുറച്ചമട്ടില്‍, എല്ലാ സ്വാഭാവികതകളും കടന്ന് ഒരു രാഷ്ട്രീയ സമരമായി പരിണമിക്കുമ്പോള്‍ പ്രശ്‌നങ്ങളെ അനുകമ്പയോടെ ആദ്യം വീക്ഷിച്ച രാജ്യത്തെ കായിക സ്‌നേഹികള്‍ ചിന്താക്കുഴപ്പത്തിലാകുന്നുണ്ട്; മറിച്ചു ചിന്തിക്കാന്‍ തുടങ്ങുന്നുണ്ട്. ഗുസ്തി ഫെഡറേഷന്റെ മേധാവി ബ്രിജ്ഭൂഷനില്‍ നിന്നും സ്വീകാര്യമല്ലാത്ത പ്രതികരണവും പ്രവൃത്തിയുമുണ്ടായിട്ടുണ്ടെങ്കില്‍ ആദ്യം പരാതിക്കാര്‍ സമീപിക്കേണ്ടിയിരുന്നത് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനെയായിരുന്നു. അതായിരുന്നു, താരങ്ങള്‍ക്ക് ഉചിതമായിരുന്ന ഇടം. അതിനുളള വ്യവസ്ഥകളുണ്ടായിരുന്നു; പരിഹാരസാദ്ധ്യതയുമുണ്ടായിരുന്നു.
കഴിഞ്ഞകാലത്തൊക്കെ കായികമേഖലയില്‍ പതിവായിരുന്ന പക്ഷപാതങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും എതിരെ കായികതാരങ്ങള്‍ തന്നെ പോരിനിറങ്ങിയിരുന്ന സാഹചര്യങ്ങളുണ്ട്. പക്ഷേ അതൊന്നും വിഷയങ്ങളെ തെരുവിലിറക്കിയിരുന്നില്ല. സുരേഷ് കല്‍മാഡിക്കും, പ്രിയരഞ്ജന്‍ദാസ് മുന്‍ഷിക്കും എതിരെ കായികവേദിയില്‍ നിന്നുമുയര്‍ന്നുവന്ന വിവേചനത്തിന്റെ എണ്ണമില്ലാത്ത പരാതികള്‍ അസോസിയേഷനുകളുടെ പരിധിക്കുള്ളിലോ, ന്യായാസനങ്ങളുടെ തീര്‍പ്പുകളിലോ തീരുകയാണുണ്ടായത്. അന്നൊന്നും തര്‍ക്കങ്ങള്‍ നിരത്തുവക്കിലിറങ്ങി പോര്‍മുഖങ്ങളൊരുക്കിയിട്ടില്ല. അപ്പോഴൊന്നും രാഷ്ട്രീയക്കാരേയും സമരങ്ങളില്‍ നിന്നും മുതലെടുപ്പ് നടത്തി കാലയാപനം നടത്തുന്ന പരാന്നജീവികളേയും കൂടെക്കൂട്ടി ഭരണസംവിധാനങ്ങളെ വെല്ലുവിളിച്ചിട്ടില്ല.
ഇവിടെ പിഴച്ചത്, പാകതയോടെ കാര്യങ്ങള്‍ കാണാതിരുന്ന കായിക താരങ്ങള്‍ക്ക് തന്നെയാണ്. കാര്യങ്ങള്‍ കൈവിട്ടപ്പോള്‍, ചുവടുകള്‍ പിഴച്ചപ്പോള്‍ സഹായത്തിനായി ആരെയും സമീപിക്കാം എന്ന മാനസികാവസ്ഥയിലെത്തിയിരിക്കാം സമരക്കാര്‍. കായികഭരണകര്‍ത്താവില്‍ നിന്നും, ആരോപിതമായ പ്രവൃത്തികള്‍ ഉണ്ടായിയെന്ന അവരുടെ ബോദ്ധ്യങ്ങള്‍ ആദ്യം അറിയിക്കേണ്ടിയിരുന്നത് ഒളിമ്പിക് അസോസിയേഷനെയായിരുന്നു. ഭാരതത്തിന്റെ എക്കാലത്തേയും കായികാഭിമാനമായ പി.ടി. ഉഷ തലപ്പത്തുള്ളപ്പോള്‍ അത് സാദ്ധ്യവുമായിരുന്നു. എല്ലാറ്റിനുമുപരി കായികസ്വപ്‌നങ്ങള്‍ മാത്രം മനസ്സില്‍ സൂക്ഷിക്കുന്ന ഉഷയില്‍ നിന്നും അവര്‍ക്ക് ആശ്വാസമുണ്ടാകുമായിരുന്നു.
പക്ഷേ തെരുവില്‍ക്കാണാം, തെരുവില്‍ തീര്‍ക്കാമെന്ന മണ്ടത്തരത്തിനാണ് സാക്ഷിയും കൂട്ടരും തയ്യാറായത്. ഗുസ്തി താരങ്ങളുടെ കരുത്ത് ഗോദക്കുള്ളിലാണുണ്ടാകേണ്ടത്, നിരത്തോരങ്ങളില്‍ അത് വിലപ്പോകില്ലായെന്ന നേരും അവര്‍ മറന്നുപോയി. കളത്തിലെ വീര്യം ജയിക്കാനുള്ളതാണ്, അതുപുറത്തായാല്‍ അപകടമാണെന്ന് സമരത്തിന് മുതിര്‍ന്നവര്‍ നിനച്ചതുമില്ല. എന്നിട്ടും ദേശീയ കായിക മന്ത്രിയും ഉത്തരവാദപ്പെട്ടവരും സമരവേദിയിലെത്തി അവരെ കേട്ടു; ആശ്വസിപ്പിച്ചു, പരിഹാര നടപടികള്‍ക്ക് തുടക്കമിട്ടു, അന്വേഷണത്തിന് സമിതിയായി, സമയവും നിശ്ചയിച്ചു നല്‍കി.
ഏതൊരന്വേഷണത്തിനും അതിന്റേതായ ഗതികളുണ്ട്, സാങ്കേതികത്വങ്ങളുണ്ട്, സമയക്രമവുമുണ്ട്. ക്ഷമാപൂര്‍വ്വം കാത്തിരിക്കുകയും, കാത്തിരിപ്പ് നീളുമ്പോള്‍, കാര്യങ്ങള്‍ നിശ്ചയിച്ചവരെത്തന്നെ സമീപിച്ച് പരിഹാരത്തിന് ശ്രമിക്കുകയുമാണ് വേണ്ടിയിരുന്നത്. എന്നാല്‍ പൊടുന്നനെ കാര്യങ്ങളുടെ കിടപ്പിനെ അവര്‍ തകിടം മറിച്ചു. ജന്തര്‍മന്ദറില്‍ സമരത്തിരയിളക്കത്തിലൂടെ എല്ലാം ശരിയാക്കാമെന്ന മിഥ്യാധാരണ ആരോ അവര്‍ക്ക് പകര്‍ന്നു. ഫലം താരപ്രകടനം കൈവിട്ടകളിയായി വേഷം പകര്‍ന്നു.
രസകരമായ ചിലതും അവിടുണ്ടായി. ഉത്തരേന്ത്യയിലെവിടെയെങ്കിലും ദേശം ഭരിക്കുന്ന സര്‍ക്കാരിനെതിരെ ഒരിലയനങ്ങിയാല്‍ പാഞ്ഞെത്തി ക്യാമറകളുടെ മുന്നില്‍ അവതരിക്കുന്ന ചില കേരളീയ കമ്മ്യൂണിസ്റ്റ് വേഷങ്ങളെ വേദിയില്‍ കണ്ടു. അവരുടെ മൂപ്പത്തിയായ ഒരു പോരാളിശിങ്കത്തെ, ആദ്യത്തെ സമരവേദിയില്‍ നിന്നും സമരക്കാര്‍ തന്നെ ഇറക്കി വിട്ടിരുന്നു. അന്ന് സമരം വഴിതെറ്റിത്തുടങ്ങിയിരുന്നില്ല. ഇപ്പോള്‍ രംഗം തങ്ങള്‍ ഉദ്ദേശിച്ചപ്പോലെ പാകപ്പെട്ടു എന്നു തോന്നിയതുകൊണ്ടാകാം മൂന്ന് വിപ്ലവ മഹിളകള്‍ സമരമിരിക്കുന്ന വനിതാതാരങ്ങളെ തലോടി ഒപ്പം നിന്ന് ചിരിച്ച് ഫോട്ടോകള്‍ക്ക് പോസ് ചെയ്തത്. കണ്ടവര്‍ക്കെല്ലാം കമ്മ്യൂണിസ്റ്റ് കൗശലം ഓര്‍ത്ത് ഉള്ളില്‍ ചിരിയൂറിയിട്ടുണ്ടാകണം. അതിനൊരു കാരണമുണ്ട്. ഏതാനും നാള്‍ മുമ്പ് കേരള സംസ്ഥാനത്തിന്റെ തലസ്ഥാനത്ത്, വിവേചനങ്ങളിലും പക്ഷപാതിത്വത്തിലും ജോലി നിരാകരണത്തിലും പ്രതിഷേധിച്ച് നിസ്സഹായരായ കായികതാരങ്ങള്‍ മുട്ടിലിഴഞ്ഞ് നീതിക്കു യാചിച്ചപ്പോള്‍ കണ്ടെന്ന് നടിക്കാന്‍ കമാന്ന് മിണ്ടാനും കണ്ണീരൊപ്പാനും തയ്യാറാകാതിരുന്ന വീരമഹിളകളാണ് ദല്‍ഹിയിലെത്തി കള്ളക്കണ്ണീരൊഴുക്കിയതും സമരക്കാരെ കെട്ടിപ്പിടിച്ച് കാപട്യം കാട്ടിയതും.
ദേശത്തുനിന്നും വിദേശത്തുനിന്നും ഒഴുകിയെത്തിയ കള്ളപ്പണത്തിന്റെ പച്ചയിലാണ് ഉത്തരേന്ത്യന്‍ വീഥികളില്‍ കര്‍ഷകസമരം വളര്‍ന്നതെന്ന് പറയുന്നുണ്ട്. ദേശവിരുദ്ധതയുടെ വിളനിലമായി ആ സമരം മാറിയെന്നും നിരീക്ഷിക്കുന്നുണ്ട്. അവിടെക്കൂടിയവരില്‍ ചിലര്‍ ജന്തര്‍മന്ദറില്‍ ഒരവസരം മണത്ത് ഒത്തുകൂടുന്നുണ്ട്. പലകാലങ്ങളിലായി നാട്ടില്‍ അരാജകത്വമുണ്ടാക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ചിലരും അവിടെ റാകിപ്പറക്കുന്നുണ്ടെന്ന് കേള്‍ക്കുന്നു. കേരളത്തിലെ മോദി വിരുദ്ധ ഐക്യമുന്നണിയുടെ ഭിന്നമുഖങ്ങള്‍ ദല്‍ഹിയിലേക്ക് വച്ചു പിടിക്കുന്നുമുണ്ട്.
പക്ഷേ, സമരത്തിനിരിക്കുന്നവര്‍ ഒന്നോര്‍ക്കേണ്ടതുണ്ട്. ഇപ്പോള്‍ ഒപ്പമിരിക്കുന്നവര്‍ ലക്ഷ്യം കണ്ടു കഴിയുമ്പോള്‍ പൊടിയും തട്ടി പാട്ടിന് പോകും. അവരുടെയൊക്കെ പിന്തുണ സ്ഥായിയാണെന്ന് ധരിച്ച്, പരിഹാരസാദ്ധ്യമായ പ്രശ്‌നത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയാല്‍ വാശി വളര്‍ത്തിയാല്‍, സമരത്തിനൊരുങ്ങിയവര്‍ക്ക് മനഃസ്താപത്തിന് കാരണമായേക്കാം. വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങള്‍ ഉചിതമായി ഉപയോഗിക്കുന്നതിന് പകരം രാഷ്ട്രീയ ഭിക്ഷാംദേഹികള്‍ക്ക് നിരങ്ങാനും നിക്ഷിപ്ത താല്‍പര്യങ്ങള്‍ നിവൃത്തിക്കാനുമുള്ള വേദിയായി ജന്തര്‍മന്ദര്‍ മാറിയാല്‍ സമരക്കാരുടെ കായികഭാവി തന്നെ അപകടത്തിലാകാം.
വിവേകശൂന്യമായ പ്രവൃത്തിമൂലം അന്തിമനഷ്ടം ഉണ്ടാകുന്നത് താരങ്ങള്‍ക്ക് തന്നെയാണ്. വരും നാളുകളില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ അനവധി വരാനുണ്ട്. അതിനായി ദേശീയതാരങ്ങളെ തയ്യാറാക്കുന്ന സമയവുമാണിത്. ഏഷ്യന്‍ ഗെയിംസ് ഏറെ അകലെയല്ല. ഈ കോലാഹലങ്ങളൊക്കെക്കഴിഞ്ഞ് ഗോദകളിലേക്ക് മടങ്ങിയെത്താമെന്ന് കരുതിയാല്‍, ഒരുപക്ഷേ ഉയര്‍ന്നുവരുന്ന പ്രതിഭകള്‍ അവിടം കയ്യടക്കിയെന്നിരിക്കും. നിരത്തിലെ സമരങ്ങളല്ല, നിരന്തര പരിശീലനവും സഹനവുമാണ് ഒരു കായിക താരത്തെ രൂപപ്പെടുത്തുന്നത്. ഈ തിരിച്ചറിവ് ബജ്‌റംഗിനും, സാക്ഷിക്കും വിനേഷിനും ഉണ്ടാകുകയാണ് ഉചിതം.
ഓര്‍ക്കുക, രാജ്യചരിത്രത്തിലെ എക്കാലത്തേയും മികച്ച കായികസംവിധാനമാണ് ഇന്ന് നിലവിലുള്ളത്. അസോസിയേഷനുകളുടെ തലപ്പത്തുണ്ടായിരുന്ന രാഷ്ട്രീയ വേഷങ്ങളേയും കച്ചവടസംഘങ്ങളേയും ഒട്ടുമുക്കാലും ഒഴിവാക്കി, കായികതാരങ്ങള്‍ക്ക് പ്രാമുഖ്യമുള്ള രീതി നാട്ടില്‍ നടപ്പിലായിട്ടുണ്ട്. അല്‍പം ക്ഷമയും വിവേകവുമുണ്ടെങ്കില്‍ ഏത് പ്രശ്‌നത്തിനും പരിഹാരമുണ്ടാക്കാനുള്ള സാദ്ധ്യതകളാണ് തുറന്നുവന്നിരിക്കുന്നത്. അതുകൊണ്ട്, ഇപ്പോള്‍ പിന്നണിയിലെത്തി താളമിട്ട്, കൈമണി കൊട്ടുന്ന മേളക്കാരെ തിരിച്ചറിഞ്ഞ്, ശരിയായ പരിഹാര സാദ്ധ്യതകള്‍ തേടി, തങ്ങളുടെ കര്‍മ്മരംഗത്തേക്ക് തിരിച്ചെത്തുകയാണ് താരങ്ങള്‍ക്ക് അഭികാമ്യം. കളിക്കാര്‍ക്കും നാട്ടാര്‍ക്കും അതുതന്നെയാകും നല്ലതും.